നമ്മുടെയെല്ലാം ഓർമ്മകൾ രൂപപ്പെട്ടു വരുന്നത് ഏകദേശം മൂന്നു വയസ്സ് മുതലാണല്ലോ. അതിനും മുമ്പുള്ള കാര്യങ്ങളും ചിലർക്കെങ്കിലും ഓർമ്മയിൽ ഉണ്ടായിരിക്കാം.
എനിക്കുമുണ്ട് അത്തരം ചില നുറുങ്ങോർമ്മകൾ.. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ചില ചിത്രങ്ങൾ.
• അച്ഛനും അമ്മയുമൊരുമിച്ച് അരണ്ട മഞ്ഞ വെളിച്ചമുള്ള ഒരു തീവണ്ടി മുറിയിലേക്ക് കയറുന്ന ഒരോർമ്മ.
• ഒരു കുളത്തിൽ(വട്ടേനാടാവണം) അമ്മയുടെ കാലിനിടയിൽ വെച്ച് തലയിൽ വെള്ളം മുക്കിയൊഴിച്ച് കുളിപ്പിക്കുന്നത്.
• തറവാട്ടിൽ ആമക്കാവ് ഭഗവതിയുടെ പറ വന്ന ഒരു രാത്രി. വാദ്യക്കാരും മറ്റും ഊണ് കഴിക്കുന്നത്.
• പട്ടാളത്തിൽ നിന്നും ലീവിനു വന്ന അച്ഛൻ അമ്പലത്തിന് മുമ്പിൽ തലയിൽ ഒരു പെട്ടിയുമെടുത്ത ചുമട്ടുകാരനൊപ്പം എത്തിയത്.
ആ ഓർമ്മകൾക്കും മുമ്പേ 1962 ലെ ഒരു ജൂലൈ മാസത്തിലായിരിക്കണം ഒരു ജീവബിന്ദുവായി ഞാൻ അച്ഛന്റെ ശരീരത്തിലെത്തിപ്പെടുന്നതും പിന്നീട് ഒരു മത്സരത്തിൽ അനേകരെ തോൽപ്പിച്ച് അമ്മയുടെ ശരീരത്തോട് ഒട്ടിപ്പിടിക്കുന്നതും.
1963 ലെ മാർച്ച് മാസം 31നായിരുന്നു അമ്മയിൽ നിന്നും പുറത്തു കടക്കാനുള്ള ആദ്യ ലക്ഷണങ്ങൾ ഞാൻ കാണിച്ചതത്രെ. പക്ഷെ പുറത്തെത്തിയപ്പോഴേക്കും അത് മറ്റൊരു ദിനമായി മാറിയിരുന്നു. എല്ലാവരെയും ഒന്ന് പേടിപ്പിച്ചാണത്രെ എത്തിയത്. പിറന്നു വീണ കുട്ടി മിണ്ടുന്നില്ല. പേറെടുത്ത ഡോക്ടർ കാലിൽ തൂക്കിയെടുത്ത് രണ്ടടി തന്നുവെന്നും, കഫം കുടിലു കൊണ്ട് വലിച്ചെടുത്തുവെന്നും ചരിത്രം. അങ്ങിനെ ചിലരെയെങ്കിലും വിഡ്ഢികളാക്കി ഒരു വിഡ്ഢി ദിനത്തിൽ, 1138 മീനമാസത്തിലെ തിരുവാതിര നാളിൽ, ആദ്യ ശ്വാസം എന്തെന്നനുഭവിച്ചു കരഞ്ഞു കൊണ്ട് ഈ ലോകത്തിലേക്ക് കടന്നു വന്നു.
എന്റെ ജനനം കൂറ്റനാട് അടുത്തുള്ള വട്ടേനാട് എന്ന ഗ്രാമത്തിലാണ്. അവിടെയാണ് അമ്മയുടെ തറവാടായ വട്ടേനാട്ട് പിഷാരം സ്ഥിതി ചെയ്യുന്നത്. കൂറ്റനാട്ട് നിന്നും തൃത്താലക്ക് പോകുന്ന റോഡിൻറെ ഇറക്കത്തിൽ ഇടതു വശത്തേക്ക് തിരുവാനിപ്പുറം ശിവക്ഷേത്രത്തിലേക്ക് അക്കാലത്ത് ഒരു ഇടവഴിയാണുണ്ടായിരുന്നത്. ആ ഇടവഴി നാലഞ്ച് തിരിവുകൾക്കും വളവുകൾക്കും ശേഷം മധുരക്കിഴങ്ങ് വള്ളികൾ തളിരിട്ടു നിന്നിരുന്ന കുറച്ച് പറമ്പുകൾ താണ്ടി ആൾപ്പാർപ്പില്ലാത്ത ഒരു കുന്നിൻ ചെരിവിലൂടെ അമ്പലത്തിന് മുമ്പിൽ ചെന്നെത്തും. അമ്പലത്തിൻറെ തൊട്ടു മുമ്പിലായി വലിയൊരു ക്ഷേത്രക്കുളം, ക്ഷേത്രക്കുളത്തിനപ്പുറം നീണ്ടു പരന്നു കിടക്കുന്ന പാടശേഖരം. അമ്പലത്തിന്റെ മതിൽക്കെട്ടിനുള്ളിലൂടെ കടന്നു വേണം അവിടത്തെ കഴകക്കാരായ ഞങ്ങളുടെ വട്ടേനാട്ട് തറവാട്ടിലെത്താൻ.
തുടരും...
No comments:
Post a Comment