അക്കാലത്ത് മുത്തശ്ശിക്ക് ഗുരുവായൂരിൽ മാസത്തൊഴലുണ്ട്. രണ്ടു മാസത്തിലൊരിക്കൽ സംക്രമ ദിവസം പോയി തലേന്നും പിറ്റേന്നുമായി തൊഴുത് പോരും. ആ പോക്കിൽ പലപ്പോഴും നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമായിരിക്കും തിരിച്ചെത്തുക. വട്ടേനാട്, പുതുക്കുളങ്ങര, ഞാങ്ങാട്ടിരി തുടങ്ങി ബന്ധുഗൃഹങ്ങളിലെല്ലാം സന്ദർശനവും കഴിഞ്ഞാവും വരവ്. അച്ഛൻ തിരുവനന്തപുരത്തായതിനാൽ തന്നെ രാത്രി അമ്മയും ഞങ്ങൾ മക്കളും ഒറ്റക്കാവും കണ്ണനിവാസിൽ. ഇത്തരം അവസരങ്ങളിൽ ഞങ്ങൾക്ക് കൂട്ടായി തെക്കേ പത്തായപ്പുരയിലെ വത്സലോപ്പോൾ എത്തും രാത്രി. അത് കൊണ്ട് തന്നെ മുത്തശ്ശിയുടെ ഈ യാത്രകൾ ഞങ്ങൾക്ക് ഇഷ്ടമാണ്.
വത്സലോപ്പോൾ അന്ന് പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ പഠിക്കുകയാണ്. വത്സലോപ്പോൾക്ക് ചലച്ചിത്ര ഗാനങ്ങൾ വലിയ ഇഷ്ടമാണ്. ആദ്യ കാലങ്ങളിൽ ഞങ്ങളുടെ മർഫി റേഡിയോവിൽ നിന്നും പാട്ടുകൾ കേട്ട് അവ ഒരു നോട്ടു പുസ്തകത്തിൽ എഴുതി വെച്ച് പാടുമായിരുന്നു. ഇങ്ങനെ വരുന്ന ദിവസങ്ങിൽ ആ നോട്ടു പുസ്തകവും കയ്യിലുണ്ടാവും, പാട്ടെഴുതാൻ. പിന്നീട് പത്തായപ്പുരയിലും റേഡിയോ എത്തിയപ്പോൾ ആ പുസ്തകത്താളുകളിൽ പാട്ടുകളുടെ എണ്ണവും കൂടി വന്നു.
അങ്ങിനെയുള്ള മുത്തശ്ശിയുടെ യാത്രകളിൽ ഇടക്കെങ്കിലും ഞാനും ശശിയും കൂടെക്കൂടും. ഒരിക്കൽ ഒരു ഓണക്കാലത്താണെന്നാണ് ഓർമ്മ, ഞങ്ങളെയും മുത്തശ്ശി ഒപ്പം കൂട്ടി.
ഗുരുവായൂർ സന്ദർശനം എന്നത് അക്കാലത്ത് അവിടെ നിന്നും തരാവുന്ന മസാല ദോശയുടെ സ്വാദായാണ് ഓർമ്മയിൽ തങ്ങുന്നത്. വട്ടേനാട്ടും, മഠത്തിലും, പുതുക്കുളങ്ങരയിലും ഒക്കെ കണ്ണനിവാസിനെ അപേക്ഷിച്ച് ഓണത്തിന് പൊലിമ കൂടും. മുറ്റത്ത് നിറയെ തുമ്പപ്പൂവിട്ട തൃക്കാക്കരപ്പന്മാർ വാഴും. കലവറകളിൽ നിന്നും നേന്ത്രക്കുലകൾ പഴുത്തതിന്റെ മണമൊഴുകും. അടുത്തുള്ള മനകളിൽ ഉച്ചയ്ക്ക് പാട്ടുപാടിക്കളി സംഘങ്ങൾ നിറയും. മുത്തശ്ശിയോടൊപ്പം ഓരോ ബന്ധുഗൃഹങ്ങളിലും പോയി അവരുടെ സ്നേഹം നിറഞ്ഞ ആഥിത്യത്തിന്റെ മധുരം നുകരും.
ആ വർഷമാണ് ഞാൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത്. വായനശാലാ വാർഷികമോ മറ്റോ ആണ് വേദി. നാടകം അരങ്ങേറിയത് എരവിമംഗലം യു പി സ്‌കൂളിലായിരുന്നു. ഏകദേശം 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകം. പേരൊന്നും ഓർമ്മയില്ല. നാട്ടിലെ സ്ഥിരം അഭിനേതാക്കളായ പാലോളി ചെറിയ നമ്പൂതിരി. സുഭദ്ര വാരസ്യാർ എന്നിവരെ കൂടാതെ നാലുകെട്ടിലെ ഭരതനുണ്ണിയേട്ടൻ, അനിയേട്ടൻ, തുടങ്ങി ഒരു നിര തന്നെയുണ്ട്. അതിലേക്ക് ഒരു പത്തു വയസ്സുകാരനെ വേണം. അനിയേട്ടനാണെന്ന് തോന്നുന്നു എന്നെ നിര്‍ദ്ദേശിച്ചത്. എനിക്ക് രണ്ടോ മൂന്നോ രംഗങ്ങളിൽ മാത്രം അഭിനയിക്കേണ്ട ഒരു ചെറിയ റോൾ ആണ്. അതിൽ തന്നെ സംഭാഷണങ്ങളും കുറവ്. മിക്കവാറും രാത്രി വളരെ വൈകിയാവും റിഹേഴ്‌സൽ. അതിനൊക്കെ അനിയേട്ടൻ എന്നെ കൊണ്ട് പോയി തിരിച്ചു കൊണ്ടുവന്നാക്കി. ഒടുവിൽ ആ ദിനം എത്തി.
അന്നത്തെ ഇത്തരം കലാപരിപാടികളിലെ സ്ഥിരം ഏർപ്പാടുകളായ നൃത്തനൃത്യങ്ങൾ, പാട്ടുകൾ എന്നിവയൊക്കെ കഴിഞ്ഞ് നാടകം തുടങ്ങിയപ്പോഴേക്കും ഏകദേശം 11 മണിയായി. എന്റെ കൺപോളകൾക്ക് കനം വെച്ച് തുടങ്ങി. നാടകം തുടങ്ങിക്കഴിഞ്ഞപ്പോൾ ഉറക്കമെല്ലാം പോയിയൊളിച്ചു. ആദ്യ രംഗങ്ങളിലെ എന്റെ ഭാഗം വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ നന്നായി കഴിഞ്ഞു. തമാശ രംഗങ്ങൾ ഞാൻ സൈഡിൽ നിന്ന് കണ്ട് അറിഞ്ഞാസ്വദിച്ചു. ഒടുവിൽ അവസാന രംഗമെത്തി.
ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ, രാജീവ നയനന്റെ വാക്കുകൾ കേട്ടെന്റെ... എന്ന് തുടങ്ങുന്ന മനോഹര ഗാനം ഭരതനുണ്ണിയേട്ടൻ അഭിനയിക്കുകയാണ്. കൂടെ നായികാ കഥാപാത്രവും.
മേൽപ്പറഞ്ഞ രംഗത്ത് കുറെയേറെ നേരം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ രംഗത്തിരിക്കേണ്ട ഞാൻ ഇവരുടെ പാട്ടു കഴിഞ്ഞാൽ എന്തോ ഡയലോഗ് പറയേണ്ടതുണ്ട്. പക്ഷെ, ജയദേവ കവിതയുടെ ഗീതികൾ കേട്ടില്ലെങ്കിൽ പോലും ഉറങ്ങിപ്പോവുന്ന പുലർച്ചെ രണ്ടു മണിക്ക് ഈയുള്ളവൻ നിദ്രാദേവിയെ പുൽകി, ഡയലോഗ് പറയാൻ നേരം ഉണർന്നില്ല. നായികാ കഥാപാത്രം എന്തു ചെയ്യേണ്ടു എന്നറിയാതെ കുറച്ചു നേരം വിഷണ്ണയായി.. അവരൊരു തഴക്കമുള്ള നടിയായതിനാൽ തന്നെ സമചിത്തത കൈവിടാതെ പിന്നെ എനിക്കൊരു നുള്ളു തന്നു. ഉടൻ ഞാൻ കണ്ണ് തുറന്ന് എന്റെ സംഭാഷണം പറയുകയും ചെയ്തു. കാണികളിൽ ചിലർക്കെങ്കിലും ഇത് മനസ്സിലായതിനാലാവണം, ചെറിയൊരു ചിരി സദസ്സിൽ പടർന്നുവെങ്കിലും വലിയ പരിക്കില്ലാതെ എന്റെ നാടകക്കളരിയിലെ മാമോദീസ അങ്ങിനെ നടന്നു.
ഇത്തരം പൊതുവേദികളിലെ നാടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അയൽക്കൂട്ടങ്ങളിലെ കുട്ടികൾ കൂടി ശനി, ഞായർ ദിവസങ്ങളിൽ ചില പുരാണ കഥാ സന്ദർഭങ്ങൾക്ക് രംഗഭാഷ്യങ്ങൾ ചമക്കും. ഞങ്ങൾ ചെറിയവർക്ക് ഇതിൽ വെറും കാഴ്ചക്കാരുടെ റോളെ ഉള്ളു. നടീ നടന്മാർ വലിയ ഏട്ടന്മാരാവും. അനിയേട്ടൻ, കുഞ്ഞനിയേട്ടൻ, ചന്ദ്രാലയം ഉണ്ണിയേട്ടൻ, അപ്പുണ്ണിയേട്ടൻ എന്നിവരൊക്കെ കൂടി നാലുകെട്ടിന്റെ തെക്കിണിയുടെ മുകളിൽ ഒരു അറയിൽ മുണ്ട് കൊണ്ട് തിരശ്ശീല തീർത്ത് മഹാഭാരതത്തിലെ ചില മുഹൂർത്തങ്ങളുടെ രംഗാവിഷ്കാരം നിർവ്വഹിക്കും. ദേഹം നിറയെ കരി പുരട്ടിയുള്ള കാട്ടാളനായി കുഞ്ഞനിയേട്ടനും, തലയിൽ കൃഷ്ണ കിരീടം ചൂടിയ അപ്പുണ്ണിയേട്ടനും കഥാപാത്രങ്ങളായി അരങ്ങു തകർക്കുന്നത് ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ കണ്ടിരിക്കും. പിന്നീട് അവയുടെ ചില ചെറു പതിപ്പുകൾ ഞങ്ങൾ കുട്ടിപ്പട ഏറ്റെടുത്ത് ഞങ്ങളുടേതായ കളികളിൽ സന്നിവേശിപ്പിക്കും.
തുടരും....
No comments:
Post a Comment