Sunday, September 26, 2021

ഓർമ്മച്ചിത്രങ്ങൾ ( 35 )

അനുജത്തി ശോഭക്ക് 5 വയസ്സായി എന്നാലും ആഗസ്തിലെ വയസ്സ് തികയൂ എന്നതിനാൽ ആ വർഷം ജൂൺ മാസത്തിൽ  സ്‌കൂളിൽ ചേർക്കാനായില്ല. ശോഭയും വിജയന്റെ അനുജൻ ശ്രീക്കുട്ടനും ഏകദേശം സമപ്രായക്കാരാണ്. മറ്റു ജേഷ്ഠന്മാരെപ്പോലെ തന്നെ ശ്രീക്കുട്ടനും ഏകദേശം അരക്കൊല്ല പരീക്ഷയോടടുത്താണ് ഒന്നാം ക്ലാസിൽ ചേരുന്നത്.


വിജയൻറെ ജേഷ്ഠൻ കുഞ്ഞനിയേട്ടന്റെ ഒപ്പമാണ് എപ്പോഴും ശ്രീക്കുട്ടനെ കാണുക. എന്തിനും ഏതിനും കുഞ്ഞനിയേട്ടൻ മതി അയാൾക്ക്.  വിജയനെപ്പോലെ തന്നെ ആദ്യ സ്‌കൂൾ ദിനങ്ങളിൽ മടിയോടെ തുടങ്ങിയ ശ്രീക്കുട്ടൻ അങ്ങിനെ  കുഞ്ഞനിയേട്ടന്റെ അകമ്പടിയോടെയാണ് സ്‌കൂളിലേക്കെത്തിയത്. നാലുകെട്ടിൽ നിന്നും ശ്രീക്കുട്ടൻ സ്‌കൂളിൽ പോവാൻ തുടങ്ങിയപ്പോൾ ഇപ്പുറത്ത് കണ്ണനിവാസിൽ നിന്നും വേറൊരാളും ചാടിപ്പുറപ്പെട്ടു. എനിക്കും സ്‌കൂളിൽ പോവണം എന്ന വാശിയുമായി അയാൾ പുറപ്പെട്ടതിന്റെ പിറ്റേ ദിനം തന്നെ  ശ്രീക്കുട്ടന്റെ കൂടെ ഒന്നാം ക്ലാസിൽ പോയി ഇരിപ്പായി. ഒടുവിൽ ടീച്ചർമാരുടെ സമ്മതത്തോടെ പേര് ചേർക്കാതെ തന്നെ, ഹാജർ വിളിയിൽ തന്റെ പേരില്ലാ എന്ന പരാതിയുമായി  ശോഭയും ആ വർഷം ഒന്നാം ക്ലാസിൽ പഠനം തുടങ്ങി.

രണ്ടു പേരും സ്‌കൂളിലെത്തിയ ആദ്യ ദിനങ്ങളിലൊന്നിൽ രണ്ടാമത്തെ പീരിയഡ് കഴിഞ്ഞ ഇന്റെർവെലിലിൽ ചോറ്റുപാത്രവുമായി ഏട്ടനായ എന്റെ ക്ളാസിലേക്ക് ഊണ് കഴിക്കാനെത്തിയത് മറ്റു സഹപാഠികൾക്ക് ചിരിക്കാനുള്ള വകയായി. ഒടുവിൽ രണ്ടാളെയും ഊണ് കഴിക്കാനുള്ള ബെല്ലല്ല അടിച്ചത് എന്ന് പറഞ്ഞു തിരിച്ചു അവരുടെ ക്ലാസിൽ കൊണ്ട് പോയാക്കി.


ആ വർഷമാണ് വീണ്ടുമൊരു  അദ്ധ്യാപക സമരം ഉണ്ടായതെന്നാണ് ഓർമ്മ. സമരം ചെയ്യാത്ത അദ്ധ്യാപകരെ സമരം ചെയ്യുന്ന സഹപ്രവർത്തകർ സ്‌കൂൾ ഗേറ്റിൽ തടയുന്നതും പിന്നീട് അവരെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോവുന്നതും കണ്ടു. ഏതായാലും അതോടെ കുട്ടികൾക്ക് കുറച്ചു ദിവസം ഒരു നീണ്ട വെക്കേഷൻ കൂടി കിട്ടി.    


അക്കാലത്ത്, പ്രത്യേകിച്ചും ശനി ഞായർ ദിവസങ്ങളിൽ ഇടക്കൊക്കെ വൈകുന്നേരം കുന്നപ്പള്ളി കളത്തിലക്കരെ റെയിലിനു സമീപമായി താമസിക്കുന്ന ഞങ്ങളുടെ അടുത്ത ബന്ധുവായ രാഘവമ്മാവൻ എത്തും. ആദ്യം കിഴക്കേ പത്തായപ്പുര, പിന്നെ തെക്കേ പത്തായപ്പുര എന്നിവിടങ്ങളിലൊക്കെ സന്ദർശനം കഴിഞ്ഞു മിക്കവാറും ഇരുട്ടുമ്പോഴാവും കണ്ണനിവാസിലേക്ക് എത്തുക. 

രാഘവമ്മാവൻ ഞാങ്ങാട്ടിരി ഷാരത്തെയാണ്. കല്യാണം കഴിച്ചിരിക്കുന്നത് തൃപ്പറ്റ പിഷാരത്തുനിന്നുമാണ്. അവർ എന്റെ വല്യച്ഛൻ കൃഷ്ണവല്യച്ഛന്റെ ഭാര്യയുടെ(വല്യമ്മയുടെ) സഹോദരിയാണ്. അത് കൊണ്ട് തന്നെ വന്നു കഴിഞ്ഞാൽ വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമായി ഏകദേശം ഒരു അരമണിക്കൂർ തന്നെ അവിടെയിരുന്ന് കാപ്പി കുടിച്ചേ പോവുക പതിവുള്ളൂ. നേരം ഇരുട്ടിയാലും നാട്ടിടവഴികളിലൂടെ നടക്കാൻ ഒട്ടും പേടിയില്ലാത്ത പ്രകൃതം. രാഘവമ്മാവൻ കുന്നപ്പള്ളി കളത്തിലക്കരെ യു പി സ്‌കൂളിലെ ഹെഡ് മാഷാണ്. പക്ഷെ ഒരു മല്ലു മുണ്ടും തോളത്തൊരു തോർത്തുമായി എത്തുന്ന അദ്ദേഹത്ത കണ്ടാൽ ഒരു ഹെഡ് മാഷാണെന്ന് ആരും പറയില്ല. എന്ന് തന്നെയല്ല, വല്ലപ്പോഴും ഞങ്ങൾ കളത്തിലക്കരെക്ക് സൗഹൃദ സന്ദർശനം നടത്തുന്ന വേളയിൽ ചിലപ്പോൾ അദ്ദേഹം പാടത്ത് കന്നു പൂട്ടുന്ന തിരക്കിലായിരിക്കും. 


കളത്തിലക്കരെ തന്നെയാണ് രാഘവമ്മാവന്റെ ഏട്ടൻ കൃഷ്ണമ്മാവന്റെ വീടും. പോവുന്ന വഴിക്ക് അവിടെ കയറിയിട്ടേ രാഘവമ്മാവന്റെ അടുത്തേക്ക് പോവൂ.


രാഘവമ്മാവൻ പഠിപ്പിക്കുന്ന സ്‌കൂളിൽ നിന്നും ആ വർഷമാണെന്നാണ് ഓർമ്മ, അദ്ദേഹത്തിന്റെ വിരമിക്കൽ ഉണ്ടായത്. അന്ന് സമ്മേളനത്തിന് ചെറുകാടും മറ്റും എത്തിയിരുന്നെന്നും ഓർക്കുന്നു. സമ്മേളനത്തിന് പോവും മുമ്പ് അദ്ദേഹം നാലുകെട്ടിൽ വന്ന് വിശ്രമിച്ചു വൈകിട്ടോടെയാണ് അങ്ങോട്ട് പോയതെന്നാണ് ഓർമ്മ. നാലുകെട്ടിലെ ഉമ്മറത്തിരുന്ന് മുറുക്കി, തോളത്ത് ഒരു സഞ്ചിയുമായി നടന്നു നീങ്ങുന്ന ആ വലിയ സാഹിത്യകാരനെ ആദ്യമായി അറിഞ്ഞു കാണുകയായിരുന്നു. അദ്ദേഹം മുത്തശ്ശനെക്കുറിച്ച് തൻറെ ജീവിതപ്പാത എന്ന ആത്മകഥയിൽ ഒരു അദ്ധ്യായത്തിൽ എഴുതിയിട്ടുണ്ടെന്ന് അമ്മയും മുത്തശ്ശിയും പറഞ്ഞറിഞ്ഞു. പക്ഷെ അത് വായിക്കാൻ പിന്നെയും കുറെ കാലമെടുത്തു. കലികാലവൈഭവം..തുടരും...

Tuesday, September 21, 2021

പുട്ടോ, പൂട്ടോ?ഞാൻ അനന്തു എന്ന അനുക്കുട്ടൻ. അച്ഛൻ വീട്ടുകാർ അനന്തു എന്നും അമ്മ വീട്ടുകാർ അനുക്കുട്ടൻ എന്നും വിളിക്കുന്ന അനന്തകൃഷ്ണൻ.


അതങ്ങനെയാണ്, ഒരു കുട്ടി ജനിച്ചാൽ പിന്നെ അച്ഛനും അമ്മയും തമ്മിൽ അവന്റെ പേരിനെപ്പറ്റി തർക്കം തുടങ്ങും. അമ്മ ഒരു പേര് പറയും, അച്ഛൻ മറ്റൊന്ന് പറയും. അത് ഇരു വീട്ടുകാരും ഏറ്റെടുക്കും.  ഒടുവിൽ അച്ഛൻറെ വാശിയായിരിക്കും പലപ്പോഴും ജയിക്കുക.  കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇരു കൂട്ടരും അവരവർക്ക്  ഇഷ്ടപ്പെട്ട പേരുകൾ ഇഷ്ടം പോലെ വിളിച്ചു തുടങ്ങും. ഒടുവിൽ  പാവം കുട്ടി വിഷമത്തിലാവും. അമ്മ വീട്ടുകാർ സ്നേഹത്തോടെ  അനുക്കുട്ടൻ എന്നത്   എന്ന് വിളിക്കുമ്പോൾ ആദ്യമൊക്കെ വലിയ ഇഷ്ടം തോന്നിയിരുന്നു.. വല്ലാതെ ഇഷ്ടം തോന്നുമ്പോൾ അനൂ എന്ന് വിളിക്കും..  പക്ഷെ, പിന്നെ കോളേജിൽ ചേർന്നതോടെ ആ വിളി എനിക്കിഷ്ടമല്ലാതായി. അനൂ എന്നത്  പെൺകുട്ടികളുടെ പേരാണ് എന്ന തോന്നലിൽ അതിനെ ഞാൻ വെറുത്തു തുടങ്ങി...   അതൊക്കെ പോട്ടെ...


വിഷയം അതല്ലല്ലോ..


പിന്നെ പേര് സൂചിപ്പിച്ചപോലെ  പിഷ്ഠക  പുരാണമാണോ? അല്ല അതുമല്ല. പുട്ടിന്റെ വിവിധ നാടുകളിലെ വിവിധ പേരുകളോ,  അതിന്റെ തർക്കങ്ങളൊ ഒന്നുമല്ല ഇവിടെ വിഷയം. 


അതിലേക്കൊക്കെ കടക്കും മുമ്പ് നമുക്ക് കഥാ  പശ്ചാത്തലമൊന്ന് കണ്ട് വരാം..


പൊതുവെ രാവിലെ നേരത്തെ എണീക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ ഇന്ന് രാവിലെ വളരെ നേരത്തെ അലാറം വെച്ച് എണീറ്റു. ഇക്കുറി  സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമിന്റെ ഓഫ് സൈറ്റ് ബാംഗളൂരിലെ ഒരു റിസോർട്ട്  ഹോട്ടലിൽ വെച്ചാണ്. രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിയിച്ച കുറിമാനം എത്തിയത്. അത് മുതൽ ഒരു പ്രത്യേക  വൈബ് ആണ്. സംഗതി രണ്ട് ദിവസം നിറുത്തിപ്പൊരിക്കാനാണ് കൊണ്ട് പോവുന്നത് എന്നാലും അത് കഴിഞ്ഞുള്ള രണ്ടു ദിവസത്തെ റിസോർട്ടിലെ "ചിൽ"  ആലോചിച്ചപ്പോൾ ഒരു കുളിര് കോരി, മനസ്സ് ഉഷാറായി.


അമ്മയോട് കാര്യം പറഞ്ഞു, പാന്റ് ഷർട്ട് എന്നിവ ഒക്കെ ഇസ്തിരിയിട്ട് പോവാനുള്ള ബാഗ് രണ്ടു ദിവസം മുമ്പേ ശരിയാക്കി വെച്ചിട്ടുണ്ട്.  വീട്ടിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള എയർപോർട്ടിൽ നിന്നും രാവിലെ 11 മണിക്കാണ് ഫ്‌ളൈറ്റ്. ഇക്കാര്യം ബാംഗ്ലൂരിലുള്ള ചേച്ചിയോട് പറഞ്ഞപ്പോൾ ഒരു വർഷമായി നാട്ടിലേക്ക് വരാത്ത ചേച്ചിക്ക് വീട്ടിൽ നിന്നും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പല സാധനങ്ങളും വേണം. അമ്മ രണ്ടു ദിവസമായി അതിന്റെ തിരക്കിലായിരുന്നു. ഇടിക്കുന്നു, പൊടിക്കുന്നു, അരക്കുന്നു, വറക്കുന്നു... ഈശ്വര, സെയിൽസ് കോൺഫറൻസിന് പോവുന്ന ഞാൻ ഇതൊക്കെ കെട്ടിയേറ്റി വേണോ പോവാൻ എന്ന് അരിശം കൊണ്ടപ്പോൾ, ചേച്ചി പറഞ്ഞു, മോനെ അനുക്കുട്ടാ ഞാനിതൊക്കെ എയർപോർട്ടിൽ വന്ന് നിന്റെ കയ്യിൽ നിന്നും വാങ്ങിക്കോളാം,  വീട്ടിലേക്കൊന്നും കൊണ്ട് വന്ന് സാറ് ബുദ്ധിമുട്ടണ്ടാ.. 


ഇവിടെ നിന്നും ഉള്ള ഫ്‌ളൈറ്റിൽ ഞങ്ങളുടെ ടീമിൽ നിന്നും ഞാൻ മാത്രമേ ഉള്ളൂ എന്ന സമാധാനത്തിൽ  അവസാനം ശരിയെന്ന് പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും ചേച്ചിയല്ലേ.. ഭൂതകാലത്ത് പല കാര്യങ്ങളും ചുളുവിൽ അവളുടെ  കയ്യിൽ നിന്നും അടിച്ചെടുത്തത് അങ്ങിനെ അങ്ങ് മറക്കാൻ പറ്റുമോ...


അങ്ങിനെ നേരത്തെ കുളിച്ച് റെഡിയായി ബ്രേക്ക് ഫാസ്റ്റിന് ടേബിളിൽ എത്തി. നല്ല പുട്ടും കടലയും. പുട്ട് പൊതുവെ എനിക്ക് ഇഷ്ടമാണ്. മസാല ചേർത്തുള്ള കടലക്കറി കിട്ടിയാൽ പിന്നെ ഒന്ന് നന്നായി പിടിക്കാം... ഫ്‌ളൈറ്റിൽ നിന്നും ഒന്നും കിട്ടാൻ വഴിയില്ലാത്തത് കൊണ്ട് നന്നായിത്തന്നെ അകത്താക്കി. ഹാവൂ.. ഇനി തല്ക്കാലം ലഞ്ച് കിട്ടിയില്ലെങ്കിൽ തന്നെ പരാതിയില്ല... 


അപ്പോഴാണ് ഞാൻ ചേച്ചിക്കുള്ള ബാഗ് കാണുന്നത്.. സാമാന്യം വലിപ്പമുള്ള ഒരു കാർഡ്ബോഡ് പെട്ടി. എടുത്താൽ ചുരുങ്ങിയത് ഒരു പത്തു കിലോയെങ്കിലും തൂക്കം വരും.. നന്നായി പാക്ക് ചെയ്ത് കെട്ടിയൊക്കെ വെച്ചിട്ടുണ്ട്. ഈശ്വര, ഇതിലെന്താ ഇത്രയൊക്കെ... ചേച്ചിക്കെന്താ ഇതൊന്നും അവിടെ കാശ് കൊടുത്താ കിട്ടില്ലേ...  ഇത്രേം വലിയ പെട്ടീം തൂക്കീട്ട് പോണോ ഞാൻ? എന്ന ചോദ്യത്തിന്, അതിന് ഇവിടെ നിന്നും നീയ് കാറിലല്ലേ പോണത്, പിന്നെ എയർപോർട്ടിൽ എത്തിയാൽ ട്രോളി കിട്ടില്ലേ. അവിടെ എയർ പോർട്ടിൽ അവള് വരും ചെയ്യും. പിന്നെന്തിനാ നീ ഇങ്ങനെ കെടന്ന് ചാടണത് എന്ന് ചോദിച്ച് അമ്മ എന്നെ ഒരു വഴിക്കാക്കി... ഇനി ഇപ്പൊ ഒന്നും മിണ്ടാൻ നിവൃത്തിയില്ല. എന്റെ ഡ്രസ്സ് അടങ്ങിയ ബാക് പാക്കും ലാപ്ടോപ്പ് ബാഗും കൂട്ടിയാൽ അഞ്ചു കിലോയിൽ കൂടില്ല. സമാധാനം...  രാവിലെ തന്നെ വെറുപ്പിക്കണ്ട എന്ന് കരുതി ബാഗും തൂക്കി കാറിലേക്ക് കയറി.


ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിലെത്തി.  എൻട്രൻസ് മുതൽ ചെക്കിങ്.. ടിക്കറ്റും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഒക്കെ കാണിച്ച് ട്രോളിയും ഉന്തി നേരെ ഉള്ളിൽ കടന്നു. കാർട്ടൻ ലഗേജിൽ ഇടണം. അതിനായി ചെക്കിൻ കൗണ്ടറിലേക്ക് നടന്നു...


അപ്പോഴതാ ഒരാളെന്നെ കൈകാട്ടി വിളിക്കുന്നു. കൂടെ ഒന്ന് രണ്ട് കസ്റ്റം ഓഫീസർമാരുമുണ്ട്. എന്റെ ട്രോളിയും ബാഗുമായി അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അതെന്തിനാണ് ബംഗളൂർക്ക് പോവാൻ കസ്റ്റംസ് പരിശോധന എന്ന് ചോദിച്ചപ്പോൾ, അതൊക്കെ പറയാം, ആദ്യം കാർട്ടൻ തുറന്ന് കാണിക്കണം എന്ന് പറഞ്ഞു.


ശരിയെന്ന് പറഞ്ഞു അവരുടെ കൂടെ ഒരു റൂമിലേക്ക് എത്തി. അവിടെ ഘടാഘടിയന്മാരായ കുറച്ചധികം പേർ തന്നെ ഉണ്ടായിരുന്നു. അവിടെ ചെന്ന് എന്റെ ബാഗ് തുറക്കാൻ പറഞ്ഞു. ബാക്ക് പാക്കും, ലാപ് ടോപ്പും ഒക്കെ വിശദമായി പരിശോധിച്ചു. പിന്നെ കാർട്ടൻ തുറക്കാൻ പറഞ്ഞു. അതിൽ ഭക്ഷണസാധനങ്ങളാണ് എന്ന് പറഞ്ഞു.. അതും അവർക്ക് കാണണം. പാവം  അമ്മ പ്ലാസ്റ്റിക് കയറു കൊണ്ട് വരിഞ്ഞു കിട്ടിയതൊക്കെ കഷ്ടപ്പെട്ട് അഴിച്ചു. ഇനി ഇതെങ്ങിനെ രണ്ടാമത് കെട്ടും എന്നായിരുന്നു അപ്പോൾ എന്റെ ആധി, എനിക്ക് ഒട്ടും വശമില്ലാത്ത കാര്യമാണ് അത്...


കാർട്ടൻ തുറന്ന് അതിൽ നിന്നും ആദ്യം പുറത്തെടുത്തത് മഞ്ഞൾ പൊടി. അത് അവർ മണത്ത് നോക്കി നേരെ കച്ചറ ഡബ്ബയിലേക്ക് വലിച്ചെറിഞ്ഞു. അടുത്തത് ഒരു വെള്ളപ്പൊടിയുടെ പാക്കറ്റ്. അതെ പുട്ടു പൊടി. അത് അവർ തുറന്ന് കുറച്ച് എടുത്ത് എന്റെ കയ്യിൽ തന്ന് വെള്ളത്തിൽ കഴുകാൻ പറഞ്ഞു.  അതെന്തിനാണ് എന്നതിനൊന്നും ഉത്തരമില്ല. Wash it... എന്ന ആജ്ഞ ആയിരുന്നു. വേഗം കഴുകി കാണിച്ചു കൊടുത്തു. ഇനി ഇതിനെ എങ്ങിനെ പുട്ടുണ്ടാക്കും എന്ന് കാണിച്ചു തരണം എന്ന് പറഞ്ഞാൽ ഞാൻ കുടുങ്ങും... ഈശ്വരാ ഈ ഹിന്ദിക്കാരെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ ഞാൻ കുഴങ്ങി.. ഒരു പ്രാവശ്യം കഴുകിയിട്ട് അവർക്ക് തൃപ്തിയായില്ല. പാക്കറ്റിന്റെ അടിയിൽ നിന്നും കുറച്ചു പൊടിയെടുത്ത് രണ്ടാമതും കഴുകിച്ചു.. കുറച്ചെടുത്ത് തിന്നാൻ പറഞ്ഞു..ദഹിക്കാത്ത രാവിലത്തെ പുട്ടിന്റെ കൂടെ പച്ചപ്പൊടിയും തിന്ന് കാണിച്ചു കൊടുത്തു. അത് കൊണ്ട് അവർ എങ്ങോട്ടോ പോയി... കുറച്ചു നേരം എവിടേ നിന്നാണ്, എങ്ങോട്ടാണ് എന്നൊക്കെയുള്ള പലവിധത്തിലുള്ള ചോദ്യങ്ങൾക്ക് ശേഷം എന്റെ കയ്യിലുള്ള പുട്ടു പൊടിയുടെ പരീക്ഷണ ഫലത്തിൽ ഒന്നും തെളിയാത്തതിനാലാവാം, തത്കാലം പൊക്കോളാൻ പറഞ്ഞു..   


എങ്ങിനെയൊക്കെയോ അതൊക്കെ വീണ്ടും പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടി വേഗം ലാഗേജ് കൗണ്ടറിലേക്ക് ഓടി.. ഫ്‌ളൈറ്റ് വിടാൻ ഇനി അര മണിക്കൂർ ബാക്കിയുള്ളു..  അത് കൊടുത്തു, മുകളിലേക്കോടി സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു ചെന്നപ്പോഴേക്കും ബാംഗ്ലൂർ ഫ്‌ളൈറ്റ് ബോര്ഡിങ് അവസാനിക്കാറായിരിക്കുന്നു. ഓടി ചെന്ന് കയറി.


മനസ്സ് കൊണ്ട് ചേച്ചിയെയും അമ്മയെയും കുറെ പ്രാകി.. ബാംഗ്ളൂരിലെത്തട്ടെ.. എന്നിട്ട് വേണം കലിപ്പ് തീർക്കാൻ.. അവളുടെ ഒരു പുട്ട് പൊടി..


ബാംഗ്ലൂരിൽ ഫ്‌ളൈറ്റ് ഇറങ്ങി.. ചേച്ചി പുറത്ത് തന്നെ വെയ്റ്റ് ചെയ്യുന്നുണ്ട്. ദേഷ്യത്തോടെ ബാഗ് കൊടുത്തിട്ട് പറഞ്ഞു. ഇനി മേലാക്കം ഇങ്ങനത്തെ ഓരോ പരിപാടിയും ആയി വന്നാൽ കാണിച്ചു തരാം.. 


ആകെ അന്തം വിട്ട് നിൽക്കുന്ന ചേച്ചിയോട് മറ്റൊന്നും പറയാതെ നേരെ അമ്മയെ വിളിച്ചു.. 


അങ്ങോട്ട് ഒന്നും ചോദിക്കുന്നതിന്റ മുമ്പ് അമ്മയുടെ ചോദ്യം.. എടാ അനുക്കുട്ടാ.. നീ എയർപോർട്ടിൽ എത്തിയിട്ട് എന്തെ വിളിക്കാഞ്ഞത്.. ഞാൻ ആകെ ടെൻഷൻ അടിച്ചു നിൽക്കാണ്.. അവിടെ എയർപോർട്ടിൽ എന്തോ വലിയ നർകോട്ടിക്സ് വേട്ട നടന്നു എന്നൊക്കെ ന്യൂസ് ചാനലിൽ ഇപ്പോൾ ഫ്ലാഷ് ന്യൂസ് വരുന്നൂ.. നീയാച്ചാ വിളിച്ചതും ഇല്ല്യ...


അതോടെ ഒരു കാര്യം മനസ്സിലായി.. ഞാൻ കഴിച്ചത് പുട്ടല്ല.. പൂട്ടാണ്.. ഒരൊന്നന്നര പൂട്ട്...


വയറ്റിലപ്പോഴും രാവിലെ കഴിച്ച പൂട്ട് ദഹിക്കണോ എന്ന സംശയത്തിലായിരുന്നു...

Sunday, September 19, 2021

ഓർമ്മച്ചിത്രങ്ങൾ ( 34 )


മുത്തശ്ശിയെപ്പോലെ തെക്കേ പത്തായപ്പുരയിലെ ശിന്നക്കുട്ടി അമ്മായിക്കുമുണ്ട് ഗുരുവായൂർ മാസത്തൊഴൽ. ആ യാത്രകൾ മിക്കവാറും അന്തിമാളൻ കാവ്, ആനേത്ത്, പുലാമന്തോൾ എന്നിങ്ങനെ അമ്മായിയുടെ ബന്ധുഗൃഹ സന്ദർശനങ്ങൾ കഴിഞ്ഞ്  മൂന്നോ നാലോ ദിവസവും, ചിലപ്പോൾ ഒരാഴ്ച വരെയും നീണ്ടു നിൽക്കും. കാൽ മുട്ടിന്  വാതമുള്ളതിനാൽ ഭരതനുണ്ണി  അമ്മാമൻ എവിടേക്കും യാത്ര പതിവില്ല. അമ്മായിയുടെ യാത്രാവേളകളിൽ ഞാനോ ശശിയോ ആണ് അമ്മാമന് അത്യാവശ്യം പണികളിൽ സഹായിക്കുന്നതും അന്തിക്കൂട്ട് കിടക്കുന്നതും. 


അമ്മാമൻറെ കുളി വൈകുന്നേരമാണ്. എണ്ണയും സഹചരാതി   കുഴമ്പും മറ്റും തേച്ച് ഒരു അഞ്ചുമണിയോടെ അമ്മാമൻ കൊട്ടത്തളത്തില് ചൂടുവെള്ളത്തിൽ  കുളിക്കും. അതിനുള്ള ചൂടുവെള്ളം ശരിയാക്കി കൊടുക്കേണ്ട ചുമതലയും മറ്റും ഞങ്ങളുടേതാണ്. രാവിലെ രണ്ട് ചെപ്പുകുടത്തിൽ വെള്ളം  നിറച്ച് വെയിലത്ത് വെക്കും. അവ വൈകീട്ട് കൊട്ടത്തളത്തിലേക്ക് എത്തിച്ചു കൊടുക്കണം. പകൽ സമയങ്ങളിൽ അമ്മാമൻ സൂര്യന്റെ നിഴൽ നോക്കി  സമയം പറയും. 


അങ്ങിനെ തുണക്ക് പോകേണ്ട ദിവസങ്ങളിൽ പകലൂണ് കഴിച്ച് സന്ധ്യക്ക് തെക്കേ പത്തായപ്പുരയിലേക്കെത്തും. രാത്രി അമ്മാമന്റെ മേശപ്പുറത്തുള്ള  കണക്കു പുസ്തകങ്ങളിൽ അന്നന്നത്തെ കണക്കെഴുതലുണ്ട്. നാൾവഴി കണക്കു പുസ്തകത്തിൽ വരവ്-കയും ചിലവ്-കയും കൂടാതെ അരിക്കണക്കും ഉണ്ട്. പത്തായത്തിൽ നിന്നും ഓരോ വട്ടവും എടുത്തു കുത്തുന്ന നെല്ലിന്റെയും കിട്ടുന്ന അരിയുടെയും കണക്ക് വെവ്വേറെ കള്ളികളിൽ എഴുതും. അതിൽ നിന്നും ദിവസേന വെക്കുന്ന അരിയുടെ ചിലവ്, ബാക്കിയുള്ള നീക്കിയിരിപ്പിന്റെയും വിവരം ഓരോ ദിവസവും അമ്മാമന് പുസ്തകത്തിൽ നിന്നും അറിയാം.  കൂടാതെ തടിച്ച ഒരു ലെഡ്ജർ പോലുള്ള പുസ്തകത്തിലാണ്  ഓരോ വർഷവും കിട്ടുന്ന പാട്ടവരവിന്റെയും, ബാക്കിയുടെയും കണക്കുകൾ എഴുതുന്നത്.  ജന്മി കുടിയാൻ ബന്ധത്തിലെ തിരുശേഷിപ്പുകൾ പോലെ അവ മേശപ്പുറത്ത് വിരാജിച്ചു.


പാട്ടവരവ് നിന്നത് കൊണ്ട് തന്നെ ആ പുസ്തകം നാലഞ്ച് വർഷമായി പുതുക്കിയിട്ടെന്നാലും    തന്റെ ഔദ്യോഗിക ജീവിതത്തിൽ  ബാങ്കിൽ നിന്നും കിട്ടിയ അനുഭവ  പരിജ്ഞാനം നിത്യജീവിതത്തിലും പകർത്തുന്നത് എങ്ങിനെയെന്ന് വിശദമാക്കി തരും.  അത് പിന്നീട് തന്റെ കുട്ടിക്കാലത്ത് കണക്കിന് ലഭിച്ചിരുന്ന മാർക്കിനെ പറ്റിയും, പഠന രീതിയെപ്പറ്റിയും, കോഴിക്കോട് നഗരത്തിലെ സ്‌കൂൾ ജീവിതത്തെ പറ്റിയും ഉള്ള കഥകളിലേക്ക്   പതിയെ പരിണമിക്കും.  അത്തരം കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. കഥ പറയാൻ ഇഷ്ടമുള്ള അമ്മാമൻ തന്റെ ഗതകാലത്തിലേക്ക് എന്നെ കൈപിടിച്ചാനയിക്കും.


അമ്മാമൻ പറഞ്ഞു തുടങ്ങും..


"എൻറെ കുട്ടിക്കാലത്ത് ഇവടെ ആനേണ്ടായിരുന്നു. ലക്ഷ്മി. ലക്ഷ്മിടെ പുറത്ത് കേറീട്ടായിരുന്നു പത്താം പൂരത്തിന് പോയിരുന്നത്". 


പത്താം പൂരത്തിന് പോയിരുന്ന കൊച്ചു ഭരതനുണ്ണി അമ്മാമനെ ഞാൻ സ്വപ്നങ്ങളിൽ കാണും. കൂടെ പിന്നിലിരുന്ന് ഞാനും സ്വപ്നങ്ങളിൽ അമ്മാമന്റെ കൂടെ പൂരക്കാഴ്ചകളിലേക്ക് നടന്നിറങ്ങും. ആടിയാടി ആനപ്പുറത്തിരുന്ന് തിരുമാന്ധാംകുന്നിന്റെ ഉത്സവപ്പറമ്പിലേക്ക് അങ്ങിനെ ഞാനും അമ്മാവനോടൊപ്പം സഞ്ചരിക്കും       


തിരുമാന്ധാം കുന്ന് ഭഗവതിയുടെ   തിടമ്പുമേറ്റി ലക്ഷ്മികുട്ടിയെന്ന ആനയ്ക്ക് പകരം ഒരു കൊമ്പനാനപ്പുറത്ത് ഭഗവതി കൊട്ടിയിറക്കത്തിനായി പുറത്തേക്കെഴുന്നെള്ളും. അനേകം പടവുകളിറങ്ങി ആറാട്ടിനിറങ്ങുന്ന ഭഗവതിയെ തൊഴുത് അമ്മാമൻ നിൽക്കുമ്പോൾ ഞാനാകട്ടെ സ്വപ്നലോകത്തിൽ  പൂരത്തിന്റെ വാണിഭക്കാഴ്ചകളിലേക്ക് പതുക്കെ നടന്നു നീങ്ങും.


തൊട്ടടുത്ത  രാത്രി  കഥകൾ മാറും.  അമ്മാമന്റെ ആദ്യ വിവാഹത്തിലേക്കും ഭാര്യയുടെ അതിസാരം വന്നുള്ള മരണത്തിലേക്കും, പിന്നീട് ശിന്നക്കുട്ടിയെ പരിണയിച്ചതിലേക്കും അവ നീളും. തൃശ്ശിനാപ്പള്ളിയിലെ അവരുടെ ആദ്യകാല ജീവിതത്തിലേക്കും മാറി മാറി വരുന്ന തമിഴ് സിനിമകളുടെ കാഴ്ചകളിലേക്കും നയിക്കുമ്പോൾ ഞാൻ ഉറക്കത്തിലേക്ക് പതിയെ നടന്നു കയറും. 


അടുത്ത ദിവസം തറവാടിൻറെ മുൻ കാല ചരിത്രങ്ങളിലേക്കും കാരണവർമാർ തമ്മിലുള്ള മൂപ്പിളമ തർക്കങ്ങളിലേക്കും, അവർ സ്വന്തം രക്തബന്ധങ്ങളോട് ചെയ്തിരുന്ന അരുതായ്മകളിലേക്കുമൊക്കെ ആ കഥകൾ നീളുമ്പോൾ,  വലുതായാൽ അങ്ങിനെയൊന്നും ആവരുതെന്ന് ഉപദേശിക്കും. പതുക്കെ അത്    അമ്മാമൻ കുട്ടിക്കാലത്ത് കണ്ട അത്തരം വയസ്സായവരുടെ  മരണക്കാഴ്ചകളിലേക്കായിരിക്കും    പരിണമിപ്പിക്കുക. ആഴ്ചകളോളവും മാസങ്ങളോളവും കിടന്ന് ഊർദ്ധനും മറ്റു ശ്വാസങ്ങളും വലിച്ചു മരണത്തിലേക്ക് പോയ അമ്മാവൻമാരുടെയും മുത്തശ്ശിമാരുടെയും ക്ലേശത്തിന്റെ കഥകൾ.  ജന്മാന്തര സുകൃതങ്ങളുടെയും കർമ്മ ഫലങ്ങളുടെയും ഉദാഹരണങ്ങളെന്ന പോലെ. 


എന്റെ മരണഭയങ്ങളെ തൊട്ടുണർത്തുന്ന കഥകളുമായി ഞാൻ വീണ്ടും മറ്റൊരു സ്വപ്നലോകത്തേക്ക് പതുക്കെ യാത്രയാകും...


തുടരും....


ചിത്രം: ചെറുകര പിഷാരത്ത് ഭരതനുണ്ണി പിഷാരോടി, ആനായത്ത് പിഷാരത്ത് ശിന്നക്കുട്ടി പിഷാരസ്യാർ  

Sunday, September 12, 2021

ഓർമ്മച്ചിത്രങ്ങൾ ( 33 )


 

ആ വർഷമാണ് കേരളത്തിൽ റേഷൻ തുണി വിതരണം ആരംഭിക്കുന്നത്. വളരെ കുറഞ്ഞ വിലക്ക് ഷർട്ടിന്റെയും ട്രൗസറിന്റെയും തുണി, മല്ലു മുണ്ടുകൾ എന്നിവ റേഷൻ കടകളിലൂടെയും സിവിൽ സപ്ലൈസ് സ്റ്റോറുകളിലൂടെയും നൽകാൻ ആരംഭിച്ചു. ആ വർഷത്തെ ഓണക്കോടിയായി ഇത്തരത്തിൽ വാങ്ങിയ തുണിയാണ്  ഷർട്ട് തയ്ക്കാനായി   ഞങ്ങൾക്ക് കിട്ടിയത്.

ആയിടക്കാണ് അമ്മ തുന്നൽ പഠിക്കുന്നത്. മഹിളാ സമാജത്തിൽ നിന്നും തുന്നൽ പഠിച്ചു തുടങ്ങുന്ന കാലം. അത്യാവശ്യം കുഞ്ഞുടുപ്പുകൾ, ജാക്കറ്റ് തുടങ്ങിയവയിൽ പയറ്റി ഷർട്ടിലേക്ക് എത്തിത്തുടങ്ങിയപ്പോഴാണ് റേഷൻ തുണികൾ കിട്ടിത്തുടങ്ങിയത്. അങ്ങിനെ ഞങ്ങൾക്കും ഒന്നുരണ്ട് ഷർട്ടുകൾ അമ്മ തുന്നിത്തന്നു. പക്ഷെ അതിന് ടെയ്‌ലർ ബാലൻ തുന്നുന്നതിന്റെ ഭംഗിയില്ല, അന്തസ്സില്ല. റേഷൻ തുണിയാണെങ്കിലും ഓണക്കോടി ബാലൻറെ കയ്യിൽ കൊടുത്തു തന്നെ തയ്പ്പിക്കണം എന്ന് വാശി പിടിച്ചു കുന്നപ്പള്ളിയിലെത്തി ബാലനെ ഏൽപ്പിച്ചു.

ടെയ്‌ലർ ബാലൻ താമസിക്കുന്നത് എരവിമംഗലത്താണ്. ദിവസവും ഏകദേശം എട്ടു മണിയോടെ ബാലൻ പാടത്തിനക്കരെയുള്ള  വീട്ടിൽ നിന്നും കയ്യിലൊരു ട്രാൻസിസ്റ്റർ റേഡിയോവുമായി പാടത്തേക്കിറങ്ങി, തോട്ടിൻ കരയിലൂടെയുള്ള വലിയ വരമ്പ് വഴി, ചെറിയ അണക്കെട്ട് കടന്ന് കുണ്ടനിടവഴി കയറി കുന്നപ്പള്ളിയിലേക്ക് യാത്ര ചെയ്യും.  ഈ യാത്രയിലത്രയും തന്റെ ട്രാൻസിസ്റ്റർ റേഡിയോവിൽ നിന്നും ആകാശവാണിയിൽ നിന്നുമുള്ള പ്രോഗ്രാമുകളുടെ പ്രക്ഷേപണം നാട്ടുകാർക്കായി നടത്തും.

കുന്നപ്പള്ളി വായനശാലയിൽ നിന്നും എരവിമംഗലത്തേക്ക് പോവുന്ന വഴിയുടെ ഓരത്തായുള്ള പീടികളിൽ അബ്ബാസിന്റെ പീടികയുടെയും സെയ്താലിയുടെ ബാർബർ ഷോപ്പിനും ഇടയിലായിട്ടാണ് ബാലന്റെ തുന്നൽപ്പീടിക. അധികം സംസാരിക്കാത്ത ബാലൻ കുന്നപ്പള്ളിയുടെ ആസ്ഥാന  ടെയ്‌ലറാണ്.  രാവിലെ എത്തിയാൽ മുതൽ വൈകീട്ട് ഇരുട്ടാവും വരെ  അത്യദ്ധ്വാനം ചെയ്താലും തീരാത്തത്ര തുണിത്തരങ്ങൾ ഓരോ നിമിഷവും ബാലനെ തേടി എത്തും. പ്രത്യേകിച്ച് ഓണം, പെരുന്നാൾ തുടങ്ങിയ അവസരങ്ങളിൽ അവിടെ നിന്നും ഒരു തുണി തയ്ച്ച് കിട്ടാൻ അവിടെ പോയി കാത്തിരിക്കണം. പലപ്പോഴും പറഞ്ഞ ദിവസം നമ്മളവിടെ എത്തിയിട്ടാവും നമ്മുടെ തുണിയെടുത്ത് തുന്നാൻ തുടങ്ങുക. ആ പുത്തൻ ഷർട്ടും ട്രൗസറും ഇടാനുള്ള അടങ്ങാത്ത മോഹം മനസ്സിൽ വിങ്ങുന്നത് കൊണ്ട് തന്നെ അത് തുന്നിത്തീരും വരെ ബാലന്റെ കരവിരുതിലും കാൽവേഗത്തിലും കണ്ണും മനസ്സും നട്ട് മണിക്കൂറുകൾ കാത്തിരിക്കും.

ആ കാത്തിരിപ്പുകൾ ഒരിക്കലും നമ്മെ നിരാശരാക്കില്ല. ഒന്നോ രണ്ടോ ജോടി വസ്ത്രങ്ങൾ കൊണ്ട് ഒരു വർഷം മുഴുവൻ താണ്ടേണ്ടി വന്ന അന്നത്തെ ബാല്യത്തിൽ അതൊക്കെയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങൾ സമ്മാനിച്ചിരുന്നത്...

തുടരും...

വര: ശശി  

Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 32 )


ഒന്ന് മുതൽ ആറു വരെ ബി ഡിവിഷൻ യാത്ര ചെയ്തെത്തിയ എനിക്ക് ആദ്യമായി എ ഡിവിഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. എൻ പി മാഷുടെ 7-Aയിലേക്ക്. വീണ്ടും നാലാം ക്ലാസിലെ കൂട്ടുകാരെല്ലാവരും ഒരേ ക്ലാസിൽ ഒത്തു ചേർന്നു.

എൻ പി മാഷ് സ്‌കൂൾ ഹെഡ് മാഷാണ്. കുട്ടികളെ വടിയുടെ ബലത്തിൽ നിലക്ക് നിർത്തിയിരുന്ന കാർക്കശക്കാരൻ. മാഷുടെ തലയുയർത്തിപ്പിടിച്ചുള്ള ആ വരവിൽ തന്നെ കുട്ടികൾ ക്ലാസുകളിലേക്ക് വലിയും. മാഷ് അമ്മയുടെയും അദ്ധ്യാപകനാണ്.

7-A പട്ട കൊണ്ട് മേഞ്ഞ താഴത്തെ ഹാളിലെ  ആദ്യത്തെ ക്ലാസ് ആയിരുന്നു. എൻ പി മാഷുടെ ആദ്യത്തെ പീരിയഡ്  ഇംഗ്ലീഷ് ആണ്.

ആമസോൺ കാടുകളിലെ നരഭോജികളായ ഗുഹാരിബോസുകളെ കുറിച്ചും ഗള്ളിവറിനെ കുറിച്ചുമുള്ള ആംഗലേയ ക്ലാസുകളിൽ, present perfect തുടങ്ങിയ ഗ്രാമർ പ്രയോഗങ്ങളിൽ ഒട്ടും പെർഫെക്റ്റ് ആവാതെ എൻ പി മാഷുടെ കയ്യിൽ നിന്നും പഠിക്കുന്നവനെന്ന് അത് വരെ അല്പസ്വല്പം  അഹങ്കരിച്ചു നടന്ന ഞാൻ പോലും ചൂരൽ പ്രയോഗം ഏറ്റു  വാങ്ങിത്തുടങ്ങി. അദ്ദേഹത്തിന്റെ മകൻ മോഹൻദാസ് പോലും ഇതിൽ നിന്നും രക്ഷപ്പെട്ടില്ല.

മറ്റൊരു പേടിസ്വപ്നം കണക്കാണ്. കണക്കിന് വാരസ്യാർ ടീച്ചറാണ്. മിക്കവാറും ഉച്ചക്ക് ആദ്യത്തെ പീരിയഡ് ആവും കണക്കിന്റേത്. വലിയ ക്ലാസുകളിലേക്ക് എത്തിയതോടെ പൊതുവെ കണക്ക് എനിക്കത്ര ഇഷ്ടപ്പെട്ട വിഷയമല്ലാതായി. പരസ്യ വിലയും ഡിസ്‌കൗണ്ടും വിറ്റ വിലയും വാങ്ങിയ വിലയും ആകെ കൂടിക്കുഴഞ്ഞു തലയ്ക്കു മുകളിലൂടെ പറന്നു തുടങ്ങി.  ടീച്ചർ എത്തുന്നത് സ്കെയിലുമായിട്ടാവും. പഠിക്കാത്തവർക്കും, ഉത്തരങ്ങൾ തെറ്റിയവർക്കും കണക്കിന് കിട്ടും. സ്കെയിൽ കൊണ്ട് ഉള്ളം കയ്യിലും കാൽവണ്ണയിലും കിട്ടിയ അടിയുടെ വേദന ഇന്നും മറന്നിട്ടില്ല..

ആ വർഷമാണ് ഞങ്ങളുടെ സ്‌കൂളിലേക്ക് പുതിയൊരു മാഷ് വരുന്നത്. തെക്കു നിന്നുമുള്ള രാമകൃഷ്ണൻ മാഷ്. കോട്ടയം പാലക്കാരനായ  മലയാളം വിദ്വാൻ  മലയാളം പഠിപ്പിക്കാൻ ആ സ്‌കൂളിലെ  ആദ്യ ക്‌ളാസിൽ ഞങ്ങളുടെ മുമ്പിൽ  എത്തി. വിശ്രമിക്കുന്ന വിദ്യുച്ഛക്തി എന്ന മലയാളം പാഠം പഠിപ്പിച്ചു തുടങ്ങിയ അദ്ദേഹം അന്ന് ഞങ്ങളോട് ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു.

ആംബർക്കല്ലിന്റെ നിറമെന്നാടോ...?

നീട്ടിയുള്ള കോട്ടയം സ്ലാങ്ങിലുള്ള ആ ചോദ്യം അത് വരെ ഞങ്ങൾ ഒരു അദ്ധ്യാപകനിൽ നിന്നും കേട്ടിട്ടില്ലായിരുന്നു. ചോദ്യ രീതി ഞങ്ങൾ മലപ്പുറംകാർക്ക് പുതുമയാർന്നതായിരുന്നു.

മാഷുടെ ക്‌ളാസിനപ്പുറം കുട്ടികൾ ആ ചോദ്യത്തിന്റെ അലയൊലികൾ തീർത്തു. ആംബർക്കല്ലിന്റെ നിറമെന്നാടോ...?  ചുരുട്ടി വെച്ച മീശയുമായി സ്‌കൂളിലേക്കെത്തിയ അദ്ദേഹം ഇടക്കിടെ ആ മീശ ചുരുട്ടി ഭംഗി വരുത്തി..

വളരെപ്പെട്ടെന്ന് മാഷ് ഞങ്ങൾക്കൊക്കെ പ്രിയയപ്പെട്ടവനായി.

പരിശ്രമം ചെയ്യുകിലെന്തിനെയും
വശത്തിലാക്കാൻ കഴിവുള്ള വണ്ണം
ദീര്ഘങ്ങളാം കൈകളെ നല്കിയത്രെ
മനുഷ്യരെപ്പാരിലയച്ചതീശൻ    

 
ദാഹിക്കുന്നു ഭഗിനീ കൃപാരസ
മോഹനം കുളുർ തണ്ണീരിതാശു നീ  തുടങ്ങിയ കാവ്യ ഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങി.  ഞങ്ങൾ മലയാളത്തെ സ്നേഹിച്ചു തുടങ്ങി.

തുടരും....

ഓർമ്മച്ചിത്രങ്ങൾ ( 31 )


അക്കാലത്ത് മറ്റൊരു ഭയം കൂടി എന്നെ വേട്ടയാടാൻ തുടങ്ങി. നാട്ടിൽ ആരെങ്കിലും മരിച്ചുവെന്ന് കേട്ടാൽ, പ്രത്യേകിച്ച് ദുർമരണങ്ങൾ നടന്നുവെന്ന് കേട്ടാൽ, അതിന്റെ പൊടിപ്പും തൊങ്ങലുമുള്ള കഥകൾ നാട്ടുകാരിൽ നിന്നും കേൾക്കാനിടവന്നാൽ പിന്നെ രാത്രി ഉറക്കം വരാത്ത രാത്രികളാവും. രാത്രിയുടെ നിശബ്ദതയിൽ എനിക്ക് ശ്വാസം മുട്ടുന്നതായും നാളെ രാവിലേക്ക് ഞാൻ ജീവനോടെ ഉണ്ടാവില്ലെന്നും ഭയപ്പെട്ട് കണ്ണടച്ച് കിടന്ന നാളുകൾ. പിന്നീട് പിറ്റേന്ന് വെളുപ്പിന് ഉണരുമ്പോഴാണ്, ഹാവൂ രക്ഷപെട്ടു എന്നറിഞ്ഞ് സമാധാനമാവുക. അത് കൊണ്ട് തന്നെ അന്നൊക്കെ മരണ വീടുകളിൽ പോവാനോ, ശവം കാണാനോ, എന്തിന് വിഷം കുടിച്ച് മരിച്ചതും തൂങ്ങി മരിച്ചതുമായ കഥകൾ കേൾക്കാനോ    എനിക്ക് അങ്ങേയറ്റം ഭയമായിരുന്നു.  എന്നാൽ അനുജൻ ശശിയാവട്ടെ, ഇത്തരം ഒരു പേടിയുമില്ലാത്ത ധൈര്യശാലിയാണ്. 

അക്കൊല്ലവും വേനലവധിക്കാലത്ത് പരക്കാട്ടേക്കുള്ള യാത്ര മുടക്കിയില്ല. ആ വർഷം അച്ഛൻ ഞങ്ങളെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് കാണിക്കാൻ കൊണ്ട് പോയി. പല വട്ടം പകൽപ്പൂരങ്ങൾ കാണിച്ചു തന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രാത്രിയിലുള്ള വെടിക്കെട്ട് കാണിക്കാൻ കൊണ്ട് പോവുന്നത്. കറന്റ് ബുക്ക്സിന് അപ്പുറമുള്ള കോയമ്പത്തൂർ ആയുർവേദ ഫാർമസിയുടെ മുകളിലെ ടെറസ്സിൽ അമ്മയ്ക്കും ഞങ്ങൾക്കുമായി ഒരു ഇരിപ്പിടം ശരിയാക്കി, അച്ഛൻ സ്ഥിരം ലാവണമായ നടുവിലാലിലുള്ള ശ്രീധരന്റെ കടയിലേക്ക് പോയി. ആ ടെറസ്സിൽ, അവിടെയിരുന്നാൽ തിരുവമ്പാടിക്കാരുടെ വെടിക്കെട്ട് വളരെ അടുത്തു നിന്നും കാണാം. ടെറസ്സിൽ നിന്നും താഴെയുള്ള പുരുഷാരത്തെ നോക്കിക്കണ്ടും, ഇടക്ക് അൽപ്പം ഉറങ്ങിയും വെടിക്കെട്ട് വരെ സമയം ചിലവഴിച്ചു. 

തിരുവമ്പാടി മാലപ്പടക്കത്തിന് തീ കൊളുത്തി. കുറച്ചു നേരം ദൂരെ നിന്നും പൊട്ടി വരുന്ന ആ ശബ്ദ-ദൃശ്യ വിസ്മയത്തിൽ ആകൃഷ്ടനായി ടെറസ്സിൽ നിന്നു. പതുക്കെപ്പതുക്കെ ശബ്ദം അടുത്തെത്തിത്തുടങ്ങി, മാലപ്പടക്കത്തിന്റെ പരിമിത ശബ്ദകോലാഹലത്തോടൊപ്പം നെഞ്ച് പിളർക്കുന്ന ഗുണ്ടുകളും പൊട്ടിത്തുടങ്ങി, എൻറെ ഹൃദയമിടിപ്പ് ഏറിത്തുടങ്ങി. പതുക്കെ പതുക്കെ ഞാനറിയാതെ പിന്നോട്ട് ചലിച്ചു തുടങ്ങി.  ഒടുവിൽ പന്തലിന്റെ  കൂട്ടപ്പൊരിച്ചിൽ ആയപ്പോഴേക്കും തീവ്രമായ ശബ്‌ദതരംഗങ്ങൾ വന്ന് നെഞ്ചിൻ കൂട്ടിലിട്ട് ഒരു ബോക്സറുടെ പ്രഹരം കണക്കെ പല ആവൃത്തി പ്രഹരിച്ചപ്പോൾ, ശ്വാസം കിട്ടാത്ത ഒരവസ്ഥയിൽ  ഞാനും അനുജത്തി ശോഭയും അവിടെയുള്ള സ്‌റ്റെയർകേസിലേക്ക് ഓടിക്കയറി ഒരു മൂലയിൽ  രണ്ടു കാതും കണ്ണുകളും അടച്ച് ആ ശബ്ദ വൈകൃതം നിലക്കാൻ പ്രാർത്ഥിച്ച് നിന്നു.. വീണ്ടും മരണ ഭയം എന്നെ കാർന്നു തിന്ന നിമിഷങ്ങൾ.. ഞാൻ ഈ ലോകത്തിൽ അടുത്ത നിമിഷം ജീവിച്ചിരിപ്പുണ്ടാവില്ലെന്ന് തോന്നിയ നിമിഷങ്ങൾ. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിയ നിമിഷങ്ങൾ.. ഒടുവിൽ എല്ലാം കത്തിയമർന്നപ്പോൾ ശ്വാസം നേരെ വീണ്, രക്ഷപ്പെട്ടതിന് ആരോടോ നന്ദി പറഞ്ഞ് പുറത്തു വന്നു നോക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ അനുജൻ ശശി ആ കാഴ്ചകൾ കണ്ട് ആസ്വദിക്കുകയായിരുന്നു. ധൈര്യശാലിയെന്ന് വീണ്ടുമവനെ മനസ്സുകൊണ്ട് വിളിച്ചു പോയി.        

തുടരും....


ഓർമ്മച്ചിത്രങ്ങൾ ( 30 )

ആറാം ക്ലാസിൽ പഠിക്കുമ്പഴാണ് എന്ന് തോന്നുന്നു ആദ്യമായി പുതിയ ലിപി പരിചയപ്പെടുന്നത്. പുസ്തകങ്ങൾ  പുതിയ ലിപിയിൽ അച്ചടിച്ചു വന്നു തുടങ്ങി.   ഓമനേ നീയുറങ്ങെൻ മിഴി വണ്ടിണ ത്തൂമലർ തേൻകുഴമ്പേന്റെ തങ്കം എന്ന് തുടങ്ങുന്ന പാഠപുസ്തകത്തിലെ ജിൻവാൽ ജീൻ എന്ന തടവുകാരന്റെ കഥ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്.


അക്കൊല്ലം ഫെബ്രുവരി മാസത്തിൽ  ക്ലാസ് ഇല്ലാത്ത ഒരു ഒരാഴ്ച ഞാൻ അച്ഛന്റെ കോളേജ് കാണണം എന്ന് വാശി പിടിച്ച് അച്ഛന്റ്റെ കൂടെ തിങ്കളാഴ്ച പാലക്കാട്ടേക്ക് പോയി. ഒന്ന് രണ്ടു ദിവസം വിക്ടോറിയ കോളേജിലേക്ക് അച്ഛന്റെ കൂടെ ഞാനും പോയി, ബി എസ് സി കെമിസ്ട്രി ലാബിൽ ഇരുന്നു. അച്ഛന്റെ ബന്ധുവായ കാറളത്ത് രാജേട്ടൻ അന്ന് അവിടെ ബി എസ് സിക്ക് പഠിക്കുന്ന കാലമാണ്. അദ്ദേഹത്തെയും കണ്ട ഒരു ഓർമ്മയുണ്ട്. അന്ന് കെമിസ്ട്രി വിഭാഗത്തിന്റെ തലവനായ പ്രൊഫസർ ലാബിലേക്ക്  കടന്നു വരികയും എന്നെ പരിചയപ്പെടുകയും രസതന്ത്രത്തിലെ ഒരു ചോദ്യം ചോദിക്കുകയും അതിന് ഞാൻ ശരിയുത്തരം നൽകുകയും ചെയ്തപ്പോൾ  അദ്ദേഹം സന്തോഷത്തോടെ അക്കാര്യം അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളോട് പറഞ്ഞത് അച്ഛൻ അഭിമാനപൂർവ്വം വീക്ഷിച്ചതും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.  


അപ്പോൾ ആ യാത്രയിൽ അച്ഛന് നാണക്കേടുണ്ടാക്കേണ്ടി വന്നില്ലല്ലോ എന്ന ചെറു സന്തോഷം മാത്രമായിരുന്നു എന്റെ ഉള്ളിൽ. ബാക്കി ദിവസങ്ങളിൽ  പകൽ മുഴുവൻ അച്ഛൻ താമസിക്കുന്ന റൂമിൽ തനിച്ചിരുന്നു.  ഒരു ദിവസം വൈകീട്ട് മലമ്പുഴ അണക്കെട്ടും ഉദ്യാനവും കൊണ്ട് പോയി കാണിച്ചു തന്നു. ആ വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ ഫാസ്റ്റിൽ തിരിച്ചു പോരുകയും ചെയ്തു.

പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയെങ്കിലും, പത്താം തരക്കാരനായിരുന്ന അച്ഛന് തന്റെ വിദ്യാഭ്യാസം കൊണ്ട് അന്ന് കാലത്ത്  ലഭിക്കാവുന്ന  മാന്യമായ ഒരു ജോലിയായിരുന്നു കോളേജ് അറ്റൻഡർ. പക്ഷെ ആ തസ്തികയിലെ ശമ്പളം കൊണ്ട് ഞങ്ങൾ അഞ്ചു പേരും മുത്തശ്ശിയും അടങ്ങുന്ന ഒരു കുടുംബം പുലർത്തുക എന്നത് ഒരു തരം ഞാണിന്മേൽ കളിയായിരുന്നു. പ്രത്യേകിച്ച് ആഴ്ച തോറുമുള്ള പോക്കുവരവും  പാലക്കാട്ടെ താമസവും ചിലവുകളും അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. അതൊക്കെ അടുത്തറിഞ്ഞു  മനസ്സിലാക്കാൻ ആ യാത്രയിൽ നിന്നും കഴിഞ്ഞു. തിരിച്ചു പോരുമ്പോൾ അച്ഛന്റെ കൈവശമുണ്ടായിരുന്നത് പെരിന്തൽമണ്ണ വരെ എത്താനുള്ള ഒന്നര ടിക്കറ്റിന്റെ കാശ് മാത്രമായിരുന്നു. 10 വയസ്സ് കഴിഞ്ഞ എനിക്ക് എങ്ങാനും ഒരു ഫുൾ ടിക്കറ്റ് വേണമെന്ന് കണ്ടക്ടർ പറഞ്ഞാൽ എന്ത് ചെയ്യുമെന്ന വേവലാതിയായിരുന്നു ടിക്കറ്റെടുക്കും വരെ അദ്ദേഹത്തിന്. കാഴ്ച്ചയിൽ ഒരു  ഒമ്പതു വയസ്സുകാരനെ പോലെയുള്ള ശരീരം  ആദ്യമായി ഒരു ഭാഗ്യമായി ഞാൻ കരുതി, ചോദിച്ചാൽ നാലാം ക്ളാസുകാരനെന് പറയണമെന്ന് മനസ്സിൽ കരുതി. ഭാഗ്യത്തിന് അങ്ങിനെയൊരു സ്ഥിതിവിശേഷമുണ്ടായില്ല


ആ വർഷം കൊല്ലപ്പരീക്ഷ അടുത്ത കാലത്താണ് സ്‌കൂളിൽ നിന്നും ബോബനും മോളിയും എന്ന സിനിമ കാണാൻ കൊണ്ട് പോവുന്നുണ്ടെന്ന് അറിയിപ്പ് വന്നത്. ഞാനും പേര് കൊടുത്തു. സ്‌കൂളിൽ നിന്നും രാവിലെ ബസ്സിൽ കൊണ്ട് പോയി ജഹനറ തീയറ്ററിൽ ആയിരുന്നു പടം. തിരിച്ചു സ്‌കൂളിൽ തന്നെ കൊണ്ട് വന്നു വിട്ടു. അവിടെ നിന്നും പാടത്ത് കൂടെ നടന്ന്  പോന്ന് മറ്റു കൂട്ടുകാരോട് യാത്ര പറഞ്ഞ്  തെക്കേ പത്തായപ്പുരയുടെ കഴൽ കടക്കാൻ വേണ്ടി തയ്യാറായ എന്റെ നേരെ കഴൽ കടന്ന് ഒരു നായ വന്നു. നായ എന്നെക്കടന്ന് താഴെ പാടത്തേക്ക് ഇറങ്ങിപ്പോയി. പെട്ടെന്നായിരുന്നു കഴൽ കടക്കാനായി കാലെടുത്തു വെച്ച എന്നെ പുറകിൽ നിന്നും തിരിഞ്ഞു വന്ന നായ ഓർക്കാപ്പുറത്ത്  ചാടി പുറകിൽ കടിക്കാൻ ശ്രമിച്ചത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നൊരു നിമിഷത്തേക്ക് മനസ്സിലാവാഞ്ഞ ഞാൻ തിരിഞ്ഞു നോക്കിയതും നായ. അയ്യോ, നായ കടിച്ചൂ എന്ന് നിലവിളിച്ച് ഞാൻ മുന്നോട്ടാഞ്ഞ് കുതറി ഓടി. അത് കൊണ്ട് തന്നെ കടി കാര്യമായി ദേഹത്തു കൊണ്ട് മുറിഞ്ഞില്ല. ഷർട്ട് കീറി, ദേഹത്ത് ഒരു പോറൽ പോലെ കാണപ്പെട്ടു. അതിനിടയിൽ കേട്ടു, അതൊരു പേപ്പട്ടിയായിരുന്നു എന്ന്. മനസ്സിനെ അകാരണമായൊരു ഭയം വേട്ടയാടി. ഏതായാലും പിറ്റേ ദിവസം തന്നെ പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിൽ പോയി കാണിച്ച് റാബീസ് ഇഞ്ചക്ഷൻ വേണമെന്ന് ഡോക്ടർ വിധിച്ചു. പ്രത്യേകിച്ച് പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞു. പത്ത് ദിവസം വയറിലെ പൊക്കിൾക്കൊടിക്ക് നാലു പുറവുമായി കുത്തിവെയ്പ്പ് നടത്തി. മരണഭയം വേട്ടയാടിയ നാളുകൾക്ക് അങ്ങിനെ ശമനമായി.


കൊല്ലപ്പരീക്ഷക്ക് സ്‌കൂളിലേക്ക് ഉച്ച നേരങ്ങളിൽ ഒറ്റക്ക്  പോവുമ്പോൾ അങ്ങിനെ പേടിക്കാൻ വേറൊന്നു കൂടി കിട്ടി. അലഞ്ഞു നടക്കുന്ന നായ്ക്കളെ ദൂരെ എവിടെയെങ്കിലും കണ്ടാൽ പിന്നെ അതിനെപ്പറ്റിയായി പേടി. മറ്റൊരു പേപ്പട്ടി വീണ്ടും എന്നെ വന്നു കടിക്കുമെന്ന് ഭയപ്പെട്ട് നടന്ന നാളുകൾ...       


തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 29 )


കണ്ണനിവാസിൽ ഞങ്ങൾക്ക് ആടുണ്ടായിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ. വൈകുന്നേരങ്ങളിൽ ആടിനെ തീറ്റലും ഞങ്ങൾ കുട്ടികൾക്കുള്ള പണിയാണ്. ഒഴിവു ദിവസങ്ങളിൽ കാപ്പികുടി കഴിഞ്ഞാൽ ആടിനെയും കൊണ്ട് ഇടവഴികളിലൂടെ കൊണ്ട് പോയി വേലിമേൽ പടർന്നിട്ടുള്ള വയറ, മറ്റു വള്ളികൾ, മുള്ളുമ്പഴമുണ്ടാകുന്ന ചെടിയുടെ ഇലകൾ എന്നിവ തീറ്റിച്ച് വയറു നിറയ്ക്കണം.

ഇങ്ങനെ തീറ്റുന്നതിനിടയിൽ ആടിന് ഇഷ്ടമില്ലാത്ത ഇലകളും കൊടുക്കുന്നത് ഞങ്ങൾക്കൊരു വിനോദമായിരുന്നു. കമ്യൂണിസ്റ്റ് അപ്പ അവയ്ക്ക് ഇഷ്ടമല്ല. അത് കൊണ്ട് അപ്പയുടെ ഇലകൾ വയറയുടെയും മറ്റും ഉള്ളിൽ തിരുകി ഞങ്ങൾ വായിലേക്ക് വെച്ച് കൊടുക്കും. പക്ഷെ ഒന്നോ രണ്ടോ ചവക്കലുകൾക്ക് ശേഷം അവ കൃത്യമായി ആ ഇലകൾ തുപ്പിക്കളയും. അങ്ങിനെ പോയി ഞങ്ങൾ പുല്ലാനിക്കുന്നിന്റെ മുകളിലെത്തും. മൊട്ടക്കുന്നായിക്കിടക്കുന്ന കുന്നിന്റെ വശങ്ങളിലായി നിറയെ പുല്ലാനിച്ചെടികൾ തഴച്ചു വളരും. അവിടെയെത്തിയാൽ ആടിനെ മേയാൻ വിടും. പുല്ലാനിയില ആടുകൾക്ക് ഇഷ്ടമാണ്. പുല്ലാനിക്കുന്നിന്റെ മുകളിലെ വെയിൽ മങ്ങിയിട്ടും ചൂട് വിടാത്ത പാറകളിൽ നിറയെ കുഴികൾ കാണാം. ആ കുഴികളിൽ ആട്ടിൻപാൽ ഒഴിച്ച് വെയിലത്ത് വറ്റിച്ച് കഴിക്കാൻ രസമാണെന്ന് അവിടെ ആട് മേക്കാൻ വരുന്ന ചില കുട്ടികൾ പറയും. ഞങ്ങളത് വിശ്വസിക്കും. പുല്ലാനിക്കുന്നിന്റെ താഴെ ചെറുമക്കളുടെ ശവപ്പറമ്പാണ്. രാത്രി ചുടലഭദ്രകാളിയുടെ കഥ അമ്മായിയോ മുത്തശ്ശിയോ പറയുമ്പോൾ ആ ശവപ്പറമ്പ് മനസ്സിലേക്കോടിയെത്തും. അവിടെ അടുപ്പു കൂട്ടി ഭക്ഷണം പാകം ചെയ്യുന്ന ഭ്രാന്തനായി സ്‌കൂളിൽ നിന്നും വരുമ്പോൾ കണ്ടിട്ടുള്ള ഭ്രാന്തനെ പ്രതിഷ്ഠിക്കും..
ക്രിസ്തുമസിനപ്പുറം തിരുവാതിരയെത്തുകയായി. വീടുകളുടെ മുറ്റങ്ങൾ മമ്പണിയെടുപ്പിച്ച്, ചാണകം മെഴുകി മോടി കൂട്ടും. ഞങ്ങളുടെ പറമ്പിൽ ഊഞ്ഞാലിടാൻ പറ്റുന്ന മരങ്ങളൊന്നുമില്ല. കിഴക്കേ പാത്തയപ്പുരയിലെ ഊഞ്ഞാൽ മൂവാണ്ടൻ മാവിലെ ചെറിയ ഊഞ്ഞാലാണ്.
വലിയ ഊഞ്ഞാൽ കെട്ടുന്നത് നാലുകെട്ടിലെ പടിഞ്ഞാറെ പടിക്കൽ നിൽക്കുന്ന പുളിയുടെ മേലാണ്. വലിയ കാട്ടു വള്ളി കൊണ്ടായിരിക്കും മിക്കവാറും ഊഞ്ഞാൽ. ഊഞ്ഞാലിലിരിക്കാൻ ഓരോരുത്തരും കാത്തു നിൽക്കും. ഏറ്റവും ഉയരത്തിൽ ആര് പോവുമെന്ന് മത്സരിക്കും.
പിന്നെയൊരു ഊഞ്ഞാലുണ്ടാവുക രാജമന്ദിരത്തിലാണ്. അവിടെയുള്ള പൊക്കമുള്ള മാവിന്മേൽ മുളകൊണ്ടുള്ള ഊഞ്ഞാലിടും. നാലുകെട്ടിലെ ഊഞ്ഞാലിൽ ആടി മടുക്കുമ്പോൾ അങ്ങോട്ടോടും.
തിരുവാതിരക്ക് ഉറക്കമൊഴിക്കാൻ പാകത്തിലായിരിക്കും മിക്കവാറും എരവിമംഗലം വായനശാലയുടെ വാർഷികം നടത്തുക. ഡാൻസ് പരിപാടികൾ, പാട്ടുകൾ തുടങ്ങി ഒടുവിൽ ഒരു മുഴുനീളൻ നാടകവും. ഇതാണ് പൊതുവെയുള്ള പരിപാടികളുടെ ഒരു രീതി. ആ വർഷമാണെന്ന് തോന്നുന്നു, അമ്മ അത്തരത്തിലൊരു നാടകത്തിൽ അഭിനയിച്ചു. പറവൂർ ജോർജ്ജിന്റെ നേർച്ചക്കോഴി എന്ന നാടകമായിരുന്നു അത്. മുണ്ടും ചട്ടയും ഒക്കെയിട്ട ഒരു കൃസ്ത്യാനി സ്ത്രീയുടെ റോളാണ് അമ്മ അവതരിപ്പിച്ചത്. പരിയാണിയുടെ മകൾ സുമതിയും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കോഴിത്തൊടി ഗോപ്യാരും പാലോളി നമ്പൂതിരിമാരും യൂസുഫും ഒക്കെയായിരുന്നു മറ്റു അഭിനേതാക്കൾ എന്നാണോർമ്മ.
നാടകത്തിന്റെ രംഗങ്ങൾക്കിടയിൽ നീണ്ട ഇടവേളകൾ തന്നെയുണ്ടാവും. അപ്പോഴൊക്കെ നാട്ടിലെ പാടാനറിയാവുന്നവരൊക്കെ ചെന്ന് ആ വിരസതയെ ഒഴിവാക്കും. ചന്ദ്രാലയത്തിലെ ഉണ്ണിയേട്ടനും ഭരതനുണ്ണിയേട്ടനും അനിയേട്ടനുമൊക്കെ ആ അവസരം നന്നായി ഉപയോഗിക്കും.
വായനശാലാ പരിസരം ഒരു മിനി ഉത്സവപ്പറമ്പായി മാറുന്ന ഈ അവസരങ്ങളിൽ, ഇത്തരം ഇടവേളകളിൽ ഞങ്ങൾ കുട്ടികൾ വാണിഭക്കാർ ഒരുക്കുന്ന വിസ്മയക്കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങും. ആനമയിലൊട്ടകം, കിലുക്കിക്കുത്ത് എന്നിങ്ങനെ ഞങ്ങളെ ആവേശം കൊള്ളിക്കുന്ന പല കാഴ്ചകളും അവിടെ അരങ്ങേറും. അതൊക്കെക്കണ്ട്, അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ 10 പൈസകൊണ്ട് കടലയും വാങ്ങിത്തിന്ന് മറ്റൊരു രംഗത്തിലേക്ക് ഞങ്ങൾ സാകൂതം കണ്ണ് നട്ടിരിക്കും.
തുടരും....
വര: ശശി

ഓർമ്മച്ചിത്രങ്ങൾ ( 28 )

ഞങ്ങൾ കാത്തിരിക്കുന്ന വേളകളാണ്  ക്രിസ്തുമസ് വെക്കേഷൻ. ഓണം, ക്രിസ്തുമസ് എന്നിവക്കായി സ്‌കൂൾ പൂട്ടുന്നതോടെ കിഴക്കേ പത്തായപ്പുരയിലേക്ക് രഘുവും മിനിയുമെത്തും. സ്ഥിരം കൂട്ടുകാരെ വിട്ട് അതിഥികളായി എത്തുന്ന ഇവരുടെ കൂടെക്കളിക്കാൻ മനസ്സ് വെമ്പും. അവരെത്തിയാൽ പിന്നെ രാവിലത്തെ പഠിത്തമെന്ന വഴിപാട് കഴിഞ്ഞ് നേരെ പത്തായപ്പുരയിലേക്ക് ഓടും. 
തിരുവാതിരക്കാലമാണെങ്കിൽ അവിടെ മുറ്റത്തെ മൂവാണ്ടൻ മാവിൻറെ കൊമ്പിന്മേൽ ഊഞ്ഞാൽ കെട്ടിയിരിക്കും. രഘുവിന്റെ അമ്പാടിക്കഥകൾ കേൾക്കും. അങ്ങിനെയൊരു ക്രിസ്തുമസ് അവധിക്കാലത്ത് ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങൾ കുട്ടികൾ കിഴക്കേ പത്തായപ്പുരയുടെ മുറ്റത്തേക്കുള്ള നടവഴിയിൽ ഏതെല്ലാമോ കളികളിലാണ്.   അക്കാലത്ത് ഇടവഴി ഇറങ്ങി വന്ന് 
പത്തായപ്പുരയിലേക്കുള്ള പടി കടന്ന് തെക്കേ പത്തായപ്പുരയുടെ ഓരം പറ്റിയുള്ള ചെറിയ നടവഴി തെക്കേ പത്തായപ്പുരയുടെ ഉരൽപ്പുരയുടെ അടുത്തെത്തിയാൽ പിന്നെ ഇടത്തോട്ട് തിരിഞ്ഞു രണ്ടു വശവും വെട്ടു കല്ല് കൊണ്ട് മതിൽ തീർത്ത ഒരു നടവഴിയായി മാറും. അത് നേരെ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ മുറ്റത്തെത്തും. മേല്പറഞ്ഞ ഇരുവശവും മതില് തീർത്ത വഴിയിലാണ് ഞങ്ങൾ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നത്. നാലു വരി കല്ല് പടുത്ത ഈ മതിലിൻറെ അവിടവിടെയായി കുട്ടികളുടെ പല്ലു പോയ മട്ടിൽ ചില കല്ലുകൾ ഉതിർന്നു വീണിട്ടുണ്ട്.  കളിയുടെ മൂർദ്ധന്യത്തിൽ ആരോ ഒരാൾ ഇങ്ങനെ ഉതിർന്ന കല്ലിന്റെ അടുത്ത കല്ല് തള്ളി താഴെയിട്ടു. അത് കണ്ട  മറ്റൊരാൾ അടുത്ത കല്ലും തള്ളി താഴ്‍യിട്ടു. ഇത് കണ്ട് നിന്ന എല്ലാവര്ക്കും അതൊരു രസകരമായ ഏർപ്പാടായി തോന്നി. ഓരോരുത്തരും മത്സരിച്ച് നിമിഷങ്ങൾക്കകം ഇരുവശത്തേയും ഓരോ വരി കല്ലുകൾ പൂർണ്ണമായും തള്ളി താഴെയിട്ട് ആഘോഷിച്ചു. 

ഈ ആഘോഷത്തിമിർപ്പ് കണ്ട ആരോ അത് വഴി വന്നപ്പോഴാണ് ഞങ്ങൾ ചെയ്ത കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഉണ്ണിയേട്ടന്റെയും നാരായണനുണ്ണി അമ്മാവന്റെയും പക്കൽ നിന്നും ലഭിച്ചേക്കാവുന്ന ശിക്ഷയെക്കുറിച്ച് ഓർത്തപ്പോൾ  പേടി കൂടി. വീട്ടിൽ ഇക്കാര്യം അറിഞ്ഞാൽ അച്ഛന്റെ വക വേറെയും കിട്ടും. 

ഒടുവിൽ ഞങ്ങളെല്ലാവരും നാരായണനുണ്ണി അമ്മാമൻറെ കോടതിയിൽ ഹാജരാക്കപ്പെട്ടു. ഇതിൽ തലമൂത്തവനെന്ന നിലയിൽ ശിക്ഷ എനിക്ക് തന്നെ എന്ന് വിചാരിച്ച് കണ്ണടച്ചു താഴോട്ട് നോക്കി നിന്നു. അമ്മാമനാവട്ടെ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് എല്ലാവരും 12 തവണ ഏത്തമിടാ.. എന്ന് പറഞ്ഞു ശിക്ഷ വിധിച്ചപ്പോൾ എല്ലാവരും ഏത്തമിട്ട് ശ്വാസം നേരെ വിട്ടു. കുട്ടികളുടെ അന്തല്ല്യായകൾ ഇത്തരം ചെറു ശിക്ഷകളിലൂടെ മാറ്റിയെടുക്കാം എന്ന് അദ്ദേഹം തെളിയിച്ചു.  

അക്കാലത്താണ് രഘുവും മിനിയും മണിപ്രവാളം പഠിച്ച് അക്ഷരശ്ലോകം എന്ന വിദ്യ സ്വായത്തമാക്കി ഞങ്ങളെ ഞെട്ടിക്കുന്നത്.  ഒരു മണിപ്രവാളം പുസ്തകവുമായാവും അവരുടെ വരവ്. രാവിലെ അതിലെ പുതിയ  ശ്ലോകങ്ങൾ പഠിച്ച് മുത്തശ്ശനെ  കേൾപ്പിക്കണം. ഞങ്ങളാകട്ടെ ഇതിനെപ്പറ്റിയൊന്നും അറിയാത്ത നിരക്ഷരരും. ഒടുവിൽ അവരിൽ നിന്നും ഊർജ്ജം കൊണ്ട് ഞാനും ഒരു മണിപ്രവാളം ഭരതനുണ്ണി അമ്മാമന്റെ കയ്യിൽ നിന്നും സഘടിപ്പിച്ച് ശ്ലോകങ്ങൾ പഠിക്കാൻ തുടങ്ങി. ഗോപാല ബാലന്റെ ശരീരമപ്പോൾ ആപാദ ചൂഢം.. എന്ന് തുടങ്ങുന്ന മണിപ്രവാളത്തിന്റെ കുറെയേറെ ശ്ലോകങ്ങൾ കഷ്ടപ്പെട്ട് കാണാപ്പാഠം പഠിച്ചു. പക്ഷെ അതൊന്നും പയറ്റാനുള്ള വേദികൾ അവിടെയുണ്ടായിരുന്നില്ല. പതുക്കെ പതുക്കെ അതിനെ കൈവിട്ടു, ഒടുവിൽ, ഭരതനുണ്ണിയമ്മാവൻ തന്നെ പഠിപ്പിച്ച "ഗോപാലമേനോന്റെ ശരീരമപ്പോൾ ആപാദ ചൂഢം ചൊറിയും ചിരങ്ങും" എന്ന പാരഡി  പാടി നടന്നു തുടങ്ങി..

തുടരും....

വര: ശശി


ഓർമ്മച്ചിത്രങ്ങൾ ( 27 )


ശനി, ഞായർ ദിവസങ്ങളിൽ പഠനം രാവിലെ ഒന്നോ രണ്ടോ മണിക്കൂർ മാത്രമായൊതുങ്ങും. പിന്നെയുള്ള സമയം കളികൾക്കുള്ളതാണ്. നാലുകെട്ടിൽ കൂട്ടുകാരെത്തുന്ന ദിവസങ്ങളിൽ അത് ഗോട്ടി കളിയിലും, ഉച്ചക്കുള്ള തായം കളിയിലും മുഴുകിത്തീർക്കും.
കുളം നിറഞ്ഞു നിൽക്കുന്ന ജൂലൈ ആഗസ്ത് മാസങ്ങൾ തൊട്ട് ഡിസംബർ വരെ വൈകീട്ടുള്ള കളി കുളത്തിലാണ്. അഞ്ചു മണിയായാൽ തോർത്തും സോപ്പുമായി കുളത്തിലേക്ക് പട നയിക്കും. കൂപ്പിന്മേൽ നിന്നും ഓടി തിരിഞ്ഞും, മലക്കം മറിഞ്ഞും വെള്ളത്തിലേക്ക് ചാടി ഊളയിട്ട് ചേറിൽ തൊട്ട് പൊങ്ങും. ചാട്ടങ്ങളുടെ വൈവിദ്ധ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് ഓരോരുത്തരും മത്സരിക്കും. ചാടിത്തളരുമ്പോൾ പിന്നെ തൊട്ടു കളി, നീന്തി മറു കര പറ്റി, അവിടെയുള്ള മരത്തിന്മേൽ നിന്നും ചാടി നീന്തി ഇക്കരയെത്തൽ, ആഴത്തിലേക്ക് ഊളയിട്ട് ഏറ്റവും കൂടുതൽ നേരം വെള്ളത്തിനടിയിൽ ചിലവഴിക്കൽ തുടങ്ങി പല കളികളും കളിച്ചു കഴിയുമ്പോഴേക്കും കണ്ണ് ചുവന്നു തുടങ്ങും. അച്ഛൻ അന്വേഷിച്ച് വടിയുമായി കടവിന് മുകളിലെത്തിയാൽ പിന്നെ എല്ലാവരും കയറുകയായി.
അക്കാലത്തെ ഞാനും ശശിയുമുള്ള വഴക്കുകളും, ഒരുമിച്ചുള്ള കുസൃതികളും എങ്ങിനെയെങ്കിലും അച്ഛന്റെ കണ്ണിൽ പെടും. ചിലപ്പോഴൊക്കെ അവൻ പരാതിപ്പെട്ടിയുമായി അച്ഛന്റെ അടുത്തെത്തും. അതൊക്കെ അച്ഛൻ തീർപ്പാക്കുന്നത് അടിയിലൂടെയാണ്. ആദ്യമാദ്യം കൈ പ്രയോഗമായിരുന്നെങ്കിൽ, പിന്നീടതിന് പുളി വാറലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മിക്കവാറും അടി കിട്ടുക എനിക്കായിരിക്കും. കുസൃതികൾ ഒപ്പിച്ചിരിക്കുക അവനും, അടി എനിക്കും. നീയല്ലേ മൂത്തത്, അവനെ നേർവഴി കാട്ടി നയിക്കേണ്ടവൻ നീയല്ലേ, എന്നായിരിക്കും അച്ഛന്റെ ന്യായം.
വർഷത്തിലൊരിക്കൽ നാലുകെട്ടിലൊരുത്സവമുണ്ട്. കളം പാട്ട്. അന്ന് ചെറുകരക്കാരൊക്ക ഒത്തു കൂടും. തിരുമാന്ധാംകുന്നിലമ്മ കുടികൊള്ളന്നു എന്ന് വിശ്വസിക്കുന്ന തെക്കിണിത്തറയിലാണ് കളം പാട്ട്. രാവിലെ കൂറയിട്ട്, ഉച്ചപ്പാട്ടും പൂജയുമായി തുടങ്ങി വൈകീട്ട് വിസ്തരിച്ച് കളം വരച്ച് വെളിച്ചപ്പാടും വാദ്യക്കാരുമായുള്ള ഒരുത്സവം.
ഞങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ രാവിലെ തൊട്ട് തന്നെ നാലുകെട്ടിലാവും. കളിക്കാൻ വിജയനുണ്ട്, അനിയന്മാരുണ്ട്. കൂടാതെ പാങ്ങിൽ നിന്നും നാരായണനുണ്ണിയമ്മാവന്റെ മക്കളും എത്തും. വിജയൻറെ സൗഹൃദത്തിൽ ഞങ്ങൾക്കും ഉച്ചയൂണ് നാലുകെട്ടിൽ തന്നെ തരപ്പെടും. ഉച്ചപ്പൂജയും ഊണും കഴിഞ്ഞാൽ പിന്നെ വൈകും വരെ കുട്ടികൾക്ക് പ്രത്യേകിച്ച് പണികളൊന്നുമില്ല. വേണമെങ്കിൽ വൈകുന്നേരത്തെ കളത്തിനുള്ള പൊടികൾ പൊടിക്കുന്നിടത്ത് പോയി അതൊക്കെ കാണാം. പക്ഷെ അതൊക്കെ പെട്ടെന്ന് മടുക്കും.
കുട്ടികളുടെ പട പതുക്കെ തെക്കിന്റെ മുകളിലേക്കുള്ള ഗോവണിയിലൂടെ മേലോട്ട് കയറും. അവിടെയുള്ള മുറികളിലെ നീണ്ട അഴിയിട്ട ജന്നലുകളിൽ വണ്ടുകൾ തീർത്ത ചെറുദ്വാരങ്ങളിൽ ഈർക്കിൽ കൊണ്ട് കുത്തി വണ്ടുകളുടെ മൂളിപ്പാട്ട് കേൾക്കും. ഓരോ തുളയിൽ നിന്നും വരുന്ന മൂളലുകൾ വിവിധ തരംഗദൈര്ഘ്യത്തിലും, ആവൃത്തിയിലും ആയിരിക്കും. ആ കലാപരിപാടി മടുത്തു തുടങ്ങുമ്പോൾ തട്ടും പുറത്തേക്ക് കയറും. തെക്കേ കെട്ടിന്റെയും വടക്കേ കെട്ടിന്റെയും തട്ടിൻപുറങ്ങൾ അഴിയിട്ട് വേർ തിരിച്ചിട്ടുണ്ട്. തെക്കേ കെട്ടിൽ നിന്നും ഒരാൾക്ക് കഷ്ടിച്ച് കടക്കാൻ കഴിയുന്ന ഒരു അഴിവാതിലിലൂടെ അപ്പുറമുള്ള വടക്കേക്കെട്ടിന്റെ തട്ടിന്പുറത്തേക്ക് നൂണ്ടു കടക്കാം.
അവിടേക്കാളെത്തിയാൽ ഉത്തരത്തിലും പട്ടികമേലും പകലുകളിൽ വിശ്രമിക്കുന്ന നരച്ചീറുകൾ കണ്ണു കാണാതെ അങ്ങോട്ടുമിങ്ങോട്ടും പറന്നു ഞങ്ങളെ പേടിപ്പിക്കും. അവിടെ നിന്നും താഴോട്ടിറങ്ങി, വടക്കേ കെട്ടിന്റെ മുകളിലത്തെ അറകളിൽ ഒളിച്ചു കളിക്കും.
ഇതൊക്കെക്കഴിഞ്ഞ് താഴോട്ടെത്തുമ്പോഴേക്കും തെക്കിണിത്തറയിൽ ധൂളീചിത്രങ്ങളുടെ മികവാർന്ന രൂപഭംഗിയോടെ ഭഗവതിയുടെ ത്രിമാന തലങ്ങളുള്ള രൂപം തെളിഞ്ഞു തുടങ്ങിയിരിക്കും.
സന്ധ്യ വേലക്ക് പൊതുവാൾ ചെണ്ടകൊട്ടി അറിയിക്കുന്നതോടെ അയൽപക്കങ്ങളും നാലുകെട്ടിലേക്ക് ടോർച്ചുകളും കമ്പി റാന്തലുകളുമായി എത്തും. പിന്നെ ഞങ്ങൾ കുട്ടികളുടെ ഏക ലക്ഷ്യം കുന്നപ്പള്ളി കൃഷ്ണമ്മാവന്റെ അപ്പക്കഷ്ണമാണ്. പക്ഷെ അതിന് കാത്തിരിക്കണം. പൂജ കഴിയണം.
രാത്രിയാവുന്നതോടെ പൂമുഖവും തെക്കിണിയുടെ നടുമിറ്റവും പരിസരവും പെട്രോമാക്സിന്റെ വെള്ളി വെളിച്ചത്തിൽ കൂടുതൽ തിളക്കമാർന്നതാവും. മറ്റൊന്നും ചെയ്യാനില്ലാത്ത ഞങ്ങൾ കുട്ടികൾ ഈ വെളിച്ചത്തിന്റെ സൗഭാഗ്യത്തിൽ ഓടിക്കളിക്കും. ഒടുവിൽ ആ നിമിഷവും എത്തിച്ചേരും. അപ്പവിതരണം. അപ്പ വിതരണത്തിൽ കൃഷ്ണമ്മാവന് പ്രത്യേക കരവിരുതാണ്. ഒരെണ്ണം കിട്ടി സ്വാദനുഭവിച്ച് കൊതിയോടെ രണ്ടാമതും കൈനീട്ടുമ്പോൾ കൃഷ്ണമ്മാവന് മനസ്സിലാവും. പിന്നെ അമ്മമാരിൽ നിന്നോ മുത്തശ്ശിയിൽ നിന്നോ ഒരു കഷ്ണം കിട്ടിയാലായി.
വെളിച്ചപ്പാട് വരുന്നതോടെ കളികളെല്ലാം നിറുത്തി എല്ലാവരും തെക്കിണിത്തറക്ക് മുന്നിലെത്തും. മിക്കവാറും ഉണ്ണിക്കൃഷ്ണക്കുറുപ്പാവും വെളിച്ചപ്പാട്. പീഠത്തിന്മേൽ ഇരുന്ന് കാലുകൾ കൊണ്ട് പീഠം മുന്നോട്ട് നീക്കി പാട്ടിനൊപ്പം ആടിയാടി, ഉറഞ്ഞു തുള്ളി നാലുപാടുമിട്ട കുരുത്തോലകൾ വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി കളം മായ്ക്കുമ്പോൾ ഇത്ര നല്ല ഈ ചിത്രത്തിനെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതെ സമയം കുരുത്തോലകൾ വാള് കൊണ്ട് വെട്ടുന്നതിൽ അദ്ദേഹത്തിന് കരവിരുതില്ലെന്നും തോന്നിയിട്ടുണ്ട്. സ്വയം വെളിച്ചപ്പാടായി വാളുകൾ കൊണ്ട് ആ കുരുത്തോലകൾ ഒന്ന് പോലും ബാക്കി വെക്കാതെ വെട്ടി വീഴ്ത്തുന്നത് നിരൂപിക്കും.
തുടരും....
വര: ശശി

ഓർമ്മച്ചിത്രങ്ങൾ ( 26 )


തെക്കേ പത്തായപ്പുരയിലെ ഭരതനുണ്ണി അമ്മാമനുള്ള റേഷൻ ഷോപ്പ് എരവിമംഗലത്താണ്. പഞ്ചസാരയും മണ്ണെണ്ണയും വന്നുവെന്നറിഞ്ഞാൽ അവിടെപ്പോയി അതൊന്ന് വാങ്ങി വരാൻ അമ്മാമൻ ഞങ്ങളോടാവശ്യപ്പെടും. എരവിമംഗലത്തെ റേഷൻ ഷോപ്പ് കുറച്ചധികം ദൂരെയാണ്. അങ്ങോട്ട് എത്താൻ എളുപ്പ വഴി പാടത്തു കൂടിയാണ്. ഏകദേശം മുക്കാൽ മണിക്കൂർ പാടവരമ്പുകളിലൂടെ നടന്നാലേ അങ്ങോട്ടെത്തൂ. കുന്നപ്പള്ളി പോയി വന്നാൽ കിട്ടുന്ന മിട്ടായിയുടെ പ്രലോഭനമൊന്നും അമ്മാമനിൽ നിന്നോ അമ്മായിയിൽ നിന്നോ പ്രതീക്ഷിക്കേണ്ടതില്ല. ആകെയുള്ള മെച്ചം തിരികെ എത്തിക്കഴിഞ്ഞാൽ അമ്മായി തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത ദോശയോ മറ്റോ മാത്രം. പിന്നെ ഇതിനെയൊക്കെ മറികടക്കുന്നത് പോരുന്ന വഴി മിട്ടായിക്ക് പകരം പഞ്ചസാര ഇഷ്ടം പോലെ വാരിത്തിന്നുകൊണ്ടാണ്.
ആദ്യമൊക്കെ പാടത്തു കൂടി നടത്തേണ്ട ഈ യാത്രകളെ ഇഷ്ടപ്പെടാതിരുന്ന ഞങ്ങൾ ഇത് ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം, ഈ പോകുന്ന വഴി മിക്കവാറും വിജനമായിരിക്കും. അച്ഛൻറെ സിഗരറ്റ് വലി കണ്ട്, അതെ പോലെ ഒന്ന് വലിച്ചു തുടങ്ങണം എന്ന് തോന്നിത്തുടങ്ങിയത് അക്കാലത്താണ്. സിഗററ്റിന് വില കൂടുതലാണ്. അച്ഛൻ തന്നെ വളരെ പിശുക്കിയാണ് വലിക്കുന്നത്. അപ്പോഴാണ് വിജയൻറെ അമ്പലത്തൊടിയിൽ കാര്യസ്ഥനായ തെയ്യു വാങ്ങിക്കൊണ്ടു വെക്കുന്ന ബീഡികളിൽ നിന്നും ഞങ്ങൾ അൽപ സ്വല്പം മോഷണം നടത്തിത്തുടങ്ങിയത്. അവ വലിക്കാൻ പറ്റുന്ന ഉത്തമ വേദിയാണ് വിജനമായ പാടത്തു കൂടിയുള്ള യാത്രകൾ. കൂടെ വീട്ടിൽ നിന്നും ഒരു തീപ്പട്ടിയും സംഘടിപ്പിച്ച്, നല്ല പോലെ ഉയരമുള്ള നെൽച്ചെടികൾ വളർന്നു നിൽക്കുന്ന കണ്ടങ്ങളുടെ ഇടയിലൂടെ പൊക്കമില്ലാത്ത ഞങ്ങൾ നടക്കും എന്നിട്ട്, പതുക്കെ പോക്കറ്റിൽ നിന്നും ബീഡിയെടുത്ത് കത്തിക്കാനുള്ള ശ്രമം തുടങ്ങും.
പാടത്ത് വീശുന്ന കാറ്റിൽ ബീഡിയൊന്ന് കത്തിക്കാനുള്ള പെടാപ്പാട് വലുതാണ്. ഏകദേശം ഒരു അര തീപ്പട്ടി തീരുമ്പോഴാവും ഒരു ബീഡിയുടെ അറ്റത്ത് തീ പിടിക്കുക. സാധു ബീഡി ആഞ്ഞു വലിച്ച് ഉള്ളിലേക്ക് പുക കയറുമ്പോഴേക്കും ആദ്യമായി ബീഡി വലിക്കുന്ന ഈ സാധുക്കൾ ചുമച്ചു തുടങ്ങും. ഭാഗ്യത്തിന് ബീഡിവലികൾ ഇത്തരം ഒളി സങ്കേതങ്ങളിൽ മാത്രമൊതുങ്ങി.
അന്ന് ഞങ്ങളുടെ ഉമ്മറക്കോലായിൽ നീളെ ഒരു വള്ളി പടർത്തി കർട്ടൻ പോലെ തൂക്കിയിട്ടിരുന്നു. ഈ വള്ളികളിൽ പ്രായം ചെന്നവ ഉണങ്ങി അകം പൊള്ളയായ ഒരു രൂപത്തിലെത്തും. അപ്പോൾ അവ പൊട്ടിച്ച് ബീഡി പോലെ വലിക്കും. അങ്ങിനെ ചെയ്യുന്നത് തൽക്കാലം ആരെങ്കിലും കണ്ടാൽ തന്നെ ഒന്ന് ചീത്ത പറയുക എന്നതിനപ്പുറം വലിയ ശിക്ഷകളിലേക്ക് നീങ്ങില്ലെന്ന ഗുണവുമുണ്ട്.
അച്ഛൻെറ ബ്രാൻഡ് പാസിംഗ് ഷോ എന്ന സിഗരറ്റ് ആണ്. ഇഷ്ട ബ്രാൻഡ് എന്ന നിലക്കല്ല, മറിച്ച് വിലക്കുറവ് കൊണ്ട് ഇഷ്ടപ്പെട്ടിരുന്നതാവണം. സിസ്സേഴ്സ് ആണ് അന്ന് നാട്ടിലെ അല്പസ്വല്പം വരുമാനമുള്ളവർ വലിക്കുന്ന സിഗരറ്റ്. കല്യാണ സത്കാരങ്ങളിലും മറ്റും സിസ്സേഴ്സ് പാക്കറ്റുകൾ തളികളിൽ നിർബന്ധമാണ്. ആയിടക്കാണ് അച്ഛന്റെ വീടായ പരക്കാട്ട് ഒരു കല്യാണം വരുന്നത്. ദേവി ഓപ്പോളുടേതാണെന്നാണ് ഓർമ്മ. തലേന്ന് രാത്രി ഞങ്ങൾ കുട്ടികൾ കുറച്ചു പേർ ചേർന്ന് ഒരു പാക്കറ്റ് സിസ്സേഴ്സ് സിഗററ്റുമായി ഷാരത്തിനടുത്ത അമ്പലമതിൽക്കകത്തെ ഇരുട്ടിലേക്ക് കടന്നു. കൂട്ടത്തിൽ മുതിർന്നവർ, വലിച്ചു തുടങ്ങിയ വീരന്മാർ തീ കൊളുത്തി വലി തുടങ്ങി. ഒരെണ്ണം എന്റെ നേരെയും നീട്ടി. ഏറെക്കാലമായി കൊതിച്ചതാണ്. എങ്ങിനെ വയ്യെന്ന് പറയും. ഇങ്ങിനെയുള്ള അവസരങ്ങൾ എപ്പോഴും ഒത്തു വരില്ലല്ലോ. തെല്ല് സങ്കോചത്തോടെ, എന്നാൽ മനസ്സിൽ ആവേശത്തോടെ ഒരെണ്ണം എടുത്ത് തീ കൊളുത്തി. ബീഡിയെ അപേക്ഷിച്ച് തീപ്പിടിപ്പിക്കാൻ എളുപ്പമാണ്. ഒരൊറ്റ കൊള്ളി കൊണ്ട് തീ പിടിക്കും.
സ്റ്റൈലിൽ ഒരു പുക അകത്തേക്കെടുത്തു. ഒരു നിമിഷം ഞാൻ ഒരാണാണെന്ന് ഊറ്റം കൊണ്ടു. സിഗരറ്റ് പുകയുടെ സ്വാദ് ആദ്യമായറിയുകയാണ്. പുക ഉള്ളിലേക്കെത്തിയതും ചുമച്ചു തുടങ്ങി. സാധു ബീഡി വലിച്ചാലുള്ള ചുമയൊന്നുമല്ല. കണ്ണുകളിൽ വെള്ളം നിറയുന്നു. സിസ്സേഴ്സ് എന്ന ഭീകരൻ എന്നെ തളർത്തി. ഒടുവിൽ വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞ് ചേട്ടന്മാർക്കിടയിൽ നിന്നും നാണം കേട്ട് പോരേണ്ടി വന്നു.
അതോടെ ഒരു കാര്യം തീരുമാനിച്ചു. ഇത് നമുക്ക് പറ്റുന്ന പണിയല്ല.
തുടരും ....
വര: ശശി

ഓർമ്മച്ചിത്രങ്ങൾ ( 25 )


മഴയൊഴിഞ്ഞ്, ഓണപ്പരീക്ഷയും കഴിഞ്ഞുള്ള ഓണപ്പൂട്ടൽ ഞങ്ങളൊക്കെ കാത്തിരിക്കുന്ന വെക്കേഷനാണ്. നീണ്ട വേനലവധിക്ക് ശേഷം വീണ്ടും പഠനവുമായി സമരസപ്പെട്ടു പോവുമ്പോളും മറ്റൊരു അവധിക്കായി മനസ്സ് കൊതിക്കും. അവിടേക്കാണ് ഓണം വെക്കേഷൻ എത്തുന്നത്. അപ്പോഴേക്കും പാടം നിറയെ കതിർ നിരന്ന് പച്ചപ്പ് വിട്ട് പാടശേഖരം മുഴുവൻ മഞ്ഞനിറത്തിലേക്ക് പരിണമിച്ചിരിക്കും. അതിനിടയിൽ വരമ്പുകളുടെ അരികിൽ അങ്ങിങ്ങായി തുമ്പയും കാശിത്തുമ്പകളും പൂത്തു നിൽക്കും.

ഓണത്തിനാണ് അന്ന് പുതിയ ഷർട്ടും ട്രൗസറും കിട്ടുന്നത്. ഓണത്തിന് കിട്ടിയ ഷർട്ടും ട്രൗസറും മിക്കവാറും അടുത്ത ഓണം വരെ പെട്ടിക്കുള്ളിലിരിക്കും. ഏതെങ്കിലും വിശേഷാവസരങ്ങളിൽ നല്ലതിടാനായി.  അച്ഛന് ജോലി കിട്ടിയിട്ടുള്ള ആദ്യ ഓണമാണ്. ചുവന്ന വലിയ പുള്ളികളുള്ള ഷർട്ടും ട്രൗസറുമാണ് ആ വർഷം കിട്ടിയത് എന്നാണ് ഓർമ്മ. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ഷർട്ടായിരുന്നു അത്. 

ഓണത്തിന് ഞങ്ങളുടെ വീടുകളിൽ കർക്കിടകത്തിലെ തിരുവോണം മുതൽ പൂവിട്ടു തുടങ്ങും. മഴ വിട്ടിട്ടില്ലാത്ത കർക്കിടകത്തിൽ വെള്ളം കിനിയുന്ന മുറ്റത്ത്  ചാണകം കൊണ്ട് മെഴുകി, അതിനു നാടുവിലൊരു മുക്കുറ്റി പൂവും നാലു പുറവും കൃഷ്ണകിരീടത്തിന്റെയും ചെമ്പരത്തിയുടെയും പൂക്കൾ കൊണ്ട് ദിവസേന വഴിപാട് പോലെ ഓരോ പൂക്കളങ്ങളിടും. അല്ലാതെ ഇന്ന് കാണുന്ന പൂക്കളങ്ങളുടെ വൈവിദ്ധ്യങ്ങളിലേക്കൊന്നും അന്ന് പോവാറില്ല.   അത്തം മുതൽ തൃക്കാക്കരയപ്പനെ വെച്ച് തുടങ്ങും. മണ്ണുകുഴച്ചുരുട്ടി, പലകമേലടിച്ച് രൂപം വരുത്തിയ രൂപങ്ങൾക്ക് മേൽ മൂലം വരെ തുളസിയും മറ്റു പുഷ്പങ്ങളും കുത്തി അലങ്കരിച്ച് വെക്കും. മൂലം മുതൽ അരിമാവണിഞ്ഞിട്ടു വെക്കാൻ തുടങ്ങും. ആദ്യം മൂന്നും രണ്ടുമെന്ന ക്രമത്തിൽ വെച്ചത് മൂലം തൊട്ട് എണ്ണവും കൂടിത്തുടങ്ങും. ഒടുവിൽ തിരുവോണ ദിവസം മഹാബലിയുടെ രൂപത്തെയും പ്രത്യേക പീഠത്തിന്മേൽ ഓലക്കുട ചാർത്തി വെക്കും. മേൽപ്പറഞ്ഞ തൃക്കാക്കരപ്പനെയും  മറ്റും ഉണ്ടാക്കുന്നത് മിക്കവാറും ഞങ്ങൾ കുട്ടികൾ  തന്നെയാണ്. ഉത്രാട ദിനം വൈകീട്ട് എല്ലായിടത്തും മഹാബലിയെ ഉണ്ടാകുന്ന തിരക്കായിരിക്കും. കൂടെ അമ്മി, ആട്ടുകല്ല്, മുത്താച്ചിയമ്മ എന്നിങ്ങനെ ചില രൂപങ്ങളും ഉണ്ടാക്കി വെക്കുക പതിവുണ്ട്.   

ഏറെത്താമസിയാതെ അച്ഛന് പാലക്കാട് വിക്ടോറിയ കോളേജിലേക്ക് സ്ഥലം മാറ്റമായി. ദിവസവും വന്നു പോവാൻ പറ്റുന്ന ദൂരത്തിലല്ല പാലക്കാട്  എന്നത്  കൊണ്ട് തന്നെ അവിടെ മറ്റു സഹപ്രവർത്തകരുമൊത്ത് കൽപ്പാത്തിയിൽ ഒരു വാടക മുറിയിൽ താമസമാക്കി. തിങ്കളാഴ്ച രാവിലെ 6 മണിക്ക്  പോയാൽ വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ ഒലിങ്കരയിൽ അച്ഛൻ ബസ്സിൽ വന്നിറങ്ങും. മിക്കപ്പോഴും അച്ഛന് വെളിച്ചം കാണിക്കാനായി ഞാനും ശശിയും ടോർച്ചുമായി വെള്ളിയാഴ്ച്ചകളിൽ ഒലിങ്കര റോഡിൽ പോയി നിൽക്കും. പാലക്കാട് നിന്നും കണ്ണൂർ വരെ ചെറുപ്പുളശ്ശേരി വഴി  പോവുന്ന ഒരു ലെയ്‌ലാൻഡ് കെ എസ് ആർ ടി സി ബസിലാവും മിക്കവാറും അച്ഛൻ വരുന്നത്. കെ എസ് ആർ ടി സി ബസുകൾ അങ്ങിനെ വീണ്ടും എനിക്ക് പ്രിയപ്പെട്ടതായിത്തീർന്നു. അച്ഛനോട് പറഞ്ഞ് ആ യാത്രകളുടെ ടിക്കറ്റുകൾ ശേഖരിച്ചു തുടങ്ങി.  മാത്രമല്ല, അന്ന്, ആര് വീട്ടിൽ വന്നാലും അവരുടെ കയ്യിൽ നിന്നും ബസ് ടിക്കറ്റു ചോദിക്കുകയെന്നത് ഒരു ശീലവും, ടിക്കറ്റുകളുടെ ശേഖരണം ഒരു ഹോബിയുമായി.  

ആറാം ക്‌ളാസിൽ വെച്ചാണ് സ്‌കൂൾ കലോത്സവങ്ങളിൽ സജീവമാവുന്നത്. പലപ്പോഴും ടീച്ചർമാരാവും അതിൽ പങ്കെടുക്കണം, ഇതിൽ ചേരണം എന്നൊക്കെ നിർദ്ദേശിക്കുന്നത്. അങ്ങിനെ പാട്ടറിയാത്ത  എന്നെ  സംഘഗാനത്തിനും, നേരെ ചൊവ്വേ മുട്ടു വിറക്കാതെ നാലാളുടെ മുമ്പിൽ നാലക്ഷരം പറയാനറിയാത്ത എന്നെ  പ്രസംഗമത്സരത്തിനും പേര് കൊടുപ്പിച്ചു.  "പേരാറ്റിൻ കരയിലേക്കൊരു തീർത്ഥയാത്ര" എന്ന ഗാനം നാലുകെട്ടിലെ അനിയേട്ടൻ ഞങ്ങളെ പഠിപ്പിച്ചു. അന്ന് കൂടെപ്പാടുവാൻ ആരൊക്കെ ആണുണ്ടായിരുന്നതെന്ന് ഓർമ്മയില്ല.   പ്രസംഗ മത്സരം എന്നത് അക്കൊല്ലം 3 വിഷയങ്ങൾ മുൻ കൂട്ടി തന്ന്, അതിലൊന്ന് മത്സര ദിവസം നറുക്കിട്ടെടുത്തു പ്രഖ്യാപിക്കുന്ന രീതിയായിരുന്നു. പ്രസംഗത്തിന് ഞാനും ആറ് എ യിലെ  അബ്ദുസ്സമ്മദും പങ്കെടുക്കുന്നുണ്ടായിരുന്നു. ഈ മൂന്ന് വിഷയങ്ങളെക്കുറിച്ചും ഉള്ള പ്രസംഗം ടീച്ചർമാർ എഴുതി തന്നു. അത് ദിവസേന പഠിച്ച് അവരുടെ മുമ്പിൽ നിന്ന് റിഹേഴ്‌സൽ ചെയ്ത് കാണാപ്പാഠമാക്കുക എന്നതായിരുന്നു അന്നത്തെ രീതി. 

കുന്നക്കാവ് ഹൈസ്‌കൂളിൽ ആയിരുന്നു ആ വർഷത്തെ കലോത്സവം. പ്രസംഗ  മത്സരം ആയിരുന്നു ആദ്യം. വിഷയം കിട്ടി. ഞങ്ങൾ രണ്ടു പേരിൽ അബ്ദുസ്സമദിനായിരുന്നു ആദ്യ ഊഴം. സമദ് നന്നായി പ്രസംഗിച്ചു. പിന്നെ വേറെയും പല സ്‌കൂളുകളിലെ കുട്ടികൾ മത്സരിച്ചു. അങ്ങിനെ എന്റെ ഊഴമെത്തി. അപ്പോഴാണ് പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന വിധി നിർണ്ണയിക്കാനിരിക്കുന്ന  ടീച്ചർമാർക്ക് എന്റെ പ്രസംഗം ഒരു കല്ല് കടി പോലെ തോന്നിയത്. കാരണം, ആദ്യം അബ്ദുസ്സമദ്‌ പ്രസംഗിച്ച അതെ വാക്യങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. അവരുടെ കണ്ണുകളിൽ നിറഞ്ഞ ഭാവം സ്റ്റേജ് ഭയം വിട്ടു മാറാത്ത  എന്നിലെ പ്രാസംഗികനെ തളർത്തി. ഒരു വിധം പ്രസംഗമവസാനിപ്പിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. 

ഫലം വന്നപ്പോൾ     അബ്ദുസ്സമദ്‌ ഒന്നാമനും, വേറൊരു സ്‌കൂളിലേ കുട്ടി രണ്ടാമതും ആയി. ഏതായാലും അബ്ദുസ്സമദിന്റെ പ്രസംഗം ആദ്യം വന്നതിൽ മനസ്സുകൊണ്ട് ആനന്ദിച്ചു. കാരണം എന്റേത് ആദ്യവും അവന്റേത് രണ്ടാമതുമായിരുന്നെങ്കിൽ എന്നെ അപേക്ഷിച്ച് നന്നായി പ്രസംഗിക്കുന്ന സമദിന് ഒരു പക്ഷെ  സമ്മാനം തന്നെ നഷ്ടപ്പെട്ടേനെ.

ഉച്ചകഴിഞ്ഞായിരുന്നു സംഘഗാനം. പക്ഷെ സംഘഗാനത്തിൽ ഞങ്ങൾ ഒന്നാമതെത്തി. അങ്ങിനെ പാടാനറിയാത്ത എനിക്കും കിട്ടി, പാട്ടിൽ ഒരു സർട്ടിഫിക്കറ്റ്.  അനിയേട്ടന് നന്ദി.

തുടരും...

വര: ശശി

ഓർമ്മച്ചിത്രങ്ങൾ ( 24 )

പട്ടേരി മാഷുടെ 6-ബി മെയിൻ ഹാളിലാണ്. മെയിൻ ഹാളിലെ ഇടതു നിന്നും രണ്ടാമത്തെ ക്ലാസ് ആണെന്നാണ് ഓർമ്മ. നാലാം ക്ലാസ് വരെയുള്ള കൂട്ടുകാർ ഇപ്പോഴും വേറെ ക്ലാസുകളിലാണ്.
ആ വർഷമാണ് കോഴിത്തൊടിയിലെ ഉണ്ണിയും മണിയും ചെറുകരെ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേരുന്നത്. സ്‌കൂൾ യാത്രക്ക്  അയൽപക്കത്ത് നിന്നും രണ്ടു പുതിയ കൂട്ടുകാരെ കിട്ടിയ ഉത്സാഹത്തിലായിരുന്നു ഞങ്ങൾ.  രാവിലെ   എട്ടര മണിക്ക് കൃത്യം ഞാനും ശശിയും സ്‌കൂൾ സഞ്ചിയുമായി തെക്കേ പത്തായപ്പുരയുടെ കിഴക്കോട്ട്   പാടത്തേക്കിറങ്ങുന്ന കഴലിൻമേൽ കയറിയിരുന്ന് നീട്ടിക്കൂവും. ഒരു കൂവൽപ്പാടിനപ്പുറം സ്ഥിതി ചെയ്യുന്ന   കോഴിത്തൊടിയിൽ നിന്നും ഈ കൂവലിനൊരു മറുകൂവൽ എത്തുമ്പോഴേക്കും എട്ടേ മുക്കാൽ ആയിരിക്കും. 

ഉണ്ണിയും മണിയും എത്തിയതോടെ സ്‌കൂൾ യാത്രകൾ കൂടുതൽ ഉല്ലാസപ്രദങ്ങളായി. അതോടൊപ്പം യാത്രാ വേളകളിലെ വികൃതികളും കൂടി വന്നു. ഞങ്ങൾ കുട്ടികളുടെ കുസൃതികൾ പലപ്പോഴും നാട്ടുകാരുടെ കണ്ണിൽ പൊറുക്കാൻ വയ്യാത്ത അപരാധങ്ങളായി.   അതിനാവട്ടെ പലപ്പോഴും വലിയവരുടെ ചീത്ത കേട്ടു. 

മഴ കനക്കുന്ന ജൂലൈ ആഗസ്ത് മാസങ്ങളിൽ രാജമന്ദിരത്തിനപ്പുറം തോടിന് കുറുകെ കെട്ടിയ  ചെറിയ അണക്കെട്ട് നിറഞ്ഞു കവിയും തോട്ടിൻ വക്കിൽ സമൃദ്ധമായി വളരുന്ന നീരോലിയുടെയും കരിനെച്ചിടെയും ഇലകൾ പൊട്ടിച്ചു അണക്കെട്ട് കഴിഞ്ഞുള്ള വളവിലുള്ള വരമ്പിൽ നിന്നും താഴെ കലങ്ങി മറിഞ്ഞൊഴുകുകി, വളവുകളിൽ ചുഴികൾ തീർക്കുന്ന നീരൊഴുക്കിലേക്ക് വലിച്ചെറിയും. ആർത്തിയോടെ അവയെ ഏറ്റുവാങ്ങി താഴോട്ട് വലിച്ചു കൊണ്ട് പോയി കുറച്ചപ്പുറം മേലോട്ട് കൊണ്ട് വിടുന്ന പ്രകൃതിയുടെ വികൃതികൾ കണ്ട് അന്തം വിട്ട് നിൽക്കും. അതിനപ്പുറം ഞങ്ങൾ തോട് വിട്ട് വലിയ വരമ്പിലേക്ക് കയറും. വലിയ വരമ്പെത്തുന്നതോടെ കുട്ടികളുടെ എണ്ണവും കൂടും. പാലേങ്കിൽ നിന്നും അതിനപ്പുറമുള്ള കുന്നിൻ ചെരുവിൽ നിന്നും കുട്ടികൾ കൂടെക്കൂടും. വലിയ അണക്കെട്ടിനടുത്തെത്തിയാൽ ഞങ്ങൾ നിക്ഷേപിച്ച പച്ചിലത്തുമ്പുകൾ അവിടെയെത്തിയോ എന്നറിയാനുള്ള ആകാംക്ഷയായി. ഭാഗ്യമുള്ള ചില ദിനങ്ങളിൽ വളവ് തിരിഞ്ഞ് അണക്കെട്ടിലേക്കെത്തുന്ന ജലത്തിൽ നിന്നും ഊളയിട്ട് പൊങ്ങി വരുന്ന കരിനെച്ചിത്തുമ്പുകളോ നീരോലിയോ ഞങ്ങളുടെ മനം കുളുർപ്പിക്കും. അത് താനിട്ടതാണെന്ന് ഊറ്റം പറയും.  ആരുടെതെന്ന് തമ്മിൽ തർക്കിക്കും.

മഴയുടെ ശക്തി കുറഞ്ഞു ഇടക്കും തലക്കുമായി പെയ്യുന്ന ആഗസ്ത് മാസത്തിൽ സമൃദ്ധിയായി വളർന്ന വിരിപ്പു  നെൽച്ചെടികൾ ഗർഭം ധരിച്ചു വീർത്തു നിൽക്കും. ചെറുവരമ്പുകളിലൂടെ പൊക്കമില്ലാത്ത ഞങ്ങൾ നടക്കുമ്പോൾ അക്കരെയിക്കരെ ഉള്ളവർ കാണില്ല. അങ്ങിനെയുള്ളിടങ്ങളിൽ നിന്ന്, വീർത്തു നിൽക്കുന്ന കതിർ ഒരാളൊന്നു വലിച്ചൂരും. ഇളം കതിരിന്റെ മധുരം നുകരും. അതറിഞ്ഞ പിന്നിൽ നടക്കുന്നവനും അതൊന്ന് പരീക്ഷിക്കും. പിന്നെ കയ്യെത്തും  ദൂരത്തുള്ള കതിരുകളെല്ലാം ഒന്ന് രണ്ട് ദിവസം കൊണ്ട് ഞങ്ങൾ കുട്ടിക്കുരങ്ങന്മാർ തിന്ന് തീർക്കും. മേൽപ്പറഞ്ഞ കണ്ടങ്ങളുടെ ഉടമസ്ഥന്മാർ ഞങ്ങളുടെ വീട്ടിലോ ഷാരസ്യാർ ടീച്ചറോടോ പരാതിയുമായെത്തും വരെ അത് തുടരും.

തുടരും.....

വര: ശശി

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 8

സുവർണ്ണക്ഷേത്രം രാജ്യാതിർത്തിയിൽ നിന്നും പോന്ന്,  ഈശ്വരൻ വസിക്കുന്നയിടം എന്നർത്ഥമാക്കുന്ന  ശ്രീ ഹർമന്ദർ സാഹിബിന്റെ രാത്രിക്കാഴ്ചകളിലേക്കായിര...