Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 7 )


തെക്കേ പത്തായപ്പുരയിലെ അത്യാവശ്യം പറമ്പ് പണികൾ, മൊട്ടക്കുന്നിൻറെ വശത്തുള്ള അമ്മാമന്റെ പറമ്പ് നോക്കൽ എന്നിവയുമായി കല്ലിൽ പറമ്പൻ ഉമ്മർ അന്ന് ഞങ്ങളുടെ നിത്യ സന്ദർശകനായിരുന്നു. തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും കയ്യിലൊരു മടവാളുമായി വരുന്ന അദ്ധ്വാനിയായ ഉമ്മറിനെ അച്ഛനും കാര്യമാണ്. കായക്കുല, മത്തങ്ങ, ഇളവൻ തുടങ്ങി ഓണത്തിനുള്ള പച്ചക്കറിയുമായി ഉമ്മറെത്തും. ഓണത്തിന് ഉമ്മറിന് ഊണ് പത്തായപ്പുരയിലാണ്.
ഞങ്ങൾ അന്ന് താമസിച്ചിരുന്ന തെക്കേ പത്തായപ്പുരയും പുരയിടവും ഭരതനുണ്ണി അമ്മാവന് ഭാഗത്തിൽ ലഭിച്ചതാണ്. കാലക്രമേണ ഞങ്ങൾക്കും ഒരു വീട് വേണം എന്ന ചിന്തയിൽ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കുറച്ചു കാശു കൊണ്ട് മുത്തശ്ശിക്ക് ഭാഗത്തിൽ കിട്ടിയ സ്ഥലത്തു നിൽക്കുന്ന പത്തായപ്പുരയെ ഒരു വീടാക്കി മാറ്റി അങ്ങോട്ട് താമസം മാറ്റുന്നതാണ് നല്ലതെന്ന് കരുതി അവിടെ മരാമത്തുകൾ തുടങ്ങി. കിഴക്ക് പടിഞ്ഞാറു നിൽക്കുന്ന മൂന്ന് മരപ്പത്തായങ്ങൾ ഉൾക്കൊള്ളുന്ന ഒറ്റപ്പുരയായിരുന്നു പ്രസ്തുത പത്തായപ്പുര.
പുറമെ നല്ല മൂത്ത കല്ല് കൊണ്ട് പണിത് ചെത്തിത്തേക്കാത്ത, ഒത്ത നടുക്ക് വടക്കോട്ടായി തടിയൻ വാതിൽ തുറന്നാൽ ഒരു ഇടനാഴിയും അതിനപ്പുറം മൂന്ന് മരപ്പത്തായങ്ങളും, ഇടനാഴിയിൽ നിന്നും മുകളിലേക്ക് കയറാവുന്ന ഒരു മര ഗോവണിയും ഉള്ള ഒരു പുര.
ആദ്യമായി മൂന്ന് പത്തായങ്ങളും പൊളിച്ചു ഇടച്ചുമരുകൾ വെച്ച് മൂന്ന് മുറികളാക്കി. വടക്ക്-കിഴക്കേ മൂലയിൽ ഒരു കിണർ കുഴിച്ച് അതിനോട് ചേർന്ന് ഒരു അടുക്കള കൂട്ടിച്ചേർത്തു.
വടക്കു ഭാഗത്തായി കിണറിനു പടിഞ്ഞാട്ട് ഒരു പൂമുഖം നിർമ്മിച്ചു. പുരപ്പണിക്കായി അത്യാവശ്യം വേണ്ട മരങ്ങൾ പത്തായത്തിൽ നിന്നും കിട്ടി. കല്ല് വളപ്പിൽ നിന്ന് തന്നെ വെട്ടി. അങ്ങിനെ ഞങ്ങളുടെ വളപ്പിൽ രണ്ടു കല്ലുവെട്ട് കുഴികളുണ്ടായി. മഴക്കാലത്ത് വെള്ളം നിറയുന്ന മഴക്കുഴികൾ.
ഇത്രയുമൊക്കെ ആയപ്പോഴേക്കും അച്ഛന്റെ തുച്ഛമായ റിട്ടയർമെന്റ് സമ്പാദ്യം കഴിഞ്ഞിരുന്നു. അതോടെ പണിക്കാരെയെല്ലാം പിരിച്ചു വിട്ട് ബാക്കി പണികൾ അച്ഛൻ തന്നെ ഏറ്റെടുത്തു. മുറികൾക്ക് വാതിലുകൾ നിർമ്മിച്ച് വെക്കുക, ജനാലകൾക്ക് വാതിലുകൾ പണിത് ഘടിപ്പിക്കുക, മുറികൾക്കുള്ളിലെ നിലം മണ്ണ് കുഴച്ചു നിരത്തി ലെവലാക്കി അതിന് മേലെ സിമന്റിട്ട്, ഉരച്ച് മിനുസമുള്ള തറയാക്കുക, പൂമുഖം നേരെയാക്കുക എന്നിങ്ങനെ എല്ലാ പണികളും സ്വയം ചെയ്ത് അത് ഞങ്ങൾക്ക് കയറി താമസിക്കാവുന്ന ഒരു വീടാക്കി മാറ്റുന്ന തിരക്കിലാണ് അച്ഛനും അമ്മയും.
സ്‌കൂൾ അദ്ധ്യയന വർഷം അവസാനിക്കാറായ ഫെബ്രുവരി-മാർച്ച് മാസക്കാലത്ത് ഒന്ന് ബിയിലേക്ക് ഒരു അതിഥി കൂടിയെത്തി. വിജയൻ. ആറങ്ങോട്ട് പിഷാരത്ത് ശേഖര പിഷാരോടി എന്ന എ എസ് പി യുടെയും ചെറുകര പിഷാരത്ത് ശ്രീദേവി പിഷാരസ്യാരുടെയും മകൻ. പലപ്പോഴും കാണുകയും, ഇടക്കെങ്കിലും ഒന്നിച്ച് കളിക്കുകയും ചെയ്ത കൂട്ടുകാരൻ. സ്‌കൂളിലേക്ക് വരാൻ മടിയുമായി, അച്ഛന്റെ വടി പ്രയോഗത്തെ പേടിച്ചു കൊണ്ട് കരഞ്ഞെത്തിയ വിജയനെ വേശു ടീച്ചർ എന്റെ അടുത്തിരുത്തി. അതോടെ അല്പം സമാധാനത്തിലായ വിജയൻ ഇടക്ക് അതെ സ്‌കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രഭാവതി ഓപ്പോളുടെ അടുത്തേക്ക് ക്‌ളാസിൽ നിന്നും ഓടിപ്പോയി ടീച്ചർക്ക് പണിയുണ്ടാക്കി. പതുക്കെ, പതുക്കെ വിദ്യാലയമെന്ന പുതു ലോകത്തിനോടും ഞങ്ങളോടും ഇഷ്ടപ്പെട്ടു തുടങ്ങി. അതു വരെ വീട്ടിലിരുന്ന് പാഠങ്ങൾ പഠിച്ച് പരീക്ഷക്കാലമാവുമ്പോൾ പരീക്ഷയെഴുതാൻ അന്ന് സമ്മതിക്കാറുണ്ട്. അപ്രകാരം സ്‌കൂളിൽ ചേർന്നതായിരുന്നു വിജയൻ.
മീനച്ചൂടിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ഉഷ്ണക്കാറ്റ് വീശുന്ന വേനൽ കടുത്തപ്പോൾ, ഒന്നാം ക്ലാസ് പരീക്ഷയെഴുതി ഞങ്ങൾ വേനലവധിക്കായി വീടണഞ്ഞു.
അച്ഛൻ വേനലവധിക്കാലത്ത് ഞങ്ങളെ അദ്ദേഹത്തിന്റെ വീടായ പരക്കാട്ടേക്ക് കൊണ്ട് പോയി. ആദ്യത്തെ അറിഞ്ഞുള്ള പരക്കാട്ട് യാത്ര. തൃശൂർ പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ കാഞ്ഞാണി റോഡിലുള്ള കുന്നത്തങ്ങാടിയാണ് പരക്കാട്ട് പിഷാരം. പരക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തോട് തൊട്ടാണ് ഷാരം. വിസ്തൃതമായ വലിയൊരു കശുമാവിൻ തോപ്പുമുണ്ട് ഷാരത്തോടനുബന്ധമായിട്ട്. കാട് മൂടിക്കിടക്കുന്ന ആ തോപ്പിലും തൊടിയിലുമായി വിവിധ തരം കശുമാവുകൾ കൂടാതെ പല തരം മാവുകളുണ്ട്, പ്ലാവുണ്ട്, ബബ്ലൂസ് നാരങ്ങ എന്ന് പേരുള്ള വലിയ മധുര നാരങ്ങ കായ്ക്കുന്ന ഒരു നാരകമുണ്ട്.
ഈ കാഴ്ചകളും കശുമാങ്ങയുടെ രുചിയും ആദ്യമായി അറിയുകയാണ്.
കുറെ വർഷത്തിനു ശേഷമുള്ള ആദ്യ പൂരമെന്നോണം, ഞങ്ങളെയും കൊണ്ട് അച്ഛൻ രാവിലെ തന്നെ തൃശൂർ പൂരത്തിന് പുറപ്പെട്ടു. നാട്ടിലുണ്ടെങ്കിൽ ഒരിക്കലും തൃശൂർ പൂരം മുടക്കാത്ത ഒരു പൂരപ്രേമിയായിരുന്നു അച്ഛൻ. പൂരപ്പറമ്പിലെ കുറച്ചേറെ കാഴ്ചകൾക്ക് ശേഷം തൃശൂർ റൗണ്ടിൽ നാടുവിലാലിന് സമീപമുള്ള അദ്ദേഹത്തിന്റെ സഹപാഠിയായ ശ്രീധരന്റെ കടയിൽ നിന്നും സർവ്വത്തും കുടിച്ച്, പൂരപ്പറമ്പിൽ കണ്ട ബലൂണിനോ, മറ്റെന്തിനോ വാശി പിടിച്ച് വൈകുന്നേരത്തോടെ ഞങ്ങൾ തിരിച്ച് പരക്കാട്ടേക്കെത്തി.
പൂരം കഴിഞ്ഞു തിരിച്ചെത്തിയ അച്ഛൻ വീണ്ടും കണ്ണനിവാസിന്റെ ബാക്കി പണികളിലേക്ക് തിരിഞ്ഞു. വീണ്ടും ഒരു ജൂൺ എത്തുകയായി.
തുടരും...

No comments: