ചെറുകര
സ്‌കൂളിലെ പഠനത്തിന് ശേഷം ഹൈസ്‌കൂൾ പഠനം എവിടെ വേണമെന്നതിന് ഏറെയൊന്നും ആലോചിക്കേണ്ടി
വന്നില്ല. ഏകദേശം 5 കിലോമീറ്റർ ദൂരെയുള്ള പെരിന്തൽമണ്ണ
ഹൈസ്‌കൂളിൽ വേണോ അതോ ഏകദേശം അത്ര തന്നെ ദൂരെയുള്ള ആനമങ്ങാട് ഹൈസ്‌കൂളിൽ വേണോ എന്ന സംശയം
മാത്രമായിരുന്നു ഉള്ളത്. പക്ഷെ ബസ് സൗകര്യവും മറ്റും പെരിന്തൽമണ്ണക്കാണ്. കൂടാതെ അവിടെ
വിജയനുണ്ട്, കിഴക്കേ പത്തായപ്പുരയിലെ ഉണ്ണിയേട്ടൻ യു പി സെക്ഷനിൽ മാഷായി ഉണ്ട്. അത്
കൊണ്ട് തന്നെ 1975 ജൂൺ മാസത്തിൽ പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ ഞാൻ ചേർന്നു.
പെരിന്തൽമണ്ണ
ഹൈസ്‌കൂൾ അന്ന് 110 വർഷം പിന്നിട്ടൊരു വിദ്യാലയ മുത്തശ്ശിയാണ്. സാഹൂഹ്യ രാഷ്ട്രീയ രംഗത്തെ
വളരെയധികം പ്രമുഖർ തങ്ങളുടെ വിദ്യാഭ്യാസം നിർവ്വഹിച്ചൊരു വിദ്യാലയം. വിജയൻറെ അച്ഛൻ
എ എസ് പിഷാരോടി തന്റെ ഔദ്യോഗിക അദ്ധ്യാപന വേളയിൽ ആ സ്‌കൂളിൽ പഠിപ്പിക്കുകയുണ്ടായിട്ടുണ്ട്.
കേരളത്തിൻറെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് പഠിച്ച വിദ്യാലയമാണത്. ചെറുകര സ്‌കൂളിനെ അപേക്ഷിച്ച്
നോക്കുമ്പോൾ വിശാലമായ സ്‌കൂൾ വളപ്പും, വളപ്പിൽ തലയുയർത്തി നിൽക്കുന്ന, പടർന്ന് പന്തലിച്ച മുത്തശ്ശൻ മരങ്ങളും, തലങ്ങും വിലങ്ങും നിൽക്കുന്ന
അനേകം കെട്ടിടങ്ങളും, അതിനപ്പുറമുള്ള വലിയ
മൈതാനവും എല്ലാം ചേർന്ന് മറ്റൊരു ലോകത്തിലേക്കെത്തിപ്പെട്ട
പോലൊരു പ്രതീതി. ചരിത്രമുറങ്ങുന്ന ആ വിദ്യാലയത്തിയിലേക്ക് കാലെടുത്തു വെച്ചപ്പോൾ ഒരു
പ്രത്യേക അനുഭൂതി തന്നെ അനുഭവപ്പെട്ടു. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയെന്നാൽ ഇതൊക്കെ അനുഭവിക്കണം
എന്ന് മനസ്സിൽ തോന്നിയ നിമിഷങ്ങൾ.
പാലക്കീഴ്
നാരായണൻ മാഷുടെ 8-D യിലേക്കാണ് ഞാൻ എത്തിയത്. ക്‌ളാസിൽ എല്ലാവരും പുതുമുഖങ്ങൾ. ചെറുകര
സ്‌കൂളിലെ കൂട്ടുകാർ ആരും അവിടെ എന്റെ ക്ളാസിലില്ലായിരുന്നു. ചെറുകരയിലെ അവരിൽ പലർക്കും
പാലൂർ സ്‌കൂൾ ആയിരുന്നു അടുത്തത്. പകരം, ഞാനറിയാത്ത കുറെ, പെരിന്തൽമണ്ണയിൽ നിന്നും,
പാതായ്ക്കരയിൽ നിന്നും, മാനത്തു മംഗലത്തു നിന്നും ഒക്കെയുള്ള കുറെയേറെ പേർ. വിജയനാകട്ടെ വേറെ ഡിവിഷനിലാണ്. കാരണം, അയാൾ
സംസ്‌കൃതക്കാരനാണ്.
പാലക്കീഴ്
മാഷെ വളരെപ്പെട്ടെന്ന് തന്നെ എനിക്കിഷ്ടമായി. രണ്ടു വരിയായിട്ട ബെഞ്ചുകളിൽ ഇടത് വശത്തെ
ആദ്യ ബഞ്ചിൽ വലതു വശത്തു നിന്നും ആദ്യത്തേതായി സി വി ശശിയും രണ്ടാമനായി ഞാനും ഇടം പിടിച്ചു.
മാഷ് ഓരോരുത്തരെയായി പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ മാഷ് ചെറുകരക്കാരുമായി ബന്ധമുള്ളയാളാണ്.
തൊട്ടടുത്തിരിക്കുന്ന സി വി ശശിക്കുമുണ്ട് ചെറുകര ബന്ധം. അയാളുടെ അച്ഛന്റെ അച്ഛൻ ചെറുകര
തറവാട്ടിലെതാണ്. കൂടാതെ അയാളുടെ അച്ഛൻ
വില്ലേജിലെ അധികാരിയാണ്. വളരെപ്പെട്ടെന്ന് തന്നെ
ഞങ്ങൾ തമ്മിൽ വളരെ നല്ല സുഹൃത്തുക്കളായി മാറി.
രാവിലെ
സമയങ്ങളിൽ കുന്നപ്പള്ളിയിൽ നിന്നും പെരിന്തൽമണ്ണക്ക് വളരെക്കുറച്ച് ബസ്സുകളെ ഉണ്ടായിരുന്നുള്ളൂ.
എം.കെ.ടി, ഏലംകുളത്തു നിന്നും വന്നിരുന്ന ഒരു ബസ്, പിന്നെ അമ്മാമന്റെ വണ്ടി എന്നറിയപ്പെട്ടിരുന്ന
മയിൽവാഹനം. അക്കാലത്ത് ആ സമയത്ത്, ഇരിങ്ങാട്ടിരിക്കാണെന്നാണ് ഓർമ്മ, പോയിരുന്ന ഒരു
പഴയ മയിൽ വാഹനം ബസ് ഓടിച്ചിരുന്നത് ഞങ്ങളും നാട്ടുകാരുമെല്ലാം അമ്മാമൻ എന്ന് വിളിച്ചിരുന്ന
ഒരു വയസ്സൻ ഡ്രൈവർ ആയിരുന്നു. കുട്ടികളെ കണക്കറ്റു
ശകാരിച്ചിരുന്ന, ഒച്ചിഴയും വേഗത്തിൽ വണ്ടി ഓടിച്ചിരുന്ന ആ ബസ്സിൽ കയറാൻ പൊതുവെ ഞങ്ങൾക്കിഷ്ടമില്ലായിരുന്നു.
അമ്മാന്റെ വണ്ടിയേക്കാൾ വേഗത്തിൽ ചോലാംകുന്ന് നടന്ന് കയറാമെന്ന് ഞങ്ങൾ കളിയാക്കി പറയുമായിരുന്നു.
പലപ്പോഴും രാവിലെ ഒന്ന് രണ്ട് ബസ്സുകൾക്ക് നോക്കി, തിരക്ക് കാരണം കയറാൻ നിവൃത്തിയില്ലാതെ ഞാനും വിജയനും നടക്കാൻ തുടങ്ങും.
നന്നായി നടന്നാൽ ഒരു മണിക്കൂർ കൊണ്ട് സ്‌കൂളിലെത്താം. പോവുന്ന വഴിക്ക് മാമ്പ്രപ്പടി
കഴിഞ്ഞാൽ വേണു എന്നൊരു സഹപാഠി കൂടെ ഞങ്ങളുടെ കൂടെക്കൂടും. വൈകുന്നേരം തിരിച്ചു പോരാനും
മേൽപ്പറഞ്ഞ മട്ട് തന്നെയായിരുന്നു. ബസുകൾ വരുമ്പോഴേക്കും ഓടിക്കയറിയും മറ്റും വേണം
സ്ഥലമൊപ്പിക്കാൻ. ബസ് വരാൻ വൈകുന്ന ദിവസങ്ങളിൽ തിരിച്ചും നടത്തം തന്നെ ശരണം.
സ്‌കൂളും
അവിടത്തെ അവസ്ഥകളും ഇഷ്ടപ്പെട്ടു തുടങ്ങി. പാലക്കീഴ് മാഷുടെ മലയാളം ക്ലാസ് വളരെയധികം
ഇഷ്ടപ്പെട്ട ദിനങ്ങൾ. ഇടവേളകളിൽ സി വി ശശിയും വിജയനും ഒത്ത് സ്‌കൂളിൽ കറങ്ങി നടന്നു
തുടങ്ങി. പുറത്തുള്ള വില്പനക്കാരിൽ നിന്നും ഐസ് ഫ്രൂട്ട്, സബർജിൽ എന്നിവ ശശിയുടെ ഔദാര്യത്തിൽ
പല തവണ ആസ്വദിച്ചു. ചിലപ്പോഴെങ്കിലും നടന്ന് മിച്ചം വെച്ച ബസ് കാശ് കൊണ്ട് അങ്ങോട്ടും
വാങ്ങിക്കൊടുത്തു.
ചെറുകര
സ്‌കൂളിൽ മാഷുമ്മാരുടെ സമരം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വിദ്യാർത്ഥി സമരം എന്താണെന്ന്
അറിയുന്നത്. ഇടക്കെങ്കിലും അങ്ങിനെ ഒരു സമരമുണ്ടാവണമെന്നും പഠിപ്പില്ലാതെ തിരിച്ചു
വേഗം വീട്ടിലേക്ക് പോരണമെന്നും ഒക്കെ ചെറുതായെങ്കിലും ആഗ്രഹിച്ച നാളുകൾ. പക്ഷെ, ആ ആഗ്രഹത്തിന്
അൽപ്പായുസായിരുന്നു. സ്‌കൂളിൽ ചേർന്ന് ഒരു മാസത്തിനുള്ളിൽ തന്നെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചു ആ മോഹത്തിന് തടയിട്ടു. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവരെയൊക്കെ പോലീസ്
വണ്ടിയിൽ കയറ്റിക്കൊണ്ടു പോയി.