Thursday, January 26, 2023

ഓർമ്മച്ചിത്രങ്ങൾ ( 61)


ഗോപിനാഥച്ചേട്ടൻ തൃശൂർ ചിന്മയ മിഷൻ കോളേജിൽ അവസാന വർഷ  ബി കോമിന്, നന്ദേട്ടനും  അവിടെത്തന്നെ ആദ്യ വർഷ  ബി കോമിന്. ഞാൻ എസ് എൻ കോളേജിൽ രണ്ടാം വർഷ പ്രീഡിഗ്രി. കോളേജ് കുമാരന്മാരായതോടെ ഞങ്ങളുടെ അതുവരെയുണ്ടായിരുന്ന ചിട്ട വട്ടങ്ങളിൽ മാറ്റങ്ങളുണ്ടായി.

വൈകുന്നേരങ്ങളിലെ ക്ഷേത്രദർശനത്തിനപ്പുറം കുറച്ചു നേരം നാട്ടിലെ ചെറുപ്പക്കാർക്കൊപ്പം പടിഞ്ഞാറേ ഗോപുരത്തറമേൽ  കയറിയിരുന്ന്  സഭ കൂടിത്തുടങ്ങി. നാട്ടു വിശേഷങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സ്പോർട്ട്സ്  വിശകലങ്ങൾ,  കുശുമ്പ്-കുന്നായ്മ എന്നിവക്കപ്പുറം അല്പസ്വല്പം വായിൽ നോക്കിത്തരവും കൂടിച്ചേർന്നപ്പോൾ വീട്ടിൽ നിന്നും ചോദ്യങ്ങൾ വന്നു തുടങ്ങി. നീയും ആ ഗോപുരം താങ്ങികളുടെ  ഒപ്പം ചേർന്നുവോ എന്ന്. അതിനൊക്കെ ഉണ്ടെന്നും ഇല്ലെന്നുമില്ലാത്ത മൗനത്തിലൂടെ ഉത്തരം  പറഞ്ഞു മുഖം തിരിച്ചു മാറിപ്പോയി പഠിക്കാനിരുന്നു.

ഗോപുരത്തറമേലുള്ള ഈ സഭയിൽ ഞങ്ങൾ വിദ്യാർത്ഥികളെക്കൂടാതെ ഒന്നു രണ്ടു ജോലിക്കാരുമുണ്ട്. അവരിലൊരാൾ വെളുത്തേടത്ത് മോഹനനാണ്. ദാണ്ടെ മോഹനൻ എന്ന് ഞങ്ങൾ വിളിക്കുന്ന മോഹനൻ ഹൈദരാബാദ്, ദില്ലി റിട്ടേൺഡ് ആണ്. ലോകപരിചയം നേടി വന്ന പ്രവാസി. അവർക്കിടയിലേക്ക് കിഴക്കേ ഷാരത്തെ രാമചന്ദ്രേട്ടനും എത്തും. മൂപ്പരും മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ പോയി തിരിച്ചെത്തിയിട്ടുള്ളതാണ്. ഇരുവരും തങ്ങളുടെ നാഗരാനുഭവങ്ങൾ ഹിന്ദി-തെലുഗു ഭാഷകളുടെ പൊട്ടും പൊടിയും ചേർത്ത്    ഞങ്ങൾക്കായി വിളമ്പും. അതിനിടയിൽ നമ്പീശന്റെ ഹോട്ടലിൽ നിന്നും ചൂടുള്ള മസാല ദോശയോ, ഉഴുന്ന് വടയോ, പൂരി മസാലയോ ഒക്കെയും തന്ന് സൽക്കരിക്കും.

ഗോപുരത്തറമേലുള്ള സഭക്ക് പക്ഷെ അധികം ആയുസ്സുണ്ടായില്ല. ചെറുപ്പക്കാരുടെ ഇത്തരം സ്വാതന്ത്ര്യങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് ചിലരെത്തിയപ്പോൾ ഞങ്ങൾ പതുക്കെ താവളം ഗോപുരത്തിന് തൊട്ട്  വടക്കോട്ടുള്ള വഴിയിലെ പഴയ കിണറ്റിൻ പടിയിലേക്ക് മാറ്റിക്കൊണ്ട് സഭ നിലനിർത്തി.

പ്രീഡിഗ്രിക്കാരനായതോടെ സ്ഥാനക്കയറ്റം നേടിയ ഞാൻ  ഷാരത്തെ അമ്മപ്പുരയുടെ അകായിൽ നിന്നും പുറത്തു കടന്ന്    ആൺപുരയായ   തെക്കേ പുരയുടെ ടെറസിലുള്ള  ഗോപിനാഥ ചേട്ടൻറെ റൂമിൽ വാസമാരംഭിച്ചു. രാത്രി ഒമ്പതു മണിയോടെ അകായിൽ നിന്നുള്ള വാതിലുകൾ അടഞ്ഞു വിളക്കണയും.  പിന്നെ ഞങ്ങൾ ആണുങ്ങളുടെ മുറികളിൽ മാത്രമാണ് വെട്ടം തെളിയുക.

ബാച്ചിലർ സെറ്റപ്പ് ഞങ്ങൾക്ക് ചില സ്വാതന്ത്യങ്ങളും അനുവദിച്ചു തന്നു. തെക്കേ അകത്തിന്റെ താഴത്തെ പടിഞ്ഞാറേ മുറിയിൽ കൃഷ്ണമ്മാവനാണ്. കിഴക്കേ മുറിയിൽ നന്ദേട്ടനും. കൃഷ്ണമ്മാവന് രാത്രിയാണ് വായന. വായനയെന്നു പറഞ്ഞാൽ പഠനത്തോളം ഗഹനമായ വായനയാണ്. രാത്രിയുടെ ഏകാന്തതയിൽ മനസ്സ് മുഴുവൻ വായിക്കുന്ന പുസ്തകത്താളുകളിലേക്ക് ആഴ്ന്നിറങ്ങിയുള്ള  ഏകാഗ്ര പഠനം. പഠനം കാണുമ്പൊൾ വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഞങ്ങളോട് തന്നെ ഒരു അവജ്ഞ തോന്നും

പക്ഷെ, കൗമാരത്തിലേക്ക് കടന്ന ഞങ്ങളുടെ പിള്ള മനസ്സുകളിൽ പഠനത്തിനപ്പുറം നിറയെ കുതൂഹലങ്ങളാണ്. ആ   ചപല കൗമാരത്തിൽ  മനസ്സ് ഒന്നിലും ഉറക്കാതെ പുതുമകൾ തേടുകയാണ്. അവിടേക്കാണ് പത്മരാജൻ രതി നിർവ്വേദവും  തകരയുമൊക്കെയായി  എത്തുന്നത്.  രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള സെക്കൻഡ് ഷോയ്ക്കായി ഞാനും ഗോപിനാഥ ചേട്ടനും വലപ്പാട് കൈലാസിലേക്ക് ഇരുട്ടിൽ ശബ്ദമുണ്ടാക്കാതെ  സൈക്കിളുന്തിയും ചവിട്ടിയും രക്ഷപ്പെടും.  ആ സിനിമാക്കാഴ്ചകളുടെ  ഇക്കിളിയും കുളിരുമായി ഒരു മണിയോടെ തിരിച്ച് വീട്ടിലെത്തുമ്പോളും കൃഷ്ണമ്മാവൻ തെക്കേക്കോലായിൽ തന്റെ പഠനം തുടരുകയാവും.   വീണ്ടും കള്ളന്മാരെപ്പോലെ പതുങ്ങിപ്പതുങ്ങി കൃഷ്ണമ്മാവന്റെ ദൃഷ്ടിയിൽപ്പെടാതെ ഗോവണി കയറി മുകളിലേക്ക് നടക്കും.

കുഞ്ഞനിയേട്ടൻ എന്നിലേക്കാവാഹിച്ച  ക്രിക്കറ്റ് ജ്വരം ഏറെത്താമസിയാതെ തന്നെ  ശക്തി പ്രാപിച്ചു. ആസിഫ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ  പാക്കിസ്ഥാൻ 20 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കെത്തിയ ടെസ്റ്റ് സീരീസ് മുതൽ  ആണ് ഞാൻ ആദ്യമായി ക്രിക്കറ്റ് കമന്ററികൾ കേട്ടു തുടങ്ങിയത്. ഇമ്രാൻ ഖാൻ എന്ന സ്റ്റൈലിഷ് ഫാസ്റ്റ്  ബൗളിംഗ് ഇതിഹാസം കത്തി നിൽക്കുന്ന കാലം. എന്നിട്ടും ഇന്ത്യ കപിൽ ദേവിന്റെയും കാഴ്സ്ൻ ഖാവ്‌രിയുടെയും മികവിൽ സീരീസ് ജയിച്ചു. ഓരോ മാച്ചുകളുടെ റിപ്പോർട്ടുകളും വായിച്ചു പഠിച്ചു തുടങ്ങിയ കാലം.

പഠിക്കുന്നത് ഒരു വർഷം മുഴുവനുമാണെങ്കിലും പലപ്പോഴും അക്കാലത്ത് അക്കാദമിക് പഠനം ഉണരുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷയെടുക്കുമ്പോളാണ്. രണ്ടു മാസക്കാലം തല്ക്കാലം മറ്റു കുതൂഹലങ്ങളെയെല്ലാം അരികിലേക്ക് മാറ്റി വെച്ച് പഠനത്തിന് മുൻഗണന നൽകും.

വർഷം ഏപ്രിൽ മാസം അവസാനത്തോടെ കോളേജ് പ്രീഡിഗ്രി  അദ്ധ്യയനം സ്ഥാപനങ്ങൾ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തെ കുറിച്ച് ആഴത്തിൽ പഠിക്കുന്ന വാണിജ്യശാസ്ത്രം,   ഒരു സ്ഥാപനത്തിന്റെ  സാമ്പത്തിക ഇടപാടുകളും പ്രവൃത്തിയുമായി  ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും  പതിവായി രേഖപ്പെടുത്തുവാനുള്ള സംവിധാനത്തെക്കുറിച്ചുള്ള പഠനമായ ബുക്ക് കീപ്പിംഗ്, ഏതൊരു കണക്കപ്പിള്ളയും അവശ്യം അറിയേണ്ട അടിസ്ഥാന ഗണിതം, കാർഷിക ഉൽപ്പാദനവും വിളവുകളും  ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട ഭൂമികയുടെ പഠനമായ   വാണിജ്യ ഭൂമിശാസ്ത്രം എന്നിവ കൂടാതെ മേഖലകളിൽ പയറ്റാനുള്ള ഭാഷാ നൈപുണ്യം നേടുവാനായി ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളുടെ  പഠനം, ഭാഷകളിൽ എങ്ങിനെ ഫലപ്രദമായി വാണിജ്യ കത്തിടപാടുകൾ നടത്താം എന്നിവയും പഠിച്ചു പരീക്ഷയെഴുതിക്കൊണ്ട്  കൊണ്ട് രണ്ടു വർഷത്തെ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.

മദ്ധ്യവേലവധിക്ക് കോളേജ് അടക്കുമ്പോഴേക്കും  ചെറുകരെക്കുള്ള യാത്രക്കായി മനസ്സ് കൊതിക്കും. പക്ഷെ മേടക്കൊയ്ത്ത് കൂടി കഴിഞ്ഞിട്ടേ യാത്ര തരാവാറുള്ളു. അപ്പോഴേക്കും പുള്ളിലെ കോൾപ്പാടത്ത് രണ്ടാം വിളയിൽ വിതച്ചത് കൊയ്യാറായി തുടങ്ങിയിരിക്കുംഅങ്ങനെ കൊല്ലവും വാരിയരുടെ കൂടെ  മേടക്കൊയ്ത്ത് നടത്തിക്കൊടുത്ത് ഏഴാം ക്ലാസിൽ പഠിക്കുന്ന രാമചന്ദ്രനെയും കൂട്ടി ചെറുകരെക്ക് തിരിച്ചു...

Thursday, January 19, 2023

ഓർമ്മച്ചിത്രങ്ങൾ ( 60)

 ക്രിക്കറ്റ് ജ്വരം ആദ്യമായി എന്നിലേക്ക് കുത്തിവെച്ചത് ചെറുകര കുഞ്ഞനിയേട്ടൻ ആയിരുന്നു. 1979ലെ തിരുവോണദിവസം വൈകുന്നേരം  ഞങ്ങളോടൊന്നും  കൂട്ടു കൂടാതെ,  ട്രാൻസിസ്റ്റർ ചെവിയിൽ ചേർത്ത് വെച്ച്  വിദൂര ലോകത്തേക്ക്  കണ്ണും നട്ട് നാലുകെട്ടിന്റെ പൂമുഖത്തെ വലത്തെ തിണ്ണയിൽ ചുമരും ചാരിയുള്ള കുഞ്ഞനിയേട്ടൻറെ ഇരിപ്പ് കണ്ടാണ്    ചോദിച്ചത്, ഇതെന്ത് പ്രാന്താണ് എന്ന്.. പക്ഷെ, അതിനുള്ള ഉത്തരം പിന്നീട് പറയാമെന്നും പറഞ്ഞു മൂപ്പർ വീണ്ടും ട്രാൻസിസ്റ്റർ തന്റെ വലതു ചെവിയിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ചു പശ്ചിമദേശം നോക്കി ആ ഇരിപ്പു തുടർന്നു…


 ഞങ്ങൾ, ഞാനും വിജയനും കോളേജ് കുമാരന്മാരായിയെന്നാലും ഇത്തരം ആധുനികൻറെ കളികളിലേക്കൊന്നും ആകൃഷ്ടരായിരുന്നില്ല.   മാമാങ്കം, ഏഴാം കടലിനക്കരെ എന്നീ സിനിമകൾക്കൊന്നും അന്നേ ദിവസം ടിക്കറ്റ് ലഭിക്കാനിടയില്ലാ എന്നതിനാൽ  അനുജന്മാരായ   മറ്റുള്ളവർക്കൊപ്പം ഞങ്ങൾ അന്നേ വരെ പരിചയിച്ച  ഗോട്ടി കളിയിലും മറ്റും തന്നെ വ്യാപൃതരായി നേരം കളഞ്ഞു.


പിറ്റേന്ന് രാവിലെ നാലുകെട്ടിലെ കുളത്തിലേക്കുള്ള യാത്രക്കിടയിൽ പൂമുഖത്തെത്തിയപ്പോൾ  കുഞ്ഞനിയേട്ടൻ അന്നത്തെ പത്രം നിവൃത്തി വെച്ച് അവസാന പേജിൽ ലയിച്ചിരിക്കുകയായിരുന്നു. അപ്പോൾ  തലേന്നത്തെ ചോദ്യം ഞാൻ വീണ്ടുമാവർത്തിച്ചു.  ആ ചോദ്യത്തിനുത്തരമെന്നോണം അദ്ദേഹം ഒരു ഫോട്ടോ കാണിച്ചു കൊണ്ട് ഇതാരാണെന്ന് അറിയുമോ എന്ന്  ചോദിച്ചു. 1983 എന്ന സിനിമയിലെ ഒരു കഥാപാത്രത്തെപ്പോലെ ഞാൻ അബന്ധം പറഞ്ഞില്ല, പകരം അറിയില്ലെന്ന്   പറഞ്ഞു. അത് സുനിൽ ഗവാസ്കറുടെ ഫോട്ടോയായിരുന്നു. ലോർഡ്‌സ് ടെസ്റ്റിലെ ഫോർത്ത് ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറിയടിച്ച ഗവാസ്കറുടെ ചിത്രമായിരുന്നു അത്. അങ്ങനെ, ഞാനറിയാത്ത ആ കളിയെപ്പറ്റിയും, എങ്ങിനെ കളിക്കാമെന്നതിനെ പറ്റിയും, അതിന്റെ നിയമങ്ങളെ പറ്റിയും ഉള്ള ബാലപാഠങ്ങൾ കുഞ്ഞനിയേട്ടൻ എന്നിലേക്ക് കുത്തിവെച്ചു.. കൂടെ തലേ ദിവസത്തെ ലോർഡ്‌സ് ടെസ്റ്റിലെ ആവേശക്കളിയെക്കുറിച്ചുള്ള മൂപ്പരുടെ ഉദ്വേഗം നിറഞ്ഞ വിവരണവും, അന്നത്തെ പത്ര വാർത്തയിലെ പൊടിപ്പും തൊങ്ങലും വെച്ച എഴുത്തും  കൂടിയായപ്പോൾ എന്നിലേക്കും ക്രിക്കറ്റ് ജ്വരം പതുക്കെ അരിച്ചു കയറിത്തുടങ്ങി. 


പൊതുവെ കൃശഗാത്രനായിരുന്ന എനിക്ക്  അന്നേ വരെ മെയ്യനങ്ങിയുള്ള കളികളൊന്നും വഴങ്ങുമായിരുന്നില്ല.  ആകെ അറിയുന്ന കളി വല്ലപ്പോഴും കളിക്കുന്ന  കാൽപ്പന്തു കളിയായിരുന്നു. വേനലുകളിൽ കൊയ്തൊഴിഞ്ഞ പാടത്ത് അഞ്ചും പത്തും പൈസ സ്വരൂപിച്ച് വാങ്ങിയ തുകൽപ്പന്തുകൊണ്ട്, വൈകുന്നേരങ്ങളിൽ  കന്നു മേയ്ക്കുന്നവരും ആട് മേക്കുന്നവരുമായ കുട്ടികൾ ഒത്തു കൂടി  തങ്ങളുടെ ഉരുക്കളെ  മേയാൻ വിട്ട് കളിച്ചിരുന്ന കളി. കളിയറിയാത്തവനായ എനിക്ക് മിക്കവാറും ഗോൾപോസ്റ്റ് കാക്കലാണ് കൈവരാറുള്ളത്. 


അങ്ങിനെയുള്ള ഞങ്ങളെ  കുഞ്ഞനിയേട്ടൻ മടല് കൊണ്ടുള്ള ബാറ്റും ടെന്നീസ് ബാളും കൊണ്ട്  ക്രിക്കറ്റിലെ ആദ്യ തിയറി  ക്ലാസിനായി  നാലുകെട്ടിലെ പടിഞ്ഞാറേ പൂമുഖത്തിനും ഉരൽപ്പുരക്കും ഇടയിലുള്ള ഗ്രൗണ്ടിലേക്ക് പിച്ച വെപ്പിച്ചു. ക്രിക്കറ്റ് കമന്ററികൾ കേൾക്കേണ്ടതെങ്ങിനെയെന്ന് പഠിപ്പിച്ചു. ക്രിക്കറ്റ് സ്‌കോർ അറിയാനായി ദൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും, എന്തിന്, ഇംഗ്ലീഷ്- ഹിന്ദി വാർത്താ ബുള്ളറ്റിനുകൾ വരെ കേൾക്കാനുള്ള പരുവത്തിലേക്ക് വളർത്തി.


പതുക്കെ അത് പത്രത്തിലെ ആദ്യ പേജിലെ അച്യുത മേനോനെയും മുഹമ്മദ് കോയയെയും രാജൻ കേസിനെയും പിന്നിലേക്ക്  മാറ്റി നിർത്തി അവസാന പേജിലെ ക്രിക്കറ്റ് വാർത്തകളെ സ്നേഹിക്കാൻ പഠിപ്പിച്ചു. സ്പോർട്സ് സ്റ്റാർ മാഗസിനിലെ കളിക്കാരുടെ കളർ ചിത്രങ്ങളെ സ്നേഹിച്ചു തുടങ്ങി.

ഓണപ്പൂട്ടൽ കഴിഞ്ഞ് തിരിച്ചെത്തിയ എനിക്ക് പക്ഷെ തൃപ്രയാറിൽ ഈ ക്രിക്കറ്റ് ജ്വരം പരീക്ഷിക്കാൻ വഴികൾ കുറവായിരുന്നു. ഗോപിനാഥച്ചേട്ടൻ മഹാത്മാ ക്ലബ്ബിലേക്ക് കളിക്കാൻ പോയിരുന്നെങ്കിലും അവിടെയൊന്നും പോയി കളിക്കാനുള്ള കളി കയ്യിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് കമ്പം മാത്രം. 

തൃപ്രയാറിൽ അന്ന് സാർവത്രികം വോളി ബാൾ ആണ്. ഓരോ വേനലിലും മണപ്പുറത്ത്  വോളിബാൾ ഭ്രമം ഉണരുകയായി. മുക്കിലും മൂലയിലും ക്ലബ്ബുകൾ.  ഓരോരുത്തരും മത്സരിച്ച് പ്രശസ്ത  ടീമുകളെ അണി നിരത്തിയുള്ള ടൂർണമെന്റുകൾ   സംഘടിപ്പിക്കപ്പെട്ടു.  പെർഫെക്റ്റ് സെർവുകളും, തീ പാറുന്ന  സ്മാഷുകളും ആവേശം തീർക്കുന്ന മാച്ചുകളാൽ ആരവങ്ങൾ തീർക്കുന്ന സന്ധ്യകൾക്കായി ചെറുപ്പക്കാർ കാത്തിരുന്നു.


വൈകുന്നേരത്തെ ഭജനകളെ വിട്ട്  ബാല്യം ഇത്തരം കായിക പ്രേമ കൗമാരങ്ങളിലേക്ക് കടന്ന കാലം..


തുടരും....

Saturday, January 14, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 6

ചെങ്കോട്ട, രാജ് ഘട്ട് കാഴ്ചകളിലൂടെ ..

ദില്ലിയിലെ മൂന്നാം ദിനം കൺ തുറന്നത് വൈകിയാണ്. കാരണം തലേ ദിവസത്തെ യാത്രാ ക്ഷീണം തന്നെ. ആഗ്രയിൽ നിന്നും തിരിച്ച് ദില്ലിയിലെ ഹോട്ടലിൽ എത്തിയപ്പോഴേക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു. അപ്പോഴാണ് അറിയുന്നത് ഗ്രൂപ്പ് ലീഡർ രവിക്ക് രാത്രി ഹോട്ടലുകാരനുമായി റൂമിലെ എ സി യെച്ചൊല്ലി വഴക്കിടേണ്ടി വന്നുവെന്നത്. ഇൻറർനെറ്റിൽ പറയുന്ന സൗകര്യങ്ങളിൽ പകുതി പോലും അവർ നമുക്കനുവദിച്ചു തരുന്നില്ലെന്നത് പോട്ടെ, ഉള്ളത് തന്നെ മര്യാദക്ക് പ്രവർത്തിക്കുന്നുമില്ല എങ്കിൽ പിന്നെ ഏതൊരാളുടെയും ക്ഷമ നശിക്കുമല്ലോ.. അതായിരുന്നു സംഭവിച്ചത്. 

 ദില്ലിയിലെ ഞങ്ങളുടെ അവസാന ദിനം. റൂം 12 മണിക്ക് ഒഴിഞ്ഞു കൊടുക്കണം. അതിനിടയിൽ കാണേണ്ട പട്ടികയിൽ ഇനിയുമുണ്ട് സ്ഥലങ്ങൾ ഏറെ. അത് കൊണ്ട് തന്നെ രാവിലെ തന്നെ റൂം വെക്കേറ്റ് ചെയ്ത് ടെമ്പോ ട്രാവലറിൽ ഞങ്ങളുടെ ലഗേജുമായി കാഴ്ചകൾ കാണാൻ ഇറങ്ങാനും അവിടെ നിന്നും നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോവാനും തീരുമാനിച്ചു. ഉച്ചക്ക് 2 മണിക്കാണ് അമൃതസറിലേക്കുള്ള വണ്ടി. 

 ഏറ്റവും ആദ്യം പോയത് ചെങ്കോട്ടയിലേക്കായിരുന്നു. സ്വാതന്ത്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പ്രധാന മന്ത്രിമാർ ചെങ്കോട്ടയിൽ നിന്നും ദേശീയ പതാകയുയർത്തുന്നത് കാണുമ്പോഴൊക്കെയും ഏതൊരാളുടെയും മനസ്സിലുദിക്കുന്ന മോഹമാണ് ജീവിതത്തിലൊരിക്കലെങ്കിലും ആ സ്ഥലം ഒന്ന് കാണുക എന്നത്. ദില്ലിയിലെ ഏത് സ്മാരകസൗധത്തിലുമെന്ന പോലെ ഇവിടെയും ഞങ്ങളെത്തിയപ്പോഴേക്കും വൻ ജനാവലി ടിക്കറ്റ് കൗണ്ടറിന് മുമ്പിലുണ്ട്. കൂടെയുള്ള സ്ത്രീകളെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് എത്രയും പെട്ടെന്ന് ആ ചരിത്ര സ്മാരകം കണ്ട് ഞങ്ങളുടെ അടുത്ത ലക്ഷ്യത്തിലേക്ക് തിരിക്കണം എന്ന ആജ്ഞയുമായി ഞങ്ങളുടെ ഗ്രൂപ്പ് ലീഡർ ഡൽഹി ഗേറ്റിൽ നിന്നും ലാഹോറി ഗേറ്റിലേക്ക് മുന്നിൽ നടന്ന് പട നയിച്ചു.  ഏറ്റവുമാദ്യം നാം ചെന്നെത്തുന്നത് ലാഹോർ ഗേറ്റിന്റെ മുന്നിലായാണ്. അതാണ് കോട്ടയുടെ ഏറ്റവും ഭംഗിയാർന്നതും പ്രൗഢവുമാർന്ന കാഴ്ച. 1947 ആഗസ്റ്റ് 15 നു ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ പതാകയുയർത്തിയത് മുതൽ പിന്നീടിങ്ങോട്ടുള്ള ചരിത്ര മുഹൂർത്തങ്ങളിൽ ചെങ്കോട്ടയും അവിടെപ്പാറിപ്പറക്കുന്ന ഇന്ത്യൻ ത്രിവർണ്ണ പതാകയും ഏതൊരു ഭാരതീയനും അഭിമാനക്കാഴ്ച്ചയാണ്. ആ സൗധത്തെ ചേർത്ത് നിർത്തിയൊരു ചിത്രം ഏതൊരു ഭാരതീയന്റെയും സ്വപ്നവും. അതിന്റെ സാത്ഷാത്കാരമായിരുന്നു പിന്നീടവിടെ കണ്ടതെല്ലാം. എല്ലാവരും ഉച്ചക്ക് രണ്ടു മണിയുടെ വണ്ടിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ മറന്നു പോയ നിമിഷങ്ങൾ. അപ്പോഴാണ് അറിയുന്നത്, ഞങ്ങൾക്ക് പോവേണ്ട വണ്ടി ഏകദേശം 5 മണിക്കൂറോളം വൈകിയാണ് ഓടുന്നതെന്ന്. അതോടെ കാര്യങ്ങൾ കൂടുതൽ സാ മട്ടിലായി.  പതുക്കെ ഞങ്ങൾ ചെങ്കോട്ടയുടെ ഉള്ളിലേക്കും അതിന്റെ ചരിത്രത്തിലേക്കും കയറിച്ചെന്നു...
 
 താജ് മഹൽ നിർമ്മിച്ച ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ചെങ്കോട്ടയുടെ വാസ്തുശില്പി. മുഗൾ ചക്രവർത്തി ഷാജഹാൻ 1638ൽ തങ്ങളുടെ ആസ്ഥാനം ആഗ്രയിൽ നിന്നും ഷാജഹാനാബാദിലേക്ക് (പുരാതന ദില്ലി) മാറ്റാൻ തീരുമാനിച്ചതനു സരിച്ച് പണി തുടങ്ങിയ കോട്ട, ഷാജഹാൻ പേരിട്ടിരുന്ന കില ഇ മുഅല്ല, 1648ലാണ് പൂർത്തീകരിച്ചത്. 

 താജ് മഹലിനെപ്പോലെ തന്നെ ഇതും യമുനാനദിക്കരയിലാണ് പണി തീർത്തത്. ഇന്നത്തെപ്പോലെ വാഹന ഗതാഗത സൗകര്യങ്ങളില്ലാത്ത അക്കാലത്ത് നിർമ്മാണ സാമഗ്രികളുടെ കടത്ത് ഏറ്റവും നന്നായി നടക്കുക നദികളിലൂടെയാണ് എന്നതിനാലാവാം ഇവയൊക്കെ നദീ തീരങ്ങളിൽ പണിതത്. തുടക്കത്തിൽ ചെങ്കല്ലും വെള്ള മാർബിളും ഇടകലർത്തി പണിത കോട്ടയിൽ രത്ന ഖചിതങ്ങളായ പല എടുപ്പുകളും ഉണ്ടായിരുന്നു. പിന്നീട് മുഗൾ ഭരണത്തിന്റെ പ്രതാപം ദുർബലാവസ്ഥയിലെത്തിയ കാലം മുതൽ പല പല അധിനിവേശങ്ങളിലൂടെ കോട്ടയുടെ സമ്പത്തും, പ്രൗഢിയും കൊള്ളയടിച്ചു കൊണ്ടിരുന്നു. 

 അതിലെ ഏറ്റവും ഒടുവിലത്തെ കണ്ണികളായ ബ്രിട്ടീഷുകാർ കൊള്ളയടിക്കലിനുമപ്പുറം പല എടുപ്പുകളെയും നാമാവശേഷമാക്കുകയോ വിവസ്ത്രയാക്കുകയോ കൂടി ചെയ്തു. പകരം അവിടെ പട്ടാള ബാരക്കുകൾ പണിതീർത്തു. അതിനെല്ലാമുള്ള പ്രായശ്ചിത്തമെന്നോണം പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കോട്ടയെ ചെറുതായി പുതുക്കിപ്പണിതു. അങ്ങിനെ ഇപ്പോൾ ബാക്കിയുള്ള കോട്ട കാണുവാനായി ഞങ്ങൾ ഉള്ളിലേക്ക് കടന്നു. 

 ലാഹോറി ഗേറ്റിലൂടെയാണ് കോട്ടയിലേക്കുള്ള പ്രവേശനം ഒരുക്കിയിട്ടുള്ളത്. കടന്നു നേരെ ചെല്ലുന്നത് ഛത്ത ചൗക്ക് എന്ന മീന ബസാറിലേക്കാണ്. അക്കാലത്തെ മേൽക്കൂരയുള്ള ചന്ത എന്നർത്ഥം വരുന്ന ഈ സ്ഥലം ഇന്നുമൊരു കരകൗശല വസ്തുക്കളുടെ വാണിഭ പ്രദേശമായി വർത്തിക്കുന്നു. കൂട്ടത്തിലുള്ള പലരും ദില്ലി യാത്രയുടെ സ്മരണയെനിലനിർത്തുവാനായി പല സുവനീറുകളും അവിടെയുള്ള കടകളിൽ നിന്നും വാങ്ങിക്കൂട്ടി.  അവിടെ നിന്നും നേരെ ചെന്നെത്തുന്നത് നൗബത്ത് ഖാനയെന്ന കാത്തിരിപ്പു മന്ദിരത്തിലേക്കാണ്. അതിനു മുമ്പിലൂടെ നടന്ന് ചെന്നെത്തുന്ന ചെറിയൊരു പൂന്തോപ്പിനപ്പുറമാണ് ദിവാൻ-ഇ ആം എന്ന പൗരന്മാരെ അഭിസംബോധന ചെയ്യാനുള്ള സഭാ മന്ദിരം. ചിഹിൽ സുതുൻ മാതൃകയിൽ 40 തൂണുകളോടെ പണിത ഈ മന്ദിരത്തിലാവണം അക്കാലത്ത് പല രാജശാസനകളും തീരുമാനങ്ങളും നടപ്പിലായതും പൊതുജനമവയെ ശിരസ്സേറ്റിയതും. അത്തരം അനേകം കഠിനശാസനക്കാഴ്ചകളുടെ വ്യസനഭാരവുമായി നിലകൊണ്ട ആ കൽമണ്ഡപം വർഷങ്ങൾക്കിപ്പുറം ഇന്ന് വെറും കാഴ്ചവസ്തുവായി പരിണമിച്ചപ്പോൾ പുത്തൻ തലമുറയുടെ ചിത്രമോഹങ്ങൾക്ക് പിന്നിൽ തലയുയർത്തി നിന്ന് തന്റെ പാപഭാരം കഴുകിക്കളയുകയാണോ എന്ന് തോന്നി.  ഗ്രൂപ്പ് ലീഡർ അപ്പോഴേക്കും വീണ്ടും കാണേണ്ടുന്ന സ്ഥലങ്ങളുടെ പട്ടികകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവാനാക്കിയപ്പോൾ ഇന്നലെ കണ്ട ആഗ്രാ ഫോർട്ടിന്റെ തനിയാവർത്തനമെന്ന തോന്നലിൽ രംഗ് മഹൽ, ഖാസ് മഹൽ, ദിവാൻ ഇ ഖാസ് എന്നിവയും വേഗത്തിൽ നടന്ന് കണ്ട് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. തുടർന്ന് ഞങ്ങൾ നേരെ പോയത് രാഷ്ട്രപിതാവിന്റെ സമാധിസ്ഥലത്തേക്കായിരുന്നു. ആ മഹാനുഭാവനെ നേരിട്ട് കാണാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത നമ്മൾ അദ്ദേഹത്തിന്റെ സമാധിസ്ഥലമെങ്കിലും ഒന്ന് കണ്ട് അതിനെ ഒന്ന് വലം വെച്ച് പോന്നില്ലെങ്കിൽ, പിന്നെ എന്ത് ദില്ലി ദർശനം. യമുനാ തീരത്ത് ഏക്കറുകളോളം പരന്നു കിടക്കുന്ന വിവിധ പ്രശസ്തരുടെ സമാധിസ്ഥലങ്ങളുടെ ഘാട്ടിൽ, ഏറ്റവും ആദ്യം തന്നെയാണ് രാജ് ഘട്ട്. ചുറ്റും പച്ചപ്പുൽ മേടുകളും, പൂന്തോട്ടവും കൊണ്ട് അലങ്കരിച്ച ആ സമാധി സ്ഥലത്തേക്ക് പാദരക്ഷകൾ മാറ്റി വേണം കടന്നു ചെല്ലാൻ. മഹാത്മജിയുടെ പ്രശസ്തങ്ങളായ വചനങ്ങൾ അവിടേക്കുള്ള കവാടത്തിൽ കൊത്തി വെച്ചിട്ടുണ്ട്. മാർബിളിൽ തീർത്ത ആ മണ്ഡപത്തിൽ അദ്ദേഹത്തിന്റെ അവസാന വാക്കുകളായ ഹേ റാം എന്ന് കൊത്തി വെച്ചതിന് ചുറ്റും പ്രദക്ഷിണം വെച്ച് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് പുറത്തേക്കു കടന്ന ഞങ്ങൾക്ക് അമൃത് സറിലേക്ക് പോവേണ്ട ഗരീബ് രഥ് 7 മണിക്കൂർ വൈകിയാണ് ഓടുന്നതെന്ന വാർത്ത മറ്റു സമാധി സ്ഥലങ്ങൾ കൂടി കാണുവാനുള്ള സമയം നൽകി.  പിന്നീട് അവിടെ നിന്നും മുന്നോട്ട് നടന്ന് രാജീവ് സ്മാരകം വീർ ഭൂമി പിന്നിട്ട് ഞങ്ങളെത്തിയത് ഇന്ദിരാ ഗാന്ധിയുടെ സ്മാരകം ശക്തി സ്ഥലിലേക്കാണ്. വിസ്തൃതമായ ആ പ്രദേശത്ത് ഒരു പ്ലാറ്റ്‌ഫോമിൽ അവരുടെ മുഖചിത്രം കൊത്തിവെച്ചിരിക്കുന്നു. അതിനപ്പുറം ദൂരെയായി കല്ലിൽ തീർത്തൊരു സ്ഥൂപവും കാണാം. അതെല്ലാം നടന്ന്കണ്ട് കുറച്ച് സമയം ആ പുൽമേട്ടിൽ വിശ്രമിച്ച്, ആ പ്രകൃതിയുടെ പൂന്തോപ്പിൽ നിന്നും ഏറെ ഫോട്ടോകളും എടുത്ത് ഞങ്ങൾ പതുക്കെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്രയായി.

 

വണ്ടി വൈകിയോടുന്നുവെന്ന് ആപ്പുകൾ പറയുമ്പോഴും അതൊരു വിശ്വസിക്കാൻ വയ്യാത്ത ആപ്പാവുമോ എന്ന സംശയത്താൽ രണ്ടു മണിയോടടുത്ത് ഞങ്ങൾ ന്യൂദില്ലി സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. അവിടെ ചെന്ന് സംശയ നിവൃത്തി വരുത്തി, യാത്രച്ചുമടുകൾ ക്ളോക്ക് റൂമിലേൽപിച്ച് വീണ്ടും ദില്ലിയെ അറിയാനായി പുറത്തേക്കിറങ്ങി. 

 മൂന്നാലു ദിനം കൊണ്ട് ഉത്തരേന്ത്യൻ വിഭവങ്ങൾ മടുത്ത പലരും കേരള വിഭവങ്ങൾക്കായി അന്വേഷണം തുടങ്ങി. അപ്പോളതാ, ശരവണ ഭവൻ കുറച്ചപ്പുറത്തായി കാണുന്നു. അന്നത്തെ ഉച്ചഭക്ഷണം അവിടെയാവാമെന്ന് പറഞ്ഞു സംഘം നേരെ ടാസ്‌കിയെ വിളിച്ചു.. 

 ടാക്സിയിൽ മുന്നൂറ് രൂപയുടെ ദൂരത്തിനപ്പുറം(തൊട്ടാൽ അതാണ് റേറ്റ്) ഞങ്ങൾ കോണോട്ട് പ്ലേസിലുള്ള ശരവണ ഭവന്റെ മുമ്പിലെത്തി. പക്ഷെ ശരവണ ഭവന്റെ മുമ്പിൽ അപ്പോൾ ചുരുങ്ങിയത് ഒരു 20 പേരുടെ Q ബാക്കിയുണ്ട്. അപ്പോഴേക്കും മണി മൂന്നായിരുന്നു. എല്ലാവരുടെയും ക്ഷമ നശിച്ചിരുന്നു. പലരും മറ്റു വല്ലേടത്തും വല്ലതും തരാവുമോ എന്ന തിരച്ചിലിനായി നടന്നു. ഞങ്ങൾ കുറച്ചു പേർ മാത്രം അര മണിക്കൂറിനപ്പുറം ശരവണാ ശരണം എന്ന മുദ്രാവാക്യവുമായി ഉള്ളിലേക്ക് കയറി. 

 ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയ ചിലർക്കൊരു ഉൾവിളി തോന്നി. നടന്ന് ദൽഹി കണ്ടാലോ എന്ന്. ലക്ഷ്യം പാർലമെന്റ് മന്ദിരവും രാഷ്‌ട്രപതി മന്ദിരവുമായിരുന്നു. ഗൂഗിളിൽ നോക്കിയപ്പോൾ വളരെയടുത്ത്. ഉൾവിളി തോന്നിയവൻറെ പുറകെ മറ്റുള്ളവരും, നിവൃത്തികേട്‌ കൊണ്ടാവാം, നടന്നു തുടങ്ങി. വിശാലമായ ആ സൻസദ് മാർഗിലൂടെ അങ്ങിനെ ഞങ്ങളുടെ 22 അംഗ സംഘം പതുക്കെ ജന്തർ മന്തർ, പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, ആകാശവാണി ഭവൻ എന്നിവയൊക്കെ കണ്ടുകൊണ്ട് ഏകദേശം അരമണിക്കൂറിനുള്ളിൽ പാർലമെന്റ് മന്ദിരത്തിന് മുമ്പിലെത്തി. പക്ഷെ അപ്പോഴാണ് അറിയുന്നത് അങ്ങോട്ടൊന്നും സാധാരണക്കാരിൽ സാധാരണക്കാരായ ഞങ്ങൾക്കൊന്നും പ്രവേശനമില്ലെന്ന്. അവിടത്തെ പാറാവുകാരോട് ചോദിച്ചപ്പോൾ ഇതിനപ്പുറം ഇനി പോകാൻ വഴിയില്ലെന്ന് മനസ്സിലായി ലോക്‌സഭാ മന്ദിരത്തിന്റെ ഒരു ചെറിയ ഭാഗത്തിന്റെ ദൂരക്കാഴ്ച മാത്രം കിട്ടി, കൂടെപ്പോന്ന് നടക്കാൻ വയ്യാതെ ഓട്ടോയിൽ കയറിപ്പോയി വഴി തെറ്റിയ രമേശിനെ തേടി വീണ്ടും ഒരു കിലോ മീറ്ററോളം വളഞ്ഞു ചുറ്റി നോർത്ത് ബ്ലോക്കിന്റെ മുമ്പിലേക്കെത്തി അവരെയും കൂട്ടി തിരിച്ച് ന്യൂദില്ലി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. 

 അപ്പോഴും ഞങ്ങൾക്ക് പോവേണ്ട ഗരീബ് രഥം ഏകദേശം രണ്ടര മണിക്കൂർ പിന്നിലാണ്. ബിഹാറിൽ ഛട്ട് പൂജ നടക്കുന്ന സമയം. അവിടെക്കായി ഒന്നാം നമ്പർ പ്ലാറ്റ്‌ ഫോമിൽ നിന്നും ഒരു സ്പെഷ്യൽ വണ്ടി തുടങ്ങുന്നുവെന്ന് അറിയിപ്പ്. സ്റ്റേഷൻ പരിസരത്ത് കാല് കുത്താൻ ഇടമില്ലാത്ത അവസ്ഥ. ഞങ്ങളുടെ വണ്ടി ഏത് പ്ലാറ്റ് ഫോമിൽ വരുമെന്നോ, എങ്ങിനെ ഇത്രയും പേരടങ്ങുന്ന സംഘം ലഗേജുമായി കയറിപ്പോവുമെന്നോ അറിയാത്ത നിമിഷങ്ങൾ. ഒമ്പതാം നമ്പർ പ്ലാറ്റ് ഫോമിലാണ് വരികയെന്ന് ആപ്പ് പറയുന്നു. പക്ഷെ സ്റ്റേഷനിലെ അധികാരികൾ ഒന്നും പറയുന്നില്ല. വണ്ടി വരുന്നതിന് അഞ്ചു നിമിഷം മുമ്പ് മാത്രമേ അറിയാൻ കഴിയൂ എന്നാണ് അവരുടെ ഭാഷ്യം. 

അവിടത്തെ ഒന്ന് രണ്ട് പോർട്ടർമാർ ഉറപ്പിച്ചു പറഞ്ഞു, ഒന്നുകിൽ ഒമ്പതിൽ, അല്ലെങ്കിൽ എട്ടിൽ. ഒരു പ്ലാറ്റ് ഫോമിന്റെ ഇരു വശങ്ങളിലുമുള്ള പാളങ്ങളിലൂടെയേ വണ്ടി എത്തൂ എന്നാണവർ പറയുന്നത്. അത് വിശ്വസിക്കുവാൻ തീരുമാനിച്ച് ഞങ്ങൾ ഒന്നാം നമ്പറിലെ തിരക്കിൽ നിന്നും മുമ്പ് പറഞ്ഞ പ്ലാറ്റ് ഫോമിലേക്ക് പോവാനായി ഗോവണി കയറി. 

അവിടെയെത്തിയപ്പോഴാണ് അറിയുന്നത് കടിച്ചതിലും വലിയതാണ് അളയിലുള്ളതെന്ന്. അവിടെ ഞങ്ങളുടെ വണ്ടി വരുമെന്ന് ആപ്പ് പറയുന്ന ഒമ്പതിൽ നിന്നും ബിഹാറിലേക്ക് മറ്റൊരു വണ്ടി കൂടി ഏകദേശം 9 മണിയോടെ പുറപ്പെടുമെന്ന് പറഞ്ഞു ജനം മുഴുവൻ ആ പ്ലാറ്റുഫോമിലേക്ക് ഇടിച്ചിറങ്ങുന്നു. അവരെ നിയന്ത്രിക്കാൻ വടിചുഴറ്റി ആർ പി എഫ്. താഴേക്കിറങ്ങിയ ഞങ്ങൾക്ക് നേരെയും ലാത്തിയുയർന്നെങ്കിലും അമൃത് സർ വണ്ടിക്കാണെന്ന് പറഞ്ഞപ്പോൾ ഒന്നയഞ്ഞു. ഒരു വണ്ടിക്ക് പോവാനുള്ള ജനം രണ്ടു പ്ലാറ്റ്‌ ഫോമും നിറഞ്ഞു കവിഞ്ഞു നിൽപ്പാണ്. ആപ്പിൽ വണ്ടി രണ്ടു സ്റ്റേഷനുകൾക്ക് മുമ്പിൽ എത്തിയെന്ന് കാണുന്നു. പക്ഷെ സ്റ്റേഷനിലെ അധികാരികൾക്ക് ഒരു വിവരവും ഞങ്ങളെ ധരിപ്പിക്കാനില്ല. തൊട്ടപ്പുറത്തു നിന്നും പുറപ്പെടുന്ന ഛട്ട് പൂജ സ്പെഷ്യലിനെ പറ്റി ഇടക്കിടെ വിളിച്ചു പറയുന്നുണ്ട്. വണ്ടിയുടെ കോച്ച് പൊസിഷൻ ആപ്പിൽ നോക്കിയപ്പോൾ മുമ്പിലായാണ്. പതുക്കെ എട്ടാം പ്ലാറ്റ്ഫോമിന്റെ ഒരു വശത്തു കൂടി എങ്ങിനെയൊക്കെയോ സ്ഥലമുണ്ടാക്കി ഏകദേശം ഒരു 10 മിനുട്ട് കൊണ്ട് ഞങ്ങൾ ഒരേകദേശ കണക്ക് വെച്ച് ഞങ്ങളുടെ കോച്ച് എത്തുമെന്ന ഊഹവുമായി ഒരു സ്ഥലത്തെത്തി നിൽപ്പായി. അഥവാ വണ്ടി ഒമ്പതാം പ്ലാറ്റ് ഫോമിലാണ് വരുന്നതെങ്കിൽ ഞങ്ങൾക്ക് കയറാൻ ഒരു സാദ്ധ്യതയുമില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങൾ. അപ്പോഴതാ വണ്ടി പ്ലാറ്റ് ഫോമിന്റെ ഒരറ്റത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ഒരറിയിപ്പ്, എട്ടാം നമ്പർ പ്ലാറ്റ് ഫോമിൽ അൽപ്പ നിമിഷങ്ങൾക്കകം വണ്ടി എത്തിച്ചേരുമെന്ന്. ദൈവത്തോട് നന്ദി പറഞ്ഞു. 

രണ്ടു മിനുട്ടിനുള്ളിൽ വണ്ടി എത്തിച്ചേർന്നു. എങ്ങിനെയൊക്കെയോ ഞങ്ങളെല്ലാവരും വന്നവരുടെ ഇറക്കം കഴിഞ്ഞു ഉള്ളിലേക്ക് കയറപ്പെട്ടു. ഗരീബ് രഥ് എന്ന പേര് അന്വർത്ഥമാക്കുന്ന കോച്ച്. ഏകദേശം ഒരു ദിവസത്തെ ബീഹാർ-യു പി യാത്രക്ക് ശേഷമാണ് വണ്ടി ദില്ലി സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. അതിന്റെ എല്ലാ പരാധീനതകളും, ഉത്തരേന്ത്യൻ ജനതയുടെ വൃത്തിയുടെ എല്ലാ കൈയൊപ്പുകളും പതിപ്പിച്ചാണ് അതെത്തിയിരിക്കുന്നത്. ദില്ലിയിൽ നിന്നും അമൃത്സറിലേക്ക് ടിക്കറ്റു ബുക്ക് ചെയ്യുന്ന സമയത്ത് ഈ വണ്ടി വേറെവിടുന്നോ വരുന്ന ഒരു ദീർഘ ദൂര വണ്ടിയാണെന്ന് അറിയില്ലായിരുന്നു. നിവൃത്തി കേടുകളെ തല്ക്കാലം മുകളിലെ റാക്കുകളിൽ നിക്ഷേപിച്ച് ഞങ്ങൾ എല്ലാവരും ഉപവിഷ്ടരായി. ഇനി ഏകദേശം 6 മണിക്കൂർ യാത്രയുണ്ട്. സിറ്റിംഗ് ബോഗിയാണ്. ഇരുന്നെങ്കിലും ഒന്നുറങ്ങാം എന്ന് കരുതി വണ്ടി നീങ്ങിയപ്പോൾ കണ്ണടച്ച ഞങ്ങളെ വീണ്ടും വിഡ്ഡികളാക്കിക്കൊണ്ട് ഗരീബ് രഥം കുലുങ്ങി, കുലുക്കി ഇരിക്കണോ, നിൽക്കണോ എന്നറിയാത്ത അവസ്ഥയിൽ പഞ്ചനദികളുടെ നാട്ടിലേക്ക് വലിച്ചു കൊണ്ടു പോയി… 

 തുടരും....

Sunday, January 8, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 5

ആഗ്ര ഫോർട്ട്, ശ്രീകൃഷ്ണ ജന്മസ്ഥാൻ കാഴ്ചകളിലൂടെ..

താജ്മഹലിനോട് വിടപറഞ്ഞു വീണ്ടും കിഴക്കു ഭാഗത്തുള്ള ഗലികളിലൂടെ, നഗര വികസനത്തിന്റെ ക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെ കെട്ടിപ്പൊക്കിയ എടുപ്പുകൾക്കിടയിലൂടെ, മാലിന്യം ഒഴുകുന്ന അഴുക്കു ചാലുകളുടെ ഓരം പറ്റി ഇലക്ട്രിക് റിക്ഷകൾ ഞങ്ങളെ  പുറത്തെത്തിച്ചു.   അപ്പോഴേക്കും എല്ലാവരും വിശന്നിരുന്നു. ഞങ്ങളുടെ ഗൈഡ് അലി ഒരു നല്ല ഹോട്ടലിലേക്ക് തന്നെ ഞങ്ങളെ ഭക്ഷണത്തിനായി കൊണ്ടുപോയി.

ആഗ്രയിൽ പിന്നെ കാണാനുണ്ടായിരുന്നത് ആഗ്ര ഫോർട്ട് ആയിരുന്നു. ഗൈഡ് പറഞ്ഞുറപ്പിച്ച വേതനത്തിൽ അത് കൂടി കാണിച്ചു തരാം എന്ന് സമ്മതിച്ചു.

സമയം അപ്പോഴേക്കും നാലു മണിയോടടുത്തിരുന്നു. അന്നത്തെ പ്ലാൻ അനുസരിച്ചു കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ എല്ലാം ബാക്കിയാണ്. ആഗ്ര ഫോർട്ട് കാണാതെ നേരെ മധുവനിലേക്ക് വിട്ടാലോ എന്ന് പോലും സംശയിച്ച നേരം. താജ് മഹൽ കണ്ട് ആഗ്ര ഫോർട്ട് കാണാതെ പോവരുതെന്ന് ഗൈഡ് ഞങ്ങളെ നിർബന്ധിച്ചു.

തീരുമാനം ഒരർത്ഥത്തിൽ ശരിയായിരുന്നു താനും. അപ്പോൾ വിട്ടാൽ പോലും മധുവനിലെ കാഴ്ചകൾ ഞങ്ങൾക്ക് അപ്രാപ്യമായിരുന്നു.

ആഗ്ര ഫോർട്ട് 


ആഗ്ര ഫോർട്ടിലേക്കും കാഴ്ചക്കാരുടെ നീണ്ട നിരയായിരുന്നു അന്ന്. ഏകദേശം ഇരുപത് മിനുട്ടോളം വരിയിൽ നിന്ന് വേണ്ടി വന്നു കോട്ടയിലേക്ക് കടക്കാൻ. മറ്റെല്ലാ കോട്ടകളെപ്പോലെ ഇവിടെയുമുണ്ട് മുമ്പിലായി വലിയൊരു കിടങ്ങ്. കീഴടക്കാൻ വരുന്ന സൈന്യത്തിന് എളുപ്പത്തിൽ കയറിപ്പറ്റാതിരിക്കാനുള്ള സംവിധാനം.

കോട്ടയുടെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് സികർവാർ ഗോത്രത്തിന്റെ കാലത്തു നിന്നുമാണ്. അന്ന് ചുടു കട്ടയിൽ പണിത കോട്ടയെ 1080 ഗസ്നവികൾ പിടിച്ചെടുത്തു കൈവശപ്പെടുത്തി. പിന്നീട് കോട്ടയും അതിലെ സമ്പത്തും  ലോധിമാരുടെ കൈകളിലേക്കും അവിടെ നിന്ന് പാനിപ്പത്ത് യുദ്ധ ശേഷം മുഗളരുടെ കൈകളിലേക്കും എത്തിച്ചേർന്നു. പ്രശസ്തമായ  കോഹിനൂർ രത്നവും കോട്ട പിടിച്ചടക്കിയതിലൂടെയാണ് മുഗളരുടെ കൈകളിലെത്തിയത്.

1558- അക്ബർ, ആഗ്രയെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും കോട്ടയിൽ ഇരുന്നുകൊണ്ട് ഭരണം നടത്തുകയും ചെയ്തു. അക്ബറുടെ കാലഘട്ടത്തിൽ ഏകദേശം 8 വര്ഷം എടുത്താണ്  കോട്ട പുതുക്കിപ്പണിതത്.പിന്നീട് ഷാജഹാന്റെ കാലത്ത് വീണ്ടും കോട്ടയെ പുതുക്കിപ്പണിതു. ചുവന്ന കല്ലുകൾക്ക് പകരം പല കെട്ടിടങ്ങളും വെണ്ണക്കല്ലുകളാൽ മാറ്റിപ്പണിതു.

അർദ്ധവൃത്താകൃതിയിലുള്ള, ഏകദേശം 90 ഏക്കറിൽ പരന്നു കിടക്കുന്ന കോട്ടയിലേക്ക് അക്ബർ ദർവാസ വഴി   കയറിച്ചെല്ലുമ്പോൾ ഏറ്റവും ആദ്യം കാണുന്നത് അക്ബറി മഹൽ ആണ്. അതിന്റെ തൊട്ടു വടക്ക് ഭാഗത്തായി ജഹാംഗീരി മഹലും സ്ഥിതി ചെയ്യുന്നു.

In front of Jahangir Mahal

ഗൈഡ് പിന്നീട് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത് ഖാസ് മഹലിലേക്കായിരുന്നു. ഷാജഹാൻ തന്റെ രണ്ടു പെൺമക്കളായിരുന്ന ജഹാനാറക്കും റോഷനാറക്കും വേണ്ടി  പണികഴിപ്പിച്ച മാളികഅതിന്റെ മുമ്പിലായി അങ്കുരി ബാഗ് എന്ന മുന്തിരിത്തോട്ടവും കാണാം.

പതിനേഴാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ജഹനാര പിന്നീട് ഷാജഹാനെ ഭരണ കാര്യങ്ങളിൽ ഒപ്പം നിന്ന് സഹായിക്കുന്ന, രാജകൊട്ടാരത്തിലെ  പ്രഥമ വനിതയായി അവരോധിതയായി.

പക്ഷെ അപ്പോഴും ഒരു ദുഃഖം ബാക്കി നിന്നു. മുത്തച്ഛൻ അക്ബർ എഴുതിവെച്ച നിയമപ്രകാരം മുഗൾ വംശത്തിലെ സ്ത്രീകൾക്ക് വിവാഹം നിഷിദ്ധമായിരുന്നു. അധികാരത്തിന്റെ കൈമാറ്റം സംഭവിക്കാതിരിക്കാൻ വരും തലമുറയോട്  ചെയ്ത ഒരു അനീതി. അക്കാരണത്താൽ തന്നെ  ബുന്ദി രാജകുമാരന്‍ ലുഥേര്‍ ഛത്രസാലുമായുള്ള പ്രണയത്തെ അവൾക്ക് മറക്കേണ്ടി വന്നു. പിന്നീട് തന്റെ കാമുകൻ സഹോദരൻ ഔറംഗസീബിനാൽ തല കൊയ്യപ്പെട്ടതും അറിയേണ്ടി വന്നു  ഹതഭാഗ്യയായ ജഹനാരക്ക്.

ഷാജഹാൻ തൻ്റെ ഭാര്യ മുംതാസിനു വേണ്ടി വെണ്ണകല്ലിൽ നിർമ്മിച്ച മനോഹരമായ അഷ്ടഭുജാകൃതിയിലുള്ള മൂസമ്മൻ ബുർജിലേക്കാണ് പിന്നീട് പോയത്. യമുനയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മാളികയിലാണ് ഷാജഹാൻ തന്റെ അവസാന നാളുകളിൽ വീട്ടു തടങ്കലിൽ കഴിഞ്ഞത്. തന്റെ പ്രേയസിക്കായി പണിത പ്രണയസൗധം ഏതു സമയവും നോക്കിക്കാണാനായി ഒരു ജാലകത്തിലൂടെ കണ്ണും നട്ടിരിക്കുമായിരുന്ന രോഗ ഗ്രസ്തനായ അദ്ദേഹത്തെ അവസാന നാളുകളിൽ നോക്കിയത് ജഹനാരയായിരുന്നു. പിതാവിന്റെ മരണശേഷവും തടവിൽ തന്നെ കഴിഞ്ഞ അവരെ പിന്നീട് ഔരംഗസേബ് വിമുക്തയാക്കിയപ്പോൾ തന്റെ ഭാരിച്ച സ്വത്തുക്കൾ മുഴുവനും പാവങ്ങൾക്ക് ദാനം ചെയ്ത് സൂഫിസം ആത്മീയ പാതയായി തെരഞ്ഞെടുത്തു അവർ. സാഹിത്യത്തിൽ അഭിരുചി പുലർത്തിയിരുന്ന അവർ സൂഫി സാഹിത്യത്തിലെ ക്ലാസിക്കുകളായ, സന്യാസിമാരായ മൊഫിയുദ്ദീൻ ചിസ്തിയുടെയും മുല്ലാ ഷായുടെയും ജീവചരിത്രങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അവർ എഴുതി, ഒളിപ്പിച്ചു വച്ച  ആത്മകഥയിൽ ജഹനാര ഇങ്ങനെ എഴുതിയത്രെ . “ഞാൻ എന്റെ എഴുത്തുകൾ ജാസ്മിൻ കൊട്ടാരത്തിന്റെ കല്ലിനടിയിൽ സൂക്ഷിക്കും. ഭാവിയിൽ എന്നെങ്കിലും ജാസ്മിൻ കൊട്ടാരം നശിക്കും. അപ്പോൾ എന്റെ ആത്മകഥ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകൾ കണ്ടെടുക്കും. ചക്രവർത്തി ഷാജഹാന്റെ പുത്രി ജഹനാരയെപ്പോലെ ദീനയും, ദു:ഖിതയുമായി ആരും ഉണ്ടായിരുന്നില്ലെന്ന് അന്ന് ലോകം അറിയും”.പേര്‍ഷ്യന്‍ ഭാഷയിലുള്ള ഇതിന്റെ കൈയെഴുത്തുപ്രതി ആഗ്രാ കോട്ടയില്‍ നിന്നും പിന്നീട്  കണ്ടെത്തുകയായിരുന്നു. ദ്രവിച്ച് തുടങ്ങിയിരുന്ന താളുകളെ ക്രമാനുസൃതം ഒന്നിച്ചു ചേര്‍ത്ത് ആദ്യമായി പ്രസിദ്ധീകരിച്ചത് ഫ്രഞ്ച് ഗവേഷക ആന്‍ഡ്രിയ ബുട്ടെന്‍സനാണ്.

പിന്നീട് ഞങ്ങൾ പോയത് കോട്ടയിലെ  ചക്രവർത്തിമാരുടെയും പ്രഭുക്കൻമാരുടെയും സ്വകാര്യസഭ ആയ ദിവാനി ഖാസ് എന്ന  വെണ്ണക്കൽ മന്ദിരത്തിലേക്കായിരുന്നു. 1635- ചക്രവർത്തി ഷാജഹാൻ ആണ് മന്ദിരം പണികഴിപ്പിച്ചത്. ദിവാനി ഖാസിനു മുന്നിലുള്ള ജഹാംഗീറിൻ്റെ  ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്ത ഒനിക്സ് എന്ന കറുത്ത കല്ലുകൊണ്ടുള്ള  സിംഹാസനത്തിൽ ബ്രട്ടീഷ് ആക്രമണത്തിൽ പീരങ്കിയുണ്ട പതിച്ച് കേടുപറ്റിയിട്ടുണ്ട് .

അതിനും അപ്പുറത്തായി നടുമുറ്റത്തോടെ നിൽക്കുന്ന  മച്ചി ഭവൻ സ്ത്രീകളുടെ താമസസ്ഥലമാണ്... അക്ബറിൻ്റെ 300 ലേറേ വെപ്പാട്ടിമാർ ഇവിടെയാണ് താമസിച്ചിരുന്നതത്രെ. അതിനു മുൻവശത്തായി അക്ബറുടെ വെളുത്ത സിംഹാസനം.. ആറ് ഭാര്യമാരും മുന്നൂറിലേറേ വെപ്പാട്ടികളും ഉണ്ടായിരുന്ന "മഹാനായ" അദ്ദേഹമാണ്  മുഗൾ രാജകുമാരിമാർക്ക് വിവാഹം നിഷേധിച്ചത്... ചരിത്രത്തിൻ്റെ ചില  ക്രൂരത ഫലിതങ്ങൾ.ഇത്രയും കണ്ട്, അലിയുടെ ചരിത്രം കേട്ട് തീർന്നപ്പോഴേക്കും നേരം അഞ്ചരയോടടുത്തിരുന്നു. അവിടെനിന്നും കുറച്ച് ഫോട്ടോകൾ കൂടി പകർത്തി ഞങ്ങൾ വേഗം മധുര ലക്ഷ്യമാക്കി നീങ്ങി.നേരം സന്ധ്യയായതിനാൽ തന്നെ മധുവൻ ഞങ്ങൾക്ക് അപ്രാപ്യമായിരുന്നു. പിന്നെ നേരെ കൃഷ്ണ ജന്മസ്ഥലമായ മധുരയിലേക്ക് വിട്ടു. അവിടെയെത്തിയപ്പോഴേക്കും സമയം 7 ആയിരുന്നു. കവാടത്തിൽ എത്തിയ ഞങ്ങളോട് ഫോൺ തുടങ്ങിയ എല്ലാ വസ്തുക്കളും ലോക്കറിൽ വെക്കാനാവശ്യപ്പെട്ടു. അതിനിടയിൽ തീർത്ഥാടകരുടെ ഒരു ബസ് എത്തിച്ചേർന്ന് തിരക്കു  കാരണം കൂടെയുള്ള  സ്ത്രീകൾക്ക് ഉള്ളിലേക്ക് കയറുവാൻ സാമാന്യം ബുദ്ധിമുട്ടേണ്ടി വന്നു.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കാരാഗൃഹം നിലനിൽക്കുന്ന സ്ഥലത്തിനടുത്തായി അദ്ദേഹത്തിന്റെ കൊച്ചുമകൻ വജ്രനാഭൻ പണിത  ഒരു പുതിയ ക്ഷേത്രമുണ്ട്. ദീപാവലി സമയമായതിനാൽ  തന്നെ അന്നേ ദിവസം ക്ഷേത്രം ദീപാലംകൃതമായിരുന്നു.  അതെല്ലാം നടന്നു കണ്ട്, ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തെത്തിയ ഞങ്ങൾ പിന്നെ നേരെ പോയത് വൃന്ദാവനത്തിലേക്കാണ്.

2012 പണി തീർന്ന ജഗദ്ഗുരു കൃപാലു പരിഷദ് നിർമ്മിച്ച വൃന്ദാവനത്തിലെ പ്രേം മന്ദിറിലേക്കാണ് ഞങ്ങളെത്തിയത്. മന്ദിരത്തിന്റെ ആദ്യത്തെ നിലയിൽ രാധാ കൃഷ്ണന്മാരും രണ്ടാം നിലയിൽ രാമ സീതാമാരും ആണ്. കൂടാതെ മന്ദിരത്തിന്റെ ചുറ്റിലുമായി ഗോവർദ്ധൻ ഗിരി ലീല, രാസലീല, കാളിയ സർപ്പ ലീല എന്നിങ്ങനെയുള്ള വിവിധ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. രാത്രിയായതിനാൽ തന്നെ വൈദ്യുത  ദീപാലങ്കാരങ്ങളാൽ  മനോഹരമായിരുന്നു  ക്ഷേത്രവും പരിസരവും.ഏകദേശം 9 മണിയോടടുത്തതിനാൽ തന്നെ മറ്റു കാഴ്ചകളെല്ലാം ബാക്കി വെച്ച് ഞങ്ങൾ വഴി മദ്ധ്യേ ഭക്ഷണവും കഴിച്ച്  തിരിച്ച് ദില്ലിയിലേക്ക് യാത്രയായി.


 തുടരും...

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...