Thursday, June 6, 2019

മുംബൈ ബാച്ചിലർ ജീവിതം- Part 7

മനോരഥമേറിയ എനിക്കു മുമ്പിൽ നിറങ്ങളും മുഖങ്ങളൂം പിടിതരാതെ പുറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.   ബോംബെ നഗരത്തിലെ തീവണ്ടി യാത്രയുടെ പുറം കാഴ്ചകൾക്ക്  നിറം ഒന്നു മാത്രം. ആസ്ബസ്റ്റോസിന്റെ നരച്ച നിറം. ആസ്ബ്സ്റ്റോസ് മേഞ്ഞ കൂരകളുടെ, ചാളുകളുടെ ഇടയിലൂടെയൊഴുകുന്ന ഓടകളിലൂടെ കറുത്ത നരച്ച വെള്ളം ഒഴുകിക്കൊണ്ടിരുന്നു. ബോംബെയിലുള്ള എല്ലാ അഴുക്കു ചാലുകളിലൂടെയും, അവ ചെന്നു ചേരുന്ന വലിയ ഗട്ടർ നദികളിലൂടെയും നിറഭേദമില്ലാതെ അവ വർളിയിലേയും ബാന്ദ്രയിലേയും കടലിടുക്കുകളിലേക്ക് ഒഴുകിയെത്തുന്നു. ബോംബെയുടെ ചൗപ്പാട്ടികളിലും നമുക്ക് കളിക്കാൻ ഇത്തരം നരച്ച വെള്ളം തന്നെ.

ജയന്തി ജനത നഗരം പിന്നിട്ട്, താനെ ക്രീക്കും മുംബ്രാ മലനിരക്കളെയും കടന്ന് ദിവയിലെ കണ്ടലുകൾക്കിടയിലുള്ള വാറ്റിന്റെയും വാഷിന്റെയും ഗന്ധങ്ങളും പേറി കുതിച്ചു. കാഴ്ചകൾ ഒരോന്നായി ശമിച്ചു കൊണ്ടിരുന്നു, കൺ പോളകൾക്ക് കനം വെച്ചു.

ഗണേശൻ വന്ന് വിളിച്ചപ്പോഴാണ് വണ്ടി കല്യാണിലെത്തിയതറിഞ്ഞത്. ബോംബെയിൽ ഗണേശൻ എന്റെ പൂര്‍വ്വഗാമിയാണ്. എനിക്ക് മുമ്പേ നഗരത്തെ അറിഞ്ഞവൻ. എനിക്ക്  ഈ നഗരത്തിലേക്ക് അന്നം തേടിയെത്താൻ പ്രേരണയായവൻ. അവന്റെ കുടുംബം മൂന്ന് പതിറ്റാണ്ടായി ബോംബെ നഗരത്തിലേക്ക് കുടിയേറിയിട്ട്. അച്ഛനുമൊപ്പം എത്തിയ അമ്മ. കുടിയേറ്റക്കാരുടെ രംഗഭൂമിയായ ഉൽഹാസ് നഗറിലെ ഒന്നാം നമ്പർ ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഷഹാഡിലെ ഒരു ബാരക്കിൽ ഭർത്താവിനെ വേർപിരിയേണ്ടി വന്ന ഒരവസ്ഥയിൽ കൂടപ്പിറപ്പുകളെക്കൂട്ടി ജീവിതം കരുപ്പിടിപ്പിച്ചവർ. ബോംബെയിലുള്ള അമ്മയിൽ നിന്നും വേർപിരിഞ്ഞ് തൃപ്രയാറിലെ അമ്മമ്മയോടൊപ്പം വിദ്യാഭ്യാസകാലം മുമ്പോട്ട് നീക്കുമ്പോൾ തന്നെ അവനെ സംബന്ധിച്ചിടത്തോളം ബോംബെയെ അവൻ മനസാ വരിച്ചു കഴിഞ്ഞിരുന്നു. ഹിന്ദി സിനിമകളേയും സിനിമാഗാനങ്ങളെയും നെഞ്ചിലേറ്റി ക്ലാസിലെ ഇടവേളകളിൽ, പിൻ ബഞ്ചിൽ തലേന്ന് കണ്ട സിനിമയിലെ ഡലലോഗുകളും, റേഡിയോയിൽ കേട്ട ഗാനങ്ങളും ക്ളാസിലെ സഹപാഠികൾക്കായി യഥേഷ്ടം പുനരാവിഷ്കരിച്ചിരുന്ന മൂവർ സംഘത്തെ നയിച്ചിരുന്നതവനായിരുന്നു. ഫസ്റ്റ് ക്ലാസോടെ കോളേജിൽ ചേർന്ന ഗണേശൻ എനിക്ക് ആരാധ്യനായത് പെട്ടെന്നായിരുന്നു.  കണ്ണട വെച്ച് ക്ലാസിലെത്തിയിരുന്ന അപൂർവ്വം ഗ്ളാമർ നായകരിലൊരാളായിരുന്നു അവൻ.  എവരെയും ആകർഷിക്കുന്ന വ്യക്ത്വിത്വത്താലും സംഭാഷണ ചാതുരികൊണ്ടും ക്ലാസിലെ ഭൂരിഭാഗവും അവന്റെ മിത്രങ്ങളായിക്കഴിഞ്ഞിരുന്നു. എന്റെ ബോംബെ ജീവിതത്തിലെ മറ്റൊരു വഴികാട്ടിയും തണൽ മരവും.

ബി കോം ബിരുദധാരികളായി ബോംബെയിൽ എത്തിയ ഞങ്ങളിൽ ഞാനായിരുന്നല്ലോ ആദ്യം ജോലി കണ്ടെത്തിയത്. അവനാകട്ടെ അതിനു ശേഷം എന്നെത്തേടിയെത്തിയ  ബോംബെ ഓയിൽ മില്ലിലെ ജോലിയുമായി ഒരു വർഷക്കാലത്തോളം മുമ്പോട്ടു പോയി. അക്കൗണ്ട്സ് ജോലിയിലേക്കുള്ള വാതിലുകൾ കണ്ടെത്താൻ വിഷമിച്ച നാളുകളിൽ നവകേതന്റെ ഓഡിറ്റർ ജസൂജയുടെ ഓഫീസിൽ അവനൊരു ജോലി സംഘടിപ്പിച്ചു. ഓഡിറ്റ് സ്റ്റാഫ് ആയി കണക്കുകൾ ചെക്ക് ചെയ്യാനായി വിവിധ കമ്പനികളിലേക്ക് പോകണം. "Auditor is a watchdog, not a bloodhound" എന്ന വചനം മനസ്സിൽ ധ്യാനിച്ച് , ശമ്പളത്തിലെ സാമ്പത്തികം നോക്കാതെ ജോലിക്ക് ചേർന്നു. ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഓഡിറ്റിംഗിനായി പൂനെ പോലുള്ള നഗരങ്ങളിലേക്ക് പലപ്പോഴും പോകെണ്ടി വരും. യാത്രകളും  വീട് വിട്ടുള്ള പൊറുതിയും അവനിഷ്ടമാണ്, അവനു ഇഷ്ടപ്പെട്ട ജോലി കിട്ടിയ സന്തോഷം.  മലയാളിയായ കൈമളും അവിടെ പാർട്ട്ണർ ആയി ഉണ്ട്. ജോലിയിലെ ആദ്യനാളുകളിൽ പിഷാരോടി സാറുമായി സൈദ്ധാന്തികമായ തർക്കങ്ങളിൽ ഏർപ്പെടുമ്പോൾ പലപ്പോഴും എന്റെ ശബ്ദം ക്രമാതീതമായി ഉയരുമ്പോൾ കൈമൾ എന്നെ ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ നീ ബഹുമാനിക്കണം. മറുത്തൊന്നും പറയാതെ ആ ഉപദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴും അറിയാതെ വീണ്ടും എന്റെ ശബ്ദം ഉയർന്നിരുന്നെന്ന് ഞാനറിഞ്ഞത് ഗണേശൻ അന്ന് യാത്രക്കിടയിൽ വീണ്ടും കൈമൾക്ക് വേണ്ടി ഉപദേശിച്ചപ്പോളാണ്.

ജയന്തി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നു. ഞങ്ങൾ തൈരു സാതം, വറവു സാതം എന്നിങ്ങനെയുള്ള പാഥേയങ്ങളിൽ വിശപ്പടക്കി. മഴ കഴിഞ്ഞ കാലത്തുള്ള പുറം കാഴ്ചകൾ മനോഹരമാണ്. ആന്ധ്രയിലെ നോക്കെത്താ ദൂരം വരെ നീണ്ടുകിടക്കുന്ന സമതലഭൂമിയിൽ സൂര്യകാന്തിയുടെ മഞ്ഞപ്പട്ടുടുത്തുകിടക്കുന്ന കന്യകമാർ ഞങ്ങളെ വീണ്ടും മനോരഥത്തിലേക്ക് കൈപിടിച്ചാനയിച്ചു.
രാത്രിയിലെ താളാത്മകമായ സുഖനിദ്രക്കുശേഷം, മൂന്നാം ദിവസം രാവിലെ ഞങ്ങൾ തൃശൂരിലിറങ്ങി. ആദ്യ യാത്രയിൽ സ്വീകരിക്കാനായി ഗണേശനെക്കാത്ത് ആളുണ്ടായിരുന്നു. ഞാനാകട്ടെ ഒറ്റക്ക് കെ എസ് ആർ ടി സി വഴി പെരിന്തൽമണ്ണക്കും തിരിച്ചു. നാട്ടിൽ ഓട്ടൊ ഓടിത്തുടങ്ങിയിരിക്കുന്നു.

കണ്ണനിവാസിലെത്തി. മുത്തശ്ശി ഉമ്മറത്ത്  കാത്തിരിക്കുന്നു.  യാത്രാക്ഷീണമകറ്റാൻ ഒരു തേച്ചു കുളി, നാലുകെട്ടിലെ കുളത്തിൽ മുങ്ങിക്കുളി. അടുക്കളയിലെ കൂട്ടിൽ വെളിച്ചെണ്ണ സ്ഥാനം തെറ്റാതിരിക്കുന്നു. തോർത്തു മുണ്ട് ഉമ്മറത്തെ അയക്കോലിൽ. സോപ്പ് കുളക്കടവിൽ . ഒന്നരക്കൊല്ലത്തിനു ശേഷവും രീതികൾക്ക് മാറ്റമില്ല. കുളം നിറഞ്ഞു കിടക്കുന്നു. തിരുമ്പു് കല്ലിൽ കാൽ വെള്ളത്തിലിട്ട് കുറച്ചു നേരം അങ്ങിനെയിരുന്നു.
കുളത്തിൽ തെളിഞ്ഞ നീലാകാശത്ത്  പോയ് മറയുന്ന പാണ്ടിമേഘങ്ങൾ ഇടക്കും തലക്കുമായി ഓരോ തുള്ളികൾ തളിക്കുന്നു, അവ വീഴുന്നിടത്ത് വെള്ളം വൃത്തങ്ങൾ തീർക്കുന്നു, കാഴ്ചകളെ അലോസരപ്പെടുത്തുന്നു. കാലിൽ പരൽമീനുകൾ വന്ന് ചളിയും ചെകിളയും കൊത്തിത്തിന്നുന്നു. അപ്പോൾ  കാഴ്ചകൾ വീണ്ടും മറ്റൊരു ജലരാശിയിൽ തെളിയുകയായി, കുളത്തിൽ മുങ്ങാങ്കുഴിയിട്ട് ഒളിച്ചു കളിച്ച കാലം. വൈകീട്ട് അഞ്ചു മണിക്കു തുടങ്ങുന്ന കസർത്തുകൾ  അച്ഛന്റെ ചൂരൽ കണ്ട് അവസാനിപ്പിക്കുന്ന കാലം.

ഇന്ന് അച്ഛന്റെ അടി പേടിക്കാതെ കുളിച്ചു കയറി. അന്നത്ത ദിനം, ബാല്യകാലസുഹൃത്ത് വിജയനുമൊത്ത്  2 വർഷത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കാനായി മാറ്റി വെച്ചു. നാലുകെട്ടിലെ തെക്കിണിമുകളിൽ ഞങ്ങൾ വീണ്ടും, പുലരുവോളം പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി ഒത്തു കൂടി. മുത്തശ്ശിക്കഥകൾ  കേട്ട് ഉറങ്ങിയിരുന്ന ബാല്യത്തിൽ നിന്നും കഥകൾ പറഞ്ഞുറക്കമൊഴിക്കുന്ന വാല്യക്കാരിലേക്ക് ഞങ്ങൾ വളർന്നിരിക്കുന്നു. അതെ ഞങ്ങളോടൊപ്പം ഞങ്ങളുടെ തലമുറയും വളർന്നു വരുന്നു.

ഗണേശനോട് പറഞ്ഞുറപ്പിച്ച പ്രകാരം മൂന്നം നാൾ തൃപ്രയാറിലേക്ക്. അവിടെ നിന്നും എസ് എൻ പുരത്ത് വിനയന്റെ വീട്ടിലെക്ക് സന്ദർശനം. പിറ്റേന്ന് ആലത്തൂരിൽ കേശവന്റെ വീട്ടിലേക്ക്. തിരിച്ച് വീണ്ടും ഓണത്തിനും മുമ്പ് ചെറുകരക്ക്.

ശോഭ പ്രീഡിഗ്രി കഴിഞ്ഞ് ഒലിങ്കരയിലുള്ള ELCERA യിൽ ജോലിക്കു കയറിയിരിക്കുന്നു. നാട്ടിലെ കുറെ ചെറുപ്പകാർക്ക് അവിടെ ജോലി കിട്ടിയിട്ടൂണ്ട്. രാജമന്ദിരത്തിലെ ഉഷയും കൂടെയുണ്ട്. വരുന്ന വഴിക്ക്പത്തായപ്പുരയിൽ നളിനിയോപ്പോളെ വർഷങ്ങൾക്ക് ശേഷം കണ്ടു. രഘു ബി എസ് സി ഒരു പേപ്പർ എഴുതിയെടുക്കാനായി ഇരിക്കുന്നു. മിനി ബി എസ് സി കഴിഞ്ഞു എം എസ് സിക്ക് ചേരാനായി ശ്രമം. കുട്ടൻ അമ്പാടിയിൽ സ്ഥിരം. കണ്ടിട്ട് കുറെ നാളായിരിക്കുന്നു.

നാലു വർഷത്തിനു ശേഷം ഓണം നാട്ടിൽ. മഴയൊഴിയാത്ത   ഓണത്തിന്റെ പൊലിമക്ക് മങ്ങലേറ്റിരിക്കുന്നു. കിഴക്കെ പത്തായപ്പുരയിലെ രമേശേട്ടന്റെ മകൻ മനോജിനെ കണ്ടു. മനോജുമായി നാട്ടു വിശേഷങ്ങളും, അതിലേറെ ലോക വിശേഷങ്ങളും സംസാരിച്ചിരുന്നു. അന്ന് ഞാൻ കുറിചുവെച്ച അഭിപ്രായം,  സംഭാഷണ പ്രിയൻ, പ്രായത്തിലും പക്വതയുള്ള വ്യക്തിത്വം എന്നായിരുന്നു. ഒരു ബോർഡ് ചെസ്സ് കളിച്ചു.

നാട്ടിലെത്തി ആദ്യത്തെ സിനിമ, പത്മരാജന്റെ തൂവാനത്തുമ്പികൾ കണ്ടു.  മലയാള സിനിമകൾ കാണാൻ നാട്ടിലെത്തണമെന്ന അവസ്ഥയിൽ കഴിയുന്നത്ര കാണുക എന്നതാണ് അന്നത്തെ രീതി.

വീണ്ടും തൃപ്രയാറിലേക്കെത്തി, തേവരെക്കണ്ട്, ഗണേശന്റെ കൂടെ ഗിരീശനെ കാണായി പോയി. ഗിരീശൻ മെഡിക്കൽ റെപ്. മുൻകാല ദിനങ്ങളുടെ അയവിറക്കലിനു ശേഷം അവനെ ജോലിക്ക് വിട്ട് ഞങ്ങൾ ഏത്തായിൽ ക്ലാസ്മേറ്റ് അശോകന്റെ വീട്ടിലേക്കെത്തി. എം. കോം. മുഴുമിക്കാതെ നടക്കുന്നു. വഞ്ചിയിൽ അവന്റെ വീട്ടിലേക്ക് കടത്ത് കടന്ന്, കടപ്പുറത്തുകാരുടെ മീനും കൂട്ടിയൊരു ഊണ് തരാക്കി, പ്രദീപിനെത്തേടി അഞ്ചാം കല്ലിൽ. കണ്ണപ്പനെക്കൊണ്ടും ഗിരീശനെക്കൊണ്ടും പാട്ടുകൾ പാടി കേൾപ്പിച്ച്, രാത്രി മറ്റൊരു സിനിമ കൂടെ കണ്ടു, ഋതുഭേദം.

ഋതുക്കൾ മാറുന്നു. ഞാൻ തിരുവേഗ്ഗപ്പുറയിലും, ഞാങ്ങാട്ടിരിയിലും, വട്ടേനാട്ടും തിരിച്ച് വീണ്ടും തൃപ്രയാറും കറങ്ങിയപ്പോഴെക്കും ലീവവസാനിച്ചു. വീണ്ടുമൊരു കാഴ്ചക്കായി ചുരുങ്ങിയത് ഒരു വർഷം. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി വീണ്ടും ജയന്തിയിൽ ഗണേശനുമൊത്ത്  ബോംബെക്ക് വണ്ടി കയറി.

യാത്രയിൽ പണം കൊടുത്തു കുപ്പിവെള്ളം വാങ്ങാൻ കിട്ടുന്നതിനും മുമ്പുള്ള കാലഘട്ടം. വഴിയിലെ സ്റ്റേഷനുകളിൽ നിന്ന് അതാത് നാട്ടിലെ നദീജല സംഭരണികളിൽ നിന്നും എത്തുന്ന പൈപ് വെളളത്തിൽ ദാഹം മാറ്റിയിരുന്ന കാലം. ജലത്തിൻ്റെ ഇഷ്ടമില്ലാത്ത രുചിഭേദങ്ങൾ. അവയെ മറികടക്കാൻ ഞങ്ങൾ ചെറുനാരങ്ങകളും ഉപ്പും കൈയ്യിൽ കരുതി. രണ്ടാം ദിനം ഉച്ചക്ക് ഊണ് കഴിഞ്ഞു വെള്ളം കുടിക്കാൻ നേരം ഉപ്പ് കഴിഞ്ഞപ്പോൾ ഗുണ്ടക്കലിൽ ഗണേശൻ  സ്റ്റേഷനിലെ കാന്റീൻ നോക്കിപ്പുറപ്പെട്ടിറങ്ങി. നിമിഷങ്ങൾക്കകം വണ്ടി നീങ്ങിത്തുടങ്ങി. ബോഗികൾ തമ്മിൽ പരസ്പരം ബന്ധിക്കാത്ത അക്കാലത്ത് മറ്റൊരു ബോഗിയിൽ കയറി ഇവിടേക്ക് വരാനും നിവൃത്തിയില്ല. വണ്ടിക്ക് ഇപ്പോൾ വേഗം വെച്ചിരിക്കുന്നു. അവൻ ജയന്തിയിൽ  കയറിയോ, അതോ വണ്ടി പോയതറിയാതെ ഗുണ്ടക്കലിലെ കാന്റീനിൽ ഉപ്പിന് വേണ്ടി നിൽക്കുന്നുണ്ടാവുമോ? ആകെ വിഷമിച്ചിരുന്ന എന്നെ  കൂടെയുള്ളവർ ആശ്വസിപ്പിച്ചു. അടുത്ത അരമണിക്കൂറിനുള്ളിൽ ഗുണ്ടക്കലിൽ നിന്ന് ബോംബെക്ക് വേറെയും വണ്ടിയുണ്ട്. അതിൽ കയറിപ്പോരാം. കല്യാണിൽ കാത്ത് നിന്നാൽ മതി. പക്ഷെ നാളെ വെളുക്കും വരെ അന്യോന്യം  ഒരു വിവരവും അറിയാതെ എങ്ങിനെ ഇരിക്കും. ആലോചിച്ച് ഒരെത്തും പിടിയുമില്ലാതായപ്പോൾ ഉറക്കം എന്നെ സാന്ത്വനപ്പെടുത്തി. അര മണിക്കൂറിനു ശേഷം ഏതോ ഒരു സ്റ്റേഷനു മുമ്പായി സിഗ്നലില്ലാതെ കിടന്നപ്പോൾ ഗണേശൻ വീണ്ടും എൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഭാഗ്യത്തിന് പിന്നിലെ ബോഗിയിൽ ഓടിക്കയറിയ അവൻ, ബോഗികൾക്ക് മുകളിലൂടെ ചാടിക്കടന്നു എന്നെ വിവരം ധരിപ്പിക്കാൻ വിദഗ്ദ്ധനായ ഒരുത്തനെ കണ്ടെത്തി വിലപേശുന്നതിനിടയിലാണ് വണ്ടി സിഗ്നലിലെത്തി നിന്നതത്രെ. ഞങ്ങൾ വീണ്ടും യാത്രയുടെ ബാലപാഠങ്ങൾ പഠിച്ചു കൊണ്ടിരുന്നു.

അവയുടെ നേർക്കാഴ്ചയൊരുക്കാനായി വണ്ടി വീണ്ടും ബോംബെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...No comments: