Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 11 )



ആയിടക്കാണ് കേരളീയ ജനതയെ ആകമാനം ഞെട്ടിച്ചു കൊണ്ട് ജന്മി ആയിരുന്ന കോങ്ങാട് നാരായണൻ കുട്ടി നായർ കൊല ചെയ്യപ്പെടുന്നത്. നക്സലുകളെ പേടിച്ച് ഞങ്ങൾ കുട്ടികൾക്ക് ഉറക്കം വരാതിരുന്ന നാളുകൾ. നമ്മളെയും അവർ കൊല്ലുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം എന്നാലും ആ പേടി കുറച്ചേറെ കാലം തന്നെ എന്നെ വേട്ടയാടി. രാത്രികാലങ്ങളിൽ ഉമ്മറത്തെ കനത്ത വാതിലുകൾ അവർക്ക് വെട്ടിത്തുറക്കാൻ സാദ്ധ്യമല്ല എന്നും മറ്റും സമാധാനിച്ചു പേടിച്ചുറങ്ങിയ ദിനരാത്രങ്ങൾ.
അക്കാലത്ത് നമ്മളെപ്പേടിപ്പിക്കാൻ നാട്ടിൽ, പ്രത്യേകിച്ച് സ്‌കൂളിൽ ചില വാർത്തകൾ പരക്കും. കുട്ടികളിപ്പിടുത്തക്കാർ ഇറങ്ങിയിട്ടുണ്ടെന്നതാണത്. എവിടെയോ ഒരു പാലം അല്ലെങ്കിൽ അണക്കെട്ട് പണിയുന്നുണ്ടെന്നും അതിൻറെ കാലുകൾക്ക് ബലം നൽകാൻ കുട്ടികളെ കൊണ്ട് പോയി കുരുതി കൊടുക്കുമെന്നും. അതിനായിട്ടാണത്രെ കുട്ടികളെ പിടുത്തക്കാർ ഇറങ്ങുന്നത്. ഇങ്ങനെയൊരു വാർത്ത പറഞ്ഞ സുബ്രഹ്മണ്യനോടും ബാലകൃഷ്ണനോടും മേൽപ്പറഞ്ഞ ഉമ്മറത്തെ കനത്ത വാതിലുകളെക്കുറിച്ചും അച്ഛൻ പട്ടാളക്കാരനാണെന്നും പറഞ്ഞു സമാധാനിക്കും. സമാധാനിക്കാൻ അങ്ങിനെയൊരു ധൈര്യത്തിന്റെ പിൻബലം പോലുമില്ലാതെ ആ പാവങ്ങൾ പേടിച്ചിരിക്കും.
അക്കൊല്ലമാണ് ഞാനും ശശിയും നീന്തൽ പഠിച്ചത്. ആദ്യം തെക്കേ പത്തായപ്പുരയിലെ കുളത്തിൽ അച്ഛന്റെ കൈകളിൽ കിടന്നും, പിന്നെ തേങ്ങകൾ ചേർത്ത് കെട്ടിയ പൊങ്ങുപയോഗിച്ച് നാലു കെട്ടിലെ നിറഞ്ഞു കിടക്കുന്ന കുളത്തിലുമായി… ജീവിതത്തിലെ അനേകം പ്രതിസന്ധികളിൽ നീന്തിക്കയറാൻ പ്രേരണയായ ആദ്യ പാഠം.
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് അന്ന് കാലത്ത് ഓല കൊണ്ടുള്ള വീടുകൾ മേയുന്നത്. ജീർണ്ണിച്ചു തുടങ്ങിയ പഴയ ഓലകൾ മൊത്തം താഴേക്കിറക്കി, അതിൽ നല്ലത് മാറ്റി വെച്ച് പുതിയ കുടപ്പന ഓല കൊണ്ട് മേയും. അവക്ക് മേലെയായി വീണ്ടും മാറ്റി വെച്ച പഴയ ഓലകൾ നിരത്തും. തെക്കേ പത്തായപ്പുരയിലെ ഉരൽപ്പുര അത്തരത്തിൽ ഓല കൊണ്ട് മേഞ്ഞ ഒന്നായിരുന്നു. തെക്കേ പത്തായപ്പുരയിലെ വളപ്പിൽ ഇഷ്ടം പോലെ കുടപ്പനകൾ ഉണ്ട്. ആ വർഷം തെക്കേ പത്തായപ്പുരയിലേക്ക് ഓല തപ്പി എത്തിയ ആളെ കണ്ട് ഞാൻ അമ്പരന്നു. കുമാരൻ മാസ്റ്റർ. എൻറെ ക്ലാസ് മാഷ്. മാഷുടെ വീട് ഓല വീടാണ് എന്നത് എനിക്ക് പുതിയൊരു അറിവും അത്ഭുതവുമായിരുന്നു. അങ്ങിനെ വെട്ടുന്ന കുടപ്പനോലയുടെ ബാക്കി വരുന്ന തണ്ടുകൾ ഞങ്ങൾ കുട്ടികൾക്ക് ഉരുസിക്ക ളിക്കുവാനുള്ള ഉപകരണമായി മാറും. അന്നത്തെ നാട്ടുമ്പുറങ്ങളിലെ കൊച്ചു സ്ലൈഡുകൾ.
അക്കാലത്ത് ഒരു പതിനൊന്ന് മണിയോടെ ചെറുകര സ്‌കൂളിലെ ഒട്ടു മിക്ക ക്‌ളാസിലേക്കും അനുവാദം ചോദിക്കാതെ ഒരു അതിഥിയെത്തും. കാക്കി പാൻറ്സും നിറയെ കീശകളും ഉള്ള കുപ്പായവുമായി, ഷർട്ടിന്റെ പുറം കോളറിൽ ഒരു കാലൻ കുടയും തൂക്കി കുമാരൻ നായരെന്ന പോസ്റ്റുമാൻ. അദ്ദേഹം അങ്ങിനെ എനിക്കും കത്തുകൾ തന്നു തുടങ്ങി. തെക്കേ പത്തായപ്പുര, കിഴക്കേ പത്തായപ്പുര, കണ്ണനിവാസ് എന്നിവിടങ്ങളിലേക്കുള്ള കത്തുകൾക്കുള്ള സബ് പോസ്റ്റ്മാനായി ഞാൻ മാറി. ഏറ്റവും കൂടുതൽ കത്തുകൾ വരുന്നത് കിഴക്കേ പത്തായപ്പുരയിലേക്കാണ്. നാരായണനുണ്ണി അമ്മാവന് ബോംബെയിൽ നിന്നും രമേശേട്ടന്റെയും മറ്റു പലരുടെയും കത്തുകളുണ്ടാവും. കൂട്ടത്തിൽ സോവിയറ്റ് നാട് മാസികയും മാസത്തിലൊരിക്കലെത്തും. നല്ല ബഹുവർണ്ണ ചിത്രങ്ങളുള്ള ഒരു മാസിക. പത്രങ്ങൾ വായിക്കുന്നതിനും മുമ്പ് ചിത്രങ്ങൾ കാണാനായി മാത്രം മറിച്ചു നോക്കിയിരുന്ന, കാഴ്ചകളുടെ ഒരു വസന്തമൊരുക്കിയിരുന്ന മാഗസിൻ.
വർഷാരംഭത്തിലെ പുസ്തകം പൊതിയലിന് പത്തായപ്പുരയിൽ നിന്നും അവ വാങ്ങി വരും.
കുമാരൻ നായർ താമസിക്കുന്നത് സ്‌കൂളിന്റെ നേരെ മുമ്പിലുള്ള ഒരു വാടക വീട്ടിലാണ്. അതിന്റെ ഒരു വശത്തായി ഒരു പൊതു കിണറുമുണ്ട്. ആ കിണറ്റിൽ നിന്നാണ് ഞങ്ങൾ ഇന്റർവെല്ലുകളിൽ ദാഹം തീർക്കുക, വലിയ ക്‌ളാസിലെ കുട്ടികൾ ഉച്ചയൂണ് കഴിഞ്ഞു പാത്രം കഴുകുക. ശനിയാഴ്ച്ചകളിൽ, സ്‌കൂൾ അവധിക്കാലങ്ങളിൽ ഒക്കെ റിട്ടയർമെന്റിനടുത്തെത്തിയ കുമാരൻ നായർ ചുട്ടു പൊള്ളുന്ന വെയിലിൽ നട്ടുച്ച നേരത്ത് വലിയ താമരവില്ലുള്ള കുടയും ചൂടി പാടത്തു കൂടി കത്തുകളുമായി മേൽവിലാസക്കാരനെ തേടി നടക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
വൈകുന്നേരം സ്‌കൂൾ വിടാനുള്ള നീണ്ട മണി മുഴങ്ങിയാൽ പിന്നെ പുറത്തേക്ക് ഓട്ടമാണ്. ശശിയേയും കൂട്ടി കൂട്ടുകാരോടൊപ്പം ഓടിയും, തളരുമ്പോൾ നടന്നും ആലിൻ കൂട്ടം വഴി പള്ളത്തിടവഴിയിലേക്കിറങ്ങും. പള്ളത്തിടവഴി അന്ന് കഷ്ടിച്ചു രണ്ടാൾക്ക് മാത്രം പോവാൻ പറ്റുന്ന, ഇരുവശവും ഇടതൂർന്ന് വൃക്ഷങ്ങൾ വളർന്നു, പകൽ പോലും ഇരുട്ട് മൂടി നിൽക്കുന്ന, ഒറ്റക്ക് പോവാൻ പേടി തോന്നുന്നൊരു ഇടവഴിയാണ്. പലപ്പോഴും ഞങ്ങളുടെ ജാഥ അവിടെയെത്തുമ്പോഴാവും തോട്ടിൽ നിന്നും കുളിച്ച് വരുന്ന എരുമക്കൂട്ടങ്ങൾ എതിരെ വരിക. തടിച്ചുരുണ്ട് സംഘമായി വരുന്ന കാരികളുടെയും കാട്ടികളുടെയും ചെമ്പൻറെയും വലിയ കൊമ്പുകളിൽ നിന്നും രക്ഷ നേടാൻ ഒന്നുകിൽ പള്ളത്തെ വീടിന്റെ പടിക്കലേക്ക് കയറി നിൽക്കണം, അല്ലെങ്കിൽ തിരിച്ചോടി രണ്ടിടവഴികളായി പിരിയുന്നിടത്തേക്ക് ചെന്ന് മാറി നിൽക്കണം.
ഏരുകളുടെ പള്ളത്തിടവഴിയിലെ യാത്രയെ മറികടന്ന് പാടത്തേക്കിറങ്ങിയാൽ പിന്നെ വലിയ തോട്ടു വക്കത്ത് കൂടെയുള്ള ചെറിയ വരമ്പിലൂടെ അണക്കെട്ട് വരെ ശ്രദ്ധിച്ചു നടക്കണം. അണക്കെട്ട് കടക്കുമ്പോൾ വല്ല ആളെപ്പിടുത്തക്കാരും അങ്ങകലെയായി ഉണ്ടോ എന്ന് പേടിയോടെ നോക്കും. ഈ അണക്കെട്ട് പണിതപ്പോഴും വല്ല കുട്ടികളെയും ബലി കൊടുത്തിരിക്കുമോ എന്ന് ഭയന്ന് താഴോട്ട് നോക്കും.
അണക്കെട്ട് കഴിഞ്ഞ് കുറ്റിപ്പുളി വരെയും വരമ്പുകളിൽ നിന്നും വരമ്പുകളിലേക്ക് ചാടിയോടും. കുറ്റിപ്പുളിയെത്തിയാൽ വീണ്ടും ചെറിയ തോടിനു കുറുകെയുള്ള മരപ്പാലത്തിന്മേൽ കൂടെ ചെറിയവരെ കൈപിടിച്ചു നടത്തും. പിന്നെ വീണ്ടും നീണ്ടു കിടക്കുന്ന വലിയ വരമ്പുകളിലൂടെ ഓടിയും, നടന്നും ദാഹം സഹിക്കവയ്യാതാവുമ്പോൾ പാടത്തിൻറെ കരയിലുള്ള വീടുകളിലൊന്നിൽ നിന്നും വെള്ളം വാങ്ങിക്കുടിച്ച് നാലേ മുക്കാലോടെ പത്തായപ്പുരക്ക് മുമ്പിലുള്ള പാടത്തെത്തും.
കിഴക്കേ പത്തായപ്പുരയിൽ കത്ത് കൊടുക്കേണ്ട ദിനങ്ങളിൽ അത് വഴി കയറി ഉമ്മറത്തോ തളത്തിലോ ചാരുകസേരയിലിരിക്കുന്ന നാരായണനുണ്ണിയമ്മാവനെ അതേൽപ്പിച്ച് കണ്ണനിവാസിലേക്ക്. അവിടെ എത്തിയാൽ പുസ്തക സഞ്ചി പെട്ടിപ്പുറത്ത് വെച്ച് നേരെ അടുക്കളയിലെ അടുപ്പിൻ കല്ലിന്മേൻ വെച്ച കാപ്പി ഒരൊറ്റ മോന്തലാണ്. അതോടൊപ്പം തിന്നാൻ എന്താണ് എന്ന നോട്ടമാവും. എന്ത് കിട്ടിയാലും തിന്നാനുള്ള വിശപ്പുമായെത്തുമ്പോൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ കരച്ചിൽ വരും. എങ്ങനെയാ എന്നും ഇങ്ങനെ തിന്നാൻ ഉണ്ടാക്കുക എന്ന് അമ്മ പരിഭവം പറയും. വേഗം കുളിച്ചു വന്നാൽ ഉരുള തരാമെന്നും. അങ്ങിനെയുള്ള ചുരുക്കം ദിവസങ്ങളിൽ പകലൂണെന്ന അത്താഴത്തിൽ വിശപ്പകറ്റും.
ചിത്രം: നീന്തിപ്പഠിച്ച നാലുകെട്ടിലെ കുളം
വര: ശശി
തുടരും...

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...