Friday, August 30, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 21


ഒരാഴ്ച  യമപുരിയുടെ വിജയത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞങ്ങളെല്ലാവരും. പ്രത്യേകിച്ച് നാടകകൃത്ത്.


അടുത്ത ഞായറാഴ്ച  രമേശേട്ടന്റെ കൂടെ  ചെമ്പൂരിലുള്ള ശ്രീനാരായണഗുരു കോളേജിലെത്തി. മനസ്സിലാരാധിച്ചിരുന്ന ഗുരു നിത്യചൈതന്യ യതിയെ കാണുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തെ കണ്ടു, രമേശേട്ടൻ ഞങ്ങളെ മൂപ്പർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കൂടെ വന്ന ജ്യോതിയെയും പരിചയപ്പെട്ടു. യതിയാണ്‌ ആദ്യമായി രമേശേട്ടനോട് നീ നല്ലൊരു ശബ്ദത്തിനുടമയാണെന്ന് പറഞ്ഞത്. കോളേജ് പഠനത്തിനു ശേഷം ഫേൺ ഹില്ലിൽ കുറച്ചു കാലം രമേശേട്ടനും യതിയുടെ കൂടെ ആശ്രമത്തിൽ താമസിച്ചിട്ടൂണ്ട്. ആ സുഖാന്വേഷണങ്ങൾക്കു ശേഷം അന്നത്തെ അവിടെ സംഘടിപ്പിച്ച യോഗത്തിലും പങ്കെടുത്താണ്‌ ഞങ്ങൾ മടങ്ങിയത്.

ആരതി റെക്കോർഡിംഗിൽ ടാസ്കം 8 ട്രാക്ക് റെക്കോർഡർ വാങ്ങാൻ മധു സിൻഹ തീരുമാനിച്ചിരിക്കുന്നു. സംഗീത സംവിധായകരുടെ ബുക്കിംഗുകൾ വരണ്ടു തുടങ്ങിയപ്പോൾ ഒരു ഹൈ ബാൻഡ് റെക്കോർഡറും വാങ്ങി ടാസ്കം റെക്കോർഡറിനെ ക്യു ലോകിലൂടെ ബന്ധിച്ച് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾ(ഡബ്ബിംഗ്, ബാക് ഗ്രൌണ്ട് മ്യൂസിക്, സൗണ്ട് ഇഫക്ട്സ്, മിക്സിംഗ് എന്നിവ) ചെയ്യാനുള്ള സംവിധാനമൊരുക്കുന്ന തിരക്കിലാണ്‌ സിൻഹാജി. അതിനു മുമ്പായി സിനിമാ റീലുകളെ ടെലി-സിനെ ചെയ്ത് ഡിഗിറ്റൽ രൂപത്തിലാക്കണം. റീലുകൾ സിനിമാ പ്രൊജക്ടറിൽ ഓടിച്ച്, അതിനെ വീഡിയോ ക്യാമറ ഉപയോഗിച്ച് ഹൈബാൻഡ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുന്ന സംവിധാനം.  അതിനുള്ള സംവിധാനവും ക്യാമറാമാൻ കമലാകർ റാവുവുമായി ഒരുക്കിയിരുന്നു.

ആരതിയിൽ മധു സിൻഹാജി കഴിഞ്ഞാൽ രാമുവാണ്‌ എല്ലാമെല്ലാം. അഞ്ചാം തരത്തിനപ്പുറം വിദ്യാലയം കണ്ടിട്ടില്ലാത്ത ഒരു ജീനിയസ്. ആരതി സൗണ്ട്സിലെ(സൌണ്ട് ട്രാൻസഫ്രർ റൂമിലെ) പ്രധാന റെക്കോർഡിസ്റ്റ് രാമുവാണ്‌. രാമു ആരതിയിലെത്തിയതിനൊരു കഥയുണ്ട്.

രാമുവിന്റെ കഥ തുടങ്ങുന്നത് ബിഹാറിലെ നേപ്പാൾ ബോർഡറിനടുത്തുള്ള സീതാമാഡി ജില്ലയിൽ നിന്നുമാണ്‌. ഒരു കർഷക കുടുംബത്തിലെ അഞ്ചുമക്കളിൽ രണ്ടാമനായി പിറന്ന്, കാർഷികവൃത്തികൾക്കുശേഷം  കിട്ടുന്ന ഒഴിവു സമയങ്ങളിൽ സ്കൂളിലെത്തപ്പെട്ടുന്നൊരു സമൂഹത്തിൽ അഞ്ചാം തരത്തിൽ എങ്ങിനെയോ എത്തപ്പെട്ടു. പഠനത്തിൽ പിന്നില്ലായതിന്‌ മാസ്റ്റർജിയിൽ നിന്നും കിട്ടിയ ചൂരൽ പ്രയോഗത്തിന്‌, മാസ്റ്റർജിയെ തിരിച്ചു തല്ലി സ്കൂളും നാടും വിട്ടു. പഠനമുപേക്ഷിച്ച രാമു ചെന്നെത്തിയത് ചാച്ചയുടെ കൂടെ കൊൽക്കത്തിയിലെ ഹോട്ടൽ ജോലിയിൽ. അഞ്ചു കൊല്ലത്തിനു ശേഷം ചാച്ചയോട് തെറ്റിപ്പിരിഞ്ഞ് അവിടെ നിന്നും ആദ്യമായി നാട്ടിലേക്ക് പോകും വഴിക്ക് പട്നയിൽ വണ്ടിയിറങ്ങി ബസ് പിടിക്കാൻ റോഡ് മുറിച്ച് കടക്കുകയായിരുന്നു.  പെട്ടെന്നായിരുന്നു മറുവശത്തുനിന്നും വന്ന ഒരു കാർ ഇടിച്ച് താഴെയിട്ടത്. ഇടിയുടെ ആഘാതത്തിൽ, കാറിനു മുമ്പിൽ ബോധമില്ലാതെ കിടന്ന അവനെ ആ കാറോടിച്ചയാൾ ആശുപത്രിയിലെത്തിച്ചു ചികിൽസിച്ചു. ബോധം വന്നപ്പോൾ അയാളുടെ ശ്വാസം നേരെ വീണു. അവന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭാഗ്യത്തിന്‌ കാര്യമായ പരിക്കുകളൊന്നും തന്നെയില്ലായിരുന്നതിനാൽ രണ്ടു ദിവസം കൊണ്ട് ആശുപത്രി വിട്ടു. പോലീസ് കേസ്, തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാൽ കേസാക്കാതെ വിട്ടു.  ആശുപത്രിയിൽ നിന്നും വിട്ടു പോരുമ്പോൾ സേഠ്ജി ബോംബെക്ക് വരാൻ താല്പര്യമാണോ എന്ന് ചോദിച്ചു. ജീവിതം വഴിമുട്ടി നിന്ന നേരത്ത് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ശരിയെന്ന് പറഞ്ഞു. പോരുന്നതിനു മുമ്പായി സേഠ്ജി കദം കുവയിലെ ബുദ്ധമൂർത്തിക്കു മുമ്പിൽ ഏത്തമിടുവിച്ചു. കളവു പറയില്ലെന്നും ചെയ്യില്ലെന്നും. തന്നോട് പറയാതെ ജോലിയിൽ നിന്നും ഓടിപ്പോവില്ലെന്നും പറഞ്ഞ്. ബോംബെയിൽ എത്തിയ ആദ്യനാളുകളിൽ സേഠ്ജി പുതുതായി തുടങ്ങിയ ഫിലിം ലൈറ്റ് ബിസിനസിൽ “ലൈറ്റ് മാൻ ആയിട്ടായിരുന്നു തുടക്കം. താമസം സേഠ്ജിയുടെ കൂടെത്തന്നെ. അത്യാവശ്യം വീട്ടുപണികളും ചെയ്യണം. പിന്നീട് സൗണ്ട് ട്രാൻസ്ഫർ റൂം തുടങ്ങിയപ്പോൾ ലൈറ്റ് മെൻ എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഉപേക്ഷിച്ച് ട്രാൻസ്ഫർ റൂമിൽ  അപ്രന്റീസ് ആയി ചേർന്നു. സൗണ്ട് റോളുകൾ റെക്കോർഡറിൽ ലോഡ് ചെയ്യുക. സ്പൂളുകൾ റിവൈൻഡ് ചെയ്യുക തുടങ്ങിയ പടുപണികൾ. ഇടക്ക് വല്ലപ്പോഴും റെക്കോർഡിസ്റ്റിന്‌ ഫോൺ വന്ന് പുറത്ത് പോവുമ്പോൾ മിക്സറിൽ ഇരുത്തും. പതുക്കെപ്പതുക്കെ ശബ്ദത്തിന്റെ വ്യതിയാനങ്ങളും, തീവ്രതയും മനസ്സിലാക്കിത്തുടങ്ങി. സാമന്യേന അപ്രധാനങ്ങളായ നാഗ്ര റെക്കോർഡറിൽ നിന്നുമുള്ള ഷൂട്ടിംഗ് റഷസ് സൗണ്ട്, 35എം എം സൗണ്ട് ടേപ്പിലേക്ക് പകർത്തൽ തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചു തുടങ്ങി. ഇന്ന്‌ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും പഠിച്ചിറങ്ങി വരുന്ന ഏതൊരു റെക്കോർഡിസ്റ്റിനോടും കിടപിടിക്കാവുന്ന റെക്കോർഡിസ്റ്റ് ആയി രാമു മാറിക്കഴിഞ്ഞിരിക്കുന്നു.

ചെയ്യുന്ന പണിയോട് ആത്മാർത്ഥതയും, പഠിക്കാനുള്ള അഭിവാഞ്ഛയും, സ്വല്പം പ്രതിഭയുടെ അംശവുമുണ്ടെങ്കിൽ ഏതൊരാൾക്കും ഉയരങ്ങളിലെക്ക് എത്താമെന്നതിന്റെ ഉത്തമോദാഹരണമായി രാമു, എളിമയുടെ പര്യായമായി ആരതിയിൽ ചിരിച്ച മുഖവുമായി എന്തിനും തയ്യാറായി നില്പ്പുണ്ടാവും. മേല്പ്പറഞ്ഞ പോസ്റ്റ് പ്രൊഡക്ഷൻ പരീക്ഷണങ്ങളിലും രാമുവിന്റെ കയ്യൊപ്പുണ്ട്.

വിനയൻ അഞ്ചു വർഷത്തെ ബോംബെ വാസത്തിനു ശേഷം ജോലി രാജിവെച്ച് നാട്ടിലേക്ക് യാത്രയാവുന്നു. അവനെ യാത്രയാക്കാൻ സതീശന്റെ വക കോഴിക്കറിയും പൊരിച്ചതുമായൊരു യാത്രയയപ്പു പാർട്ടി. പാർട്ടികൾ ഇഷ്ടഭക്ഷണങ്ങളിൽ മാത്രമൊതുങ്ങും. മറ്റു ബാച്ചിലർ റൂമുകളിലെപ്പോലെ അവിടെക്ക് “വെള്ളം” കടന്നു വരാറില്ല. 83ലെ കോളേജ് ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് രമേശേട്ടനും ഗണുവുമൊത്തൊരു ഗാനമേളയും.

വൈകുന്നേരം ഖസാക്കിന്റെ ബോംബെ പതിപ്പിലേക്ക് നടക്കാനിറങ്ങി. കൊയ്തുകയറിയ പാടത്തിന്റെ നടുവിലൂടെയുള്ള ചവിട്ടടിപ്പാതകളിലൂടെ, വേലിയില്ലാ പറമ്പുകളിലൂടെ, വൃക്ഷങ്ങൾ ഇടതൂർന്ന കുന്നിൻ ചെരിവിലൂടെ, കുണ്ടനിടവഴികളിലൂടെ, വേലിപ്പടർപ്പിൽ പടർന്ന മുൾച്ചെടിയിൽ നിന്ന ചെനച്ച മുള്ളുമ്പഴം രുചിച്ച്, മുന്നിൽ കുറുകെക്കിടന്ന  വേരിൻപടർപ്പിൽത്തട്ടി വീഴാതെ, ഞങ്ങൾ നടന്നു. കുണ്ടനിടവഴിക്കപ്പുറം ആലിൻ ചുവട്ടിൽ കണ്ട സുന്ദരി, തോട്ടിലേക്ക് കുളിക്കാൻ പോവുന്ന ഏതോ നാടൻ സുന്ദരിയാണെന്ന് കൂട്ടത്തിലാരോ  പറഞ്ഞു. അതിനപ്പുറം രേത്തി ബന്ദറിലെ നദിക്കരയിലെത്തിയപ്പോൾ സായാഹ്നസൂര്യൻ ചക്രവാളത്തിൽ സിന്ദൂരം വിതറിത്തുടങ്ങിയിരുന്നു, അതു മുഴുവനും നദിയിൽ വീണ്‌ കലങ്ങിത്തുടങ്ങിയിരുന്നു. വിനയന്റെ കണ്ണുകളും.

ഏറെ നേരം ഗതകാലസ്മരണകളയവിറക്കി ഞങ്ങൾ അവിടെക്കൂടി. രേത്തി ബന്ദറിലെ മണൽ ക്കൂനകളിൽ മലർന്നു കിടന്ന്, നഗരത്തിന്റെ തിരക്കുകൾക്കെല്ലാം താല്ക്കാലികാവധികൊടുത്ത് നക്ഷത്രങ്ങളെണ്ണിക്കിടന്നു. യാമമൊന്ന് കഴിഞ്ഞു, കിഴക്ക്‌ ചന്ദ്രനുദിക്കുകയായി. രമേശേട്ടൻ കക്കാടിന്റെ ഒരു കവിത ഈണത്തിൽ ചൊല്ലി.

വളരെ നാള്‍ കൂടി ഞാൻ  നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയിൽ
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!..

..ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!...

…നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...









Wednesday, August 28, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 20


ബോംബെയിലെത്തിയ ശേഷം ആദ്യമായി ഓണം സ്വന്തം റൂമിൽ ആഘോഷിക്കാൻ തീരുമാനിച്ചു. മുൻ വർഷങ്ങളിലൊക്കെ നാട്ടിലോ, ഓപ്പോളുടെ അടുത്തോ ഒക്കെയായിരുന്നു ആഘോഷിച്ചിരുന്നത്. ഇക്കുറി മാട്ടുംഗയിൽ പോയി വേണ്ട സാധനങ്ങളൊക്കെ ഉത്രാടദിവസം തന്നെ വാങ്ങി വന്നു. രമേശേട്ടനെയും
വിനയനെയും കൂടി ക്ഷണിച്ചു.
ഇലയിട്ട്, നാലുകൂട്ടം കറികളും, പാലടപ്രഥമനുമായിത്തന്നെ ഓണമാഘോഷിച്ചു. സതുവിന്റെയും മുരളീമോഹനന്റെയും പാചകവൈദഗ്ദ്ധ്യം മുഴുവൻ മറനീക്കി
പുറത്തുവന്നു. പ്രത്യേകിച്ചും മുരളിയുടെ കാളൻ കസറി.
ആ വർഷത്തെ ഷാരടി സമാജം വാർഷിക പൊതുയോഗം എട്ടു വർഷം തുടർച്ചയായി പ്രസിഡണ്ട് ആയിരുന്ന പി എം പിഷാരടിയെന്ന അപ്പുമ്മാമനു പകരം
ആർ പി ഉണ്ണിയേട്ടനെ തെരഞ്ഞെടുത്തു. അതെ പോലെ എട്ടു വർഷം ട്രഷറർ ആയിരുന്ന പി എ പിഷാരടിക്കു പകരം മകൻ രാജൻ എ പിഷാരടി ട്രഷററായി.
സെക്രട്ടറി പദം ആർ പി രഘുനന്ദനിൽ നിന്നും പി വിജയനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അംബർനാഥ്-കല്യാൺ- ഡോംബിവിലി ഏരിയ മെമ്പറായിരുന്ന
ഭരതനെ ജോ. സെക്രട്ടറിയാക്കി. അംബർനാഥ്-കല്യാൺ-ഡോംബിവിലി മേഖലയിൽ നിന്നും ഡോംബിവിലിയെ അടർത്തിമാറ്റി പ്രത്യേക മേഖലയാക്കി മാറ്റി. അവിടത്തെ എം.എൽ.എ ആയി എന്നെ തെരഞ്ഞെടുത്തു, അംബർനാഥ് കല്യാൺ ഏരിയയിലേക്ക് എസ് വേണുഗോപാലനെയും തെരഞ്ഞെടുത്തു.
പുതിയ ഭരണസമിതി മീറ്റിംഗ് അംബർനാഥ് ഉണ്ണിയേട്ടന്റെ വീട്ടിലായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെന്ന് കരുതുന്ന അംബ്രേശ്വർ ശിവമന്ദിറിനപ്പുറത്തായുള്ള പ്രശാന്തസുന്തരമായൊരു സ്ഥലത്താണ് ഉണ്ണിയേട്ടൻ നാട്ടിലെപ്പോലെ ഒരു ബംഗ്ലാവ് വെച്ചിരിക്കുന്നത്. മുൻ വശത്തായി ഒരു ചെറിയ ഗാർഡൻ. അവിടെ അത്യാവശ്യം മരങ്ങളും പൂച്ചെടികളുമുണ്ട്. ബോംബെ നഗരത്തിലെ ചാൽ, ഫ്ലാറ്റ് ജീവിതത്തിനിടക്ക് ഈയൊരനുഭവം തികച്ചും വ്യത്യസ്ഥം തന്നെ.
സമാജം മീറ്റിംഗിലെ പ്രധാന തീരുമാനം അംബർനാഥ് ഈസ്റ്റിൽ ഓർഡിനൻസ് ഫാക്ടറിക്കപ്പുറം ഉള്ള തരിശു സ്ഥലത്ത് ഒരു പ്ളോട്ട് സമാജത്തിന്റെ പേരിൽ വാങ്ങിക്കുക എന്നതായിരുന്നു. സ്ഥലം പോയിക്കണ്ടു. പക്ഷെ, സമാജത്തിന്റെ അന്നത്തെ അവസ്ഥയിൽ വില താങ്ങാവുന്നതിലപ്പുറം. ആതുര
സേവനരംഗത്തേക്കുള്ള കാൽ വെയ്പ്പ് എന്ന ആശയ യത്തിനു മുമ്പിൽ സാമ്പത്തികം സഹ്യാദ്രി പോലെ തടഞ്ഞു മുന്നിൽ കിടന്നു.
ആ വർഷത്തെ ഓണാഘോഷത്തിലേക്കുള്ള പരിപാടികൾ ഏകദേശം തീരുമാനമാക്കി. ഒരു നാടകം അവതരിപ്പിക്കണമെന്ന പൊതുവായ അഭിപ്രായം കണക്കിലെടുത്ത് ഡോംബിവിലി കേരളീയ സമാജം ലൈബ്രറിയിൽ നിന്നും ഞാനും മുരളീ മോഹനനും കൂടി കുറച്ച് നാടകങ്ങൾ സംഘടിപ്പിച്ച് കൈയിൽ കരുതിയിരുന്നു. പക്ഷെ, വിശദ വിശകലനത്തിൽ ഒന്നും അവതരണയോഗ്യമായതായി കണ്ടില്ല. ആകെ ഇനിയുള്ളത് 20 ദിവസം. അതിനുള്ളിൽ
ലഘുനാടകങ്ങളൊഴികെ ഒന്നും പറ്റില്ലെന്ന് ഉറപ്പായിരുന്നു. ഒന്നു കൂടി പോയി തപ്പി രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കാമെന്നേറ്റ് അന്നു ഞങ്ങൾ പിരിഞ്ഞു.
നാടകമെന്ന ആശയം ഉപേക്ഷിക്കാമെന്ന് മുരളീ മോഹനൻ. വയ്യെന്ന് ഞാനും. ഒടുവിൽ എന്റെ സമ്മർദ്ദത്തിനു വഴങ്ങി, മുരളീ മോഹൻ തന്നെ
പുതിയൊരാശയവുമായെത്തി.
യമപുരി. അവിടത്തെ സംഭവവികാസങ്ങൾ. നർമ്മത്തിന്റെ മേമ്പൊടിയോടെ അതിനെ നോക്കിക്കാണാൻ ഞങ്ങൾ തീരുമാനിച്ചു.
പിറ്റേന്ന് രമേശേട്ടനേയും വിളിച്ചു വരുത്തി. മൊത്തം കഥയെക്കുറിച്ചും കഥാപാതങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. മൂപ്പരും അംഗീകരിച്ചു.
ഒരു കപട രാഷ്ട്രീയക്കാരൻ, പൈങ്കിളി സാഹിത്യകാരൻ, വ്യാജ ഡോക്ടർ, ബോംബെക്കാരനായൊരു പാവം പിഷാരടി എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഏറെ കഥാ പാത്രങ്ങൾ വയ്യ, കാരണം ആളെ ഒപ്പിക്കണ്ടേ? യമനും ചിത്രഗുപ്തനും ഇവരെ വിചാരണ ചെയ്യുന്നു. ഒന്നു രണ്ടു കിങ്കരന്മാരും വേണ്ടി വരും.
അപ്പോഴും പ്രശ്നം ഒന്നു മാത്രം. പരിണാമഗുപ്തി. അതിനെക്കുറിച്ച് ഒരു സമവായമായില്ല. ആ പ്രശ്നം കഥ മുന്നോട്ട് പുരോഗമിക്കുന്തോറും
പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിൽ മുരളീ മോഹൻ തൂലികയെടുത്തു.
അടുത്ത രണ്ടു ദിവസങ്ങൾ ഒരെഴുത്തുകാരന്റെ സർഗ്ഗാത്മക ദിനങ്ങളായിരുന്നു . അവനെ ഒറ്റക്കു വിടുക. അവന്റെ ലോകത്തേക്ക്. നമുക്കായി അയാൾ ഒരു ശില്പം പണിയുന്നു. അതിന്റെ കലാഭംഗിയിൽ നമുക്കയാളെ ശ്ലാഘിക്കാം... ഒടുവിൽ സ്ക്രിപ്റ്റ് റെഡിയായി. കഥാപാത്രങ്ങൾക്ക് മിഴിവു വന്നിരിക്കുന്നു. സംഭാഷണങ്ങൾ ചടുലവും ഹാസ്യേതരവുമായിരിക്കുന്നു.
നാടകത്തിന്റെ പേര് “യമപുരി സെപ്തബർ 30” എന്നായാലോ എന്ന എന്റെ ചോദ്യം രമേശേട്ടനും ശരിവെച്ചപ്പോൾ ഒരു പുതിയ നാടകം പിറവി
കൊള്ളുകയായിരുന്നു.
അടുത്ത ഞായറാഴ്ച കല്യാണിലെത്തി ഋഷിനാരദമംഗലം കൃഷ്ണകുമാറിനെയും സന്തോഷിനെയും കണ്ടു. അവരിരുവരും നാടകക്കമ്പക്കാരാണ്. മൊത്തത്തിൽ നാടകം അവർക്കുമിഷ്ടപ്പെട്ടു. അടുത്ത കടമ്പ കഥാപാത്രങ്ങൾക്ക് യോജിച്ച അഭിനേതാക്കളെ കണ്ടെത്തലായിരുന്നു.
യമരാജനായി കല്ലങ്കര ഭരതൻ, ചിത്രഗുപ്തനായി അനുജൻ രാധാകൃഷ്ണൻ, രാഷ്ട്രീയക്കാരനായി സന്തോഷ്, സാഹിത്യകാരനായി ഈയുള്ളവൻ, ഡോക്ടറായി ശശി, ബോംബെക്കാരൻ പിഷാരടിയായി ഉണ്ണിയേട്ടന്റെ മകൻ സതീഷ്. കിങ്കരനായി സന്തോഷിന്റെ അനുജൻ ആനന്ദും ആർ പി രഘുവേട്ടന്റെ മരുമകൻ വിനോദും.
തുടക്കത്തിൽ സംഭാഷണങ്ങൾ വഴങ്ങായ്മയും അതു കൊണ്ട് തന്നെ നർമ്മം വേണ്ട പോലെ ഫലിക്കാത്തതും അഭിനേതാക്കളിൽ ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ
രണ്ടാഴ്ചത്തെ കഠിനപ്രയത്നത്താൽ എല്ലാം ശരിയായിത്തുടങ്ങി. തലേന്നത്തെ അവസാന റിഹേഴ്സൽ കഴിഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും വിടർന്ന സന്തോഷം പിറ്റേന്നക്കുള്ള ആശങ്കകൾക്ക് വിരാമമിട്ടു.
1990 സെപ്തംബർ 30, ദാദർ വനമാലി ഹാൾ..
സംഭാഷണങ്ങൾ നാന്നായി കേൾക്കാനും ഗാനാലാപനങ്ങൾക്ക് മിഴിവേകാനുമായി നല്ല ശബ്‌ദോപകരണങ്ങൾ, ഞാൻ ജോലി ചെയ്യുന്ന ആരതി ലൈറ്റിൽ നിന്നും നല്ല സ്പോട്ട് ലൈറ്റുകൾ എന്നിവയും ഒരുക്കിയിരുന്നു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങിയ ഓണാഘോഷം കൈകൊട്ടിക്കളി, നൃത്ത നൃത്ത്യങ്ങൾ, ഗാനാലാപനങ്ങൾ എന്നിവയാൽ മുന്നോട്ട് പോകവേ പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചതിനാൽ ഏകദേശം അര മണിക്കൂറോളം നിർത്തി വെക്കേണ്ടിവന്നു. വൈദ്യുതി തിരിച്ചെത്തി വീണ്ടും തുടങ്ങിയെന്നാലും
പരിപാടികളുടെ സമയക്രമം ആകെ തകരാറിലായി. വനമാലിക്കാർ സമയദൈർഘ്യം അനുവദിക്കാൻ വൈമുഖ്യം കാട്ടി. തൽക്കാലം അരമണിക്കൂർ
നീട്ടിത്തരാമെന്നായി. പക്ഷെ അപ്പോഴും ഗാനമേള കഴിഞ്ഞ് നാടകം തുടരാൻ സമയമില്ല. നാടകം ഉപേക്ഷിക്കാതെ തരമില്ലെന്നായി. മുഖത്ത് മേക്കപ്പിട്ട
അഭിനേതാക്കളും രചയിതാവും വരെ മനസ്സില്ലാ മനസ്സോടെ നാടകം ഉപേക്ഷിക്കാമെന്ന ധാരണയിൽ എത്തി. സമയം വൈകിത്തുടങ്ങിയതിനാൽ ദൂരെ നിന്ന് വന്ന പലരും സ്ഥലം വിട്ടു തുടങ്ങി.
പക്ഷെ എന്തുകൊണ്ടോ, എനിക്കതിനോട് യോജിക്കാനായില്ല. എല്ലാവരോടും തയ്യാറായി ഇരുന്നോളാൻ പറഞ്ഞു. വീണ്ടും ഹാളുകരോട് ചോദിക്കാൻ പോയില്ല.
ഗാനമേള അവസാനിപ്പിച്ചതും ഉടൻ നാടകത്തിൻറെ അനൗൺസ്‌മെൻറ് തുടങ്ങാൻ രമേശേട്ടനെ ശട്ടം കെട്ടി നിറുത്തി....പ്രദീപ്, രമേശേട്ടൻ എന്നിവരടങ്ങുന്ന
താരനിരയുടെ ഗാനമേളക്ക് സമാപ്തിയായി.
ഹാളിൽ രമേശേട്ടന്റെ ശബ്ദം മുഴങ്ങി.
...മുത്തശ്ശിക്കഥകളും സംസ്കാരവും നമുക്കു നൽകിയ അനേകം കഥാപാത്രങ്ങൾ. അവരോരോരുത്തരും നമ്മുടെ മനസ്സിൽ തെളിമയോടെ എന്നുമുണ്ടെന്ന് തീർച്ച...
ആ വരികളുടെ മുഴക്കത്തിനപ്പുറം “യമപുരി, സെപ്തംബർ 30” നായി വേദിയിൽ തിരശീലയുയർന്നു. സ്പോട്ട് ലൈറ്റുകൾ മിഴി തുറന്നു. രംഗത്തേക്ക് ചിത്രഗുപ്തനെത്തുകയായി.. കഥാ പാത്രങ്ങളോരോരുത്തരായി അരങ്ങിലെത്തി. ഉള്ള കാണികൾ സാകൂതം വീക്ഷിക്കുന്നു. ചിത്രഗുപ്തൻറെ ഡയലോഗുകൾക്ക് കയ്യടികൾ ഉയരുന്നു.
കലാകാരന് സാർത്ഥകമെന്ന് തോന്നുന്ന ചുരുക്കം ചില സന്ദർഭങ്ങലിലൊന്ന് അവന്റെ കല വിജയിക്കുമ്പോഴാണ്. ജനങ്ങൾ അവയെ സ്വീകരിക്കുമ്പോൾ. അത്തരമൊരു നിമിഷത്തിന്റെ ആഹ്ളാദത്തിമിർപ്പിലാണ് അക്കൊല്ലത്തെ ഷാരടി സമാജം പരിപാടികൾ അവസാനിച്ചത്. മുരളീ മോഹനനെന്ന എഴുത്തുകാരന്റെ തൂലികക്ക് ലഭിച്ച അംഗീകാരമായിരുന്നു, ചിത്രഗുപ്തനെന്ന കഥാപാത്രത്തിന്-രാധാകൃഷ്ണന് ലഭിച്ച അംഗീകാരമായിരുന്നു അന്ന് ദാദർ
വനമാലി ഹാളിൽ ഉയർന്ന ഒരോ കയ്യടിയും.
നാടകം കഴിഞ്ഞ് തിരിച്ചുള്ള ലോക്കൽ ട്രെയിൻ യാത്ര കല്യാൺ അംബർനാഥ് ഭാഗത്തേക്കുള്ള എല്ലാവരുമൊത്തായിരുന്നു. സമാജത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയാംഗീകാരം പിടിച്ചുപറ്റിയ നാടകത്തിന്റെ ഹാങ്ങോവറിലായിരുന്നു നാടകത്തിൽ ഭാഗഭാക്കായ ഓരോരുത്തരും. പരസ്പരം പ്രശംസിച്ചും
ഓരോ നിമിഷങ്ങളെയും പുനരവതരിപ്പിച്ചും ഞങ്ങൾ ഡോംബിവിലിയിലെത്തിയതറിഞ്ഞില്ല.
ബോംബെ ജീവിതത്തിലെ ആഹ്ളാദം പകരുന്ന, മാനസികോല്ലാസം തരുന്ന അപൂർവ്വം ചില ധന്യനിമിഷങ്ങൾ. അതിൽ നമ്മൾ കൂടി ഭാഗഭാക്കാവുമ്പോൾ, നമ്മുടെ കൂടെ കയ്യൊപ്പ് പതിയുമ്പോൾ മധുരം ഇരട്ടിയാവുന്നു.

മുംബൈ ബാച്ചിലർ ജീവിതം – Part 19


രാവിലെ ഉണർന്നിട്ടും കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകൾ വിട്ടുമാറിയിരുന്നില്ല. സതു എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്. ഒന്നും മനസ്സിലിരിക്കില്ല.
കൊല്ലാവസാനമാണ്. കണക്കെഴുത്തുകാരുടെ ഭാഷയിൽ ഇയർ എൻഡിംഗ്. നേരത്തെ ഓഫീസിലെത്തി തീർക്കേണ്ട പണികൾ പലതുണ്ട്. എല്ലാ വർഷത്തെയും പോലെ അവസാന നിമിഷമാണ് ഉത്രാടപ്പാച്ചിൽ. പണം പിൻ വലിക്കുക, ലാഭവും നികുതിയും കുറക്കാനുള്ള വഴികൾ കണ്ടെത്തുക എന്നു തുടങ്ങി പലതും ബാക്കിയാണ്.
സതുവുമൊത്ത് നേരത്തെ ഇറങ്ങി സ്റ്റേഷനിലേക്ക് ആഞ്ഞു പിടിക്കുകയാണ്. നടത്തത്തിന്റെ താളം തെറ്റിയ ഒരു നിമിഷം, കാലിലെ മടമ്പ് തെറ്റി വീഴാൻ പോയപ്പോൾ സതു കടന്ന് പിടിച്ചു. കാലുളുക്കിയിരിക്കുന്നു. കാണെക്കാണെ കാല് നീരു വന്നു വീർത്തു. നാട്ടിലുള്ളപ്പോൾ പല തവണ മടങ്ങിയ പടത്തിന്റെ അവിടെത്തന്നെയാണ് ഇപ്പളും ഉളുക്കിയിരിക്കുന്നത്. കാലിലെ നീരും, വേദനയുടെ ആധിക്യവും വെച്ച് നോക്കുമ്പോൾ ഇത്തവണത്തേത് ലെവൽ വൺ കാറ്റഗറിയിൽ പെടുത്താവുന്നതാണ്. ഓഫീസിൽ പോകാതിരിക്കാൻ യാതൊരു നിർവ്വാഹവുമില്ലാത്തതിനാൽ സതുവിന്റെ തോളിൽ പിടിച്ച് ഞൊണ്ടി സ്റ്റേഷനിലെത്തി, സ്ലോ വണ്ടി പിടിച്ച് എങ്ങിനെയോ ഓഫീസിലെത്തി. അപ്പോഴേക്കും കാൽ നിലത്ത് തൊടാൻ പറ്റാത്ത പരുവത്തിലായിരുന്നു.
കാലിലെ അവസ്ഥ കണ്ടതും, മധു സിൻഹ ഓഫീസിലെക്ക് വന്നതിന് ആദ്യമേ നാല് ചീത്ത പറഞ്ഞു. പിന്നീട് മാഹിമിലെ ഒരു മുസ്ലിം ആയുർവേദ ഉഴിച്ചിലുകാരനെ വിളിച്ച് കാറിൽ എന്നെയും കൊണ്ട് നേരെ വിട്ടു. ആയുർവ്വേദക്കാരന്റെ പത്തു മിനുട്ടു നേരത്തെ വലിച്ച്, കുടഞ്ഞ്, തിരുമ്മിയുള്ള കസർത്തു കഴിഞ്ഞപ്പോഴേക്കും ഒരുവിധം കാൽ നിലത്തു വെക്കാമെന്നായി. തിരിച്ച് ഓഫീസിലെത്തി മുപ്പത്തി ഒന്നാം തിയതി വരെക്കുള്ള പണികൾ ഒരു വിധം തീർത്തു. കുറെ ജോലികൾ രാമുവിനെ പറഞ്ഞേല്പ്പിച്ചു.
കാൽ പൂർണ്ണമായും ഭേദമാവുന്നതു വരെ ഓഫീസിലേക്ക് വരരുതെന്ന് താക്കീത് നല്കി മധു സിൻഹ വൈകുന്നേരം കാറിൽ കയറ്റി വിട്ടു.
ഒരാഴ്ച പകലുകളിൽ റൂമിൽ ഏകനായിക്കൂടി. ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഒരു കൂട്ടിനായി കൊതിച്ച ദിനങ്ങൾ.
വായനയിൽ ലയിച്ച ദിനങ്ങൾ. പഠിക്കുന്ന കാലത്ത് ഒരിക്കലും സമയം നോക്കാതെ വായിക്കാൻ കഴിയുമായിരുന്നില്ല. മനസ്സറിഞ്ഞുള്ള പഠനത്തേക്കാൾ സമയ ബന്ധിതമായൊരു ചടങ്ങായിട്ടായിരുന്നു അത് പലപ്പോഴും കലാശിച്ചിരുന്നത്. കയ്യിൽ വാച്ച്, കിഴക്കെ മുറിയുടെ ചുമരിൽ ക്ലോക്ക്, കൂടാതെ അകായിലെ ഇലക്ട്രോണിക് ക്വാർട്ട്സ് ക്ലോക്ക്. ഇവയെല്ലാം എന്റെ പഠന സമയങ്ങളെ നിയന്ത്രിച്ചു വന്നു. അത്തരം സമയനിഷ്കർഷതകളില്ലാതെ വായിക്കുകയെന്നത് ഭാഗ്യം. ഇന്നെങ്കിലും അതിന് കഴിയുന്നുവല്ലോ.
ദിനങ്ങൾ പിന്നിടും തോറും വായിക്കാനുള്ള സാമഗ്രികൾ കുറഞ്ഞു വന്നു. ഇനി പുതിയവ സംഘടിപ്പിച്ചിട്ടു വേണം. തല്ക്കാലം സ്വന്തം ചരിത്രത്താളുകളിലേക്ക് പരതിയിറങ്ങി. ചരിത്രമില്ലാതിരിക്കുക എന്നത് ഒരു രസമില്ലായ്മയാണ്, ബോറാണ്. ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ യഥാവിധി പകർത്തുമ്പോൾ അവ നാളത്തെ ചരിത്രമായി മാറുന്നു. അവക്ക് ഇതിഹാസമാനങ്ങൾ കൈവന്നാലോ, ജീവിതം അർത്ഥവത്താവുന്നു. അത്തരം ഇതിഹാസമാനങ്ങൾ ഒന്നുമില്ലെന്നാലും പഴങ്കഥകൾ വായിച്ചിരിക്കുക, ഓർക്കുക എന്നും അനുഭൂതിദായകമാണ്.
അങ്ങിനെ സഞ്ചരിക്കുമ്പോളാണ് കാലിലെ ഉളുക്കിന്റെ ഒരു പഴയ കഥയിലേക്ക് ഞാനെത്തിയത്. തൃപ്രയാറെ ടെറസ്സ് ഗോവണി ഓടിക്കയറുന്നതിനിടെ കാല് മടങ്ങിയ കാലം, മടമ്പ് നീർ വന്നു വീർത്തു. ഇരട്ടപെറ്റവരിലൊരാളെക്കൊണ്ട് ഉളുക്കിനുഴിയിപ്പിച്ചാൽ ഉളുക്ക് പമ്പ കടക്കുമെന്നാണ് നാട്ടു വിശ്വാസം. പാട്ടാളി സ്വാമിയുടെ ഭാര്യ സരസ്വതിയമ്മ്യാരെ ഇരട്ടപെറ്റതാണത്രെ. എത്രയോ പേരുടെ കാലുനിവർത്തിയ സരസ്വതിയമ്മ്യാർ അങ്ങിനെ എന്റെയും കാലുഴിഞ്ഞു ഞരമ്പുകളെ നേരെയാക്കി. മാഹിമിലെ മുസ്ലിം ഉഴിച്ചിലുകാരൻ ഇരട്ടപെറ്റതാണോ എന്ന് ഞാൻ ചോദിക്കാൻ വിട്ടു പോയിരുന്നു. ഏതായാലും വായനയും, പകലുറക്കവും, സ്വപ്നം കാണലുമായിക്കഴിഞ്ഞ ഒരാഴ്ചക്കു ശേഷം, അത്യാവശ്യം നടക്കാമെന്നായപ്പോൾ ഇരുപത്തി ഏഴാം ജന്മദിനമെത്തി. കൂടെ കൂട്ടുകാരുണ്ടെന്നാലും, ജന്മദിനാഘോഷങ്ങൾക്കപ്പുറം, നാം ഒറ്റക്കാണെന്ന ചിന്ത മനസ്സിനെ അലട്ടുന്നു. ഒരിണയുടെ സാമീപ്യം അവശ്യമെന്ന് അടിവരയിട്ട് നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം.
ഉളുക്കിന്റെ പാരവശ്യം വിട്ടുമാറാത്ത കാലുമായി വീണ്ടും ലോക്കൽ ട്രെയിനിൽ ഓഫീസിലേക്ക്. ട്രെയിനിൽ ഇടിയുടെയും, ചവിട്ടിന്റെയും സൗമ്യദുഖങ്ങൾ ഏറ്റുവാങ്ങി ജീവിത യാത്ര തുടർന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണോത്സുകതക്കുമുമ്പിൽ നമ്മുടെ ചെറിയ ദയനീയതകൾക്കെന്ത് സ്ഥാനം.
രമേശേട്ടനും വിനയനും ഗണുവുമടങ്ങുന്ന സംഗീതക്കൂട്ടായ്മ കാഞ്ചൂരിലെ ഞങ്ങളുടെ പഴയ റൂമിലേക്ക് താമസം മാറി. സംഗീത പഠനമാണ് ലക്ഷ്യം. ഡോംബിവിലിയെ അപേക്ഷിച്ച് കാഞ്ചൂരിലെ താമസത്തിന് മുക്കാൽ മണിക്കൂറിന്റെ ലാഭമുണ്ട്. അത് പഠനത്തിനായി ചിലവിടാം.
രമേശേട്ടന് കമ്പം ഹിന്ദുസ്ഥാനിയോടാണ്. നീലാ ഭാഗവത് എന്ന ഗ്വാളിയോർ ഘരാനയിലെ സംഗീത വിദുഷിയുടെ അടുത്ത് മൂപ്പർ പഠിക്കാനായി ചേർന്നു. പതിനെട്ടാം വയസ്സിൽ 15 വയസ്സുള്ള പയ്യനുമൊത്ത് വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചവർ. ആ 15 വയസ്സുകാരനെ അവർ ഭർത്താവാക്കി. വിപ്ലവരംഗത്തെ അതികായകന്മാരുമായി പരിചയപ്പെട്ടു. പക്ഷെ, അപ്പോളും സംഗീത പഠനത്തിൽ നിന്നും പിന്മാറിയില്ല. കുട്ടി ജനിച്ചപ്പോൾ ഭർത്താവിനോട് വിടപറഞ്ഞു. ഇപ്പോൾ ജീവിക്കുന്നത് സംഗീതത്തിനും എക മകനും വേണ്ടി. തുണക്കായി വേറൊരാളെ കണ്ടെത്തിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യവാദ പക്ഷത്തു നിന്നും പ്രവർത്തിച്ചിരുന്ന അവർ ആ കാഴ്ചപ്പാടുള്ള ഥുമ്രികളും മറ്റും രചിച്ച് സംഗീതാവിഷ്കാരം നടത്തിയിരുന്നവരായിരുന്നു.
കുറെക്കാലത്തിനു ശേഷം സുഹൃത്ത് വിജയന്റെ കത്തു വന്നു. ചെറുകര സ്കൂളിൽ അദ്ധ്യാപകനായി നിയമനം വാങ്ങിയിരിക്കുന്നു. 1969 മാർച്ച് മാസത്തിൽ വിദ്യാർത്ഥിയായി ഒന്നാം ക്ലാസിലേക്ക് കാലെടുത്തു വെച്ച വിജയൻ വീണ്ടും അദ്ധ്യാപകന്റെ രൂപത്തിൽ അതേ വിദ്യാലയത്തിലേക്ക് സംസ്കൃതാദ്ധ്യാപകനായി എത്തുന്നു. സ്കൂളിൽ പോകാനുള്ള മടിക്കുള്ള മറുമരുന്നുമായ ചൂരൽ പ്രയോഗവുമായി അച്ഛ്ന്റെയൊപ്പം നടന്നു കയറിയ വിജയൻ ഇന്ന് കയ്യിലൊരു ചൂരലുമായാവാം സ്കൂളിലെത്തുന്നത്. അയാൾക്കിഷ്ടപ്പെട്ട മേഖലതന്നെ ഒടുവിൽ അയാൾ നേടിയെടുത്തു.
യാത്രാവേളകളിൽ ഈയിടെയായി കഥാശകലങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നു..
ഓണപ്പൂട്ടലിനു സ്കൂളടക്കുന്ന ദിനം. കണക്കു പരീക്ഷയുടെ കുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട് അവൻ നടന്നു... ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.
കുണ്ടനിടവഴിയിൽ എതിരെ വന്ന പോത്തുകൾക്കിടക്ക് കാലനെ കാണുന്ന കുട്ടി. അതിന്റെ പൊരുളേതുമറിയാതെ കുട്ടിയുടെ മനസ്സിലേക്ക് ആ കാഴ്ച ഒരത്ഭുതമായി കടന്നു വരുന്നു. മുത്തശ്ശന്റെ മരണം ആസന്നമായിരിക്കുന്നു. പക്ഷെ, അതിനെ തന്റെ ഇഷ്ടയാത്രയാക്കി മാറ്റുന്ന ബാലൻ. പുത്ര ദു:ഖത്തിനുമപ്പുറം പൗത്രദു:ഖം അനുഭവിക്കാൻ വിധിക്കപ്പെടുന്ന ഹതാശനായ മുത്തശ്ശൻ…
പക്ഷെ അവയൊന്നും അക്ഷരങ്ങളാക്കി താളുകളിലേക്ക് പകർത്താനുള്ള വൈദഗ്ദ്ധ്യം പോര, ശില്പചാതുരിയില്ല. പദസമ്പത്തില്ല.
കഴിയുമെങ്കിൽ എഴുതണം, തിരുത്തണം. എഴുതിയെഴുതി തഴകണം.. മുരളീ മോഹൻ നിർദ്ദേശിക്കുന്നു.
ശ്രദ്ധ, തീവ്രദ്ധ്യാനം, പദദ്ധ്യാനം ഇവയൊക്കെ ഇനിയും നേടേണ്ടിയിരിക്കുന്നു. പഠനം തുടരുക തന്നെ.

മുംബൈ ബാച്ചിലർ ജീവിതം – Part 18


1989ലെ അവസാനദിനം, ഞായറാഴ്ച രാവിലെ നാലര മണിക്ക് മൂട്ടകളോടു മല്ലടിച്ചുള്ള യാത്രയവസാനിപ്പിച്ച്, സതീശനുമൊത്ത് കല്യാൺ സ്റ്റേഷനിലിറങ്ങി.
ബോംബെയിലെത്തിയിട്ട് വർഷം അഞ്ചു കഴിഞ്ഞെന്നാലും ഇന്നേ വരെ പുതുവർഷപ്പിറവിയുടെ ആഘോഷങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല. ഡിസംബർ 31ന്റെ രാവിൽ, നഗരം അണിഞ്ഞൊരുങ്ങി അതിന്റെ എല്ലാ സൗന്ദര്യങ്ങളും പ്രദർശിപ്പിച്ച്, സംഗീത-നൃത്ത വിരുന്നൊരുക്കി, അന്തേവാസികളെ, അതിലെ പുതു തലമുറയെ മുഴുവൻ തന്നിലേക്കാകർഷിക്കും. പ്രത്യേകിച്ചും വിക്ടോറിയ ടെർമിനസും പരിസരവും, ഗേറ്റ്-വേ ഓഫ് ഇന്ത്യയും, മരൈൻ ലൈൻസും, ജുഹു ചൗപ്പാത്തിയും, പിന്നെ ഗ്രാന്റ് റോഡിലുള്ള ചുവന്ന തെരുവും.
സാധാരണ ബാച്ചിലർ റൂമുകളിൽ ഈ ദിവസങ്ങളിൽ രാപ്പാർട്ടികൾ നിത്യസംഭവങ്ങളാണ്. പക്ഷെ ഇന്നേവരെ അങ്ങിനെ ഒരു ഡിസംബർ 31 ഞങ്ങളുടെ റൂമിലുണ്ടായിട്ടില്ല.
രമേശേട്ടന്റെ നേതൃത്വത്തിൽ ഗണുവും വിനയനും അടങ്ങുന്ന സംഗീതക്കൂട്ടായ്മ നഗരത്തെ അറിയുവാൻ ഇറങ്ങി. ബാക്കിയുള്ള ഞങ്ങൾ എന്നത്തേയും പോലെയുള്ള ഒരു രാത്രിയുടെ ചിട്ടവട്ടങ്ങളിലേക്ക് നിമഗ്നരായി, മറ്റൊരു പുതുവർഷപ്പുലരിയെ വരവേൽക്കാനായി.
പുതുവർഷം ഞങ്ങൾക്കു നല്കിയത് കാഞ്ചൂർ റൂം മാറണമെന്ന വാർത്തയായിരുന്നു. മൂന്നു വർഷം താമസിച്ച റൂമിനോട് പൊതുവെപ്പറഞ്ഞാൽ ഞങ്ങൾക്കും വിരക്തി തോന്നിത്തുടങ്ങിയിരുന്നു. അയൽ പക്കം ചേച്ചി ഡോംബിവിലിയിൽ പുതിയ ഫ്ലാറ്റ് എടുത്ത് മാറിപ്പോയി. ദിവസേന രാവിലെ ബക്കറ്റും പിടിച്ചുള്ള വിരേചനത്തിനുള്ള യാത്ര എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു. കേശവൻ ഇതിനകം തന്നെ കല്യാണിൽ കുളിമുറിയും കക്കൂസും അകത്തുള്ള ഒരു ചാൽ റൂമിലേക്ക് സ്ഥലം മാറി.
എന്തുകൊണ്ട് നമുക്കും അങ്ങിനെ ഒന്ന് തരപ്പെടുത്തിക്കൂടാ എന്ന് ആലോചനയിലേക്ക് വന്ന കാലത്താണ്, ഉർവ്വശീ ശാപം ഉപകാരമെന്ന പോലെ റൂം ഓണറുടെ ഓർഡർ. കല്യാണിൽ കേശവൻ മുഖാന്തിരം ഒന്നു രണ്ടു റൂമുകൾ കണ്ടെന്നാലും ഒന്നും പിടിച്ചില്ല. ശശിയുടെ സുഹൃത്ത് തോമസ് മുഖാന്തിരം ഡോംബിവിലി വെസ്റ്റിൽ ഒരു റൂം പോയി കണ്ടു. തരക്കേടില്ല. കക്കൂസും കുളിമുറിയും ഉള്ളിൽ തന്നെയുള്ള ഒരു മുറിയും, അടുക്കളയും പ്രത്യേകമായുള്ള ഒരു റൂം. പുതിയ നിർമ്മിതിയാണ്. അതു കൊണ്ടു തന്നെ വൃത്തിയുണ്ട്. 30,000 രൂപ ഡെപ്പോസിറ്റും 120 രൂപ വാടകയും. റൂമും പരിസരവും ഞങ്ങൾക്കെലാവർക്കും ഇഷ്ടപ്പെട്ടു. കൂടാതെ സ്റ്റേഷനിൽ നിന്നും 10 മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ. ഓഫീസിൽ നിന്നും 15000 രൂപയുടെ ഒരു ദീർഘകാല വായ്പയെടുത്തു. മാസം 500 രൂപ തിരിച്ചടവിൽ. ബാക്കി, പഴയ റൂമിന്റെ ഡെപോസിറ്റും, കയ്യിലുള്ള മിച്ചവും കൂടി ഒപ്പിക്കണം. പൈസ കടം തരുന്ന കാര്യത്തിൽ മധു സിൻഹാജി വിശാലഹൃദയനാണ്. ആ കടം വീടുന്നതു വരെ ഇനി ഈയൊരുത്തന്റെ ശമ്പള വർദ്ധനവിനെക്കുറിച്ച് ആവലാതി വേണ്ടല്ലോ എന്നതാണ് മൂപ്പരുടെ സമാധാനം. പലിശ ഒഴിവാക്കിക്കിട്ടുന്ന പണത്തിന്റെ വിധേയത്വം കൊണ്ട് നമ്മളും അതിനെപ്പറ്റി ഏറെ വ്യാകുലപ്പെടാറില്ല.
റൂമിലുള്ളവർ ഇപ്പോൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞിരിക്കുന്നു. രമേശേട്ടന്റെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ്. മറ്റൊന്ന് എന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ഡോംബിവിലിയിലെ റൂം എടുത്തത് എന്റെ നേതൃത്വത്തിലാണെങ്കിലും അവിടേക്ക് തൽക്കാലം അവരും കൂടെ വരുന്നുണ്ട്, മറ്റൊരു റൂം തരപ്പെടും വരെ. കൂടാതെ മുരളീ മോഹനനും സതീശന്റെ അമ്മാവന്റെ മകൻ സജീവനും കൂടെക്കൂടുന്നുണ്ട്.
1990 ഫെബ്രുവരി 17നു ഞങ്ങൾ കാഞ്ചൂർ മാർഗ്ഗ് റൂമിനോട് വിടപറഞ്ഞു. കാഞ്ചൂർ മാർഗ്ഗിൽ നിന്നും മൂന്നു നാലു തവണകളായി ഞങ്ങൾ സാധനങ്ങൾ ഒരു വിധം ഡോംബിവിലിയിലെത്തിച്ചു. എല്ലാവരുമൊത്തുള്ള അവസാന ട്രിപ് എത്തിയത് രാത്രി ഒന്നരക്ക്. എന്തൊക്കെപ്പറഞ്ഞാലും കാഞ്ചൂരിലെ റൂം വെള്ളത്തിന്റെ കാര്യത്തിൽ ഒരു ആശ്വാസമായിരുന്നു. വളരെക്കുറച്ചു ദിവസങ്ങളെ ഞങ്ങൾക്ക് വെള്ളം പുറത്ത് നിന്നും കൊണ്ടുവരേണ്ടി വന്നിട്ടുള്ളു. ഡോംബിവിലി റൂമിൽ വെള്ളം ഇനിയും എത്തിയിട്ടില്ല. ബിൽഡിംഗിന്റെ താഴെ ഗ്രൌണ്ടിൽ ഒരു പൈപ് ഉണ്ട്. രാവിലെ വെള്ളം വരും അപ്പോൾ പിടിച്ച് മുകളിൽ റൂമിലുള്ള ഡ്രമ്മിൽ കൊണ്ട് നിറക്കണം. അതൊരു പണി തന്നെയാണ്. ഞങ്ങൾ നാലഞ്ചു പേർ നിരന്ന് നിന്നാണ് വെള്ളം പിടിക്കൽ. അതിനിടയിൽ ഊഴം നോക്കുകയും വേണം. ബിൽഡിംഗിലെ 20 റൂമുകാരും കൂടി നിറച്ചു കഴിയുമ്പോഴേക്കും ഒരു മണിക്കൂറിലധികം പിടിക്കും. അതിനിടയിൽ വേണം എല്ലാവരുടെയും തേവാരവും മറ്റും കഴിക്കാൻ. കൂടാതെ വസ്ത്രം അലക്കലാണ് ഏറ്റവും വലിയ പണി. അത് ശനിയാഴ്ച രാത്രിയിലേക്കും ഞായറിലെ പകലിലെക്കും മാറ്റി വെക്കുന്നു. അന്ന് ബിൽഡിംഗിനു കുറച്ച് ദൂരെയായുള്ള ഒരു കുഴൽക്കിണറിൽ നിന്നും കൈപ്പമ്പ് ഉപയോഗിച്ചു വേണം വെള്ളമെടുത്ത് കഴുകാൻ. അലക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ശരീരവും മനസ്സും തളർന്നിരിക്കും.
ഡോംബിവിലിയിൽ നിന്നും ഉള്ള ട്രെയിൻ യാത്ര ഒട്ടുമിക്കവർക്കും ഒരു കടമ്പയാണ്. പ്രത്യേകിച്ചും രാവിലെ, അക്കാലത്തെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും വി ടി ട്രെയിനിൽ കയറിപ്പറ്റുകയെന്നത്. തിങ്ങി നിറഞ്ഞെത്തുന്ന ദീർഘദൂര ലോക്കൽ ട്രെയിനുകളിൽ പോലും ഡോംബിവിലിക്കായി കുറച്ച് സ്ഥലം ഒഴിച്ചിട്ടിരിക്കും. ആ ഇടത്തിലേക്ക് ഇടിച്ചു കയറി തങ്ങളുടെതായൊരിടം സൃഷ്ടിക്കുകയെന്നത് ഡോംബിവിലിക്കാരുടെ കലയാണ്. ആ കല സ്വായത്തമാക്കുവാനുള്ള മെയ് വഴക്കം ആർജ്ജിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ലോകത്തിലെ ഏതു സ്റ്റേഷനിൽ നിന്നും എത്ര തിരക്കുള്ള വണ്ടിയിലും ഇടിച്ചു കയറാം. ആദ്യദിവസം, ആദ്യ യാത്രയിൽ തന്നെ, വന്ന ആദ്യ വണ്ടിയിൽ ഉന്നം പിടിച്ച് വാതിലിന്റെ നടുക്കമ്പിയിൽ ആഞ്ഞു പിടിച്ച്, ഉള്ളിലേക്ക് നാലാമനായി കയറാനെനിക്കായി. ജീവിതത്തിൽ നാം ജയിച്ചു കയറുന്ന അമൂല്യനിമിഷങ്ങളിലൊന്ന്. കയറി മുന്നോട്ട് കുതിച്ച്, ചരിഞ്ഞ്, ഇടതോ, വലതോ ഒഴിഞ്ഞ ഇടത്തിലേക്ക് കയറിപ്പറ്റാനായാൽ നിങ്ങൾ അതിഭാഗ്യവാൻ. ഇല്ലെങ്കിൽ നിമിഷനേരത്തേക്കുള്ള പിൻ തള്ളലുകൾ അതിജീവിച്ച് കണ്ണടച്ച് താനെസ്റ്റേഷൻ വരെ ധ്യാനിച്ചൊരു നിൽപ്പ്. ധ്യാനം വശമില്ലാത്തവർക്ക് എല്ലാം മറന്നൊരു 15 നിമിഷത്തിന്റെ ഉറക്കം തരാക്കാം. സ്വപ്നങ്ങൾ കാണാം. മുക്കാൽ മണിക്കൂറിനുള്ളിൽ മൂന്നു സ്റ്റേഷനുകൾക്കപ്പുറം നിങ്ങൾ ദാദറിലെത്തുകയായി.
ആദ്യ ദിവസം വിജയിച്ചെന്നാലും, പക്ഷെ, ഈ രീതി എനിക്ക് പൊതുവെ സ്വീകാര്യമായിത്തോന്നിയില്ല. ഞാൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും കയറാവുന്ന സെമി ഫാസ്റ്റ് വണ്ടികളിലേക്ക് ചേക്കേറി. അതാണ് യാത്രാസമയം കൂടുമെങ്കിലും, കുറച്ചു കൂടി സൗകര്യപ്രദം. നാലാം നമ്പറിൽ നിന്നു കയറുന്ന അതേ തഞ്ചത്തിൽ, ഉന്നം പിടിച്ച്, വണ്ടി നിൽക്കും മുമ്പ് കയറിയാൽ, അക്കാലത്ത് ഉള്ളിലെത്തി സീറ്റുകൾക്കിടയിൽ രണ്ടാമനോ, മൂന്നാമനോ ആയി നിൽക്കാനിടം കിട്ടുമായിരുന്നു. ചെന്നെത്തുന്നത് ഒരു ശീട്ടുകളിസംഘത്തിലേക്കാവരുതെന്ന് മാത്രം.
ഉള്ളിലെത്തി കയ്യിലെ ബാഗ് മുകളിലെ റാക്കിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂർ നിങ്ങൾക്ക് മാത്രമുള്ളതാണ്. ആ സമയം എങ്ങിനെ വിനിയോഗിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടം. അവിടെ നേരം കളയാൻ ശീട്ടുകളിക്കുന്നവരുണ്ട്, കണക്കെഴുതിവെച്ച്, പണം പങ്കുവെച്ച് കളിക്കുന്നവരുണ്ട്. ഇലത്താളം കൊട്ടി, ഡോലക്ക് വായിച്ച് ഷിർഡി സായി ബാബയുടെ സാമഗാനങ്ങൾ പാടുന്നവരുണ്ട്. ഭജനസംഘങ്ങളുണ്ട്. പഴയ റാഫി, മുകേഷ് പ്രഭൃതികളുടെ അനശ്വര ഗാനങ്ങൾ പാടി നിങ്ങളെ പതിറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകുന്നവരുണ്ട്. ഇനി ഇതിലൊന്നും താല്പര്യമില്ലാത്ത നിങ്ങൾക്ക് സ്വപ്നലോകത്തിൽ വ്യാപരിക്കാം.
മേല്പ്പറഞ്ഞവയിൽ ഒടുവിലത്തേതൊഴിച്ച് മറ്റൊന്നിലും താല്പര്യമില്ലാത്ത ഞാൻ വായനയുടെ ലോകത്തിലേക്ക് ആകൃഷ്ടനാകപ്പെട്ടു. ഡോംബിവിലി കേരളീയ സമാജത്തിൽ മാപ്രാണം ദാമോദരേട്ടൻ മുഖേന അംഗത്വമെടുത്തു. കേരളത്തിലെ ഏതൊരു ലൈബ്രറിയോടും കിടപിടിക്കുന്ന ലൈബ്രറിയാണ് കേരളീയ സമാജത്തിന്റെ ലൈബ്രറികൾ. ഈസ്റ്റിൽ രണ്ടും വെസ്റ്റിൽ ഒരു ലൈബ്രറിയുമാണ് അക്കാലത്തുണ്ടായിരുന്നത്. അവയിൽ ഈസ്റ്റിലെ നെഹ്രു മൈതാനത്തിനടുത്ത ലൈബ്രറിയായിരുന്നു പുതകങ്ങളുടെ എണ്ണത്തിൽ അതിൽ വലുത്. എല്ല ദിവസവും വൈകീട്ട് 7 മണി മുതൽ 9 മണി വരെ തുറന്നിരിക്കുന്ന ലൈബ്രറിയിൽ അങ്ങിനെ ഞാനും അംഗമായി.
ഡോംബിവിലിയിലെ ആദ്യ ഞായർ ദിനം. വൈകിയുണർന്നെണീറ്റ് വെള്ളം പിടിച്ച് വീട്ടിലെ അല്ലറ ചില്ലറപണികൾ ചെയ്ത് കൂടി. അടുക്കളയിലൊരു സ്റ്റാൻഡ് ഫിറ്റ് ചെയ്തു. വീട്ടിലേക്കു വേണ്ടുന്ന പലതും ഒരുക്കാൻ ബാക്കിയാണ്. സാമ്പത്തിക പരാധീനതകൾ വിലങ്ങുതടിയായി നിൽക്കുന്നു. വൈകീട്ട് ഡോംബിവിലി പൊന്നു ഗുരുവായൂരപ്പനെ ദർശനം നടത്തി. അമ്പലത്തിൽ വെച്ച് KEM രാമനാഥേട്ടനെയും സീതചേച്ചിയെയും കണ്ടു. മൂത്തമകന്റെ വേർപാടിനു ശേഷം ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ ചെറിയ അനിലിനെ കണ്ടു.
രാത്രി റൂമിൽ കിഴക്കേയറ്റം മുതൽ പടിഞ്ഞാറെയറ്റം വരെ വിരിച്ചു കിടന്നാലേ എല്ലാവരേയും കൊള്ളൂ. അതു കൊണ്ട് തന്നെ ഉല്ലാസ് നഗറിൽ നിന്നും വാങ്ങിയ ഞങ്ങളുടെ ഇരുമ്പു കട്ടിൽ കാഞ്ചൂർമാർഗ്ഗിലുപേക്ഷിച്ചു. ഉറക്കം വരാതെ കിടന്ന ആ രാത്രികളിൽ, ഇനിയും വെച്ചും വിളമ്പിയും ജീവിക്കാൻ വിധിക്കപ്പെട്ടതിന്റെ സങ്കടങ്ങൾ തികട്ടിയപ്പോൾ, കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകളും വൈഷമ്യങ്ങളും പതിയെ പൊങ്ങി കുത്തിനോവിച്ചപ്പോൾ, ആരൊ അവയെല്ലാം ഉറക്കെപ്പറഞ്ഞുകൊണ്ട് തൊട്ടടുത്തു കിടന്ന് ഉറക്കം പിടിച്ചു തുടങ്ങിയ പ്രായത്തിലേറ്റവും ചെറിയവനെ ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവനാകട്ടെ ഉറക്കത്തിൽ തൊട്ടപ്പുറത്തു കിടന്നവനത് പകർന്നു നൽകി. അങ്ങിനെ സങ്കടക്കടൽ പെട്ടെന്ന് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.

Sunday, August 4, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 17

ആൾക്കൂട്ടത്തിന്റെ തിരക്കിനിടയിൽ നിന്നും ഇടക്ക് ഏകനാവുന്നത് രസകരമാണ്. ആ നിമിഷത്തിൽ സ്വയം തന്നിലേക്കൊതുങ്ങിക്കൂടി നമ്മുടെതായ ലോകത്തിലേക്കൊരു സഞ്ചാരം. അത്തരമൊരു നിമിഷത്തിന്റെ നിർവൃതിയിലാണ്, പ്രണയ പരവശതയിലാണ് ഞാൻ ആദ്യമായി അവൾക്കൊരു കത്തെഴുതിയത്. അതിനെ പ്രേമലേഖനമെന്ന് വിളിക്കാമോ എന്നറിയില്ല.

പ്രിയപ്പെട്ട കുട്ടി,
എങ്ങിനെയെവിടെ തുടങ്ങണം, എപ്പോൾ തുടങ്ങണം, പറയണം, എന്നിങ്ങനെ ഒരായിരം സനേഹങ്ങളുമായി അന്തഃകരണം മടിച്ചു നില്ക്കയായിരുന്നു. പലപ്പോഴും ആ ഉദ്വേഗത്തിന്റെ അക്ഷരങ്ങൾ പുറത്തു വരാതെ എന്റെ തൊണ്ടയിലുടക്കിയിട്ടുണ്ട്. ഇനിയും മുഖവുര കൂടാതെ പറയാം.
‘ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു’. ഒരായിരം തവണ മനസ്സിൽ പറഞ്ഞ, നിന്നോടുരുവിട്ട മന്ത്രാക്ഷരങ്ങൾ ഇന്നാദ്യമായി അക്ഷരങ്ങളിലൂടെ,  വാക്യത്തിലൂടെ, നിന്നോട് പറയട്ടെ.

ബാല്യം മുതൽ അന്യോന്യമറിയുന്നവരാണ് നാം. എനിക്ക് നിന്നോടിഷ്ടം തോന്നിത്തുടങ്ങിയത് എന്നാണെന്നറിഞ്ഞു കൂടെങ്കിലും അതിന് സംവൽസരങ്ങളുടെ ദൈർഘ്യമുണ്ട്. ഏറെ ആശിച്ചിട്ടുണ്ടെങ്കിലും, നിന്റെ മനസ്സറിയുവാൻ ഞാനിന്നേവരെ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിന്റെ അഭിപ്രായത്തിന് തക്ക പ്രസക്തിയുണ്ടെന്നു ഞാൻ വിശ്വസികുന്നു. നിനക്കതു തുറന്നു പറയാം.

നിന്റെ വാക്കുകൾക്കായി കാതോർത്തുകൊണ്ട്,
സ്നേഹപൂർവ്വം..

ആദ്യത്തെ പ്രേമലേഖനം വാക്യങ്ങളായി പരിണമിച്ചിട്ടും സന്ദേഹിയുടെ ഡയറിക്കുറിപ്പിനപ്പുറം പ്രയാണം ചെയ്യുവാനാവാതെ താളിലുറങ്ങിക്കിടന്നു.

വൈകുന്നേരം നാട്ടിൽ നിന്നും അമ്മയുടെ കത്തെത്തി. അമ്മയുടെ അനുജൻ നാരായണമ്മാമൻ വളരെക്കാലത്തിനു ശേഷം നാട്ടിൽ വന്നു കൂടിയിരിക്കുന്നു. വീട്ടിൽ അത്യാവശ്യം മരാമത്തും വെള്ളപൂശലും ഒക്കെയായി ഉഷാറിൽ. ശോഭ വളർന്ന് കല്യാണപ്രായമെത്തിയിരിക്കുന്നു. അതിനു മുമ്പായി വീടൊക്കെ ഒന്ന് നേരെയാക്കണമെന്ന് മൂപ്പർ പറയുന്നു.  അതിലേക്കായി കുറച്ച് പൈസ വേണം. അയച്ചു കൊടുത്തു.

ജീവിതത്തിലാദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഒമ്പതാം ലോകസഭ തിരഞ്ഞെടുപ്പിലായിരുന്നു അത്. നല്ലൊരു തെരുവു പ്രസംഗം പോലും കേൾക്കാനാവാത്ത, സ്ഥാനാർത്ഥികളെപ്പോലും നേരിട്ടറിയാത്തൊരവസ്ഥയിലായിരുന്നു അത് വിനിയോഗിക്കപ്പെട്ടത്.

കേരള രാഷ്ട്രീയം വെച്ചു നോക്കുമ്പോൾ ഇവിടത്തെ അന്തരീക്ഷം വ്യത്യസ്തമാണ്. നഗരത്തിന്റെ തിരക്കുകളിൽ ഭൂരിഭാഗത്തിനും വ്യക്തമായ രാഷ്ട്രീയ വീക്ഷണങ്ങളോ പക്ഷമോ ഇല്ല. ഇനി തന്റെ നാട്ടിൽ വെച്ച് അങ്ങിനെയൊരു പക്ഷമുള്ളവർ പോലും നഗരരീതികളിലെത്തുമ്പോൾ, ഇവിടത്തെ സഖ്യങ്ങളിലും ചേരികളിലും താല്പര്യമില്ലാതെ നിഷ്പക്ഷരാവുന്നു.

കോൺഗ്രസ് അമ്പേ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ വി പി സിംഗ് എഴാം ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

പിഷാരോടി സമാജം വാർഷികാഘോഷം ദാദറിലെ വനാമാലി ഹാളിൽ വെച്ച് ഡിസംബർ 2ന് നടത്തപ്പെട്ടു. കുറച്ച് ഡാൻസ്, ലൈറ്റ് മ്യു‍ൂസിക് എന്നിവയൊഴിച്ച് കാര്യമായ പരിപാടികളൊന്നും തന്നെയില്ലാത്തൊരു വർഷം. ഗണേശന്റെ ബലികുടീരങ്ങളെ ഒരിക്കൽ കൂടി സമാജം വേദിയിലൂടെ കേട്ടു.
ആനന്ദ് റെക്കോർഡിംഗിലുണ്ടായിരുന്ന ബാബു ഗൾഫിൽ ജോലി കിട്ടി യാത്രയായി. ആ ഒഴിവിലേക്ക് ബോംബെക്ക് തിരിച്ചെത്തിയ രമേശേട്ടനെ നിയമിച്ചു.

വിനയൻ, രമേശേട്ടൻ, ഗണു എന്നിവർ ചേർന്ന് ഒരു റൂം ഏടുത്ത് മാറാൻ ആലോചന. സംഗീതപഠനമാണ് മുഖ്യ അജണ്ട.

നാട്ടിൽ നിന്നും അമ്മയുടെ കത്ത്. പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്നു പോകണമെന്ന്. ഫോൺ സാർവത്രികമാവാത്ത കാലത്ത് സംഗതികളുടെ നിജസ്ഥിതി കത്തുകളിലൂടെ മുഴുവനറിയാ നാകുമായിരുന്നില്ല. എന്തായാലും അമ്മ ചെല്ലാൻ പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഗൗരവതരമായ കാര്യമുണ്ടാവുമെന്ന് തന്നെ കരുതി ഞാനും ശശിയും നാട്ടിലേക്ക് പുറപ്പെട്ടു. പെട്ടെന്നെടുത്ത തീരുമാനമാകയാൽ തന്നെ ട്രെയിനിന് ടിക്കറ്റ് കിട്ടിയില്ല. ക്രിസ്മസ് അവധി അടുത്തതിനാൽ ബസിന് തിരിച്ചു. ബസിലും തിരക്കുള്ള സമയം. ബാക്ക് സീറ്റിലായിരുന്നു റിസർവേഷൻ കിട്ടിയത്. പിറ്റേന്ന് മംഗലാപുരമെത്തിയപ്പോഴേക്കും ശരീരം കഷണങ്ങളായ അവസ്ഥ.

വൈകുന്നേരത്തോടെ കണ്ണനിവാസിലെത്തി. ചർച്ചയിൽ കാര്യങ്ങൾ വ്യക്തമായി, മനസ്സ് കരട് നീങ്ങി തെളിഞ്ഞു. ആഗ്രഹങ്ങളും അവയോടനുബന്ധിച്ച ഊരാക്കുടുക്കുകളും ഏതൊരാളുടെ ജീവിതത്തിലും വന്നെത്താം. അവയെ ദീർഘകാലാടിസ്ഥാനത്തിൽ അപഗ്രഥനം ചെയ്ത് ഒരു തീരുമാനമെടുക്കുക എന്നതിനാണ് പ്രാധാന്യം. അതിലകപ്പെട്ടവർ ശരിയായ തീരുമാനമെടുത്ത് കാര്യങ്ങ്ൾക്ക് വ്യക്തത കൈവരുത്തിയിരിക്കുന്നു.

അധികം വൈകാതെ തൃപ്രയാറെത്തി.

രാമചന്ദ്രന് ലൂപ്പിനിൽ ജോലി, നാട്ടിൽ തന്നെ കിട്ടി. രാജേശ്വരിക്ക് ഒരാലോചന വന്നിരിക്കുന്നു. ഉള്ളിന്റെയുള്ളിലൊളിപ്പിച്ചു വെച്ച ആഗ്രഹം തുറന്നു പറഞ്ഞില്ല. വീണ്ടും അവ തൊണ്ടയിലുടക്കിക്കിടന്നു. ആദ്യം ശോഭയുടെ കാര്യങ്ങൾ ശരിയാകണം. അതു കഴിഞ്ഞേ എന്റെ ആഗ്രഹങ്ങൾ എവിടെയും പറയാവൂ എന്ന് മനസ്സ് പറയുന്നു. അതുവരെ ആഗ്രഹങ്ങൾ മനസ്സിന്റെ ഒരു കോണിലുറങ്ങട്ടെ.

രാവിലെ തൃപ്രയാർ സെന്ററിൽ ബസ് സ്റ്റോപ്പിൽ വെച്ച് രമാബായിയെ കണ്ടു. കോളേജ് ദിനങ്ങളിൽ ക്ലാസിലെ പഠിത്തക്കാരിയായിരുന്നു രമാബായി. അക്കാലത്ത് പഠന വിഷയങ്ങളിൽ പരസ്പരം നല്ലൊരു ബന്ധം കാത്തു സൂക്ഷിച്ചിരുന്ന, കാഴ്ചയിൽ കാര്യമായ   മാറ്റങ്ങളില്ലാത്ത രമയെ ആറു വർഷത്തിനുശേഷം കണ്ടു മുട്ടിയപ്പോൾ ചിരിച്ച്, ചെന്ന്, എന്തൊക്കെ വിശേഷങ്ങളെന്ന് ചോദിച്ചപ്പോൾ  പെട്ടെന്ന് രമയുടെ മുഖത്തുണ്ടായ ഭാവം എന്നെ തെല്ലൊന്നമ്പരപ്പിച്ചു. എതോ ഒരപരിചിതനോടുള്ള ഭാവം. ഒടുവിൽ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു ഇത് ഞാനാണെന്ന്. മനസ്സിലായപ്പോഴാവട്ടെ, “മുരളിയോ.. ഏത്, ആ ചെറിയ മുരളിയോ”.. എന്നൊരു ചോദ്യവും. ഞങ്ങളുടെ സമാഗമം ബസ് സ്റ്റോപ്പിലെ കാഴ്ചക്കാർക്കൊരു ചിരിവിരുന്നായി. പ്രത്യേകിച്ച് എന്റെ കൂടിയുണ്ടായിരുന്ന തുളസിചേച്ചിക്ക്.

വീണ്ടും തിരിച്ച് കണ്ണനിവാസിലെത്തി. അതിനിടയിൽ സിനിമകൾ പലതു കണ്ടു.

ഒരു ദിവസം ഉച്ചക്ക് പെരിന്തല്മണ്ണക്കൊരു യാത്ര. അതിനിടയിൽ വളയം മൂച്ചിക്കുള്ള യാത്രാമദ്ധ്യേയുള്ള കള്ളു ഷാപ്പിനു മുമ്പിലിരുന്ന് പരിയാണി വിളിച്ചു. “തമ്പ്രാ.. ഒരു കുപ്പി കഴിയ്ക്കാ.” സ്നേഹത്തോടെയുള്ള ആ ആതിഥേയത്വം നിരസിച്ചെന്നാലും, കുടിക്കാറില്ലെന്ന് പറഞ്ഞത് പരിയാണിക്ക് സമ്മതമായിട്ടില്ല. നഗരത്തിൽ പാർത്ത് കുടിക്കാത്ത ചെറുപ്പക്കാരുണ്ടോ എന്ന് ചോദിക്കുന്നു. ചോദ്യത്തിനുത്തരം ഇല്ലെന്നു തന്നെയാണ്. പക്ഷെ വാറ്റിന്റെ തീ കത്തുന്ന രുചി അറിഞ്ഞിട്ടില്ല. അറിയനൊട്ടാഗ്രഹവും തോന്നിയിട്ടില്ല.

വീണ്ടും തിരിച്ച് ബോംബെക്ക്. ഇത്തവണ റിസർവേഷനില്ലാതെയാണ് യാത്ര. ഇനിയും ടിക്കറ്റ് വെയിറ്റിം ലിസ്റ്റിൽ തന്നെ. പെട്ടി അതെ വണ്ടിയിലുള്ള സതീശന്റെ കയ്യിൽ എല്പ്പിച്ച് ജനറൽ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റി. കൂട്ടിന് ബോംബെക്കു പോകുന്ന മൂന്ന് മുസ്ലിം കച്ചവടക്കാരും. രക്തദാഹികളായ മൂട്ടകൾ അവിഘ്നം തേരോട്ടം നടത്തുന്ന മരപ്പലക വിരിച്ച ജനറൽ കമ്പാർട്ട്മെന്റിൽ  മറ്റൊന്നിലേക്കും ശ്രദ്ധ തിരിച്ചു വിടാനാവാതെ ബോംബെ വരെയൊരു യാത്ര.

മുംബൈ ബാച്ചിലർ ജീവിതം – Part 16

1989 സെപ്തംബർ 7 പുലർച്ചെ രണ്ടരമണിക്ക് ഞാനും ഗണേശനും കല്യാൺ സ്റ്റേഷനിലെത്തി. 1980-83 നാട്ടിക എസ് എൻ കോളേജ് ബി.കോം സഹപാഠികളിലെ മറ്റൊരംഗം കൂടി അന്ന് ബോംബെക്കെത്തുകയായിരുന്നു. ഒരു ഗൾഫ് യാത്രയുമായ് ബന്ധപ്പെട്ടൊരു ബോംബെ പര്യടനം. 5 വർഷത്തിനു ശേഷമുള്ള ഞങ്ങളുടെ പുനർസമാഗമം.

വണ്ടി സമയത്തിനെത്തി. സുഹൃത്ത് പുറത്തിറങ്ങി കാത്തു നിന്ന ഞങ്ങളിലെ ഗണേശനോട് മാത്രം കുശലാന്വേഷണം നടത്തുന്നു. എന്തോ പന്തികേടു തോന്നിയ ഗണേശൻ മൂപ്പരോട്  എന്നെച്ചൂണ്ടി ചോദിച്ചു. “ ഹൈ, ഇതാരാന്ന് മനസ്സിലായില്ലെ”…   “ഇല്ല”, എന്ന് സുഹൃത്തിന്റെ  മറുപടി.
ഒന്നും മിണ്ടാതെ ചിരിച്ചു നിന്ന എന്നെ അടിമുടി നോക്കി തോൽവി സമ്മതിച്ച മൂപ്പരോട്, 'ഇത് നമ്മടെ മുരളിയല്ലെ' എന്ന് പറഞ്ഞത് വിശ്വസിക്കാനാവാതെ സുഹൃത്ത് വീണ്ടും, "മുരളീ, മുരളിയോ.. ഏത് മുരളി.... ".

അഞ്ചു വർഷത്തിനിടെ കാലവും എന്റെ കോലവും മാറിയതറിയാതെ സുഹൃത്ത് അന്തം വിട്ട് നിൽക്കുകയാണ്. ഞാനാണെങ്കിൽ ഒന്നും ഉരിയാടാതെയും… എന്റെ മനസ്സിലേക്ക് കടന്നു വന്നത് കോളേജിലെ ഒരു പൂർവ്വദൃശ്യത്തിന്റെ പുനരാവർത്തനം....

….പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേർന്ന കാലം. ക്ലാസ് മൊത്തം മീശയും താടിയും വന്നു തുടങ്ങുന്ന ചെറുവാല്യക്കാരുടെ കൂട്ടമാണ്. അവരുടെ ഇടയിൽ പൊക്കത്തിന്റെ കാര്യത്തിൽ സ്വല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നതൊഴിച്ചാൽ മൂക്കിനു കീഴെ പൊടി മീശ വളരുമോ എന്നു പോലും അറിയാത്ത അവസ്ഥയിലായ ഞാൻ ജാള്യത മൂലം പലപ്പോഴും അവരുടെ കൂടെ കൂടാതെ ഒറ്റപ്പെട്ടു നടക്കുന്ന കാലം. അവിടേക്കാണ് പ്രായത്തിൽ ഞങ്ങളെക്കാളും മുൻപിലായ ഒരു ചേട്ടൻ വന്നു ചേർന്നത്. കട്ടി മീശ ഒന്നു മാത്രം മതിയായിരുന്നു ഞങ്ങൾ കുട്ടികൾക്ക്, മൂപ്പരെ ചേട്ടനെന്ന് വിളിക്കാൻ. കൂടാതെ സംഗീത, കലാ-കായിക രംഗങ്ങളിൽ നിപുണൻ. വളരെ വേഗം ക്ലാസിലെ സംഗീതക്കമ്പക്കാരായ ഗണേശനും വിനയനും അദ്ദേഹത്തിന്റെ ആരാധകരായി. അതെ, രമേശേട്ടൻ. അവരദ്ദേഹത്തെ ബഹുമാനപൂർവ്വം രമേശേട്ടൻ എന്നു വിളിച്ചു. പതുക്കെ പതുക്കെ മൊത്തം ക്ലാസും മൂപ്പരെ അങ്ങനെ സംബോധന ചെയ്തു തുടങ്ങി.

ക്ലാസിലെ ഇടവേളകളിൽ, ഒരു ദിനം, എല്ലാവരും കൂടെ ബാക്ക് ബെഞ്ചിലിരുന്ന് പരസ്പരം കളിയാക്കി രസിക്കുന്ന സമയത്ത്,  തന്റെ കട്ടിമീശ തടവിക്കൊണ്ട് രമേശ് കൂട്ടത്തിലുള്ള എന്നെ നോക്കി പറഞ്ഞു “നിനക്കൊന്നും ഈ ജന്മം ഇങ്ങനെയൊരു മീശവെച്ച് നടക്കാൻ ഭാഗ്യമുണ്ടാവില്ല മോനെ..”. വേണമെങ്കിൽ കരടി നെയ്യ് പരീക്ഷിച്ചു നോക്കാനൊരു ഉപദേശവും..

വീണ്ടും വർത്തമാനത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, കല്യാൺ സ്റ്റേഷനിൽ നിന്നും ജയന്തി ജനത ഞങ്ങളെപ്പിന്നിലാക്കി മുമ്പോട്ടു കുതിച്ചപ്പോൾ, പ്ലാറ്റ്ഫോമിലെ ശബ്ദകോലാഹലങ്ങൾ അടങ്ങിയപ്പോൾ, ഞാൻ പറഞ്ഞു, “അതെ നിങ്ങളുടെ കൂടെപ്പഠിച്ച മീശമുളക്കാത്ത മുരളി തന്നെ”. ദൈവസഹായത്താൽ കരടി നെയ്യുപയോഗിക്കാതെ തന്നെ കിളിർത്ത മീശരോമങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ കട്ടി മീശ കണ്ട് അസൂയപ്പെട്ടില്ല.

ബോംബെ സന്ദർശനത്തിൽ, ബോംബെ കാണാൻ രമേശേട്ടന്റെ കൂടെ ഞങ്ങൾ കൂട്ടുകാരുമിറങ്ങി. ഞായറാഴ്ച പവയ് ഐ.ഐ.ടിയിലും, ഗാർഡനിലും നടന്ന് മൂപ്പർ കൊണ്ടുവന്ന എസ്.എൽ.ആർ കാമറയിൽ കുറെ ഫോട്ടോ എടുത്തു.

ഗണപതിയെ വരവേൽക്കാനായ് ബോംബെ തെരുവുകൾ തോറും ഒരുങ്ങിയ സമയം. അലങ്കാര വിളക്കുകളുടെ പ്രഭാപൂരത്തിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന നഗരം. അന്നു വരെ കണ്ടിട്ടില്ലാത്ത ബോംബെയുടെ രാത്രിക്കാഴ്ചകൾ  കണ്ടു ഞങ്ങൾ നടന്നു. തെരുവുകൾ തോറും മണ്ഡലുകളിൽ അണിയിച്ചൊരുക്കിയ ഗണപതി ഭഗവാൻ.  അതിനപ്പുറം ചില്ലുകൂടുകളിൽ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന മാദകത്തിടമ്പുകൾ..  ചുവന്ന തെരുവിന്റെ പ്രഥമ ദർശനം.  അടക്കി നിർത്താനാവാത്ത പുരുഷവ്യഥയുമായി ആയിരങ്ങൾ അവിടേക്ക് ദിവസേനയെന്നോണം എത്തുന്നു. വിലപേശി തങ്ങളുടെ കീശക്കൊത്ത ഉരുവിനെ തിരഞ്ഞെടുക്കുന്നു. ശമനം കിട്ടാത്തൊരു മാനസിക പിരിമുറുക്കത്തിന് പണം കൊടുത്ത് അറുതി വരുത്തുന്നു. അതിന്റെ കൂടെക്കിട്ടുന്ന ഉപോൽപ്പന്നങ്ങളായ മാരകരോഗങ്ങളെപ്പറ്റി ജനസാമാന്യത്തിന് കാര്യമായ അറിവില്ലാതിരുന്ന കാലം. രാത്രി കനത്തതോടെ, കൺപോളകൾക്ക് കനം വെച്ചതോടെ, കാഴ്ചകളിൽ നിന്നും ആസക്തികളിൽ നിന്നും മുക്തി നേടി ഞങ്ങൾ കാഞ്ചൂരിലെ റൂമിലേക്ക് തിരിച്ചെത്തി.

പിറ്റേന്ന് ആരതി റെക്കോർഡിംഗിൽ, രമേശേട്ടൻ പാടിയ “കരിഞണ്ടുക്ക് നാൻ തേടി നടാന്തേ
പാപ്പമേട്ടിലു നാൻ കരാഞ്ചി നടാന്തേ”, അടക്കം 5 പാട്ടുകൾ ബിശ്വദീപിന്റെ സഹായത്തോടെ റെക്കോർഡ് ചെയ്തു. 

ഒരാഴ്ചത്തെ ബോംബെ സന്ദർശനത്തിനു ശേഷം മൂപ്പർ നാട്ടിലേക്ക് യാത്രയായി. കാലവർഷത്തിന്റെ വിടവാങ്ങൽ ഗംഭീരമാക്കിക്കൊണ്ട് ഒരു മഴ ബോംബെയെ വെള്ളത്തിലാക്കി, എല്ലാ അഴുക്കുകളെയും എറ്റുവാങ്ങി, തന്നിലേക്കലിയിച്ച്, കുളിപ്പിച്ച് കടന്നു പോയി.

നിത്യാനുഷ്ഠാനമെന്നോണമുള്ള ഓഫീസ് യാത്ര വിരസമാണ്.  കാഞ്ചൂർമാർഗ്ഗിൽ നിന്നും തിരക്കുള്ള ട്രെയിൻ പിടിച്ച് ദാദർ വഴി സാന്താക്രൂസിലെത്തി, അവിടെ നിന്നും ജുഹുവിലേക്കുള്ള 231 നമ്പർ ബെസ്റ്റ് ബസ് പിടിച്ചാണ് ആരതിയിലേക്കുള്ള യാത്ര. വിരസമായ ആ യാത്രക്കിടെ ഒരു ദിവസം, ഞാനൊരു പേരറിയാത്ത, ശാലീന സുന്ദരിയായൊരു യുവതിയെ കണ്ടു മുട്ടി. തുടർ ദിവസങ്ങളിലും അതേ സമയത്ത് അവരെ ബസ് സ്റ്റോപ്പിൽ കണ്ടുമുട്ടി. ഭംഗിയുള്ള മുഖത്തിനേക്കാൾ ഭംഗിയുള്ളൊരു കുങ്കുമപ്പൊട്ടുമായെത്തുന്ന അവർക്കു ഞാൻ “കുങ്കുമപ്പൊട്ടെന്ന്” പേർ നൽകി. അതോടെ സാന്താക്രൂസിസിൽ നിന്നും ലിഡോ സിനിമ വരെയുള്ള യാത്രക്ക് ഒരു പ്രത്യേകത കൈവന്നു. “കുങ്കുമപ്പൊട്ട്” വളരെപ്പെട്ടെന്നായിരുന്നു എന്റെ മനസ്സിലേക്ക് കുടികയറിയത്. ലിഡോ സിനിമ സ്റ്റോപ്പിലിറങ്ങി സംഗീത അപ്പാർട്ട്മെന്റ് വരെ നീളുന്ന ആ തരുണീ ചലനങ്ങൾ ആരതി റെക്കൊർഡിംഗിന്റെ പുറകുവശത്തുള്ള ഒരു എസി സെർവീസ് സെന്ററിൽ നിലക്കുന്നു. ദിവസവും ഒരേ ബസിൽ കയറാനും എതിർവശത്തായി ഇരിക്കാനും ഇരുവരും മനപൂർവം ശ്രമിക്കുന്നു. ഇടക്കുള്ള ഓരോ നോട്ടങ്ങളിൽ ഇരുവരും ഏതെല്ലാമോ ഉദ്വേഗങ്ങൾ പങ്കുവെച്ചു.

ഓണം കഴിഞ്ഞൊരു ദിനം. സാന്താക്രൂസിൽ ബസിലെ സമാഗമത്തിനായി കാത്തു നിൽക്കാതെ ഓഫീസിൽ നേരത്തെയെത്തി. ഉച്ചക്ക് നാട്ടിൽ നിന്നും അമ്മിണിയോപ്പോളുടെ കത്തു വന്നു. ഓണത്തിന് പണമയച്ചത് കിട്ടിയെന്നും, പഴയതൊന്നും നീ മറന്നില്ലെന്നതിൽ അതീവ സന്തോഷമെന്നും  പറഞ്ഞ്, നന്മകൾ നേർന്നുകൊണ്ട് എഴുതിയിരിക്കുന്നു. മാധുര്യമൂറുന്നവയായാലും, കയ്പുള്ളവയായാലും അവയെയെല്ലാം ഓർമ്മകളുടെ മണിമുത്തുകളായി മനസ്സിന്റെ അടിത്തട്ടിൽ സൂക്ഷിക്കാൻ എന്നും ശ്രദ്ധ വെച്ചിട്ടുണ്ട്. നന്ദിയോ കടപ്പാടോ ആയി അവയെ കാണാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. കടന്നു, നടന്നു പോന്ന വഴിയിൽ കണ്ടുമുട്ടിയവർ, വഴികാട്ടികളായവർ. അവർ കാണിച്ചു തന്ന വഴിയിൽ ഏതു സ്വീകരിക്കണമെന്നത് പഥികന്റെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ പന്ഥാവിലൂടെ, അവർക്കെല്ലാം, ആ ഗുരുഭൂതർക്കെല്ലാം നന്ദിയും ആശീർവാദങ്ങളുമർപ്പിച്ച്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളിൽ കാലൂന്നി നിൽക്കുമ്പോൾ അവരോരോരുത്തരുടെയും ആശീർവാദങ്ങളും അനുഗ്രഹാശിസ്സുകളുമാണ് ഈയുള്ളവനെ നയിക്കുന്നത്.
അതിനിടയിലാണ് മനസ്സ് നാമറിയാതെ വഴി മാറിച്ചവിട്ടുന്നത്.. ഞൊടി നേരത്തെ പരിചയങ്ങൾ, ക്ഷണിക ദൗർബല്യങ്ങൾ.. നമ്മെ ചില പുറം കാഴ്ചകളിൽ ഭ്രമിപ്പിച്ച് തെളിച്ചുകൊണ്ടു പോകുന്നത്...

നാട്ടിൽ നിന്നുമുള്ള ആ കത്ത് അവയിൽ നിന്നെല്ലാം നിന്നും മുക്തി നൽകി വീണ്ടും കർമ്മബന്ധങ്ങളുടെ കെട്ടുപാടുകളിലേക്ക് മനസ്സിനെ തിരികെ കൊണ്ടുവന്നു.

മുംബൈ ബാച്ചിലർ ജീവിതം – Part 15

പുതിയ ജോലി നീട്ടിയ സിൻഹാജിക്കു വാക്കു കൊടുക്കുവാൻ നിമിഷ നേരമേ വേണ്ടി വന്നുള്ളു. പക്ഷെ, നവകേതനിൽ നിന്നും വിട്ടു പോരുക അത്ര ഏളുപ്പമായിരുന്നില്ല. ബോംബെയിലെത്തിയ എനിക്ക് എന്റെ മേഖലയിൽ ഒരു തൊഴിൽ തന്ന ആദ്യ സ്ഥാപനമാണത്. അതിലേറെ പല കെട്ടുപാടുകളുമുണ്ടായിരുന്നു ആ ഒരു ജോലിക്ക്. പ്രത്യേകിച്ച് അഞ്ചു വർഷത്തിന്റെ പ്രവൃത്തിപരിചയത്തിൽ ഞാനേറെ വൈകാരികമായി അടുത്തിരിക്കുന്നു, കടപ്പെട്ടിരിക്കുന്നു ആ സ്ഥാപനത്തോടും അതിലെ ഒരോരുത്തരോടും. എന്നെ നവകേതനിലേക്ക് കൈപിടിച്ചെത്തിച്ച പിഷാരടി സാർ. ദിവസേനെ ഇടപഴകുന്ന ദേവ് സാബ്. വാത്സല്യ  നിധിയായ കേണൽ സാബ്. അവരോടൊക്കെ ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും എന്നോർത്തപ്പോൾ ഞാനാകെ തൃശങ്കുവിലായി.

അവസാനം ധൈര്യം സഭരിച്ച് പിഷാരടി സാബിനെ ചെന്നു കണ്ടു, വിഷയം അവതരിപ്പിച്ചു. എന്തും കേൾക്കാൻ തയ്യാറായിയായിരുന്നു പോയത്. പക്ഷെ, എന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അദ്ദേഹം ആ വാർത്ത അത്യന്തം സന്തോഷത്തോടെയാണ് കേട്ടത്. എന്റെ തീരുമാനം വളരെ ഉചിതമെന്നും, ഇത്തരം അവസരങ്ങൾ യഥാവിധി ഉപയോഗിക്കണമെന്നും പറഞ്ഞ് എന്നെ അനുമോദിച്ചു. നവകേതനെന്നത് ഒരു വഴിത്താവളം മാത്രം. ഇവിടെ നിന്ന് നീ നിന്റെ ജീവിതം പാഴാക്കരുത്. സ്വതന്ത്രനായി ജോലി ചെയ്യാനുള്ള അവസരം പൂർണ്ണമായും വിനിയോഗിക്കണം. നിനക്കതിന് കഴിവുണ്ട്.  ഓരോ പുത്തൻ ജോലിയും പുതിയൊരു വിശാലമായ ലോകമാണെന്നും അവിടേക്ക് സധൈര്യം കാലെടുത്ത് വെക്കാനും ജീവിതവിജയം കൈവരിക്കാനും കഴിയട്ടെയെന്നനുഗ്രഹിച്ചു. ശമ്പളക്കാര്യത്തിൽ അദ്ദേഹമിടപെട്ട് എന്തെക്കിലും നീക്കുപോക്കുകൾ നടത്തിയാൽ തന്നെ പുതിയ ഇടത്തിൽ നിന്നും ലഭിച്ച വാഗ്ദാനത്തിന്റെ അടുത്തെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി നീ നിന്റെ വിലയറിഞ്ഞിരിക്കുന്നുവെന്നും പറഞ്ഞു.

മനസ്സിലെ കാർമേഘങ്ങൾ നീങ്ങി. അദ്ദേഹത്തോട് നന്ദി പറഞ്ഞ് കേണൽ സാബിനെ കാണാനായി തിരിച്ചു. കേണൽ സാബിന് ഒട്ടും അംഗീകരിക്കാനാവാത്തതായിരുന്നു ഈ തീരുമാനം. വേണമെങ്കിൽ സിൻഹാജിയെ നേരിട്ട് കണ്ട് സംസാരിച്ച് തീരുമാനം മാറ്റിക്കാമെന്നായി മൂപ്പർ. പക്ഷെ, ശമ്പളക്കാര്യത്തിൽ ദേവ് സാബിനോട് പറഞ്ഞ് അത്രയും തുക കൂട്ടിത്തരാൻ പറ്റുമോ എന്ന കാര്യത്തിൽ മൂപ്പർക്ക് ചെറിയൊരാശങ്ക. പൊതുവെ അത്തരമൊരു കളി കളിച്ച് ശമ്പളം കൂട്ടാനല്ല  ഞാൻ പുതിയ ജോലി തിരഞ്ഞെടുത്തതെന്നും പൈസയെക്കാളേറെ സ്വതന്ത്രമായൊരു ജോലി എന്നതാണ് ഞാൻ ലക്ഷ്യമിട്ടതെന്നും പറഞ്ഞപ്പോൾ ഒടുവിൽ കേണലും അംഗീകരിച്ചു. പക്ഷെ ഉടൻ നിന്നെപ്പോലൊരുത്തനെ സംഘടിപ്പിച്ചേ നിനക്ക് പോവാൻ പറ്റൂ എന്ന വൈകാരിക ബന്ധനത്തിൽ കെട്ടിയിടാൻ ശ്രമിച്ച കേണൽ സാബിന് ഞാൻ ഗണേശനെ അവിടേക്ക് ആക്കിക്കൊടുത്ത് തല്ക്കാലം തടിയൂരി. ഗണേശനും ജസൂജയുടെ സ്ഥാപനത്തിൽ നിന്നും ഒരു സ്വതന്ത്ര ചുമതലയുള്ള ജോലിക്കായി തക്കം പാർത്തിരിക്കുകയായിരുന്നു.

ദേവ് ആനന്ദിനോട് പറയേണ്ട ചുമതല കേണൽ സാബിന്റെ തലയിൽ വെചു കൊടുത്തു. സ്വന്തം അച്ചന്റെ മരണ വാർത്ത അറിഞ്ഞിട്ടു പോലും ഷൂട്ടിംഗ് നിർത്തിവെക്കാൻ തയ്യാറാവാത്ത ദേവ് സാബിന് സിനിമയൊഴിച്ച് മറ്റൊന്നിനോടും പ്രത്യേകിച്ചൊരു സ്നേഹമോ, പ്രതിപത്തിയോ ഇല്ലെന്നറിയാമായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹം എന്നെ തടയില്ലെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അതങ്ങിനെത്തന്നെ സംഭവിച്ചു. “ഠീക് ഹെ, ഉസ്കൊ ജാനാ ഹീ ഹെ തോ ജാനേ ദോ.. ലേകിൻ എക് ദിൻ വൊ സരൂർ വാപസ് ആയേഗാ”.  എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്നതിനെക്കുറിച്ച് ഞാൻ കുറെയേറെ ആലോചിച്ചു. എന്റെ തീരുമാനം തെറ്റാണെന്നും, അത് സ്വയം മനസ്സിലാക്കി തിരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചെത്തുമെന്നുമാവാം ഉദ്ദേശിച്ചത്. ആ വാചകങ്ങൾ ഒരു ശാപവചസ്സല്ലാതിരുന്നതു കൊണ്ടായിരിക്കാം, അങ്ങിനെ വേണ്ടി വന്നില്ല.

നവകേതനും ആനന്ദും എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്തൊരനുഭവമായിരുന്നു. കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നുമെത്തിയ എനിക്ക് കേട്ടു കേൾവിപോലുമില്ലാത്ത സിനിമയുടെ വലിയ ലോകം തുറന്നു തന്ന സ്ഥാപനമാണത്. ജുഹുവിലെ പ്രതീക്ഷാ ബംഗ്ളാവിന്റെ മുമ്പിൽ അമിതാഭ് ബച്ചനെ ഒരു നോക്കു കാണുവാൻ പൊരിവെയിലത്തും മഴയത്തും കാത്തു നില്ക്കുന്ന സിനിമാഭ്രാന്തന്മാരുടെ നാട്ടിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വന്ന് അദ്ദേഹം നമ്മളെക്കാണുന്ന അവസ്ഥ ഊഹിക്കാൻ പോലുമാവുമായിരുന്നില്ല.

അമിതാഭ് ബച്ചനെ ആദ്യമായി ഞാൻ കണ്ടത് വളരെ ആകസ്മികമായിട്ടായിരുന്നു. ഗംഗാ ജമുന സരസ്വതി എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുന്ന അവസരം. അദ്ദേഹം ദിവസവും ഡബ്ബ് ചെയ്യാൻ വരുന്നത് രാവിലെ 8 മുതൽ 10 വരെ. ഇതൊന്നുമറിയാതെ, ഒരു ദിവസം ഞാൻ പതിവു പോലെ ഒമ്പതേമുക്കാലോടെ ആനന്ദിലെത്തി. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഓഫീസിലെത്തിയാൽ ആദ്യത്തെ പണി ബാഗും മറ്റും റിസപ്ഷനിൽ വെച്ച് ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ച്, മുഖമെല്ലാം കഴുകി നവോന്മേഷം വീണ്ടെടുത്തു വരികയെന്നതായിരുന്നു. അന്നും എന്നതെയും പോലെ ഞാൻ ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ച് തിരിഞ്ഞു മറുവശത്തുള്ള വാഷ്ബേസിനിൽ മുഖം കഴുകി തലയുയർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരാൾ നിന്ന് ശങ്കതീർക്കുന്നു. അദ്ദേഹത്തിന്റെ പിൻഭാഗം കണ്ടിട്ട് അമിതാഭ് ബച്ചന്റെ പോലുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ച്, അതോടൊപ്പം തന്നെ, "പിന്നെ.. അമിതാഭ് ഇവിടെ വന്നല്ലെ മൂത്രമൊഴിക്കുക" എന്നെല്ലാം ചിന്തിച്ചു മുടിയെല്ലാം ചീകി പതുക്കെ പോകാനായി തിരിഞ്ഞതും എന്റെ പുറകിലുള്ള വ്യക്തിയും തന്റെ ശങ്ക തീർത്ത് തിരിഞ്ഞു. പെട്ടെന്ന് ഞാൻ അദ്ബുധസ്തബ്ധനായി നിന്നു പോയി. എന്റെ മുമ്പിൽ സാക്ഷാൽ അമിതാഭ് ബച്ചൻ ഒറ്റക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ നില്ക്കുന്നു. ഒരു നിമിഷം ഞാൻ കാണുന്നത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ ഞാൻ പുറത്തേക്ക് കടന്നു, റിസപ്ഷനിൽ പോയി ഇക്കാര്യം പറഞ്ഞപ്പോളാണ് മനസ്സിലായത് അത് ശരിക്കും അമിതാഭ് ബച്ചൻ തന്നെയാണെന്നത്.

അതേപോലെ നാട്ടിൽ നിന്നും വന്ന ശ്രീകുട്ടന് മൂപ്പരുടെ ആരാധനാ പാത്രം മിഥുൻ ചക്രവർത്തി ദർശനം നൽകിയതും ഇതേ ശുചി മുറിയിൽ ആയിരുന്നുവെന്നത് ചരിത്രത്തിന്റെ തനിയാവർത്തനം. തുടക്കം മുതൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചതിനാലാവാം നടീനടന്മാരെക്കണ്ടാൽ ആരാധനയോടെ പോയി കണ്ട് സംസാരിക്കുന്ന സ്വഭാവം എനിക്കില്ലായിരുന്നു. അതിലേറെ സിനിമക്കു പിന്നിൽ പ്രവർത്തിച്ചിരുന്ന സാങ്കേതിക വിദഗ്ദ്ധരെ പലപ്പോഴും ആരാധനയോടെ നോക്കിക്കാണാനും, അവരുമായി സൗഹൃദം സ്ഥാപിക്കാനും ചിലപ്പോഴെങ്കിലും ശ്രമിച്ചു.

അങ്ങിനെ അഞ്ചു വർഷം പിന്നിടാൻ ഒരു മാസം ബാക്കിയുള്ളപ്പോൾ ഞാൻ നവകേതനോട് വിട പറഞ്ഞു. ദേവ് സാബിനെ കണ്ട് യാത്രപറയാനായി കേണലുമൊത്ത് അദ്ദേഹത്തിന്റെ കാബിനിലെത്തി. “Are you going for a better position?” അതെ എന്നു മറുപടി കൊടുത്തു. “Wish you Good Luck” എന്ന് അനുഗ്രഹം വാങ്ങിപ്പോന്നു.

ആരതിയിൽ ബിശ്വദീപ് ജോയിൻ ചെയ്തിട്ട് ഒരു മാസമായിരിക്കുന്നു. കാരുമായ പണികളൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. മധു സിൻഹ ഫിലിം ഡയറക്ടറി തപ്പിയെടുത്ത് സംഗീത സംവിധായകർക്ക് ഫോൺ ചെയ്യാനും മാർക്കറ്റിംഗ് നടത്താനും ഉള്ള വഴികൾ പറഞ്ഞു തന്നു. T-സീരീസ് കസറ്റ് വ്യവസായം തുടങ്ങിയ കാലം. ഗണപതി സ്തുതികൾ ഇറക്കുന്ന സമയം. അവരെ പറഞ്ഞ് പാട്ടിലാക്കി. ശാരംഗ് ദേവ്, സുഖ്-വിന്ദർ സിംഗ് തുടങ്ങിയ ചെറുകിട സംഗീത സംവിധായകരെ കൂ‍ൂട്ടു പിടിച്ച് അവരുടെ ആൽ-ബങ്ങൾക്കും ജിംഗിളുകൾക്കും സ്റ്റുഡിയോ ബുക് ചെയ്യിക്കാൻ ശ്രമിച്ചു.

റൂമിൽ വിനയന്റെ വക ഒരു പുതിയ സൌണ്ട് സിസ്റ്റം തയ്യാറാക്കപ്പെട്ടു. ലാമിംഗ്ടൺ റോഡിൽ നിന്നും സാമഗ്രികൾ വാങ്ങി അവൻ തന്നെ നിർമ്മിച്ച പുതിയ ആംപ്ലിഫയറും സ്പീക്കറും, പാട്ടുവെക്കാനൊരു സ്റ്റീരിയോ വാക്മാൻ കാസറ്റ് പ്ലേയറും.

പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചവും ഞങ്ങളുടെ പ്രഭാതങ്ങളും ഉണർന്നപ്പോൾ, രാ രാ രാസ് പുട്ടിൻന്റെ ചടുലതാളങ്ങളും, ചാന്ദി ജൈസാ രംഗ് ഹെ തേരാ.. എന്നു തുടങ്ങിയ ഘസലുകളുടെ പതികാലങ്ങളും ദിനങ്ങളെ അർത്ഥവത്താക്കിയപ്പോൾ, അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി എന്നു വേദനിച്ചു രാത്രികൾ കടന്നു പോയി.

ജീവിതം സംഗീതസാന്ദ്രമായ ദിനങ്ങൾ, ഹൃദയം പ്രേമ പ്രേമസുരഭിലമായിത്തുടങ്ങിയ
നാളുകൾ…

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...