കണ്ണനിവാസും കുഞ്ഞുമോളും
1969 ജൂണിൽ ചെറുകര സ്‌കൂളിലെ രണ്ടാം ക്ളാസിലേക്ക് എത്തി. അവിടെ വേശു ടീച്ചർക്ക് പകരം ഒരു മാഷാണ്, മാധവൻ മാഷ്. കുപ്പായക്കീശയിൽ നിന്നും സൈബാളിന്റെ ഒരു ഡബ്ബി എടുത്തു ഇടക്കിടെ ചുണ്ടിന്മേൽ തേച്ചിരുന്ന, ഹാഫ് കൈ ജൂബാ ഇട്ട് വന്നിരുന്ന മാഷ്. വിരമിക്കലിന്റെ വക്കത്തെത്തി നിൽക്കുന്ന, കണ്ടാൽ ഒരു മുത്തശ്ശൻറെ മട്ടും ഭാവവുമുമാണ് മാഷ്ക്ക്. കൂട്ടുകാർ ചിലരൊക്കെ തൊട്ടടുത്ത വിലാസിനി ടീച്ചറുടെ 2A യിലേക്ക് പോയി, Aയിൽ നിന്നും ചിലർ Bയിലേക്ക് വന്നു.
തൂമ തൂകുന്ന തൂമരങ്ങള്,
തോളും തോളുമുരുമ്മിനിന്നും,
എന്നും മറ്റുമുള്ള പദ്യങ്ങൾ ആദ്യമായി ക്ലാസിൽ പഠിച്ചു, സഹപാഠികളുമൊപ്പം ഒരുമിച്ചു നിന്ന് ആടി പാടിത്തുടങ്ങിയ വർഷം.
ആമയും മുയലും, കുഞ്ഞിരാമന്റെ പൊടിക്കൈ തുടങ്ങിയ പാഠങ്ങൾ ഉച്ചത്തിൽ വായിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്ന കാലം. രാത്രികളിൽ മുത്തശ്ശിയുടെ കൂടെ കിഴക്കേ മുറിയിലാണ് ശശിയും കൂടി കിടപ്പ്. മുത്തശ്ശി ഉണ്ടൻറെയും ഉണ്ടിയുടെയും, നരിമാന്റെയും കഥകൾ പറഞ്ഞു തന്നു. പലവട്ടം കേട്ടതെങ്കിലും പിന്നെയും പിന്നെയും മുത്തശ്ശിയുടെ കഥന പാടവത്തിൽ അവ കേൾക്കാൻ പ്രേരിപ്പിക്കും. കഥകൾ കേട്ടുറങ്ങിയ കാലം.
പുതിയ വീട്ടിൽ പണികൾ ഒരു വിധം തീർത്ത് ആഗസ്ത് മാസത്തിൽ താമസം തുടങ്ങി. മുത്തശ്ശനിൽ നിന്നും കൈവന്നതായതു കൊണ്ട് തന്നെ അദ്ദേഹത്തിനുള്ള സ്മരണയെന്നോണം അതിന് "കണ്ണനിവാസ്" എന്ന് നാമകരണം ചെയ്ത് ഒരു മരക്കഷ്ണത്തിന്മേൽ പെയിന്റ് കൊണ്ട് എഴുതി പടിക്കൽ നിന്നും കാണും വിധം പൂമുഖത്തു സ്ഥാപിച്ചു. പഴയ പത്തായപ്പുരക്ക് പ്രത്യേകിച്ച് പേരൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ കണ്ണനിവാസ് എന്ന പേര് നാട്ടുകാർക്കിടയിൽ സ്വീകാര്യമായി.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയെന്ന വാർത്ത ഞങ്ങളുടെ കൊച്ചു മർഫി റേഡിയോ പറയുന്നത് കേട്ടതായി ഓർക്കുന്നു. മാനത്ത് കാണുന്ന അമ്പിളി മാമനിലേക്ക് അവർ എങ്ങിനെ പോയി എന്ന് കുതൂഹലം കൊണ്ടു. അന്ന് രാവിലെ സ്‌കൂൾ അസംബ്ലിയിൽ ലീഡറുടെ പ്രധാന വാർത്തയും അതായിരുന്നു.
ആ വർഷത്തെ ആഗസ്റ്റ് 15 നു 4 വയസ്സുകാരൻ ശശിയേയും കൂടെ കൂട്ടി ഞാൻ സ്‌കൂളിലേക്ക് പോയി. സ്‌കൂളിൽ നിന്നും മിഠായിയും വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും കണ്ണനിവാസിൽ ഒരു പുതിയ അതിഥി കൂടിയെത്തിയിരുന്നു. ഒരു കൊച്ചനുജത്തി. ഞങ്ങൾ അവളെ കുഞ്ഞുമോൾ എന്ന് വിളിച്ചു.
സ്‌കൂളിലേക്കുള്ള യാത്ര ഏഴാം ക്‌ളാസിൽ പഠിക്കുന്ന ചേച്ചിയുടെ കൂടെത്തന്നെയാണ്. നല്ല പൊക്കമുള്ള ചേച്ചിയുടെ നീളമുള്ള കാലുകൾക്കൊപ്പം കൂടെ നടന്നെത്തുവാൻ കാഴ്ച്ചയിൽ ചെറുതായ ആ ആറു വയസ്സുകാരൻ ഏറെ പണിപ്പെട്ടു. പലപ്പോഴും നടന്ന് അവരുടെ ഒപ്പമെത്താത്തതിന് ശകാരങ്ങൾ കേട്ടു. അവ ചിലപ്പോൾ തീക്ഷ്ണമായ ചില നോട്ടങ്ങളിലേക്കും നുള്ളുകളിലേക്കും നയിച്ചു. പക്ഷെ, ഇക്കാര്യങ്ങൾ വീട്ടിൽ പറയാൻ പൊതുവെ പേടിത്തൊണ്ടനായ എനിക്കായില്ല. ഒരു ദിവസം നടത്തത്തിന് വേഗത കുറഞ്ഞു പോയപ്പോൾ എൻറെ കൈവിരലുകൾ അവരുടെ കൈകളിൽ ഞെരിഞ്ഞമർന്നു. നടുവിരൽ മലർത്തി പുറകോട്ട് വളച്ചു, വേദന കൊണ്ട് ഞാൻ കരഞ്ഞപ്പോൾ കണ്ണുരുട്ടി. അടുത്ത ദിവസവും ഇതേ നാടകം അരങ്ങേറിയപ്പോൾ എന്റെ നടുവിരൽ നീരു വന്നു വീർത്തു. വൈകുന്നേരം കാരണം ആരാഞ്ഞ അമ്മയോട് ഇതിന്റെ കാരണക്കാരി ചേച്ചിയാണെന്നുള്ള സത്യം പറയാൻ പേടി എന്നെ അനുവദിച്ചില്ല. അപ്പോഴാണ് ഞാൻ പോലുമറിയാതെ ഞാനൊരുത്തരം പറഞ്ഞത്, "നടുവട്ടം ഉണ്ണികൃഷ്ണന് എന്റെ വെരല് പിടിച്ചു വളച്ചു".
ആരാ ഈ നടുവട്ടം?" അമ്മക്ക് സംശയമായി. "എന്തിനാ അവന് നെന്റെ വെരല് വളച്ചത്, മാഷോട് പറയായിരുന്നില്ല്യേ".
രണ്ടാം ക്ളാസിലേക്ക് പുതുതായി വന്നു ചേർന്ന ഉണ്ണികൃഷ്ണനെ പറ്റി ടീച്ചര്മാര്ക്കുപോലും വ്യക്തമായ ധാരണകളില്ല. അതായിരുന്നിരിക്കണം അന്ന് അത്തരത്തിൽ ഒരു നുണ പറയാൻ എന്നെ പ്രേരിപ്പിച്ചത്. കൂടാതെ എന്റെ കൂട്ടുകാരിൽ പലരും വിലാസിനി ടീച്ചറിന്റെ 2Aയിലാണ്. മാധവൻ മാഷുടെ ക്ളാസിലിരിക്കാൻ ഒട്ടും താല്പര്യം തോന്നാതിരുന്ന കാലം.
അമ്മ രാജമന്ദിരത്തിലെ പാപ്പിക്കുട്ടി ഓപ്പോളുടെ അടുത്തെത്തി കൈവിരലിലെ നീരിന്റെ കാര്യവും ഞാൻ പറഞ്ഞ നുണയും വിശദമാക്കി. ഞാൻ പറഞ്ഞു, “എനിക്ക് ക്ലാസ് മാറണം”. രണ്ട് Aയിൽ മോഹനൻമാരുണ്ട്, വിജയനുണ്ട്. ഇതൊരു കാരണമാക്കി എന്റെ ഇംഗിതം നടപ്പാക്കാമെന്നു കണക്കു കൂട്ടി.
ക്‌ളാസ് മാറ്റം കിട്ടിയത് പക്ഷെ ഉണ്ണികൃഷ്ണന് ആയിരുന്നു. ഞാൻ വീണ്ടും 2B യിൽ തന്നെ ഇരിക്കേണ്ടി വന്നു. പക്ഷെ, ഇതോടെ ചേച്ചി ഒന്നയഞ്ഞു. ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ ഞാൻ സത്യം പറയുമോ എന്ന പേടി കൊണ്ടോ മറ്റോ എന്നെ സ്നേഹത്തോടെ കൂടെ നടത്തിത്തുടങ്ങി.
തുടരും...
No comments:
Post a Comment