Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 13 )

നാലാം ക്ലാസ്

പൂരവും വെക്കേഷനും കഴിഞ്ഞു  തിരിച്ചു കണ്ണനിവാസിലെത്തിയപ്പോഴേക്കും ശോഭ മുട്ടുകുത്തിത്തുടങ്ങിയിരിക്കുന്നു.  നാലാം ക്ളാസിലേക്ക് ഞാൻ പാസായത് ക്ലാസ് ഫസ്റ്റ്‌ ആയാണ്. അതിന് ഒരു സമ്മാനം ഉണ്ടായിരുന്നു. അക്കൊല്ലം ഏപ്രിൽ അവസാനം നടന്ന മാധവൻ മാഷ്ടെ യാത്രയയപ്പു സമ്മേളനത്തിലാണ് സമ്മാന വിതരണം ഉണ്ടായത്.  പക്ഷെ അത് വാങ്ങിക്കാൻ സ്‌കൂൾ പൂട്ടിയ ഉടനെ പരക്കാട്ടേക്ക് പോയ എനിക്കായില്ല. സ്‌കൂൾ തുറന്ന് ആദ്യ ദിനം തന്നെ ഞാൻ ഓഫിസ് റൂമിൽ പോയി അത് വാങ്ങി, ഒരു പേനയായിരുന്നു സമ്മാനം. പഠന മികവിന് കിട്ടുന്ന ആദ്യസമ്മാനം.
ഇക്കൊല്ലവും ബി-ഡിവിഷനിൽ തന്നെ. താഴത്തെ ഹാളിലെ ഓട് മേഞ്ഞ കെട്ടിടത്തിലെ  കിഴക്കേ മൂലയിലുള്ള  അച്യുതൻ മാഷുടെ  നാല് ബിയിലേക്ക്. ഇക്കുറി എന്റെ കൂട്ടുകാരെല്ലാവരും ബിയിൽ എത്തി. എൻ പി മോഹനൻ, ടി മോഹനൻ, വിജയൻ, ബാലകൃഷ്ണൻ എന്നിവരെല്ലാം. കൂടാതെ വാരസ്യാർ ടീച്ചറുടെ അനിയന്റെ മകനായ കൃഷ്ണകുമാറും പുതുതായി സ്‌കൂളിലെത്തി. 
കണ്ണടക്കാരനായ അച്യുതൻ മാഷ് സ്വല്പം കർക്കശക്കാരനാണ്. പൊതുവെ കുട്ടികൾക്ക് അദ്ദേഹത്തെ പേടിയാണ്. ഒരു കാലിന് അൽപ്പം നീളക്കുറവുള്ള തിനാലാവണം, നടക്കുമ്പോൾ ചെറുതായി ഞൊണ്ടലുണ്ട്.  

മൂന്നാം ക്ലാസിൽ ഒന്നാമനായതിന് കിട്ടിയ സമ്മാനത്തിന്  കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ നഷ്ടപ്പെടാനായിരുന്നു വിധി. പോക്കറ്റിൽ അഭിമാനപൂർവ്വം കുത്തി നടന്ന പേന, പക്ഷെ എവിടെയോ വീണു പോയി. പേനകൾ അപൂർവമായിരുന്ന അക്കാലയളവിൽ ആ നഷ്ടം എന്നെ ഏറെക്കാലം വേദനിപ്പിച്ചു.

ആ വർഷം സ്‌കൂളിലേക്കുള്ള യാത്ര വാരസ്യാർ ടീച്ചറുടെ ഒപ്പമായി. ടീച്ചർക്കൊപ്പം ക്‌ളാസിലേക്ക് പുതുതായി എത്തിയ കൃഷ്ണകുമാറും ചേച്ചി ശോഭയും ഉണ്ട്. എന്റെ അമ്മയും വാരസ്യാർ ടീച്ചറുടെ ശിഷ്യയാണ്. രാവിലെ എട്ടരയോടെ ടീച്ചറും കുട്ടികളും ചക്കുവറ ക്ഷേത്രത്തിനടുത്തുള്ള വാരിയത്ത് നിന്നും പുറപ്പെട്ട് പാടത്തിന് നടുവിലായുള്ള തോട്ടിൻ കരയിലൂടെ എത്തും. കൂടെ ഞാനും ശശിയും കൂടും. 

ടീച്ചർക്ക് അന്നേ 50 വയസ്സിനടുത്ത് പ്രായമുണ്ട്. കല്യാണം കഴിച്ചിട്ടില്ല.   വെളുത്ത വസ്ത്രങ്ങളെ ധരിക്കൂ. നല്ല വില കൂടിയ ഷിഫോൺ പോലുള്ള സാരികളാണ് അധികവും. കൈകളിൽ സ്വർണ്ണ വളകൾ, കഴുത്തിൽ സ്വർണ്ണ മാല, സ്വർണ്ണ ഫ്രെയിം ഉള്ള കണ്ണട.. ഇതാണ് ടീച്ചറുടെ രൂപം.   

കൃഷ്ണകുമാർ അന്ന് സംസാര പ്രിയനാണ്. എന്തെങ്കിലും ഒക്കെ സംസാരിച്ചു കൊണ്ടേ ഇരിക്കും. പൊതുവെ ടീച്ചറെ പേടിയുള്ള ഞങ്ങൾ ഇതൊക്കെ കേട്ടു കൊണ്ട് കൂടെ നടക്കും. 
സിനിമാ നടൻ സത്യൻ അന്തരിച്ചു എന്ന വാർത്ത ഒരു ദിവസം രാവിലെ  റേഡിയോവിൽ നിന്നും കേട്ടു. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ എന്ന ഗാനം പാടി നടക്കുന്ന സത്യൻ മാഷെ ഞാൻ ഞാങ്ങാട്ടിരി പോയപ്പോൾ മിനർവാ ടാക്കീസിൽ നിന്നും കണ്ടിട്ടുണ്ട്.  സ്‌കൂളിൽ നിന്നുമാണ് സത്യന്റെ മൃതദേഹം മദ്രാസിൽ നിന്നും നാട്ടിലേക്ക് വിമാനത്തിൽ  കൊണ്ടുവരും എന്നറിഞ്ഞത്. വൈകീട്ട് വരുന്ന വഴി പാടത്തിനു  മുകളിലൂടെ പോയ ഒരു വിമാനം സത്യനെയും കൊണ്ട് പോവുന്നതാണെന്ന് പാടത്ത് വരമ്പ് വെച്ച് കൊണ്ട് നിന്നിരുന്ന ഒരു കൃഷിക്കാരൻ പറഞ്ഞപ്പോൾ   അത് സത്യമാണെന്ന് മറ്റുള്ളവരും വിശ്വസിച്ചു മേൽപ്പോട്ട് നോക്കി നിന്നു .

നാലാം ക്ലാസിലെ മുൻ ബഞ്ചിലാണ് ഞങ്ങൾ കൂട്ടുകാരെല്ലാം. എന്റെ തൊട്ടടുത്ത് ഇരിക്കുന്നത്  ബാലകൃഷ്ണനും ടി മോഹനനും ആണെന്നാണ് ഓർമ്മ. പഠന കാര്യത്തിൽ ഒരു മത്സരം തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. രാവിലെ സ്‌കൂളിലെത്തിയാൽ ബെല്ലടിച്ച് മാഷ് എത്തുന്നത് വരെ കളികളാണ്. 

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി 
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
എന്നും മറ്റുമുള്ള പദ്യങ്ങൾ അച്യുതൻ മാഷ് പഠിപ്പിച്ചു. വിശേഷപ്പെട്ട ചാട്ടവാറും, ആനച്ചേനയും, തെങ്ങിൻ ചുവട്ടിലെ നിധിയുമെല്ലാം സവിസ്തരം കഥ പറഞ്ഞു, ചോദ്യങ്ങൾ ചോദിച്ച്, കേട്ടെഴുത്തെഴുതിച്ച് പഠിപ്പിച്ച കാലം.

മഴ കനത്ത ജൂൺ-ജൂലൈ മാസങ്ങളിൽ  സ്‌കൂളിലേക്കുള്ള യാത്ര അത്യന്തം ക്ലേശകരവും രസകരവുമാണ്. വീശിയടിച്ചു പെയ്യുന്ന മഴയെ തോൽപ്പിക്കാൻ ഞങ്ങളുടെ ചെറുകുടകൾക്ക് ആവില്ല. അവ പലപ്പോഴും ഞങ്ങളുടെ കൈവിട്ട് കാറ്റിനൊപ്പം  പറന്നു പോവും. കണ്ടങ്ങളിൽ ഇറങ്ങി വീണ്ടും അവയെടുത്ത് ചേറു കഴുകിക്കളഞ്ഞു  സ്‌കൂളിലേക്ക് എത്തുമ്പോഴേക്കും മേലാകെ നനഞ്ഞു കുതിർന്നിരിക്കും.    തോടുകളും പാടവും  നിറഞ്ഞു കവിയും. കണ്ടങ്ങളിൽ നിന്നും കഴായകളിൽ കൂടെ വെള്ളം ശക്തിയോടെ കുത്തിയൊലിച്ചു  തോട്ടിലേക്ക് വീഴും. അവയിലൂടെ വലിയ മൽസ്യങ്ങൾ ഞങ്ങളുടെ മനസ്സു പോലെ ചാടിക്കളിക്കും.  അത്തരം കഴായകൾ കടക്കാൻ പലപ്പോഴും വലിയവരുടെ സഹായം വേണ്ടി വരും. മിക്കവാറും വാരസ്യാർ ടീച്ചർ ഞങ്ങളെ ഓരോരുത്തരെ ആയി എടുത്തു അപ്പുറത്തെത്തിക്കും. 

കുറ്റിപ്പുളിക്കപ്പുറം   നിറഞ്ഞു കിടക്കുന്ന അണക്കെട്ട്  അന്നു കാലത്ത് ഞങ്ങൾക്കൊരത്ഭുത കാഴ്ചയായിരുന്നു. അണക്കെട്ടുകളെക്കുറിച്ച് പഠിക്കുമ്പോൾ എന്നും മനസിലേക്കോടിയെത്തുന്ന ചിത്രം. വെള്ളം നിറഞ്ഞു, ഷട്ടറുകൾ തുറന്ന് ശബ്ദത്തോടെ വെള്ളം താഴേക്ക് പതഞ്ഞു പതിച്ചു കൊണ്ടിരിക്കുന്ന അണക്കെട്ടിന്റെ മുകളിലൂടെ വാരസ്യാർ ടീച്ചർ വഴുക്കി വീഴാതെ നടക്കണമെന്നും അറ്റത്തു കൂടി നടക്കരുതെന്നും  പറഞ്ഞു ഞങ്ങളെ സ്‌കൂളിലേക്ക് നയിക്കും.

മഴ തിർമിർത്തു പെയ്യുന്ന ആ ദിവസങ്ങളിൽ ക്‌ളാസിന്റെ പിന്നിലായി ഇറവെള്ളം ഒരു ചെറു തോട്‌ പോലെ ഒഴുകും. ഉച്ച നേരങ്ങളിൽ അവിടെ കുട്ടികൾ കടലാസ് വഞ്ചികൾ ഒഴുക്കിക്കളിക്കും.

വര: ശശി 

തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...