Thursday, December 8, 2022

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 4

 കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി തേടി..


 ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയ കുടീരം ഏതെന്ന് ചോദിച്ചാൽ രണ്ടാമതൊരുത്തരമില്ലലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ തന്നെ. രവീന്ദ്രനാഥ് ടാഗോർ കുടീരത്തെ വിശേഷിപ്പിച്ചത് കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളിയെന്നാണ്. അവിടേക്കാണ് ഇന്ന് യാത്ര.

ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ  ഓർമ്മക്കായി പണിയിച്ച പ്രണയ സൗധം. ലോകാത്ഭുതങ്ങളിലൊന്ന് നമ്മുടെ ഇന്ത്യയിലും ഉണ്ടെന്ന് പഠിച്ച നാളിൽ തുടങ്ങുന്ന മോഹമാണ്  സൗധമൊന്ന് കാണണമെന്നത്. അതിനുള്ള ഭാഗ്യം, തക്ദീർ  ഇന്ന് തുറന്ന് കിട്ടിയിരിക്കുന്നു.

ഞങ്ങളുടെ ഡ്രൈവർ രാവിലെ ആറരക്ക് തന്നെ ഹോട്ടലിന്റെ മുൻവശമെത്തി. ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞും  വൈക്കോലിന്റെ പുകയും നിറഞ്ഞു തുടങ്ങിയിട്ടില്ലാത്തൊരു പ്രഭാതത്തിൽ ഉദയസൂര്യൻറെ പൊൻകിരണങ്ങളിൽ തിളങ്ങി നിൽക്കുന്ന താജിനെ കൺ കുളിർക്കെ കാണുവാനായി  എത്രയും വേഗം അവിടെയെത്താനായി ഞങ്ങളുടെ മനസ്സ് തിടുക്കം കൂട്ടിയെന്നാലും  ഡ്രൈവർക്ക് അത് മറ്റൊരു ബിസിനസ് ട്രിപ്പ് മാത്രമായിരുന്നു. യമുന എക്സ്പ്രസ്സ് വേ എന്ന അതിവേഗ പാത വിട്ട് അവൻ പഴയ റോഡിലൂടെ ഇഴച്ച്  ആഗ്രയിലെത്തിയപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു.

താജ് മഹലിന്റെ പടിഞ്ഞാറേ  പ്രവേശന ദ്വാരം പിന്നിട്ട്  ഞങ്ങളുടെ ട്രാവലർ വീണ്ടും കിഴക്കോട്ട് പോയി ഒരു ഇടുങ്ങിയ ഗലിയിൽ കൊണ്ട് പോയി നിറുത്തി. താജ് കാണിക്കാനെന്നും പറഞ്ഞു പറ്റിക്കുകയാണോ എന്ന് തോന്നിയ നിമിഷങ്ങൾ. ഇനി ഈ വണ്ടി മുമ്പോട്ട് പോവില്ലെന്നും അവിടെക്കാണുന്ന ഇലക്ട്രിക് റിക്ഷകളിൽ വേണം താജിന്റെ കിഴക്കേ കവാടത്തിലേക്ക് പോവാനെന്നും പറഞ്ഞു അവന്റെ പരിചയക്കാരനെന്ന് പറഞ്ഞ ഒരാളെ പരിചയപ്പെടുത്തി. പിന്നീടാണ് മനസ്സിലായത്, അതൊരു ഗൈഡ് ആണെന്ന്.

ഏകദേശം 4 റിക്ഷകളിലായി ഞങ്ങളുടെ സംഘത്തെ അവൻ കുടുസ്സായ ഏതെല്ലാമോ  ഗലികളിലൂടെ നയിച്ചു. ഒരു മുംബൈ ചേരിയുടെ എല്ലാ വൃത്തികേടുകളും ഒത്തുചേർന്നൊരു ലോകത്തിലൂടെയാണ് യാത്ര.  ലോകാത്ഭുതം നിലകൊള്ളുന്ന ആഗ്രയുടെ  തൊട്ട് മുമ്പിലായി ഇങ്ങിനെയും ഒരു ലോകമുണ്ടെന്ന് അത്ഭുതം കൂറിയ നിമിഷങ്ങൾ. അങ്ങിനെ ഞങ്ങൾ ഏകദേശം 5 നിമിഷങ്ങൾക്കുള്ളിൽ കിഴക്കേ കവാടത്തിലെത്തി. പൊതുവെ തിരക്കു കുറഞ്ഞതാണ് ആ കവാടം. VVIP കൾ പൊതുവെ ഈ കവാടത്തിലൂടെയാണ് ഉള്ളിലേക്ക് കയറുകയെന്ന് ഗൈഡ് പറഞ്ഞപ്പോൾ ഒരു വേള ഞങ്ങൾ ഞെട്ടി. കിഴക്കേ കവാടത്തിലേക്ക് വേറെ നല്ലൊരു പാതയുണ്ട്. സമയലാഭത്തിനായി കുറുക്കുവഴിയിലൂടെ കൊണ്ടുവന്നതാണ് ഞങ്ങളെ എന്ന് പിന്നീടാണ് മനസ്സിലായത്.

പ്രവേശന കവാടത്തിലെ ചെക്കിങ്ങുകളും മറ്റും കഴിഞ്ഞു മുമ്പോട്ട് നടക്കുമ്പോൾ നടവഴിയുടെ ഒരു വശത്തായി താജിന്റെ ചരിത്രത്തിലേക്ക് എത്തി നോക്കുന്ന ചില ഗതകാല ചിത്രങ്ങളുണ്ട്. ഫോട്ടോഗ്രാഫിയുടെ ആവിർഭാവം മുതൽ വിവിധ കാലഘട്ടങ്ങളിൽ പകർത്തിയ ചിത്രങ്ങൾ. പണിത് നൂറ്റാണ്ടുകൾ പിന്നിട്ട് പകർത്തിയ,  ആദ്യകാല ചിത്രങ്ങളിലെ താജ് ഇത്രയും ഭംഗിയാർന്നതല്ല. പിന്നീട് ബ്രിട്ടീഷുകാരാണ് താജിന്റെ മോടി കൂട്ടുവാനുള്ള ശ്രമം നടത്തിയത്. പ്രത്യേകിച്ച് മുമ്പിലുള്ള ഉദ്യാനത്തിലെ ചെടികൾ മാറ്റി അവിടെ പുൽത്തകിടികൾ വെച്ചു പിടിപ്പിച്ചതോടെ സൗധത്തിന്റെ ദൂരക്കാഴ്‌ച മികച്ചതായി.

ഞങ്ങളുടെ ഗൈഡ് അലി ഒരു ചരിത്ര ബിരുദധാരിയാണെന്നാണ് അവനോടുള്ള സംഭാഷണമദ്ധ്യേ മനസ്സിലായത്. അതിലേറെ, അയാൾ പണ്ട് താജ് നിർമ്മിച്ച ഇന്ത്യൻ തൊഴിലാളിയുടെ പിന്മുറക്കാരനാണ് എന്നത് കൗതുകവും. അവന്റെ മുതുമുത്തച്ഛന്മാരും ഇറാൻ, പേർഷ്യ, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധ തൊഴിലാളികളും ചേർന്ന് 1631ൽ പണിതുടങ്ങി 1653ലാണ് താജ് പൂർണ്ണമായും പണിതു തീർത്തത്. ഇന്ത്യാക്കാരായ തൊഴിലാളികളിൽ ഏറെയും അവിദഗ്ദ്ധരായ സഹായികളായിരുന്നു. പുറം രാജ്യത്തു നിന്നുമെത്തിയ വിദഗ്ദ്ധർ താജ് കോംപ്ലക്സിലെ  പാർപ്പിടങ്ങളിലും തദ്ദേശീയരായ തൊഴിലാളികൾ പുറമെ കിഴക്കുവശത്തു ചേരികളിലുമായായിരുന്നു താമസിച്ചിരുന്നത്. താജിന്റെ നിർമ്മാണശേഷം അവർ പലരും തങ്ങളുടെ തുകൽ വ്യവസായത്തിലേക്ക് തന്നെ കുടിയേറി.

ഖുറം രാജകുമാരനെന്ന ഷാജഹാന്റെയും അർജുമന്ദ് ബാനു ബീഗമെന്ന മുംതാസ് മഹലിന്റെയും ആദ്യകാല കഥകളിലൂടെ അലി ഞങ്ങളെ കൂട്ടിക്കൊണ്ടു ചെന്നത് താജിന്റെ മുഖ്യ വാതിലായ ദർവാസ-ഇ റൌസയുടെ മുമ്പിലേക്കാണ്. ഡൽഹിയിലെ ലാൽ കില പോലെയും മറ്റും മനോഹരമാണ് ചെങ്കല്ലിൽ പണിത ഗേറ്റ്. കുത്തബ് മിനാർ കോംപ്ലക്സിലെ അലൈ ദർവാസ പോലെ ദർവാസ-ഇ റൌസയുടെയും ചുമരുകൾ അറേബ്യൻ കാലിഗ്രഫിയാൽ  മനോഹരമാക്കപ്പെട്ടിരിക്കുന്നു.

അവിടെ കാണുന്ന കാലിഗ്രാഫി തുലുത് ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇറാനിൽ നിന്നുമുള്ള അബ്ദുൽ ഹഖ്(പിന്നീട് ഷാജഹാൻ അദ്ദേഹത്തിന് അമാനത്ത് ഖാൻ എന്ന് നാമകരണം ചെയ്തു)  ആണ് ആ മനോഹരമായ വചനങ്ങൾ കൊത്തിവെച്ചത്. താജിന്റെയും മറ്റു അനുബന്ധ കെട്ടിടങ്ങളുടെയും പണിക്കായി വേണ്ടുന്ന വെണ്ണക്കൽ രാജസ്ഥാനിലെ മക്റാനയിൽ നിന്നും, ജേഡ് രത്നക്കല്ലുകൾ ക്രിസ്റ്റലുകൾ എന്നിവ ചീനയിൽ നിന്നും, ലാപിസ് ലസൂലി  എന്ന അർദ്ധ രത്നം അഫ്‌ഗാനിൽ നിന്നും, ടർക്കോയ്സ് ടിബറ്റിൽ നിന്നും ജാസ്പർ കല്ലുകൾ പഞ്ചാബിൽ നിന്നും ഇന്ദ്രനീലക്കല്ലുകൾ ശ്രീലങ്കയിൽ നിന്നും കാർനെലിയൻ കല്ലുകൾ അറേബ്യയിൽ നിന്നും ആണ് എത്തിച്ചത്.

മനോഹരമായ ആ നിർമ്മിതിക്ക് മുമ്പിൽ നിന്ന് ഒരു ഫോട്ടോ എന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. അവിടെ നമുക്ക് ചുറ്റും കൂടുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരോട് ബൈ പറഞ്ഞ ഞങ്ങൾക്ക് കുത്തബ് മീനാറിലെ മിശ്രാജിയെപ്പോലെ അലിയും ഏറ്റവും നല്ല ആംഗിളുകളിൽ നിന്നും ഞങ്ങളുടെ മൊബൈൽ കാമറയിൽ  ഫോട്ടോ എടുത്തു തന്നു.O SOUL, THOU ART AT REST. RETURN TO THE LORD AT PEACE WITH HIM, AND HE AT PEACE WITH YOU എന്നെഴുതിയ ആ കൂറ്റൻ കവാടത്തിലൂടെ ഞങ്ങൾ അങ്ങിനെ ആദ്യമായി ലോകാത്ഭുതങ്ങളിലൊന്ന് കാണുവായി കാലെടുത്തു വെച്ചു.

ആ കവാടത്തിനുള്ളിലെ ഉയരക്കാഴ്ചകളിൽ ആശ്ചര്യം കൊണ്ട് പുറത്തേക്ക് കടന്നതും അതാ സൂര്യ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന താജ് മഹൽ. ആ കാഴ്ചയാണ് ഒരു പക്ഷെ താജിന്റെ ഏറ്റവും മനോഹര ദൃശ്യം. അത്രയും ഭംഗി വേറൊരു കോണിൽ നിന്നും ഇല്ലെന്ന് പറയേണ്ടി വരും. അവിടെയെങ്ങും, ആ ലോകാത്ഭുതത്തിനു മുന്നിൽ, തങ്ങളുടെ പ്രതിരൂപത്തെ ആ മനോഹരസൗധത്തോട് ചേർത്തി നിർത്തി പകർത്താൻ വെമ്പൽ കൊള്ളുന്ന ജനതതിയെയാണ് കാണാൻ കഴിഞ്ഞത്.അവിടെയും അലി ഞങ്ങൾക്ക് രക്ഷകനായി എത്തി. ഓരോരുത്തർക്കും വേണ്ടത്ര ഫോട്ടോകൾ അയാൾ എടുത്തു തന്നു കൊണ്ട് ഞങ്ങളെ താജിന്റെ ബാക്കി വിശേഷങ്ങളിലേക്കായി കൈപിടിച്ചാനയിച്ചു.

അയാൾ കഥ തുടരുകയാണ്...

തന്റെ പതിനാലാം വയസ്സിൽ ഖുറം രാജകുമാരന്റെ മനം കവർന്ന അർജുമന്ദ് ബാനുവിന് പക്ഷെ വിവാഹത്തിനായി അഞ്ചു നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ ഖുറം അച്ഛന്റെ ഇംഗിതത്തിന് വഴങ്ങി  രാജ്യകാര്യാർത്ഥമായി രണ്ടു വിവാഹങ്ങൾ കൂടി കഴിച്ചു. അവയൊക്കെയും ചില വെട്ടിപ്പിടുത്തങ്ങൾക്ക് ശേഷമുള്ള ഉഭയകക്ഷി വിവാഹങ്ങളായിരുന്നു. അവർക്കൊന്നും തന്നെ അർജുമന്ദ് ബാനുവിന്റെ സൗന്ദര്യമോ, ഖുറം രാജകുമാരനെ മയാക്കാനുള്ള ശേഷിയോ ഉണ്ടായിരുന്നില്ല

അങ്ങിനെ തന്റെ പത്തൊമ്പതാം വയസ്സിലാണ് അവർ ഖുറം രാജകുമാരന്റെ പത്നിയായി മുഗൾ രാജവംശത്തിലേക്ക് എത്തുന്നത്. അതോടെ അവർ ഖുറത്തിന്റെ  മുംതാസ് മഹൽ ആയി.

പിന്നീട് 1627 ജഹാംഗീറിന്റെ മരണശേഷം മുഗൾ സാമ്രാജ്യാധിപനായ ശേഷമാണ് ഖുറം ഷാജഹാൻ ആവുന്നതും മുംതാസ്  ഷാജഹാന്റെ വിശ്വസ്തയായ ഭാര്യയും ഭരണകാര്യങ്ങളിലെ സന്തത സഹചാരിണി യാവുന്നതും. വേർ പിരിയാൻ കഴിയാത്ത ദമ്പതികളെപ്പോലെ  അവർ മുഗൾ സാമ്രാജ്യത്തിലങ്ങോള മിങ്ങോളം ഒരുമിച്ച് സഞ്ചരിച്ചു.

ഇതിനിടയിൽ 19 വർഷത്തെ അവരുടെ ദാമ്പത്യത്തിൽ  മുംതാസ്  14 തവണ പ്രസവിച്ചു. തുടർ പ്രസവങ്ങൾ അവരെ അങ്ങേയറ്റം ക്ഷീണിതയാക്കിയിരുന്നു. ഒടുവിൽ  ഡക്കാൻ മേഖലയിലൂടെ നടത്തിയ ഒരു പടയോട്ടത്തിനിടയിൽ, ഷാജഹാനെ അനുഗമിച്ച അവർ   തന്റെ പതിനാലാം പ്രസവത്തിലുണ്ടായ അതി രക്തസ്രാവത്തിൽ ബാർഹാൻപൂരിൽ വെച്ച് 1631  മരണത്തിന് കീഴടങ്ങി. മരണക്കിടക്കയിൽമുംതാസ് തന്റെ ഹൃദയം തകർന്ന ഭർത്താവിനെ അവരുടെ ദീർഘകാല പ്രണയത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും വീണ്ടും വിവാഹം കഴിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തന്റെ മരണശേഷം ഒരു സ്വർഗ്ഗീയ ശവകുടീരം പണിയണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചു. ആദ്യം  അവിടെ താപ്തി നദിക്കരയിൽ തീർത്ത ഒരു കുടീരത്തിലാണ് അവരെ അടക്കം ചെയ്തത്.

തന്റെ പ്രിയ പത്നിയുടെ മരണത്തെ തുടർന്ന് തകർന്ന ഷാജഹാൻ പിന്നീട്   അചഞ്ചലമായ സ്നേഹത്തിന്റെയും ദാമ്പത്യ ഭക്തിയുടെയും പ്രതിരൂപമായി ഇന്നും കണക്കാക്കപ്പെടുന്ന ഒരു കുടീരം യമുനാ നദിക്കരയിൽ മുംതാസിന്റെ ആഗ്രഹപ്രകാരം  നിർമ്മിക്കുവാൻ തീരുമാനിക്കുകയായിരുന്നു. 22 വർഷം നീണ്ടു നിന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ 1653 ലാണ് താജ് കോംപ്ലക്സ് അതിന്റെ പൂർണ്ണതയിലെത്തിയത്.

താജ് മഹലിൻറെ  ഭംഗിയത്രയും ദൂരക്കാഴ്ചയിലാണ്. അടുത്തു ചെല്ലുന്തോറും അതിന്റെ സൗന്ദര്യം കുറയുന്നത് പോലെ തോന്നും. താജിന്റെ ഒരു വശത്തായി ഒരു മുസ്ലിം പള്ളിയും മറു വശത്തായി ജവാബ് എന്ന അതിഥി മന്ദിരവും നിൽക്കുന്നു. താജ് പടുത്തുയർത്തിയത് സമചതുര സ്തംഭപാദത്തിലാണ്. യമുനാ നദിയുടെ തടത്തിൽ നിന്നും ഉയർന്ന ഒരു മണ്ഡപമായാണ് ഇത് പണിതിരിക്കുന്നത്. മാർബിൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും പ്രധാന എടുപ്പും  ആകർഷണവും.   35 മീറ്റർ ഉയരമുള്ളതാണ് കുംഭഗോപുരം.ഇതിനും  മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റർ ഉയരമുണ്ട്. ഗോള സ്തംഭത്തിന്റെ മുകളിൽ താമരയുടെ ആകൃതിയിൽ അഭികല്പന ചെയ്തിട്ടുള്ള ഒരു രൂപവും ഇതിന് ചുറ്റും നാല് ചെറിയ സ്തൂപങ്ങളും  നിർമ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലായി ഒരു  ലോഹ സ്തൂപവും  സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇത് സ്വർണ്ണം കൊണ്ടുള്ളതായിരുന്നുവത്രേപിന്നീട് സ്വർണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാർ എടുത്ത് മാറ്റി അതെ ആകൃതിയിൽ വെങ്കലത്തിലുള്ള രൂപം നിർമ്മിച്ച് വെക്കുകയായിരുന്നു. താഴെ  സമചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാല്മീനാരങ്ങൾ പണിതുയർത്തിയിരിക്കുന്നു. അവയ്ക്ക് മുകളിലായി ഓരോ കുംഭഗോപുരങ്ങളും. മിനാരങ്ങളെല്ലാം പ്രധാന കെട്ടിടത്തിലേക്ക് വീഴാത്ത വണ്ണം ചെറു പുറം ചെരിവോടെയാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തെ പ്രധാന അറക്കുള്ളിലാണ്   മുംതാസ് മഹലിനെ അടക്കം ചെയ്തിരിക്കുന്നത്.

താജിന്റ് മുൻവശത്തുകൂടെ യമുന ആഗ്രയുടെ പ്രധാന വ്യവസായമായ തുകലിന്റെ  എല്ലാ അഴുക്കുകളും ആവാഹിച്ച്   മന്ദമായൊഴുകിക്കൊണ്ടിരുന്നു. മറുപുറത്തതായി ഷാജഹാൻ പണി കഴിപ്പിക്കാൻ ആഗ്രഹിച്ച മറ്റൊരു കുടീരത്തിന്റെ തറ ഭാഗങ്ങളും ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു.

1658 ഷാജഹാൻ രോഗിയായി മാറിയപ്പോൾ   മകൻ ഔറംഗസീബ് മറ്റു സഹോദരന്മാരെ തോൽപ്പിച്ച് സാമ്രാജ്യ ഭരണം കൈക്കലാക്കുകയും ഷാജഹാനെ താജ് മഹലിൽ നിന്നും അങ്ങ് ദൂരെക്കാണുന്ന ആഗ്ര ഫോർട്ടിൽ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. തുടർന്നുള്ള 8 വർഷക്കാലം അദ്ദേഹം ആഗ്ര ഫോർട്ടിൽ താജ് മഹലിനെയും വീക്ഷിച്ചു കൊണ്ട് തന്റെ അവസാന നാളുകൾ കഴിച്ചു കൂട്ടി. അക്കാലമത്രയും തന്റെ മൂത്ത മകൾ ജഹനാരയായിരുന്നു അദ്ദേഹത്തെ നോക്കി രക്ഷിച്ചത്. ഒടുവിൽ 1666 അദ്ദേഹത്തിന്റെ മരണ ശേഷം ഔറംഗസീബ് അദ്ദേഹത്തെയും താജിൽ തന്റെ പ്രിയ പത്നിക്കരികെ  അടക്കം ചെയ്തു.

ആഗ്ര ഫോർട്ടിൽ നിന്നുമുള്ള   താജ് മഹൽ കാഴ്ച  


രണ്ടു മണിക്കൂർ നീണ്ട കാഴ്ചകൾക്കൊടുവിൽ ഞങ്ങൾ പ്രണയസൗധത്തിനോട് വിടപറഞ്ഞു മുന്നോട്ട് നടന്നപ്പോൾ  ഷാജഹാന്റെ വരികളാണ് ഓർത്തത്. മാളികയുടെ കാഴ്ച ദുഖകരമായ നെടുവീർപ്പുകൾ ഓരോരുത്തരിലും  സൃഷ്ടിക്കട്ടെ. സൂര്യനും ചന്ദ്രനും അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുക്കട്ടെ.

പക്ഷെ, ഇന്നത്തെ തലമുറക്കിത് കാഴ്ചയുടെ നിത്യവസന്തം മാത്രം.

തുടരും....

Saturday, November 19, 2022

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 3

യുദ്ധസ്മാരകവും മന്ദിരസമുച്ചയങ്ങളും


ഖുത്തുബ്ദീൻ ഐബക്കും ഇൽത്തുമിഷും പണിയിച്ച പതിമൂന്നാം നൂറ്റാണ്ടിലെ ആ മിനാരത്തോട് വിടപറഞ്ഞ് പിന്നീടുള്ള ഏഴു പതിറ്റാണ്ടുകളിലായി ഡൽഹിയുടെ അധികാരത്തിനായി വിവിധ കാലഘട്ടങ്ങളിൽ  തേരോട്ടം നടത്തിയ     ഖിൽജി, തുഗ്ലക്, സയ്യിദ്, ലോദി, മുഗൾ, ദുറാനി, മറാത്താ, സിഖ് രാജവംശ പരമ്പരകളുടെ പടകൾ കൊന്നും കൊലവിളിച്ചും ജൈത്ര യാത്ര നടത്തിയ വീഥികളിലൂടെ,  യുദ്ധങ്ങളിൽ പോരാടി മരിച്ചവരുടെ സ്മാരകമായി   നില കൊള്ളുന്ന, ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റ് കാണുവാനായാണ്   ഞങ്ങൾ പോയത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ട് മുമ്പ് ഭരിച്ച  ബ്രിട്ടീഷ് രാജവംശ ഭരണകാലത്ത് ദില്ലിയെ ഔദ്യോകിക തലസ്ഥാനമായി അംഗീകരിച്ച ശേഷം തലസ്ഥാനത്തെ മൊത്തം മോടി കൂട്ടുന്ന സമയത്ത് 1921ൽ, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യത്തോടൊപ്പം പോരാടി മരിച്ച ഇന്ത്യൻ പട്ടാളക്കാരുടെ സ്മരണക്കായി എഡ്വിൻ ല്യൂട്ടനെന്ന വാസ്തുശില്പി പണിയിച്ച 42 മീറ്റർ ഉയരമുള്ള  ഈ സ്മാരകം 1931 ലാണ് പൂർത്തിയായത്. റസീന ഹിൽസിലെ രാഷ്‌ട്രപതി ഭവനു മുന്നിൽ നിന്നും തുടങ്ങുന്ന രാജ് പഥ് (ഇപ്പോഴത്തെ കർത്തവ്യ പഥ്)അവസാനിക്കുന്നത് ഇന്ത്യാ ഗേറ്റിലാണ്.  വർഷം തോറും നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് പലവട്ടം ടി വി യിൽ കണ്ടിട്ടുണ്ടെങ്കിലും ആ പരേഡുകൾ നടക്കുന്ന രാജ പാതയും അതിന്റെ ഒരറ്റത്തായി തലയുയർത്തി നിൽക്കുന്ന ഇന്ത്യാ ഗേറ്റും ഒരിക്കലെങ്കിലും കാണണമെന്ന് ഓരോ വർഷത്തെ പരേഡ് കാഴ്ചയും  നമ്മെ മോഹിപ്പിച്ചു കൊണ്ടിരിക്കും. ആ ആഗ്രഹ പൂർത്തീകരണത്തിന്റെ ഉൾപ്പുളകത്തിലാണ് സംഘാംഗങ്ങളെല്ലാം. തലയുയർത്തി നിൽക്കുന്ന ആ സ്മാരകത്തിന്  മുമ്പിൽ നിന്നൊരു ഫോട്ടോ എന്നത് ഏതൊരു ഭാരതീയന്റേയും മോഹവുമാണ്. സംഘാംഗങ്ങൾ ഒറ്റക്കും സംഘം ചേർന്നും ആ മോഹങ്ങളോരോന്നും നിറവേറ്റി.
ഇന്ത്യാ ഗേറ്റിന് പുറകിലായി സുഭാഷ് ചന്ദ്ര ബോസിന്റെ 125മത് ജന്മദിനത്തോടനുബന്ധിച്ച് നിർമ്മിച്ച അദ്ദേഹത്തിന്റെ ഒരു പ്രതിമയും, അതിനും പുറകിലായി ഇന്ത്യൻ നാഷണൽ  യുദ്ധ സ്മാരകവും അമർ ജവാൻ ജ്യോതിയും നില കൊള്ളുന്നു. സ്വതന്ത്ര ഇന്ത്യയുടെ  ഇന്നേ വരെയുള്ള വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകൾ ആലേഖനം ചെയ്ത ഒരു ഗാലറി തന്നെ അവിടെയുണ്ട്. അതെല്ലാം നടന്നു കണ്ട് അമർജ്യോതിക്ക് മുമ്പിൽ നിൽക്കുമ്പോൾ യുദ്ധങ്ങളുടെ വ്യർത്ഥതയെക്കുറിച്ചാണ് ഓർത്തത്. പ്രാചീന യുദ്ധങ്ങളെ അപേക്ഷിച്ച് ഇന്ന് വെട്ടിപ്പിടിക്കലുകളും അധിനിവേശങ്ങളും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ യുദ്ധങ്ങൾ ഏറെയും ചെറിയ  അവകാശ തർക്കങ്ങളിൽ നിന്നും മേൽക്കോയ്മയെ അംഗീകരിക്കായ്മയിൽ നിന്നും ഉടലെടുക്കുന്നതാണെന്ന് തോന്നി. ഇനിയും അത്തരം യുദ്ധങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും യുദ്ധസ്മാരകത്തിൽ ഇനിയും ഏടുകൾ കൂട്ടിച്ചേർക്കപ്പെടാതിരിക്കട്ടെയെന്നും പ്രാർത്ഥിച്ചാണ് അവിടെ നിന്നുമിറങ്ങിയത്.

ഞങ്ങളുടെ അടുത്ത ലക്ഷ്യം 1986 പണിത  ബഹായ് മതവിശ്വാസികളുടെ ആരാധനാലയമായ ലോട്ടസ് ടെമ്പിൾ ആയിരുന്നു.

താമരപ്പൂവിന്റെ ആകൃതിയിൽ നിർമിക്കപ്പെട്ട ഇതിൻറെ ഘടനയിൽ 27 ദളങ്ങളാണുള്ളത്. ക്ഷേത്രത്തിന്റെ നടുത്തളമായ ധ്യാനകേന്ദ്രത്തിലേക്ക് തുറക്കുന്ന 9 വാതിലുകളിലൂടെ പ്രവേശിച്ചാൽ  ഉള്ളിൽ ഏകദേശം 2500 പേർക്കിരുന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. ഏകദൈവത്തിലധിഷ്ഠിതമായ ബഹായ് മതം സ്ഥാപിതമായത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. അവിടെകുറച്ച് നേരം നിശബ്ദരായിരുന്നു ഞങ്ങൾ പതിയെ പുറത്തേക്ക് കടന്നു.ശില്പചാതുരിക്ക് വളരെയധികം പുരസ്കാരങ്ങൾ നേടിയ ആരാധനാലയത്തിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണത്രെ.

വീണ്ടും മറ്റൊരു ആരാധനാലയത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ദൈവത്തിന്റെ ദിവ്യ വാസസ്ഥലത്തേക്ക്അതെ അക്ഷർധാം മന്ദിരത്തിലേക്ക്. 2007 ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടിയ ക്ഷേത്ര സമുച്ചയത്തിലെ കാഴ്ചകൾ കാണാനായി ഞങ്ങൾ 4 മണിയോടെ എത്തി.

യമുനാ നദിയുടെ തീരത്തായി തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന  മന്ദിരം ബൊചൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സംസ്ഥയാണ് പണി കഴിപ്പിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷം കൊണ്ട്   പണിതുയര്‍ത്തി, 2005  പൂർത്തിയായ ക്ഷേത്രത്തിന്  43 മീറ്റര്‍ ഉയരവും 96 മീറ്റര്‍ വീതിയും 109 മീറ്റര്‍ നീളവുമുണ്ട്. അമ്പലം  പണിതുണ്ടാക്കിയത് രാജസ്ഥാനിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചാണ്. ആര്‍ഷഭാരതത്തിലെ എന്‍ജിനീയറിംഗ് ഗ്രന്ഥങ്ങളായ  പഞ്ചരാത്രശാസ്ത്രം, വാസ്തുശാസ്ത്രം, സ്ഥപത്യശാസ്ത്രം എന്നിവ   ആധാരമാക്കിയാണ്ക്ഷേത്രം പണിതതത്രെ.അമ്പലം 1781 - 1830 കാലയളവിൽ ജീവിച്ച ഭഗവാൻ സ്വാമിനാരായണൻറെ അനുയായികളുടെതാണ്.

എല്ലാ ദിശകളിൽ നിന്നും ശ്രേഷ്ഠമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ എന്ന ഋഗ്വേദ വചനത്തെ പ്രതീകമാക്കി നിർമ്മിച്ചിരിക്കുന്ന 10 കവാടങ്ങൾ അടങ്ങിയ പ്രവേശന കവാടത്തിലൂടെ കടന്ന് നാം ചെല്ലുന്നത് മയൂർ ദ്വാർ എന്ന മറ്റൊരു കവാടത്തിലേക്കാണ്. മയൂര കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നു കഴിഞ്ഞാൽ ഭഗവാൻ സ്വാമി നാരായണന്റെ ചരണാരവിന്ദങ്ങളുടെ ഒരു പ്രതീകം വെണ്ണക്കല്ലിൽ തീർത്തിരിക്കുന്നു.

അവിടെ നിന്നും ദൂരെ നേരെ മുകളിലായാണ് പ്രധാന ക്ഷേത്രം നില കൊള്ളുന്നത്. ഏറ്റവും താഴെത്തട്ടിലായി 148 ആനകൾ താങ്ങി നിർത്തുന്ന രീതിയിൽ നിർമ്മിച്ച ഗജേന്ദ്ര പീഠം, അതിനു മുകളിലായി നാരായണ പീഠമെന്ന രണ്ടാമത്തെ തട്ട്, അതിനും മുകളിലായി ഗർഭഗൃഹം.

ക്ഷേത്രത്തിന്റെ പുറം ചുവരുകൾ കൊത്തുപണികളാൽ അലംകൃതമാണ്. ചുറ്റും   ഋഷികളുടെയും സാധുക്കളുടെയും ഭക്തരുടെയും ആചാര്യന്മാരുടെയും അവതാരങ്ങളുടെയും 200 ശിൽപങ്ങളുള്ള ശിലാരൂപങ്ങൾ തീർത്തിരിക്കുന്നു. പുറം ചുവരുകൾ മുഴുവൻ പിങ്ക് സ്റ്റോണിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടന്നു കഴിഞ്ഞാൽ കാണുന്നത് മുഴുവൻ ഇറ്റാലിയൻ വെണ്ണക്കലുകളും

പ്രധാന ശ്രീകോവിലിൽ ഭഗവാൻ സ്വാമിനാരായണന്റെ പഞ്ചലോഹ നിമ്മിത പൂർണ്ണകായ പ്രതിമയും, ഗർഭഗൃഹത്തിന് ചുറ്റും മഹത്തായ അവതാര ജോഡികൾക്കുള്ള പ്രത്യേക ആരാധനാലയങ്ങളുമുണ്ട്: സീതാ-രാമൻ, രാധാ-കൃഷ്ണൻ, ലക്ഷ്മി-നാരായണൻ, ശിവ-പാർവ്വതി തുടങ്ങി.

അക്ഷർധാം മന്ദിരത്തിന്റെ  ഉൾവശം ഒമ്പത് മണ്ഡപങ്ങൾ കൊണ്ട് തിരിച്ചിരിക്കുന്നു. ഒമ്പത് മണ്ഡപങ്ങൾ ഓരോന്നും സങ്കീർണ്ണമായ കൊത്തുപണികളുള്ള മൂർത്തികളും തൂണുകളും കൊണ്ട് നിറച്ചിരിക്കുന്നു, കൂടാതെ ഇവക്കോരോന്നിനും  മനോഹരങ്ങളായ കൊത്തുപണികളാൽ അലംകൃതമായ  താഴികക്കുടങ്ങളും മേൽക്കൂരകളുമുണ്ട്.

മന്ദിരത്തിനുള്ളിലെ  കാഴ്ചകളും പ്രദർശനങ്ങളും ഒരു അമ്പലത്തിനുള്ളിലെത്തിയതിനേക്കാൾ ഒരു മ്യൂസിയത്തിലെത്തിയ പ്രതീതിയാണ് നൽകുന്നത്.

ഉള്ളിലെ ദർശനം കഴിഞ്ഞു 6 മണിക്ക്  പുറത്തിറങ്ങിയ ഞങ്ങൾക്ക് അവിടത്തെ വാട്ടർ ലേസർ ഷോ കൂടി കാണണം എന്നതിനാൽ 7 മണി വരെ അവിടത്തെ മറ്റു കാഴ്ചകൾ കണ്ട് സമയം നീക്കണമായിരുന്നു.  കുറച്ച് നേരം പ്രദക്ഷിണ വഴികളിൽ വിരിച്ചിരിക്കുന്ന മാർബിൾ  തറയിലിരുന്ന് പശ്ചിമാംബരത്തിലെ  അസ്തമയ സൂര്യൻറെ ചുവന്ന രശ്മികൾ പതിച്ച മന്ദിരക്കാഴ്ചകളും കണ്ട്  ഞങ്ങൾ അവിടത്തെ മറ്റു കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങി. 

അടുത്തതായി സഹജ് ആനന്ദ് എന്ന വാട്ടർ ഷോ ആയിരുന്നു. സന്ധ്യ മയങ്ങിയ ശേഷം നടക്കുന്ന ആരതിക്ക് ശേഷമാണ് ഷോ അരങ്ങേറുന്നത്. സഹജമായ, സ്വതസിദ്ധമായ ആനന്ദം കുട്ടികളിലൂടെ അറിയുക എന്നതാണ് ഇതിന്റെ തീം. അക്ഷർധാമിൽ എത്തിയാൽ കണ്ടിരിക്കേണ്ട കാഴ്ച.അക്ഷർധാം മന്ദിര സമുച്ചയത്തിലേക്ക് മൊബൈൽ ഫോൺ, കാമറ എന്നിവ കടത്തുന്നതല്ല. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ നിർത്തി ഫോട്ടോ എടുത്തു കൊടുക്കുന്ന ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.  വർണ്ണ ദീപങ്ങളാൽ തിളങ്ങി നിൽക്കുന്ന  മന്ദിരത്തിന്റെ രാത്രിക്കാഴ്ചകൾ ഏറെ മനോഹരമാണ്.  എട്ടു മണിയോടെ പതുക്കെ മന്ദിരസമുച്ചയത്തിലെ ഫുഡ് കോർട്ടിലേക്ക് നീങ്ങി. മന്ദിരത്തിലെ ഒരു വശത്തായി ഒരുക്കിയ വിശാലമായ പ്രേംവതി ഭക്ഷണാലയം ദക്ഷിണ-ഉത്തരേന്ത്യൻ ഭക്ഷണ വൈവിധ്യങ്ങളാൽ സമൃദ്ധമാണ്. അന്ന് രാത്രിയിലെ അത്താഴം അവിടെ നിന്നും കഴിച്ച് ഞങ്ങൾ 9 മണിയോടെ ഹോട്ടലിലേക്ക് തിരിച്ചു.

 തുടരും...

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 8

സുവർണ്ണക്ഷേത്രം രാജ്യാതിർത്തിയിൽ നിന്നും പോന്ന്,  ഈശ്വരൻ വസിക്കുന്നയിടം എന്നർത്ഥമാക്കുന്ന  ശ്രീ ഹർമന്ദർ സാഹിബിന്റെ രാത്രിക്കാഴ്ചകളിലേക്കായിര...