Thursday, May 30, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 5

കലീനയിലെ റൂമിന് അഡ്വാൻസ് കൊടുത്തുപോയി. മുന്നോട്ടെടുത്തു വെച്ച കാൽ പിന്നോട്ട് വെക്കാൻ നിർവ്വാഹമില്ല. ചുറ്റും ചളി നിറഞ്ഞ പാടത്ത് കൂടെ ദേഹത്ത് ചളി പറ്റാതെ നടക്കുക ക്ലേശകരമാണ്. കലീന ചർച്ച് സ്റ്റോപ്പിൽ നിന്നും ഉള്ളിലേക്ക് ഗല്ലികളിൽ നിന്നും ഗല്ലികളിലേക്ക് നീങ്ങുന്ന അഴുക്കു ചാലുകൾക്ക് അരികിലൂടെ നടന്നു വേണം റൂമിലെത്താൻ. കുറെയേറെ ചാലുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ഒറ്റ നിലക്കെട്ടിടം, അവിടെ ഒരു ഒറ്റ മുറിയിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. റൂം ഓണറും ആ വീട്ടിൽ തന്നെ താമസം. സെബാസ്റ്റ്യ്ൻ മുകളിലത്തെ നിലയിലും. പിന്നീടാണറിഞ്ഞത്, റൂം ഓണർ സുരേഷ് അവിടത്തെ അറിയപ്പെടുന്ന ഒരു ദാദയാണ്. “മാക്കടവാലാ” എന്നറിയപ്പെടുന്ന കുഞ്ചികുറവ സമുദായക്കാരാണവർ. പരമ്പരാഗതമായി കുരങ്ങന്മാരെ(മർക്കടർ) കൊണ്ടു നടന്ന് കളിപ്പിച്ച് ഉപജീവനം നടത്തുന്നതിനാൽ ആണ് അവർ ആ പേരിൽ അറിയപ്പെട്ടിരുന്നത്.

1987 ഏപ്രിൽ 4 ശനിയാഴ്ച രാത്രി ഞങ്ങൾ ഉല്ലാസ് നഗറിനോട് വിട പറഞ്ഞു. ബിട്ടുവിൽ നിന്നും ഡെപ്പോസിറ് തിരിച്ചു വാങ്ങണം. പുതിയ റൂമിലേക്ക് ഇനിയും ഡെപ്പോസിറ്റ് കൊടുക്കാൻ ബാക്കി, തൽക്കാലം കുറച്ചു തുക നവകേതനിൽ നിന്നും അഡ്വാൻസ് ആയി ഒപ്പിച്ചു. വിനയൻ, സുരേന്ദ്രൻ എന്നിവരെക്കൂടാതെ കേശവനും ഞങ്ങളുടെ കൂടെ കൂടി. റൂമിലെ സാമഗ്രികളെല്ലാം(അത്യാവശ്യം പാത്രങ്ങൾ, മണ്ണെണ്ണ സ്റ്റവ് - കാൻ, ഞങ്ങളുടെ വസ്ത്രങ്ങൾ, ഒരു ഇരുമ്പ് കട്ടിൽ, വെള്ളം പിടിക്കാനുള്ള ഡ്രം) പൊതിഞ്ഞു കെട്ടി രാത്രി ഞങ്ങൾ ട്രെയിനിൽ ലഗേജ് കംപാർട്ട്മെന്റിൽ കുർളയിലെത്തി. കുർളയിലെ ടി സി മാർ പേരുകേട്ടവരാണ്. ഏത് അർദ്ധരാത്രിയും അവർ ജാഗരൂകരായി നിൽപ്പുണ്ടാവും. അവരെ പറ്റിച്ച് പുറത്ത് കടക്കൽ അത്ര എളുപ്പമല്ല. ഞങ്ങളുടെ കയ്യിലുള്ള വസ്തുക്കളുടെ ഭാരം പരിധിപ്പക്കുറമെന്ന് പറഞ്ഞു ഫൈൻ ഇടീച്ചു. രാത്രി 12 മണിക്ക് പുതിയ വീട്ടിലേക്ക് കാലെടുത്തു വെച്ചു.

രാവിലെ ഉണർന്നപ്പോൾ സൂര്യ വെളിച്ചത്തിൽ യാഥാർത്ഥ്യങ്ങൾ കഠിനമാണെന്ന് മനസ്സിലായി. വെള്ളം പുറത്ത് പോയി പിടിച്ചു കൊണ്ട് വരണം. കക്കൂസ് എവിടെയാണെന്ന് പോലും അറിയില്ല. ആ പരിസരത്തുള്ള രണ്ടു മൂന്ന് പബ്ലിക് കക്കൂസുകളിൽ ഏതിൽ വേണമെങ്കിലും പോയിക്കൊള്ളാൻ ഹൃദയാലുവായ സുരേഷ് ദാദ ആജ്ഞാപിച്ചു. അദ്ദേഹം വീട്ടു മുറ്റത്ത് ഒരു കസേരയിൽ ഇരുപ്പുണ്ട്. നാലുപുറവും വിവിധ പ്രായത്തിലുള്ള കുറെ കുട്ടികളും കുറച്ചപ്പുറത്ത് ഒരു മരത്തിൽ കെട്ടിയിട്ട ഒരു കുരങ്ങനും. വെള്ളം അഞ്ചു മണി മുതൽ എട്ടു മണി വരെയാണ് വരുന്നത്. അതിനിടയിൽ വെള്ളം പിടിച്ചു നിറക്കണം. തൽക്കാലം കുറച്ചപ്പുറത്ത് താമസിക്കുന്ന രാമേട്ടനെ ശരണം പ്രാപിച്ചു. മൂപ്പരുടെ ചാളിന്റെ ഒരു സൈഡിലായി അവർക്കായി ഒരു കക്കൂസ് ഉണ്ട്. കാര്യങ്ങൾ അവിടെ നിർവ്വഹിച്ചു റൂമിലെത്തി. മണ്ണെണ്ണ സംഘടിപ്പിക്കാൻ സമയം കിട്ടാത്തതിനാൽ തൽക്കാലം ഭക്ഷണം പുറത്ത് ഹോട്ടലിൽ നിന്നാക്കി. അന്ന് ഇരുപത്തിനാലാം ജന്മ ദിനമായിരുന്നു. വിളക്കിന് മുമ്പിൽ ഗണപതിക്ക് വിളമ്പി കഴിക്കേണ്ട ഞാൻ ഹോട്ടലിൽ അഭയം തേടി. അങ്ങിനെ, ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാൾ ദിനം.

പുതിയൊരു റൂം നോക്കുമ്പോൾ കുളിമുറി, കക്കൂസ് എന്നീ സൗകര്യങ്ങൾ കൂടി ഉണ്ടോ എന്ന് നോക്കണം എന്നതായിരുന്നു ഞങ്ങൾ പഠിച്ച പാഠം.

കലീനയിലെ താമസത്തിനുള്ള ഏക ആശ്വാസം ഓഫീസിലേക്ക് 9 മണി കഴിഞ്ഞിറങ്ങിയാൽ മതി, വണ്ടിയിലെ ഇടി കൊള്ളാതെ ബസിൽ പോയാൽ മതി എന്നിവയാണ്. കൂട്ടിന് രാമേട്ടനുമുണ്ട്.

നാട്ടിൽ നിന്നും ശശിയും ബോംബെക്ക് വരുന്നുവെന്ന് അവൻറെ കത്ത്. നാട്ടിൽ അവനെ സംബന്ധിച്ചിടത്തോളം ജോലി സാദ്ധ്യതകൾ വിരളം. ഉള്ളതിനാവട്ടെ ശമ്പളം തുച്ഛവും. താമസമാണ് പ്രശ്നം. നാലു പേരുള്ള റൂമിൽ ഒരാളെക്കൂടെ കൂട്ടുമ്പോൾ അസൗകര്യങ്ങൾ ഏറും. കൂടാതെ റൂം ഓണർ ദാദയെ കാര്യങ്ങൾ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി , ശരിയെന്ന് അറിയിച്ച് കത്തെഴുതി. ആരെയും കൈവിടാത്ത ബോംബെ നഗരത്തിലേക്ക് മറ്റൊരു യാത്രികൻ കൂടി.

ആനന്ദ് റെക്കോർഡിംഗിന്റെ ഇൻ ചാർജ് ആക്കിയെന്നാലും ദിവസേനത്തെ കാര്യങ്ങൾ നോക്കാൻ രാമചന്ദ്രനെ ഏർപ്പാടാക്കി ആനന്ദിന്റെ ഫൈനലൈസേഷനും വിവിധ നവകേതൻ ഗ്രൂപ് കമ്പനികളുടെ കണക്കുകളുമായി ഞാൻ സാന്താക്രൂസിലെ നവകേതനിൽ തന്നെയാണ്.

കമ്പ്യൂട്ടറുകൾ ആധിപത്യം സ്ഥാപിക്കുന്നതിനും മുമ്പുള്ള കാലഘട്ടം. ജോലിയുടെ ആദ്യകാല നാളുകളിൽ ഒരു തരം പ്രഹേളികയായി തോന്നിയിരുന്ന ഫൈനാൻഷ്യൽ സ്റ്റേറ്റമെന്റ്സും, ടാലിയാവാത്ത ട്രയൽ ബാലൻസുമായി പിഷാരടി സാറിനെ സമീപിച്ചാൽ വർദ്ധിതവീര്യനായി കൂടെയിരുത്തി, കുരുക്കഴിച്ച്, ക്ഷീണമേതുമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു അദ്ദേഹം. ഇരുപതുകാരനായ എന്നിലുണ്ടായിരുന്ന ജോലിയോടുള്ള ആഭിമുഖ്യവും ഊർജ്ജവും പതിന്മടങ്ങ് അറുപതുകാരനായ അച്ചുവേട്ടനിൽ ഞാനന്ന് ദർശിച്ചു. അതിരറ്റ ആത്മവിശ്വാസവും പ്രവർത്തന ശേഷിയും ഉണ്ടായിരുന്ന അച്ചുവേട്ടനെ ഒരിക്കൽ പോലും ഷേവ് ചെയ്യാതെയോ, അലസമായി വസ്ത്രം ധരിച്ചോ ഒരിക്കൽപ്പോലും കാണാനിടയായിട്ടില്ല. ഒത്തു തീർപ്പുകളിലോ അഡ്ജസ്റ്റ്മെൻറുകളിലോ വിശ്വസിക്കാത്ത അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ കാരണവും മറ്റൊന്നാവാനിടയില്ല.

എത്ര കഠിനമായ ജോലി ചെയ്താലും ക്ഷീണിക്കാത്ത അച്ചുവേട്ടൻ ജോലിയുടെ ആദ്യ കാലങ്ങളിൽ തൊഴിലിന്റെ മഹത്വത്തെ കാണിച്ചു തന്ന മേലധികാരിയായിരുന്നു.

കണക്കെഴുത്തിൽ ഒരു കാൽക്കുലേറ്റർ പോലും ഉപയോഗിക്കാത്ത പിഷാരടി സാർ പക്ഷെ കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊള്ളാനും, അവ പ്രയോഗത്തിൽ വരുത്താനും തല്പരനായിരുന്നു. പുതു തലമുറ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അവ പ്രായോഗത്തിൽ വരുത്തുന്നതിന് മുൻപിൽ നിന്ന് പ്രവർത്തിച്ചു.

ജോലിയുടെ കാഠിന്യത്തിനിടയിലെ ചില്ലറ വിശ്രമ വേളകളിൽ തന്റെ എക്സിക്യൂട്ടിവ് കസേരയിൽ ചാഞ്ഞിരുന്ന് സിഗരറ്റിനു തീ കൊളുത്തി ആശാൻ തന്റെ മുൻ കാല ജീവിതത്തിന്റെ കറുപ്പും വെളുപ്പുമാർന്ന കഥകൾ പറയുമായിരുന്നു... കേൾവിക്കാരായി ഞങ്ങൾ ശിഷ്യഗണങ്ങളും.
കേരളക്കരയിലെ മഹാമാന്ത്രികൻ, സാക്ഷാൽ വാഴക്കുന്നം തിരുമേനി അച്ചുവേട്ടൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തെ മാജിക് പഠിപ്പിച്ചുവത്രെ. മാജിക്കിൽ കമ്പം കയറി ഗുരുവിനേക്കാൾ വലിയ മജീഷ്യനാകാൻ താല്പര്യപ്പെട്ടു നടന്ന ദിവസങ്ങളുടെ കഥകൾ..

കഥ തുടങ്ങുന്നത് പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട്ട് പിഷാരത്ത് നിന്നുമാണ്. തിരുമിറ്റക്കോട്ട് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും കവളപ്പാറ തെക്കേപ്പാട്ട് പിഷാരത്ത് ശിവരാമ പിഷാരോടിയുടെയും മകനായി 1923 ജൂൺ 28 നു ജനിച്ച പാലനൂർ പിഷാരത്ത് അച്ച്യുതന് ഒമ്പതു മാസം പ്രായമുള്ളപ്പോൾ തന്നെ തന്റെ അച്ഛനെ നഷ്ടപ്പെട്ടു.പിന്നീട് അമ്മാമന്മാരുടെ സംരക്ഷണയിൽ വളർന്ന് പത്താം തരം പാസായി. ഒപ്പം കൈത്തതൊഴിലായി നെയ്ത്തും അഭ്യസിച്ചതിനാൽ കൊപ്പത്തിനടുത്ത് ഒരു സ്കൂളിൽ നെയ്ത്ത് അദ്ധ്യാപകനായി ജോലി കിട്ടി. പക്ഷെ 1943ൽ, തൻറെ മാജിക് കമ്പം വിട്ട്, പിഷാരോടിമാർ പൊതുവെ പുറംലോകത്തെപ്പറ്റി ചിന്തിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത കാലത്ത് ജിഞ്ജാസുവായ അച്ചുതൻ അമ്മാമൻ കൊടുത്ത 33 രൂപയുമായി തുണിമില്ലുകളുടെ ആസ്ഥാനമായ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഒരു വർഷത്തെ അഹമ്മദാബാദ് വാസത്തിനു ശേഷം ജീവിതത്തിന്റെ ഉയർച്ചക്ക് ഒന്ന് കൂടി നല്ലത് ബോംബെയാണെന്ന് കണ്ട് ബോംബെയിലെത്തി അക്കൗണ്ടൻസി പഠിച്ചു പാസായി. ഇന്ത്യയുടെ സ്വാതന്ത്ര്യം ബോംബെയിൽ ആഘോഷിച്ച, നാട്ടു നടപ്പുകൾക്കും മാമൂലുകൾക്കുമപ്പുറം ഭാര്യയെയും കുടുംബത്തെയും മറുനാട്ടിലേക്ക് പറിച്ചു നട്ട് കുടുംബം കെട്ടിപ്പടുത്ത ആദ്യകാല ബോംബെ പിഷാരോടിമാരിൽ ഒരാളാണ് അച്ചുവേട്ടൻ. 1948ൽ തന്റെ മുറപ്പെണ്ണായ തിരുവത്ര പിഷാരത്തെ തങ്കം പിഷാരസ്യാരെയാണ് അദ്ദേഹം വിവാഹം ചെയ്തത്.

ബോംബെ ഔദ്യോഗിക ജീവിതത്തിലെ ആദ്യകാലങ്ങളിൽ മറൈൻ ഇൻഷുറൻസ് കമ്പനി, സ്റ്റാൻഡേഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്, കെംപ് ആൻഡ് കമ്പനി ലിമിറ്റഡ്, എൽഫിസ്റ്റൻ ഡൈ വർക്ക്സ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
അദ്ദേഹം നവകേതനിലെത്തിയതിന്നു പിന്നിലും ഒരു കഥയുണ്ട് ...

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ ആൻ, ഔറത്ത്, മദർ ഇന്ത്യ, എന്നീ സിനിമകളുടെ സൃഷ്ടാവായ മെഹ്ബൂബ് ഖാന്റെ കൂടെ പിഷാരടി സാർ അവരുടെ മെഹ്ബൂബ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലം. 1968 ൽ ദേവ് ആനന്ദിന്റെ ഒരു ഫിലിം ഷൂട്ടിംഗ് മെഹബൂബിൽ വെച്ച് നടക്കുന്നു. ദേവ് ആനന്ദിന്റെ പ്രൊഡക്ഷൻ കൺട്രോളർ യാഷ് ജോഹർ ആണെങ്കിലും, ഷൂട്ടിംഗ് കഴിഞ്ഞ് അന്നന്നത്തെ Exposed ഫിലിം ദേവ് ആനന്ദിന്റെ കാറിൽ അസിസ്റ്റന്റ് ഡയറക്ടർ ആണ് കൊണ്ട് പോകുക. അന്ന് ജീവിതത്തിലാദ്യമായി ഒരാൾ ദേവ് ആനന്ദിന്റെ expose തടഞ്ഞു വെച്ചു. അന്നത്തെ സ്റ്റുഡിയോ വാടക നൽകാതെ expose കൊടുക്കുന്ന പ്രശ്നമില്ലെന്ന് ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് ഡയറക്ടർ ദേവ് സാബിനോട് വന്ന് കാര്യങ്ങൾ വിശദീകരിച്ചു. അതെന്താ, ഇത് ദേവ് ആനന്ദിന്റെ expose ആണെന്ന് പറഞ്ഞില്ലേ എന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥൻ അതൊന്നും കേൾക്കുന്നില്ലെന്നും കാശ് കിട്ടാതെ ഗേറ്റ് പാസ് തരില്ലെന്നും തീർത്തു പറഞ്ഞുവത്രേ. മെഹ്ബൂബ് ഖാനും താനുമുള്ള അടുപ്പം അയാൾക്കറിയില്ലേ എന്നും മറ്റുമുള്ള ദേവ് ആനന്ദിന്റെ ചോദ്യങ്ങൾക്കൊന്നും ഉദ്യോഗസ്ഥൻറെ കടുംപിടുത്തത്തിനു മുമ്പിൽ പ്രസക്തിയില്ലായിരുന്നു. ഒടുവിൽ ദേവ് ആനന്ദ് വഴങ്ങി, ചെക്ക് കൊടുത്ത് Expose കൊണ്ടുപോയി.

ദേവ് ആനന്ദിന് പക്ഷെ ആ ഉദ്യോഗസ്ഥനോട് ഒട്ടും വിരോധമുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹം യാഷ് ജോഹറിനെ വിട്ട് അദ്ദേഹത്തെ കാണാൻ വിളിപ്പിച്ചു. തന്റെ നവകേതൻ ഫിലിംസിൽ അക്കൗണ്ടൻറ് ആയി ഒരാളെ വേണമെന്നും അതിന് അദ്ദേഹത്തിന് താല്പര്യമുണ്ടോ എന്നും അന്വേഷിച്ചു. ആ ഉദ്യോഗസ്ഥൻ മറ്റാരുമായിരുന്നില്ല, തൻറെ കർത്തവ്യ നിർവ്വഹണത്തിൽ അങ്ങേയറ്റം കൃത്യത പുലർത്തിയ പിഷാരോടി ആയിരുന്നു അത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കൃത്യ നിർവ്വഹണത്തിൽ ഇത്രയും കണിശതയുള്ളൊരാളെ കണ്ടെത്തിയ ആഹ്ളാദത്തിലായിരുന്നു ദേവ് ആനന്ദ്.

നവകേതനിലെത്തിയ പിഷാരോടി മെഹബൂബിനോടും വിട പറഞ്ഞില്ല. രാവിലെ മെഹ്ബൂബ് സ്റ്റുഡിയോവിൽ പാർട്ട് ടൈം. അതു കഴിഞ്ഞാൽ 11 മണിയോടെ നവകേതനിലെത്തി വൈകും വരെ കുത്തഴിഞ്ഞ നവകേതനെ ആറു മാസം കൊണ്ട് നേരെയാക്കി എടുത്തു. തന്റെ ഡിപ്പാർട്മെന്റിൽ വടകരക്കാരൻ രാമനെ നാട്ടിൽ നിന്നും വിളിച്ചു വരുത്തി നിയമിച്ചു. ഷൂട്ടിംഗിൻറെ പണമിടപാടുകൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് നേരിട്ട് ചെയ്തു തുടങ്ങി. രാമേട്ടനെ കാഷ്യർ ആയി നിയമിച്ചു. ചീഫ് അക്കൗണ്ടൻറ് ആയി ചേർന്ന അദ്ദേഹം പിന്നീടങ്ങോട്ട് തന്റെ കീഴിൽ നിരവധി മലയാളികൾക്ക് ജോലി നൽകി.

നവകേതനിലെ ജോലിക്കാലത്താണ് എനിക്കും ഒരു പാർട്ട് ടൈം ജോലി ഓഫർ എത്തുന്നത്. ദേവ് സാബിന്റെ അസിസ്റ്റൻറ് ഡയറക്ടർ ഗോഗി ആനന്ദിന്റെ റെക്കമെന്റേഷനിൽ ആരതി സൗണ്ടസ് ആൻഡ് ഫിലിം എക്വിപ്മെന്റ്സിൽ. വൈകീട്ട് 5.30 നു ഫ്രീ ആവുന്ന എനിക്ക് ജൂഹു ലീഡോ സിനിമക്കടുത്ത് രണ്ടു മണിക്കൂർ ജോലി. ആരതിയുടെ ഉടമസ്ഥൻ മധു സിൻഹ ഒരു ഫിലിം എഡിറ്റർ ആണ്. ഫിലിം എഡിറ്റിംഗിൽ പണം കിട്ടാഞ്ഞതിനാൽ കുടുംബം പുലർത്താൻ ലോണെടുത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങിയ വ്യക്തി. പിഷാരോടി സാറിനോട് പറഞ്ഞു അനുവാദം വാങ്ങി, ആയിരം രൂപ ശമ്പളം ലഭിച്ചിരുന്ന ഞാൻ അങ്ങിനെ 700 രൂപയുടെ പാർട്ട് ടൈം ജോലി സമ്പാദിച്ചു.

നാളെ മെയ് 29 നു പിഷാരോടി സാർ കഥാവശേഷനായിട്ട് 15 വർഷം തികയുന്നു. ഞാനാകട്ടെ, കഥകൾ പറയാൻ ഇനിയും ബാക്കി വെച്ച് യാത്ര തുടരുകയാണ്.

സായാഹ്ന യാത്രയിലെ കൂട്ടുകാരെ, വഴികാട്ടികളെ നിങ്ങൾക്കോരോരുത്തർക്കും അഭിവാദ്യങ്ങൾ.


എന്റെ ജീവിതത്തിലെ വേനൽ പാതകളിലെ ആ തണൽ മരങ്ങൾക്ക് പ്രണാമം.

Sunday, May 26, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 4


ഒരു സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ, അക്കാലത്ത്, പിന്നീടത് ഡിസ്ട്രിബൂട്ടറുടെയാണ്, എക്സിബിറ്ററുടെയാണ്, ജനങ്ങളുടെയാണ്. അവിടെ പിന്നെ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും യാതൊരു റോളുമില്ല.


ഒരു കാലത്ത് ഹിന്ദി സിനിമാ ലോകം അടക്കി വാണിരുന്ന ദേവ് ആനന്ദിനും പിഷാരടി സാറിനും അറുപത് കഴിഞ്ഞു,  പിഷാരടി സാറിനെ അപേക്ഷിച്ച് കാഴ്ചയിൽ ദേവ് സാബിന് വയസ്സായി. നിത്യഹരിതനായകൻ പേരിൽ മാത്രം ബാക്കി. “ഹരേ രാമ ഹരേ കൃഷ്ണ”ക്കു ശേഷം ഇറങ്ങിയ മറ്റുപടങ്ങളെപ്പോലെ തന്നെ, ഹം നൗ ജവാൻ എന്ന സിനിമക്കും ബോക്സ് ഓഫീസിൽ രക്ഷയുണ്ടായില്ല.  അഭിനയ മോഹവുമായി  ലാഹോറിൽ  നിന്നും ബോംബെയിൽ എത്തിയ ദേവ് ആനന്ദിനു ഇന്ന്  സിനിമ നിർമ്മിക്കുക, സംവിധാനം ചെയ്യുക എന്നതല്ലാതെ വേറെ ദൗത്യങ്ങളില്ല. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്...


ഒരു സിനിമ കഴിയുമ്പോഴേക്കും മറ്റൊരു സിനിമയുടെ കഥ മനസ്സിൽ ഉടലെടുത്തിരിക്കും. അത് പിന്നെ കടലാസിലേക്കു സ്ക്രിപ്റ്റ് ആയി  ഉതിർന്നിറങ്ങുകയായി.


അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് ടൈപ്പ് ചെയ്യാൻ വിശ്വസ്തനായ ഒരാളെ വേണം. കഥ ചോരരുതല്ലോ. അങ്ങിനെയാണ് അസിസ്റ്റന്റ് ഡയറക്ടർ രാകേഷ് ആനന്ദ് പിഷാരോടി സാറിൻറെ ക്യാബിനിൽ എത്തിയത്. ഹം നൗ ജവാനിലെ പ്രൊഡക്ഷൻ പണികളുമായി അതിനകം രാകേഷ് മായി ഞാൻ ചങ്ങാത്തത്തിലായിരുന്നു. എനിക്ക് അത്യാവശ്യം ടൈപിംഗ് അറിയാമെന്ന് രാകേഷിനു മനസ്സിലായി. കണക്കെഴുത്ത് വിട്ട് ഒരാഴ്ച എന്നെ ആ പണി ഏൽപ്പിക്കാനാണ് രാകേഷ് എത്തിയത്. പിഷാരോടി സാർ സമ്മതിച്ചു. പിറ്റേന്ന് ജുഹുവിലെ ഐറിസ് പാർക്കിലെ ബംഗ്ളാവിൽ എത്തണം.  തെറ്റു കൂടാതെ ടൈപ് ചെയ്യാമെന്നാലും വേഗത്തിൽ പറയുന്നത് കേട്ട് ടൈപ് ചെയ്യുക എന്നത് ആദ്യമായാണ്. മനസ്സില്ലാ മനസ്സോടെ സമ്മതിക്കേണ്ടി വന്നു.


Scene 1

ക്യാമറ ഒരു പർവതത്തിന്റെ  ലോങ്ങ് ഷോട്ടിലെ നിശ്ചല ദൃശ്യത്തിൽ നിന്നും  തുടങ്ങുന്നു.   പാൻ ചെയ്ത്, പച്ച പുതച്ചു നിൽക്കുന്ന ഗ്രാമത്തിലേക്ക് സൂം ചെയ്ത് സഞ്ചരിച്ച് ഗ്രാമത്തിലെ ഒരു പൊയ്കയിൽ സ്നാനം ചെയ്തു കൊണ്ടിരിക്കുന്ന ഒരു തരുണിയിലേക്കെത്തന്നു. പിന്നീട് അവളുടെ നിഷ്കളങ്ക മുഖത്തിന്റെ ക്ളോസപ് ഷോട്ടിൽ നിന്നും അത് അവളുടെ ശരീരത്തിന്റെ മാദക ഭംഗി മുഴുവൻ ആസ്വദിച്ച് കാലിലെ പാദസരങ്ങളിലേക്ക് പടരുന്നു...


സീനുകളിൽ നിന്നും സീനുകളിലേക്ക്, ദൃശ്യങ്ങളിൽ നിന്നും ദൃശ്യങ്ങളിലേക്ക് കഥ പരിണമിച്ചു കൊണ്ടിരുന്നു.


ദേവ് ആനന്ദിന്റെ വിവരണം കേട്ട് എന്റെ കൈകൾ ടൈപ് റൈറ്ററിൽ “സച്ചെ കാ ബോൽ ഭല” എന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കുകയാണ്. മനസ്സാകട്ടെ, തന്റെതായ തിരക്കഥാ രചനയിൽ മുഴുകി വേറേതോ ലോകത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരുന്നു.


ടെക്സ്റ്റ് ബുക്ക് പഠനത്തിനപ്പുറം ഒരു ഇംഗ്ലീഷ് നോവൽ പോലും വായിക്കാത്ത ഞാൻ അദ്ദേഹത്തിന്റെ പദസമ്പത്തിലും, വാക്യരചനാ രൂപഭംഗിയിലും ആശ്ചര്യചകിതനായി, മറ്റു ചിലപ്പോൾ അറിവില്ലായ്മയുടെ ആഴക്കടലിൽ , ജൂഹു ബീച്ചിലെ തിരകൾക്കിടയിൽ നീന്താനാറിയാതെ മുങ്ങിത്താഴ്ന്നപ്പോൾ വാത്സല്യത്തോടെ അദ്ദേഹം കൈപിടിച്ച് കയറ്റി.


”ലഡ്കാ സമജ് ദാർ ഹെ. ഹി ഈസ് ഗുഡ് ഇൻ ഇംഗ്ലീഷ്. സ്പീഡ് ഈസ് ആൾസോ ഗുഡ്. വി ക്യാൻ കംപ്ലീറ്റ് ഇൻ എ വീക്ക്”. രാകേഷ് കണ്ടെത്തിയ പുതിയ ടൈപ്പിസ്റ്റിന് സാക്ഷാൽ ദേവ് ആനന്ദിന്റെ പ്രശംസ. മനസ്സ് വീണ്ടും “സച്ചെ കാ ബോൽ ഭലേ” യുടെ തിരക്കഥയിലേക്ക് തിരിച്ചെത്തി.


ജുഹുവിലെ ബംഗ്ളാവിൽ ദേവ് സാബിനെ കൂടാതെ ഭാര്യ മോണ ആനന്ദ് എന്ന ആദ്യ കാല നടി കൽപ്പന കാർത്തിക് ഉണ്ട്, മകൻ സുനിൽ ആനന്ദ് ഉണ്ട്. വലിയ ബംഗ്ളാവിൽ എല്ലാവർക്കും താമസിക്കാൻ വെവ്വേറെ മുറികൾ, യാത്ര ചെയ്യാൻ വേറെ വേറെ കാറുകൾ. പരസ്പരം ആരുമൊന്നും ഉരിയാടാറില്ലെന്ന് മാത്രം. എല്ലാ സംഭാഷണങ്ങളും വേലക്കാരോട് മാത്രം. വലിയവരുടെ ലോകം ആദ്യമായി അടുത്തറിഞ്ഞു.


രാവിലെ മുതൽ വൈകും വരെ, ഒരാഴ്ച നീണ്ട  പ്രയത്നത്തിനൊടുവിൽ ഇംഗ്ലീഷ് സ്ക്രിപ്റ്റ് തയ്യാർ. ഇനി ഡയലോഗ് എഴുത്തുകാരനെ ഏൽപ്പിച്ച് സംഭാഷണം തയ്യാറാക്കികഴിഞ്ഞാൽ പിന്നെ സഹസംവിധായകർ അതിന്റെ സീൻ പ്രകാരമുള്ള  ഷൂട്ടിംഗ് ഫ്ലോ ചാർട്ട് തയ്യാറാക്കിയാൽ, നടീ നടന്മാരെ തിരഞ്ഞെടുത്താൽ,  പിന്നെ ഫ്ലോറിലേക്ക്  യാത്ര. ചിത്രം ഷൂട്ടിംഗ് ഫ്ലോറിലെത്തിയപ്പോഴേക്കും ഞാൻ പുതിയ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ ചുമതലക്കാരനായി ശബ്ദലേഖനത്തിനും മിക്സിംഗിനും ഉള്ള   വിവിധ യന്ത്രങ്ങൾ, പ്രൊജക്ടറുകൾ എന്നിവ  ഇറക്കുമതി ചെയ്യുന്നതിലും മറ്റും മുഴുകി, തിരക്കിലായി.



ആന്റോപ് ഹില്ലിലെ താമസം ഓപ്പോളുടെയും ഉണ്ണിയേട്ടന്റെയും കൂടെ അല്ലലില്ലാതെ പൊയ്ക്കൊണ്ടിരുന്നു. അവരുടെ മൂത്ത മകൻ  ഗോപു സീനിയർ കെജിയിൽ പഠിക്കുന്ന കാലം.  നാലു വയസ്സുകാരന്റെ നട്ടപ്രാന്ത് എന്ന് പറയിപ്പിക്കുന്ന വികൃതി. ആ വികൃതി അടിയും ഇടിയുമായി എനിക്കും കിട്ടി കുറേയധികം. അവനൊരു അനുജത്തി, ശ്രീജ പിറന്നു. ഓപ്പോളുടെ പ്രസവം ബോംബെ ഹോസ്പിറ്റലിൽ.


കേരള പിഷാരോടി സമാജം സംഘടനാ പ്രവർത്തനങ്ങൾക്കുള്ള മൂലധനം കണ്ടെത്താനായി, ആതുര സേവന രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ, ധനസമാഹരണം ലക്ഷ്യമിട്ട് കെ പി എ സി യുടെ "വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത്" എന്ന നാടകം ബോംബെയിൽ വന്ന അവസരത്തിൽ ഏറ്റെടുത്ത് ബോംബെ ഷണ്മുഖാനന്ദ ഹാളിൽ പ്രദർശനം സംഘടിപ്പിച്ചു. സി ജി എസ് കോളനിയിൽ വീട് വീടാന്തരം കയറിയിറങ്ങി ടിക്കറ്റു വിൽപ്പന, രാത്രി, നാടകത്തിന്റെ പോസ്റ്റർ ഒട്ടിക്കൽ എന്നീ ജോലികളായിരുന്നു ചെറുപ്പക്കാരായ ഞങ്ങൾക്ക് കിട്ടിയത്. തരക്കേടില്ലാതെ ടിക്കറ്റു വിറ്റെങ്കിലും, ചിലവുകൾ കഴിച്ച്  കാര്യമായ ധനസമാഹരണമൊന്നും അതുകൊണ്ടുണ്ടായില്ല.


സി ജി എസിലെ താമസം രണ്ടു വർഷം പിന്നിടുന്നു. ശമ്പളത്തിലെ നേരിയ വർദ്ധന, ഇനിയും മറ്റൊരാളുടെ തണലിലല്ലാതെ ഒറ്റക്ക് ഒരു ജീവിതം കരുപ്പിടിപ്പിക്കണമെന്ന ചിന്ത, എന്നിവ  മനസ്സിനെ മഥിച്ചപ്പോൾ, വിനയനെ കൂട്ടു പിടിച്ച് കല്യാണിനപ്പുറം ഉൽഹാസ് നഗറിൽ ഒരിടം കണ്ടെത്തി. ഒരു പഞ്ചാബി പയ്യൻ, ബിട്ടു സിങ്ങിന്റെ ചാൾ മുറി. ഒറ്റ  മുറിയിൽ ഒരു  വശത്തായി ചെറിയൊരു മോറി കം ബാത്ത് ഏരിയ  പോലുള്ള സംവിധാനം. ഡെപ്പോസിറ്റ് രണ്ടായിരം. വാടക 200.  അതെ, ബോംബെ ബാച്ചിലർ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വയ്പ്പ്. ജീവിതത്തിന്റെ  മുന്നോട്ടുള്ള പ്രയാണത്തിൽ അമ്മക്കുള്ള മാസ വിഹിതം ഇരട്ടിയാക്കി.


സി ജി എസിൽ നിന്നും ഏകദേശം 50 കിലോമീറ്ററിനപ്പുറം ഉള്ള ഉൽഹാസ് നഗറിലേക്കുള്ള പറിച്ചു നടൽ എന്നെ സംബന്ധിച്ചിടത്തോളം യാത്രാ ക്ലേശം വർദ്ധിപ്പിച്ചു. രാവിലെ 9 മണിക്ക് ഓഫീസിലേക്ക് വീട്ടിൽ നിന്നും ഇറങ്ങിയിരുന്ന ഞാൻ രാവിലെ ഏഴരക്ക് ഇറങ്ങിത്തുടങ്ങി. വൈകീട്ട് ഏഴിന് തിരിച്ചെത്തിയിരുന്നത് എട്ടും ഒമ്പതുമാവുന്നു. തിരിച്ചെത്തി, ഭക്ഷണം തയ്യാറാക്കി കഴിച്ച് കിടക്കുമ്പോഴേക്ക് രാത്രി 11 കഴിഞ്ഞിരിക്കും.  വായനയെ യാത്രാ വേളകളിലേക്ക് മാത്രം ഒതുക്കേണ്ടി വന്നു.

ഉൽഹാസ് നഗർ പാകിസ്ഥാനിൽ നിന്നും വിഭജന കാലത്ത് വന്ന അഭയാര്‍ത്ഥികൾക്കുള്ള ക്യാമ്പാണ്.  അന്നേ വരെ ജീവിതത്തിൽ നേടിയ സർവ്വവും ഉപേക്ഷിച്ച് വന്നവരെ ഇന്ത്യ ഗവണ്മെന്റ് രാജ്യത്തുള്ള ഇത്തരം വിവിധ ക്യാമ്പുകളിലെ ബാരക്കുകളിൽ  കുടിവെച്ചു. പൊതുവെ സിന്ധികൾ എന്നറിയപ്പെടുന്ന അഭയാർത്ഥി സമൂഹം പൊതുവെ കച്ചവടക്കണ്ണുള്ളവരാണ്. അവരവിടെ തങ്ങളുടെ പ്രയത്നത്താൽ പുതിയൊരു ലോകം നിർമ്മിച്ചു. ഉൽഹാസ് നഗർ ക്യാമ്പ് നമ്പർ നാലിൽ സുഭാഷ് തേക്കടിയിലാണ് ഞങ്ങളുടെ ചാൾ മുറി. പൊതുവെയുള്ള ക്യാമ്പിന്റെ അന്തരീക്ഷമല്ലാത്ത ഒരു ഗ്രാമപ്രദേശം. തൊട്ടപ്പുറത്ത് മണക്കുളങ്ങര പിഷാരത്തെ മധു ഒറ്റക്ക്  താമസിക്കുന്നുണ്ട്. അവിടെ കുറച്ചപ്പുറത്തായി ആർ പി ഉണ്ണിയേട്ടനുണ്ട്, വിശ്വനാഥേട്ടനുണ്ട്. വിശ്വനാഥേട്ടന്റെ മരുമകൻ പട്ടിശ്ശേരി രാമനാഥൻ ഇടക്കിടെ റൂമിൽ വരും. ഞങ്ങളുടെ റൂം ഓണർ ബിട്ടുവിന്റെ സുഹൃത്ത് കൂടിയാണ്  രാമനാഥൻ.


നവകേതനിൽ ട്രെയിനീ പോസ്റ്റിൽ രഘു പോയി, കേശവൻ വന്നു. കേശവൻ വിട്ടു, നന്ദു വന്നു. നന്ദു പോയി രാമചന്ദ്രൻ എത്തി. ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോയുടെ  അവസാന പണികൾ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വിവിധ ഹിയറിങ്ങുകൾ അറ്റൻഡ് ചെയ്യുക, വിവിധഗ്രൂപ് കമ്പനികളുടെ ഫൈനലൈസേഷൻ, എന്നിങ്ങനെ തിരക്കു പിടിച്ച ദിനങ്ങൾ. പിഷാരടി സാർ പണികളെല്ലാം നീ തന്നെ നോക്കിയാൽ മതിയെന്ന് പറഞ്ഞു വിശ്രമ മട്ടിൽ നടക്കുന്ന കാലം. ഏകദേശം നാലു മണി കഴിഞ്ഞാൽ ആശാൻ സ്ഥലം വിടും. അതുവരെ ഗൗരവം പൂണ്ട് നിശബ്ദമായിരിക്കുന്ന  നവകേതന്റെ അക്കൗണ്ട്സ് കാബിൻ പിന്നീട് ഉണരുകയായി. രാമേട്ടൻറെ തമാശകൾ, ഞങ്ങളെയോരോരുത്തരെയായി കളിയാക്കലിൽ തുടങ്ങി നവകേതൻറെ പഴംപുരാണങ്ങളിലേക്കും അന്നത്തെ ആശാൻറെ വീര ശൂരപരാക്രമങ്ങളിലേക്കും എത്തി ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തും.  ഓഫിസ് വിട്ട് വൈകീട്ട് സാന്റാക്രൂസ് സ്റേഷനിലെത്തും വരെ അത് തുടരും.


സാന്താക്രൂസിലെ ഹീരാനാറിലെ ഒരു പഴയ ഇരു നിലകെട്ടിടത്തിലാണ് നവകേതൻ ഓഫീസ്. ഓഫീസിലേക്ക് കയറാൻ പിൻഭാഗത്ത് കൂടെ ഒരു മരത്തിന്റെ ഗോവണിയുണ്ട്. അറുപത് പിന്നിട്ട ദേവ് ആനന്ദ് ആ പടികൾ ഓടിക്കയറുന്നത്  ഒരു പ്രത്യേക താളത്തിലാണ്. നടത്തത്തിനുമുണ്ട് ഒരു സ്റ്റൈൽ.  ദേവ് സാബിൻറെ നടത്തത്തിന്റെ താളം അക്കൗണ്ട്സ് കാബിനിലേക്ക് എത്തിയാൽ പിന്നെ എല്ലാവരുടെയും ഹൃദയ താളം ഉണരുകയായി. വിളി എപ്പോൾ വേണമെങ്കിൽ എത്താം. മിക്കവാറും വിളി രാമേട്ടനാവും. അടുത്തത് എനിക്ക്. മിക്കവാറും രാവിലെയാണ് മൂപ്പരുടെ സന്ദർശനം. വൈകുന്നേരമാണ് ഓഫീസിലെത്തുന്നതെങ്കിൽ  അന്ന് വൈകീട്ട് ചില പ്രത്യേക അതിഥികൾ ഉണ്ടെന്ന് അനുമാനിക്കാം. ഗുരു എന്ന പ്രൊഡക്ഷൻ മാനേജർ ശങ്കർ ഓഫിസിൽ തന്നെയാണ് താമസം. വൈകുന്നേരങ്ങളിൽ ആരൊക്കെ വന്നു പോയി എന്ന കഥകൾ പിറ്റേ ദിവസം  വിശേഷണങ്ങളോടെ ഗുരു ഞങ്ങൾക്ക് വിവരിച്ചു തരും.  അറുപതു കഴിഞ്ഞ  പടു യുവത്വത്തിനു  പ്രസിദ്ധി  പ്രദാനം ചെയ്യുന്ന സവിശേഷ ഭാഗ്യങ്ങൾ കേട്ട് ഞങ്ങൾ  അസൂയപ്പെടും.


ഒടുവിൽ ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോ തയ്യാറായി. ആദ്യ റെക്കോർഡിംഗ് നവകേതൻറെ തന്നെ.  സച്ചെ കാ ബോൽ ഭലയുടെ ബാക് ഗ്രൗണ്ട് മ്യൂസിക്. രാമചന്ദ്രനെ അവിടത്തെ ദൈനം ദിന കണക്കുകൾ നോക്കാനും ബില്ലുകൾ ഉണ്ടാക്കാനുമായി പാലി ഹില്ലിലേക്ക് നിയമിച്ചു.


ഉൽഹാസ് നഗറിലെ റൂമിലേക്ക് സുരേന്ദ്രനെന്ന കണ്ണൂർക്കാരൻ കൂടെ അന്തേവാസിയായി കടന്നു വന്നു. സി ജി എസിലെ അയൽവാസി. റൂമിൽ മൂന്നാളായപ്പോൾ, സൗകര്യങ്ങൾ കുറവായപ്പോൾ, അകലം പ്രശ്നമായപ്പൊൾ, ഓഫീസിനടുത്തോരു റൂം നോക്കാമെന്ന ചിന്ത കൂടി വന്നു. ഉള്ളതിൽ തൃപ്തി വരാതെ മനസ്സ് മറ്റൊന്നിലേക്ക്, ഉയരങ്ങളിലേക്ക് നോക്കിക്കൊണ്ടിരിക്കും. നവകേതനിലെ ക്യാമറ അറ്റൻഡന്റ് സെബാസ്ത്യനും രാമേട്ടനും കൂടെ അങ്ങിനെയാണ് കലീനയിൽ ഞങ്ങൾക്കായി ഒരു റൂം കണ്ടെത്തുന്നത്. ചെന്ന് കണ്ടപ്പോൾ വലിയ തെറ്റില്ല എന്ന് തോന്നി, അഡ്വാൻസ് കൊടുത്തു പോന്നു. പിന്നീടാണ് മനസ്സിലായത് അതൊരു കള്ള വാറ്റു കെന്ദ്രത്തിന്റെ ഒത്ത നടുക്കാണെന്ന്.


അതെ, ജീവിതത്തിൽ ചില നിയോഗങ്ങളുണ്ട്. നാമറിയാതെ അവ ചിലയിടങ്ങളിലേക്ക് നമ്മെ കൈപിടിച്ച് കൊണ്ടു പോയിരിക്കും..


ഏത് പ്രതികൂല കാലാവസ്ഥയിലും ജീവിതയാത്ര തുടരാതെ നിവൃത്തിയില്ലല്ലോ.


തുടരും.

Tuesday, May 21, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 3

മുംബൈ ബാച്ചിലർ ജീവിതം

Part 3

ബോംബെയിൽ എന്റെ ജീവിതം നട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇനിയും  വേരുകളുറക്കാത്ത അതിന് ദേവാനന്ദിന്റെ “നവകേതൻ” കൊടുക്കുന്ന വെള്ളം ഉണങ്ങാതെ സൂക്ഷിക്കുന്നു. ഒപ്പം ശ്രീ ഓപ്പോളുടെയും ഉണ്ണിയേട്ടന്റെയും തണലും. എന്തിനും തയ്യാറായിത്തിരിച്ച എന്നെ പിന്തിരിപ്പിക്കുന്ന കൈകൾ എവിടെയും ഉണ്ടായില്ലെന്നതും മറിച്ച് ഒരു കൈ നീട്ടി പിടിച്ചു കയറ്റാൻ പലരും ഉണ്ടായെന്നതും ആശ്വാസമായി.

1983 ജൂലൈയിൽ എഴുതിയ സ്റ്റാഫ് സെലെക്ഷൻ കമ്മിഷന്റെ പരീക്ഷാ ഫലം  ഒരു വർഷം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോഴായിരുന്നു മറ്റു പോവഴികളില്ലാതെ ഈ നഗരത്തെ പ്രാപിച്ചത്. നഗരത്തിലെത്തി അഞ്ചു മാസത്തിനു ശേഷം ഡെൽഹിയിൽ നിന്നും ഒരു കുറിമാനം എന്നെത്തേടി തൃപ്രയാറും, അവിടെ നിന്ന് വഴിതിരിച്ച് വിട്ട് ബോംബെയിലും എത്തി. ഉടനടി ഡെൽഹി Administrative Serviceന്റെ കീഴിലുള്ള ഫുഡ് & സപ്പ്ളൈസിൽ ലോവർ ഡിവിഷൻ ക്ളാർക്കായി വന്ന് ചേരണമന്ന് ആജ്ഞ്യ. അന്ന് എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിനേക്കാൾ കുറവുള്ള സ്കെയിൽ, ഞാൻ അപേക്ഷിച്ച മുൻഗണനാ ക്രമത്തിനു വിരുദ്ധമായുള്ള നിയമനം, പഠിച്ച വിഷയത്തിലുള്ള ജോലിയിൽ നിന്നും മാറി ഗവണ്മെന്റ് ഓഫീസിലെ പൊടിപിടിച്ച ഫയലുകളിൽ ജീവിതം തളച്ചിടാൻ താല്പര്യമില്ലായ്മ, ഡെൽഹി നഗരത്തോടുള്ള ഇഷ്ടക്കേട്... അങ്ങിനെ പലതും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. മറുപടി അയച്ചില്ല. മൂന്നു മാസത്തിനു ശേഷം വീണ്ടും  ഒരു ഓർമ്മപ്പെടുത്തലും അവസാന താക്കീതും. ബോംബെയെ പ്രണയിച്ച എനിക്ക്  കാമുകിയെ വിട്ടുപിരിയാനുള്ള വിഷമം, സുഹൃത്ത് വലയത്തിൽ നിന്നുമുള്ള അകല്ച്ച… മനസ്സ് നീറി. ഒടുവിൽ  സ്വയം ഒരു തീരുമാനമെടുത്തു... ഇല്ല. ബോംബെ വിട്ടെങ്ങോട്ടുമില്ല. തിരിഞ്ഞു നോക്കുമ്പോൾ പശ്ചാത്താപമില്ല.

ഇതിനിടയിൽ, ബാങ്ക് ടെസ്റ്റുകൾ പലതെഴുതി. വൈശ്യ ബാങ്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിച്ചു. ഇന്റെർവ്യൂ ബാംഗ്ളൂരിൽ. വിലാസിനി ഒപ്പോൾക്ക് എഴുതി, പോയി, പരാജിതനായി തിരിച്ചു പോന്നു. ട്രെയിനിൽ ടിക്കറ്റ് തരപ്പെടാത്തതിനാൽ ബസിലായിരുന്നു മടക്ക യാത്ര. ബസ് ദാവൺഗരെയിൽ എത്തിയപ്പോൾ ഇന്ദിരാഗാന്ധി വെടികൊണ്ട് ആശുപത്രിയിലായത് അറിഞ്ഞു. പിന്നീട് മരിച്ചെന്നും. ഒരു യുഗത്തിന്റെ അന്ത്യം. പലയിടത്തും “ഗലാട്ടെ”.  വഴിയിൽ വലിയ കുഴപ്പങ്ങളില്ലാതെ ബോംബെയിൽ എത്തിപ്പെട്ടു. ഡൽഹിയിൽ സിഖ് കൂട്ടക്കൊല.. എന്റെ ഡൽഹിയെ തഴഞ്ഞ തീരുമാനം ശരിയെന്ന് മനസ്സ് പറഞ്ഞു.

ബോംബെ റെയിൽവെ സ്റ്റേഷനുകളിലുള്ള പുസ്തകശാലകളിൽ തൊഴിലന്വേഷകർക്കുള്ള വിവിധ സാദ്ധ്യതകളും അവക്കുള്ള ഫോമുകളും പ്രദർശിപ്പിച്ചിരിക്കും. അങ്ങിനെയാണ് ഞാനും സുഹൃത്ത് ഗണേശനും സ്റ്റേഷൻമാസ്ടറുടെ ഒഴിവിലേക്ക് അപേക്ഷിച്ചത്. വളരെയധികം ഒഴിവുകളുള്ള ക്ലാർക്ക് ജോലിയിൽ ഞങ്ങൾക്ക് കമ്പമില്ലായിരുന്നു. ഒരു സ്റ്റേഷൻ മൊത്തം ഭരിക്കാനവകാശമുള്ള അസിസ്റ്റന്റെ സ്റ്റേഷൻ മാഷുടെ ഒഴിവിലേക്ക് ഞങ്ങൾ അപേക്ഷിച്ചു. പരീക്ഷയെഴുതി, പാസായി. ചർച്ച് ഗേറ്റ് സ്റ്റേഷനിൽ ഒരു ലോജിക്കൽ ടെസ്റ്റും, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും. അതിലും പാസായി. ജോലി കിട്ടിയെന്നു തന്നെ ഉറപ്പിച്ചു. ഉച്ചക്കായിരുന്നു ഇന്റെർവ്യൂ. അതു കഴിഞ്ഞപ്പോൾ ഞങ്ങൾ ഔട്ട്. ഒരു മുംബൈ ലോക്കൽ ട്രെയിനിൽ കയറി ഇറങ്ങുന്ന ലാഘവത്തോടെ ഞങ്ങൾ തിരിച്ചു പൊന്നു. റെയിൽവേയിൽ ജോലി ചെയ്യുന്ന ചെറിയച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ യാതൊരു മനസ്താപത്തിന്റെയും ആവശ്യമില്ലെന്നും ആ ജോലിയെക്കാൾ എത്രയോ നല്ല നിലയിലെത്താൻ പ്രൈവറ്റ് ജോലിയിൽ സാദ്ധ്യതകളുണ്ടെന്നും ആശ്വസിപ്പിച്ചു.

റെയിൽവേയോട് ഒട്ടും വിരോധം തോന്നിയില്ല. പിറ്റേന്ന് മുതൽ ബോംബെയുടെ ജീവനാഡിയായ ലോകൽ ട്രെയിനിൽ വീണ്ടും നവകേതനിലേക്ക്.

ലോക്കൽ ട്രെയിൻ യാത്രകൾ വായനക്കുള്ള ഉത്തമ വേദിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒട്ടുമിക്ക സ്റ്റേഷനുകളിലും ഒരു പുസ്തകശാലയുണ്ടായിരിക്കും. വൃത്താന്ത പത്രം മുതൽ മാഗസിനുകളും നോവലുകളും വരെ, വായനയുടെ വിവിധ തലങ്ങളിലുള്ളവരെ ആകർഷിക്കാനുള്ള ഉരുപ്പടികൾ. സ്റ്റേഷനിലെത്തി വണ്ടി വരുന്ന സമയം വരെ അവയിലൂടെ കണ്ണോടിച്ച് വിലയിരുത്തി അവയിലൊന്ന് വാങ്ങിച്ചിരിക്കും. ആദ്യകാലത്ത് സ്പോർട്ട്സ് സ്റ്റാർ എന്റെ ഹരമായിരുന്നു. മികച്ച ചിത്രങ്ങൾ കളറിൽ അച്ചടിച്ച സ്പോർട്ട്സ് സ്റ്റാർ നാട്ടിൽ വെച്ചു തന്നെ വാങ്ങി അതിലെ ക്രിക്കറ്റർമാരുടെ ചിത്രങ്ങൾ കണ്ട് സായൂജ്യമടയുക ഒരു ഹോബി ആയിരുന്നു. ആ ഹരത്തിന് പണം പലപ്പോഴും ഒരു വിലങ്ങു തടിയായിരുന്നു..

ബോംബെയിൽ ശ്രീ ഓപ്പോളുടെ വീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉണ്ണിയെട്ടൻ എല്ലാ ആഴ്ചയും വാങ്ങിക്കും. ഉണ്ണിയേട്ടന്റെ വായന കഴിഞ്ഞാൽ അതെനിക്ക് കിട്ടും. പ്രസാദിന്റെ റൂമിൽ കലാകൗമുദിയാണ് സ്ഥിരം വാങ്ങിക്കുന്നത്. അവ തമ്മിൽ ഞങ്ങൾ ഒരു മാറ്റക്കച്ചവടം നടത്തും, എല്ലാ ആഴ്ചയും. അങ്ങിനെ ഞാൻ വായനയുടെ ലോകത്തേക്ക് എത്തിപ്പെട്ടു. നാട്ടിൽ വെച്ച് പരിചയെപ്പെട്ട മുട്ടത്തു വർക്കി, കാനം, എം ടി എന്നിവർക്കപ്പുറം  ഒ വി വിജയൻ, സി രാധാകൃഷ്ണൻ , പത്മനാഭൻ, മുകുന്ദൻ, വി കെ എൻ എന്നിങ്ങനെയുള്ള പ്രതിഭകളെക്കൂടി അടുത്തറിഞ്ഞു. വിജയന്റെ ഗുരുസാഗരം മാത്രുഭൂമിയിൽ വരുന്ന കാലം. കുഞ്ഞുണ്ണിയുടെ കൂടെ ഞാനും സായാഹ്‌ന യാത്രയിൽ കൂടി. ആ എഴുത്ത് എന്നെ വല്ലാതെ ആകർഷിച്ചു. പ്രസാദ് സാഹിത്യവാരഫലം കൃഷ്ണൻ നായരുടെ ആരാധകനാണ്. ഓരോ ആഴ്ചയും നായരുടെ വീക്ഷണങ്ങളെക്കുറിച്ച് ചർച്ച ഉണ്ടായിരിക്കും. കിംഗ് സർക്കിൾ സ്റ്റേഷൻ മുതൽ സാന്റാക്രൂസ് സ്റ്റേഷൻ വരെയും തിരിച്ചുമുള്ള ദൂരം പലപോഴും വായനയുടെ ഹരത്താൽ പോരെന്നു തോന്നിച്ചു.

നവകേതനിൽ തിരുവത്ര ശശി പോയ ഒഴിവിലേക്ക് ഒരാളെ വേണം. സുഹൃത്ത് വിനയനെ കൊണ്ടു പോയി ആശാനെ (പിഷാരടി സാറിനെ അങ്ങിനെയാണ് ഞങ്ങൾ, നവകേതനിലെ കീഴ് ജീവനക്കാർ,  തമ്മിൽ തമ്മിൽ പറയാറുള്ളത്) കാണിച്ച് ജോലി ശരിയാക്കി. കത്തുകൾ ടൈപ്പ് ചെയ്യുക, പെറ്റി കാഷ് ബുക്കെഴുതുക. പ്രൊഡക്ഷൻ കാഷ് ബുക്കെഴുതുക തുടങ്ങിയ പണികൾ. ആ കസേരയിൽ അധിക കാലം ആരും ഇരിക്കാറില്ല. അതൊരു ട്രെയിനീ പോസ്റ്റാണ് എന്നും. ആറുമാസമാണ് ആ കസേരയിലിരിക്കുന്നവരുടെ ആവറേജ് ആയുസ്സ്. കയ്യക്ഷരം നന്നാവണം എന്നതാണ് എറ്റവും വലിയ ക്വാളിഫിക്കേഷൻ. അതിൽ വിനയൻ ജയിച്ചു.
എന്റെ കാര്യത്തിൽ കയ്യക്ഷരം ആശാന് അത്രക്ക് മതിപ്പില്ലായിരുന്നു. പിന്നെ, നിവൃത്തികേടു കൊണ്ട്, അന്നത്തെ പ്രത്യേക സാഹചര്യത്തിൽ എടുത്തതാണ്. പലപ്പോഴും അത് പറഞ്ഞ് ചീത്ത പറയാറുമുണ്ട്.

ഏറെത്താമസിയാതെ തന്നെ വിനയനു വേറെ നല്ല ജോലി കിട്ടി, അവിടേക്ക് ഷിബു ജോർജ്ജ് എന്നൊരു ട്രെയിനീ എത്തി. മൂന്നു മാസത്തിനുള്ളിൽ മൂപ്പ്പരും സ്ഥലം വിട്ടു. പിന്നീടെത്തിയത് സി ജി രഘുനാഥ്. അതെ, ആ കസേരയിൽ ആരും ഉറച്ചിരിക്കാറില്ല.

നവകേതനിൽ ഞാനെത്തിയ ശേഷമുള്ള ആദ്യ ഫിലിം ‘ഹം നൗ ജവാൻ’ റിലീസ് ആയി. റിലീസിനു മുമ്പെ പടം ലാബിൽ വെച്ച് കണ്ടു. നമ്മുടെ ചിന്താധാരകളും വീക്ഷണങ്ങളുമായി ഒത്തുപോകാത്ത ഒരു സിനിമ. ആദ്യമായി ഒരു സിനിമയുടെ ടൈറ്റിലിൽ പേർ വന്നു. പക്ഷെ ആരോടും അഭിമാനത്തോടെ പറയാൻ തോന്നിയില്ല. ദേവ് ആനന്ദിനെക്കൂടാതെ റിച്ച ശർമ്മ(സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ), തബു എന്നിവരുടെ ആദ്യ ചിത്രം. തബു അന്ന് ദേവ് ആനന്ദിന്റെ മകളുടെ റോളിൽ ആയിരുന്നു അഭിനയിച്ചത്. തബുവിന്റെ ആദ്യ പ്രതിഫലം ഈ കയ്യിലൂടെയാണ് നൽകപ്പെട്ടത് എന്നത് ആ അഭിനേത്രിയുടെ ഓരോ പോസ്റ്റർ കാണുമ്പോഴും ഓർക്കും.

കണക്കെഴുത്തിനപ്പുറം സിനിമയുടെ പിന്നാമ്പുറക്കാഴ്ചകൾ കൂടെ കാണാനും അടുത്തറിയാനുമായി. ഒരു സിനിമ നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള വിവിധ ഘട്ടങ്ങൾ നേർക്കഴ്ചയായി. സ്ക്രിപ്റ്റ്, ലൊക്കേഷൻ ഹണ്ടിംഗ് അഥവാ റെക്കി, കാസ്റ്റിംഗ്, സോംഗ് റെക്കോഡിംഗ്, ഷൂട്ടിംഗ്, ഫിലിം പ്രോസസിംഗ്, എഡിറ്റിംഗ്, ഡബ്ബിംഗ്, സൗണ്ട് ഇഫക്ട്സ്, ബാക്ക് ഗ്രൌണ്ട് മുസിക്, മിക്സിംഗ്, വിപണനം, ഫൈനൽ പ്രിന്റ്, റിലീസിംഗ് ഇതെല്ലാം നേരിട്ട് കണ്ടു. ഭാഗഭാക്കായി.  കണക്കെഴുത്ത് കഴിഞ്ഞുള്ള ഇടവേളകളിൽ ഈ പിന്നാമ്പുറക്കാഴ്ചകളിൽ ശ്രദ്ധ പതിപ്പിച്ചു. സ്റ്റീൻബക്ക് റൂമിൽ പോയി ബാബു ഷെയ്ക്കിന്റെ എഡിറ്റിംഗ് കണ്ടു. സിനിമ വിജയിച്ചില്ലെങ്കിലും ‘ഹം നൗ ജവാൻ’ എന്ന സിനിമയുടെ ഏഡിറ്റർക്ക് ആ വർഷത്തെ എറ്റവും നല്ല എഡിറ്റർക്കുള്ള ദേശീയ അവാർഡ് കിട്ടി. സംഗീത സംവിധായകൻ ആർ ഡി ബർമ്മൻ, പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യ, സന്തൂർ വാദകൻ ശിവ്കുമാർ ശർമ്മ എന്നിവരെ നേരിട്ട് കാണാനും അവരുടെ കലയെ രണ്ടു ദിവസം അടുത്തറിയാനും അവസരമുണ്ടായി.

രാമേട്ടൻറെയും അച്ചുവേട്ടന്റെയും ലീവിൽ അവരുടെ  പണികൾ കൂടെ എനിക്കനുവദിച്ചു കിട്ടി. ദിവസവും ദേവ് സാബിനെ കണ്ട് ബാങ്ക് പൊസിഷൻ  അവതരിപ്പിക്കുക, ചെക്കുകൾ അപ്പ്രൂവ് ചെയ്ത് വാങ്ങി ഏറ്റവും ശല്യം ചെയ്യുന്ന കടക്കാർക്ക് കൊടുക്കുക. മാസാദ്യങ്ങളിൽ ശമ്പള ലിസ്റ്റ് തയ്യാറാക്കി ഒപ്പിട്ടുവാങ്ങി നൽകുക.  പലപ്പോഴും ചോദ്യങ്ങൾ അനവധി ആയിരിക്കും. അവയ്ക്ക് തൃപ്തികരമായ മറുപടി നൽകിയാൽ അദ്ദേഹം തൃപ്തൻ. ക്രെഡിറ്റേഴ്സിനെയും ദേവനെയും തൃപ്തിപ്പെടുത്തിപ്പോകുക എന്നത് ഒരു തരം ഞാണിന്മേൽ കളിയാണ്. അതിൽ വിജയിച്ചാൽ നിങ്ങൾക്ക് മുന്നോട്ട് ജയിച്ച് കയറാം.

തൽക്കാലം ഞാൻ അതിൽ നല്ല മാർക്ക് വാങ്ങി വിജയിച്ചു.  അങ്ങിനെയാണ് പാലി ഹില്ലിൽ പണിയുന്ന പുതിയ റെക്കോഡിംഗ് സ്റ്റുഡിയോയുടെ പൂർണ്ണ ചുമതലയുള്ള അക്കൗണ്ടന്റ് ആയി സ്ഥാനക്കയറ്റം കിട്ടിയത്. പക്ഷെ സ്ഥാനക്കയറ്റം വേതനത്തിൽ നിഴലിച്ചില്ല. അങ്ങോട്ട് ചോദിക്കാതെ മനസ്സറിഞ്ഞു തന്നാൽ മാത്രം സ്വീകരിക്കുക എന്ന  എന്റെ നയത്തിൽ അയവു വരുത്താൻ തയ്യാറാവാത്തതിനാൽ കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം.

ജോലി കഴിഞ്ഞു വീട്ടിലെത്തുന്നത് പലപ്പോഴും വൈകിയായിരിക്കും. എങ്കിലും ആരെയും പിണക്കാതെ ജീവിക്കാൻ പഠിച്ചിരിക്കുന്നു. വൈകുന്നേരം വീട്ടിലെത്തിയാൽ ഏറ്റവും ആദ്യം കണ്ണെത്തുക കത്തിരിക്കുന്ന സ്ഥാനത്തേക്കാണ്. നാട്ടിൽ നിന്നും അമ്മ, വിജയൻ, അമ്മിണി ഓപ്പോൾ എന്നിവരുടെ കത്തുകൾക്കായി കൊതിച്ച ദിനങ്ങൾ. അവരിലൂടെയാണ് ഞാൻ നാടിനെ അറിയുന്നത്, വിശേഷങ്ങൾ അറിയുന്നത്. ആഴ്ചകളും മാസങ്ങളും നീളുന്ന ആ ഇടവേളകളിൽ  എത്തുന്ന മഴക്കായി ഈ വേഴാമ്പൽ കാത്തിരിക്കും.  കിട്ടിയ അന്ന് തന്നെ മറുപടി എഴുതി അയച്ചിരിക്കും. വീണ്ടും മറ്റൊരു കുളിർമഴക്കായുള്ള കാത്തിരിപ്പ് തുടരും.

അതെ, കാത്തിരിക്കുക, അടുത്ത ലക്കത്തിനായി.

മുംബൈ ബാച്ചിലർ ജീവിതം - Part 2

മുംബൈ ബാച്ചിലർ ജീവിതം

Part 2 –

ഒന്നര വർഷത്തിനിടയിൽ  നാടിന്  കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. മുത്തശ്ശിക്ക് കുറച്ച് കൂടി വയ്യാതായിരിക്കുന്നു. അമ്മ നന്നായിരിക്കുന്നുണ്ട്.  ശശി പെരിന്തൽമണ്ണ പ്രസ്സിൽ ജോലിക്കു പോകുന്നു. ശോഭ പത്തിലേക്ക് എത്തിയിരിക്കുന്നു. ഇരുവരിലും വളർച്ചയുടെ മാറ്റങ്ങൾ തെളിഞ്ഞു കാണാം. ശശി എന്നെക്കാൾ പൊക്കം വെച്ചുവോ എന്നു തോന്നിക്കും. 1977 മുതൽ 1982 വരെ മുടങ്ങാതെ കുംഭ ഭരണിക്ക് അച്ഛന് ശ്രാദ്ധ മുട്ടിയിരുന്നത് ബോംബെക്ക് പോയപ്പോൾ മുടങ്ങിയതു കാരണം അതിനു പ്രതിവിധിയായി പേരൂരിൽ പോയി ശ്രാദ്ധമൂട്ടി സമർപ്പിച്ചാൽ മതിയെന്ന വിദഗ്ദ്ധോപദേശം നടപ്പാക്കലായിരുന്നു എന്റെ യാത്രയുടെ പ്രഥമോദ്ദേശ്യം. കോയമ്പത്തൂരിലുള്ള തൃപ്രയാർ ഗോപിയേട്ടനെ കൂട്ടു പിടിച്ചു പേരൂരിൽ പോയി ശ്രാദ്ധമൂട്ടി സമർപ്പിച്ചു പോന്നു. ഇനി മുതൽ മനസ്സുകൊണ്ട് മാത്രം പ്രണാമം അർപ്പിക്കുക, അത് എന്നുമാവാം.

നാട്ടിലെത്തിയാൽ വീട്ടിലിരിക്കാൻ സമയമില്ല. ബന്ധു ഗൃഹങ്ങൾ സന്ദർശിക്കണം, വേണ്ടപ്പെട്ടവരെയൊക്കെ കാണണം, കൂട്ടുകാരോടൊത്ത് പുറത്ത് സമയം ചെലവഴിക്കണം.. സത്യം പറഞ്ഞാൽ, അമ്മയോടോത്ത് സ്വകാര്യ വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ബോംബെ വിശേഷങ്ങളും  പറയാനും, കൂടെയിരുന്നൊന്ന് ഊണു കഴിക്കുവാനും സമയം തികയാറില്ല.   അന്നത്തെ എല്ലാ പ്രവാസിയുടെയും അവസ്ഥയാണിത്. പത്തു ദിവസത്തെ ആദ്യ ലീവിനു ശേഷം ഒക്ടോബർ 30നു വീണ്ടും മനസ്സില്ലാ മനസ്സോടെ ബോംബെക്ക് വീണ്ടും വണ്ടി കയറാനായിറങ്ങി. ചന്ദ്രാലയം ഉണ്ണിയേട്ടന്റെ വക ശ്രീയോപ്പോൾക്ക് ഒരു പൊതി. രാജമന്ദിരം ഇന്ദിരോപ്പോൾക്ക് ചെമ്പൂരിലേക്ക് ഉണക്കലരി, കയ്പൻ നാരങ്ങ എന്നിവയുടെ പൊതി. ഇവയൊക്കെ താങ്ങി  വിജയനോടൊപ്പം ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ഒരിക്കൽ കൂടെ ബോംബെക്ക് ജയന്തി ജനതയിൽ കയറാനായി. വൈകീട്ട് 4.09 നു  ഒറ്റപ്പാലം സ്റ്റേഷനിൽ എത്തുന്ന ജയന്തി ജനതക്കായി ഞങ്ങൾ 2 മണി ആയപ്പോഴെക്കെ സ്റ്റേഷനിൽ എത്തി. ഞങ്ങളുടെ ബന്ധു രാധാകൃഷ്ണേട്ടൻ അവിടത്തെ സ്റ്റേഷൻ മാഷാണ്. രാധാകൃഷ്ണേട്ടന് ഡ്യൂട്ടിയുള്ള ദിവസവുമാണ് അന്ന്. അക്കാലത്ത്, അധികം ആൾത്തിരക്കില്ലാത്ത, ഗ്രാമ്യതയുടെ എല്ലാ അടയാളങ്ങളും അതേ പടി നില നിൽക്കുന്ന ഒരു സ്റ്റേഷനാണ് ഒറ്റപ്പാലം. പത്മരാജൻ തൂവാനത്തുമ്പികളുടെ ക്ളൈമാക്സ് ഈ സ്റ്റേഷനിൽ എടുക്കുന്നതിനും മുമ്പായിരുന്നു അത്. വണ്ടിയെത്താൻ സമയമുള്ള സ്ഥിതിക്ക് നമുക്കൊരു നാരാങ്ങാ വെള്ളം കാച്ചിയാലോ എന്ന മോഹൻലാൽ ഡയലോഗ് സിനിമക്കും രണ്ടു വർഷം മുമ്പ് വിജയനിൽ നിന്നും ഉതിർന്നപ്പോൾ ഞാൻ അരമനയിലേക്ക് മൂപ്പരെ പിന്തുടർന്നു..

വിജയനിൽ രണ്ടു വർഷത്തിനിടയിൽ മാറ്റങ്ങൾ പ്രത്യക്ഷമാണ്.  ഞാൻ മാത്രം പൊടി മീശയിൽ നിന്നും ചെറുവാല്യക്കാരനിലേക്ക് മാറണോ എന്ന സംശയത്തിലും. ആയിടക്കായിരുന്നു,  ബോംബെയിലെത്തിയ ഞാൻ നാടക ജീവിതത്തിലെ  എന്റെ നാലാം  വേഷം അവതരിപ്പിച്ചത് . ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വേഷം.  അതു കാരണം കൊണ്ടു തന്നെ നാടകത്തിലെ വേഷപ്പകർച്ചക്കായി മുഖം ക്ളീൻ ആക്കിയായത്തിനു ശേഷം ആയിരുന്നു  നാട്ടിലേക്കെത്തിയത്. അരമനയിലെത്തിയ ഞാനും വിജയനും ഒരു മേശക്കഭിമുഖമായി ഇരുന്നു. വിജയൻ "ഹോട്ടായി" ഒരു  നാരങ്ങാ വെള്ളവും എനിക്കൊരു  “തണുത്ത” കല്യാണിയും ഓർഡർ ചെയ്തു. ജീവിതത്തിലാദ്യമായി കല്യാണിയുടെ രുചിയറിഞ്ഞു, 22 വയസ്സായ ഞാൻ മൈനറിൽ നിന്നും മേജറിലേക്കുയർന്നു പൊങ്ങുന്നതായി തോന്നി..

അമ്മയും വിജയനും എന്നിൽ നിന്നും അകലുകയാണ്, നാട് വിട്ട്, വാളയാർ ചുരം കടന്ന് വണ്ടി താളാത്മകമായി പാഞ്ഞു കൊണ്ടിരുന്നു. അമ്മ നൽകിയ പാഥേയം അകത്താക്കി മിഡിൽ ബർത്തിൽ കയറിപ്പറ്റി, നിദ്രാദേവി കണ്ണുകളെ തഴുകി. നേരം വെളുത്തപ്പോൾ വണ്ടി ഗുണ്ടക്കൽ എത്തിയിരിക്കുന്നു. സമയം തെറ്റാതോടുന്ന വണ്ടി. കുറെ ഓടുന്നു, കിതച്ചു നിൽക്കുന്നു, ആ കിതപ്പ് തീരുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങുന്നു. നാളെ മുതൽ ഞാനും ബോംബെ നഗരത്തിലൂടെ ആ ഓട്ടം തുടരാനായി കാത്തിരിക്കുന്നു. അവിടേക്ക് വണ്ടി അടുക്കുംതോറും കാൽ പിറകോട്ട് വലിയുന്നുണ്ടോ? ഇല്ല, മുന്നോട്ടോടാൻ പഠിച്ചിരിക്കുന്നു…

ആൻറ്റോപ് ഹില്ലിലെ സെക്ടർ സെവനിൽ ഗവണ്മെന്റ് ജീവനക്കാരേക്കാൾ കൂടുതൽ അവർ വാടകക്ക് വെച്ച ഉപവാടകക്കാരായിരുന്നു താമസിച്ചിരുന്നത്.  ഞങ്ങളുടെ ഫ്ളാറ്റിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരെ, നാലു ബിൽഡിംഗിനപ്പുറം അത്തരമൊരു ഫ്ളാറ്റിൽ കാട്ടൂർക്കാരായ പ്രസാദും ഹംസയും താമസിച്ചിരുന്നു. ബോംബെ സ്വിച്ച് ഗിയർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന  പ്രസാദ് ശ്രീ ആർ പി ഉണ്ണിയേട്ടൻറെ മരുമകനാണ്. സരസമായ പെരുമാറ്റം കൊണ്ടും ഫലിതം നിറഞ്ഞ സംസാര രീതി കൊണ്ടും വളരെ പെട്ടെന്ന് തന്നെ മൂപ്പർ ഞങ്ങളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചു.  ബോംബെ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഹംസ നാട്ടിൽ അവരുടെ അയൽവാസിയാണ്. വർത്തമാനത്തിന്റെ കാര്യത്തിൽ ഹംസയും പിന്നിലല്ല.

കേരള പിഷാരോടി സമാജം നിലവിൽ വന്നിട്ട് 2 വർഷമേ ആയിട്ടുള്ളു. അതിൻറെ ഖജാൻജിയാണ് പി എ പിഷാരോടി എന്ന പിഷാരോടി സാർ. സമാജത്തിന്റെ കണക്കുകൾ വളരെ കൃത്ര്യതയോടെ എഴുതി ഓഡിറ്റ് ചെയ്ത് അംഗങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. "നവകേതനിൽ" മൂപ്പരുടെ അസിസ്റ്റന്റ് ആയ  എനിക്കായിരുന്നു രണ്ടാം വര്ഷം മുതൽ കണക്കെഴുതിന്റെ ചുമതല. കണക്കെഴുത്തിന്റെ ആദ്യ പാഠങ്ങളിൽ അതും ഒരദ്ധ്യായം. അതിനിടയിൽ അദ്ദേഹം എന്നെ സമാജം മെമ്പർ ആക്കി.

ആ വർഷം മാട്ടുംഗയിൽ ജൂലൈ മാസത്തിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഞാൻ പങ്കെടുത്തു. 1985 സെപ്റ്റംബർ 1 നു കാമ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ച ഓണാഘോഷത്തിൽ ആർ.പി പ്രസാദിന്റെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. പ്രസാദിന്റെ നിർദ്ദേശ പ്രകാരം “The Refund” എന്ന നാടകം ഇംഗ്ലീഷിൽ നിന്നും പ്രസാദും ഞാനും കൂടി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഹംഗേറിയൻ എഴുത്തുകാരനായ “ഫ്രിറ്റ്സ് കരിന്തി”യുടെ വിശ്വപ്രസിദ്ധമായ ഏകാംഗ നാടകമാണ് “The Refund”.

സ്കൂളിൽ അഞ്ചാം  തരത്തിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ്  നാടകവുമായുള്ള ചെറിയൊരു ബന്ധം. എരവിമംഗലം വായനശാല വാർഷികത്തിന്    അനിയേട്ടനും ഭരതനുണ്ണിയേട്ടനും  ഒക്കെ ആയി ചേർന്നഭിനയിച്ച ഒരു നാടകത്തിലാണ് ഞാൻ ആദ്യമായി മുഖത്ത് മേക്കപ്പിടുന്നത്. ഏകദേശം 3 മാസത്തോളം മുമ്പേ തുടങ്ങുന്ന റിഹേഴ്സൽ ക്യാമ്പ് രസകരമാണ്. നാടകാവതരണമാവുമ്പോഴേക്കും  ഡയലോഗുകൾ എല്ലാം ബൈഹാർട്ട് ആയിരിക്കും. ആ വർഷത്തെ നാടകം എരവിമംഗലം സ്കൂൾ അങ്കണത്തിൽ വെച്ചതായിരുന്നു എന്നാണ് ഓർമ്മ. മറ്റു കലാപരിപാടികൾ എല്ലാം കഴിഞ്ഞു, രാത്രി ഏറെ വൈകി തുടങ്ങുന്ന മുഴുനീളൻ നാടകത്തിൽ കുട്ടിയായഭിനയിച്ച ഞാൻ അവസാന രംഗത്തിരുന്ന് ഉറങ്ങിപ്പോയതാണ് ആദ്യ അഭിനയ പാഠം. ഒടുവിൽ എന്റെ അമ്മയായി അഭിനയിക്കുന്ന നടിക്ക് എന്നെ തോണ്ടി വിളിച്ചുണർത്തേണ്ടി വന്നു.

പിന്നീട് ആറിൽ പഠിക്കുമ്പോൾ ചെറുകര സ്കൂളിൽ നിന്നും കലോത്സവത്തിൽ പങ്കെടുപ്പിക്കാനായി രാമകൃഷ്ണൻ മാഷ് എഴുതിത്തയ്യാറാക്കിയ ബിരുദം എന്ന ഒരു നാടകത്തിൽ ബിരുദധാരിയായ, തൊഴിൽ രഹിതനായ ചെറുപ്പക്കാരനായി ഞാൻ വേഷമിട്ടു. കൂടെ അച്ഛനായി  കോഴിത്തൊടി  മണിയും, കാമുകിയായി  ക്ലാസ്മേറ്റ്  രാജലക്ഷ്മിയും. റിഹേഴ്സൽ ക്യാമ്പുകളിൽ ആളില്ലാ സമയത്ത് എല്ലാ റോളുകളിലും അഭിനയിച്ച് പരിചയിച്ച എനിക്ക് അഭിനയത്തിൽ രണ്ടാം സ്ഥാനവും, അച്ഛനായി അഭിനയിച്ച മണിക്ക് ഒന്നാം സ്ഥാനവും കിട്ടി. ഉറങ്ങി കിടന്ന മണിയുടെ നെഞ്ചത്ത് ചുടു കട്ടൻ ചായ ഒഴിച്ചതിന് രാജലക്ഷ്മിക്ക് രാമകൃഷ്ണൻ മാഷുടെ വക ശകാരവും.

18 വര്ഷം മുന്പ് സ്കൂളില് പഠനം പൂര്ത്തിയാക്കിയ വാസർകോഫ് എന്നൊരു  പൂർവ്വ  വിദ്യാർത്ഥിക്ക്  ഫീസ് മടക്കിക്കൊടുക്കാതിരിക്കാൻ സ്കൂളിലെ പ്രിൻസിപ്പലും മറ്റ് അദ്ധ്യാപകരും ചേർന്ന് നടത്തുന്ന “നാടകമാണ്” “The Refund”ന്റെ ഇതിവൃത്തം. പ്രസാദ്,  സയൺ കുട്ടേട്ടൻ, കൂട്ടാല ശ്രീധരൻ, അജിത്, അനിൽ എന്നിവവരെയാണ് അഭിനേതാക്കളായി നിശ്ചയിച്ചിരുന്നത്. റിഹേഴ്സൽ ക്യാമ്പിലെ സ്ഥിരം സാന്നിദ്ധ്യമായ എന്നെ പിന്നീട് കുട്ടേട്ടനു പകരക്കാരനാക്കി. ഞാൻ പ്രിൻസിപ്പലും പ്രസാദ് വാസർകോഫും മറ്റുള്ളവർ വിവിധ അദ്ധ്യാപകരുമായി ഞങ്ങൾ സെപ്റ്റംബർ ഒന്നിനു നാടകം അരങ്ങേറ്റി. കാണികൾക്ക് പൊതുവെ ഇഷ്ടപ്പെട്ട നാടകത്തിനു ശബ്ദം കേട്ടില്ലെന്ന ആക്ഷേപം മാത്രമായിരുന്നു ഉണ്ടായത്.

ജീവിതത്തിൻറെ പിന്നിട്ട കാലങ്ങളെ, വഴികളെ കുറിച്ച് ഒന്ന് ഓർത്തു നോക്കൂ. ജീവിത സായാഹ്നത്തിലപ്രകാരം തിരിഞ്ഞു നോക്കുമ്പോൾ ഓർമിക്കാനെനെന്തെങ്കിലും വേണ്ടേ?
പ്രസാദ് പറയുകയാണ്,  എല്ലാവരും നടക്കുന്ന വഴിയിലൂടെ നടന്നാൽ അവയിൽ നമ്മുടെ കാലടിപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ വരും. അതെ, തിരക്കിനിടയിലും വഴികൾ മാറ്റി ചവിട്ടണം.

പിന്നിട്ട വഴികൾ, വഴി കാട്ടികൾ,  നാം പഠിച്ച പാഠങ്ങൾ.. അവയോരോന്നും ഓർത്തെടുക്കട്ടെ..

സ്വല്പം സാവകാശം മാത്രം..

വീണ്ടും വരാം...

Monday, May 20, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 1

മുംബൈ ബാച്ചിലർ ജീവിതം


മുംബൈ വലിയൊരു പാഠശാലയാണ്. 

വിദ്യാഭ്യാസം നേടി ഔദ്യോകിക ജീവിതത്തിലേക്ക്തിരിക്കും മുമ്പ് ഏതൊരാളും അവശ്യം അറിഞ്ഞിരിക്കേണ്ട പല ജീവിതപാഠങ്ങളും നമ്മെ പഠിപ്പിക്കുന്ന വിശ്വസർവ്വകലാശാല.

1984 ഏപ്രിൽ 7 ശനിയാഴ്ചയായിരുന്നു ഞാനീ നഗരത്തിൽ എത്തിപ്പെട്ടത്.

ജയന്തി ജനതയിൽ വന്നിറങ്ങി, ദാദർ സ്റ്റേഷനിലെ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റെയും പതിനഞ്ചു നിമിഷങ്ങൾക്കപ്പുറം, സ്വീകരിക്കുവാൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ഭാഷാപരിമിതികൾ സൃഷ്ടിച്ച ഭയപ്പാടിനപ്പുറം, നാരായണസ്വാമിയെന്ന നല്ല മനുഷ്യൻ എനിക്കു വഴികാട്ടിയായി.
700 രൂപയടങ്ങുന്ന ബാഗ് മടിയിലിറുക്കിപ്പിടിച്ച് ഒരു സർദാറിന്റെ ടാക്സിയിൽ കോളിവാഡയിലെ ഗളികളിലൂടെ അയാളുടെ കുടുസ്സു മുറിയിലേക്കാനയിച്ചപ്പോൾ മനസ്സ് വേണ്ടാത്ത കഥകൾ മെനയുകയായിരുന്നു. അയാളുടെ ബാഗ് റൂമിൽ നിക്ഷേപിച്ച്, CGS കോളനിയിലെ ശ്രീയോപ്പോളുടെ മേൽവിലാസം തേടി അയാളോടൊപ്പം ഇറങ്ങിയപ്പോഴായിരുന്നു ശ്വാസം നേരെ വീണത്. നാട്ടിലെ ഉണ്ണിയേട്ടൻ ബോംബെ ഉണ്ണിയേട്ടനയച്ച കത്തിന് നഷ്ടപ്പെടുവാനായിരുന്നു വിധി. ആ വിധിയെ മറികടക്കുവാൻ നാരായണസ്വാമിയെന്ന ദൈവം എത്തി.
അന്നത്തെ നാട്ടു നടപ്പിനനുസരിച്ച് ഞാനും എത്തിച്ചെർന്നത് എന്റെ ബന്ധുവായ ഉണ്ണിയേട്ടന്റേയും ശ്രീഓപ്പോളുടെയും അടുത്തേക്ക്.
അവിടന്നങ്ങോട്ട് ഞാൻ ബോംബെ നഗരത്തെ അറിയുകയായിരുന്നു. ആദ്യത്തെ രണ്ടു വര്ഷം സിജിഇസ്കോളനിയിലെ സെക്ടർ സെവനിലുള്ള ബിൽഡിംഗ് 53ൽ ഉണ്ണിയേട്ടന്റെ ഔദാര്യത്തിൽ താമസം.
ബോംബെയിലെത്തിയ ഒരു ഉദ്യോഗാർത്ഥി അവശ്യം അറിഞ്ഞിരിക്കേണ്ട അറിവുകൾ ഉണ്ണിയേട്ടൻ എനിക്ക് പകർന്നു നൽകി. കയ്യിലൊരു സബർബൻ ടൈം ടേബിൾ വെച്ച് തന്ന് , ബോംബെയുടെ ഭൂമിശാസ്ത്രം പറഞ്ഞു തന്നു. ബോംബെ നഗരത്തിന്റെ ജീവനാഡിയായ സബർബൻ റെയിൽവേ മാപ് മനസ്സിലാക്കി തന്നു. സെൻട്രൽ റെയിൽവേ മെയിൻ ലൈൻ, ഹാർബർ ലൈൻ, വെസ്റ്റേൺ റെയിൽവേ, അവയുടെ റൂട്ട് മാപ്പ്, സ്റ്റേഷനുകൾ എന്നിവ നോക്കിപ്പഠിച്ചു. രണ്ടു റെയിൽവേ ലൈനുകളും മാട്ടുംഗ റോഡ് വരെ സമാന്തരമായിട്ടാണെന്ന് മനസ്സിലാക്കി. അതോടെ കാര്യങ്ങൾ എളുപ്പമായി. ഞങ്ങൾ താമസിക്കുന്ന ആൻറ്റോപ് ഹിൽ ഹാർബർ ലൈനിലുള്ള കിംഗ് സർക്കിളിനടുത്തായിട്ടായിരുന്നു. കൂടാതെ രണ്ടു റെയിൽവേയിലുമുള്ള മാട്ടുംഗ റോഡിനും അടുത്തായിരുന്നു.
ബോംബെയിൽ എത്തി നാലാം ദിനം ഇൻകം ടാക്സ് ഓഫിസിൽ ജോലി ചെയ്തിരുന്ന ഉണ്ണിയേട്ടൻ മുഖേന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റ് ആയി ജോലി കിട്ടി. രാവിലെ ഉണ്ണിയേട്ടന്റെ ഒപ്പം ബോംബെയിലെ പ്രഥമ ജോലിക്ക് ഞാൻ ആദ്യമായി കിംഗ് സർക്കിളിൽ നിന്നും ബോംബെ വിടി സ്റ്റേഷനിലേക്ക് വണ്ടി കയറി. ഹാർബർ ലൈനിൽ മെയിൻ ലൈനിനെ അപേക്ഷിച്ച്, അന്ന് പൊതുവെ തിരക്ക് കുറവാണ്. ആദ്യ ദിനം തന്നെ പാസ് എടുക്കാനും, വണ്ടിയിൽ തിക്കി തിരക്കി കയറാനും പഠിച്ചു. വണ്ടിയിൽ കയറി ഇറങ്ങേണ്ട സ്റ്റേഷൻ എത്രാമത്തെയെന്ന് എണ്ണാനും, മുമ്പേ നിൽക്കുന്ന യാത്രക്കാരനോട് ഇറങ്ങുമോ എന്നറിയാൻ ഹിന്ദിയിൽ "ഉത്തരേഗാ, ക്യാ" എന്ന് ചോദിക്കാനും പഠിച്ചു. പ്രഥമ പാഠം… ഉതിരുക എന്ന മലയാളത്തിനോട് സാമ്യമുള്ള പദമാകയാൽ, വണ്ടിയിൽ നിന്നും ഉതിരാൻ, അപ്രകാരം ചോദിക്കുക എന്നത് സാമാന്യേന എളുപ്പമായി തോന്നി.
ബോംബെ വി ടിയിൽ ആദ്യമായി കാലുകുത്തി പുറത്തു കടന്ന ഞാൻ തൃശൂർ പൂരത്തിനേക്കാൾ വലിയ ജന സമുദ്രത്തിന്റെ തെക്കോട്ടിറക്കം കണ്ട് ആശ്ചര്യപ്പെട്ട് ഒരു മിനുട്ട് പകച്ചു നിന്നു പോയി. പക്ഷെ എന്നെ പുത്തൻ ജോലിയിലേക്കാനയിക്കുന്ന ഉണ്ണിയേട്ടൻ ബോംബെയുടെ നിൽക്കാത്ത കുത്തോഴുക്കിൽ അകന്നു പോകുന്നത് ഞാനറിഞ്ഞു, ഒപ്പം എത്താൻ ഞാനും ആഞ്ഞു നീന്തി..
പ്രഥമ ജോലിയിലെ പ്രഥമ ദിനം അത്ര നിറപ്പകിട്ടാർന്നതായിരുന്നില്ല. എന്നെ ഓഫീസിൽ കൊണ്ടുപോയാക്കി അവിടത്തെ ടൈപ്പിസ്റ്റിനെ ഏൽപ്പിച്ച് ഉണ്ണിയേട്ടൻ സ്ഥലം വിട്ടു. മറൈൻ ലൈൻസിലെ ക്വീൻസ് റോഡിലുള്ള ഒരു കുടുസ്സു മുറി ഓഫീസ്. വാതിലിന് അപ്പുറവും ഇപ്പുറവുമായി രണ്ടു ഓഫിസുകൾ. 12 മണി വരെ ഞാൻ അവിടെ ടൈപ്പിസ്റ്റിന്റെ ചെയ്തികൾ നോക്കിയിരുന്നു സമയം കളഞ്ഞു. അയാളുടെ സമയം പോകാനുള്ള വഴികൾ എന്തുകൊണ്ടോ എന്നെ ഒട്ടും ആകർഷിച്ചില്ല. അയാളുടെ ഹിന്ദി ചോദ്യങ്ങൾക്ക് ഞാനെന്തൊക്കെയോ ഇംഗ്ലീഷിൽ മറുപടി പറഞ്ഞിരുന്നു. ഉച്ചക്ക് രണ്ട് ആർട്ടിക്കിൾ ക്ലർക്ക്മാർക്കൊപ്പം ഫൗണ്ടനിലെ ഒരു കമ്പനിയിൽ ഓഡിറ്റിംഗിന് പോയി, കളർ പെൻസിൽ കൊണ്ട് ടിക്ക് അടിച്ച് വൈകുന്നേരമാക്കി. അവർ ഒന്നും പറഞ്ഞു തന്നില്ല, എനിക്കൊട്ട് മനസ്സിലായതുമില്ല. ഈ ജോലി ശരിയാവില്ലെന്ന് മാത്രം മനസ്സിലാക്കി. പിറ്റേ ദിവസം മുതൽ ആ ജോലി വിട്ട് ഞാൻ ജോലി തേടി യാത്രയാരംഭിച്ചു.
വീണ്ടുമൊരു നാലു ദിനത്തിനുള്ളിൽ നാട്ടിൽ നിന്നും കൃഷ്ണ വല്യച്ഛൻ പറഞ്ഞു തന്നിരുന്ന എൽ ആർ സുബ്രഹ്മണ്യത്തെ കണ്ട് അയൺ എക്സ്ചേഞ്ച് എന്ന കമ്പനിയിൽ ടൈപിസ്റ് ആയി ജോലിക്ക് കയറി. പ്രോജക്ട് മാനേജരായ സുബ്രമണ്യത്തിന് വരുന്ന കത്തുകൾക്ക് മറുപടി ടൈപ് ചെയ്തു അയക്കാൻ ഏർപ്പാടാക്കണം. നല്ല ഓഫിസ്, തമിഴർ നിറയെയുള്ളതിനാൽ ഭാഷ ഒരു പ്രശ്നമായില്ല. പക്ഷെ നാല് ദിവസത്തിനു ശേഷം കൊൽക്കത്തക്ക് യാത്രയായ സുബ്രമണ്യത്തിനു പിന്നാലെ അവിടത്തെ പേർസണൽ മാനേജർ പാട്ടീൽ എന്നെ അവരുടെ തന്നെ വേറൊരു ഓഫീസിലേക്ക് തട്ടി, ഒരു ലീവ് വേക്കൻസിയിൽ നിയമിച്ചു കൊണ്ട്.
ബോംബെയിൽ എത്തി രണ്ടാഴ്ചക്കകം ഉണ്ണിയേട്ടനും കുടുംബവും നാട്ടിലേക്ക് വെക്കേഷനിൽ യാത്രയായി. ഞാൻ താൽക്കാലികമായി സുഹൃത്ത്ഗണേശന്റെ ഉൽഹാസ് നഗറിലുള്ള വീട്ടിലേക്കും. ഉഹാസ് നഗറിൽ നിന്നും വർളിയിലേക്ക് ദിവസേന ഒരു മണിക്കൂർ തിരക്കിൽ യാത്ര. വേനൽ കടുത്തു. ബോംബെയെ കൂടുതൽ അറിയുകയായിരുന്നു. ഗണേശന്റെ കുടുംബവും നാട്ടിലേക്ക് അവധിക്ക് പോയി. ഞാനും ഗണേശനും ഒറ്റക്ക്. ചപ്പാത്തിയും, ചില്ലറ കറികളും ഉണ്ടാക്കുവാൻ പഠിച്ചു. തൊട്ടു മുമ്പിലുള്ള ചീരത്തോട്ടത്തിൽ നിന്നും ചീര വാങ്ങി ഇഷ്ടമുള്ള ചീരക്കൂട്ടാൻ ഗണേശനും ഇഷ്ടമാക്കി.
ഇതിനിടയിൽ ബോംബെയിലെത്തി ആദ്യശമ്പളം കൈപ്പറ്റി. ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ തികയാത്ത ഫാമിലി പെൻഷൻ വാങ്ങിയിരുന്ന അമ്മക്ക് ഒരു തണലാകുക എന്ന ലക്ഷ്യവുമായി വണ്ടി കയറിയ ഞാൻ നാട്ടിലേക്ക് അമ്മക്ക് 100 രൂപ മണി ഓർഡർ അയച്ചു. ആദ്യത്തെ ആ മണി ഓർഡർ നൽകിയ സംതൃപ്തി പിന്നീട് നൽകിയ ഒരു തുകക്കും നൽകാനായിട്ടില്ല.
അന്ന് കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിൽ ഫ്രീ ആയി ജോലി ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം കൊടുക്കാമായിരുന്നു. അങ്ങിനെ ഞാൻ കൊടുത്ത പരസ്യത്തിന് മറുപടി വന്നതിൽ, അയൺ എക്സ്ചേഞ്ച് എന്ന നല്ല കമ്പനിയിലെ ജോലി വിടേണ്ട എന്ന് കരുതി പാരച്യൂട്ട് വെളിച്ചെണ്ണ എന്ന ബ്രാൻഡ് ഉത്പാദിപ്പിച്ചിരുന്ന ബോംബെ ഓയിൽ ഇന്ഡസ്ട്രീസിൽ സുഹൃത്ത് ഗണേശൻ ജോലിക്ക് കയറി. ആയിടക്കാണ് മറ്റൊരു സുഹൃത്ത് വിനയനും അവന്റെ അമ്മാമന്റെ തണൽപറ്റി ബോംബെയിൽ എത്തുന്നത്. 1984 മെയ് 17നു ഭീവണ്ടിയിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ഭാഷ വശമില്ലാത്ത ഞങ്ങൾ പൊതുവെ വീട്ടിനുള്ളിൽ ഒതുങ്ങികൂടി. ജൂണിൽ തിരിച്ച് വീണ്ടും ആന്റോപ്ഹില്ലിലേക്ക് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് എത്തി. അപ്പോഴക്കും എന്റെ രണ്ടാം ജോലിയും നഷ്ടമായി.
മൂന്നാം ജോലിയും ടൈപ്പിസ്റ്റ് ആയിട്ടായിരുന്നു. ചർച്ച് ഗേറ്റിനടുത്ത് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ, ദിവസേന ബാലൻസ് ഷീറ്റുകൾ ടൈപ് ചെയ്യുക എന്ന ജോലി. തെറ്റു കൂടാതെ ഒരു മാസം അവിടെ ജോലി ചെയ്ത എനിക്ക് കൂടുതൽ ശമ്പളത്തിൽ മസ്ജിദിൽ കോട്ടൺ എക്സ്ചേഞ്ച് ബിൽഡിംഗിൽ ഒരു ഇൻകം ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിൽ ടൈപിസ്റ്റ് ആയി ജോലി കിട്ടി. ജൂലൈ മാസത്തിൽ ഇൻകം ടാക്സ് റിട്ടേണുകൾ സമർപ്പിക്കാനായി വേണ്ടുന്ന സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കലായിരുന്നു മുഖ്യ ജോലി. ഓഗസ്റ് 15 വരെ അവിടെ തുടർന്നു.
ബന്ധുജനങ്ങളുടെ ഒപ്പമുള്ള അന്നത്തെ ബാച്ചിലർ ജീവിതത്തിന്റെ അലിഖിതനിയമങ്ങൾ ആയിരുന്നു പുതുമോടിയിൽ എനിക്കും നേരിടേണ്ടി വന്നത്. കൊച്ചുവെളുപ്പാൻകാലത്ത്, മഴയെന്നോ, മഞ്ഞെന്നോ നോക്കാതെ പോയി പാൽ വാങ്ങിക്കൽ, പച്ചക്കറി വാങ്ങി വരൽ, വെക്കേഷനിൽ നാട്ടിൽനിന്നും വരുന്നവരെ രാവിലെ 3 മണിക്ക്ദാദർ സ്റ്റേഷനിൽ പോയി വലിയ പെട്ടികളും ചുമന്ന്കൂട്ടിക്കൊണ്ടുവരൽ, തുടങ്ങി.
അവർക്കൊരുഭാരമാകാതെ, അവർക്കായി എന്നാലാവതെല്ലാം ചെയ്ത് ബോംബെ ബാച്ചിലർ ജീവിതത്തിലേക്കുള്ള ഇന്റേൺഷിപ്പ് തുടർന്നു..
ബികോം ഹൈ സെക്കൻഡ് ക്ലാസ് ബിരുദധാരിയെന്നാലും, ആദ്യ കാലത്ത് തുണച്ചത് ടൈപ്പിംഗ് ഹയർ യോഗ്യതയായിരുന്നു. ഏപ്രിലിൽ ബോംബെയിലെത്തിയ ഞാൻ നാല്മാസത്തിനുള്ളിൽ നാലുജോലി മാറി, ആഗസ്റ്റിൽ ദേവ്ആനന്ദിന്റെ "നവകേതനിൽ" പഠിച്ച തൊഴിൽ മേഖലയായ കണക്കെഴുത്തിൽ ശ്രീ പിഎ പിഷാരോടിയുടെ കീഴിൽ കയറിപ്പറ്റി. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന പരിചയസമ്പന്നനായ നാരായണൻ പോയ ഒഴിവിലേക്കാണ് എന്നെ നിയമിച്ചത്. തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത നല്ലൊരു അവസരമായിമാറി. ആദ്യ ആറു മാസകാലം ഒരുഹെഡ്മാസ്റ്ററെപ്പോലെ അദ്ദേഹം പണികൾ പഠിപ്പിച്ചു. ബുക്ക്കീപ്പിംഗ്, ഫൈനലൈസേഷൻ, എന്നിവയിൽ ഒരുവിധം പ്രാവീണ്യം നേടി. അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ പേടി കൂടാതെ സംസാരിക്കാമെന്നായി. ഓഡിറ്റർ ജസൂജയുടെ ഓഡിറ്റിംഗിൽ അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത് ഒറ്റക്ക് കാര്യങ്ങൾ നടത്താമെന്ന ധൈര്യം കൈവന്നു. ബോളിവുഡിലെ സിനിമകളെ പറ്റി യാതൊരു ധാരണയുമില്ലാതിരുന്ന ഞാൻ സിനിമകളുടെ കണക്കെഴുതി പണി പഠിച്ചു. കാഷ്യർ രാമേട്ടൻ ലീവിൽ പോയ അവസരത്തിൽ ഒരുമാസം ഷൂട്ടിംഗ് അറ്റൻഡ് ചെയ്തു. സിനിമയുടെ പിന്നാമ്പുറകാഴ്ചകൾ കണ്ടു. ദേവ് ആനന്ദിന്റെ പുതിയ സിനിമക്ക് ആർഡി ബർമന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് റെക്കോർഡിംഗ് കണ്ടു, അതിന്റെ കണക്കുകളും കാഷ് ഹാൻഡ്ലിംഗും ചെയ്തു. രാത്രി, പകലെന്നില്ലാത്ത പണിത്തിരക്ക്. ബോംബെയെ ഇഷ്ടപ്പെട്ടു തുടങ്ങി. ശമ്പളത്തിൽ ചെറിയ വർദ്ധന.
വർഷം ഒന്ന്കഴിഞ്ഞു. നാട്ടിലേക്കുള്ള ആദ്യയാത്ര. ജയന്തിജനതയിൽ. രാവിലെ മൂന്ന്മണിയോടെ വണ്ടി വാളയാർ കടന്നപ്പോൾ അനുഭവിച്ച ആനന്ദം പിന്നീടുള്ള ഒരു യാത്രയിലും അനുഭവിച്ചിട്ടില്ല. ജനിച്ചു വളർന്ന മണ്ണിലേക്കുള്ള തിരിച്ചെത്തൽ, മണ്ണിന്റെ ഗന്ധം നുകർന്ന് ഒറ്റപ്പാലത്ത് വണ്ടിയിറങ്ങി ശശിയോടും ശ്രീകുട്ടനും ഒപ്പം ഒന്നര വർഷത്തിന്ശേഷം കണ്ണനിവാസിലേക്ക്… ഉദ്വേഗത്തിന്റെ നിമിഷങ്ങൾ..
ലീവ്കഴിഞ്ഞു തിരിച്ചെത്തിയ എന്റെ മുംബൈ ജീവിതത്തിന്ഈ ഏപ്രിലിൽ 35വയസ്സായി. നഗരമേ നന്ദി... ആരെയും കൈ വിടാത്ത ആൾക്കൂട്ടത്തിന്റെ നഗരത്തിന് നന്ദി.. വഴികാട്ടികളായ അനേകർക്ക് നന്ദി..
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത നാരായണസ്വാമിക്കു നന്ദി..

ബോംബെ പലതും പഠിപ്പിച്ചു.. കണ്ട കാഴ്ചകൾ, പഠിപ്പിച്ച പാഠങ്ങൾ...
അവക്കായി കാത്തിരിക്കുക.

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...