അച്ഛൻ ജോലികൾക്കായുള്ള ശ്രമം തുടങ്ങി. വിരമിച്ചു നാട്ടിലെത്തി വീട്ടിൽ വെറുതെയിരിക്കുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല. രാവിലത്തെ കാപ്പി കുടി കഴിഞ്ഞാൽ കൈക്കോട്ടുമെടുത്ത് വീടിനോടനുബന്ധമായുള്ള പറമ്പിലേക്കിറങ്ങും. പറമ്പിൽ ഓരോ കാലത്തിനനുസരിച്ച് പല തരം കൃഷികൾ പരീക്ഷിച്ചു. ചാമ, എള്ള്, ഉഴുന്ന്, മുതിര എന്നിങ്ങനെ പലതും ചെറിയ തോതിലെങ്കിലും വളപ്പിൽ കൃഷി ചെയ്തുണ്ടാക്കി. അതു കഴിഞ്ഞാൽ പൂളക്കൃഷി. വേനൽക്കാലങ്ങളിൽ കിഴക്കേ പത്തായപ്പുരയിലെ പാടത്ത് ഉണ്ണിയേട്ടനോടോപ്പം പച്ചക്കറി കൃഷി നടത്തി. അക്കാലങ്ങളിൽ സ്‌കൂൾ വിട്ടു വന്നു കഴിഞ്ഞാൽ പിന്നെ അങ്ങോട്ടോടാനാണ് ധൃതി.
മത്തനും, കുമ്പളവും, വെള്ളരിയും, കയ്പയും, പടവലവും ഒക്കെ തടം കോരി, മണ്ണു ചുട്ട് നട്ടു നനച്ചുണ്ടാക്കി. അവർക്ക് നനയൊരുക്കാൻ കിഴക്കേ പത്തായപ്പുരയിലെ കുളത്തിൽ നിന്നും എത്തം കെട്ടി ചാലു കീറി വെള്ളമെത്തിച്ചു. സ്കൂളു വിട്ടു വന്നാൽ കാപ്പി കുടിച്ച് ഓടിപ്പോയി അവയെ പരിപാലിച്ചു. വെള്ളരി വള്ളികൾ തളിർക്കുന്നുണ്ടോ എന്നും, പൂവിടുന്നുണ്ടോ എന്നും ഓരോ ദിവസവും ആർത്തിയോടെ നോക്കി. അവയിൽ വിരിയുന്ന ചെറു കക്കരിക്കകൾക്കായി കാത്തിരുന്നു.
ആയിടക്കാണ് ഒരു തിരഞ്ഞെടുപ്പ് വരുന്നത്. ഞാൻ അറിഞ്ഞു കണ്ട ആദ്യ തിരഞ്ഞെടുപ്പ്. അത് എന്തിനാണെന്നോ, എവിടേക്കാണെന്നോ മനസ്സിലാക്കാത്ത കാലം. അമ്മയും അച്ഛനും മുത്തശ്ശിയും ഒക്കെ അമ്മായിമാരും കൂടെ വോട്ട് ചെയ്യാൻ കുറുപ്പത്ത് സ്‌കൂളിലേക്ക് പോയത് ഇന്നും ഓർക്കുന്നു. ആർക്കാണ് വോട്ട് ചെയ്തതെന്ന് മുത്തശ്ശിയോട് ചോദിച്ചപ്പോൾ ആനക്കെന്ന് മുത്തശ്ശി. ബാലറ്റ് പേപ്പറിൽ ആനയുടെ ചിഹ്നം കണ്ടപ്പോൾ ആന പ്രേമിയായ മുത്തശ്ശി അതിനു കുത്തിയത്രെ. ഗുരുവായൂർ കേശവനെയും മറ്റു ആനകളെയും മുത്തശ്ശിക്ക് അത്രക്കിഷ്ടമാണ്. അത് കഴിഞ്ഞു ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രി ആയെന്ന് മനസ്സിലായി.
അക്കാലത്ത് കണ്ണനിവാസിൽ പത്രം വാങ്ങാറില്ല. മാതൃഭൂമി പത്രം വാങ്ങുന്നത് കിഴക്കേ പത്തായപ്പുരയിലാണ്. ഉച്ചയോടെ അച്ഛൻ അന്നന്നത്തെ പത്രം വായിക്കാൻ പത്തായപ്പുര ഉമ്മറത്തെത്തും. പത്തായപ്പുരയിലെ പൂമുഖത്തെ മരപ്പടിയിലിരുന്നാണ് വായന. ഭരതനുണ്ണി അമ്മാവൻ വായിക്കുന്നത് മിക്കവാറും വൈകീട്ടാണ്. അമ്മാമന് വായിക്കാൻ നാരായണനുണ്ണി അമ്മാമൻ പത്രം കൊടുത്തയക്കും.
കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്‌കൂൾ പൂട്ടിയപ്പോൾ അച്ഛൻ എന്നെയും ശശിയേയും ഏപ്രിൽ മാസത്തിൽ തന്നെ പരക്കാട്ടേക്ക് കൊണ്ട് പോയി. തറവാട്ടിൽ അന്ന് താമസം അച്ഛന്റെ അമ്മാമനായ, തലയിൽ കുടുമ കെട്ടിയ, ഏകദേശം തൊണ്ണൂറ് വയസ്സെത്തിയ മൂത്തമ്മാമനും, അച്ഛന്റെ ജേഷ്ഠനായ കരുണാകര വല്യച്ഛനും, അച്ഛന്റെ ചിറ്റമ്മ മാലുചിറ്റയും, വേറെ ഒരു ചിറ്റമ്മയുടെ മകളായ നാണിക്കുട്ടി ഓപ്പോളും അവരുടെ നാലു പെൺമക്കളുമാണ്. നാണിക്കുട്ടി ഓപ്പോളുടെ ഭർത്താവ് നാണുമ്മാവനും മൂത്ത മകൻ രാമൻ കുട്ടിയേട്ടനും മദിരാശിയിലാണ്.
പരക്കാട്ട് ഷാരത്തെക്ക് അന്ന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രത്തിലും കുറച്ചു ദൂരെ വെളുത്തൂരുള്ള നമ്പോർ കാവിലും, കൂടാതെ ഷാരത്തെ തന്നെ പറമ്പായ തരിശ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന പറമ്പിനടുത്ത ഒരു അയ്യപ്പൻ കാവിലും കഴകമുണ്ട്. മാലുചിറ്റയാണ് നമ്പോർ കാവിലെ കഴകം നോക്കുന്നത്. പരക്കാട്ടെ കഴകം നാണിക്കുട്ടി ഓപ്പോളും. വല്യച്ഛൻ വളപ്പിലെ, പ്രത്യേകിച്ച് തരിശിലെ കൃഷിയും മറ്റും നോക്കി നടത്തി വന്നു.
ചെറുകരയിൽ താമസിക്കുന്ന ഞങ്ങൾക്ക് കഴകപ്പണി അറിയില്ല. മാല കെട്ടാൻ വശമില്ല. അതിനൊക്കെ ഉള്ള ഒരു ട്രെയിനിങ് ആയിരുന്നു പരക്കാട്ടെ രണ്ടു മാസത്തെ വാസം. ചെറിയ കുട്ടികളായതിനാൽ തന്നെ ഞങ്ങൾക്ക് കിട്ടിയിരുന്നത് ചെറിയ പണികളാണ്. രാവിലെ നേരത്തെ അമ്പലക്കുളത്തിൽ ചെന്ന് കുളിച്ചു തൊഴുതു വന്നു കഴിഞ്ഞാൽ കിഴക്കേ മുറ്റത്തുള്ള പാമ്പിൻ കാവിലും തോപ്പിലേക്ക് പോവുന്ന വഴികളിലും വീണ് കിടക്കുന്ന അറളിപ്പൂവ് പെറുക്കുക, സ്വർണ്ണലരിയുടെ പൂവ് പൊട്ടിച്ചു വരിക എന്നിവയാണ്.
നമ്പോർ കാവ്, പരക്കാട്ട് അമ്പലത്തിനേക്കാൾ നടവരവും ഭക്തരുമെത്തുന്ന ഭഗവതി ക്ഷേത്രമാണ്. അത് കൊണ്ട് തന്നെ അവിടെ കഴകം ചെയ്ത് വരുന്ന മാലുചിറ്റയുടെ കയ്യിൽ മിക്കവാറും ദിവസങ്ങളിൽ പണപ്പായസത്തിന്റെ ഒരു ഓഹരി ഉണ്ടാവും. എന്നും ഇത് കഴിക്കുന്ന ഷാരത്തെ കുട്ടികൾക്ക് അതിലൊന്നും വലിയ താല്പര്യമില്ല. പക്ഷെ ഞങ്ങൾക്ക് അന്ന് അത് അമൃതായിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാനും ശശിയുമാണ് അത് കഴിച്ചു തീർക്കുക.
അക്കൊല്ലത്തെ വിഷു പരക്കാട്ട് ആയിരുന്നു. ഷാരത്തെ കണി കണ്ടു കഴിഞ്ഞാൽ അമ്പലത്തിൽ പോയി കണി കാണും. പിന്നെ മൂത്തമ്മാമാനിൽ നിന്നും വിഷുക്കൈനീട്ടം. നാലണയാണ് മൂത്തമ്മാവന്റെ വിഷുക്കേട്ടം. കുന്നത്തങ്ങാടിയിൽ പലചരക്ക് കട നടത്തുന്ന പാച്ചുമ്മാവന്റെ കൈയിൽ നിന്നും എട്ടണ.
പാച്ചുമ്മാവൻ അച്ഛന്റെ വേറൊരു ചിറ്റമ്മയുടെ മകനാണ്. മുഖത്ത് ഗാംഭീര്യം തുടിച്ചു നിൽക്കുന്ന കർക്കശക്കാരൻ. ആ മുഖത്ത് ചിരി കാണില്ല. ഞങ്ങൾ കുട്ടികൾക്കൊക്കെ വലിയ പേടിയാണ് മൂപ്പരെ. കല്യാണം കഴിച്ചിരിക്കുന്നത് മൂത്തമ്മാവന്റെ മകളായ മീനുവമ്മയെ, വാത്തിയിൽ എന്ന നായർ തറവാട്ടിൽ നിന്നുമാണ്. അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്തുള്ള തരിശിന്റെ മേൽഭാഗത്തായി ഒരു വീട് വെച്ച് അവിടെയാണ് അദ്ദേഹം സകുടുബം താമസിക്കുന്നത്. അവിടെ നിന്നും രാവിലെ നേരത്തെ വന്ന് കുളിയും തൊഴലും, കാപ്പി കുടിയും കഴിഞ്ഞാൽ 9 മണിയോടെ കുന്നത്തങ്ങാടിയിലെ പീടികയിലേക്ക് പോവും. വീണ്ടും 12-1/2 യോടെ ഊണ് കഴിക്കാനെത്തി, അത് കഴിഞ്ഞു ഒന്ന് വിശ്രമിച്ച് കാപ്പിയും കുടിച്ച് വീണ്ടും 3 മണിയോടെ കടയിലേക്ക് പോയാൽ പിന്നെ പിറ്റേന്ന് രാവിലെയേ വരൂ.
അദ്ദേഹം വീട്ടിലെത്തിയാൽ പിന്നെ കുട്ടികളുടെ ശബ്ദം ആ വീട്ടിൽ കേൾക്കില്ല. വൈകീട്ട് അദ്ദേഹത്തിനുള്ള അത്താഴം ഒരു സ്റ്റീൽ ചോറ്റു പാത്രത്തിലാക്കി ഒരു വാഴയിലയടക്കം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കണം. വെക്കേഷൻ കാലത്ത് ആ ഡ്യൂട്ടി ഞങ്ങളുടെതാണ്.
ഞങ്ങൾ താമസിക്കുന്ന ചെറുകരയെ അപേക്ഷിച്ച് പരക്കാട്ട് തൃശൂർ നഗരത്തിൽ നിന്നും അകലെയല്ലാത്തതിനാൽ തന്നെ അവിടെ വൈദ്യുതി വളരെ മുമ്പേ എത്തിയിട്ടുണ്ട്. വൈദ്യുതി വിളക്കുകളും സ്വിച്ചുകളും അന്ന് ഞങ്ങൾക്ക് പുതുമയാണ്. അത്തരം സ്വിച്ചുകൾ അമർത്തി ആവശ്യത്തിനും അനാവശ്യത്തിനും ലൈറ്റ് ഇട്ട് ഞങ്ങളുടെ കൈത്തരിപ്പ് തീർക്കും. ഇടക്ക് ചെറിയ ഷോക്ക് ചികിത്സകൾ ലഭിക്കും. അവിടിയെത്തിയാൽ വൈകുന്നേരങ്ങളിൽ കമ്പി റാന്തലുകൾ തുടച്ചു വൃത്തിയാക്കേണ്ട, മൂട്ട വിളക്കുകളിൽ എണ്ണ ഒഴിച്ചു തിരിയിട്ടു നേരെയാക്കേണ്ട പണികളില്ല. സന്ധ്യയായാൽ സ്വിച്ചിട്ട് വെളിച്ചം വരുത്താം.
ആദ്യമായി തൃശൂർ ഭാഷയുടെ നീട്ടലും കുറുക്കലും അറിഞ്ഞ വർഷം. കശുമാങ്ങയുടെ രുചിഭേദങ്ങൾ അറിഞ്ഞാസ്വദിച്ച ഒരു വേനൽ. ആ വർഷവും തൃശൂർ പൂരത്തിന് അച്ഛൻ ഞങ്ങളെ കൊണ്ട് പോയി.
വര: ശശി
തുടരും...
No comments:
Post a Comment