Sunday, July 25, 2021

ഓർമ്മച്ചിത്രങ്ങൾ ( 19 )

ഷാരസ്യാർ ടീച്ചറുടെ 5-Bയിൽ ലീഡർ  ഞാനായിരുന്നു എന്നാണ് ഓർമ്മ. ഷാരസ്യാർ ടീച്ചറെന്ന   പാപ്പിക്കുട്ടി ഓപ്പോൾ എൻറെ മുത്തശ്ശൻറെ തറവാടായ  ചെറുകര പിഷാരത്തെ  ഒരു താവഴിയിലെ കുടുംബാംഗമാണ്. ഞങ്ങളുടെ വീടിനപ്പുറമുള്ള തെക്കേ പത്തായപ്പുരക്കുമപ്പുറമാണ് ഷാരസ്യാർ ടീച്ചറുടെ വീടായ രാജമന്ദിരം. എൻറെ അമ്മയെയും പഠിപ്പിച്ച ടീച്ചറാണ് ഷാരസ്യാർ ടീച്ചർ.

സ്നേഹമയിയും വാത്സല്യനിധിയുമാണ് ടീച്ചർ. പക്ഷെ അതൊന്നും അന്നത്തെ ടീച്ചറുടെ പെരുമാറ്റങ്ങളിലോ, പ്രവൃത്തികളിലോ പ്രകടമായിരുന്നില്ല. എന്നാൽ, പിൽക്കാലത്ത്  ആ സ്നേഹവും വാത്സല്യവും  വേണ്ടുവോളം അറിയുവാനും അനുഭവിക്കുവാനും ഇടയായിട്ടുണ്ട്. ക്‌ളാസിൽ മറ്റു കുട്ടികളെ അപേക്ഷിച്ച് പ്രത്യേകിച്ച് ഒരു പരിഗണനയും ടീച്ചർ തന്നിരുന്നില്ല. 

സ്നേഹനിധികളായ നമ്മുടെ ഉറ്റവരുടെ, പൊതുമദ്ധ്യത്തിലെ നമ്മോടുള്ള  പ്രത്യേക പരിഗണന അക്കാലത്ത് പലപ്പോഴും എനിക്ക് അലോസരമാണ് സൃഷ്ടിക്കാറുള്ളത്. അത് കൊണ്ട് തന്നെ ടീച്ചറിൽ നിന്നും അത്തരത്തിലൊരു പരിഗണന ഇല്ലാത്തത് എനിക്കിഷ്ടവുമായിരുന്നു. അതിനാൽ തന്നെ തന്നെ ടീച്ചറുടെ ബന്ധു എന്ന പഴിയൊന്നും ക്‌ളാസിലെ മറ്റു കുട്ടികളിൽ നിന്നും കേൾക്കേണ്ടി വന്നില്ല. മിക്കവാറും ദിവസങ്ങളിൽ വീട്ടിലെ പ്രഭാതത്തിലെ തിരക്കുകൾ കഴിഞ്ഞു ടീച്ചർ കയ്യും വീശി  ഓടിക്കിതച്ചെത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരിക്കും. അതിനു മുമ്പായി ബോർഡ് വൃത്തിയാക്കി, ബോർഡിൻറെ മുകളിലെ വലത് മൂലക്കായി ക്ലാസും ഡിവിഷനും താഴെ സ്ട്രെങ്തും എഴുതണം. അതൊക്കെ ലീഡറുടെ പണികളാണ്.    സയൻസും സാമൂഹ്യ പാഠവുമായിരുന്നു ടീച്ചറുടെ വിഷയങ്ങൾ. കണക്കിന് വാരസ്യാർ ടീച്ചർ. ഹിന്ദിക്ക് പ്രഭാവതി ടീച്ചർ എന്നിങ്ങനെ ഓരോ പീരീഡ് തോറും അദ്ധ്യാപകർ മാറി വരും.  

ദേവരാജൻ മാഷെന്ന "കുട്ടി മാഷ്" ചെറുകര സ്‌കൂളിൽ ചേരുന്നത് ആ വർഷമാണ്. കുട്ടി മാഷെ കുട്ടികൾക്കെല്ലാം വളരെ പെട്ടെന്ന് ഇഷ്ടമായി ത്തുടങ്ങി. ഞങ്ങൾക്ക് മലയാളം പഠിപ്പിക്കാനാണ് മാഷ് എത്തിയിരുന്നത്.

മറ്റു സ്‌കൂളുകളിൽ നിന്നും എത്തിയ കുട്ടികളുടെ കൂട്ടത്തിൽ റെയിൽവേ ജീവനക്കാരന്റെ മകളായ, ക്ലാസിലെ മറ്റു പെൺകുട്ടികളെ അപേക്ഷിച്ച് നന്നേ ചെറുതായ ഒരു കുഞ്ഞുടുപ്പുകാരിയും എത്തിച്ചേർന്നു. ആൺകുട്ടികളുടെ ഭാഗത്തു നിന്നും ഈയുള്ളവനും പെൺകുട്ടികളുടെ ഭാഗത്തു നിന്നും ആ കൊച്ചുമിടുക്കിയും മിക്കവാറും  ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു തുടങ്ങി.  കുറച്ചു ദിവസങ്ങൾക്കകം ക്‌ളാസിലെ പഠിക്കുന്ന കുട്ടികളുടെ പട്ടികയിൽ അവളുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. പഠനത്തിൽ പൊതുവെ പുറകിലായ, എന്നാൽ വിക്രസുകളിൽ ഒന്നാമന്മാരായ ചിലർ അതിന് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തി. ഞാൻ അവളെ നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ നല്ല ജോടികളാണെന്ന് പറഞ്ഞു കളിയാക്കി. ആണ്-പെൺ ഭേദത്തെക്കുറിച്ചോ,  പ്രണയമെന്തെന്നോ പോലും അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത ആ പ്രായത്തിൽ  അങ്ങിനെ ജീവിതത്തിലാദ്യമായി എനിക്കൊരു പ്രേമമുണ്ടെന്ന് അവർ പറഞ്ഞു പരത്തി. ഞാനാകട്ടെ ഈ കളിയാക്കലുകളെ നേരിടാനാവാതെ അവളെ വെറുത്തു തുടങ്ങി. അവളിരിക്കുന്ന ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതായി.

പെണ്ണുങ്ങളെപ്പോലെ ദുഃഖിച്ചിരിക്കാതെ തിണ്ണമെടുത്തു... എന്ന പദ്യത്തിലെ  കൊണ്ടൽ നേർവർണ്ണന്റെ വചനങ്ങളൊന്നും എൻറെ സഹായത്തിനെത്തിയില്ല. എന്റെ ഈ വൈക്ലഭ്യം എന്നെ കളിയാക്കിയവർക്ക് കൂടുതൽ കളിയാക്കാൻ പ്രേരണയായി.

ആയിടെ ഞാൻ വേറൊരു കളിയാക്കലിനു കൂടി പാത്രമായി. ക്‌ളാസിൽ മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന അവസരത്തിൽ അവയുടെ ശരീരത്തിൽ നിറയെ ശൽക്കങ്ങളാണെന്നു പഠിപ്പിച്ചു. വരണ്ടുണങ്ങിയ ദേഹ പ്രകൃതമുള്ള എൻറെ കാലുകളിൽ ഏതാണ്ട് അവക്ക് സമാനമായ മൊളിയുടെ അടയാളങ്ങളുള്ളതിനാൽ, എന്തിനുമേതിനും  ഇത്തരം ഉപമകൾ കണ്ടെത്തുന്ന വിദഗ്ദ്ധ സംഘം ശൽക്കം എന്ന് വിളിച്ച് എന്നെ കളിയാക്കി തുടങ്ങി. തുടക്കത്തിൽ അത് ഒന്നോ രണ്ടോ വിരുതന്മാരിൽ നിന്നാണ് പുറപ്പെട്ടതെങ്കിലും, പതുക്കെപ്പതുക്കെ എന്നെ വീര്യം പിടിപ്പിക്കാൻ പലരും അങ്ങിനെ വിളിച്ചു തുടങ്ങി. മാനസികമായോ വാക് ചാതുരിയാലോ ഇത്തരം കളിയാക്കലുകളെ നേരിടാനുള്ള കരുത്തില്ലാതെ ഞാൻ പലപ്പോഴും സ്‌കൂളിനെ തന്നെ വെറുത്തു തുടങ്ങി. എങ്ങിനെയെങ്കിലും ഈ സ്‌കൂളിൽ നിന്നും ഒന്ന് രക്ഷപ്പെട്ട് പോയാൽ മതിയെന്ന ചിന്ത മനസ്സിനെ മഥിച്ചു തുടങ്ങിയ കാലം.

തുടരും....

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...