Sunday, January 9, 2022

ഓർമ്മച്ചിത്രങ്ങൾ ( 46)



ഏകാദശിയും ആരവവുമടങ്ങി. സ്‌കൂളിൽ  ഗോപാലൻ മാഷുടെ ഇംഗ്ലീഷ് ക്‌ളാസുകളും,  രാജൻ മാഷുടെ ഫിസിക്‌സും, ലളിത ടീച്ചറുടെ മലയാളവും ഇഷ്ടപ്പെട്ടു തുടങ്ങി. 

ജനനീ ജന്മ ഭൂമിശ്ച സ്വർഗ്ഗാതപ  ഗരീയസി.. മലയാളം ക്‌ളാസിൽ ലളിത ടീച്ചർ  ദേശാഭിമാനത്തെ കുറിച്ചുള്ള പാഠം പഠിപ്പിച്ചു തുടങ്ങി.   അമ്മയെയും ചെറുകരയെയും വിട്ടു നിന്ന്, പുതിയ സാഹചര്യങ്ങളുമായി പതുക്കെ പൊരുത്തപ്പെട്ടു തുടങ്ങിയ എന്നെ,  ആ വാക്യത്തിന്റെ അർത്ഥം  വീണ്ടും നോവിച്ചു.


സതീർത്ഥ്യസ്നേഹത്തെക്കുറിച്ചുള്ള മറ്റൊരു പദ്യശകലത്തിലെ വരികൾ, പക്ഷെ  എനിക്ക് ധൈര്യം പകർന്നു.  എന്തുകൊണ്ടോ ശൗരി കണ്ണൂനീരണിഞ്ഞു; ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.. അതെ ആ പേരുള്ള താൻ  കരയരുത്.


പിരിയാൻ ഒരു വർഷം കൂടി മാത്രം ബാക്കിയുള്ള രാമൻ കുട്ടി മാഷ് ആണ് ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്നത്. മാഷ് ക്‌ളാസിലെത്തിയാൽ പിന്നെ അതൊരു ക്‌ളാസ് അല്ലാതായി മാറും. പൊക്കം കുറഞ്ഞു, തടിച്ച ആ വയോധികൻ വന്ന പടി നേരെ കസേരയിൽ ചമ്രം പടിഞ്ഞിരിക്കും. തന്റെ ദുർബല ശബ്ദത്തിൽ ക്‌ളാസെടുക്കാൻ തുടങ്ങുമ്പോഴേക്കും ഓരോ വിരുതന്മാർ എന്തെങ്കിലും കുസൃതിച്ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കും. അത് പിന്നീട് ഒരു ചന്തക്കോലാഹലത്തോളമെത്തും. നിങ്ങളൊന്നും നേരെയാവില്ലെന്ന് പറഞ്ഞു, പതുക്കെ ക്‌ളാസ് മതിയാക്കി അദ്ദേഹം പതുക്കെ ഉറക്കത്തിലേക്ക് കടക്കും..


കുട്ടികളൊന്നടങ്കം ഇഷ്ടപ്പെട്ടിരുന്നത് പട്ടാളം സാറെന്ന് വിളിച്ചിരുന്ന ശിവശങ്കരൻ മാഷുടെ സാമൂഹ്യപാഠം ക്‌ളാസുകളായിരുന്നു. ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയം. ചരിത്രം പഠിപ്പിച്ചിരുന്നത് പലപ്പോഴും കഥകളിലൂടെയായിരുന്നു. ഒരു മുൻ പട്ടാളക്കാരനായിരുന്ന അദ്ദേഹത്തിന്റെ ക്‌ളാസിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു. ടൈം ടേബിൾ പ്രകാരമുള്ള പീരിയഡുകൾക്കപ്പുറം ഫ്രീ പീരിയഡുകളിലും  എത്തുന്ന അദ്ദേഹത്തിനോട് ഞങ്ങൾ കഥ പറയാൻ ആവശ്യപ്പെടും, അദ്ദേഹമത് സന്തോഷപൂർവ്വം ഏറ്റെടുത്ത് തൻറെ  കഥന പാടവം  മുഴുവൻ സന്നിവേശിപ്പിച്ച് പഴയ രജപുത്ര വീര ധീര കഥകൾ ഞങ്ങൾക്കായി ഉരുക്കഴിക്കും..


റാണാ പ്രതാപ് സിംഗിന്റെ വീര ശൂര പരാക്രമങ്ങളും, ചേതക് കുതിരയെപ്പറ്റിയുള്ള കഥകളും, പൃഥ്വിരാജ് ചൗഹാൻറെ കഥകളും അങ്ങിനെ കേട്ടവയാണ്.

കഥകൾ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് ഇഷ്ടപ്പെട്ട ഒരു നോവലായിരുന്നു ആ വർഷം ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് ആയി പഠിക്കാനുണ്ടായിരുന്നത്. മാർക്ക് ട്വൈൻന്റെ 1884 ൽ പ്രസിദ്ധീകരിച്ച   The Adventures of Huckleberry Finn എന്ന വിഖ്യാത നോവലിന്റെ സംക്ഷിപ്ത രൂപം.  മിസിസിപ്പി നദിയിലൂടെ ഹക്കും ജിമ്മും നടത്തുന്ന യാത്ര എന്നെ ഏറെ ത്രസിപ്പിച്ചു. തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കായി കനോലി കനാലിലൂടെ അന്ന് കാലത്ത് അനേകം കെട്ടുവള്ളങ്ങൾ ചരക്കുകളുമായി പോവുമായിരുന്നു. കഥയിൽ ഹക്ക് യാത്ര ചെയ്യുന്നത് ചെറിയ തോണിയിലും പിന്നീട് റാഫ്റ്റിലും ആണെങ്കിലും എൻറെ മനോരാജ്യങ്ങളിൽ ഞാൻ ഇത്തരം കെട്ടുവള്ളങ്ങളിൽ പേരറിയാത്ത നാടുകളിലൂടെ തുഴഞ്ഞു പോവുന്നതായി സങ്കല്പിക്കും. 


നവംബർ ഡിസംബർ ആകുന്നതോടെ  വൈകുന്നേരത്തെ കുളി പുത്തൻ കുളത്തിൽ നിന്നും പുഴയിലേക്ക് മാറ്റും. വർഷക്കാലത്ത് കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ അതോടെ ശാന്തമാവും.   പുഴയിൽ  ബണ്ട് തുറന്ന് ഉപ്പ് വെള്ളം കലരുന്നതിന് മുമ്പായി വെള്ളം കുറയുന്ന കാലത്ത് പുഴയിലെ കുളി രസകരമാണ്. കടവിനപ്പുറമുള്ള ബോട്ട് ചാലിനുമപ്പുറം മണൽ വന്നടിഞ്ഞ്  ആഴം കുറയുമ്പോൾ അവിടേക്ക് നീന്തിപ്പോയി നന്ദേട്ടനും, രാമചന്ദ്രനും  കൂട്ടരുമൊത്ത് തൊട്ട് കളിക്കും. ഒഴുക്ക് തീരെക്കുറയുന്ന അക്കാലത്ത് ഇക്കരെ നിന്നും അക്കരേക്ക് നീന്തിക്കളിക്കും. രാജകീയ പ്രൗഢിയോടെ അങ്ങോട്ടുമിങ്ങോട്ടും നിറയെ ചരക്കുമായി പോവുന്ന കെട്ടുവള്ളങ്ങളെയും അതിലെ തുഴക്കാരുടെ നീണ്ട തുഴ കുത്തിയുള്ള  താളാത്മകമായ വഞ്ചികുത്തും കൗതുകത്തോടെ അടുത്തു നിന്ന് വീക്ഷിക്കും.


രാമചന്ദ്രൻ അന്ന് നാലാം ക്‌ളാസിലാണ്. മേൽതൃക്കോവിൽ ക്ഷേത്രത്തിനടുത്തുള്ള എസ്.എൻ.ഡി.പി എൽ പി സ്‌കൂളിലാണ് പഠിക്കുന്നത്. തുളസി ചേച്ചിയുടെ മകൻ ജയൻ അവിടെ തന്നെ ഒന്നാം ക്‌ളാസിലും. ദേവി പെരിങ്ങോട്ടുകര സെറാഫിക് കോൺവെന്റിൽ എട്ടിലും രാജേശ്വരി ശ്രീവിലാസ് ഗേൾസ് യു പി സ്‌കൂളിൽ രണ്ടിലും.


രണ്ടാം ക്‌ളാസ്-കാരി   രാജേശ്വരിയുടെ പഠനം അമ്മയുടെ മേൽനോട്ടത്തിൽ വടക്കുപുറത്താണ്. കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും പാഠമായ മടിയൻ മണ്ണ് തിന്നും, പവിഴം, ഞങ്ങളുടെ നന്ദിനി, കുട്ടനും മുട്ടനും, എന്റെ കൈസർ എന്നീ പാഠങ്ങൾ അവൾ അവളുടേതായ ഈണത്തിൽ വായിക്കും. അങ്ങിനെ ഞങ്ങൾ അവൾക്കൊരു പേരിട്ടു, കോഴിയമ്മ..


രാഘവമ്മാവൻ അന്ന് മദിരാശിയിലാണ് ജോലി ചെയ്യുന്നത്. രണ്ടോ മൂന്നോ മാസം കൂടുമ്പോഴോ അല്ലെങ്കിൽ ഓണം വിഷു, ഏകാദശി തുടങ്ങിയ വിശേഷാവസരങ്ങളിലോ മാത്രമേ അദ്ദേഹം നാട്ടിലേക്ക് വരികയുള്ളു. കൽക്കട്ട കെമിക്കൽ എന്ന ഫർമസ്യുട്ടിക്കൽ കമ്പനിയിൽ സെയിൽസ് മാനേജരായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഓരോ വരവിലും ഇഷ്ടം പോലെ മാർഗ്ഗോ സോപ്പും നീം ടൂത്ത്  പെയ്സ്റ്റും ലാവൻഡർ പൗഡറും കൊണ്ടു വരും. കൂടാതെ പലപ്പോഴും ഏതെങ്കിലും ഒരു ടൂർ കഴിഞ്ഞാവും വരവ്. ആ വരവുകളിൽ ടിന്നുകൾ നിറയെ കൈ മുറുക്കുകളും ഊട്ടിയിലെ ടൂർ കഴിഞ്ഞെത്തുന്ന അവസരങ്ങളിൽ ഇഷ്ടം പോലെ സബർജിൽ,  പ്ലം തുടങ്ങിയ കേരളത്തിൽ പൊതുവെ ലഭിക്കാത്ത, ഞാനന്നെവരെ രുചിച്ചിട്ടില്ലാത്ത പല  പഴങ്ങളും കൊണ്ടു വരും. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരവിനായി കുട്ടികളായ ഞങ്ങൾ കാത്തിരിക്കും…


തുടരും...


Sunday, January 2, 2022

ഓർമ്മച്ചിത്രങ്ങൾ ( 45)


സ്‌കൂളിലെ കാര്യങ്ങളുമായി ഒത്തുപോവാൻ വിഷമം നേരിട്ടെങ്കിലും തൃപ്രയാറിലെ വാസം എനിക്ക് യാതൊരു വൈഷമ്യങ്ങളും തന്നിരുന്നില്ലെന്നതാണ് വാസ്തവം. വീട് മാറി, അമ്മയെ വിട്ട് നിൽക്കുന്നവൻ എന്ന നിലക്ക് തന്നെ ഒരു പ്രത്യേക പരിഗണന തുടക്കത്തിൽ എനിക്ക് ലഭിച്ചിരുന്നു. 


ഷാരത്തെ ചിട്ടവട്ടങ്ങളുമായി ഞാൻ പെട്ടെന്നിണങ്ങി. രാവിലെ അഞ്ചേ മുക്കാലിന് എണീക്കണം.  മിക്കവാറും നാരായണിയമ്മയാണ് വിളിച്ചുണർത്തുക. ചെറുകരയെ അപേക്ഷിച്ച് തൃപ്രയാറിൽ രാവിലെ ബെഡ് കോഫി എന്നൊരു പരിപാടിയില്ല. ആ മാറ്റങ്ങളൊന്നും എന്നെ ഒട്ടും വിഷമിപ്പിച്ചിരുന്നില്ല.   ഉണർന്നെണീറ്റ് കുളിച്ച് അമ്പലത്തിൽ പോയി തൊഴുതു വരണം. അന്ന് തൃപ്രയാർ  പടിഞ്ഞാറേ ഷാരത്ത് തറവാട്ടിൽ കാര്യമായ കഴകപ്പണികളൊന്നുമില്ലായിരുന്നു. തൃപ്രയാർ അമ്പലത്തിലെ കഴകം നടത്തിയിരുന്നത് ഭാഗം പിരിഞ്ഞു വേറെ താമസിച്ചിരുന്ന ബന്ധുക്കളായിരുന്നു. കുറച്ച് ദൂരെയുള്ള ഒരു ചെറിയ ശിവക്ഷേത്രത്തിൽ,  മേൽതൃക്കോവിൽ ക്ഷേത്രത്തിൽ മാത്രം കഴകമുണ്ട്. അത് നടത്തുന്നതാവട്ടെ, രാഘവമ്മാവന്റെ ചിറ്റമ്മ ഇച്ചുക്കുട്ടിയമ്മ എന്ന് ഞങ്ങളെല്ലാവരും വിളിക്കുന്ന  ഏകദേശം 70 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയും.   രാവിലെയും വൈകീട്ടും ഓരോ മാല എത്തിക്കുക എന്നതിനപ്പുറം പ്രത്യേകിച്ച് പണികളൊന്നുമില്ല. പക്ഷെ ഇച്ചുക്കുട്ടിയമ്മ ദിവസേന രാവിലെ അഞ്ചുമണിക്ക് എണീറ്റ്, തലമുറകളായി ചെയ്തു വന്ന  കഴക പ്രവൃത്തിയുടെ തുടർച്ചയെന്നോണം   തൃപ്രയാറ്റപ്പന് ഒരു തിരുമുടി മാലയും വലിയൊരു മാലയും കെട്ടി കൊണ്ടുപോയിക്കൊടുക്കും. 


കുളിച്ചു തൊഴുത് വന്നു കഴിഞ്ഞാൽ പിന്നെ അന്നത്തെ ടൈം ടേബിൾ അനുസരിച്ച് കൊണ്ട് പോവേണ്ട പുസ്തകങ്ങൾ ഒക്കെ എടുത്തു വെച്ച്, വല്ലതും പഠിക്കാനുണ്ടെങ്കിൽ പഠിച്ചെന്ന് വരുത്തി ഇരിക്കുമ്പോഴേക്കും അമ്മിണി ഓപ്പോൾ രാവിലത്തെ കാപ്പി തയ്യാറാക്കി വിളിക്കും. അപ്പോഴേക്കും ഉമ്മറത്ത് സുരു നായരുടെ സൈക്കിൾ മണിയുടെ ശബ്ദം കേൾക്കാറാവും. അവിടെ മാതൃഭൂമി പത്രം വരുത്തുന്നുണ്ട്. പത്രം വായനയൊന്നും  ശീലമില്ലാതിരുന്ന ഞാൻ അങ്ങിനെ ആ ശീലം പതുക്കെ സ്വായത്തമാക്കിത്തുടങ്ങി. ആദ്യമൊക്കെ തലക്കെട്ടുകളിലും  സിനിമാ പരസ്യങ്ങളിലും മാത്രമൊതുങ്ങി നിന്ന വായന പതുക്കെ സ്പോർട്സ് പേജിലേക്കും ഉള്ളിലെ പേജുകളിലേക്കും വ്യാപിപ്പിച്ചു തുടങ്ങി.


തൃപ്രയാർ ഷാരത്ത് അന്ന്, ഞാൻ മുമ്പ് പരിചയപ്പെടുത്തിയവരെക്കൂടാതെ രാഘവമ്മാവന്റെ മരുമകൻ കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന ഗോപിയേട്ടന്റെ ഭാര്യ തുളസി ചേച്ചിയും, ജയൻ അംബിക എന്നിങ്ങനെ രണ്ടു മക്കളും കൂടിയുണ്ടായിരുന്നു. ജയന് അഞ്ചു വയസ്സും അംബികക്ക് ആറു മാസം  പ്രായവുമെ അന്നുള്ളൂ.


അക്കാലത്ത് ഷാരത്തെ രാവിലത്തെ പ്രാതൽ എന്നും ഇഡ്ഡലിയാണ്. അംഗസംഖ്യ കൂടുതലുള്ളത് കാരണം തന്നെ മറ്റു പലഹാരങ്ങളൊന്നും ശനി, ഞായർ ദിവസങ്ങളിലൊഴികെ പതിവില്ല. ഓരോ തെങ്ങു കയറ്റത്തിലും കിട്ടുന്ന തെരവ്  തേങ്ങകൾ  സുലഭമായതിനാൽ തന്നെ കൂടെ തേങ്ങാചട്ടിണിയും മുക്കിക്കുടിക്കാൻ പാകത്തിലുണ്ടാവും. ഭക്ഷണ കാര്യത്തിൽ തൃപ്രയാർ അന്ന് സമൃദ്ധമാണ്. ഏകദേശം 10 കിലോമീറ്റർ അകലെക്കിടക്കുന്ന പുള്ളിൽ ഒന്നര ഏക്കറോളം വരുന്ന കൃഷിഭൂമിയുണ്ട്, അവിടെ രണ്ട് പൂവ് കൃഷിയിറക്കാറുണ്ട്. അത് കൊണ്ട് തന്നെ വർഷം മുഴുവനും നല്ല കുത്തരിച്ചോറ് അനുഭവിക്കാനുള്ള ഭാഗ്യവുമുണ്ടായിരുന്നു.


അക്കാലത്ത്  ഇംഗ്ലീഷ് പഠിക്കാൻ നന്ദേട്ടന്റെ ക്‌ളാസിലെ ചില കുട്ടികൾ കൃഷ്ണമ്മാവന്റെ അടുത്ത് വരുമായിരുന്നു.  മലയാളം പണ്ഡിറ്റ് ആണെങ്കിലും കൃഷ്ണമ്മാവനു  ഇംഗ്ലീഷിലും നല്ല അവഗാഹമാണ്. ഇംഗ്ലീഷിൽ വലിയ മെച്ചം പോരാതിരുന്ന എനിക്കും  അമ്മിണി ഓപ്പോളുടെ നിർബന്ധത്തിന് വഴങ്ങി    ഒന്ന് രണ്ടു മാസം അദ്ദേഹത്തിന്റെ അടുത്തു നിന്നും  ട്യൂഷൻ  പഠിക്കേണ്ടി വന്നു.


ആദ്യത്തെ ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ എന്റെ ആംഗലേയ പരിജ്ഞാനത്തെക്കുറിച്ച് അദ്ദേഹത്തിന് പൂർണ്ണ ബോദ്ധ്യമായി. മുന്നിലിരിക്കുന്ന വിദ്യാർത്ഥി അദ്ദേഹം മനസ്സിൽക്കണ്ട നിലവാരത്തിലുള്ള ആളല്ല എങ്കിൽ പിന്നെ ദയാദാക്ഷിണ്യമില്ലാത്ത  ശകാരവർഷം കൊണ്ട് അവനെ കൂടുതൽ തളർത്തുന്ന ഒരു രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എന്തു കൊണ്ടോ, എനിക്കതിനോട് യോജിക്കാനാവാതെ ഒന്ന് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ അതിൽ നിന്നും രക്ഷനേടിപ്പോന്നു. ഒരേ വീട്ടിലാണ് താമസമെങ്കിലും പിന്നീടുള്ള ആറുമാസക്കാലമെങ്കിലും  അദ്ദേഹത്തിന്റെ മുമ്പിൽ പോവാൻ ഭയമായിരുന്നു. മഹാ പണ്ഡിതനെങ്കിലും വിദ്യാർത്ഥിയെ അറിഞ്ഞു വിദ്യ നൽകാൻ അദ്ദേഹത്തിന് കഴിയാതെ പോയി.


ആദ്യ കാൽക്കൊല്ല പരീക്ഷ കഴിഞ്ഞു. മാർക്ക് കുറയുമോ എന്ന് പേടിച്ചെങ്കിലും ഒരു വിധം മാർക്കോടെ എല്ലാത്തിലും പാസായി.  മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഓണപ്പൂട്ടലിനു കണ്ണനിവാസിലെത്തി.  ചെറുകരയിലെത്തിയ എൻറെ സംഭാഷണ ശൈലിക്ക് തൃശൂർ ഭാഷയുടെ മണമടിച്ചു തുടങ്ങിയെന്ന് അയൽക്കാരും മറ്റും കളിയാക്കി തുടങ്ങി.


വീണ്ടും തിരിച്ച് തൃപ്രയാറിൽ. അക്കൊല്ലമാണ് ആദ്യമായി തൃപ്രയാർ ഏകാദശി കാണുന്നത്. അച്ഛൻ പലവട്ടം പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കാണിച്ചു തന്നിട്ടുണ്ടെങ്കിലും ഏകാദശി ഉത്സവം ഇതാദ്യമായി കാണാൻ പോവുകയാണ്.  നന്ദേട്ടന്റെയും പ്രസാദിന്റെയും ഔത്സുക്യം നിറഞ്ഞ  സംഭാഷണങ്ങളിലൂടെ, അവർ കണ്ട മുൻ ഏകാദശി കാഴ്ചകളുടെയും അനുഭവങ്ങളുടെയും വിവരണങ്ങളിലൂടെ    ഞാനിന്നേ  വരെ അനുഭവിച്ചിട്ടില്ലാത്ത  ഏകാദശിയെ അറിയാനായി വെമ്പൽ കൊണ്ടു.


ഒരു മാസം മുമ്പ് തുടങ്ങുന്ന നിറമാല, ഒരാഴ്ച മുമ്പ് തുടങ്ങുന്ന കലാപരിപാടികൾ എന്നിങ്ങനെ എല്ലാം എനിക്ക് പുതുമയാണ്. ആദ്യ ദിനത്തിലെ കഥാപ്രസംഗം, പിന്നീടുള്ള ഓരോ പരിപാടികളും തിരക്കും ആദ്യമായി അനുഭവിക്കുകയാണ്.   ബാലെ എന്ന കലാരൂപം ആദ്യമായി കണ്ടു.  ക്ഷേത്രപരിസരത്ത് പൂഴിയിട്ടാൽ താഴെ വീഴാത്തത്ര ജനസമുദ്രം. സന്ധ്യക്ക്‌ മുമ്പേ മതിൽക്കെട്ടിലെ സ്റ്റേജിനു മുമ്പിലുള്ള മണലിൽ മറ്റു കുട്ടികൾക്കൊപ്പം സ്ഥാനം പിടിച്ചു. എരവിമംഗലം തൈപ്പൂയത്തിന് കാണുന്ന കഥകളിയെ അപേക്ഷിച്ച് മനസ്സിലാക്കാനെളുപ്പം, സ്റ്റേജിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള അവതരണം, എല്ലാം കണ്ട് അമ്പരന്നിരുന്നു. പക്ഷെ തിരക്ക് മാത്രം സഹിക്കാനാവുന്നില്ല. ഇരുന്നിടത്ത് നിന്നും അനങ്ങാനാവാത്ത തിരക്ക് മാത്രം ആ കാഴ്ചകൾക്ക് മേൽ നിഴൽ പരത്തി.


നവമി മുതൽ തൃപ്രയാർ ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ ഇരുവശവും  വഴിവാണിഭക്കാരെക്കൊണ്ടും പല വിനോദോപാധികളെക്കൊണ്ടും നിറയും. തൃശൂർ പൂരത്തിനും, വല്ലപ്പോഴും അങ്ങാടിപ്പുറം പൂരത്തിനും പോയിട്ടുണ്ടെങ്കിലും എഴുന്നള്ളിപ്പ് കാഴ്ചകൾക്കപ്പുറം പൂരത്തിൻറെ കൗതുകമുണർത്തുന്ന മറ്റു പല കാഴ്ചകളിലേക്കും ഇറങ്ങിച്ചെല്ലാൻ അവസരമുണ്ടായിട്ടില്ല. അവിടേക്കാണ്, അതൊക്കെ ആദ്യമായാനുഭവിക്കാനായാണ് പോവുന്നത്.   നന്ദേട്ടനാണ് എന്റെ വഴികാട്ടി. താൻ മുമ്പനുഭവിച്ച അത്തരം പൂരക്കാഴ്ചകൾ എന്നെക്കാണിക്കാൻ, എന്നെ വിസ്മയിപ്പിക്കാൻ തയ്യാറായി നിൽപ്പാണ് മൂപ്പർ. ഏകാദശിക്ക് കുട്ടികൾക്ക് പ്രത്യേക അലവൻസ് തന്നെയുണ്ട് തൃപ്രയാറിൽ. രാഘവമ്മാവൻന്റെ വകയും ഗോപിയേട്ടന്റെ വകയും പത്തു രൂപ വീതം ഓരോരുത്തർക്കും ലഭിക്കും. ജീവിതത്തിലാദ്യമായാണ് എനിക്കും അങ്ങിനെയൊരു ഫെസ്റ്റിവൽ അലവൻസ് ലഭിക്കുന്നത്. ഏതെല്ലാം കാഴ്ചകൾ കാണണം, എന്തെല്ലാം വാങ്ങിക്കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും നന്ദേട്ടനാണ്. ഇതിലൊന്നും മുൻ പരിചയമില്ലാത്ത ഞാനാവട്ടെ എനിക്ക് കിട്ടിയ പണം കൂടി ഏൽപ്പിച്ച്  മൂപ്പരെ അനുഗമിച്ചു കൊണ്ട് ഓരോന്നും ആസ്വദിച്ചു ഏകാദശിയെ ആദ്യമായി തൊട്ടറിഞ്ഞു…

തുടരും...

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...