Friday, May 27, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 4

 

കാശ്മീരിലെ നാലാം ദിനം പുലർന്നത് തലേ ദിവസത്തെ ബാക്കി മഴമേഘങ്ങളെ പ്രകൃതി  മേയാൻ വിട്ടത് കണ്ടു  കൊണ്ടാണ്. ജാലകത്തിലൂടെ കാണുന്ന പർവ്വതങ്ങൾക്ക് മേലെ പാറിക്കളിക്കുന്ന  ദേശീയ പതാകയെയും  മറച്ചു കൊണ്ട് ഒരു കരിമ്പടപ്പുതപ്പ് മെല്ലെ ഇഴഞ്ഞു നീങ്ങി. ഇന്നത്തെ ദിനം റൂമിലെ കരിമ്പടപ്പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കഴിഞ്ഞു പുറത്തെ  കാഴ്ചകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു അപ്പോൾ. 

ശ്രീനഗറിലെത്തിയിട്ട് ദിനം മൂന്നു കഴിഞ്ഞെങ്കിലും ശ്രീനഗറിനെ തൊട്ടറിഞ്ഞിട്ടില്ല. ശ്രീനഗറിന്റെ മുഖമുദ്രയായ ദാൽ ലേക് കണ്ടിട്ടില്ല. 

ജമ്മു കാശ്മീരിന്റെ വേനൽക്കാല രാജധാനിയാണ് ശ്രീനഗർ. 2019ലെ  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം  ഏകദേശം 15 മാസത്തോളം നീണ്ട അടച്ചിടലിനപ്പുറം 2021 ഫെബ്രുവരിയിലാണ് കാശ്മീർ വീണ്ടും തുറക്കുന്നത്. ഇന്ന് ശ്രീനഗറിലെ രാഷ്ട്രീയ അന്തരീക്ഷം   പൊതുവെ സമാധാന പരമാണ്. ഇപ്പോൾ ഇത്രയും കാലം അടച്ചിട്ട കാശ്മീർ കാണാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള  സഞ്ചാരികളുടെ   കുത്തൊഴുക്കാണ്. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും CRPFൻറെ സാന്നിദ്ധ്യമുണ്ട്. ഞങ്ങളുടെ ഹോട്ടൽ സ്ഥിതി ചെയ്യന്ന ഇന്ദ്ര നഗറിലാണ്  CRPF ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഓരോ ഊടുവഴികളിൽ പോലും സൈനിക വിന്യാസമുണ്ട്. 

ഇന്ന് ശ്രീനഗറിലെ കാഴ്ചകൾ കാണാനുള്ള ദിവസമാണ്. ദാൽ തടാകം, പൂന്തോട്ടങ്ങൾ, ഹസ്രത്ത്ബാൽ പള്ളി എന്നിവയുടെ കാഴ്ചക്കപ്പുറം  അത്യാവശ്യം ഷോപ്പിംഗ് നടത്തുക എന്നതൊക്കെയാണ്  ടൂർ ഓപ്പറേറ്റർ നൽകിയ യാതാപരിപാടി. ലോക്കൽ സൈറ്റ് സീയിങ് ആയതിനാൽ തന്നെ ഇന്ന് 9 മണിക്കേ ഹോട്ടലിൽ നിന്നും പുറപ്പെടുന്നുള്ളു. അതിനിടയിലാണ് ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴഭീഷണി തലയ്ക്കു മുകളിൽ കമ്പിളിപ്പുതപ്പ് വിരിച്ചിരിക്കുന്നത്.ഇന്നലത്തെ ഗുൽമാർഗ്ഗ് യാത്രക്ക്  ഞങ്ങളുടെ ടൂർ ഓപ്പറേറ്റർമാർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന പരാതി സംഘാംഗങ്ങളിൽ നിന്നുമുയർന്നു. രാവിലെ എട്ടരക്ക് തുടങ്ങുന്ന ഗോണ്ടോള റൈഡിനു തിരക്കാവുന്നതിന് മുമ്പേ അവിടെ എത്താൻ പാകത്തിൽ ഹോട്ടലിൽ നിന്നും നേരത്തെ കൊണ്ടു പോവാമായിരുന്നു എന്ന വാദം ന്യായമാണെന്ന് ബഹുഭൂരിപക്ഷവും സമ്മതിച്ചു. അങ്ങിനെയെങ്കിൽ ഞങ്ങൾക്ക് മഞ്ഞിൽ കളിക്കാനുള്ള ഒരു അവസരം തീർച്ചയായും ലഭിച്ചേനെ. മഞ്ഞിലെ കളിക്കു പകരം പ്രകൃതി ഞങ്ങൾക്ക് ഒരുക്കിത്തന്നത് ആലിപ്പഴ മഴയിലെ കളിയായിരുന്നുവെന്ന് മാത്രം. 

ഹോട്ടലിനു മുമ്പിലെ ചെറിയ ഉദ്യാനത്തിൽ ഒന്നു രണ്ടു ചെറിയ  ആപ്പിൾ മരങ്ങളും മാതളനാരകവും ഉണ്ട്. ആപ്പിൾ പൂവിട്ട് കായ പിടിച്ചു വരുന്നതേയുള്ളൂ. ആഗസ്ത്-സെപ്തംബറോടെയേ അവ പഴുത്തു തുടങ്ങൂ. ആ ചെടികളെയൊക്കെ അടുത്ത്  കണ്ട് എല്ലാവരും ചേർന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയും മറ്റും എടുത്തു ഞങ്ങൾ പ്രസിദ്ധമായ ദാൽ തടാകം ലക്ഷ്യമാക്കി യാത്രയായി. ഹോട്ടലിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരെയായായാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. പൗരാണിക  ഗ്രന്ഥങ്ങളിൽ  മഹാസരിത് എന്നാണ് ഈ തടാകത്തെക്കുറിച്ച് പറയുന്നത്. 

ശ്രീനഗറിന്റെ രത്‌നം എന്നാണ് സഞ്ചാരികള്‍ ഈ തടാകത്തെ വിളിക്കുന്നത്. ഗാർഗിബാൽ, ലോകുത്, ബോദ്, നാഗിൻ എന്നിങ്ങനെയുള്ള നാല് തടാകങ്ങൾ കൂട്ടിച്ചേർന്നതാണ് ഏകദേശം 18 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ദാൽ(ദാൽ എന്നാൽ കാശ്മീരി ഭാഷയിൽ തടാകം എന്നർത്ഥം). തടാകത്തിന്റെ ഉൾവശങ്ങളിൽ ജലത്തിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഹൌസ് ബോട്ടുകൾക്ക് ഏറെ പ്രസിദ്ധമാണ് ദാൽ. കേരളത്തിലെ ഹൌസ് ബോട്ടുകളെപ്പോലെ അവ ഒഴുകി നടക്കുന്നില്ല. പകരം തടാകത്തിൽ മുഴുവൻ ഷിക്കാര എന്ന ഭംഗിയുള്ള  ചെറു ബോട്ടുകൾ സുലഭമാണ്.  ആ ഷിക്കാരയിൽ ഒരു യാത്രക്കാണ് ഞങ്ങളെ ആദ്യമായി കൊണ്ട് പോയത്. 

ലോകത്തിലെ ഏക ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കാണണം, അവിടെപ്പോയി ഓരോ പോസ്റ്റ് കാർഡ് വേണ്ടപ്പെട്ടവർക്ക് അയക്കണം  എന്ന് ഞങ്ങൾക്കിടയിലെ   പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻറ്മാർ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അതനുസരിച്ച് തടാകത്തിന്റെ ഘാട്ട് നമ്പര്‍ 14നും 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസിലേക്ക് ഞങ്ങളെത്തി. തടാകക്കരയിൽ ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.  മഹിളാ പ്രധാൻ ഏജൻറ്മാർ എല്ലാവരും അവിടെപ്പോയി സ്മാരക പോസ്റ്റ് കാർഡുകൾ പോസ്റ്റ് ചെയ്ത് ഹർഷ പുളകിതരായി തിരിച്ചു വന്ന് ഷിക്കാരാ യാത്രക്കായി മറ്റൊരു ഘാട്ട്(ജെട്ടി)  ലക്ഷ്യമാക്കി യാത്രയായി.


നാട്ടിലെ കൊതുമ്പ് വള്ളത്തെ ഓർമ്മിപ്പിക്കുന്ന രൂപസാദൃശ്യമാണ് ഷിക്കാരകൾക്ക്. തോണിയുടെ  നടുവിലായി സഞ്ചാരികൾക്ക് ഇരിക്കാനായി മെത്ത കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും അതിനു മുകളിലായി മുന്നിൽ നിന്നും പിന്നിലേക്ക് ചെരിഞ്ഞ  ഭംഗിയാർന്ന ഒരു മേൽക്കൂരയും. ഷിക്കാരയുടെ ഭംഗിയിൽ ഒരു പക്ഷെ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് ആ ചരിഞ്ഞ, നാലുപുറവും അലുക്കുകൾ തീർത്ത   മേൽക്കൂര തന്നെ.


ഓരോ ബോട്ടുകളിലും നാല് പേർ വീതമുള്ള ബാച്ചുകളായി ഞങ്ങൾ വിവിധ ഷിക്കാരകളിൽ കയറി. ഒരു മണിക്കൂറാണ് ഞങ്ങൾക്ക് അനുവദിച്ച സമയം. ഷിക്കാര ജെട്ടി വിടുമ്പോഴേക്കും വിവിധ വാണിഭക്കാർ വള്ളങ്ങളിൽ നിങ്ങളുടെ അടുത്തേക്കെത്തും. കുങ്കുമപ്പൂവ്, കാശ്മീർ കരകൗശല വസ്തുക്കൾ, ഭക്ഷ്യപേയങ്ങൾ തുടങ്ങി.. മറ്റൊരു കൂട്ടർ നിങ്ങളെ അണിയിച്ചൊരുക്കി ചിത്രങ്ങളെടുപ്പിക്കാൻ പ്രേരിപ്പിക്കും. കാശ്മീർ യാത്രയുടെ സുവനീർ എന്ന വണ്ണം അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിയിച്ച് കയ്യിൽ പൂക്കൂടയും, ചിതപ്പണികൾ തീർത്ത മൺകുടങ്ങളും കയ്യിലേന്തിയുള്ള  ചിത്രങ്ങൾക്കായി നിങ്ങളെ പ്രലോഭിപ്പിക്കും. അത്തരം പ്രലോഭനങ്ങൾക്ക് വശംവദരായി, അവരുടെ വരുമാന മാർഗ്ഗങ്ങൾക്ക് നിങ്ങളാലാവുന്ന പങ്ക്‌ നൽകി, അവരുടെ ആർത്തികൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് ആ യാത്ര ആസ്വദിച്ചു കൊണ്ട് ഞങ്ങൾ തടാകത്തിലൂടെ ഒഴുകി നടന്നു. കൂട്ടത്തിലെ സംഗീതജ്ഞൻ ബൈജുവിന് ആ യാത്ര സംഗീതാല്മകമാക്കണം എന്ന മോഹം. തോണിക്കാരനോട് തന്റെ ഇംഗിതം അറിയിച്ചപ്പോൾ അയാളും അതിനു വഴങ്ങി. പഴയ ഹിന്ദി ഗാന ശകലങ്ങൾ മൂളിക്കൊണ്ട് സഞ്ചാരിയുടെ മനം നിറക്കാൻ അയാളും തന്നാലാവത് ചെയ്തു.പുലർച്ചെ ഉണരുന്ന തടാകത്തിലെ ഒഴുകുന്ന പച്ചക്കറിച്ചന്ത മുതൽ വൈകുംവരെയുള്ള കാഴ്ചകൾ വ്യത്യസ്തങ്ങളാണ്.  പച്ചക്കറിച്ചന്ത പരമ്പരാഗത മാറ്റക്കച്ചവട സമ്പ്രദായത്തിലുള്ളതാണ്. അതെ പോലെ ഭംഗിയാർന്നതാണ് അവിടത്തെ ഒഴുകുന്ന ഉദ്യാനങ്ങൾ. റാഡ് എന്ന് കാശ്മീർ ഭാഷയിൽ പേരുള്ള ഈ ഉദ്യാനത്തിലെ പ്രധാന പൂവുകൾ താമരയും വിവിധയിനം ആമ്പലുകളുമാണ്. താമരക്കിഴങ്ങും, തണ്ടും ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യ വസ്തുക്കളും ശ്രീനഗറിൽ പ്രസിദ്ധമത്രെ. 

ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട ഷിക്കാര യാത്രക്ക് ശേഷം ഞങ്ങൾ ഘാട്ടിൽ തിരിച്ചെത്തി.  സായംസന്ധ്യയിൽ ഷിക്കാരകളിലിരുന്ന്  പണ്ഡിറ്റ് ശിവ് കുമാർ ശർമ്മയുടെ സന്തൂറിന്റെ അകമ്പടിയോടെ ദാൽ തടാകത്തിൽ ഒഴുകി നീങ്ങുന്ന  ഒരു യാത്ര നൽകുന്ന അവാച്യമായ അനുഭൂതിയുടെ നഷ്ടത്തെപ്പറ്റിയാണ് ഞാനപ്പോൾ ഓർത്തത്. 

അവിടെ നിന്നും ഞങ്ങളെ കൊണ്ട് പോയത് ദാലിന്റെ കിഴക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന നിഷാത് (Nishat)ബാഗിലേക്കാണ്. 1633ൽ മുഗളന്മാരുടെ കാലത്ത് നൂർജഹാൻറെ സഹോദരനായ ആസിഫ് ഖാൻ ആണ് ഈ ഉദ്യാനം പണിതതത്രെ. മുന്നിൽ ദാൽ തടാകവും പിന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന  സബർവൻ മലനിരകളും  ചേർന്ന് പ്രകൃതിരമണീയമാണ് നിറയെ പൂക്കളും ജലധാരകളും  നിറഞ്ഞ ആ ഉദ്യാനക്കാഴ്ചകൾ. പനിനീർ പുഷ്പങ്ങളും, ട്യൂലിപ് പുഷ്പങ്ങളും നിറഞ്ഞ ഈ ഉദ്യാനം മലനിരകളിൽ നിന്നും താഴോട്ട് 12 തട്ടുകളായി തിരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.  മുകളിൽ നിന്നും ദാൽ തടാകം വരെ  ഉദ്യാനത്തിന് നടുവിലൂടെ ജലം ഒഴുകി ഒടുവിൽ തടാകത്തിലെത്തിച്ചേരുന്നു. അവിടെ ഉദ്യാനത്തിലുമുണ്ട് ബഹുവർണ്ണ വസ്ത്രങ്ങൾ അണിഞ്ഞു കാശ്മീർ സുന്ദരികളും സുന്ദരന്മാരുമാവാനുള്ള സജ്ജീകരണങ്ങൾ. ഏകദേശം ഒന്നൊന്നര മണിക്കൂർ ആ ഉദ്യാനത്തിലൂടെ ചുറ്റിനടന്ന് കാഴ്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും പുറത്തു കടന്നപ്പോഴേക്കും പൊതുവെ അന്തരീക്ഷം തെളിഞ്ഞു.
സമയം ഒരു മണി ആയത് കൊണ്ട് തന്നെ അടുത്ത പരിപാടി ഉച്ചഭക്ഷണം ആയിരുന്നു. കാശ്മീർ താലിയായിരുന്നു അന്നത്തെ ഭക്ഷണം. പക്ഷെ തലേന്ന് ഗുൽമാർഗ്ഗിൽ നിന്നും രുചിച്ച ഭക്ഷണം വെച്ച് നോക്കുമ്പോൾ അത് ഞങ്ങളെ ഒട്ടും തൃപ്തരാക്കിയില്ല.

ഉച്ചയൂണിന് ശേഷം എല്ലാവരും നിഷാത് ബാഗിനപ്പുറമുള്ള  ഷാലിമാർ ബാഗിലേക്ക് കടന്നു. മുഗൾ ചക്രവർത്തിയായിരുന്ന ജഹാൻഗീർ 1619 ൽ തന്റെ പത്നി നൂർ ജഹാന് വേണ്ടി നിർമ്മിച്ചതാണത്രേ ഈ ഉദ്യാനം. മുഗൾ ഉദ്യാനനിർമ്മാണ രീതിയിൽ നിർമ്മിച്ച ഈ പുഷ്പോദ്യാനവും അസംഖ്യം ഇനങ്ങളിലുള്ള പുഷ്പ വാടികകളാലും ജലോദ്യാനങ്ങളാലും സമൃദ്ധമാണ്. കൂടാതെ ചിനാർ വൃക്ഷങ്ങളുടെ ഒരു നിര തന്നെയുണ്ട് ഈ ഉദ്യാനത്തിൽ.  ചിനാറിൻറെ ചെറു ചെടികൾ മുതൽ ആകാശം മുട്ടുമാറുള്ള വൻ വൃക്ഷ മുത്തശ്ശിമാരുടെ നിര ആ ഉദ്യാനത്തിന്റെ ഹരിതഭംഗിക്ക് മാറ്റ് കൂട്ടുന്നു. കിഴക്കൻ ഹിമാലയത്തിൽ വളരുന്ന ചിനാർ മരങ്ങൾ കാശ്മീരിന്റെ തനത് കാഴ്ചയാണ്. ആ ഉദ്യാനത്തിന്റെ സൗന്ദര്യമത്രയും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. 


ദാൽ തടാകത്തിന്റെ വടക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ഹസ്രത്ത്ബാൽ ദർഗ്ഗയായിരുന്നു അടുത്ത ലക്ഷ്യം. അന്ന് വെള്ളിയാഴ്ചയായിരുന്നു. കൂടാതെ ഇരുപത്തേഴാം രാവ് കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച. പെരുന്നാളിന്റെ അടുക്കലെത്തിയ ദിനം. അത് കൊണ്ട് തന്നെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്ന അവസ്ഥയിലായിരുന്നു. സാധരണക്കാരിൽ സാധാരണക്കാരായ കാശ്മീർ ജനതയുടെ ദർഗ്ഗക്ക് മുമ്പിലുള്ള തെരുവോരങ്ങളിലെ  ആ തിരക്ക് കണ്ടപ്പോൾ ഇന്ന് സഞ്ചാരികൾക്ക് ദർഗ്ഗയിലേക്കുള്ള പ്രവേശനം അപ്രാപ്യമെന്ന് കരുതി ഞങ്ങൾ വണ്ടി തിരിച്ചു വിട്ടാലോ എന്ന് കരുതിയേടത്ത് നിന്നും ബസിലെ ഡ്രൈവറും സഹായിയും ചേർന്ന് ആ തിരക്കിനിടയിലൂടെ ഞങ്ങളെ ദർഗ്ഗയിലേക്കു നയിച്ചു.


അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബിയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്ന ഇടം എന്ന നിലക്കാണ് ഹസ്രത്ത് ബാൽ മസ്ജിദ് പ്രാധാന്യമർഹിക്കുന്നത്. ആദരണീയം എന്നര്‍ഥമുള്ള ഹസ്‌റത്, കേശം എന്നര്‍ഥമുള്ള ബാല്‍ എന്നീ ഉര്‍ദു പദങ്ങള്‍ ചേര്‍ത്താണ്  ഈ പള്ളിയെ നാമകരണം ചെയ്തിരിക്കുന്നത്. 

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയതത്രെ.  1635ല്‍ വിശുദ്ധ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ല മദാനിയിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയത്. ഇത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു. തന്റെ വിയോഗ ശേഷം തന്റെ മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറി. ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിക്കപ്പെട്ടിരുന്നത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ നഖ്ശബന്ത് സാഹിബ് ദര്‍ഗയിലായിരുന്നു. തിരുകേശം ദര്‍ശിക്കാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നപ്പോള്‍, ദാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ ആരാധനാലയത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു.  കാശ്മീര്‍ താഴ്‌വരയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആകര്‍ഷണ കേന്ദ്രവുമായി മാറി ഈ വെള്ള മാര്‍ബിളില്‍ പണിത ഹസ്‌റത് ബാല്‍ മസ്ജിദ്. 1980 കാലത്ത് കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ മനോഹരമായി പുതുക്കിപ്പണിതു. പള്ളിക്ക് ഇന്ന് കാണുന്ന മനോഹാരിത കൈവന്നത് ഇതിനുശേഷമാണ്. പക്ഷെ പൊതുജനങ്ങൾക്ക് തിരുകേശ പ്രദർശനം ചില പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളിൽ മാത്രമാണുള്ളത്. ആ ആരാധനാലയത്തിൽ ജാതി-മത ലിംഗ ഭേദമന്യേ സഞ്ചാരികൾക്കും  പ്രവേശനമുണ്ട്. അതിനുള്ളിലെല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ പുറത്തു കടന്നു. റംസാന്റെ അന്ത്യപാദത്തിലെത്തിയിരുന്നത് കൊണ്ട് തന്നെ  പുറത്ത് സക്കാത്ത് സ്വീകരിക്കാനായി നിൽക്കുന്നവരുടെ നീണ്ട നിരതന്നെ കണ്ടു.


പള്ളിയുടെ തെരുവോരങ്ങളിൽ കാശ്മീരിന്റെ വൈവിദ്ധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ഇടങ്ങൾ ഇഷ്ടം പോലെയുണ്ടായിരുന്നു. അവിടെ കാശ്മീരിന്റെ തനത് കൂറ്റൻ പറാട്ടയും ഹൽവയും, ആലൂ ബജ്ജിയും, ഖാന്ത് ഗസിരിയും, നാദിർ മോഞ്ജിയും(താമരക്കിഴങ്ങ് വറുത്തെടുത്തത്) പേരറിയാത്ത മറ്റനേകം വറവ് ഇനങ്ങളും നിരന്നിരുന്നു. പക്ഷെ അറിയാത്ത അത്തരം ഭക്ഷണങ്ങൾ ആഹരിച്ച് ദഹനപ്രക്രിയയെ താളം തെറ്റിക്കുവാൻ മനസ്സ് വരാത്തത് കൊണ്ട് ഞങ്ങൾ തിരിച്ചു ബസിലേക്ക് നടന്നു.   
തുടർന്ന് ഞങ്ങൾ പോയത് കാശ്മീരിന്റെ തെരുവോരങ്ങളിലെ വഴിവാണിഭക്കാരുടെ അടുത്തേക്കാണ്. ദാൽ തടാകക്കരയിലായി സന്ധ്യയോടടുപ്പിച്ച് തെരുവോരക്കക്കച്ചവടം ഉണരുകയായി. കാശ്മീരി ഷാളുകൾ, കരകൗശല വസ്തുക്കൾ, സ്വെറ്ററുകൾ തുടങ്ങി എന്തും സാധാരണക്കാരന് കയ്യിലൊതുങ്ങുന്ന ബജറ്റിൽ ലഭിക്കുന്ന ഇടമാണ് അത്. എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ തങ്ങളിവിടെക്ക് വന്നത് തന്നെ ഇതൊക്കെ സ്വന്തമാക്കാനാണെന്ന   മട്ടിൽ അവയൊക്കെയും  വാങ്ങിക്കൂട്ടി.

അപ്പോൾ ദാൽ തടാകത്തിനപ്പുറമുള്ള പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ പൊൻ പ്രഭ ദൃശ്യമായി. തടാകത്തിലെ ജലം ആ നിറച്ചാർത്ത് ഏറ്റുവാങ്ങി സഞ്ചാരികളുടെ മനം കുളുർപ്പിച്ചതോടോപ്പം തടാകത്തിൽ നിന്നും വീശിയ ശീതമാരുതൻ അവരുടെ ദേഹത്തും കുളിരു കോരിയിട്ടു കൊണ്ട് കടന്നു പോയി. ആ സുന്ദര കാഴ്ചകൾക്ക് വിട പറഞ്ഞു കൊണ്ട്  ഞങ്ങൾ പതിയെ ഹോട്ടലിനെ ലക്ഷ്യമാക്കി യാത്രയായി.
കാശ്മീരിലെ ഇനിയും കാണാത്ത കാഴ്ചകളെപ്പറ്റിയാണ് അപ്പോൾ മനസ്സ് ദുഃഖിച്ചത്. അതിൽ സബർവാൻ മലനിരകളിലുള്ള  ശങ്കരാചാര്യ മന്ദിരമുണ്ടായിരുന്നു, ബാരമുള്ളയിലെ ശൈലപുത്രി ക്ഷേത്രമുണ്ടായിരുന്നു, ദാൽ തടാകത്തിലെ ഹൌസ് ബോട്ടിലെ താമസമുണ്ടായിരുന്നു.

അതൊക്കെ മറ്റൊരു യാത്രക്കായി മാറ്റി വെച്ച് കൊണ്ട് പിറ്റേന്ന് രാവിലെ ഞങ്ങൾ ശ്രീനഗറിനോട് വിട പറഞ്ഞു. 


Saturday, May 21, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 3

മൂന്നാം ദിവസം രാവിലെ  ഞങ്ങളെല്ലാവരും ഏറെ സന്തോഷത്തിലായിരുന്നു. കാരണം അന്നാണ് മഞ്ഞിൽ കളിക്കാൻ പോവുന്നത്. അതിനാണ് സംഘത്തിലുള്ളവരിൽ മുക്കാൽ പങ്കും  കാശ്മീരിലേക്ക് വന്നത് തന്നെ. 
ശ്രീനഗറിൽ നിന്നും 50 കിലോമീറ്റർ പടിഞ്ഞാറ് മാറി  ബാരാമുള്ള ജില്ലയിൽ  ഹിമാലയപർവ്വതനിരകളിലെ പിർ പഞ്ചാൽ  മൗണ്ടൈൻ റേഞ്ചിലാണ് ഗുൽമാർഗ്ഗ് സ്ഥിതി ചെയ്യുന്നത്. പഹൽഗം, സോൻമാർഗ് എന്നിവിടങ്ങളെ അപേക്ഷിച്ച്  ഇന്നത്തെ യാത്ര പകുതി ദൂരമേ ഉള്ളൂ. അത് കൊണ്ട് തന്നെ ഞങ്ങളുടെ ടൂർ ഓപ്പറേറ്റർക്ക് വലിയ തിടുക്കങ്ങളില്ല.   ഗൗരിദേവിയുടെ വഴി എന്നർത്ഥം വരുന്ന ഗൗരി  മാർഗ് എന്ന നാമം  പിന്നീട് 1579 മുതൽ 1586 വരെ കാശ്മീർ ഭരിച്ചിരുന്ന യൂസഫ് ഷാ ചക്  പൂക്കളുടെ പുൽമേട് എന്നർത്ഥം  വരുന്ന ഗുൽമാർഗ്ഗ്‌ എന്നാക്കി മാറ്റുകയായിരുന്നത്രെ. 8,690 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗോൾഫ് കോഴ്‌സും ഗുൽമാർഗ്ഗിലാണ്.  1998, 2004, 2008 എന്നീ വർഷങ്ങളിൽ ദേശീയ വിന്റർ ഗെയിംസ് നടന്ന സ്ഥലം കൂടിയാണ്  ഗുൽമാർഗ്ഗ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച  ഹിറ്റുകളിലൊന്നായ രാജ് കപൂർ ചിത്രം ബോബിയിലെ "ഹം തും ഏക് കംരെ മെ ബന്ദ് ഹോ" എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നതും ഗുൽമാർഗ്ഗിൽ ആയിരുന്നു.

ഏകദേശം ഒരു പത്തരയോടെ ഞങ്ങൾ ഗുൽമാർഗിന്റെ കവാടം എന്നറിയപ്പെടുന്ന ടാങ്ങ്മാർഗിലെത്തി. മുകളിലെ മഞ്ഞിൽ കളിക്കാൻ തക്കവണ്ണമുള്ള വസ്ത്രങ്ങൾ, ഗം-ബൂട്ട് എന്നിവ അവിടെ നിന്നും വാടകക്ക് കിട്ടും. വെറുതെ മുംബൈയിൽ നിന്നും നാട്ടിൽ നിന്നും ഇതൊന്നും ഒരൊറ്റ യാത്രക്കായി കാശ് മുടക്കി വാങ്ങി വരേണ്ടതില്ലെന്നർത്ഥം. അതൊക്കെ വാടകക്ക് എടുത്ത് ഞങ്ങൾ ഏകദേശം പതിനൊന്നരയോടെ ഗുൽമാർഗിലെ ഗോൾഫ് കോഴ്‌സിന് മുമ്പിലുള്ള പാർക്കിങ് ഗ്രൗണ്ടിൽ എത്തി.

ഏപ്രിൽ അവസാനമായത് കൊണ്ട് തന്നെ ഗുൽമാർഗ്ഗിലെ ഗോൾഫ് കോഴ്‌സിലെ മഞ്ഞുരുകി പുൽമേട് പച്ചപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. മഞ്ഞിൽ കളിക്കാൻ കുന്നു കയറിപ്പോവണം. അതിന് കേബിൾ കാർ സംവിധാനമുണ്ട്. കശ്മീർ ടുറിസം വകുപ്പിന്റെ സൈറ്റിൽ പോയി അത് നേരത്തെ ബുക്ക് ചെയ്യണം. ഞങ്ങളുടെ ഓപ്പറേറ്റർ നേരത്തെ ഇക്കാര്യം ചെയ്ത് വെച്ചതിനാൽ ടുറിസം വകുപ്പിന്റെ ഓഫിസിൽ പോയി ഗ്രൂപ്പ് ലീഡർ പേരും നാളും ഫോൺ നമ്പറും എഴുതിവെച്ച് കേബിൾ കാർ തുടങ്ങുന്നയിടത്തേക്ക് യാത്ര തുടങ്ങി.    മറ്റ് സ്ഥലങ്ങളിലെപ്പോലെ തന്നെ ഇവിടെയൊക്കെയും കുതിരക്കാർ നിങ്ങളെ പൊതിയും. കണ്ടമാനം നടക്കാനുണ്ടെന്നു പറഞ്ഞു  പിന്നാലെ വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും. തൽക്കാലം ഒരു ഇരയെ അവർക്ക് നൽകി ഞങ്ങൾ മുമ്പോട്ട് നടന്നു. 

പ്രസ്തുത കേബിൾ കാർ യാത്രക്ക് ടിക്കറ്റില്ല എന്നും പറഞ്ഞു ഞങ്ങളുടെ ടൂർ ഓപറേറ്ററും ലോക്കൽ ഗൈഡും താഴെ നിന്ന്, ഞങ്ങളിലൊന്ന് രണ്ടു പേരെ ബാക്കിയുള്ളവരെക്കൂടി നയിക്കാൻ ചട്ടം കെട്ടി. തിരിച്ചു വന്നാൽ ഇവിടെ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു ഒരു ചെറിയ ഹോട്ടലും കാണിച്ചു തന്ന് വിട്ടു.  

ഏകദേശം 10 മിനുട്ടിന്റെ നടത്തത്തിനു ശേഷം ഞങ്ങൾ ഗുൽമാർഗ്ഗ്-ഗോണ്ടോള റൈഡിന്റെ കവാടത്തിലെത്തി. ഒരു മിനി തൃശൂർ പൂരത്തിന്റെ തിരക്കുണ്ടായിരുന്നു അന്ന് അവിടേക്ക് പോവാൻ. ഏകദേശം ഒരു മണിക്കൂർ ലൈൻ നിന്ന് ഒരു മണിയോടെ ആദ്യ പടിയിലേക്കെത്തി.  

ഗുൽമാർഗ്ഗിൽ നിന്നും കോംഗ്‌ദൂരി( Kongdoori) മലനിരകളിലേക്കാണ് ആദ്യ യാത്ര. ആദ്യ യാത്രയിൽ നിങ്ങൾ 8,530 അടി ഉയരത്തിലേക്ക് ഉയർത്തപ്പെടുന്നു. 6 പേർക്കിരിക്കാവുന്ന കേബിൾ കാർ  യാത്രയിൽ ചെങ്കുത്തായ മല നിരയിലേക്ക് ഉയർത്തപ്പെടുകയാണ്. അവിടം വരെയും കാര്യമായ മഞ്ഞൊന്നും താഴെകാണാനില്ലായിരുന്നു. പിന്നീട് രണ്ടാം ഘട്ടമായ 13,780 അടി മുകളിലുള്ള  അഫർവത്ത് കൊടുമുടിയിലേക്ക് (Apharwat Peak) യാത്ര ചെയ്യാനായി ഞങ്ങൾ വരിയിൽ നിന്നു. വീണ്ടും ചുരുങ്ങിയത് ഒരു രണ്ടു മണിക്കൂറെങ്കിലും വരി നിൽക്കേണ്ട അവസ്ഥ. രണ്ടാം ഘട്ടത്തിലേക്ക് ടിക്കറ്റു കിട്ടാത്തവർക്കായി അവിടെ നിന്നും കുതിരപ്പുറത്ത് കയറ്റി മഞ്ഞുള്ള ഭാഗത്തേക്ക് കൊണ്ട് പോവുന്ന കച്ചവടവും പൊടിപൊടിക്കുന്നുണ്ട്.


ഒന്നാം ഘട്ടത്തിൽ നിന്നും കാണുന്ന അഫർവത്ത് മല നിരകളുടെ കാഴ്ച മുകളിലേക്ക് പോകുംതോറും മഞ്ഞുമൂടിയ അവസ്ഥയിലാണ്. ഏകദേശം ഒരു മണിക്കൂർ ലൈൻ നിന്ന് വരിയുടെ പകുതിയെത്തിയപ്പോഴേക്കും അന്തരീക്ഷം ഇരുണ്ട്  മുന്നിലുള്ള അഫർവത്ത് മലനിരകൾക്കപ്പുറത്ത് നിന്നും മുകളിലേക്ക് കറുത്ത മേഘങ്ങൾ കയറിവന്ന് ഉത്സാഹത്തോടെ കാത്തു നിൽക്കുന്ന ഞങ്ങളെ  എത്തിനോക്കിത്തുടങ്ങി. ഒരു മഞ്ഞു വീഴ്ച കൂടി കിട്ടിയാൽ ഉഷാർ എന്ന് മനം മന്ത്രിച്ചു..


അധികം വൈകിയില്ല. പ്രകൃതി കനിഞ്ഞു. മുന്നിൽ നിരന്നു കിടക്കുന്ന  ഹിമാനികൾക്ക് മേലേക്ക് മേഘം പെയ്തിറങ്ങിത്തുടങ്ങി. അധികം വൈകാതെ അത് ഞങ്ങൾ നിൽക്കുന്ന ഇടത്തേക്കും വ്യാപിച്ചു തുടങ്ങി. കൂടെ ഇടിയും മിന്നലും അകമ്പടി സേവിച്ചു. അധികം വൈകാതെ ഒരു കാര്യം മനസ്സിലായി. ഞങ്ങളിൽ ബഹുഭൂരിപക്ഷവും വാടകക്കെടുത്ത വസ്ത്രങ്ങളും ഗം ബൂട്ടും എങ്ങിനെ ഈയൊരു കാലാവസ്ഥയിൽ  ഉപകാരത്തിൽപ്പെടുമെന്ന്. പക്ഷെ അതോടെ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് മുകളിലേക്കുള്ള യാത്ര തൽക്കാലം നിർത്തിയതായി അറിയിപ്പു വന്നു. മഴ മേഘങ്ങൾ ഉടൻ നിന്ന് വീണ്ടും മുകളിലേക്ക് പോവാനുള്ള കേബിൾ കാർ വീണ്ടും പ്രവർത്തിക്കണേ എന്ന പ്രാർത്ഥനയുമായി ഞങ്ങൾ അവിടെത്തന്നെ നിന്നു.

ഏകദേശം ഒരു മണിക്കൂറോടെ മഴ കനത്തു. അന്തരീക്ഷോഷ്മാവ് താഴോട്ട് കൂപ്പുകുത്തി. ഇടിയുടെയും മിന്നലിന്റെയും കാഠിന്യം കൂടിത്തുടങ്ങി.  മുകളിലേക്കുള്ള യാത്ര ഒരു വിധത്തിലും പുനരാരംഭിക്കില്ലെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും മഴ ആലിപ്പഴ വർഷമായി പരിണമിച്ചിരുന്നു. മഞ്ഞിൽ കളിക്കാൻ അവസരം നക്ഷപ്പെട്ട ഞങ്ങൾ മഴയിൽ കളിക്കാനായി പുറത്തേക്കിറങ്ങി. ആലിപ്പഴത്തിന്റെ ചെറു കണികകളും ഇടക്കിടെ വലിയ കഷണങ്ങളും ഏറ്റുവാങ്ങി ആ ആദ്യാനുഭവത്തിൽ  സംഘം ആനന്ദ നൃത്തം ചവിട്ടിത്തുടങ്ങി.   സമയം ഏകദേശം 4 മണിയായി. അന്തരീക്ഷോഷ്മാവ് 3-4 ഡിഗ്രിയിലേക്ക് താണു തുടങ്ങി. മഴക്കളി വിട്ട് എല്ലാവരും ഒന്ന് ചൂട് കായാൻ കൊതിച്ചു തുടങ്ങി.  ഇനി മുകളിലേക്ക് യാത്രയില്ലെന്ന് തീരുമാനമായി. എന്നാൽ തിരിച്ചു ഗുൽമാർഗിലേക്ക് പോവാം എന്നായി സംഘാംഗങ്ങൾ.അങ്ങിനെ പതുക്കെ എല്ലാവരും തിരികെയുള്ള യാത്രക്ക് വരി നിന്നു തുടങ്ങി. 

ഇപ്പോൾ ഞങ്ങൾ വരി നിൽക്കുന്ന ചെറിയൊരു ടെന്റിനപ്പുറം പുറമെ  അക്ഷരാർത്ഥത്തിൽ മഞ്ഞുപാളികൾ താഴോട്ട് വീഴുകയാണ്. അവിടമാകെ ഭൂമിക്കു മേൽ ഹിമാവരണം രൂപപ്പെട്ടു തുടങ്ങി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മഞ്ഞുമലകൾ രൗദ്രഭാവം പൂണ്ടു തുടങ്ങി. തണുപ്പ് കാലിലൂടെയും കൈയ്യിലൂടെയും, വീശുന്ന ശൈത്യക്കാറ്റിലൂടെയും എല്ലിനെ സ്പർശിച്ചു തുടങ്ങി.. കാശ്മീരി കാവക്ക് വേണ്ടി മനം തുടിച്ചു തുടങ്ങി...

പക്ഷെ അപ്പോഴാണ് മറ്റൊരു പ്രശ്‌നം. താഴേക്കുള്ള കേബിൾ കാർ സംവിധാനവും തകരാറിൽ. അവിടെ ഒന്നാം ഘട്ടത്തിൽ കുടുങ്ങിയ ഏകദേശം അയ്യായിരത്തോളം പേർ മുഴുവൻ തിരിച്ചുള്ള യാത്രക്ക് വരി നിൽക്കുന്ന സ്ഥലത്ത് തടിച്ചു കൂടി. ആ കാത്തുനിൽപ്പ് രണ്ടു മണിക്കൂറോളം പിന്നിട്ടു.  പതുക്കെ അതൊരു അസ്വസ്ഥരുടെ ആൾകൂട്ടമായി പരിണമിച്ചു കൊണ്ടിരുന്നു. ജനത്തിന് വിറളി പിടിക്കുന്ന അവസ്ഥയിലേക്ക് അത് നീങ്ങുമോ എന്ന പേടി ഞങ്ങളെ ഗ്രസിച്ചു തുടങ്ങി. 

രണ്ടുമണിക്കൂർ ഇടവേളക്ക് ശേഷം താഴോട്ടുള്ള യാത്രയുടെ തകരാർ പരിഹരിച്ചു വീണ്ടും യാത്ര തുടങ്ങിയതായി ജനത്തിൻറെ ആരവ അറിയിപ്പ് വന്നു, വരി ഒച്ചിന്റെ വേഗത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്തോറും ദുർഘടങ്ങളും ഏറിക്കൊണ്ടിരുന്നു.  പക്ഷെ ഇത്തരമൊരു അടിയന്തിര ഘട്ടത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുവാൻ അവിടെ സർക്കാർ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. താഴെ പട്ടാളവും പോലീസും ഓരോ അടിയിലും റോന്തു ചുറ്റുന്ന സ്ഥലത്തു നിന്നും മാറി മലമുകളിൽ സെക്യൂരിറ്റി ഗാർഡുകളോ, എന്തിന്, കാവൽക്കാരോ പോലും ഇല്ലാത്ത അവസ്ഥ. അത്തരമൊരു അവസ്ഥയിൽ ജനം നിയമം കയ്യിലെടുത്ത് ചെയ്യുന്നതെല്ലാം ചെയ്തു കൊണ്ടിരുന്നു. വീണ്ടും ഒരു രണ്ടു മണിക്കൂർ നീണ്ട ഇഴയലിലും, വീഴലുകൾക്കുമപ്പുറം ഏഴരയോടെ ഞങ്ങൾ താഴെയെത്തി.

അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എന്റെ സുഹൃത്ത് ഗണേശൻ ഞങ്ങളുടെ കൂട്ടത്തിലില്ല. പൊതുവെ സ്ഥൂലശരീരിയായ അവൻ ഞങ്ങളുടെ വരിയിൽ നിന്നും പുറകോട്ട് പോയി തിരക്കിൻറെ കാഠിന്യം കുറയാൻ കാത്തിരിക്കുകയായിരുന്നു. വീണ്ടും ഏകദേശം അരമണിക്കൂർ ഇടവേളക്ക് ശേഷം തിരക്ക് കുറഞ്ഞപ്പോളാണ് അവൻ താഴേക്കെത്തുന്നത്.

ടൂർ ഓപ്പറേറ്റർ താഴെത്തന്നെ ഞങ്ങളെക്കാത്ത് നിൽപ്പുണ്ട്.  കൈകൾ കൂട്ടിയുരുമ്മി എല്ലാവരും തണുത്ത് വിറക്കുന്ന അവസ്ഥയിൽ. ഭാഗ്യത്തിന് ഞങ്ങളുടെ ബസ് കേബിൾ കാർ സ്റ്റേഷന്റെ അടുത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്. അവിടെ നിന്നും നേരെ ഞങ്ങളെ അധികം അകലെയല്ലാതെയുള്ള  ഉച്ച ഭക്ഷണത്തിനായി ഒരുക്കിയ ഹോട്ടലിലേക്ക് അത്താഴത്തിനായി കൊണ്ട് പോയി.

ഒരു ചെറിയ റെസ്റ്റോറന്റ് ആയിരുന്നു  അത്.  വാതിൽ തുറന്നു അകത്തു കടന്നതും  ഞങ്ങൾ വേറൊരു ലോകത്തേക്ക് എത്തിയ പോലെ. അവിടെ ബുഖാരി അടുപ്പ് കത്തിച്ച് സജ്ജമാക്കിയിരിക്കുന്നു. പുറത്തെ രണ്ടു ഡിഗ്രിയിൽ നിന്നും ഇരുപതുകളിലേക്ക് ഒരൊറ്റ ചാട്ടം. എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു വികസിച്ചു. 

അധികം താമസിയാതെ കശ്മീർ ഭോജ്യവസ്തുക്കൾ ആവി പറത്തിക്കൊണ്ട് ഞങ്ങൾക്ക് മുമ്പിൽ നിരന്നു. കാശ്‌മീരി രീതിയിൽ തയ്യാറാക്കിയ രാജ്-മാ കറിയും, പനീർ കറിയും, കശ്മീരി ചനാ ദാൽക്കറിയും നീളമുള്ള ബാസ്മതിയുടെ ചൂടു  ചോറും ഞങ്ങളേവരും ഇഷ്ടംപോലെ അകത്താക്കി. കൂടെ നല്ല തന്തൂരിയിൽ ചുട്ടെടുത്ത ചപ്പാത്തിയും. അതിനു ശേഷം മേമ്പൊടിയായി  നല്ലൊരു ചൂട് ചായയും. അതോടെ അന്നേ ദിവസം വൈകുന്നേരം ഞങ്ങളനുഭവിച്ച ദുരന്താനുഭവമെല്ലാം മനസ്സിൽ നിന്നും ഝലം(നദി) കടന്നു.


ഒമ്പതു മണിയോടെ സംഘം നിറമനസ്സോടെടെയും നിറവയറോടെയും  ശ്രീനഗറിലേക്ക് തിരിച്ചു യാത്രയാരംഭിച്ചു.  അധികം താമസിയാതെ പലരും സുഖ നിദ്രയിലേക്ക് വഴുതി വീണു. 

ബസിന്റെ പിൻ സീറ്റിൽ ചരിത്രകാരൻ പ്രൊഫസർ രാജശേഖരൻ സാറും, അതെ കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന സുധ ടീച്ചറും ഗണേശനും ചേർന്ന് കശ്മീർ ടൂറിസം ഡിപ്പാർട്മെന്റിന്റെ അനാസ്ഥയെക്കുറിച്ച് വാചാലരായി. അത് പിന്നീട് കശ്മീർ ചരിത്രം, ഭാരതീയ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള ദുർഗ്രഹങ്ങളായ വിഷയങ്ങളുടെ കൊടുമുടി കയറി ശ്രീനഗർ താഴ്വരയിലെത്തി നിന്നു.

തുടരും...Sunday, May 8, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 2

രണ്ടാം ദിവസം ലഡാക്കിൻറെ കവാടം എന്ന് വിശേഷിപ്പിക്കുന്ന സോൻമാർഗ് ആയിരുന്നു  ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ഹോട്ടലിലെ ഭക്ഷണശാലയിൽ തന്നെയാണ് ഞങ്ങൾക്കുള്ള പ്രഭാത-പ്രദോഷ  ഭക്ഷണങ്ങൾ ഒരുക്കിയിരുന്നത്. എല്ലാ ദിവസവും രാവിലെ എണ്ണ കുടിച്ചു വീർത്ത മൈദപ്പൂരിയും ആലൂ ഭാജി എന്ന് വിളിക്കുന്ന  ഉരുളക്കിഴങ്ങ് കറിയുമുണ്ടാവും. കൂടെ ഉത്തരേന്ത്യയിലെ പ്രസിദ്ധമായ പ്രഭാത ഭക്ഷണം  പൊഹയും(അവിൽ ഉപ്പുമാവ്) അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ഉള്ളിൽ  നിറച്ച ആലൂ പൊറാട്ടയും. അതൊക്കെ അകത്താക്കി എല്ലാവരും എട്ടരയോടെ ഗന്ധർബാൾ ജില്ലയിലുള്ള സോനാമാർഗ്ഗിലേക്ക് പുറപ്പെട്ടു. 

ശ്രീനഗർ പട്ടണത്തിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെയായാണ് ലഡാക്കിന്റെ അതിർത്തിയിലുള്ള സോൻമാർഗ് സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ-ലഡാക്ക് ദേശീയപാത(NH 1D)യിലൂടെയാണ് അവിടേക്കുള്ള യാത്ര. പഴയ കശ്മീർ-ടിബറ്റ് സിൽക്ക് റൂട്ടിലെ പ്രധാന കവാടം കൂടിയായിരുന്നു സോനാമാർഗ്. അസ്തമനസൂര്യന്റെ ചെങ്കതിരേറ്റ് അവിടമുള്ള ഹിമസാനുക്കൾ സ്വർണ്ണ വർണ്ണത്തിൽ തിളങ്ങുന്നതിനാലാണ് ഈ പ്രദേശത്തിന് അങ്ങിനെയൊരു പേര് വന്നതെന്നും പറയപ്പെടുന്നു. അത്തരം കാഴ്ചകൾ തീർച്ചയായും കണ്ടിരിക്കണം എന്ന മോഹവുമായി ഞങ്ങൾ പാതക്കിരുവശവും നിൽക്കുന്ന തോക്കു ധാരികളായ സൈനികരെ കണ്ടു കണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

നഗരം വിട്ട് ഏകദേശം 25 കിലോമീറ്റർ പച്ച പുതച്ചു കിടക്കുന്ന  ഗ്രാമങ്ങളിലൂടെ  പിന്നിട്ടതും വായുൾ എന്ന സ്ഥലത്ത് വെച്ച് ഞങ്ങളൊരു നദി മുറിച്ചു കടന്നു. മച്ചോയ് ഹിമാനിയിൽ നിന്നും ഉത്ഭവിച്ച് അനേകം ചെറു ഹിമാനികളുരുകിയ  ജലം കൂടി ആവാഹിച്ചെടുത്തെത്തുന്ന  സിന്ധ് നദിയായിരുന്നു അത്. പിന്നീട് സിന്ധ് നദി ശ്രീനഗറിനടുത്തുള്ള  ഷാദിപോരയിൽ വെച്ച് ഝലം നദിയുമായി ചേരുന്നു. സിന്ധ് നദി അവിടെ സുന്ദരിയാണ്. താഴ്വരയിലെ പൈൻ മരക്കാടുകൾക്കിടയിലൂടെ ഒഴുകുന്ന സിന്ധു  കാഴ്ച്ചയിൽ ഒരു പച്ചസാരിയുടുത്താണ് ഒഴുകുന്നതെന്ന് തോന്നും. ഹൈവേക്ക് വലതു വശത്തായി,  വെളുത്ത ഉരുളൻ കല്ലുകൾ നിറഞ്ഞ നദിയിലൂടെ ഹിമമുരുകിയെത്തുന്ന വെള്ളം സ്വച്ഛന്ദസുന്ദരമായി ഒഴുകുന്നു. ആ കാഴ്ച്ചയിൽ രമിച്ചിരുന്ന ഞങ്ങളെ ഒരു 11 മണിയോടെ കംഗൺ എന്നൊരു സ്ഥലത്ത് സിന്ധ് നദിയെ തൊട്ടറിയാനായി ഡ്രൈവർ നിറുത്തിത്തന്നു. വലിയ ആഴമില്ലാത്ത നദീതീരത്തേക്ക്  സംഘത്തിലുള്ള എല്ലാവരും ഇറങ്ങി ഒഴുകിവരുന്ന  ശീതജലത്തിന്റെ കാഠിന്യം തൊട്ടനുഭവിച്ചു.

നദിയുടെ മറുകരയിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹിമാലയൻ പർവ്വതശിഖരങ്ങളിൽ മഞ്ഞുറഞ്ഞു കിടപ്പുണ്ട്. ചെങ്കുത്തായ താഴ്ചരകൾ പൈൻമരക്കാടുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. അവയിൽ ഹിമക്കരടികളും കാശ്മീരി മാനുകളും പുലിയുമുണ്ടന്ന് തദ്ദേശവാസികൾ ഞങ്ങളോട് പറഞ്ഞു. ആ മലനിരകളെ സാക്ഷിയാക്കി സംഘത്തിലുള്ളവരെല്ലാം സഖാക്കളോടും സഖികളോടുമൊപ്പം നദിയിൽ നിന്നും ഇഷ്ടംപോലെ ഫോട്ടോയെടുത്തു കൂട്ടി.

നാം ഏറെ കേട്ടിട്ടുള്ള പ്രശസ്‍തമായ സിന്ധു നദി(Indus River) ഉത്ഭവിക്കുന്നത്  മാനസസരോവർ തടാകത്തിനുമപ്പുറം കൈലാസ മലനിരകളിലെ   ബോഗർ ചു ഹിമാനികളിൽ(Bogar Chu Glasier) നിന്നുമാണ്. പിന്നീട് 6000 കിലോമീറ്റർ ടിബറ്റിലൂടെയും,  ഇന്ത്യയിലൂടെയും, പാകിസ്ഥാനിലൂടെയും ഒഴുകി അറേബിയൻ സാഗരത്തിലെത്തിച്ചേരുന്നു. ഞങ്ങൾ തൊട്ടറിഞ്ഞ സിന്ധ് നദിയാകട്ടെ മച്ചോയ് ഹിമാനിയിൽ നിന്നും ഉത്ഭവിച്ച്പിന്നീട് ഝലം നദിയുമായി ചേർന്ന് പടിഞ്ഞാറോട്ടൊഴുകി  പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് ചെനാബ് നദിയോട് ചേരുകയും, ചെനാബ് ഉച്ച് ഷരീഫിൽ വെച്ച്  സത്‌ലജ് നദിയുമായി കൂടിച്ചേരുകയും,  പിന്നീട്  സത്‌ലജ് മിഥൻ‌കോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ അമ്മ സിന്ധുവിന്റെ ഒരു പോഷക നദിയാണ് ഈ കുട്ടി സിന്ധുവും.

ഹിമാലയത്തിന്റെ Zanskar Range നിരകളുടെ തുടക്കത്തിലാണ് സോൻമാർഗ് സ്ഥിതി ചെയ്യുന്നത്. കൻഗണിൽ നിന്നും ബസ് പിന്നീട് ചുരങ്ങൾ കയറിത്തുടങ്ങി. ഒരു വശം നിറയെ മല നിരകളും മറുവശത്ത് താഴെയായി സിന്ധ് നദിയും ഒഴുകുന്നു. കുറേക്കൂടി മുകളിലേക്ക് പോയപ്പോൾ ഗഗൻഗീർ എന്ന സ്ഥലത്തു നിന്നും സോൻമാർഗിലേക്ക് പുതിയൊരു തുരങ്കം തയ്യാറായി വരുന്നു. Z-Morh Tunnel എന്ന പേരിൽ. പക്ഷെ ഇപ്പോൾ ചെങ്കുത്തായ മല നിരകൾക്കിടക്ക് കൂടിത്തന്നെ പോവണം സോൻമാർഗിലേക്ക്. ആ ഒരു ചുരത്തിൽ വീണ്ടും സിന്ധ് നദി റോഡിനരികിലൂടെ ഒഴുകിത്തുടങ്ങി. മുകളിലേക്ക് കയറുന്തോറും നദി മെലിഞ്ഞു തുടങ്ങിയെങ്കിലും ഭംഗിക്ക് യാതൊരു കുറവുമില്ലായിരുന്നു. അവളുടെ ഹരിത നിറം ഒന്നുകൂടി കൂടി, കൂടുതൽ സുന്ദരിയായ പോലെ. പലയിടത്തും ഹിമാനികളിൽ നിന്നും ജലം താഴോട്ടൊഴുകി ഉറച്ച് പാറ പോലെ നദിയിലേക്ക് തള്ളി നിൽക്കുന്നതും കാണാമായിരുന്നു.

സോൻമാർഗിനടുത്തതും വലിയൊരു ചെങ്കുത്തായ മലഞ്ചെരിവിലെ  പാറമേലിൽ റോപ്പ് ഉപയോഗിച്ച് മുകളിലേക്കും താഴോട്ടും കയറിയിറങ്ങി പരിശീലനം നടത്തുന്ന ഭടന്മാരെ കണ്ടു. പിന്നീടാണ് മനസ്സിലായത്, അതവരുടെ പരിശീലന കേന്ദ്രമാണെന്ന്.

അപ്പോഴേക്കും ഇരുവശവും സൂര്യ രശ്മികളാൽ തിളങ്ങുന്ന  മഞ്ഞു പുതച്ച മലനിരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെൽക്കം ടു സോൻമാർഗ് എന്ന ബോർഡും പ്രത്യക്ഷപ്പെട്ടു. അധികം താമസിയാതെ ഞങ്ങളുടെ വാഹനം റോഡരികിൽ ഒതുക്കിയിട്ട് എല്ലാവരും ഇറങ്ങി.

സോൻമാർഗ് ടൗണിൽ നിന്നും പിന്നീട് ഓരോ കാഴ്ചകളിലേക്കും  കുതിരമേലോ അല്ലെങ്കിൽ ടാക്സിയിലോ വേണം പോവാൻ. തലേന്നത്തെ കുതിരസവാരി കൊണ്ട് തന്നെ ഊരക്ഷതം വന്ന് മതിയായിരുന്ന സംഘാംഗങ്ങൾ എന്നാൽ ടാക്സിയിൽ ദൂരെയുള്ള സോജി ലാ(ചുരം), താജിവാസ് ഗ്ലേസിയർ, ഫിഷ് പോയിന്റ്, സീറോ പോയിന്റ്, സർബൽ വില്ലേജ് എന്നിവ സന്ദർശിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി. പക്ഷെ സന്ദർശകരുടെ ബാഹുല്യം മൂലം ടാക്സിക്കാരൊക്കെ കഴുത്തറക്കുന്ന ചാർജ്ജാണ് ഈടാക്കുന്നത്. കുതിരക്കാർ നമ്മെ താജിവാസിന്റെ മഞ്ഞു താഴ്വരയിലേക്ക് കൊണ്ടുപോവാം എന്നൊക്കെയുള്ള വാഗ്ദ്വാനവുമായി  വിടാതെ പിന്തുടരും. ഒടുവിൽ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. എവിടേക്കും പോവുന്നില്ല. മുന്നിൽ ദൂരെ കാണുന്ന താജിവാസ് ഗ്ലേസിയറിനു മുന്നിലായി റോഡരികിൽ നീണ്ടു പരന്നു കിടക്കുന്ന  പുൽത്തകിടിയിൽ കയറി സമയം ചിലവഴിക്കാമെന്ന് തീരുമാനിച്ചുകൊണ്ട് ഭക്ഷണശാലയിലേക്ക് കയറി.

ഭക്ഷണത്തിന് ശേഷം ഞങ്ങളിലെ ചെറുപ്പക്കാരെല്ലാവരും നേരത്തെപറഞ്ഞ പുൽമേട്ടിലേക്ക് കയറി. ബാക്കിയുള്ളവർ ബസിലിരുന്നും റോഡിലൂടെ നടന്നും കാഴ്ചകൾ കണ്ടു. 

പുൽമേട്ടിലേക്ക് കയറിയതും  മെഡോ ഓഫ് ഗോൾഡ് എന്ന നാമം അന്വർത്ഥമാക്കുന്ന ഭൂപ്രകൃതി. ഓരോ മേടുകൾ കയറുന്തോറും കാഴ്ചയുടെ മാനങ്ങൾ മാറിക്കൊണ്ടിരുന്നു. പിന്നിലെ താജിവാസ് മലനിരകൾക്ക് മേലുള്ള ഹിമാവരണം സൂര്യപ്രകാശത്താൽ പ്രശോഭിച്ചു നിൽക്കുന്ന കാഴ്ച കണ്ടിട്ടും കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല.

എവിടെത്തിരിഞ്ഞു നോക്കിയാലും കാഴ്‌ചയുടെ നിറവസന്തം. അവയത്രയും നേത്രങ്ങളിലൂടെ ആവാഹിച്ച് ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വെച്ചു കൊണ്ട് വീണ്ടും മേടുകൾ കയറിക്കൊണ്ടിരുന്നു.   അവക്കൊപ്പം ഓരോരുത്തരും മത്സരിച്ച് തങ്ങളുടെ ഫോണുകളിലും ഈ കാഴ്ചകളത്രയും പകർത്തിക്കൊണ്ടിരുന്നു. ഓരോ മേട് കയറുമ്പോഴും അതിലേറെ കയറാനുണ്ടെന്ന തോന്നൽ. അതൊക്കെ കീഴടക്കണമെന്ന അഭിനിവേശം. ഒടുവിൽ മുകളിക്കെത്തിയപ്പോൾ, പുൽമേടിൻറെ ഉത്തുംഗശ്രുംഗത്തിൽ നിന്നും ഇരു വശത്തേക്കുമുള്ള കാഴ്ച വർണ്ണനാതീതമായിരുന്നു. അത് കണ്ടറിയണം, അനുഭവിച്ചറിയണം. ആ ഓരോ നിമിഷവും നാം മറ്റൊരു ലോകത്തെത്തിയെന്ന   തോന്നലായിരുന്നു. ഭൂമിയുടെ ഈ വിസ്മയക്കാഴ്ച സ്വനേത്രങ്ങളിലൂടെ  അനുഭവിക്കണം. ഒരു യാത്രാവിവരണത്തിനും, കാമറക്കണ്ണുകൾക്കും നല്കാനാവാത്ത അവാച്യാനുഭൂതിയായിരുന്നു അവിടത്തെ ഓരോ നിമിഷവും പ്രദാനം ചെയ്തത്. രണ്ടു മണി മുതൽ നാലര വരെ ഞങ്ങളാ പ്രകൃതിയുടെ മടിത്തട്ടിൽ ഓരോ നിമിഷവുമാസ്വദിച്ച് സമയം പോയതറിഞ്ഞില്ല. താഴെയുള്ള സംഘം തിരിച്ചു പോവാമെന്ന് തിരക്ക് കൂട്ടിയപ്പോൾ മനസ്സില്ലാ മനസ്സോടെ ആ വിഭ്രമക്കാഴ്ചകൾക്ക് വിട നൽകി  വീണ്ടും താഴോട്ടിറങ്ങി.


താജിവാസ് മലനിരകളിൽ നിന്നും വളരെയടുത്താണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് . പക്ഷെ വഴി ദുർഗ്രഹമാണെന്ന് മാത്രം. പഹല്ഗാമിൽ നിന്നുമാണ് അങ്ങോട്ടുള്ള തീർത്ഥാടന വഴി തീർത്തിരിക്കുന്നത്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് അത് തീർത്ഥാടകർക്കായി തുറന്നു കൊടുക്കുന്നത്. Stalagmite ഫോർമേഷനിലൂടെ തുള്ളിയായി വീഴുന്ന ജലം അതിശൈത്യം മൂലം  ശിവലിംഗരൂപം പ്രാപിച്ചിരിക്കുന്നതാണ് അവിടത്തെ പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച്, അമർനാഥ് ഗുഹ  ആദ്യമായി കണ്ടെത്തിയത് ഭൃഗു മഹർഷിയാണ്. പക്ഷെ  ഗവേഷകരുടെ കണ്ടെത്തൽ, ആദ്യമായി ഈ ഗുഹയും ശിവലിംഗവും കണ്ടെത്തിയത് "ഗഡാരിയ" വംശജരായ  ഇടയന്മാരായിരുന്നുവത്രെ.

സോൻമാർഗിൽ നിന്നും തിരിക്കുമ്പോൾ അഞ്ചുമണിയെ ആയിരുന്നുള്ളൂ. ദിനകരൻറെ  സുവർണ്ണ രശ്മികൾ സോൻമാർഗിലെ  ഹിമാനികളിൽ പതിക്കാൻ ചുരുങ്ങിയത് ആറരയെങ്കിലും ആവണം.  അത്രയും വൈകിയാൽ ട്രാഫിക് ജാമുകളിൽ കുടുങ്ങി  തിരിച്ചെത്താൻ പാടാണെന്ന് പറഞ്ഞു ടൂർ ഓപ്പറേറ്റർ ഞങ്ങളെ തിരിച്ചു വണ്ടിയിൽ കയറ്റി. 

ആ കാഴ്ച നഷ്ടപ്പെട്ടതിന്റെ നൈരാശ്യവും പേറി,  സാർത്ഥകമായ ഒട്ടേറെ  കാഴ്ചകൾ  ആവോളം ആസ്വദിച്ചയവിറക്കിയതിന്റെ ചാരിതാർത്ഥ്യത്തോടെ   ഞങ്ങൾ ശ്രീനഗറിലേക്ക് തിരിച്ചു.


തുടരും...

Friday, May 6, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 1

കോവിഡ് കാലത്തെ അടച്ചിടലിലാണ് ആദ്യമായി ട്രാവൽ വ്‌ളോഗുകൾ കണ്ടു തുടങ്ങുന്നത്. ബൈക്കിലും, കാറിലും, കാൽ നടയായും പലരും കേരളത്തിൽ നിന്നും കശ്മീർ വരെ പോവുന്നതും അവിടത്തെ കാഴ്ചകൾ നമുക്ക് കൂടി  അനുഭവവേദ്യമാക്കി തരികയും ചെയ്തത് മുതൽ ഉള്ള അദമ്യമായ ആഗ്രഹമായിരുന്നു അവിടം വരെപ്പോയി അതെല്ലാം നേരിട്ടാസ്വദിക്കണമെന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് അനുജത്തി അവരുടെ പോസ്റ്റ് ഓഫീസ് ടീമിനോടൊപ്പമുള്ള ഒരു കശ്മീർ യാത്രയെക്കുറിച്ച് അന്വേഷിക്കാനായി എന്നോട് പറയുന്നത്.  അന്വേഷിച്ചതിൽ നിന്നും അവർ പോകുന്ന സ്ഥലങ്ങളുടെ വിവരണങ്ങൾ പരതുമ്പോൾ പലതും ഞാൻ പലവട്ടം കണ്ടിട്ടുള്ള സ്ഥലങ്ങൾ. നേരിട്ടല്ല, പലരുടെയും ക്യാമറക്കണ്ണുകളിലൂടെ..

ഏട്ടനും പോരൂ.. ഭാഷയറിയാത്ത  ഞങ്ങൾക്ക്  അതൊരാശ്വാസമാവും.. അവളുടെ സ്നേഹനിർബന്ധത്തിനൊപ്പം എന്നിലെ അടങ്ങാത്ത മോഹവും കൂടി ഒത്തു ചേർന്നപ്പോൾ  ജീവിതത്തിലെ ആദ്യ പാക്കേജ് ടൂറിന് വഴി തുറന്നു. ഇക്കാര്യം കൂട്ടുകാരൻ ഗണേഷിനോട് പറഞ്ഞപ്പോൾ അവനും ചാടിപ്പുറപ്പെട്ടു..

അങ്ങിനെ ആ ആഗ്രഹത്തിന്റെ ചിറകിലേറി, ഇൻഡിഗോ പക്ഷിയുടെ ചിറകടിക്കൊപ്പം ഏപ്രിൽ 25നു മുംബൈയിൽ നിന്നും ഭാരതത്തിന്റെ  രാജധാനിയിലേക്കും, അവിടന്ന് വീണ്ടും കേരളത്തിൽ നിന്നുമുള്ള സംഘത്തിനൊപ്പം ശ്രീനഗറിലേക്കും   പറന്നുയർന്നു.


മുംബൈയിലെയും ദില്ലിയിലെയും നാല്പതിനോടടുത്തു നിൽക്കുന്ന ഊഷ്മാവിൽ നിന്നും,  സമുദ്ര നിരപ്പിൽ നിന്നും 1,585 മീറ്റർ ഉയരത്തിലുള്ള   ശ്രീനഗറിലേ ബദ്ഗാമിലുള്ള ഷെയ്ഖ് ഉൾ-അലം വിമാനത്താവളത്തിലേക്ക്  വൈകീട്ട് 5 മണിയോടെ ഞങ്ങൾ പറന്നിറങ്ങിയത്  23 ഡിഗ്രി എന്ന സുഖശീതളാവസ്ഥയിലേക്കാണ്.  2022ലെ കശ്മീരിലെ സീസൺ ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. വിമാനത്താവളത്തിലെയും പുറത്തുമുള്ള പുരുഷാരം അതിന് നേർസാക്ഷ്യമായി.

ടൂർ ഓപ്പറേറ്റർ ഒരുക്കിയ മിനി ബസിൽ ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ പാതക്കിരുവശവും കയ്യിൽ തോക്കേന്തിയ പട്ടാളക്കാർ  തന്നെയായിരുന്നു പ്രധാന കാഴ്ച. മറ്റു ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കശ്മീരിലെ വീടുകൾ മിക്കവാറും ഇഷ്ടികയിലും മരത്തിലും തീർത്ത, സരാസനിക് കെട്ടിട നിർമ്മാണ ശൈലിയിലുള്ള,  മേൽക്കൂരകൾ മഞ്ഞുരുകിപ്പോവാൻ തക്കവണ്ണം തകരഷീറ്റുകൾ പാകി ഇരുവശങ്ങളിലേക്കും ചരിച്ചു നിർമ്മിച്ചവയുമായിരുന്നു. അവക്കിടയിൽ ചുരുക്കം ചിലത് വ്യത്യസ്ത നിറച്ചാർത്തുകളുമായി വേറിട്ട് നിന്നിരുന്നു. വൈകുന്നേരത്തെ നഗരത്തിരക്കുകൾക്കിടയിലൂടെ ഇന്ദ്ര നഗറിലെ  ഹോട്ടലിലെത്തിയപ്പോഴേക്കും ഏകദേശം 7 മണിയോടത്തിരുന്നു. ശ്രീനഗർ നോമ്പ് തുറയുടെ തിടുക്കങ്ങളിലായിരുന്നു.


ഹോട്ടലിലെത്തുമ്പോഴേക്കും ഗിരിനിരകൾക്കപ്പുറം താണ സൂര്യനോടൊപ്പം  അന്തരീക്ഷോഷ്മാവും താണു തുടങ്ങിയിരുന്നു. അവിടത്തെ റസ്റ്റോറന്റിൽ കാശ്മീരി കാവയും  മധുര ബിസ്‌ക്കറ്റുകളുമായാണ് അവർ  ഞങ്ങളെ സ്വീകരിച്ചത്. ഓരോരുത്തർക്കുമായി അനുവദിച്ച റൂമുകളിലെത്തി ഒന്ന് കുളിച്ച് യാത്രാ ക്ഷീണം തീർക്കാമെന്ന മോഹവുമായി  കുളിമുറിയിലേക്ക് കടന്നതും പൈപ്പിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ ശൈത്യം ആ മോഹത്തെ പുറകോട്ട് വലിച്ചുവെങ്കിലും ഉള്ളിലെ സാഹസികൻ ആ തണുത്ത വെള്ളം മേലൊഴിച്ച് കുളിച്ച് വിജയശ്രീ ലാളിതനായി  പുറത്തു വന്നു.


ഹോട്ടൽ മുറിയുടെ ജാലകത്തിരശ്ശീല വകഞ്ഞു മാറ്റി നഗരക്കാഴ്ചകളിലേക്കൊന്ന് എത്തിനോക്കിയപ്പോൾ മുന്നിലെ ഗിരിശൃംഗങ്ങൾക്കപ്പുറം ചക്രവാളത്തിൽ മിന്നല്പിണരുകൾ തീർത്ത് മേഘങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു. അല്പസമയത്തിനകം തന്നെ നല്ല ഇടിവെട്ടോട് കൂടിയ മഴ ജാലകച്ചില്ലുകളിൽ താളം തീർത്തു. അതോടൊപ്പം അന്തരീക്ഷോഷ്മാവ് വീണ്ടും താഴോട്ട് പോയിത്തുടങ്ങി. മുംബൈയിൽ ഒരിക്കലും ഉപയോഗിക്കാൻ അവസരമില്ലാതിരുന്ന  ഊഷ്മളവസ്ത്രങ്ങൾ എടുത്തണിയാൻ അങ്ങിനെ ആദ്യ ദിനം തന്നെ അവസരമൊരുക്കുകയായിരുന്നു കശ്മീർ.

ശ്രീനഗറിലെ ആദ്യ പ്രഭാതത്തിന്റെ പുലരിവെളിച്ചം  പുലർച്ചെ അഞ്ചരയോടെത്തന്നെ റൂമിലേക്കിരച്ചു കയറി. ഹോട്ടലിലെ കുളിമുറിയിൽ രാവിലെ മാത്രം ഒഴുകുന്ന ചൂടുവെള്ളത്തിൽ സാമാന്യം നന്നായി കുളിച്ച് എട്ടരയോടെ ഞങ്ങൾ 23 പേരടങ്ങുന്ന സംഘം  ആദ്യ ലക്ഷ്യസ്ഥാനമായ പഹൽഗാമിലേക്ക്  തിരിച്ചു.

മൂന്ന് വ്യത്യസ്ത  പ്രദേശങ്ങളിൽ നിന്നുമെത്തിയ 23പേർ പരസ്പരം പരിചയപ്പെട്ട്, അങ്ങകലെ ഇരുവശവും  തലയുയർത്തി നിൽക്കുന്ന മഞ്ഞു  മലനിരകൾക്കും  കുങ്കുമപ്പാടങ്ങൾക്കിടയിലൂടെ നീളുന്ന ശ്രീനഗർ - ജമ്മു ഹൈവേയിലൂടെ അനന്തനാഗ് ജില്ലയിലെ ഇടയന്മാരുടെ ഗ്രാമത്തിലേക്ക് ഞങ്ങളെയും വഹിച്ചുകൊണ്ട്  ബസ് ഓടിക്കൊണ്ടിരുന്നു. 


ഞങ്ങളെ നയിക്കുന്ന ടൂർ ഓപ്പറേറ്റർ ശിവദാസൻ പോകുന്ന സ്ഥലത്തെക്കുറിച്ചും, അവിടത്തെ പ്രധാന ആകർഷണങ്ങളെക്കുറിച്ചും ഒരു ഹ്രസ്വ വിവരണം നൽകിയതിന് പിന്നാലെ ഞങ്ങൾക്കിടയിൽ നിന്നും ഒരാൾ സ്വയം മുന്നോട്ട് വന്ന് ഞങ്ങളെ കശ്മീരിന്റെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ശ്രീകൃഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജിലെ മുൻ ചരിത്രാദ്ധ്യാപകൻ രാജശേഖരൻ നായർ ആയിരുന്നു ആ ദൗത്യം ഏറ്റെടുത്തത്. 


ചരിത്രം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

കശ്മീരിനെക്കുറിച്ചുള്ള ഐതിഹ്യത്തിൽ പറയുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടം ഒരു തടാകമായിരുന്നുവെന്നും അത് വറ്റിച്ചെടുത്ത പ്രദേശമായതിനാൽ തന്നെ ഈ പേര് വന്നുമെന്നുമാണ്. കാസമീര എന്ന രണ്ട് വാക്കുകളിൽ നിന്നാണ് കാശ്മീർ എന്ന വാക്കുണ്ടായതത്രെ. ക - ജലം, സമീര - കാറ്റ് - a land from which water is drained off by wind. കശ്യപ പ്രജാപതി   ജലം വറ്റിച്ചെടുത്ത സ്ഥലമാണെന്നും പറയപ്പെടുന്നു. മൗര്യസാമ്രാജ്യത്തിന്റെയും പിന്നീട് മുഗൾ ആധിപത്യത്തിന്റെയും നൂറ്റാണ്ടുകൾക്ക് ശേഷം,   അറിയപ്പെടുന്ന ചരിത്രം ആവിർഭവിക്കുന്നത് പഞ്ചാബിലെ  രാജാ രഞ്ജിത്ത് സിംഗ് കശ്മീർ പിടിച്ചടക്കുന്നതോടെയാണ്... തുടർന്ന്  അദ്ദേഹം ഞങ്ങളെ അവിടന്നും സമീപകാല രാഷ്ട്രീയ പശ്ചാത്തലത്തിലേക്കും കൈപിടിച്ചാനയിച്ചു..

അനർഗ്ഗനിർഗ്ഗളം ഒഴുകിക്കൊണ്ടിരുന്ന ചരിത്രാഖ്യായികക്ക് സഡ്ഡൻ ബ്രേക്ക് ഇട്ടു കൊണ്ട് നാഷണൽ ഹൈവേയിലുള്ള എയർ സ്ട്രിപ്പിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിന്നു. ഏകദേശം അര മണിക്കൂറോളം സൈനികവ്യൂഹത്തിന്റെ കോൺവോയ്ക്കായി ഞങ്ങൾക്ക് ഒതുങ്ങി നിൽക്കേണ്ടി വന്നു. സമതലങ്ങളിൽ നിന്നെത്തിയ ഞങ്ങൾക്ക് അതും ഒരു അത്ഭുതക്കാഴ്ചയായിരുന്നു.

സൈന്യം വിടവാങ്ങിയതിനു ശേഷം മുന്നോട്ട് പോയി  അനന്തനാഗ് പിന്നിട്ട് ബസ് പതുക്കെ ഉയരങ്ങളിലേക്ക് കയറിത്തുടങ്ങിയപ്പോഴേക്കും ഇരു വശവും പ്രകൃതി  ഞങ്ങൾക്ക് കാഴ്ചയുടെ നിറവസന്തമൊരുക്കുകയായിരുന്നു. മലഞ്ചെരുവുകളിലെ  പൈൻ മരക്കാടുകളും ഇടയിലൂടെ കളകളാരവമുതിർത്ത്  താഴോട്ടൊഴുകുന്ന   ലിഡാർ നദിയുടെയും കാഴ്ചകൾ കണ്ണും മനസ്സും ഒപ്പിയെടുത്തതോടൊപ്പം പലരും ആ കാഴ്ചകൾ നാളെകൾക്കായി ഡിജിറ്റൈസ് ചെയ്തു കൊണ്ടുമിരുന്നു. ഇടക്കിടെ ഇടയന്മാർ ചെമ്മരിയാടുകളെയും തെളിച്ച് മേടുകളിൽ നിന്നും റോഡ്‌ മുറിച്ചു കടന്ന് മേടുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നതും അത്ഭുതക്കാഴ്ചയൊരുക്കി.


ഒടുവിൽ പഹൽഗാം ടൗണിലെ വാഹന പാർക്കിങ്ങിൽ ഞങ്ങളെ ഇറക്കി അവിടെയുള്ള വിവിധ സ്ഥലങ്ങൾ കാണുവാനായി വിട്ടു. ബൈസരൻ, ദാബിയൻ, കശ്മീർ വാലി എന്നീ സ്ഥലങ്ങൾ അടങ്ങുന്ന മിനി സ്വിറ്റ്സർലൻഡ് എന്ന് പറയപ്പെടുന്ന ഒരു പ്രദേശത്തേക്ക് കുതിരപ്പുറത്തു പോവാം.  അല്ലെങ്കിൽ ബേതാബ് വാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടാക്സിയിൽ പോവാം.  ബസ്സിറങ്ങിയതും കുതിരക്കാർ പിന്നാലെ കൂടി മേൽപ്പറഞ്ഞ കാഴ്ചകളിലേക്കുള്ള യാത്രക്കായി നിങ്ങളെ അക്ഷരാത്ഥത്തിൽ പിടിച്ചു വലിക്കും. കുതിരപ്പുറത്തുള്ള യാത്രക്ക് ഒരു കുതിരമേൽ  ഒരാൾക്ക് 2500 രൂപയാണ് അവർ ആവശ്യപ്പെട്ടത്. സീസൺ അല്ലാത്ത കാലങ്ങളിൽ 500 രൂപക്ക് കൊണ്ട് പോവുന്നത് ഇപ്പോഴത്തെ തിരക്കിൽ അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ചിരിക്കുന്നു. ഒടുവിൽ വിലപേശി അത് 1200 രൂപക്ക് ഉറപ്പിച്ചു, ഞാനടക്കം  9 പേർ സ്വിറ്റ്സർലാൻഡിലേക്ക് പോവാൻ തയ്യാറായി. ബാക്കിപേർ ടാക്സികളിൽ താഴ്വരകൾ ചുറ്റിക്കാണാനും പുറപ്പെട്ടു.   പലപ്പോഴും ടൂർ ഗൈഡുകൾ ഇവിടെ നിങ്ങളെ സഹായിക്കാനായി ഉണ്ടാവില്ല. കാരണം ഒന്നുകിൽ അവർക്ക് മേൽപ്പറഞ്ഞ വിഭാഗത്തെ പേടിയാണ്, അല്ലെങ്കിൽ അവരും ഈ പറഞ്ഞ കച്ചവടത്തിലെ പങ്കാളികളാണ്. 


സംഘത്തിലെ ഒരാൾ പോലും കുതിരസവാരിയിൽ മുൻ പരിചയമുള്ളവരല്ല. അതൊന്നും പ്രശ്നമല്ല, നിങ്ങളെ ഞങ്ങൾ പൊന്നു പോലെ നോക്കി കൊണ്ടുവരാം എന്നെല്ലാം അവർ തുടക്കത്തിൽ  മധുരവചനങ്ങൾ പറഞ്ഞു വശീകരിക്കും. ഒരിക്കൽ യാത്ര തുടങ്ങിയാൽ പിന്നെ കടിഞ്ഞാൺ നിങ്ങളുടെ കൈയിൽ ആണെങ്കിലും കുതിരയെ നയിക്കുന്നത് അവരായിരിക്കും. പതുക്കെ നടക്കുന്ന പാവങ്ങളെ പലപ്പോഴും ശകാരിച്ചും പീഡിപ്പിച്ചും വേഗത്തിൽ നടത്താനുള്ള ശ്രമങ്ങളാണ് പിന്നീടങ്ങോട്ട്. എന്നാലും  ജീവിതത്തിലെ ഒരാദ്യനുഭവം എന്ന നിലക്ക് എല്ലാവരും അതൊക്കെ ആസ്വദിച്ചുകൊണ്ട് പൈൻ മരക്കാടുകൾക്കിടയിലൂടെ യാത്ര തുടങ്ങി.


ഏകദേശം ഒന്നര കിലോമീറ്റർ വളഞ്ഞു പുളഞ്ഞു പോകുന്ന  ടാറിട്ട റോഡിലൂടെ യാത്ര ചെയ്ത് കഴിഞ്ഞാൽ പിന്നെ ബൈസരൻ വാലിയിലേക്കുള്ള കയറ്റമാണ്. ഉരുളൻ കല്ലുകൾക്ക് മീതെ കുതിരച്ചാണകവും തലേന്ന് പെയ്ത മഴയിൽ കുതിർന്ന  പശിമയുള്ള മണ്ണും  ചേർന്നു കുഴഞ്ഞു കിടക്കുന്ന നടപ്പാതയിലൂടെ കുതിര അവന്റെ ഇഷ്ടത്തിന് കല്ലുകൾക്കിടയിലൂടെയുള്ള മണ്ണിൽ ചവിട്ടി ചെങ്കുത്തായ കയറ്റം കയറുമ്പോൾ പര്യാണത്തിന് മുമ്പിലുള്ള ഇരുമ്പ് പിടിയിൽ കൈകൊണ്ടും, ഇരുവശവുമുള്ള പാദാധാരങ്ങളിൽ കാൽ കൊണ്ടും ഊന്നൽ കൊടുത്തു വേണം ബാലൻസ് ചെയ്യാൻ. ഒന്ന് പിഴച്ചാൽ വഴിയിലുള്ള  ഉരുളൻകല്ലുകൾക്ക് മീതെപ്പതിച്ച് താഴെയുള്ള ഗർത്തങ്ങളിലേക്ക് പതിക്കും. പലരും ആ കാഴ്ചകളിലേക്ക് കണ്ണയക്കാതെ നേരെ മേലോട്ട് നോക്കിയായിരുന്നു യാത്ര.


വൈകാതെ ഞങ്ങൾ മിനി സ്വിറ്റ്സർലാൻഡ് - ബൈസരൻ താഴ്വരയിലെത്തി. തല്ക്കാലം അശ്വാരൂഢ യാത്രക്ക് വിരാമം.കാഴ്ചയുടെ വസന്തമൊരുക്കി പുറകിൽ പൈൻ മരക്കാടുകളും അതിനും പുറകിൽ മഞ്ഞുമേലാപ്പണിഞ്ഞ പർവ്വതനിരകളും. ഓരോരുത്തരും ആ കാഴ്ചയുടെ സൗന്ദര്യമത്രയും തങ്ങളുടെ മൊബൈൽ ക്യാമറയിലേക്കും SLR ക്യാമറയിലേക്കും പകർത്തിക്കൊണ്ടിരുന്നു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുകളിലുള്ള ഒരു വെള്ളച്ചാട്ടത്തിലേക്ക് കയറ്റമാരംഭിച്ചു. ഇപ്പോൾ യാത്ര നേരത്തെപ്പറഞ്ഞതിലും ദുർഘടം നിറഞ്ഞതായിരുന്നു. മുമ്പേ പോവുന്ന കുതിരക്ക് പിന്നാലെ പോവാൻ കടഞ്ഞാണ് കൊണ്ട് ആജ്ഞ കൊടുക്കേണ്ട ചുമതല കൂടി കുതിരക്കാരൻ എന്നെ ഏൽപ്പിച്ചു. പക്ഷെ നമ്മുടെ കടിഞ്ഞാണ് പ്രയോഗമൊന്നും കുതിരക്ക് ഏശുന്നില്ല, അവന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടപ്പ്, അല്ലെങ്കിൽ  കുതിരക്കാരൻ പറയുന്നതേ അവൻ അനുസരിക്കൂ. വെള്ളച്ചാട്ടത്തിനടുത്തെത്തി വീണ്ടും ഫോട്ടോ സെഷനുകൾക്ക് ശേഷം പോയ വഴിയിലൂടെ മടക്ക യാത്ര. ആദ്യം മടിച്ചു നിന്നവരാണെങ്കിലും പോയി വന്നവരെല്ലാം ആ യാത്ര ആസ്വദിച്ചുവെന്ന് വേണം പറയാൻ.


അവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും സാമാന്യം നല്ല ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ലിഡർ നദീ തീരത്തേക്ക് നടന്നു. ലിഡർ  നദിക്കപ്പുറം വീണ്ടും മഞ്ഞുമലകളാണ്. ആ കാഴ്ചയൊരൊന്നും നമ്മെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കും. എവിടെത്തിരിഞ്ഞു നോക്കിയാലും ഉത്തുംഗ പർവ്വത ശിഖരങ്ങൾ. അവക്ക് കിരീടം വെച്ച പോലെയുള്ള ഹിമാവരണം സൂര്യൻറെ രശ്മിയേറ്റ് തിളങ്ങി ശോഭിക്കുന്നു. നദിക്ക് കുറുകെയുള്ള പാലത്തിന്മേലേക്കുള്ള യാത്രയിൽ ഓരോ അടിയിലും കാഴ്ചകൾ മാറി മറയുകയാണ്. പ്രകൃതി ഞങ്ങളെ  ആ  മടിത്തട്ടിലേക്ക് മാടി വിളിക്കുകയായിരുന്നു. എത്ര നേരം അവിടെ ചിലവഴിച്ചെന്നറിയില്ല. അവയത്രയും അറിഞ്ഞാസ്വദിച്ച് മനസ്സിലേക്കാവാഹിച്ച് ഞങ്ങൾ തിരിച്ച് മനസ്സില്ലാമനസ്സോടെ ശ്രീനഗർ നഗരത്തിലേക്ക് മടക്കയാത്രയാരംഭിച്ചു.

തുടരും...


മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...