പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്തെത്തിയ അച്ഛന് വെറുതെ ഇരിക്കാൻ അറിയില്ലായിരുന്നു. നാട്ടിൽ ഒരു സർക്കാർ ജോലിക്കുള്ള ശ്രമങ്ങൾ തുടങ്ങി. പട്ടാളത്തിൽ അത്ര വലിയ റാങ്കിലൊന്നും അല്ലാതിരുന്ന അച്ഛന് അന്നു കാലത്തെ പെൻഷൻ ഒരു കുടുംബം പുലർത്താൻ അപര്യാപ്തവുമായിരുന്നു.
പാഠം രണ്ട് , പശു. അമ്മ എനിക്ക് കാച്ചിയ പാൽ തരും, അത് കുടിക്കാഞ്ഞാൽ അമ്മ കരയും എന്ന് വായിച്ചു കേട്ടിട്ടാണോ എന്നറിയില്ല, ആയിടക്കാണ് അച്ഛൻ ഒരു പശുവിനെ വാങ്ങുന്നത്.
കോട്ടയത്ത് നിന്നും ഇന്നാട്ടിൽ വന്നു കൂടിയ കുടിയേറ്റ കര്ഷകനായിരുന്നു ചേട്ടൻ. ഖാലിദ് മാഷുടെ വളപ്പിന്റെ തൊട്ടടുത്ത് മൊട്ടക്കുന്നിന്റെ ഓരത്തായി ചെറിയൊരു കുടിലും അതിനോട് ചേർന്ന് അതെ മട്ടിലൊരു തൊഴുത്തും കെട്ടിയായിരുന്നു ചേട്ടന്റെ തുടക്കം. പൊതുവെ ക്രിസ്ത്യാനികളെ ചേട്ടന്മാർ എന്നാണ് അക്കാലത്ത് നാട്ടുകാർ വിളിച്ചിരുന്നത്. കാരണം, ഞങ്ങളുടെ നാട്ടിൽ ഏട്ടനെ ഉള്ളൂ. ചേട്ടൻ എന്ന് മുതിർന്നവരെ വിളിക്കുന്ന തെക്കന്മാരെ പൊതുവെ ചേട്ടൻ എന്ന് വിളിച്ചു തുടങ്ങി. ചേട്ടൻറെ കയ്യിൽ നിന്നും ആയിരുന്നു ആ പശുവിനെ വാങ്ങിയത്.
അതു വരെ തരിശായി കിടന്നിരുന്ന മൊട്ടപ്പറമ്പുകളെയും മലയോരങ്ങളെയും തങ്ങളുടെ അദ്ധ്വാനം കൊണ്ട് പച്ചപ്പണിയിച്ചിരുന്ന അദ്ധ്വാനശീലരായ ചേട്ടന്മാരെ അച്ഛന് ഇഷ്ടമായിരുന്നു. ആദ്യമൊക്കെ പശുവിനെ കറക്കുവാൻ ചേട്ടൻ തന്നെ വരുമായിരുന്നു. പിന്നീട് അമ്മയും അച്ഛനും ആ ദൗത്യം ഏറ്റെടുത്തു. വീട് ഇരിക്കുന്ന തിട്ടിനു മുകളിലായി, പടി കടന്ന് വരുന്ന വഴിക്ക് അച്ഛൻ തന്നെ ഒരു തൊഴുത്ത് പണിതു. കരിമ്പനപ്പട്ടയും വളപ്പിൽ യഥേഷ്ടം വളരുന്ന തേക്കിൻറെ ചെറിയ കൊമ്പുകളും ഒക്കെ ഉപയോഗിച്ചൊരു താൽക്കാലിക തൊഴുത്ത് എന്ന് പറയാം. പക്ഷെ പശുവിൽ നിന്നും കാര്യമായ ആദായം ഒന്നും കിട്ടിയില്ല എന്ന് കണ്ടപ്പോൾ കുറച്ചു മാസങ്ങൾക്ക് ശേഷം പശുവിനെ തിരിച്ച് ചേട്ടന് തന്നെ വിറ്റു എന്നിട്ട് അത്യാവശ്യം പാലിന്റെ ഉപയോഗത്തിനായി ഒരു ആടിനെ വാങ്ങി.
ആയിടക്കാണ് പാട്ടം നിൽക്കാൻ പോവുന്നു എന്നൊരു വാർത്ത ഞങ്ങളെ തേടി എത്തിയത്. ഞങ്ങൾ ഇരിക്കുന്ന വീടും പറമ്പും കൂടാതെ പാട്ടം ലഭിക്കുന്ന കുറെയേറെ കൃഷി ഭൂമികൾ കുടിയാന്മാർ വശം ചെറുകരത്തറവാട്ടിലെ ഓരോ താവഴിക്കും ഉണ്ടായിരുന്നു. അത്തരത്തിൽ ലഭിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള പത്തായങ്ങൾ ആയിരുന്നു ഞങ്ങൾ ഇപ്പോൾ ഇരിക്കുന്ന വീട്. മുത്തശ്ശിക്കും ഇത്തരത്തിൽ കുറച്ചു പാട്ട ഭൂസ്വത്ത് ഉണ്ടായിരുന്നു. നേരിട്ട് കൃഷി നടത്തുന്ന കൃഷി ഭൂമി ഒന്നുമുണ്ടായിരുന്നില്ല. നിയമം വരുന്നതിനു മുമ്പായി അച്ഛൻ ഒന്ന് രണ്ട് കുടിയാന്മാരെ കണ്ട് ഞങ്ങളുടെ ചെറിയ കുടുംബത്തിന് അത്യാവശ്യം വേണ്ട ധാന്യം കിട്ടുന്ന കുറച്ച് ഭൂമി ഞങ്ങൾക്ക് തിരിച്ചു തരണമെന്നെല്ലാം പറഞ്ഞു വെന്നാലും അതൊന്നും ആരും അംഗീകരിച്ചില്ല.
1970 പിറന്നു. കേരളത്തിൽ ഭൂപരിഷ്കരണത്തിന് അച്യുതമേനോൻ മന്ത്രി സഭ നിയമപ്രാബല്യം നൽകി. മര്യാദപാട്ടത്തിന്റെ ആറിരട്ടി പതിനാറു ഗഡുക്കളായി അടച്ചാൽ ഭൂമി കുടിയാന് എന്ന വ്യവസ്ഥയിൽ അവയെല്ലാം കുടിയാന്മാർക്ക് ലഭിച്ചു. കാലാ കാലങ്ങളായി ആ ഭൂമികളിൽ അദ്ധ്വാനിച്ച് കൃഷി ചെയ്ത് ഉണ്ടാക്കിയ ധാന്യങ്ങൾ ഇനി ആരുമായും പങ്കു വെക്കേണ്ടതില്ല എന്ന നിയമം കർഷകർക്ക് ഊർജ്ജം പകർന്നു. തലമുറകളോളം വല്ലവരുടെയും അദ്ധ്വാനത്തിൽ നല്ല കുത്തരി ഉണ്ടു ജീവിച്ച ഒട്ടേറെപ്പേർ അങ്ങിനെ റേഷൻ ഷോപ്പിൽ നിന്ന് കിട്ടുന്ന പച്ചരിയിൽ വിശപ്പടക്കി. അങ്ങിനെ ഞങ്ങളും ആ ശീലങ്ങളിൽ പങ്കാളികളായി.
അതു വരെ സ്‌കൂളിലേക്ക് ഭക്ഷണവുമായി പോയിരുന്ന എന്നെപ്പോലുള്ളവർ സ്‌കൂളിൽ നിന്നും ഉച്ച ഭക്ഷണത്തിന് കിട്ടുന്ന ഉപ്പുമാവിനെ ആശ്രയിച്ചു തുടങ്ങി. ചെറോണ ഉണ്ടാക്കുന്ന ഗോതമ്പ് ഉപ്പുമാവിനും പാലിനും കൂടി ഹാജർ കൊടുത്തു തുടങ്ങി. വീട്ടിൽ നിന്നും കൊണ്ടു വന്നിരുന്ന മോരു കൂട്ടിക്കുഴച്ച തണുത്ത ചോറിനേക്കാൾ ചൂടുള്ള, സസ്യ എണ്ണയിൽ വറുത്തിട്ട മണമുള്ള, ഗോതമ്പുപ്പുമാവും സ്വാദിഷ്ടമായ ചോളപ്പൊടി കൊണ്ടുണ്ടാക്കിയ പാലും ഇഷ്ട വിഭവങ്ങളായി.
സ്‌കൂൾ ബാഗിൽ ചോറ്റു പാത്രത്തിന് പകരം ഒരു പ്ലാസ്റ്റിക് ഗ്ലാസ്സും വാഴയിലയും വാട്ടി വെച്ചായി യാത്ര. വാഴയില എടുക്കാൻ മറന്ന ചുരുക്കം ചില ദിവസങ്ങളിൽ സ്‌കൂളരികിൽ കിട്ടുന്ന പൊടുണ്ണിയുടെ ഇലകളിൽ അവ വാങ്ങിക്കഴിച്ചു.
പാട്ടം വരവ് നിന്നത് കൊണ്ട് തന്നെ, വീടിരിക്കുന്ന ഭാഗത്തിന് മുകളിലായുള്ള തരിശായുള്ള തൊടിയിൽ കൊത്തിക്കിളച്ച് നിലം തയ്യാറാക്കി അച്ഛൻ നെല്ല് വിതച്ചു.
കുഞ്ഞുമോൾ വലുതായി തുടങ്ങി. അവൾക്ക് അച്ഛൻ "ശോഭ" എന്ന് നാമകരണം ചെയ്തു. അതോടെ കുഞ്ഞുമോൾ ശോഭയായി മാറി.
അക്കാലത്ത് അമ്മയുടെ അനുജൻ നാരായണമ്മാവൻ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ പ്രത്യക്ഷപ്പെടും. മിക്കവാറും ഒരു വെളുപ്പാൻ കാലത്തു മുഷിഞ്ഞ മുണ്ടും ഷർട്ടുമായാവും എത്തുക. അമ്മേ.. എന്ന വിളിയുമായി മുത്തശ്ശിയെ കാണാൻ ഉള്ള വരവാണ്. എവിടെയാണ്, എന്ന് ചോദിച്ചാൽ ലോറിയിലാണ്, വണ്ടി പെരിന്തൽമണ്ണ ഇട്ടിരിക്കുന്നു എന്നെല്ലാം പറയും. തടിച്ചുരുണ്ട ദേഹം. വളയം പിടിച്ചു മസിലുകൾ വീർത്ത ആ കൈകൾ കൊണ്ട് ഒന്ന് കിട്ടിയാൽ ഞങ്ങളുടെ പണി തീരും. അത് കൊണ്ട് തന്നെ കണ്ടും കേട്ടും കുറച്ചകലം പാലിച്ചേ ഞങ്ങൾ കുട്ടികൾ നിൽക്കാറുള്ളൂ. വന്നാൽ പിന്നെ കുളിച്ചുണ്ട് ഒരു രണ്ടു മൂന്നു ദിവസം ഞങ്ങളോടൊപ്പം കൂടി മൂപ്പർ യാത്രയാകും.
ഭരതനുണ്ണി അമ്മാമൻറെ തെക്കേ പത്തായപ്പുരയുടെ പുറകിലായി വേനൽക്കാലത്ത് നിറയെ മധുരമുള്ള മാങ്ങകൾ തന്നിരുന്നൊരു മാവുണ്ടായിരുന്നു. വേനൽ കടുക്കുന്നതോടെ പടർന്ന് പന്തലിച്ച വലിയ മാവിന്മേൽ നിറയെ തുടുത്തു പഴുത്ത മാങ്ങകൾ നിറയും. കണ്ണനിവാസിൽ ആടിനെ കറവ് തുടങ്ങിയ അക്കാലത്ത് രാവിലെ ഒഴക്ക് പാൽ അമ്മായിക്ക് കൊണ്ട് കൊടുക്കണം. അത് കൊണ്ട് കൊടുത്ത് നേരെ മാവിൻ ചുവട്ടിലെത്തി രാത്രി വീണ മാങ്ങകളിൽ അമ്മായിയുടെ കണ്ണിൽ നിന്നും രക്ഷപ്പെട്ട് പുല്ലിനടിയിലും മറ്റും കിടന്ന കുറച്ചു മാങ്ങകൾ ഞങ്ങൾക്ക് കിട്ടും. അങ്ങിനെ കിട്ടിയവയിൽ ഒരെണ്ണം പാല് കൊണ്ട് പോയ ഗ്ലാസിലിട്ടും ഒന്ന് രണ്ടെണ്ണം ട്രൗസറിന്റെ പോക്കറ്റിലും, ബാക്കിയുള്ളവ അവിടെ നിന്ന് നേരെ ഞങ്ങളുടെ വളപ്പിലേക്ക് അമ്മായി അറിയാതെ എറിഞ്ഞും കൊണ്ട് പോരും.
മൂത്തു പഴുത്തു കാറ്റടിച്ചാൽ മാങ്ങകൾ താഴെ വീഴുന്ന വെക്കേഷൻ കാലത്ത് അമ്മാമനും അമ്മായിയും മയങ്ങുന്ന ഉച്ച സമയത്ത് ഞങ്ങൾ കുട്ടികൾ മാവിൻ ചുവട്ടിൽ കാവലിരിക്കും. നല്ലൊരു കാറ്റിനായി പ്രാർത്ഥിക്കും. ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണൻമാരോട് കെഞ്ചും.
അങ്ങിനെ തെക്കേ പത്തായപ്പുരയുടെ മേലെ തൊടിയിൽ നിന്നിരുന്ന ചകിരിയേന്റെയും മറ്റൊരു നാട്ടുമാവിന്റെയും മാങ്ങകൾ അവസാനമായി തിന്ന ഒരു വേനൽ ഞാൻ ചെറുകരയിൽ ചിലവഴിച്ചു. ആ മാങ്ങാക്കാലത്തിനു ശേഷം അമ്മാവൻ അവരെ ഈർച്ചവാളിനിരയാക്കി.
വീണ്ടും ഒരു സ്‌കൂൾ യാത്രക്കായി ഞാൻ കാത്തിരുന്നു.
തുടരും...
No comments:
Post a Comment