തുടക്കത്തിലെ പരിചയക്കേടുകൾ മാറി സ്‌കൂളിനെയും കൂട്ടുകാരെയും ഇഷ്ടമായി തുടങ്ങിയപ്പോൾ ഞങ്ങളുടെ വീടിനു കുറച്ചപ്പുറമുള്ള ആറാം ക്‌ളാസിൽ പഠിക്കുന്ന ഒരു ചേച്ചിയുടെ കൂടെയായി എന്റെ സ്‌കൂൾ യാത്ര.
ജൂൺ-ജൂലൈ മാസങ്ങളിലെ, മഴ പെയ്ത് പൂട്ടിക്കിടക്കുന്ന പാടങ്ങൾക്ക് നടുവിലൂടെ, ചെത്തിമിനുക്കി ചേറു കൊണ്ട് പുത്തനാക്കിയ വരമ്പുകളിലൂടെ ഒരു മണിക്കൂർ നീണ്ട യാത്ര ചെയ്തു വേണം സ്കൂളിലെത്താൻ. വഴുക്കുന്ന പുത്തൻ ചേറുകൊണ്ട് വെച്ച വരമ്പിൽ നിന്ന്, നടക്കാൻ പഠിച്ചു തുടങ്ങുന്ന നാളുകളിൽ പലവട്ടം വീണ്, ചേറ് കഴായകളിലോ, അണക്കെട്ടിലെ വെള്ളത്തിലോ കഴുകിക്കൊണ്ട് വീണ്ടും സ്‌കൂളിലേക്ക് ചേച്ചിയുടെ കൈയിൽ തൂങ്ങി നടക്കും. സഞ്ചിയും പുസ്തകങ്ങളും ആകെ നനയുന്ന ചുരുക്കം ചില ദിവസങ്ങളിൽ സ്‌കൂളിൽ പോക്ക് തന്നെ മുടങ്ങും. നനഞ്ഞ പുസ്തകങ്ങൾ അടുപ്പുകല്ലിൽ ഉണങ്ങാൻ വെക്കും.
കൂ കൂ കൂകും തീവണ്ടി, കൂകിപ്പായും തീവണ്ടി... ഞങ്ങൾ കുട്ടികൾ ആ പാട്ട് ഉച്ചത്തിൽ വേശു ടീച്ചറോടൊപ്പം പാടും. രാവിലെയും വൈകീട്ടും ക്‌ളാസിനു മുമ്പിലുള്ള റോഡിനപ്പുറം സമാന്തരമായുള്ള റെയിലിലൂടെ കൽക്കരി തിന്നുന്ന കറുത്ത തീവണ്ടി നിലമ്പൂരിലേക്കും ഷൊറണൂരിലേക്കും ചൂളം വിളിച്ചു, അദ്ധ്യാപകരുടെ പാഠ ശബ്ദങ്ങളെ വിഴുങ്ങുന്ന വലിയ ശബ്ദഘോഷത്തോടെ പായുമ്പോൾ, ആ കൗതുകക്കാഴ്ചയിലേക്ക് സ്‌കൂളൊന്നൊടങ്കം മിഴികൾ നീട്ടും. പാഠപുസ്തകങ്ങൾക്ക് വിട കൊടുത്തു കൊണ്ട് അവർ തീവണ്ടി വർത്തമാനങ്ങളിലേക്ക് മേയാനിറങ്ങും. ടീച്ചറുടെ ചൂരലിൻറെ അടി മേശപ്പുറത്തു വീഴുമ്പോൾ വീണ്ടും പഠനങ്ങളിലേക്ക് തിരിച്ചുകയറും.
സ്‌കൂളിൽ ചേർന്ന് കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു ദിവസം അവിടേക്ക് എ ഇ ഓ എന്നൊരു ഇൻസ്‌പെക്ടർ വന്നു. രാവിലെ എത്തിയ അദ്ദേഹം ഞങ്ങളിൽ ചിലരോട് ചില ചോദ്യങ്ങൾ ചോദിച്ചു. അതിനൊക്കെ ഉത്തരം പറഞ്ഞു, ടീച്ചറുടെ കസേരയിൽ ഇരുന്ന് ടീച്ചറോട് എന്തൊക്കെയോ ചോദിച്ചു പോയി.
ഉച്ചക്ക് ശേഷം ഞങ്ങൾ കുട്ടികളെ കൊണ്ട് ടീച്ചർ മുരുക്കിൻ കുരു വെച്ച് അക്കങ്ങളെ പരിചയപ്പെടുത്തുന്ന, കണക്ക് പഠിപ്പിക്കുന്ന തിരക്കിലാണ്. അവിടേക്ക് പെട്ടെന്നായിരുന്നു ഇൻസ്‌പെക്ടറുടെ രണ്ടാം വരവ്. പൊതുവെ കണ്ടാൽ പരുക്കനായ അദ്ദേഹം ടീച്ചറോട് എന്തോ ഉച്ചത്തിൽ ചോദിച്ചു. ടീച്ചർ എന്തൊക്കെയോ പറയാൻ ശ്രമിച്ചു, അത് പിന്നീട് കരച്ചിലിലേക്ക് പരിണമിച്ചു. ടീച്ചർ കരഞ്ഞതോടെ കുട്ടികളായ ഞങ്ങളെല്ലാവരും പേടിച്ചു കരയാൻ തുടങ്ങി. അപ്പോഴേക്കും ഹെഡ്‌മാസ്റ്റർ എൻ പി മാഷും എത്തി. ഞങ്ങളെല്ലാവരും കരഞ്ഞതോടെ ഇൻസ്‌പെക്ടർ സ്ഥലം വിട്ടു. പിന്നീട് ഒന്ന് രണ്ടു വർഷത്തേക്ക് ഇൻസ്‌പെക്ഷൻ എന്നത് ഒരു പേടി സ്വപ്നമായി മാറി.
കുറച്ചു ദിവസങ്ങൾക്കപ്പുറം ചെറുകരെ സ്കൂളിലെ ഒന്നാം ക്ളാസിലേക്ക്, കാക്കി പാന്റും ഷർട്ടുമിട്ട ഒരാൾ എന്റെ പേർ വിളിച്ചെത്തി. അതൊരു കത്ത് നൽകാനായിരുന്നു. എന്റെ പേർ മേൽവിലാസത്തിലെഴുതിയ, അച്ഛൻ മിലിട്ടറിയിൽ നിന്നുമയച്ച ഒരു ഇൻലൻഡ്, പഠനം തുടങ്ങിയ മകന് ഒരച്ഛനയച്ച, നല്ലകുട്ടിയായി പഠിച്ചു മുന്നേറണമെന്നും മറ്റും പറഞ്ഞ് ഉപദേശരൂപേണയുള്ള കത്ത്. എനിക്കാദ്യം കിട്ടിയ കത്ത്.
അധികം വൈകാതെ അച്ഛൻ പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്ത് എത്തി. പട്ടാളത്തിൽ നിന്നും എത്തിയ അച്ഛൻ ഒരു വിശേഷപ്പെട്ട വസ്തു കൊണ്ട് വന്നു. ഒരു കൊച്ചു സിംഗിൾ ബാൻഡ് മർഫി റേഡിയോ. ആകെ കിട്ടുക തൃശൂർ, കോഴിക്കോട് നിലയങ്ങളിൽ നിന്നുമുള്ള പ്രക്ഷേപണങ്ങൾ. കൂടാതെ വൈകീട്ട് സിലോൺ വാനൊലി നിലയത്തിൽ നിന്നുമുള്ളവയും. നാട്ടിൽ മറ്റു വീടുകളിലൊന്നും റേഡിയോ ഇല്ലാത്ത കാലത്താണ് ആദ്യമായി ഞങ്ങളെ ചലച്ചിത്ര ഗാനങ്ങളുടെയും വാർത്തകളുടെയും ലോകത്തിലേക്ക് സ്വാഗതം ചെയ്ത് റേഡിയോ എത്തുന്നത്. പിന്നീട് എത്രയോ വർഷങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെ ജീവിച്ച മർഫി.
ചിത്രം: വേശു ടീച്ചർ
തുടരും...
No comments:
Post a Comment