Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 5)

 ഒന്നാം ക്ളാസിലേക്ക്മഴ തുടങ്ങിയ ഒരു തിങ്കളാഴ്ച, 1968 ജൂൺ മൂന്നിനാണ് ഞാൻ സ്‌കൂളിലേക്കാനയിക്ക പ്പെടുന്നത്. പ്രവേശനോത്സവങ്ങളും ആഘോഷങ്ങളുമില്ലാതെ, ചെറുകര എ യു പി സ്‌കൂളിൽ അമ്മ എന്നെ ചേർത്തു. വേശു ടീച്ചറുടെ ഒന്നാം തരം ബി യിൽ ആണ് ആദ്യ പാഠങ്ങൾ തേടി എത്തിയത്.
കരയുന്ന കുറെയേറെ കുട്ടികൾക്കിടയിൽ, കരയാനറിയാത്തവനെപ്പോലെ ധൈര്യശാലിയായി ഞാനിരുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ തൊട്ടടുത്ത രാജമന്ദിരത്തിലെ ഷാരസ്യാർ ടീച്ചറെന്ന പാപ്പിക്കുട്ടി ഓപ്പോളുടെ കൂടെയായിരുന്നു യാത്ര. ഓപ്പോളുടെ മകൾ ഉഷയും ഉണ്ട് കൂടെ. ഉഷയും വേശു ടീച്ചറുടെ ക്ലാസിൽ തന്നെ. തറ, പറ യിൽ തുടങ്ങുന്ന വിദ്യാഭ്യാസം എനിക്കിഷ്ടമായി.
ഏകദേശം 3 കിലോമീറ്റർ ദൂരത്തുള്ള സ്‌കൂളിലേക്കു പാടത്തു കൂടി നടന്നുള്ള യാത്ര ഒരു അഞ്ചു വയസ്സുകാരനെ സംബന്ധിച്ച് സ്വല്പം കഠിനമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളുടെ തൊട്ടു മുമ്പിലുള്ള പാടത്തിന് അപ്പുറമുള്ള എരവിമംഗലം കുറുപ്പത്ത് സ്‌കൂളിൽ ചേർക്കണോ എന്നൊരു സംശയം അന്നുണ്ടായിരുന്നു. പക്ഷെ രാജമന്ദിരത്തിലെ പാപ്പിക്കുട്ടിയോപ്പോൾ ചെറുകര സ്‌കൂളിൽ ടീച്ചറാണ്, അവരുടെ മകൾ ഉഷയെ അവിടെത്തന്നെയാണ് ചേർക്കുന്നത്. ഇതിനൊക്കെപ്പുറമെ എൻറെ അമ്മ പഠിച്ച സ്‌കൂളുമാണ് ചെറുകര സ്‌കൂൾ. അത് കൊണ്ട് തന്നെ ആ മഹാ വിദ്യാലയത്തിൽ ഞാനും ഒരു വിദ്യാർത്ഥിയായി.
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ചെറുകര റെയിൽവേ ഗേറ്റിന് അടുത്തയാണ് ചെറുകര എയിഡഡ്‌ അപ്പർ പ്രൈമറി സ്‌കൂൾ. സ്‌കൂളിലെ ഉപ്പുമാവ് പുരയോടൊപ്പമുള്ള കെട്ടിടത്തിൽ റോഡിന് അഭിമുഖമായുള്ള ക്‌ളാസ് മുറിയായിരുന്നു വേശു ടീച്ചറുടെ ഒന്ന് ബി.
ഞങ്ങളുടെ ക്‌ളാസിന്റെ കുറച്ചു മുകളിലുള്ള തിട്ടയിലായിട്ടാണ് മെയിൻ ഹാൾ. മെയിൻ ഹാളിൽ അപ്പർ പ്രൈമറി ക്ളാസുകളാണ്. മെയിൻ ഹാളിന്റെ കിഴക്കേ അറ്റത്തായിട്ടാണ് ഗാന്ധിജിയുടെയും ചാച്ചാ നെഹ്രുവിന്റേയും ഫോട്ടോകളാൽ അലങ്കരിച്ച ഹെഡ് മാസ്റ്ററുടെയും ടീച്ചർമാരുടെയും മുറി. ആ മുറിയുടെ പുറത്ത് കിഴക്കേ മൂലയിലാണ് റെയിലിന്റെ കഷ്ണത്തിൽ തീർത്ത സ്‌കൂൾ ബെൽ പ്യൂൺ രാമൻമാഷുടെ പ്രഹരമേറ്റ് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്‌കൂളിനെ പ്രഭാതങ്ങളിൽ ഉണർത്തുന്നതും പിന്നീട് ചെറു മയക്കങ്ങളിലേക്ക് വഴുതി വീഴുമ്പോളൊക്കെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും ഒടുവിൽ വൈകീട്ട് ഉറക്കുന്നതും.
മടക്കാൻ പറ്റാത്ത ഓലക്കുടകൾക്ക് ക്‌ളാസുകളിലേക്ക് പ്രവേശനമില്ലാത്തതിനാൽ വർഷക്കാലത്ത് മെയിൻ ഹാളിന്റെ വരാന്തയിൽ നിറയെ ഓലക്കുടകൾ നിറയും. ഒരേ പോലുള്ള ഓലക്കുടകൾക്കിടയിൽ തിരിച്ചറിയാനായി മുകളിൽ കീലുകൊണ്ടോ, പെയിന്റ് കൊണ്ടോ തങ്ങളുടെ ഇനിഷ്യലുകൾ എഴുതി പിടിപ്പിച്ചിരിക്കും. ചിലതിന്റെ കാലുകൾ പെയിന്റ് അടിച്ച് പ്രത്യേക ഭംഗിയോടെ വേറിട്ട കാഴ്ചയൊരുക്കും. നല്ലൊരു കാറ്റു വന്നാൽ ഈ ഓലക്കുടകളെല്ലാം താഴേക്ക് പറന്നു പോയി മലർന്ന് കിടന്ന് മഴ നനഞ്ഞു തങ്ങളുടെ കൊച്ച് യജമാനന്മാരെ കാത്ത് ഇന്റർവെൽ വരെ കിടക്കും.
ഒരു വള്ളുവനാടൻ നാട്ടിൻപുറത്തുള്ള സ്‌കൂളായതു കൊണ്ട് തന്നെ കർഷക കുടുംബങ്ങളിൽ നിന്നും വന്നിരുന്നവരായിരുന്നു വിദ്യാർത്ഥികളിലേറെയും. അവരൊക്കെത്തന്നെ വന്നിരുന്നത് ഓലക്കുടകളുമായും. കയ്യിലൊരു ശീലക്കുടയുമായി സ്‌കൂളിലേക്ക് പോവാൻ സൗഭാഗ്യം സിദ്ധിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു എന്നെപ്പോലുള്ള ചുരുക്കം പേർ.
വര : അനുജൻ ശശി
തുടരും...

No comments: