Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ(3)



ചെറുകര തെക്കേ പത്തായപ്പുരയിൽ വെച്ചാണ് എന്നെ എഴുത്തിനിരുത്തുന്നത്. അച്ഛൻ നാട്ടിലില്ലാത്തത് കാരണം ഭരതനുണ്ണി അമ്മാമനാണ് എന്റെ കൈപിടിച്ചു എഴുതിച്ചതെന്നാണ് ഓർമ്മ. തെക്കേ പത്തായപ്പുരയുടെ കിഴക്കേ എടുപ്പിലെ വരാന്തയിൽ നിലവിളക്കിനും ഒരു നാക്കിലയിലെ അവിലും മലരിനും ശർക്കരക്കും മുമ്പിൽ വെച്ചായിരുന്നു അതെന്ന് ഓർമ്മയുണ്ട്. പിന്നീട് മണലിലും സ്ളേറ്റിലും ഒക്കെ അമ്മ കൈപിടിച്ച് എഴുതിച്ച് മലയാളം അക്ഷരങ്ങളെ പരിചിതമാക്കിയിരുന്നുവെങ്കിലും സ്‌കൂളിൽ ചേരുന്നതിന് മുമ്പായി കാര്യമായ പഠനങ്ങൾ ഒന്നും നടന്നതായി ഓർമ്മയില്ല, വൈകുന്നേരത്തുള്ള സന്ധ്യാ നാമങ്ങളും നാളും പക്കവും ഒഴിച്ച്. പൂർണ്ണ സ്വാത്രന്ത്ര്യത്തോടെ അഞ്ചു വയസ്സ് വരെ കളിച്ചു നടക്കാൻ അനുവദിച്ച ഒരു മുൻ തലമുറയായിരുന്നു അന്നത്തേത്.
അന്ന് ശിന്നക്കുട്ടി അമ്മായിയുടെ ബന്ധുക്കളായ കണ്ണനൂർ വിശ്വനാഥേട്ടനും, അപ്പംകളത്തിൽ പ്രഭാകരനുണ്ണിയേട്ടനും അവിടെ നിന്നാണ് സ്‌കൂൾ പഠനം നടത്തിയിരുന്നത്. വിശ്വനാഥേട്ടൻ ഹൈസ്‌കൂളിലും പ്രഭാകരനുണ്ണിയേട്ടൻ ടി ടി സി ക്കും പഠിക്കുന്ന കാലം. എൻറെ ആനകളി മുതലായ ശാഠ്യങ്ങൾക്ക് കൂട്ടു നിന്നവർ.
തെക്കേ പത്തായപ്പുരയുടെ അടുക്കളയും, ഊണ് കഴിക്കുന്ന തളവും, പത്തായവും ചേർന്ന പുരയുടെ കിഴക്കായി ഒരു കുളവും ഉണ്ട്. പുരയുടെ തെക്കുപുറത്തു നിന്നും വടക്കു പുറത്തു നിന്നും നേരെ കടവുകളിലേക്ക് ഇറങ്ങാം, മഴ നനയാതെ കുളിക്കാം. വേനൽക്കാലമാവുമ്പോൾ വെള്ളം കുറയും. അപ്പോൾ നാലുകെട്ടിലെ കുളം മാത്രമാണ് എല്ലാവർക്കും ശരണം.
തെക്കോറത്തായി കടവിലേക്ക് ഇറങ്ങുന്നതിന് ഇടത്ത് വശത്തായി ഒന്നോ രണ്ടോ പേർക്കിരിക്കാവുന്ന ചാണകം മെഴുകിയ ഒരു പടിയുണ്ടായിരുന്നു. അവിടെയിരുന്നാണ് ഉച്ച സമയങ്ങളിൽ അമ്മായി പേൻ നോക്കുന്നത്. പാടത്ത് കൂടി പോവുന്ന നാട്ടുകാരുടെ കണക്കെടുക്കുന്നത്. അവരുമായി കുശലം പറഞ്ഞ് അവരെ ക്ഷണിക്കുന്നത്. അക്കൂട്ടത്തിൽ എത്തുന്നവരാണ് കുറി നടത്തുന്ന കല്യാണിയമ്മയും ചക്കുംപുലാക്കൽ നാരായണിയമ്മയും മറ്റും. അവിടെയിരുന്നാണ് ഞങ്ങൾ കിഴക്കേ പാടത്തെ കാഴ്ചകൾ കാണുന്നതും മഴക്കാലത്ത് കണ്ടങ്ങളിൽ നടക്കുന്ന കന്നുപൂട്ടലും ആർത്തു വിളിച്ചുള്ള ഊർച്ചയും മറ്റും ആസ്വദിക്കുന്നതും. ഊർച്ചപ്പലകയും വലിച്ച് ഓടുന്ന പോത്തുകളെ വാല് വളച്ചു പിടിച്ച് നീരോലിക്കെട്ടിട്ട വടികൾ കൊണ്ടടിച്ച് പായിച്ച്, താഴെ വീഴാതെ നിൽക്കുന്ന അഭ്യാസികളായ കന്നുപൂട്ടുകാരുടെ അത്ഭുത കാഴ്ചകൾ കണ്ട് ഹരം മൂത്ത ഞങ്ങൾ അവിടെ നിന്നും ഓടിയിറങ്ങി പാടവക്കത്തേക്കുള്ള കഴലിന്മേൽ സ്ഥാനം പിടിക്കും.
ഭരതനുണ്ണി അമ്മാമൻ ഏകദേശം 75 വയസ്സുള്ള നെടുങ്ങാടി ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന അന്നത്തെ ചെറുകര മൂത്ത പിഷാരോടിയാണ്. മൂത്ത പിഷാരോടിയെന്നാൽ തറവാട്ടിലെ ഏറ്റവും പ്രായം ചെന്നയാൾ. അതൊരു സ്ഥാനപ്പേര് കൂടിയാണ്. പണ്ട് നാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് വള്ളുവനാട് രാജ്യത്തിലെ 14 സ്വരൂപങ്ങളിൽ ഒന്നായിരുന്ന ചെറുകരത്തറവാട്ടിലെ മൂത്ത കാരണവർക്ക് രാജ സദസ്സിൽ അധികാരങ്ങൾ ഉണ്ടായിരുന്നു. ഞാൻ കണ്ട ഭരതനുണ്ണിയമ്മമാൻ ഇതൊന്നുമില്ലാത്ത, ആഢ്യത്വം വെടിഞ്ഞു ഒരു പക്ഷെ തറവാട്ടിൽ നിന്നും ആദ്യമായി പുറത്തു പോയി ജോലി ചെയ്ത ഒരാൾ കൂടിയായിരുന്നു. കുറേക്കാലം തമിഴ്‌നാട്ടിലും മറ്റും ജോലി ചെയ്തത് കൊണ്ട് തന്നെ ലോകപരിചയത്തിനാല് സിദ്ധിച്ച വിനയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ പ്രകടമായിരുന്നു.
ഓർമ്മ വെച്ചതിനു ശേഷമുള്ള ആദ്യ തീവണ്ടി യാത്ര നടത്തിയത് ഭരതനുണ്ണി അമ്മാമന്റെ കൂടെയാണ്. ഒറ്റപ്പാലത്തിനടുത്തുള്ള മായന്നൂരിലെ ബന്ധുവീട്ടിൽ എന്തോ വിശേഷം. അതിന് അമ്മാമനും അമ്മായിയും പുറപ്പെട്ടപ്പോൾ വാശി പിടിച്ചു ഞാനും കൂടെപ്പോയി. തിരിച്ചു പോരുമ്പോൾ മായന്നൂരിൽ നിന്നും കുറെ ദൂരം നടന്ന് വന്ന് ഭാരതപ്പുഴയിലൂടെ കടത്ത് കടന്ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ഷൊറണൂർ വരെ തീവണ്ടിക്ക് വന്നത് ഇന്നും ഓർമ്മയിലുണ്ട്. തിക്കിത്തിരക്കിയായിരുന്നു ആ യാത്ര എന്നതും.
ചിത്രം: തെക്കേ പത്തായപ്പുരയിലെ കുളപ്പുരക്കെട്ട്.
വര: അനുജൻ ശശി
തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...