Saturday, June 22, 2019

മുംബൈ ബാച്ചിലർ ജീവിതം- Part 9

തീവണ്ടിയാത്രകൾ ബോംബെയുടെ ജീവതാളമാണ്. ഒരിക്കലെങ്കിലും അതനുഭവിക്കാത്തവൻ ബോംബെക്കാരനാവുന്നില്ല. 1853 ഏപ്രിൽ 16 നു ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം തുടങ്ങിയ നഗരം വളർന്ന് വലുതായത് റെയിൽവെ പാതകളുടെ വികസനത്തോടെയാണ്.

ബോംബെ ജീവിതത്തിൻറെ നേർക്കാഴ്ചയൊരുക്കിയ ആനന്ദിന്റെ വിഖ്യാത നോവൽ ‘ആൾക്കൂട്ടം’ തുടങ്ങുന്നതിങ്ങനെയാണ്.
“വിക്ടോറിയ ടെര്മിംനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടിവന്നു നിന്നു. താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്പുകറങ്ങളെമറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോൾ ടെര്മിനനസ്സിലെ ബഫറുകളില് മുട്ടി അതു വിശ്രമിച്ചു.

വണ്ടി നിന്നതോടെ അതിന്റെ വാതിലുകളില്ക്കൂെടിയും ജനലുകളില്ക്കൂ ടിയും മനുഷ്യർ ധൃതിപിടിച്ചു പുറത്തു ചാടാന്തു ടങ്ങി. കരിയും പൊടിയുംപറ്റി കറുത്ത മനുഷ്യർ. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്ന്നുന. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പല്. വണ്ടി നിന്നപ്പോൾ അതില്നികന്ന് അടര്ന്നു പോന്ന ആ ജീവിതത്തിന്റെ തുണ്ടുകൾ അതിന്റെ ചലനത്തെയും ശബ്ദത്തെയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ ലക്ഷ്യം കിട്ടാത്തതുപോലെ അവർ പ്ലാറ്റ്‌ഫോമിൽ നിന്നു തിളച്ചതേയുള്ളു.”

… ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ദിവസേനയെന്നോണം ഇന്ത്യയുടെ നാട്ടിൽ പുറങ്ങളിൽ നിന്നും തൊഴിൽ രഹിതരായ അനേകർ ബോംബെയെന്ന ഈ വാഗ്ദത്ത ഭൂമിയിലേക്ക് തീവണ്ടി കയറിയെത്തി. അന്നം തേടിയെത്തിയ അവരോരോരുത്തരെയും സ്വീകരിച്ച നഗരം അവർക്കായി വികസിച്ചു. 1927ൽ റെയിൽവേയുടെ വൈദ്യുതീകരണത്തോടെ സബർബൻ ലോക്കൽ ഗതാഗതം തുടങ്ങിയതു മുതൽ ഉപനഗരങ്ങൾ രൂപം കൊണ്ടു. ഇലക്ട്രിക് ട്രെയിനുകളിലെ തുച്ഛ മൂല്യ രണ്ടാം ക്ലാസ് പാസുകൾ മദ്ധ്യവർഗ്ഗക്കാർക്കും അശരണർക്കും ഒരേ പോലെ അനുഗ്രഹമായി. ആൾക്കൂട്ടം പ്ലാറ്റ്ഫോമുകളിൽ നിന്നും ട്രെയിനുകളിലേക്ക് തിളച്ചു കയറി. വിടിയിലും ദാദറിലും അവർ വീണ്ടും പ്ലാറ്റ്ഫോമുകളിലേക്ക് തിരക്കിൽ വെന്തുരുകി ഉതിർന്നു വീണു. പിടഞ്ഞെണീറ്റ് അവിടന്ന് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു. അതിനിടയിലേക്ക് നിത്യേനയെന്നോണം തെക്കുനിന്നും വരുന്ന ഭാഷയറിയാത്ത സണ്ണിമാരും ഹിന്ദി മേഖലയിൽ നിന്നുമെത്തുന്ന ഭോലമാരും പ്ലാറ്റ്ഫോമുകളിൽ നിന്നും വണ്ടികൾക്കുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു. ലോക്കൽ ട്രെയിനിൻറെ നഗരരീതികളറിയാതെ ഉള്ളിൽ കിടന്നുരുണ്ട് തട്ടിക്കളിക്കാൻ വിധിക്കപ്പെട്ടു. ഒടുവിൽ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിയപ്പെട്ടു. വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിച്ചവർ ജയിച്ചു കയറി. തോറ്റവരാകട്ടെ, നിവൃത്തിയില്ലായ്മയിൽ തിരിച്ച് ദീഘദൂര വണ്ടികളിൽ കയറിപ്പറ്റി..

ഞങ്ങളുടെ ഇടയിലേക്ക് സതീശനെന്ന നാട്ടിക എസ് എൻ കോളേജിലെ മറ്റൊരു ക്ലാസ് മേറ്റ് കൂടി എത്തുന്നു. 1988 ജനുവരി ഒന്നാം തിയതി ജയന്തി ജനതയിൽ ദാദർ സ്റ്റേഷനിൽ രാവിലെ 4 മണിക്ക് അവനെത്തി. കാഞ്ചൂർമാർഗ് റൂം ഇപ്പോൾ കൊള്ളാവുന്നതിലധികം പേരെ ഉൾക്കൊള്ളാണ്ടിരിക്കുന്നു. ആശ്രയം ചോദിച്ചെത്തിയവരോടോന്നും വയ്യെന്ന് പറയാനാവാത്തതിന്റെ പരിണിതഫലം. റൂമിലെ പ്രവൃത്തികൾ വിഭജിക്കപ്പെട്ടു. രാവിലെ നേരത്തെ എഴുന്നേറ്റ് വീട് വൃത്തിയാക്കി രാവിലെ പ്രാതലിനുള്ള ചോറും കറിയും ഉണ്ടാക്കി ശീലമുള്ള സതീശൻ ആ പണികൾ സ്വയം ഏറ്റെടുത്തു. ഉച്ച ഭക്ഷണത്തിന് ഓഫീസിലേക്ക് ചപ്പാത്തി കൊണ്ടു പോകണമെന്നുള്ളവർക്ക് ആ പണിയറിയാവുന്ന മറ്റു ചിലർ മനസ്സില്ലാ മനസ്സോടെ അവ ഏറ്റെടുത്തു. ഇതിലൊന്നിലും താല്പര്യമില്ലാത്ത ചില ഉറങ്ങുന്ന സുന്ദരന്മാർക്ക് പാത്രം കഴുകുന്ന ജോലി അടിച്ചേൽപ്പിക്കപ്പെട്ടു.
ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോവിൽ ആദ്യത്തെ സൗണ്ട് മിക്സിങ് നടക്കുന്നു. എൻ ചന്ദ്രയുടെ തേസാബ് എന്ന ചിത്രം. മാധുരി ദീക്ഷിതിന്റെ ആദ്യ ഹിറ്റ് ചിത്രം. ശേഖർ കപൂറിന്റെ Mr. ഇന്ത്യയും മറ്റും ഡബ് ചെയ്തത് ആനന്ദിലാണെങ്കിലും ആനന്ദ് റെക്കോർഡിംഗിന്റെ പേരുയർത്തിയ ചിത്രമായിരുന്നു തേസാബ്. തുടർന്ന് ബോംബെയിലെ ഒന്നാം നമ്പർ റീ റെക്കോർഡിംഗ് സ്റ്റുഡിയോ ആയി ആനന്ദ് പേരെടുത്തു. പ്രൊഡ്യുസർമാർ ബുക്കിംഗിനായി ക്യൂ നിന്നു.

ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ ദേവ് സാബ് നവകേതന് പകരം ഇപ്പോൾ ഇരുപ്പ് ആനന്ദിലാണ്. ഒന്നാം നിലയിൽ പ്രൊജക്ടർ റൂം കഴിഞ്ഞു ചെല്ലുന്ന ഭാഗത്ത് ആദ്യത്തെ റൂം ദേവ് സാബിന്റെ. രണ്ടാമത്തേത് എഡിറ്റിംഗ് റൂം. അതിനപ്പുറം ഉള്ള മൂലയിലാണ് അക്കൗണ്ട്സ് റൂം. വേറൊന്നിനും പറ്റാത്തതു കൊണ്ട് അവിടം അക്കൗണ്ട്സ് റൂം ആക്കി. ഞാനും മനോജനുംകൂടെ അവിടെ ഇരുന്നു. അതിനപ്പുറം സർദാർജിയുടെ സൗണ്ട് ട്രാൻസ്ഫെർ റൂം.

ആനന്ദിലെ അക്കൗണ്ട്സ് റൂമിൽ നിന്നുള്ള കാഴ്ച നയനമനോഹരമാണ്. താഴെയുള്ള ഗാർഡനപ്പുറമായി പാലി ഹില്ലിലെ സിഗ് സാഗ് റോഡ്. റോഡരികിലായി ഒരു ഗുൽമോഹർ വൃക്ഷം. അതിന്റെ ചില്ലകൾ അക്കൗണ്ട്സ് റൂമിൻറെ ചില്ലുകളെ തഴുകും. മെയ് മാസത്തിൽ ഒരൊറ്റ ഇലപോലുമില്ലാതെ പൂത്ത്, ചുവന്നു നിൽക്കുന്ന ഗുൽമോഹറിന്റെ മനോഹാരിത അവർണ്ണനീയമാണ്. വൈകുന്നേരങ്ങളിൽ, റോഡിനപ്പുറത്തുള്ള നാരംഗിന്റെ ബംഗ്ലാവിനുമപ്പുറം പടിഞ്ഞാറൻ ചക്രവാളം ചുവക്കുമ്പോൾ പ്രകൃതിയാകെ സിന്ദൂരം പൂശി നിൽക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരാറില്ല.

ആനന്ദിലെ ജനറൽ മാനേജർ ദേവ് ആനന്ദിന്റെ ഭാര്യ സഹോദരൻ കേണൽ സിൻഹ ആയിരുന്നു. കൊമ്പൻ മീശക്കാരനായ കേണൽ സാബിനാണ് ആനന്ദ് റെക്കോർഡിംഗിന്റെ നടത്തിപ്പ് ചുമതല. ആർമിയിൽ നിന്നും പിരിഞ്ഞതിനു ശേഷം ദേവ് സാബിൻറെ കൂടെ കൂടിയതാണ്. അറുപത് കഴിഞ്ഞെന്നാലും കാഴ്ചയിലും പ്രവൃത്തിയിലും ഒരു മുപ്പതുകാരൻറെ ചന്തവും ചുറുചുറുക്കുമാണ് മൂപ്പർക്ക്.

നവകേതനിൽ ചേർന്നതിന്റെ പിറ്റേ ദിവസം തന്നെ മൂപ്പരുമായി ഒന്നുടക്കാനുള്ള അവസരമുണ്ടായി എനിക്ക്. കേണൽ സാബിൻറെ കുറച്ചു വൗച്ചറുകൾ കാഷ്യർ രാമന് കൊടുത്തിരുന്നത് ഒരാഴ്ചയായിട്ടും പാസാക്കി പണം മൂപ്പർക്ക് നൽകിയിരുന്നില്ല. ആ ദേഷ്യം മുഴുവനും തുടക്കക്കാരനായ എന്നോട് തീർക്കാൻ മൂപ്പർ തീരുമാനിക്കുകയായിരുന്നു. രാമേട്ടനും പിഷാരോടി സാറുമില്ലാത്ത അവസരത്തിൽ കയറിവന്ന് പണം വേണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് നിങ്ങളെ അറിയില്ലെന്നും പണം ചോദിക്കേണ്ടത് കാഷ്യരോടാണ് എന്ന് മുറി ഇംഗ്ളീഷിൽ ഞാൻ മൊഴിഞ്ഞപ്പോൾ, രാമനോടുള്ള ദേഷ്യം എന്നോട് ഇംഗ്ലീഷ് ഭാഷയിലും പിന്നീട് പട്ടാള- സിനിമാ ഭാഷയായ തെറിയിലും തീർത്ത്, കലിയടക്കാൻ മുഷ്ടി ചുരുട്ടി എൻറെ മുമ്പിലുള്ള മേശമേലും ഇടിച്ചു പേടിപ്പിച്ചു പോയി മൂപ്പർ. പിറ്റേന്ന് രാമന്റെ കയ്യിൽ നിന്നും പണം കിട്ടിയപ്പോൾ വന്ന് എനിക്ക് കൈ തന്ന്, “I am so sorry young man..You should become a Bloody perfect Accountant and yesterday I saw glimpses of it in you” എന്നും പറഞ്ഞു ആശ്വസിപ്പിച്ചാണ് സ്ഥലം വിട്ടത്. ആനന്ദ് റെക്കോർഡിംഗ് തുടങ്ങിയപ്പോൾ മൂപ്പരുടെ കീഴിൽ ദേവ് സാബിന് നൽകേണ്ട വിവരങ്ങൾ അന്നന്ന് തയ്യാറാക്കി നൽകി ഞാൻ മൂപ്പരുടെ ഗുഡ് ബുക്കിൽ സ്ഥലം പിടിച്ചു. മാർച്ച് മാസത്തിൽ ആവശ്യപ്പെടാതെ തന്നെ ശമ്പള വർദ്ധന നടപ്പിലാക്കിത്തന്നത് മൂപ്പരായിരുന്നു.

സിനിമാക്കാരുടെ ഭാഷാ പ്രയോഗങ്ങളിൽ ‘തെറി’ ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പൊതുവെ പഞ്ചാബികൾ അരങ്ങു വാഴുന്ന മേഖലയിൽ അത്തരം “സഹോദരീ, മാതൃ” നാമവിശേഷണങ്ങൾ ഇല്ലാത്ത ഒരു വാചകം പോലും കേൾക്കാൻ കഴിയില്ല. അതിനൊരപവാദം ദേവ് സാബിനെപ്പോലുള്ള ചുരുക്കം പേരെ ഉള്ളൂ. പിഷാരോടി സാറിന്റെ അക്കൗണ്ട്സ് കാബിനിലും അത്തരം ഭാഷാ പ്രയോഗങ്ങൾ പൊതുവെ കേൾക്കാറില്ല.

ഓരോ വ്യവസായത്തിനും അവരുടെതായ ചില ഭാഷകളുണ്ട്, പദ പ്രയോഗങ്ങളുണ്ട്. സിനിമാക്കാരും അതിൽ നിന്നും വ്യത്യസ്ഥരല്ല. പൊതുവെ പതുക്കെ പണിയെടുക്കുന്നവരോട്, “അരേ, കിത്തനാ ഫൂട്ടേജ് ഖാത്തെ ഹോ” എന്നാണ് ചോദിക്കുക. വൈകുന്നേരം പണി നിർത്തുന്നത് “പാക്ക് അപ്” എന്ന് ഉച്ചത്തിൽ പറഞ്ഞാണ്. ഭാര്യയുടെ ഗർഭം ‘പ്രൊഡക്ഷനും’, പ്രസവം ‘റിലീസു’മാണവർക്ക്.

വിക്ടോറിയ ടെര്മികനസ്സിലെ പ്ലാറ്റ്‌ഫോമുകളിൽ വന്നു നിൽക്കുന്ന വണ്ടികളിൽ നിന്നും പുറത്തിറങ്ങുന്നവരിൽ സിനിമയുടെ മായിക ലോകം മോഹിച്ചെത്തുന്ന ഒരു പിടി ഈയാം പാറ്റകളും ഉണ്ട്. ആർക് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിലേക്ക് ഭ്രമിച്ച് പറന്നുയരുന്ന അവരിൽ ഭൂരിഭാഗവും ചിറകറ്റു വീണ് പ്രൊഡ്യൂസറുടെ ഓഫീസുകളിലും സിനിമാ ലൊക്കേഷനുകളിലും കയറിയിറങ്ങി ജീവിതം ഹോമിക്കുന്നു. അതിൽ നിന്നും പാഠം പഠിച്ച ചുരുക്കം ചിലർ, ലൈറ്റ് മാൻമാരും, സ്പോട്ട് ബോയ്കളും ആയി യാഥാർത്ഥ്യവുമായി സമരസപ്പെട്ടു മുന്നോട്ടു പോകും. അമിതാഭ് ഹെയർ സ്റ്റൈൽ മന്നൻ ലൈറ്റ്മാനും, മിഥുൻ ചക്രവർത്തി ലുക്കുമായി നടക്കുന്ന സ്പോട്ട് ദാദയും ഈ ഇൻഡസ്ട്രിയുടെ മുഖമുദ്രകളാണ്.

വേറിട്ട കാഴ്ചകളൊരുക്കി ആൾക്കൂട്ടം പ്രയാണം തുടരുകയാണ്. കാലം എന്റെ ജീവിതത്തിൽ ഒരു രജത രേഖ തീർത്തിരിക്കുന്നു. രേഖയിൽ നിന്നും പരിണമിച്ച് അതൊരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു…


Saturday, June 15, 2019

മുംബൈ ബാച്ചിലർ ജീവിതം -Part 8

ഒരു മാസത്തെ നീണ്ട ലീവിനു ശേഷം തിരിച്ച് ബോംബെ ദാദറിലെത്തിയ ഞങ്ങൾക്ക്, ഞങ്ങളെക്കാത്ത് നിൽക്കേണ്ടവർക്കായി അര മണിക്കൂർ കാത്ത് നിൽക്കേണ്ടതായി വന്നു, ഉണരാൻ വൈകിയത്രെ. ആദ്യയാത്രയിലെ ദാദർ സ്റ്റേഷനിലെ കാത്തുനിൽപ്പിൽ നിന്നും വ്യത്യസ്തമായി പരിഭ്രമമില്ലാത്ത കാത്തുനിൽപ്പ്.  ഇതിനിടയിൽ കൂട്ടുകാരെല്ലാം  കലീനയിലെ പഴയ റൂമിൽ നിന്നും  കാഞ്ചൂർമാർഗിലെ  പുതിയ റൂമിലേക്ക് മാറിയതിനാൽ അവരെക്കാത്ത് നിൽക്കുകയാല്ലാതെ മാർഗ്ഗമില്ലായിരുന്നു.

കലീനയിലെ റൂം ഓണർ സുരേഷ് ഞാൻ പോയി പിറ്റേന്ന് തൊട്ട് ദിവസേന പണം തിരികെ കൊടുത്തപ്പോൾ, കേശവനും പുതുമുഖം സുരേഷും ചേർന്ന് കാഞ്ചൂറിലേ റൂം പെട്ടെന്ന് ശരിയാക്കി ഒരാഴ്ചക്കകം മാറി.

കാഞ്ചൂരിലെ ടാഗോർ നഗർ ആറിലെ പുതിയ റൂം പഴയ റൂമുകളേക്കാൾ മെച്ചമാണ്. പൊതുവെ മദ്ധ്യവർഗ്ഗക്കാർ താമസിക്കുന്ന പ്രദേശമാണ്. നീളത്തിൽ കെട്ടിപ്പൊക്കിയ ലൈൻ മുറികൾക്ക് മേൽക്കൂര ആസ്ബസ്റ്റോസാണ്.      ഒറ്റ മുറിച്ചാൾ തന്നെ. എങ്കിലും അടുക്കളക്കും കുളിമുറിക്കുമായി ഒരു മറയുണ്ട്. അഞ്ചു പേരടങ്ങുന്ന ഞങ്ങൾക്ക് തിക്കിത്തിരക്കാതെ താമസിക്കാനുള്ള സൗകര്യമുണ്ട്. കക്കൂസ് പുറത്ത് തന്നെ. ടാഗോർ നഗറിലെ ചാൾ നിവാസികളെല്ലാം ആശ്രയിക്കുന്നത് ഒരറ്റത്തുള്ള പൊതു കക്കൂസ് തന്നെ. അത് കൊണ്ടു തന്നെ  അപകർഷതാ ബോധമില്ലാതെ രാവിലെ ബക്കറ്റുമായി പോയി ക്യൂ നിന്ന് കാര്യം കഴിച്ചു പോരാം. മുനിസിപ്പാലിറ്റിക്കാർ ദിവസേന വൃത്തിയാക്കുന്നതു കാരണം മൂക്കു പൊത്താതെ പോയിവരാം.

ടാഗോർ നഗറിലെ ചാളിൽ രണ്ടു റൂം അപ്പുറത്തായി ഒരു മലയാളി കുടുംബം താമസിക്കുന്നുണ്ട്. കണ്ണൂർക്കാരി ചേച്ചിയും മകളും. ഭർത്താവ് ഗൾഫിലാണ്. എതിർ വശത്തായി, രണ്ടു റൂം അപ്പുറത്ത് ഒരു മലയാളി ബാച്ചിലർ റൂമും ഉണ്ട്. ബാക്കിയെല്ലാം മഹാരാഷ്ട്ര്യൻ, ഗുജറാത്തി കുടുംബങ്ങൾ. ഞങ്ങളുടെ റൂമിന്റെ നേരെ എതിർവശത്തായി രണ്ടു റൂമുകൾ കൂട്ടി യോജിപ്പിച്ച് താമസിക്കുന്നത് ഒരു ഗുജറാത്തി കൂട്ടുകുടുംബം.  കുടുംബപരമായി  കച്ചവടക്കാരാണ്. തൊട്ടയൽപക്കത്ത് ഒരു യുപിക്കാരൻ ഒറ്റത്തടിയൻ.

നാട്ടിൽ നിന്നും എത്തിയ ക്ഷീണവും മടിയും കാരണം അന്ന് ഓഫീസിൽ പോയില്ല. ഉച്ചക്ക് വി ടിയിൽ പോയി Mackenna's Gold കണ്ടു. ഇന്ത്യൻ ഗ്രിഗറി പെക്കിന്റെ കൂടെ ജോലി ചെയ്യുന്നവൻ ഒറിജിനൽ ഗ്രിഗറിയുടെ അഭിനയം  കണ്ട് അത്ഭുതം കൂറി.

റിലയൻസ് ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയിലും പാകിസ്ഥാനിലുമായി തുടങ്ങി. കളിയുള്ള ദിവസങ്ങളിൽ  ദേവ് സാബിൻറെ റൂമിൽ പോയി ടി വിയിൽ കളി കണ്ടു.

ആയിടക്കാണ് തൃപ്രയാറുകാരൻ സണ്ണി നാട്ടിൽ നിന്നും എത്തിയത്. വർത്തമാനത്തിൽ സണ്ണി സൂപ്പറാണ്, തനി നാടൻ. ഗണേശൻ നാട്ടിൽ പോയ സമയത്ത്, നാട്ടിൽ അത്യാവശ്യം വയറിംഗ് ജോലിയുമായി കഴിഞ്ഞിരുന്ന സണ്ണിക്ക് ബോംബെക്ക് പോരുവാനൊരു മോഹം തോന്നി ഗണേശനെ കണ്ട് കാര്യം അവതരിപ്പിച്ചു. നാട്ടിലെ ജോലികൊണ്ട് ആരും മൂപ്പരെ വിലമതിക്കുന്നില്ല. ഗണേശന്റെ ഒഴിവുകഴിവുകളൊന്നും സണ്ണിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ വിലപ്പോയില്ല. ഒടുവിൽ ഗണേശൻ സമ്മതിച്ചു, അങ്ങിനെയാണ് തൽക്കാലം ഞങ്ങളുടെ റൂമിലേക്ക് മൂപ്പരെത്തിയത്. പത്താം ക്ലാസും ഇലക്ട്രീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റുമാണ് മൂപ്പരുടെ യോഗ്യത. ഇടക്കിടക്ക് അതിഥിയായെത്തുന്ന ഗണേശനേയും, സണ്ണിയെയും കൂടി ഉൾക്കൊള്ളാൻ ഞങ്ങളുടെ റൂമിന് സ്ഥലമില്ല. അത് കൊണ്ട് തൽക്കാലം  ഒരാഴ്ചക്ക് റൂമിൽ കൂടെ കൂട്ടുവാൻ സമ്മതിക്കേണ്ടി വന്നു. താമസിയാതെ ഷഹാദിൽ മലയാളികൾ താമസിക്കുന്ന ഒരു പപ്പട നിർമ്മാണ കമ്പനിയിലെ തൊഴിലാളികളുടെ കൂടെ സണ്ണിക്കും താമസം ശരിയാക്കി ഗണേശൻ. ഒരാഴ്ച്ചക്കകം കാഞ്ചൂർ മാർഗിലെ ഒരു ഫാക്ടറിയിൽ ജോലി കണ്ടെത്തിയെങ്കിലും ഭാഷ പ്രശ്നവും, അദ്ധ്വാന ഭാരവും മൂലം അത് വേണ്ടെന്ന് വെച്ച് ഷഹാദിൽ തന്നെ ഒരു ജോലിയും സംഘടിപ്പിച്ചു.

അങ്ങിനെ ഒരാഴ്ച കൊണ്ട് അത്യാവശ്യം ഹിന്ദിയും മറ്റും പഠിപ്പിച്ചു ഞങ്ങൾ ഒരു തിങ്കളാഴ്ച രാവിലെ സണ്ണിയെ ഷഹാദിലേക്ക് യാത്രയാക്കി. ഞങ്ങൾക്കൊക്കെ ജോലിക്ക് പോകേണ്ടതിനാലും, ഒരാഴ്ചക്കിടയിൽ ലോക്കൽ ട്രെയിൻ യാത്ര ഒന്ന് രണ്ടു പ്രാവശ്യം അനുഭവിപ്പിച്ച ധൈര്യത്തിനാലും സണ്ണിയെ ഷഹാദിലേക്ക് ഒറ്റക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുകയായിരുന്നു. പൊതുവെ ധൈര്യശാലിയായ സണ്ണിക്ക് ഒറ്റക്ക് പോകാൻ പേടിയൊന്നും ഇല്ല. സ്ലോ വണ്ടികൾ മാത്രം നിർത്തുന്ന  കാഞ്ചൂർ മാർഗിൽ നിന്നും ആദ്യം  സ്ലോ വണ്ടിയിൽ താനെ വരെ പോയി അവിടെ നിന്നും നാലാം നമ്പർ പ്ലാറ്റ് ഫോമിലെത്തി ടിറ്റ്-വാല, അസംഗാവ്, കസാറ എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന വണ്ടികളിലൊന്നിൽ കയറി ഷഹാദ് എന്ന സ്റ്റേഷനിൽ ഇറങ്ങണം എന്നൊക്ക പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു, സണ്ണി ആ പേരുകളൊക്കെ എഴുതിയെടുക്കുകയും ചെയ്തു. രാവിലെ 8 മണിക്ക് മൂപ്പർ കാഞ്ചൂർമാർഗിലെ സ്റ്റേഷനിൽ നിന്നും താനെ വണ്ടി കയറുന്നത് ഞങ്ങൾ ഒന്ന് രണ്ടു പേർ കണ്ടതുമാണ്. അന്ന് വൈകീട്ട് മറ്റൊരാളുടെ മേൽ കൂട്ടി മുട്ടാതെ കിടന്നുറങ്ങാമെന്ന ആശ്വാസത്തിൽ വൈകീട്ട് വീട്ടിലെത്തിയപ്പോൾ സണ്ണി  റൂമിൽ തന്നെ ഇരിക്കുന്നത് കണ്ട് ഞങ്ങളോരോരുത്തരുമായി ഞെട്ടി. സണ്ണി തൻറെ ലോക്കൽ ട്രെയിൻ യാത്രയുടെ ആദ്യ പാഠം ഞങ്ങൾക്കായി വിശദമായി വിവരിച്ചു തന്നു.

"ഒരു മലയാളി തെണ്ടി, അവൻ കാരണാണ് എനിക്ക് ഷഹാഡിലിക്ക് പൂവാൻ പറ്റാഞ്ഞത്".. സണ്ണിയുടെ വാക്കുകളിൽ, ഞങ്ങളൊഴിച്ച്, ബോംബെയിലുള്ള സകല മലയാളികളോടുമുള്ള ദേഷ്യവും പുച്ഛവും നിറഞ്ഞു നിന്നു. “അവനെങ്ങാനും എന്റെ കയ്യില് കിട്ട്യാല്ണ്ടല്ലോ.. ഹൂം..” എന്നും പറഞ്ഞു ആഞ്ഞു ചവിട്ടി ഉള്ളിലേക്ക്  പോയി ഒരു ഗ്ളാസ് ചുക്കുവെള്ളം കുടിച്ച് തിരിച്ചുവന്ന് അൽപ്പം ശാന്തനായി സണ്ണി ആ കഥ പറഞ്ഞു...

“ഒന്നും പറയണ്ട ന്റെ ഷ്ടാ... താനെ സ്റ്റേഷനില് നാലാമത്തെ പ്ലാറ്റ്ഫോമില് ഞാൻ ചെന്ന് നോക്ക്യപ്പോ, ആകെ തെരക്ക്.. നോക്യപ്പോ, തൊട്ട് മുമ്പില് കയ്യില് മംഗളം പിടിച്ച് ദാ നിക്കണൂ ഒരു തെണ്ടി. അവനോട് ഞാൻ ചോദിച്ചൂ, ഈ ടിറ്റ്-വാല വണ്ടി എവട്യാ വരാ? അപ്പോ അവൻ പറഞ്ഞൂ, ഈ വരണത് 8.52 ന്റെ ടിറ്റ്-വാല വണ്ഡ്യാന്ന്. ഹായ്.. ഒന്നൂല്യങ്കിലും അവൻ ഒരു മലയാളിയല്ലേ.. അവൻ പറയണത് ശരിയാവുംന്ന് കര്തി ഞാൻ. അവന്റെ കൂടെ ഞാനും കേറി.. നോക്യപ്പോ മുടിഞ്ഞ തെരക്ക്.. പിന്നെ അവനെ കണ്ട് ല്യ..  നേരം കൊറേ കഴിഞ്ഞിട്ടും നിങ്ങള് പറയണ കല്യാണോ.. ഷഹാഡോ ഒന്നും വന്ന് ല്യ.. എടക്ക് ചെല സ്റ്റേഷനില് ആൾക്കാരൊക്ക എറങ്ങ്ണൂ, വേറെ അത്രേം ആൾക്കാര് ചാടിക്കേറ്ണൂ .. ഒരു സൈഡില് ഒതുങ്ങി നിന്ന നമ്മെളെ ഇട്ട് ആൾക്കാര് പന്ത് കളിക്കന്നെ.. തെരക്ക് കൊറയണൂ, കൂട്ണൂ.  നോക്യപ്പോ,  ഘാട്കോപ്പറും കുർളഎം  ഒക്കെ മൂന്നും നാലും വട്ടം വന്നു. അവസാനം ഒരു രണ്ടു മൂന്ന് മണിക്കൂറ് കഴിഞ്ഞിട്ടും ആ സ്റ്റേഷനൊന്നും ഞാൻ കണ്ട് ല്യ.. പിന്നെ ഭാഗ്യത്തിന് തെരക്ക് ഇത്ത് രി കൊറഞ്ഞപ്പോ, കാഞ്ചൂർ മാർഗ് കണ്ടപ്പോ ഞാൻ ചാടി എറങ്ങി, ദാ ഇവടെ വന്നിരുന്നു.”

“ഒരു കാര്യം ഞാൻ പഠിച്ചൂ .. മലയാളിയോട് ഒരു സഹായം ചോദിക്കരുത്.. തെക്കോട്ട് വഴി ചോദിച്ചാ അവൻ വടക്കോട്ട് വിടും എന്ന് പ്പോ മനസ്സിലായി.”

തെറ്റ് മംഗളം വായനക്കാരനായ പാവം മലയാളിയുടെയോ സണ്ണിയുടേതോ ആയിരുന്നില്ല. ഇരുതല മൂരികളായ  ലോക്കൽ ട്രെയിനുകൾ  പൊതുവെ അറിയപ്പെടുന്നത് അവയുടെ ലക്ഷ്യസ്ഥാനത്തേക്കാൾ അവ വരുന്ന സ്ഥലം അടയാളപ്പെടുത്തിയാണ് എന്നതിനാലാണ്.  താനെയിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾ ഒറ്റ പ്ലാറ്റ്‌ഫോമിന്റെ ഇടതും വലതുമായാണ്. താനെ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ കല്യാൺ ഭാഗത്തേക്കുള്ള ട്രെയിനുകൾ വന്ന് ടിറ്റ്-വാല പോലുള്ള ലക്ഷ്യ സ്ഥാനത്തേക്ക് പോകും. തൊട്ടപ്പുറത്തെ അഞ്ചാം പ്ലാറ്റ് ഫോമിൽ നിന്നും, ടിറ്റ്-വാല ഭാഗങ്ങളിൽ നിന്നും വരുന്ന വണ്ടികൾ ബോംബെ വിടി യിലേക്ക് പോകും. താനെയിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾ കൂടിച്ചേർന്നിടത്തേക്ക് ഇറങ്ങിയ സണ്ണി, തൻറെ നേരെ കണ്ട  മലയാളിയോട് ടിറ്റ്-വാല വണ്ടിയെപ്പറ്റി അന്വേഷിച്ചപ്പോൾ, അയാൾ അപ്പോൾ അഞ്ചാം പ്ലാറ്റ് ഫോമിൽ ടിറ്റ്-വാലയിൽ നിന്നും വരുന്ന ബോംബെ വിടിക്ക് പോകുന്ന ടിറ്റ്-വാല വണ്ടിയെപ്പറ്റി പറഞ്ഞു കൊടുത്തു. സണ്ണി നാലിൽ നിന്നും  ടിറ്റ്-വാലയിലേക്ക് കയറേണ്ടതിനു പകരം അഞ്ചിൽ നിന്നും ടിറ്റ്-വാലയിൽ നിന്നും വരുന്ന വണ്ടിയിൽ വി ടി യിലേക്ക് കയറി. സണ്ണി കയറിയ ലോക്കൽ ട്രെയിൻ താനെയിൽ നിന്നും വി ടി യിലും പിന്നീട് തിരിച്ചു സ്ലോ ആയി താനെയിലേക്കും അവിടെ നിന്നും വീണ്ടും വി ടിയിലേക്കും പല തവണ ഓടി...

ഓരോ നഗരത്തിനും ഉണ്ട് ഇത്തരം പ്രത്യേകതകൾ. ബോംബെയിൽ എത്തുന്ന ഓരോ മറുനാട്ടുകാരനും നിത്യേന ഇത്തരം അനേകം പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. പഠിച്ചവരാകട്ടെ, കന്നിയാത്രക്കാരുടെ ഇത്തരം അബദ്ധങ്ങളിൽ രസം കൊണ്ട് ചിരിച്ചു മണ്ണു കപ്പുന്നു.

ഇപ്പോൾ സണ്ണിയും ഞങ്ങളുടെ കൂടെ കൂട്ടച്ചിരിയിൽ കൂടി… “പാവം ശവി, അവനെ ഞാൻ വെർതെ ശപിച്ചു..”

മലയാളികൾ തൽക്കാലം സണ്ണിയുടെ ശാപത്തിൽ നിന്നും മുക്തരായി.

Thursday, June 6, 2019

മുംബൈ ബാച്ചിലർ ജീവിതം- Part 7

മനോരഥമേറിയ എനിക്കു മുമ്പിൽ നിറങ്ങളും മുഖങ്ങളൂം പിടിതരാതെ പുറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.   ബോംബെ നഗരത്തിലെ തീവണ്ടി യാത്രയുടെ പുറം കാഴ്ചകൾക്ക്  നിറം ഒന്നു മാത്രം. ആസ്ബസ്റ്റോസിന്റെ നരച്ച നിറം. ആസ്ബ്സ്റ്റോസ് മേഞ്ഞ കൂരകളുടെ, ചാളുകളുടെ ഇടയിലൂടെയൊഴുകുന്ന ഓടകളിലൂടെ കറുത്ത നരച്ച വെള്ളം ഒഴുകിക്കൊണ്ടിരുന്നു. ബോംബെയിലുള്ള എല്ലാ അഴുക്കു ചാലുകളിലൂടെയും, അവ ചെന്നു ചേരുന്ന വലിയ ഗട്ടർ നദികളിലൂടെയും നിറഭേദമില്ലാതെ അവ വർളിയിലേയും ബാന്ദ്രയിലേയും കടലിടുക്കുകളിലേക്ക് ഒഴുകിയെത്തുന്നു. ബോംബെയുടെ ചൗപ്പാട്ടികളിലും നമുക്ക് കളിക്കാൻ ഇത്തരം നരച്ച വെള്ളം തന്നെ.

ജയന്തി ജനത നഗരം പിന്നിട്ട്, താനെ ക്രീക്കും മുംബ്രാ മലനിരക്കളെയും കടന്ന് ദിവയിലെ കണ്ടലുകൾക്കിടയിലുള്ള വാറ്റിന്റെയും വാഷിന്റെയും ഗന്ധങ്ങളും പേറി കുതിച്ചു. കാഴ്ചകൾ ഒരോന്നായി ശമിച്ചു കൊണ്ടിരുന്നു, കൺ പോളകൾക്ക് കനം വെച്ചു.

ഗണേശൻ വന്ന് വിളിച്ചപ്പോഴാണ് വണ്ടി കല്യാണിലെത്തിയതറിഞ്ഞത്. ബോംബെയിൽ ഗണേശൻ എന്റെ പൂര്‍വ്വഗാമിയാണ്. എനിക്ക് മുമ്പേ നഗരത്തെ അറിഞ്ഞവൻ. എനിക്ക്  ഈ നഗരത്തിലേക്ക് അന്നം തേടിയെത്താൻ പ്രേരണയായവൻ. അവന്റെ കുടുംബം മൂന്ന് പതിറ്റാണ്ടായി ബോംബെ നഗരത്തിലേക്ക് കുടിയേറിയിട്ട്. അച്ഛനുമൊപ്പം എത്തിയ അമ്മ. കുടിയേറ്റക്കാരുടെ രംഗഭൂമിയായ ഉൽഹാസ് നഗറിലെ ഒന്നാം നമ്പർ ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഷഹാഡിലെ ഒരു ബാരക്കിൽ ഭർത്താവിനെ വേർപിരിയേണ്ടി വന്ന ഒരവസ്ഥയിൽ കൂടപ്പിറപ്പുകളെക്കൂട്ടി ജീവിതം കരുപ്പിടിപ്പിച്ചവർ. ബോംബെയിലുള്ള അമ്മയിൽ നിന്നും വേർപിരിഞ്ഞ് തൃപ്രയാറിലെ അമ്മമ്മയോടൊപ്പം വിദ്യാഭ്യാസകാലം മുമ്പോട്ട് നീക്കുമ്പോൾ തന്നെ അവനെ സംബന്ധിച്ചിടത്തോളം ബോംബെയെ അവൻ മനസാ വരിച്ചു കഴിഞ്ഞിരുന്നു. ഹിന്ദി സിനിമകളേയും സിനിമാഗാനങ്ങളെയും നെഞ്ചിലേറ്റി ക്ലാസിലെ ഇടവേളകളിൽ, പിൻ ബഞ്ചിൽ തലേന്ന് കണ്ട സിനിമയിലെ ഡലലോഗുകളും, റേഡിയോയിൽ കേട്ട ഗാനങ്ങളും ക്ളാസിലെ സഹപാഠികൾക്കായി യഥേഷ്ടം പുനരാവിഷ്കരിച്ചിരുന്ന മൂവർ സംഘത്തെ നയിച്ചിരുന്നതവനായിരുന്നു. ഫസ്റ്റ് ക്ലാസോടെ കോളേജിൽ ചേർന്ന ഗണേശൻ എനിക്ക് ആരാധ്യനായത് പെട്ടെന്നായിരുന്നു.  കണ്ണട വെച്ച് ക്ലാസിലെത്തിയിരുന്ന അപൂർവ്വം ഗ്ളാമർ നായകരിലൊരാളായിരുന്നു അവൻ.  എവരെയും ആകർഷിക്കുന്ന വ്യക്ത്വിത്വത്താലും സംഭാഷണ ചാതുരികൊണ്ടും ക്ലാസിലെ ഭൂരിഭാഗവും അവന്റെ മിത്രങ്ങളായിക്കഴിഞ്ഞിരുന്നു. എന്റെ ബോംബെ ജീവിതത്തിലെ മറ്റൊരു വഴികാട്ടിയും തണൽ മരവും.

ബി കോം ബിരുദധാരികളായി ബോംബെയിൽ എത്തിയ ഞങ്ങളിൽ ഞാനായിരുന്നല്ലോ ആദ്യം ജോലി കണ്ടെത്തിയത്. അവനാകട്ടെ അതിനു ശേഷം എന്നെത്തേടിയെത്തിയ  ബോംബെ ഓയിൽ മില്ലിലെ ജോലിയുമായി ഒരു വർഷക്കാലത്തോളം മുമ്പോട്ടു പോയി. അക്കൗണ്ട്സ് ജോലിയിലേക്കുള്ള വാതിലുകൾ കണ്ടെത്താൻ വിഷമിച്ച നാളുകളിൽ നവകേതന്റെ ഓഡിറ്റർ ജസൂജയുടെ ഓഫീസിൽ അവനൊരു ജോലി സംഘടിപ്പിച്ചു. ഓഡിറ്റ് സ്റ്റാഫ് ആയി കണക്കുകൾ ചെക്ക് ചെയ്യാനായി വിവിധ കമ്പനികളിലേക്ക് പോകണം. "Auditor is a watchdog, not a bloodhound" എന്ന വചനം മനസ്സിൽ ധ്യാനിച്ച് , ശമ്പളത്തിലെ സാമ്പത്തികം നോക്കാതെ ജോലിക്ക് ചേർന്നു. ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഓഡിറ്റിംഗിനായി പൂനെ പോലുള്ള നഗരങ്ങളിലേക്ക് പലപ്പോഴും പോകെണ്ടി വരും. യാത്രകളും  വീട് വിട്ടുള്ള പൊറുതിയും അവനിഷ്ടമാണ്, അവനു ഇഷ്ടപ്പെട്ട ജോലി കിട്ടിയ സന്തോഷം.  മലയാളിയായ കൈമളും അവിടെ പാർട്ട്ണർ ആയി ഉണ്ട്. ജോലിയിലെ ആദ്യനാളുകളിൽ പിഷാരോടി സാറുമായി സൈദ്ധാന്തികമായ തർക്കങ്ങളിൽ ഏർപ്പെടുമ്പോൾ പലപ്പോഴും എന്റെ ശബ്ദം ക്രമാതീതമായി ഉയരുമ്പോൾ കൈമൾ എന്നെ ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ നീ ബഹുമാനിക്കണം. മറുത്തൊന്നും പറയാതെ ആ ഉപദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴും അറിയാതെ വീണ്ടും എന്റെ ശബ്ദം ഉയർന്നിരുന്നെന്ന് ഞാനറിഞ്ഞത് ഗണേശൻ അന്ന് യാത്രക്കിടയിൽ വീണ്ടും കൈമൾക്ക് വേണ്ടി ഉപദേശിച്ചപ്പോളാണ്.

ജയന്തി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നു. ഞങ്ങൾ തൈരു സാതം, വറവു സാതം എന്നിങ്ങനെയുള്ള പാഥേയങ്ങളിൽ വിശപ്പടക്കി. മഴ കഴിഞ്ഞ കാലത്തുള്ള പുറം കാഴ്ചകൾ മനോഹരമാണ്. ആന്ധ്രയിലെ നോക്കെത്താ ദൂരം വരെ നീണ്ടുകിടക്കുന്ന സമതലഭൂമിയിൽ സൂര്യകാന്തിയുടെ മഞ്ഞപ്പട്ടുടുത്തുകിടക്കുന്ന കന്യകമാർ ഞങ്ങളെ വീണ്ടും മനോരഥത്തിലേക്ക് കൈപിടിച്ചാനയിച്ചു.
രാത്രിയിലെ താളാത്മകമായ സുഖനിദ്രക്കുശേഷം, മൂന്നാം ദിവസം രാവിലെ ഞങ്ങൾ തൃശൂരിലിറങ്ങി. ആദ്യ യാത്രയിൽ സ്വീകരിക്കാനായി ഗണേശനെക്കാത്ത് ആളുണ്ടായിരുന്നു. ഞാനാകട്ടെ ഒറ്റക്ക് കെ എസ് ആർ ടി സി വഴി പെരിന്തൽമണ്ണക്കും തിരിച്ചു. നാട്ടിൽ ഓട്ടൊ ഓടിത്തുടങ്ങിയിരിക്കുന്നു.

കണ്ണനിവാസിലെത്തി. മുത്തശ്ശി ഉമ്മറത്ത്  കാത്തിരിക്കുന്നു.  യാത്രാക്ഷീണമകറ്റാൻ ഒരു തേച്ചു കുളി, നാലുകെട്ടിലെ കുളത്തിൽ മുങ്ങിക്കുളി. അടുക്കളയിലെ കൂട്ടിൽ വെളിച്ചെണ്ണ സ്ഥാനം തെറ്റാതിരിക്കുന്നു. തോർത്തു മുണ്ട് ഉമ്മറത്തെ അയക്കോലിൽ. സോപ്പ് കുളക്കടവിൽ . ഒന്നരക്കൊല്ലത്തിനു ശേഷവും രീതികൾക്ക് മാറ്റമില്ല. കുളം നിറഞ്ഞു കിടക്കുന്നു. തിരുമ്പു് കല്ലിൽ കാൽ വെള്ളത്തിലിട്ട് കുറച്ചു നേരം അങ്ങിനെയിരുന്നു.
കുളത്തിൽ തെളിഞ്ഞ നീലാകാശത്ത്  പോയ് മറയുന്ന പാണ്ടിമേഘങ്ങൾ ഇടക്കും തലക്കുമായി ഓരോ തുള്ളികൾ തളിക്കുന്നു, അവ വീഴുന്നിടത്ത് വെള്ളം വൃത്തങ്ങൾ തീർക്കുന്നു, കാഴ്ചകളെ അലോസരപ്പെടുത്തുന്നു. കാലിൽ പരൽമീനുകൾ വന്ന് ചളിയും ചെകിളയും കൊത്തിത്തിന്നുന്നു. അപ്പോൾ  കാഴ്ചകൾ വീണ്ടും മറ്റൊരു ജലരാശിയിൽ തെളിയുകയായി, കുളത്തിൽ മുങ്ങാങ്കുഴിയിട്ട് ഒളിച്ചു കളിച്ച കാലം. വൈകീട്ട് അഞ്ചു മണിക്കു തുടങ്ങുന്ന കസർത്തുകൾ  അച്ഛന്റെ ചൂരൽ കണ്ട് അവസാനിപ്പിക്കുന്ന കാലം.

ഇന്ന് അച്ഛന്റെ അടി പേടിക്കാതെ കുളിച്ചു കയറി. അന്നത്ത ദിനം, ബാല്യകാലസുഹൃത്ത് വിജയനുമൊത്ത്  2 വർഷത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കാനായി മാറ്റി വെച്ചു. നാലുകെട്ടിലെ തെക്കിണിമുകളിൽ ഞങ്ങൾ വീണ്ടും, പുലരുവോളം പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി ഒത്തു കൂടി. മുത്തശ്ശിക്കഥകൾ  കേട്ട് ഉറങ്ങിയിരുന്ന ബാല്യത്തിൽ നിന്നും കഥകൾ പറഞ്ഞുറക്കമൊഴിക്കുന്ന വാല്യക്കാരിലേക്ക് ഞങ്ങൾ വളർന്നിരിക്കുന്നു. അതെ ഞങ്ങളോടൊപ്പം ഞങ്ങളുടെ തലമുറയും വളർന്നു വരുന്നു.

ഗണേശനോട് പറഞ്ഞുറപ്പിച്ച പ്രകാരം മൂന്നം നാൾ തൃപ്രയാറിലേക്ക്. അവിടെ നിന്നും എസ് എൻ പുരത്ത് വിനയന്റെ വീട്ടിലെക്ക് സന്ദർശനം. പിറ്റേന്ന് ആലത്തൂരിൽ കേശവന്റെ വീട്ടിലേക്ക്. തിരിച്ച് വീണ്ടും ഓണത്തിനും മുമ്പ് ചെറുകരക്ക്.

ശോഭ പ്രീഡിഗ്രി കഴിഞ്ഞ് ഒലിങ്കരയിലുള്ള ELCERA യിൽ ജോലിക്കു കയറിയിരിക്കുന്നു. നാട്ടിലെ കുറെ ചെറുപ്പകാർക്ക് അവിടെ ജോലി കിട്ടിയിട്ടൂണ്ട്. രാജമന്ദിരത്തിലെ ഉഷയും കൂടെയുണ്ട്. വരുന്ന വഴിക്ക്പത്തായപ്പുരയിൽ നളിനിയോപ്പോളെ വർഷങ്ങൾക്ക് ശേഷം കണ്ടു. രഘു ബി എസ് സി ഒരു പേപ്പർ എഴുതിയെടുക്കാനായി ഇരിക്കുന്നു. മിനി ബി എസ് സി കഴിഞ്ഞു എം എസ് സിക്ക് ചേരാനായി ശ്രമം. കുട്ടൻ അമ്പാടിയിൽ സ്ഥിരം. കണ്ടിട്ട് കുറെ നാളായിരിക്കുന്നു.

നാലു വർഷത്തിനു ശേഷം ഓണം നാട്ടിൽ. മഴയൊഴിയാത്ത   ഓണത്തിന്റെ പൊലിമക്ക് മങ്ങലേറ്റിരിക്കുന്നു. കിഴക്കെ പത്തായപ്പുരയിലെ രമേശേട്ടന്റെ മകൻ മനോജിനെ കണ്ടു. മനോജുമായി നാട്ടു വിശേഷങ്ങളും, അതിലേറെ ലോക വിശേഷങ്ങളും സംസാരിച്ചിരുന്നു. അന്ന് ഞാൻ കുറിചുവെച്ച അഭിപ്രായം,  സംഭാഷണ പ്രിയൻ, പ്രായത്തിലും പക്വതയുള്ള വ്യക്തിത്വം എന്നായിരുന്നു. ഒരു ബോർഡ് ചെസ്സ് കളിച്ചു.

നാട്ടിലെത്തി ആദ്യത്തെ സിനിമ, പത്മരാജന്റെ തൂവാനത്തുമ്പികൾ കണ്ടു.  മലയാള സിനിമകൾ കാണാൻ നാട്ടിലെത്തണമെന്ന അവസ്ഥയിൽ കഴിയുന്നത്ര കാണുക എന്നതാണ് അന്നത്തെ രീതി.

വീണ്ടും തൃപ്രയാറിലേക്കെത്തി, തേവരെക്കണ്ട്, ഗണേശന്റെ കൂടെ ഗിരീശനെ കാണായി പോയി. ഗിരീശൻ മെഡിക്കൽ റെപ്. മുൻകാല ദിനങ്ങളുടെ അയവിറക്കലിനു ശേഷം അവനെ ജോലിക്ക് വിട്ട് ഞങ്ങൾ ഏത്തായിൽ ക്ലാസ്മേറ്റ് അശോകന്റെ വീട്ടിലേക്കെത്തി. എം. കോം. മുഴുമിക്കാതെ നടക്കുന്നു. വഞ്ചിയിൽ അവന്റെ വീട്ടിലേക്ക് കടത്ത് കടന്ന്, കടപ്പുറത്തുകാരുടെ മീനും കൂട്ടിയൊരു ഊണ് തരാക്കി, പ്രദീപിനെത്തേടി അഞ്ചാം കല്ലിൽ. കണ്ണപ്പനെക്കൊണ്ടും ഗിരീശനെക്കൊണ്ടും പാട്ടുകൾ പാടി കേൾപ്പിച്ച്, രാത്രി മറ്റൊരു സിനിമ കൂടെ കണ്ടു, ഋതുഭേദം.

ഋതുക്കൾ മാറുന്നു. ഞാൻ തിരുവേഗ്ഗപ്പുറയിലും, ഞാങ്ങാട്ടിരിയിലും, വട്ടേനാട്ടും തിരിച്ച് വീണ്ടും തൃപ്രയാറും കറങ്ങിയപ്പോഴെക്കും ലീവവസാനിച്ചു. വീണ്ടുമൊരു കാഴ്ചക്കായി ചുരുങ്ങിയത് ഒരു വർഷം. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി വീണ്ടും ജയന്തിയിൽ ഗണേശനുമൊത്ത്  ബോംബെക്ക് വണ്ടി കയറി.

യാത്രയിൽ പണം കൊടുത്തു കുപ്പിവെള്ളം വാങ്ങാൻ കിട്ടുന്നതിനും മുമ്പുള്ള കാലഘട്ടം. വഴിയിലെ സ്റ്റേഷനുകളിൽ നിന്ന് അതാത് നാട്ടിലെ നദീജല സംഭരണികളിൽ നിന്നും എത്തുന്ന പൈപ് വെളളത്തിൽ ദാഹം മാറ്റിയിരുന്ന കാലം. ജലത്തിൻ്റെ ഇഷ്ടമില്ലാത്ത രുചിഭേദങ്ങൾ. അവയെ മറികടക്കാൻ ഞങ്ങൾ ചെറുനാരങ്ങകളും ഉപ്പും കൈയ്യിൽ കരുതി. രണ്ടാം ദിനം ഉച്ചക്ക് ഊണ് കഴിഞ്ഞു വെള്ളം കുടിക്കാൻ നേരം ഉപ്പ് കഴിഞ്ഞപ്പോൾ ഗുണ്ടക്കലിൽ ഗണേശൻ  സ്റ്റേഷനിലെ കാന്റീൻ നോക്കിപ്പുറപ്പെട്ടിറങ്ങി. നിമിഷങ്ങൾക്കകം വണ്ടി നീങ്ങിത്തുടങ്ങി. ബോഗികൾ തമ്മിൽ പരസ്പരം ബന്ധിക്കാത്ത അക്കാലത്ത് മറ്റൊരു ബോഗിയിൽ കയറി ഇവിടേക്ക് വരാനും നിവൃത്തിയില്ല. വണ്ടിക്ക് ഇപ്പോൾ വേഗം വെച്ചിരിക്കുന്നു. അവൻ ജയന്തിയിൽ  കയറിയോ, അതോ വണ്ടി പോയതറിയാതെ ഗുണ്ടക്കലിലെ കാന്റീനിൽ ഉപ്പിന് വേണ്ടി നിൽക്കുന്നുണ്ടാവുമോ? ആകെ വിഷമിച്ചിരുന്ന എന്നെ  കൂടെയുള്ളവർ ആശ്വസിപ്പിച്ചു. അടുത്ത അരമണിക്കൂറിനുള്ളിൽ ഗുണ്ടക്കലിൽ നിന്ന് ബോംബെക്ക് വേറെയും വണ്ടിയുണ്ട്. അതിൽ കയറിപ്പോരാം. കല്യാണിൽ കാത്ത് നിന്നാൽ മതി. പക്ഷെ നാളെ വെളുക്കും വരെ അന്യോന്യം  ഒരു വിവരവും അറിയാതെ എങ്ങിനെ ഇരിക്കും. ആലോചിച്ച് ഒരെത്തും പിടിയുമില്ലാതായപ്പോൾ ഉറക്കം എന്നെ സാന്ത്വനപ്പെടുത്തി. അര മണിക്കൂറിനു ശേഷം ഏതോ ഒരു സ്റ്റേഷനു മുമ്പായി സിഗ്നലില്ലാതെ കിടന്നപ്പോൾ ഗണേശൻ വീണ്ടും എൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഭാഗ്യത്തിന് പിന്നിലെ ബോഗിയിൽ ഓടിക്കയറിയ അവൻ, ബോഗികൾക്ക് മുകളിലൂടെ ചാടിക്കടന്നു എന്നെ വിവരം ധരിപ്പിക്കാൻ വിദഗ്ദ്ധനായ ഒരുത്തനെ കണ്ടെത്തി വിലപേശുന്നതിനിടയിലാണ് വണ്ടി സിഗ്നലിലെത്തി നിന്നതത്രെ. ഞങ്ങൾ വീണ്ടും യാത്രയുടെ ബാലപാഠങ്ങൾ പഠിച്ചു കൊണ്ടിരുന്നു.

അവയുടെ നേർക്കാഴ്ചയൊരുക്കാനായി വണ്ടി വീണ്ടും ബോംബെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...Sunday, June 2, 2019

മുംബൈ ബാച്ചിലർ ജീവിതം- Part 6


Part - 6


ഇന്ത്യയിൽ കമ്പ്യൂട്ടറിന്റെ ഉദയം കുറിച്ച നാളുകൾ. കാശുള്ളവരിൽ പലരും, ഇല്ലാത്തവർ കടമെടുത്തും, മക്കളെ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ചേർത്തു.


പിഷാരടി സാറിന്റെ മകൻ വിനോദ് കമ്പ്യൂട്ടർ പഠനം കഴിഞ്ഞ് സ്വന്തമായി കമ്പ്യൂട്ടർ ബിസിനസിലേക്ക് കാലെടുത്തു വെക്കുന്ന കാലം. ഞാനാകട്ടെ പരമ്പരാഗത വിദ്യാഭ്യാസവുമായി കമ്പ്യൂട്ടറിന്റെ എ ബി സി ഡി പോലും അറിയാത്ത അധകൃതനും. പിഷാരടി സാർ മൂപ്പരുടെ വർളി ആദർശ് നഗറിലുള്ള വീട്ടിൽ വെച്ച് സമുദായത്തിലെ  യുവാക്കൾക്കായി ഏറ്റവും അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം നൽകാനായി ഒരു ക്ലാസ് സംഘടിപ്പിച്ചു. അതിൽ ഞാനും പങ്കാളിയായി. കമ്പ്യൂട്ടറിനെ കുറിച്ചുള്ള  പ്രാഥമിക പരിജ്ഞാനം, വേഡ് സ്റ്റാർ, ലോട്ടസ് എന്നീ പാക്കേജുകൾ എന്നിവ പഠിപ്പിച്ചു. പഠനം കഴിഞ്ഞു വിനോദ് നടത്തിയ പരീക്ഷയിൽ വിജയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകളും നൽകി. മുമ്പോട്ടുള്ള യാത്രയിൽ ടൈപ്പിംഗ് Higher  കൂടാതെ മറ്റൊരു Additional Qualification കൂടി. ജീവിതത്തിൽ മുന്നേറാമെന്നുള്ളൊരു പ്രത്യാശ കൈവന്നതു പോലെ.പുതുതായി തുടങ്ങിയ ആനന്ദ് റെക്കോർഡിംഗിൽ കമ്പ്യൂട്ടർ വേണമെന്ന് സുനിൽ ആനന്ദിന് ആഗ്രഹം. വിദേശത്തു നിന്നും എം ബി എ കഴിഞ്ഞു വന്ന സുനിലിനു പാശ്ചാത്യ സംസ്കാരത്തോടും പുതിയ സാങ്കേതിക വിദ്യകളോടും പൊതുവെ അഭിനിവേശമുണ്ട്..  കമ്പ്യൂട്ടർ അക്കൗണ്ട്സിൽ എങ്ങിനെ ഉപയോഗിക്കാം എന്നൊന്നും വലിയ പിടിപാടില്ല. അങ്ങിനെയാണ് ഞങ്ങളെല്ലാവരും കൂടെ ഒരു കമ്പ്യൂട്ടർ ഡെമോൺസ്‌ട്രേഷൻ കാണാൻ പോയത്.  കമ്പ്യൂട്ടറിന് 80000 രൂപയാണ് വില. അന്നത്തെ മൂല്യം വെച്ച് നോക്കുമ്പോൾ താങ്ങാനാവാത്ത വില. ലോൺ സംഘടിപ്പിച്ചു തരാമെന്ന് അവർ പറയുന്നു. ദേവ് ആനന്ദിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും കുറച്ച് കൂടി സാവകാശമെടുത്ത് കാര്യങ്ങൾ മനസ്സിലാക്കി വാങ്ങിയാൽ മതിയെന്ന് പറഞ്ഞു.ആനന്ദ് റെക്കോർഡിംഗിൽ മിക്സിങ് സ്റുഡിയോക്കു വേണ്ട പല എക്വിപ്മെന്റ്‌സും എത്താൻ വൈകുന്നു. ബാങ്കിന്റെ നൂലാമാലകൾ കുരുക്കഴിക്കാൻ പാട് പെടുന്നു. ആനന്ദിൽ ദൈനം ദിന അക്കൗണ്ടിംഗ്  കാര്യങ്ങൾ നോക്കാനായി വെച്ചിരുന്ന കല്ലങ്കര രാമചന്ദ്രൻ സി എ പഠിക്കാനായി നാട്ടിലേക്ക് മടങ്ങിയപ്പോൾ മനോജ് എന്ന പുതുമുഖത്തെ വെച്ചു.ശശി നാട്ടിൽ നിന്നും 1987 ഏപ്രിൽ 14 നു രാവിലെ ജയന്തി ജനതയിൽ ദാദറിൽ  എത്തി. കാക്കാനായി തലേ രാത്രി തന്നെ ദാദർ സ്റ്റേഷനിലെത്തി, റൂമിൽ ആകെയുള്ള ടേബിൾ ഫാൻ നാലു പേർക്കും കാറ്റെത്തിച്ചു തരാൻ പാട് പെട്ടു. ഏറ്റവും കൂടുതൽ കാറ്റ് ആവശ്യമുള്ള കേശവൻ ഏറ്റവും നടുക്ക് സ്ഥലം പിടിച്ചു. റൂം ഓണറായ ഞാനും വിനയനും  ഏറ്റവും അറ്റത്തു കട്ടിലിന്മേലും. പുതിയ റൂമിൽ കിടന്നുറങ്ങതിലും സുഖത്തിൽ പ്ലാറ്റ് ഫോമിലെ കൂറ്റൻ Storm ഫാൻ നൽകിയ പ്രചണ്ഡമാരുതനു കീഴെ  സുഖ നിദ്ര തരാക്കി.തൽക്കാലം റൂമിൽ ഒരാൾ കൂടിയതൊന്നും സുരേഷ് ദാദ അറിഞ്ഞില്ലെന്ന് തോന്നുന്നു. എല്ലാവരും ഒരുമിച്ച് ഒരിക്കലും മൂപ്പരുടെ കണ്ണിൽ പെടാതെ നോക്കണം എന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തിരുന്നു.  രാമേട്ടന്റെ കുടുംബം നാട്ടിൽ പോയത് കാരണം ഞങ്ങളുടെ വിരേചനാവശ്യങ്ങൾ തൽക്കാലം അവിടെയാക്കി.ഡെപ്പോസിറ്റ് മുഴുവൻ തീർത്ത് കൊടുത്തതു കാരണം ഇപ്പോൾ മൂപ്പർക്ക് ഞങ്ങളോട് ഒരു മമതയൊക്കെയുണ്ട്. കാരണം മഴക്കാലമായാൽ തുടങ്ങാനിരിക്കുന്ന    മൂപ്പരുടെ പുതിയ ബിസിനെസ്സിനുള്ള മൂലധനം നൽകിയത് ഞങ്ങളാണല്ലോ. അന്ന് വൈകീട്ട് റൂമിൽ വന്ന സെബാസ്റ്റ്യൻ സുരേഷിൻറെ ചരിത്രം ഞങ്ങൾക്ക് വിവരിച്ചു തന്നു. സുരേഷിന് നിലവിൽ രണ്ടു ഭാര്യമാരുണ്ട്. രണ്ടു പേരും താമസം കൂടെ തന്നെ. രണ്ടാൾക്കും താഴത്തെ നിലയിൽ വെവ്വേറെ മുറികൾ. വെപ്പും കുടിയും രണ്ട്. തന്റെ രണ്ടാം ഭാര്യയെ തൽക്കാലം  മുകളിലത്തെ നിലയിലെക്ക് തട്ടിയാണ്‌ ഞങ്ങൾക്കുള്ള റൂമൊരുക്കിത്തന്നത്. അതു കാരണം മുകളിലത്തെ മുറിയിൽ താമസിക്കുന്ന സെബാസ്റ്റ്യന്‌ മുകളിലത്തെ വരാന്തയിലാണ്‌ ഇപ്പോൾ അന്തിയുറക്കം. ഏത് ദാദമാർക്കും ഇത്തരം ചില ദൗർബല്യങ്ങൾ കാണുമെന്ന് ഞങ്ങൾ പഠിച്ച മറ്റൊരു പാഠം.  ആദ്യ ഭാര്യയിൽ മൂന്ന് കുട്ടികൾ. നാട്ടിൽ നിന്നും അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ പാണിഗ്രഹണം ചെയ്ത് കൊണ്ടുവന്നവൾ. കാഴ്ചയിൽ കറുത്ത്, മൂന്ന് പെറ്റു എന്ന് ഇപ്പോഴും പറയിക്കാത്ത ഒരു എണ്ണമൈലി. മക്കൾ എപ്പോഴും മുറ്റത്ത് മണ്ണിൽ കുരങ്ങനുമായി കളിക്കുന്നുണ്ടാവും.രണ്ടാമത്തയാൾ അൽപ സ്വല്പം  പരിഷ്കാരിയായ  ഒരു മറാഠിപെൺകൊടി. അവൾക്കുമുണ്ട് മക്കൾ രണ്ടാളുകൾ. അവളുടെ മക്കളെ പുറത്തേക്കൊന്നും കളിക്കാൻ വിടില്ല, മൂത്ത കുട്ടി സ്‌കൂളിൽ പോകുന്നുമുണ്ട്. ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദാദയെ നേരിൽ കാണുന്നതും അടുത്തിടപഴകുന്നതും. സെബാസ്റ്റ്യനോട് ചോദിച്ചു ദാദ ഞങ്ങളെപ്പറ്റിയൊക്കെ മനസ്സിലാക്കിയിരിക്കുന്നു. എല്ലാവരും വിദ്യാ സമ്പന്നരാണെന്നും, ഞാൻ ദേവ് ആനന്ദിന്റെ കൂടെയാണ് ജോലി ചെയ്യുന്നതെന്നും, ദേവ് സാബുമായി അടുത്ത ബന്ധമുള്ളയാളുമാണെന്നും  മനസ്സിലാക്കിയിട്ടുണ്ട്. അതായിരിക്കണം എന്നോടുള്ള മമതക്കും വിധേയത്വത്തിനും കാരണം. ദാദയോടോ, ഭാര്യമാരോടോ, കുട്ടികളോടോ ഒന്നും ആരും ഒരലോഗ്യത്തിനും പോകരുതെന്ന് കർശന നിർദ്ദേശം എല്ലാവർക്കും   നൽകി.

ബോംബെയിൽ എത്തി ആദ്യത്തെ പിക്നിക്, പിഷാരോടിമാരുടെ കൂടെ. ജീവിതത്തിലാദ്യമായിട്ടാണ്‌ ഇത്തരത്തിലൊരു പിക്നിക്കിൽ പങ്കെടുക്കുന്നത്.  ആരെ മിൽക്ക് കോളനി, അക്‌സാ ബീച്ച് എന്നിവിടങ്ങളിലേക്ക്. ദാദറിൽ നിന്നും രണ്ടു ബസ് ആൾക്കാരുണ്ടായിരുന്നു. ആരെ മിൽക്ക് കോളനിയിലെ പിക്നിക് സ്പോട് ആദ്യത്തെ ഇടം. എപ്രിലിൽ നാലുപുറവും മഞ്ഞണിഞ്ഞു നിൽക്കുന്ന കർണ്ണികാരങ്ങൾക്കു താഴെ ഒഴിഞ്ഞൊരു മൈതാനം,  അവിടെയായിരുന്നു സ്പോർട്ട്സ് പ്ലാൻ ചെയ്തിരുന്നത്. കമലാവതി ടീച്ചർ ഞങ്ങളെ പരിചയപ്പെട്ടു. നയിക്കുന്നത് ആർ പി ഉണ്ണിയേട്ടനും, രഘുവേട്ടനും ഒക്കെയാണ്‌. ടീച്ചർ എല്ലാത്തിനും മുന്നിലുണ്ട്. അജിത്ത്, കുർള രാമചന്ദ്രൻ, സോമൻ എന്നിവർക്കാണ് സ്പോർട്സിന്റെ ചുമതല.  പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞണിപ്പൂവുകളുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന ഞങ്ങൾ ചെറു വാല്യക്കാരുടെ ഗ്രൂപ്പിനെ കമലാവതി ടീച്ചർ എന്തോ പറഞ്ഞു കളിയാക്കി. ബോംബെയിലുള്ള പല ബന്ധുക്കളെയും അടുത്തു പരിചയപ്പെട്ടു.

ജൂൺ മാസമെത്തി, മഴക്കാലമെത്തി, നീണ്ട ഒരിടവേളക്കു ശേഷം ശോഭയുടെ കത്തെത്തി. ശശി പാസായിരിക്കുന്നു. വേഴാമ്പലുകൾ ആനന്ദ നൃത്തം ചവിട്ടി. പാനപാത്രം നിറഞ്ഞൊഴുകി.

ഇപ്പൊൾ ഞങ്ങളുടെ വീട്ടുമുറ്റം ഒരു വാറ്റു ശാലയായി പരിണമിച്ചിരിക്കുന്നു. ശർക്കര ചേർത്ത വാഷിൻറെ മണം അന്തരീക്ഷത്തിലാകെ നിറഞ്ഞു നിന്നു.

രാവിലെ വെള്ളം വരുന്ന 5 മണി മുതൽ വീടുണരുകയായി, ഫാക്ടറിയുണരുകയായി. ആദ്യം വെളളം പിടിക്കാനുള്ള അവകാശം ഞങ്ങൾക്കാണ്. 10 മിനിട്ടിനകം ഞങ്ങളുടെ ഡ്രം നിറയും. പിന്നെ ദാദയുടെ വീട്ടിലേക്ക്. അതു കഴിഞ്ഞാൽ അഞ്ചരയാവുമ്പോഴേക്ക് വാറ്റ് തുടങ്ങുകയായി. റബ്ബർ ട്യൂബ്കളിൽ നിറക്കുന്ന  വാറ്റ് ചാരായം പിന്നീട് കന്നാസുകളിലും മറ്റും പകർന്ന് വിവിധ വാഹകർ വഴി തലച്ചുമടായി പുറത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കും. ഒമ്പത് മണിയാവുമ്പോഴേക്കും ഉത്പാദനപ്രക്രിയയും വിപണനവും വിറ്റു വരവും അവസാനിപ്പിച്ചിരിക്കും. അപ്പോഴേക്കും എല്ലാവരുടെയും കുളി കഴിയുന്ന ഞങ്ങൾക്ക് വീണ്ടും ഡ്രം നിറക്കാൻ അവസരവും ദാദ അറിഞ്ഞനുവദിച്ചിരുന്നു.


നേരത്തെ വന്ന മഴ ജൂലൈ മാസത്തിലൊന്ന്  മാറി നിന്നു. ജൂലൈ മാസം കഴിഞ്ഞു, ആഗസ്റ്റ് എത്തി. മഴ വീണ്ടും കനത്തു. ശശിക്ക് ജോലി കിട്ടി, ആദ്യ ശമ്പളം കിട്ടി. ഫാക്റ്ററിയിൽ ബിസിനസ് തകൃതിയായി നടക്കുന്നു ബിസിനന്റിന്റെ ലാഭം, പണത്തിന്റെ പുളപ്പ് ദാദയുടെ ഒരോ പ്രവൃത്തിയിലും പ്രകടമാണ്‌. ഞങ്ങളുടെ കാര്യത്തിലൊന്നും ഒട്ടും ശ്രദ്ധയില്ല, അല്ലെങ്കിൽ അതിനൊന്നും സമയമില്ല. ഡെപോസിറ്റ് തിരിച്ച് വാങ്ങി വേറോരിടം കണ്ടെത്താനുള്ള പറ്റിയ സമയമാണ്‌. ഒന്ന് മുട്ടിയാലോ എന്ന് മനസ്സ് പറഞ്ഞു. അങ്ങിനെ രണ്ടും കൽപ്പിച്ച് ഒരു ദിവസം രാവിലെ ഒറ്റക്ക് കിട്ടിയപ്പോൾ, വാടക കൊടുത്തുകൊണ്ട് പറഞ്ഞു, ഞങ്ങൾക്ക് വേറൊരു സൗകര്യങ്ങളുള്ള നല്ലൊരു റൂം ശരിയായിട്ടുണ്ട്. ഒരു മാസത്തിനകം റൂം മാറാം. ഡെപോസിറ്റ് കിട്ടിയാൽ നന്നായിരുന്നു.

“അരേ, യെ തോ മെ തും കോ ബോൽനെ വാലാ ഥാ. മുഝെ അപ്ന ധന്താ ബഡാനെ കെ ലിയെ ജഗഹ് ചാഹിയെ. വൊ റൂം മെ ഭീ മെ ധന്താ ശുരൂ കർനെ വാല ഹെ. ബോലോ, കബ് ഖാലി കരോഗെ?

എത് ദാദമാർക്കും കാര്യങ്ങൾ നേരെ ചൊവ്വെ മുഖത്തു നോക്കിപ്പറയുന്നവരെ ബഹുമാനമാണെന്ന് മനസ്സിലായി. ഒട്ടും സംശയിച്ചില്ല. “അഗല മഹിന എക് താരിഖ് കോ”.

പറഞ്ഞു കഴിഞ്ഞപ്പോഴാണ്‌ ഓർത്തത്, ഈശ്വര, എങ്ങോട്ടു പോവും. ഒന്നാം തിയതി ഒഴിയാമെന്ന് വാക്കും കൊടുത്തു പോയി. ഇനി പിന്മാറാൻ യാതൊരു നിവൃത്തിയുമില്ല. ദാദമാർക്ക് കൊടുത്ത വാക്കുകളിൽ പിന്മാറ്റങ്ങൾ കേട്ടറിവില്ല.

വൈകീട്ട് റൂമിൽ അത്താഴച്ചർച്ചയിൽ എല്ലാവരോടും എങ്ങിനെയെങ്കിങ്കിലും, എവിടെയെങ്കിലും ഒരു റൂം അന്വേഷിക്കുവാൻ ആജ്ഞ നൽകി. ആയിടക്കാണ്‌ കേശവന്റെ കമ്പനിയിൽ വരുന്ന പി എഫ് കൺസൾട്ടന്റിന്‌ ഒരു റൂം കാഞ്ചൂർമാർഗിൽ ഉണ്ടെന്നും അവിടത്തെ വാടകക്കാർ ഒഴിയുകയാണെന്നും  അതിന്‌ പുതിയ വാടകക്കാരെ നോക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞത്. അക്കാര്യത്തിൽ ഒന്ന് കാര്യമായി ശ്രമിക്കാൻ കേശവനെ ചട്ടം കെട്ടി. ഇതിനിടയിൽ സുരേന്ദ്രൻ ഒത്തുപോകാനാവതെ പതുക്കെ സ്ഥലം കാലിയാക്കി.

ഇക്കുറി ഓണം സെപ്തംബർ ആദ്യമാണ്‌.. നാട്ടിൽ പോയി വന്നിട്ട് ഒന്നര കൊല്ലം കഴിഞ്ഞു. ഓണത്തിന്‌ വരാമെന്ന് അമ്മക്ക് വാക്കു കൊടുത്തതാണ്‌. ഗണേശൻ നാട്ടിൽ നിന്നും വന്നിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. അവനെന്തായാലും നാട്ടിൽ പോവാൻ തീരുമാനിച്ചിട്ടുണ്ട്. കൂടെ എന്നെയും വിളിച്ചു. ഞാനും സമ്മതിച്ചു. അങ്ങിനെ ആഗസ്റ്റ് അവസാനത്തെക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു.

പോകുന്നതിനു മുമ്പ് പുതിയ റൂം കണ്ടെത്തണം, ഡെപോസിറ്റ് കൊടുക്കണം, ദാദയിൽ നിന്നും ഡെപ്പോസിറ്റ് തിരിച്ചു വാങ്ങണം. ആഗസ്റ്റ് 29 നു മുമ്പ് ഇതെല്ലാം നടക്കുമോ? വാ കീറിയ ദൈവം ഇതിനുമൊരു വഴി കാണിച്ചു തരാതിരിക്കില്ല, എന്ന് സമാധാനിച്ചു.

സമാജത്തിന്റെ വാർഷിക പൊതുയോഗം ആഗസ്റ്റ് 9 ഞായറാഴ്ച മാട്ടുംഗ പോദ്ദാർ കോളേജിലെ സ്ഥിരം വേദിയിൽ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്. സമാജത്തിന്റെ ആദ്യ തിരഞ്ഞെടുപ്പാണ്‌. പ്രസിഡണ്ട്, സെക്രട്ടറി പദങ്ങളിലേക്ക് നോമിനേഷനുകൾ വന്നിട്ടുണ്ട്, അതും ഒന്ന് രണ്ട് ചെറുപ്പക്കാരിൽ നിന്ന്. ഇന്നേ വരെ സമാജം പരിപാടികൾക്കൊന്നും കാര്യമായി പങ്കെടുക്കാത്ത രണ്ടു പേർ നേതൃ നിരയിലെക്ക് കടന്ന് വരാൻ തയ്യാറായത് ഔദ്യോകിക പക്ഷത്തെ ആകെ അങ്കലാപ്പില്ലാക്കിയിട്ടുണ്ടെന്നാണറിഞ്ഞത്. ഒരു വോട്ടെടുപ്പ് വേണ്ടി വന്നാൽ, വോട്ടുകൾ അങ്ങോട്ട് മറിഞ്ഞാൽ എന്താവും സ്ഥിതി. അതു കൊണ്ട് അവരും സ്താനാർഥികളെ നിർത്തി നോമിനേഷനുകൾ സമർപ്പിച്ചു. പക്ഷെ മലപോലെ വന്നത് എലി പോലെ പോയി എന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് ആ രണ്ടു പേരും അന്നേ ദിവസം മീറ്റിംഗിനേ വന്നില്ല. ശ്രീ പി എം പിഷാരോടി എന്ന അപ്പുമ്മാൻ പ്രസിഡണ്ട് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ സെക്രട്ടറി ശ്രീ ആർ പി ഉണ്ണിയേട്ടൻ സ്ഥാനം ഒഴിഞ്ഞു, ആർ പി രഘു പുതിയ സെക്രട്ടറിയായി സ്ഥാനമേറ്റു അതേ വരെ സമാജം പ്രവർത്തനങ്ങളിലേക്ക് കടന്നു വരാതിരുന്ന എ പി വാസുദേവൻ വൈസ് പ്രസിഡണ്ടായി. ട്രഷറർ സ്ഥാനത്തിനു മാറ്റമില്ല, പി എ പിഷാരോടി തന്നെ. എം പി നാരായണനും പി ബി രാമനാഥനുമായിരുന്നു നോമിനേഷൻ കൊടുത്ത ആ രണ്ടു ചെറുപ്പക്കാർ.

അടുത്ത ദിവസം ദേവ് സാബിനെക്കണ്ട് സെപ്തംബറിലെ ലീവ് ശരിയാക്കി. എം കോം പരീക്ഷക്കാണ്‌ പോകുന്നതെന്ന് കള്ളം പറഞ്ഞു. ആരോടും പ്രത്യേക മമതയൊന്നുമില്ലാത്ത ദേവ് സാബിന്‌ പഠിക്കുന്നവരെ ഇഷ്ടമാണ്‌. അതായിരുന്നു ആ കള്ളത്തരത്തിനു പിന്നിൽ. അല്ലാതെ ഒരു മാസം നീണ്ടു നിൽക്കുന്ന ലീവ് കിട്ടാൻ വേറെ വഴികളില്ല. പാർട്ട് ടൈം ഓഫീസ്, ആരതിയിലും പറഞ്ഞുറപ്പിച്ചു. അവിടെ നിന്നും തൽക്കാലം കുറച്ച് അഡ്വാൻസും തരപ്പെടുത്തി.

നാട്ടിലേക്ക് വെറും കൈയോടെ ചെല്ലാൻ പറ്റില്ല. ഓണമാണ്‌. വേണ്ടപ്പെട്ടവർക്കൊക്കെ ഓണപ്പുടവ കൊടുക്കണം. കഴിഞ്ഞ തവണ പോയപ്പോൾ ഒന്നും കൊണ്ടു പോയിരുന്നില്ല. ഇത്തവണ സ്ഥിതിയതല്ല. പാർട്ട് ടൈം അടക്കം രണ്ട് ജോലിയുണ്ട്.  തരക്കേടില്ലാത്ത ശമ്പളമുണ്ട്. ഒറ്റക്ക് റൂമെടുത്ത് നാലഞ്ചു പേരെ കൂടെത്താമസിപ്പിക്കുന്നുണ്ട്. അമ്മക്കും മുത്തശ്ശിക്കും, ശോഭക്കും എന്തായാലും വേണം. ശിന്നക്കുട്ടി അമ്മായിയും കണ്ണനിവാസിലുണ്ടാവും. പിന്നെ പഠിപ്പിച്ച് വലുതാക്കിയ അമ്മിണിയോപ്പോൾക്കും രാഘവമ്മാവനും കൊടുക്കണം. പ്ലാക്കാട്ട് വളപ്പിലെ വാൽസല്യ നിധിയായ മുത്തശ്ശിയെ മറക്കരുത്. ദേവി കല്യാണം കഴിഞ്ഞ് കുട്ടിയായിരിക്കുന്നു. അവളുടെ കുട്ടിയെ ആദ്യമായി കാണുകയാണ്‌. പിന്നെയുമുണ്ട് മോഹങ്ങൾ ചിലതൊക്കെ. അതൊക്കെ മനസ്സിലൊതുക്കി.


നാട്ടിലേക്ക് പോകാനുള്ള ദിനം അടുത്തെത്തി. ഓഫീസിൽ പണികളെല്ലാം ഒരു വിധം തീർത്തു. വലിയ സന്തോഷത്തോടെ ഒഴിഞ്ഞു പോകാൻ അനുവാദം തന്ന സുരേഷ് ദാദയിൽ നിന്നും പിന്നീട് ചലനങ്ങൾ ഒന്നുമില്ല. മുറ്റത്തെ ബിസിനസിൽ വലിയ കുറവൊന്നും കാണുന്നില്ല.

അന്ന് ഗണേശ് ചതുർത്ഥിയായിരുന്നു. ഓഫീസ് മുടക്കം. എല്ലാവരും റൂമിലുണ്ട്. മുറ്റത്തെ തിരക്കൊഴിഞ്ഞപ്പോൾ  രാവിലെത്തന്നെ ദാദയെ കണ്ട് കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു. ഒരു ധൈര്യത്തിന്‌ കൂടെ കേശവനെയും കൂട്ടി. ആലത്തൂർ എസ് എൻ കോളേജിലെ എസ് എഫ് ഐയുടെ ചെയർമാൻ ആയും യൂയൂസി(University Union Councilor) ആയും  രണ്ടു വർഷം ജയിച്ചയാളാണ്‌ കേശവൻ. ഒന്നും രണ്ടും പറയേണ്ടി വന്നാൽ, സംരക്ഷിക്കാനൊരാളു വേണ്ടേ.

ഉഭയചർച്ചകൾക്കൊടുവിൽ ഒരാഴ്ചക്കകം പണം തിരിച്ച് നൽകാമെന്നേറ്റു. ഒന്നാം തിയതി മുതൽ ദിവസേന ആയിരവും രണ്ടായിരവും വെച്ച് തിരിച്ചു തരും. സെപ്തംബറിലെ വാടക ഒഴിവാക്കിത്തന്നു. ഞാൻ നാട്ടിൽ പോകുന്ന കാരണം പണം കേശവന്‌ കൊടുത്താൽ മതിയെന്ന് ഏർപ്പാടാക്കി, കേശവനെ ദാദക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇനി റൂം നേരെയാക്കേണ്ടത് കേശവന്റെ കൂടെ കടമയാണ്‌. അത് ഏകദേശം ശരിയാവുന്ന മട്ടുണ്ട്. പക്ഷെ, കൂടെ കേശവന്റെ കൂടെ ജോലി ചെയ്യുന്ന ഓച്ചിറക്കാരൻ സുരേഷുമുണ്ടാവും. സുരേഷിന്റെ നേതൃത്വത്തിലാണ്‌ റൂം ശരിയാവുന്നത്. തൽക്കാലം മൂപ്പരെക്കൂടെ കൂട്ടുകയല്ലാതെ മറ്റു പോം വഴികളില്ല.

നാട്ടിലേക്കുള്ള ഷോപ്പിംഗ് ഇനിയും ബാക്കി. ശശിയെയും  കൂട്ടി പോയി അവയൊക്കെ വാങ്ങി വന്നു.  തൃപ്രയാറിലെ രാമചന്ദ്രനു ഒരു ഷർട്ടും രാജേശ്വരിക്ക് മഞ്ഞ നിറത്തിലുള്ള ഒരു സൽവാർ കമ്മീസും വാങ്ങി. വൈകീട്ട് എല്ലാവരും കൂടെ ജുഹൂ ബീച്ചിലേക്ക് പോയി. മടക്കം, സാന്താക്രൂസിലുള്ള കുട്ടേട്ടനെയും(വി സി പിഷാരോടി) രാജലക്ഷ്മി ഓപ്പോളെയും സന്ദർശിച്ചു. സിപ്ളയിലെ ഉയർന്ന തസ്തികയിലിരിക്കുമ്പോഴും വലിയവന്റെ തലക്കനമില്ലാത്ത വ്യക്തിത്വം, പെരുമാറ്റം. നമ്മെ നോവിക്കുന്ന ഒരു വാക്കു പോലും ഉതിരാത്ത സംഭാഷണ ശൈലി. ആ വലിയ മനുഷ്യനിൽ നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു. മനസ്സു കൊണ്ട് നമിച്ചു പോയി. ഇപ്പോഴും കുട്ടിക്കാലത്ത് രാജലക്ഷ്മിയോപ്പോൾ കൊൽക്കത്തയിൽ നിന്നും കൊണ്ടുവന്നിരുന്ന രസഗുളയുടെ മാധുര്യമൂറുന്ന സ്വാദ് എന്റെ നാവിലുണ്ട്.നാളെ വീണ്ടും ഒന്നര വർഷത്തിനു ശേഷം നാട്ടിലേക്ക്. നാട്ടിലെക്കു കൊടുക്കാൻ വാങ്ങിയ തുണിത്തരങ്ങൾ എല്ലാവരെയും കാണിച്ചു.   രാത്രിയിലെ അത്താഴച്ചർച്ചയിൽ അർത്ഥം വെച്ചവരെന്നെ കളിയാക്കി. ഈയിടെയായി മനസ്സ് വേണ്ടാത്തതെന്തോക്കെയോ ആഗ്രഹിച്ചു പോകുന്നു.

ഉച്ചക്ക് മൂന്നരക്ക് ജയന്തി ജനത വിടി സ്റ്റേഷനിൽ നിന്നും വിട്ടു.  മനോരഥം തീവണ്ടിയേക്കാൾ  വേഗത്തിൽ പിറകോട്ട് സഞ്ചരിച്ചു. തിരിച്ചും. ശൈശവം, ബാല്യം, കൗമാരം എന്നിവ കടന്ന്  യൗവനത്തിലേക്ക് അതിവേഗത്തിൽ യാത്ര ചെയ്തു. ആ യാത്രയിലിലെ ഓരോ ഇടവേളകളിലും കണ്ടുമുട്ടിയ മുഖങ്ങൾ.. വെളുപ്പിൽ നിന്നും ഹരിതത്തിലേക്കും, ശോണത്തിലേക്കും, പീതത്തിലേക്കും അത് പരിണമിച്ച് കൊണ്ടിരുന്നു.

ജീവിതത്തിലെ കഴ്ചകൾ മാറി മറിയുകയാണ്‌, മുഖങ്ങളുടെ ഛായകൾ മാറുന്നു.

മാറ്റങ്ങൾക്കായി കൊതിച്ച നാളുകൾ..

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 8

സുവർണ്ണക്ഷേത്രം രാജ്യാതിർത്തിയിൽ നിന്നും പോന്ന്,  ഈശ്വരൻ വസിക്കുന്നയിടം എന്നർത്ഥമാക്കുന്ന  ശ്രീ ഹർമന്ദർ സാഹിബിന്റെ രാത്രിക്കാഴ്ചകളിലേക്കായിര...