വർഷം പിന്നിടുന്തോറും സ്‌കൂൾ യാത്രയിലെ സംഘാംഗങ്ങൾ മാറിക്കൊണ്ടിരുന്നു. ഉമ്മർ കോയയും പാലേങ്കിലെ സുരേന്ദ്രനും ഒക്കെ ഒപ്പമായി യാത്ര. പക്ഷെ വർഷാന്ത്യപരീക്ഷകൾക്കായുള്ള യാത്ര അക്കാലങ്ങളിൽ എനിക്കൊരു പേടി സ്വപ്നമായിരുന്നു.
മിക്കവാറും ഞങ്ങൾ കൂട്ടുകാർക്ക് പരീക്ഷകൾ പല സമയങ്ങളിലാവും. മാർച്ച് മാസത്തിലെ കടുത്ത വേനലിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ നട്ടുച്ച സമയത്ത് വെയില് തിളച്ചു കൊണ്ടിരിക്കും. ഉച്ചക്ക് 2 മണിക്ക് പരീക്ഷയെഴുതാൻ ചിലപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഞാൻ മാത്രമാവും സ്‌കൂളിലേക്ക്. ആളൊഴിഞ്ഞ പാടത്ത് കൂടി നട്ടുച്ചക്ക് ഉഷ്ണക്കാറ്റ് വീശിയടിക്കും. ആ കാറ്റ് പാടവക്കിലുള്ള മുളങ്കൂട്ടങ്ങളിൽ നിന്നും ഉതിർന്നു കണ്ടങ്ങളിലേക്ക് വീണ കരിയിലകളെ വാരിയെടുത്ത് ചുഴലികൾ തീർക്കും. അവ സീൽക്കാരത്തോടെ കണ്ടങ്ങളിൽ നിന്നും കണ്ടങ്ങളിലേക്ക് നീങ്ങി ഞാൻ സ്ഥിരം നടക്കുന്ന പാടവരമ്പിനെ ലക്ഷ്യമാക്കി പ്രയാണമാരംഭിക്കും. അപ്പോൾ മനസ്സിൽ, ചുഴലികളിൽ പെട്ട് മേലോട്ട് പൊങ്ങിക്കറങ്ങി ഉടുപുടയില്ലാതെ താഴേക്കു വീണു ഭ്രാന്ത് പിടിച്ച ഉമ്മമാരുടെ കഥകൾ ഇരമ്പൽ കൂട്ടും. പെട്ടെന്ന് ആ ചിന്തകളിൽ നിന്നും മുക്തിനേടി നേരെ വരുന്ന ചുഴലിയിൽ നിന്നും രക്ഷ നേടാനായി എതിർ ദിശയിലേക്ക് മുന്നോട്ട് ആഞ്ഞു കുതിക്കും. വീണ്ടു കീറിയ കണ്ടങ്ങളിൽ നിന്നും കണ്ടങ്ങളിലേക്ക് കൊയ്ത് ബാക്കി വെച്ച കൂർത്ത നെൽച്ചെടികളെ ചവിട്ടിമെതിച്ചു കൊണ്ട് പ്രാണഭയത്തോടെ ഓടിയകലും…
കുറ്റിപ്പുളി എത്തിക്കഴിഞ്ഞാൽ പിന്നെ അല്പം സമാധാനമുണ്ട്. അണക്കെട്ട് പരിസരങ്ങളിൽ പൊതുവെ ഇത്തരം ചുഴലികൾ രൂപപ്പെടാറില്ല. എന്ന് മാത്രമല്ല, ആൾപ്പെരുമാറ്റമുള്ള സ്ഥലവുമാണത്.
വീണ്ടും എന്റെ മനസ്സിൽ ഒരു സ്‌കൂൾ മാറ്റം എന്ന ആഗ്രഹം ശക്തമായി ഇടം പിടിക്കും.
എല്ലാ വർഷവും കൊല്ലപ്പരീക്ഷക്ക് ശേഷം പരക്കാട്ട് യാത്ര നിർബന്ധമാണ്. മാർച്ച് മാസം മുതൽ അങ്ങോട്ടുള്ള യാത്രക്കുള്ള ദിനങ്ങൾ എണ്ണിത്തുടങ്ങും. പക്ഷെ ഇക്കുറി യാത്ര ചെയ്യാൻ നിവൃത്തിയില്ലാതെ അച്ഛൻ വിശ്രമത്തിലാണ്. അങ്ങിനെ ഞങ്ങൾ, ഞാനും ശശിയും ചേർന്ന് ഞങ്ങളൊറ്റക്ക് പോവാൻ തീരുമാനിച്ചു. ഇവിടെ നിന്നും രാവിലത്തെ ജനതയിൽ കയറി തൃശൂർ ശക്തൻ സ്റ്റാൻഡിൽ ഇറങ്ങി, കാഞ്ഞാണി ഭാഗത്തേക്ക് പോവുന്ന ബസ് കയറുകയേ വേണ്ടു. ഇത്രയും നാളത്തെ യാത്രകളിൽ അത് പഠിച്ചിട്ടുണ്ട്. അങ്ങിനെ ആദ്യമായി ഞങ്ങൾ അച്ഛന്റെയോ അമ്മയുടെയോ പിൻബലമില്ലാതെ പരക്കാട്ടെക്ക് യാത്രയായി.
കുന്നപ്പള്ളി വായനശാലയിൽ നിന്നും ജനതയിൽ കയറി. കയറിയ ഉടനെ, ഞങ്ങളുടെ പ്രായം പരിഗണിച്ചാവണം, പുറകിലത്തെ നീളൻ സീറ്റിൽ ഒരാൾ ഒരു അഡ്ജസ്റ്മെന്റ് ഇരിപ്പിടം ശരിയാക്കി തന്നു. അവിടെ ഞാനും ശശിയും ഇരിക്കാതെ ഇരുന്നു.
കണ്ടക്ടർ അടുത്തു വന്നപ്പോൾ രണ്ട് അര ടിക്കറ്റ് തൃശൂർക്ക് എന്ന് പറഞ്ഞതും അയാളൊന്നു തറപ്പിച്ചു നോക്കി. രണ്ട് അര ടിക്കറ്റ് എഴുതാൻ വകുപ്പില്ല, ഒരു ഫുള്ളും ഒരു അരയും എടുക്കണമെന്ന് അയാൾ. തർക്കിക്കാൻ അറിയാത്ത ഞാൻ ഒരു വിഫലശ്രമം നടത്തി. ഞങ്ങൾക്ക് സീറ്റ് തന്നയാൾ ഞങ്ങൾക്ക് വേണ്ടി ഒന്ന് വാദിച്ചു നോക്കി. പക്ഷെ, കണ്ടക്ടർ അയയുന്നില്ല. ഒടുവിൽ അയാൾ പറഞ്ഞ പ്രകാരം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടി വന്നു. അത് വരെ ജനതയെ പൊക്കിക്കൊണ്ട് നടന്നതിന് ഇതാണോ പ്രതിഫലം എന്ന് തോന്നിയ നിമിഷം.
വീണ്ടും കശുമാങ്ങകളും അമ്പലക്കഴകവുമായി ഒരു വെക്കേഷൻ കൂടി കടന്നു പോയി.
കുന്നത്തങ്ങാടി മരിയ ടാക്കീസ് വീണ്ടുമൊരു സിനിമാക്കാലത്തിന് നിറമേകി. രാഘവന്റെ ചെമ്പരത്തി, സംഭവാമി യുഗേ യുഗേ എന്നീ ചിത്രങ്ങൾ അന്ന് കണ്ടവയാണ് എന്നാണ് ഓർമ്മ.
തുടരും....
No comments:
Post a Comment