പുതിയൊരു റിയാലിറ്റി ഷോയുടെ ഒരുക്കങ്ങളിലാണ് ഞങ്ങളുടെ കമ്പനി. സ്ഥിരം നമ്പറുകളായ 'അവിഹിത' Daily Soap വിട്ട് ജനശ്രദ്ധ നേടാനും അതുവഴി TRP(Television Rating Point)ഉം അതിലൂടെ കൂടുതല്‍ പരസ്യവരുമാനവും, SMS എന്ന പുതിയ പശുവിനെ കറന്ന് കമ്പനിയുടെ bottom line കൂട്ടാനും ഉള്ള വിദ്യകളില്‍ ഞങ്ങളും പുറകിലാവരുതല്ലോ.
അതിനു വേണ്ടിയുള്ള ക്രിയേറ്റീവ് ചര്‍ച്ചകളില്‍ പ്രൊഡക്ഷന്‍ ടീം ഒന്നിച്ചിരുന്നൊരു ചര്‍ച്ച നടത്തി. പുതിയ ഐഡിയക്കായ് ഓരോരുത്തരോടും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍... സങ്കോചത്തോടെ ഞാന്‍ ചോദിച്ചു. നമുക്കൊരു അവിഹിത റിയാലിറ്റി ഷോ ആയാലോ?
അവിഹിത റിയാലിറ്റി ഷോയോ? ക്രിയേറ്റീവ് ഹെഡ് മിസ് ഹെഡ് വെയ്റ്റ് പുഛത്തോടെ എന്നെ നോക്കി॥ അവളെ വെറുപ്പിക്കാന്‍ വയ്യാത്ത ടീം അംഗങ്ങളും അതേറ്റു പിടിച്ചു। പക്ഷെ, ബിസിനസ് ഹെഡ് അഹൂജ കൗതുകത്തോടെ എന്നോട് ചോദിച്ചു. യെസ്, ടെല്‍ മി രാഹുല്‍॥ വാട്ട് ീസ് ദാറ്റ്?
സ്വല്‍പ്പം സങ്കോചത്തോടെ ഞാന്‍ പറഞ്ഞു, ഏതു ഭാഷയിലായാലും ശരി, ഇന്ന് വിജയക്കുതിപ്പ് നടത്തുന്ന Daily Soapകളിലെ തീം ഒന്നു മാത്രമാണല്ലോ, അവിഹിതം. ജനങ്ങള്‍ക്ക് മടുക്കാത്ത ഒരേ ഒരു സബ്ജക്റ്റ് അതാണെന്നു തോന്നുന്നു.
'Yes that's a thrilling idea, please develop a good show on this and show me'... അഹൂജ ക്രിയേറ്റീവ് ടീമിനോട് ആജ്ഞ്ഞാപിച്ചു.
... ക്രിയേറ്റീവ് ടീം കാച്ചിക്കുറുക്കിയെടുത്ത 'അവിഹിത റിയാലിറ്റി ഷോ' അഹൂജയും ചാനലും അപ്രൂവ് ചെയ്തു.ലോണാവാലയിലെ ഒരു പൂട്ടിക്കിടന്ന ഫാക്ടറി വാടകക്കെട്ത്ത് ഞങ്ങള്‍ സെറ്റ് പണി തുടങ്ങിക്കഴിഞ്ഞു.. പങ്കെടുക്കുന്ന contstantsനു മുഴുവന്‍ താമസിക്കാനുള്ള സ്ഥലം കൂടി സെറ്റിന്റെ ഭാഗമാണ്. അവരുടെ ഓരോ ചലങ്ങളും camera ഒപ്പിയെടുക്കും. ഒരു real reality show ആണ് ഞങ്ങള്‍ ഒരുക്കുന്നത്.
അതിന്റെ കണക്കുകളുമായി പ്രൊഡക്ഷന്‍ മാനേജരുമായി മല്ലിടുന്ന ദിവസങ്ങള്‍. അതിനിടയില്‍ audition എന്ന recruitment പരിപാടി. അതിനിടയില്‍ suppliersന്റെ ചെക്കിനുള്ള ഫോണ്‍ കോളുകള്‍. ഇതൊക്കെ കഴിഞ്ഞ് വന്നാല്‍ സ്ഥിരം പണികള്‍ പിന്നെയും ബാക്കി. അതൊക്കെ തീര്‍ത്ത് കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോഴേക്കും മണി 10 കഴിഞ്ഞിരിക്കും. ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു മാസമേ ആവുന്നുള്ളു. എല്ലാവരുമായി പരിചയപ്പെട്ടു വരുന്നേയുള്ളു.
അന്ന്, മീഡിയ ബയിംഗില്‍ ജോലി ചെയ്യുന്ന സൂരജിന്റെ ഭാര്യ വന്നപ്പോഴാണ് സമയം 7 1/2 ആയെന്ന് ഞാനറിഞ്ഞത്. അവള്‍ എന്നും വൈകീട്ട് കൃത്യം ഏഴര മണിക്ക് ഓഫീസിലെത്തും. ഇനിയും ചുരുങ്ങിയത് ഒരു രണ്ടു മണിക്കൂറിന്റെ പണിയുണ്ട്.ഒരു ചായകുടിക്കാനായി ഞാന്‍ കാന്റീനിലേക്ക് ചെന്നു. ചായക്കും ഒരു പ്ലെയ്റ്റ് സമോസക്കും ഓര്‍ഡര്‍ കൊടുത്ത് ഇരിക്കുമ്പോഴേക്കും സൂരജും ഭാര്യയും കൂടി എത്തി. അവര്‍ അപ്പുറത്തെ ടേബിളിലിരുന്നു, എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു.
സൂരജിന്റെ കുട്ടിക്ക് ഒന്നര വയസ്സ് പ്രായമേ ഉള്ളു. കമ്പ്യൂട്ടറിലെ ഡെസ്ക്ടോപിലിലെ ഫോട്ടോയില്‍ അവള്‍ ക്യൂട്ട് ആണ്. തുടുത്ത കവിളുകളും, ചുരുണ്ട മുടിയുമുള്ള അവളെ ഞാനെപ്പോഴും കൗതുകത്തോടേ നോക്കാറുണ്ട്. ഓമനത്വം നിറഞ്ഞുനില്‍ക്കുന്ന അവളെക്കാണാന്‍ കൊതിയോടെ ഓടിപ്പോവാതെ ഇവളെന്താണ് ഇവന്റെ പിന്നാലെ രാത്രി 9ഉം 10ഉം വരെ ഇവിടെ ഇരുന്ന് സൊള്ളുന്നതെന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെങ്കിലും നേരിട്ട് ചോദിച്ചിട്ടില്ല. 'How is your baby?' എന്നും മറ്റും പരോക്ഷമായി ചോദിക്കാറുള്ളപ്പോള്‍ 'She is fine' എന്ന് ചിരിച്ചു കൊണ്ടവള്‍ ഉത്തരവും തരാറുണ്ട്.
എന്റെ രണ്ടാമത്തെ മകന്‍ അഖിലിനും രണ്ടു വയസ്സാവുന്നതേയുള്ളു. ഇപ്പോഴും രാത്രി വീട്ടിലെത്തുമ്പോള്‍ അവന്‍ അമ്മയുടെ അമ്മിഞ്ഞയില്‍ തൂങ്ങിക്കിടക്കുകയാവും. ഇവളുടെ മോള്‍ മുലകുടി മാറ്റിയിരിക്കുമോ. ജോലിക്കാരായ അമ്മമാരുടെ കുട്ടികളെ കുപ്പിപ്പാലിലേക്ക് വഴിതിരിക്കുകയല്ലാതെ വേറെന്തു വഴിയെന്നും ഞാന്‍ ചിന്തിച്ചു. അഥവാ മുലകുടി മാറിയെന്നാലും വൈകുന്നേരം വരെ കുട്ടിയെക്കാണാതെ ഇരിക്കുന്ന ഏതൊരമ്മയും ഓടി വീട്ടിലെത്താനല്ലെ ശ്രമിക്കുക. ചിലപ്പോള്‍ കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ കുട്ടി പിറന്നതിനാല്‍ തന്റെ വൈവാഹിക ജീവിതം വേണ്ട പോലെ ആസ്വദിക്കാനായില്ലായിരിക്കാം. അതാവാം ചിലപ്പോള്‍, കുട്ടിയെ മറന്നും ഇവരിങ്ങനെ ഇണക്കിളികളായി നടക്കുന്നത്. നഗരത്തിലെ സാൗകര്യങ്ങളില്ലാത്ത വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന നവദമ്പതികള്‍ പാര്‍ക്കിലും മറ്റും ചെന്നിരുന്ന് സ്വകാര്യത അനുഭവിക്കാറുണ്ടെന്ന് വായിച്ചിട്ടുണ്ട്, ചിലപ്പോള്‍ കണ്ടിട്ടുമുണ്ട്. അങ്ങിനെയുമാവാം.
ഒരു ഒമ്പതു മണിയായാല്‍ ദേവി വിളിക്കും. ഓഫീസില്‍ നിന്നും ഇറങ്ങിയോ എന്നറിയാന്‍. 'എന്താ ഇന്ന് ഇങ്ങോട്ടൊന്നും ഇല്ലേ?' എന്ന സ്ഥിരം ചോദ്യം. താക്കോലെടുക്കാന്‍ മറന്നിട്ടില്ലല്ലോ എന്ന അന്വേഷണവും. രണ്ടു മണിക്കൂര്‍ ട്രെയിന്‍ യാത്രയും കഴിഞ്ഞ് 12 മണിക്കെത്തുമ്പോള്‍ കുട്ടിയ ഉണര്‍ത്താതെ വീട്ടില്‍ കയറാന്‍ എന്നും താക്കോല്‍ കരുതാറുണ്ട്.
സൂരജ് ഇരിക്കുന്നത് എന്റ് സീറ്റിന്റെ എതിര്‍ വശത്താണ്. വൈകുന്നേരം എത്തിയാല്‍ തീറ്റയും കുടിയും സൊള്ളലും കഴിഞ്ഞ് ഒരു പത്തുമണിയോടെ ബൈക്കില്‍ രണ്ടുപേരും കൂടെ കെട്ടിപ്പിടിച്ച് ഉല്ലാസത്തോടെ യാത്രയാവും. പോകുന്ന വഴിക്ക് കണ്ടാല്‍ ഞാനവര്‍ക്ക് 'ഗുഡ്നൈറ്റും' 'സ്വീറ്റ് ഡ്രീംസും' നല്‍കാനും മറക്കാറില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം സൂരജ് ഓഫീസില്‍ വന്നില്ല. അവന്റെ HODയോടു ചോദിച്ചപ്പോള്‍ അന്നു ലീവിലാണെന്നറിഞ്ഞു. എനിക്കാണെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവന്റെ കയ്യില്‍ നിന്നും ഒരു കാര്യം അത്യാവശ്യമായി അറിയുകയും വേണം. അവന്റെ സെല്‍ഫോണില്‍ വിളിച്ചപ്പോള്‍ Out of Range മെസ്സേജ്. ഒടുവില്‍ തപ്പിപിടിച്ച് വീട്ടിലെ നമ്പര്‍ കണ്ടെത്തി, വിളിച്ചു. വിളിച്ചപ്പോള്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ 'ഹലോ' എന്ന് സൂജരിന്റെ ഭാര്യയുടെ കിളിമൊഴി. 'Hello, Nimmi, can I speak to Sooraj? This is Rahul... എന്ന എന്റെ ചോദ്യത്തിനുത്തരം തരാതെ അവള്‍ ഫോണ്‍ താഴെ വെച്ചു.
ഒരു നിമിഷം, എന്തു പറ്റിയെന്നാലോചിക്കുമ്പോഴേക്കും റെസീവറിന്റെ അങ്ങേത്തലക്കല്‍ നിന്നും ഞാനൊരാക്രോശം കേട്ടു. How did he call me by that bitch's name?... പിന്നെ കന്നടയില്‍ നീണ്ടൊരു ശകാര വര്‍ഷവും...
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. എനിക്ക് ഫോണ്‍ നമ്പറെങ്ങാനും തെറ്റിയോ? പിന്നെ, കട്ടു ചെയ്യാതെ അങ്ങേത്തലക്കല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ ചെവി കൂര്‍പ്പിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സൂരജ് ലൈനില്‍ വന്നു. ' Hello Rahul, Sorry, my daughter is not well, that's why I did not come. Yes, tell me, what do you want?'
അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഒന്നും ഞാന്‍ കേട്ടിട്ടില്ലെന്ന മട്ടിലാണ് സൂരജ് എന്നോട് സംസാരിക്കുന്നത്. ഞാനും ഒന്നും അറിഞ്ഞതായി നടിക്കാതെ ഓഫീസ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു.
പിറ്റേന്ന് വൈകീട്ട് audition ന്റെ കണക്കുകള്‍ തീര്‍ത്ത് ഞാന്‍ ഓഫീസിലെത്തിയപ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. സൂരജ് ഓഫീസിലുണ്ട്. ഞാനെന്തെങ്കിലും മനസ്സിലാക്കിയെന്ന ഭാവം ഒട്ടുമില്ലാതെ അവന്‍ പെരുമാറി, തിരിച്ച് ഞാനും. എങ്കിലും ഇടക്കിടെ ഞാന്‍ ഓട്ടക്കണ്ണിട്ട് അവനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഏഴു മണിയായപ്പോള്‍ തന്റെ സെല്‍ ഫോണ്‍ തുറന്ന് സിം കാര്‍ഡ് പതുക്കെ പുറത്തെടുത്തു. പിന്നെ പേഴ്സ് തുറന്ന് അതിന്റെ കള്ളറയില്‍ നിന്നും മറ്റൊരു സിം കാര്‍ഡ് എടുത്ത് അതിലിട്ടു. അന്നു വൈകുന്നേരവും മുടങ്ങാതെ നിമ്മിയെത്തി. അവര്‍ തങ്ങളുടെ reality show എന്നത്തേയും പോലെ തുടര്‍ന്നു. പക്ഷെ അന്ന് ഞാനവളോട് 'how is your baby?' എന്ന് ചോദിച്ചില്ല. ആ ഇണക്കിളികള്‍ എന്നത്തേതും പോലെ 9 മണിയായപ്പോള്‍ ബൈക്കില്‍ കയറി പറന്നുപോയി.
എന്റെ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു. അങ്ങേത്തലക്കല്‍ നിന്നും ദേവിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം 'എവ്ടായ് രുന്നു? രണ്ടു പ്രാവശ്യം വിളിച്ചിട്ടും എന്തേ ഫോണെടുക്കാഞ്ഞത്? 'തെരക്കിലായ് രുന്നു, ഒരു reality show കാണുകയായിരുന്നു, ഇനിയും അരമണിക്കൂറ് കഴിയും' എന്ന് മാത്രം മറുപടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
Reality Show തുടരുന്നു...