1976 ജൂൺ മാസം പിറന്നു. സ്‌കൂൾ തുറന്നു. അപരിചിതത്വത്തിന്റെ വലിയൊരു ഭാണ്ഡവും പേറി ഞാൻ വലപ്പാട് ഹൈസ്‌കൂളിലേക്ക് അതെ സ്‌കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദേട്ടനോപ്പം യാത്രയായി.
ഗോപാലൻ മാസ്റ്ററുടെ 9-Hലേക്കാണ് എന്നെ നയിക്കപ്പെട്ടത്. പൊതുവെ പരിചിതരും സുഹൃത്തുക്കളുമായവർ, രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന സന്തോഷ വേള, അവിടേക്ക് ഞാൻ മാത്രം ആരോടും ചിരിക്കാനറിയാത്തവൻറെ മുഖഭാവവുമായി നടന്നു കയറി. പക്ഷെ എല്ലാ കണ്ണുകളും ഈ അപരിചിതനിലേക്കാണ്. ആ നോട്ടങ്ങളെ എങ്ങിനെ നേരിടണമെന്നറിയാതെ വ്യാകുലപ്പെട്ട് നിൽക്കുമ്പോൾ ആരോ ചിലർ ആദ്യ ബെഞ്ചിൽ തന്നെ സ്ഥലം തന്നു. അവരിൽ ചിലരെങ്കിലും പേര് ചോദിച്ചതിന് മറുപടി ഒറ്റവാക്കിലൊതുക്കി. എവിടെ നിന്നും വന്നുവെന്ന ചോദ്യത്തിനുത്തരം നൽകിയപ്പോൾ അതെവിടെയെന്നും, എന്തിനിവിടെ വന്നുമെന്നുമുള്ള തുടർ ചോദ്യങ്ങളിലേക്ക് അവരെന്നെ കൊണ്ടു പോയി. ചിലപ്പോഴെങ്കിലും ആ ഉത്തരങ്ങളിലെ വള്ളുവനാടൻ സംസാര ശൈലി ക്‌ളാസിൽ ചിരിപടർത്തി.
ക്‌ളാസ് മാസ്റ്റർ ഗോപാലൻ മാഷ് ഈ പുതുമുഖത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇപ്പോഴത്തെ താമസം തൃപ്രയാർ അമ്പലത്തിനടുത്താണെന്നറിഞ്ഞപ്പോൾ ചോദ്യം കൃഷ്ണപ്പിഷാരോടി മാഷിലെക്കെത്തി. മലയാളം പണ്ഡിറ്റ് ആയ കൃഷ്ണമ്മാവൻ പാലക്കാട് നൂറണി ഹൈസ്‌കൂളിൽ നിന്നും വിരമിച്ച് തൃപ്രയാർ ഷാരത്തുണ്ട്. അമ്മിണി ഓപ്പോളുടെ ഭർത്താവ് രാഘവമ്മാവൻറെ വേറൊരു താവഴിയിലുള്ള ജേഷ്ഠ സഹോദരനാണ് അദ്ദേഹം. ഗോപാലൻ മാഷുടെ പൂർവ്വകാല അദ്ധ്യാപകന്റെ ബന്ധു എന്ന നിലയിൽ അദ്ദേഹം എന്നെ പ്രത്യേക പരിഗണയോടെ ഇരുത്തി.
പെരിന്തൽമണ്ണ സ്‌കൂളിനെ അപേക്ഷിച്ച് വലപ്പാട് സ്‌കൂളിന് ഒരു പ്രത്യേകതയുണ്ട്. മറ്റു സ്‌കൂളുകളിലൊക്കെ ബെല്ലടിക്കുന്നത് ഏതെങ്കിലും ലോഹദണ്ടിന്മേലോ പഴയ ഒരു റെയിൽ കഷണത്തിന്മേലോ ആണെങ്കിൽ വലപ്പാട് സ്‌കൂളിൽ അത് ബെൽ ടവറിൽ തൂക്കിയിട്ട ഭീമൻ കുടമണിയിന്മേലാണ്. ആദ്യ ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ ആ പള്ളിമണിയുടെ നീണ്ട നാദം നൽകിയിരുന്ന ആശ്വാസം ചെറുതായിരുന്നില്ല.
വലപ്പാട് ഹൈസ്‌കൂളിലേക്കുള്ള യാത്ര നന്ദേട്ടന്റെയും അദ്ദേഹത്തിന്റെ സഹപാഠിയായ പ്രസാദിന്റെയും കൂടെയാണ്. അന്ന് കാലത്ത് പെരിന്തൽമണ്ണയെ അപേക്ഷിച്ച് ഈ കടലോര ഗ്രാമത്തിലെ വീടുകളും, പറമ്പുകളും, വഴികളും വ്യത്യസ്തമാണ്. പൊതുവെ വേലികെട്ടിത്തിരിച്ച പറമ്പുകളും പുരയിടങ്ങളും വളരെക്കുറവ്. ഓരോ പുരയിടത്തിലൂടെയും പറമ്പുകളിൽ നിന്നും വെളിമ്പുറങ്ങളിലേക്കും വീണ്ടും പുരയിടങ്ങളിലേക്കും നീളുന്ന ചവിട്ടടിപ്പാതകൾ ഞങ്ങളെക്കാത്ത് കിടന്നു. ഓരോ ദിവസവും പ്രസാദ് ഓരോ വഴികളിലൂടെ കൊണ്ട് പോവും. ആ വഴികളൊക്കെ ഹൃദിസ്ഥമാവാൻ ഏകദേശം രണ്ടു മാസമെടുത്തു.
മിക്കവാറും വൈകുന്നേരമുള്ള യാത്രയിലാണ് ഈ യാത്രാ പരീക്ഷണങ്ങൾ. അത് പലപ്പോഴും ഏതെങ്കിലും ഒരു ഭക്ഷ്യ വസ്തു തേടിയാവും. ഇരുമ്പൻ പുളി, പുളി വെണ്ട, ലൂബിക്ക, ചാമ്പക്ക , അയിനിച്ചക്ക, ഞാവല്പഴം തുടങ്ങി അന്നാട്ടിൽ സുലഭമായ കുട്ടികളുടെ ഇഷ്ട വിഭവങ്ങൾ തേടിയുള്ള യാത്ര.
തൃപ്രയാർ അമ്പലത്തിൻറെ തെക്കേ ഭാഗത്തായി വെണ്ണക്കൽ കടവ് റോഡിലൂടെ കയറി കുറച്ചു നടന്നാൽ പടിഞ്ഞാറോട്ട് ഒരു പാടം മുറിച്ചു കടന്ന് ചെല്ലുന്നത് ദാസൻ മേനോനും മാധവമേനോനും താമസിക്കുന്ന വീടിന്നടുത്തേക്കാണ്. മാധവൻമേനോന്റെ മകനാണ് പ്രസാദ്. പൊതുവെ സംസാരപ്രിയനാണ് പ്രസാദ്. അധികം സംസാരിക്കാത്ത ഞാനും നന്ദേട്ടനും പ്രസാദിന്റെ സംസാരത്തിൽ ലയിച്ചു മയങ്ങി സ്‌കൂളിലേക്കുള്ള ദൂരം മറന്ന് നടക്കും.
ഒന്ന് രണ്ടു മാസം പിന്നിട്ടതോടെ ക്‌ളാസിലെ ചുരുക്കം ചിലരുമായി സൗഹൃദം പങ്കുവെച്ച് തുടങ്ങി. ശിവജി, ഹരി, ദാസൻ, ബാലകൃഷ്ണൻ, രംഗൻ, മോഹൻദാസ് തുടങ്ങി വളരെച്ചുരുക്കം പേരോടൊത്ത് മാത്രം. എങ്ങിനെ അവരുമായി സൗഹൃദത്തിലാവണം എന്നെനിക്കറിയില്ലായിരുന്നു. അവരോട് സംസാരിച്ച് ജയിക്കാനുള്ള വാക് ചാതുരി പോരാ, ഉച്ചസമയങ്ങളിൽ അവർ കളിക്കുന്ന കളികളായ മാസ്, പമ്പരം കളി ഇതൊന്നും എനിക്ക് വശമില്ല. അവരുടെ കടാപ്പുറം-തൃശൂർ ഭാഷയിൽ സംസാരിക്കാനറിയാത്ത ഞാനെന്തെങ്കിലും പറഞ്ഞാൽ അത് പലപ്പോഴും പരിഹാസത്തിൽ ചെന്ന് കലാശിക്കും. ഗോപാലൻ മാഷുടെ ഷാരോടി വിളിയെ തുടർന്ന് അവർ 'പിശാരടി' എന്ന് പരിഹാസരൂപേണ എനിക്ക് വിളിപ്പേരിട്ടു.
പെരിന്തൽമണ്ണ സ്‌കൂൾ, കൂട്ടുകാർ, അവരെക്കുറിച്ചുള്ള നഷ്ടബോധം എന്നെ വേട്ടയാടിത്തുടങ്ങി. ഈ സ്‌കൂളും ഇവിടത്തെ സഹപാഠികളുമായി എനിക്ക് ഒത്തുപോവാനാവില്ല എന്ന ചിന്തയിൽ പഠനം പോലും പുറകോട്ടായിത്തുടങ്ങി. പക്ഷെ, ഇതൊക്കെ ആരോട് പറയും...
തുടരും...