Sunday, July 10, 2011

ആശീര്‍വാദം

മുറിയിലെ കൊച്ചുകൊച്ചു കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് രാവിലെ നേരം പോകുന്നതറിയാറില്ല.

ആറുമണിക്ക് പാല്‍ക്കാരന്‍ അയാളെ ഉണര്‍ത്തുന്ന ചുമതല പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. പിന്നീടങ്ങോട്ട് ഒരു പാടു പണികള്‍ ഒന്നര മണിക്കൂറിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അന്നും എല്ലാം കഴിഞ്ഞ് കുളിച്ചെത്തിയപ്പോഴേക്കും സമയം 7 1/2 മണി. ബാക്കി പതിനഞ്ചു മിനിറ്റ് കൂടിയുണ്ട്. അതിനുള്ളില്‍ പ്രാതല്‍ കഴിക്കണം, ഉച്ചഭക്ഷണം പാത്രത്തിലാക്കല്‍, വസ്ത്രം ധരിക്കല്‍ എന്നീ പണികളും ചെയ്യണം.

ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല...

.... ആശീര്‍വാദം വാങ്ങി നമസ്കരിച്ച് നടന്നു നീങ്ങുമ്പോള്‍ എന്തോ ഒന്നു മറന്നതു പോലെ.... ചെയ്യേണ്ടതെന്തോ ചെയ്യാന്‍ ബാക്കി വെച്ചതു പോലെ... അയാള്‍ ആള്‍ക്കൂട്ടതിലാകെ തിരയുകയായിരുന്നു.. അമ്മയുടെ മുഖം സന്തോഷവും ദു:ഖവും കൊണ്ട് നിറഞ്ഞതായയാള്‍ക്ക് തോന്നി..

അപ്പോഴാണയാള്‍ക്ക് ഷര്‍ട്ട് തേച്ചിട്ടില്ലെന്നത് ഓര്‍മ്മ വന്നത്. അയാള്‍ക്കാ ഓര്‍മ്മയോടെ ദേഷ്യം തോന്നി. സ്വപ്നചിന്തകളില്‍ നിന്നും കുതറി മാറി അയാള്‍ ഇസ്തിരിപ്പെട്ടി പ്ലഗില്‍ കുത്തി, ഷര്‍ട്ട് തേച്ചെന്നു വരുത്തി, പ്രാതലകത്താക്കി പുറപ്പെട്ടു.

7 3/4 കഴിഞ്ഞിരിക്കുന്നു. മുറി പൂട്ടി പുറത്തിറങ്ങുമ്പോള്‍ മഴ നനുക്കനെ ചാറുന്നുണ്ട്. അതു വക വെക്കാതെ, കുട നിവര്‍ത്താന്‍ മടിച്ച് അയാള്‍ വേഗത്തില്‍ നടന്നു.

8.04ന്റ് ട്രെയില്‍ പിടിക്കുകയെന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു നിഷ്ഠയാണ്. എന്തോ ഒരു വൈകാരിക ബന്ധം ആ വണ്ടിയുമായയാള്‍ക്കുണ്ട്. അതില്‍ കൂട്ടുകാരായി ആരും തന്നെ ഇല്ല. യാത്രക്കാരെല്ലാം മുഖപരിചയമുള്ളവര്‍ മാത്രം. അവരുമായി വല്ലപ്പോഴും ചിരിച്ചെന്നു വരുത്തിയെങ്കിലായി. എന്നിട്ടും ആ വണ്ടിയില്‍ സ്ഥിരം കമ്പാര്‍ട്ടുമെന്റില്‍ സ്ഥിരം സ്ഥലത്ത് കയറാന്‍ ശ്രമിച്ചു...

അയാള്‍ നടത്തത്തിനു ഒന്നു കൂടി വേഗത കൂട്ടി. വളവു തിരിഞ്ഞ് റോഡിലെ നാലും കൂടിയ വഴിയിലെത്തിയപ്പോള്‍ എതിരെ ഭസ്മക്കുറിയിട്ട മലയാളി പെണ്‍കുട്ടി വരുന്നതു കണ്ടു. ഇന്നേവരെയുള്ള തന്റെ യാത്രകളിലോരോന്നിലും തനിക്കെതിരെ വഴി നടന്നു വന്ന അവരോരോരുത്തരേയും കുറിച്ച് അയാളൊരു നിമിഷം ഓര്‍ത്തു. അവരുടെ മുഖങ്ങള്‍ക്ക് ഏതോ ഒരാവര്‍ത്തന സാദൃശ്യം ഉണ്ടെന്ന് അയാള്‍ക്ക് തോന്നി. ഒരുമാസം മുമ്പു വരെ അയാളും സുഹൃത്തും കൂടിയായിരുന്നു രാവിലെ ജോലിക്ക് പോയിരുന്നത്. അവളും താനുമായി ഒരു കാന്തിക വലയം രൂപപ്പെട്ടു വരുന്നുണ്ടെന്ന് സുഹൃത്ത് തമാശ പറയാറുണ്ടായിരുന്നു. അയാളുടെ വിവാഹം അടുത്തപ്പോളാണ് കൂട്ടുകാരെല്ലാം റൂം മാറിയത്. ഇനി രണ്ടുമാസം ഒറ്റക്ക്.

സ്റ്റേഷനില്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡ് അയാളുടെ വണ്ടിയുടെ വരവിനെ കാണിച്ചു. എത്ര തിരക്കുണ്ടെന്നാലും ആ വണ്ടി ഒരിക്കലും അയാള്‍ ഒഴിവാക്കാറില്ല. ചിലപ്പോള്‍ തൊട്ടു മുമ്പിലുള്ള വണ്ടി തിരക്കില്ലാതെ വരാറുണ്ട്. എന്നാലും ഒരിക്കലുമയാള്‍ അതില്‍ കയറിയിട്ടില്ല.

ലേഡീസ് കമ്പാര്‍ട്ടുമെന്റിന്റെ തൊട്ടുമുമ്പിലുള്ള ബോഗിയിലെ രണ്ടാം ഡോറിലൂടെ വലതു വശത്തേക്ക് കടന്ന് ഉള്ളിലെത്തിയാല്‍ പിന്നെ അയാള്‍ വേറൊരു ലോകത്താണ്. അവിടെ വെച്ചാണ് അയാളുടെ മാനസിക വ്യാപരമത്രയും നടക്കുന്നത്. തീവണ്ടിയും അയാളുടെ മനസ്സും തമ്മിലുള്ള ഈ ബന്ധത്തെ കുറിച്ച് പല വട്ടം ആലോചിച്ചിട്ടുണ്ട്. ഏതോ ഒരദൃശശകതി അയാളെ നിയന്ത്രിക്കുന്നുണ്ടെന്നയാള്‍ക്കു തോന്നി. അവിടെ വെച്ചാണയാള്‍ അവളോടു സംവദിക്കുന്നതും, സ്വപ്നങ്ങള്‍ കാണുന്നതും, പുസ്തകങ്ങള്‍ വായിക്കുന്നതും, സേഠിന്റെ കണക്കുകളിലെ വെള്ളം ചേര്‍ക്കലിനെ പറ്റി തീരുമാനമെടുക്കുന്നതും...

അകലെ വണ്ടി ഒരു ബിന്ദു പോലെ പ്രത്യക്ഷപ്പെട്ടപ്പോഴേക്കും പ്ലറ്റ്ഫോമിലെ ആള്‍ക്കൂട്ടം തയ്യാറെടുത്തു. അയാളും ആള്‍ക്കാരെ തട്ടിമാറ്റി അയാളുടെ സ്ഥിരം സ്ഥാനത്ത് ഉന്നം പിടിച്ച് നില്‍പ്പായി. രണ്ടാം നമ്പര്‍ ഡോറാണ് ലക്ഷ്യം. വണ്ടി പ്ലാറ്റ്ഫോം തൊട്ടതും ഇരച്ചു കയറുന്ന ആള്‍ക്കൂട്ടത്തോടൊപ്പം അയാളും നിമിഷങ്ങള്‍ക്കകം തന്റെ ലക്ഷ്യസ്ഥാനത്തെത്തി. ബാഗ് മുകളിലെ റാക്കില്‍ വെക്കാനായി ശീട്ടുകളി സംഘത്തിലെ ആരെയോ ഏല്‍പ്പിച്ചു. പലപ്പോഴും അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുകയെന്നത് ശ്രമകരമായൊരു ജോലിയാണ്.

കയ്യില്‍ പുസ്തകം തുറന്നു. പെട്ടെന്നാണയാള്‍ തൊട്ടടുത്തു നിന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ഇന്നേവരെ ഈ വണ്ടിയില്‍ കണ്ടിട്ടില്ലാത്തൊരു മദ്ധ്യവയസ്കന്‍. തന്റെ നേരെ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ആ മനുഷ്യന്‍ തന്റെ പത്രവായനയിലേക്ക് തിരിച്ചു പോയി. ആ പുഞ്ചിരി അയാളെ എവിടെയെല്ലാമോ കുത്തി നോവിച്ചു. പുസ്തകം മടക്കി അയാളാ മനുഷ്യനെത്തന്നെ ശ്രദ്ധിച്ചു.

നല്ല ഒത്ത ഉയരം, സ്വല്‍പം കഷണ്ടി ബാധിച്ചെങ്കിലും നരച്ച മുടി വൃത്തിയായി ചീകി വെച്ചിരിക്കുന്നു. മുഖത്ത് ശാന്തഭാവം കളിയാടുന്നു.

ആ മുഖം എവിടെയോ കണ്ടു മറന്ന പോലെ.... അതോ വെറുതെ തോന്നുന്നതോ.... അതോ ഒരുവേള താനിത്രയും കാലം തിരഞ്ഞു നടന്ന മുഖമോ?...

.... അയാള്‍ക്കോര്‍മ്മ വെക്കുമ്പോള്‍ വീട്ടില്‍ അമ്മയും അമ്മമ്മയും മാത്രമാണുണ്ടായിരുന്നത്. ആദ്യമാദ്യം സ്കൂളിലെ കുട്ടികളും അയല്‍പക്കക്കാരും പിറുപിറുക്കുന്നതെന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. പിന്നീടവര്‍ തന്റെ അച്ഛനെ പറ്റി ചോദിച്ചപ്പോള്‍, അയാളമ്മയോടു ചോദിച്ചു. അമ്മ അതിനുത്തരം പറയാതെ നിശബ്ദമായി കരയുക മാതൃം ചെയ്തു.

കുട്ടിക്കാലത്ത് ഉറങ്ങാന്‍ പാട്ടുപാടി അടുത്തു കിടന്ന അമ്മ അയാളുറങ്ങിയെന്നു കരുതി തലോടിക്കൊണ്ട് പിറുപിറുത്തത് ഇപ്പോഴും ഓര്‍മ്മയുണ്ട്.... 'നല്ല ഒത്ത ഉയരേര്‍ന്നു.. നിനക്കും അതു കിട്ടും. ആ മുഖം തന്നെയാണ് നിനക്കും.. സ്വഭാവവും അതു തന്നെ... പക്ഷെ നീ ഒരിക്കലും ഇതെ പോലെ ഒരുത്തിയെ ദു:ഖിപ്പിക്കാനിട വരുത്തരുത്'.

പിന്നീട് പലപ്പോഴും അച്ഛനെപ്പറ്റി ചോദിച്ചപ്പോഴൊക്കെയും അമ്മ മൗനം പാലിക്കുകയെ ചെയ്തിട്ടുള്ളു. വലുതായപ്പോള്‍ നാട്ടുകാര്‍ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ആരാണ് തന്റെ അച്ഛനെന്ന് അവരോട് ചോദിക്കുവാന്‍ എന്തു കൊണ്ടോ ദുരഭിമാനവും നാണക്കേടും സമ്മതിച്ചില്ല.

പഠിത്തം കഴിഞ്ഞതും നാടുവിടണമെന്ന ചിന്ത, നാട്ടുകാരില്‍ നിന്നും മുഖം മറച്ചു പിടിക്കാനുള്ള വ്യഗ്രത, അതയാളെ ഈ നഗരത്തിലെത്തിച്ചു. ഇവിടെ എല്ലാം അപരിചിതര്‍, ആര്‍ക്കും ആരെയും പറ്റി ഏറെ ചോദിക്കാനോ അന്വേഷിക്കാനോ നേരമില്ല. അതിനിടയില്‍ കുറച്ചു സുഹൃത്തുക്കളെ കിട്ടി. ഊരും തറവാടു മഹിമയും അറിയേണ്ടായിരുന്ന ഒരു പറ്റം സുഹൃത്തുക്കള്‍.

അയാളുടെ വിവാഹാലോചനക്കിടയിലും ഈ ചോദ്യം വരേണ്ടയാതിരുന്നു. പക്ഷെ അറിയുന്നൊരു സുഹൃത്തിന്റെ സഹോദരിയാകയാല്‍, അവര്‍ക്കയാളെ പറ്റി മാത്രമറിഞ്ഞാല്‍ മതിയായിരുന്നു.

..... അയാളുടെ മനസ്സ് വീണ്ടും ഇന്നലെ കണ്ട സ്വപ്നത്തിന്റെ പൊരുള്‍ തേടുവാന്‍ തുടങ്ങി. അബോധ മനസ്സ് ഇപ്പോഴും അങ്ങിനെയൊരാള്‍ക്കുള്ള അന്വേഷണം തുടരുന്നുവെന്നോ...

തന്റെ അടുത്തു നില്‍ക്കുന്ന മനുഷ്യന്‍ പത്രവായനയില്‍ മുഴുകിയിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിച്ചാലോ?... അഥവാ ആണെങ്കില്‍ തന്നെ... അയാള്‍ക്ക് തന്നെ മനസ്സിലാകുമോ?... അമ്മയെ പറ്റിയും, തന്റെ ഒരു കൈത്തെറ്റിനെപ്പറ്റിയും ആ മനുഷ്യന്‍ ചിന്തിക്കുന്നുണ്ടാവുമോ.. ആദ്യത്തെ ഇത്തരം അനുഭവങ്ങളെ ആര്‍ക്കെങ്കിലും മറക്കാനാവുമോ... അതോ ആ മനുഷ്യനെ സം ബന്ധിച്ചിടത്തോളം ഇത് അത്തരം കൈത്തെറ്റുകളില്‍ ഒന്നു മാത്രമോ?.... ഓര്‍മ്മിക്കുന്നെങ്കില്‍, തന്റെ ഊഹം ശരിയാണെങ്കില്‍, അദ്ദേഹം തന്റെ അച്ഛനാണെങ്കില്‍?... ആണെങ്കില്‍ തീര്‍ച്ചയായും ആശീര്‍വാദം വാങ്ങണം... അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകണം.... അമ്മക്കപ്പോഴുണ്ടാവുന്ന വികാരം എന്താകുമെന്ന് അയാള്‍ ശങ്കിച്ചു. തന്നെ ഒരു കുട്ടിയുമേല്‍പ്പിച്ച് അനാഥയാക്കി ഉപേക്ഷിച്ച ആ മനുഷ്യനോട് അമ്മക്ക് ദേഷ്യം തോന്നാതിരിക്കുമോ... പൊറുക്കാനാവുമോ...

ഒരു നിമിഷം.. . അയാള്‍ അത്തരം ചിന്തകളില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും വണ്ടി അയാള്‍ക്കിറങ്ങേണ്ട സ്റ്റേഷനെത്തിയിരിക്കുന്നു.... അയാള്‍ വേഗം സൈഡ് സ്റ്റാന്റില്‍ നിന്നും ബാഗെടുത്തു. ആ മനുഷ്യനും ഇറങ്ങേണ്ടത് അവിടെത്തന്നെയാണെന്നതയാളുടെ ചലനങ്ങളില്‍ നിന്നും ഊഹിച്ചു. ഇറങ്ങാന്‍ പുറത്തേക്ക് കടക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും കൂടി. ഏറ്റവും പുറകിലായി നിന്ന അയാളുടെ നേരെ ആ മനുഷ്യന്‍ ഒന്നു കൂടി ചിരിച്ചു..

പെട്ടെന്നാണ് വണ്ടി സ്ഥിരം പ്ലാറ്റ്ഫോമില്‍ നിന്നും മാറി മറുവശത്തെ പ്ലാറ്റ്ഫോമിലേക്ക് തിരിഞ്ഞത്. ഇറങ്ങേണ്ടവര്‍ ദിശ മാറി എതിര്‍വശത്തേക്ക് തിര്‍ക്കിത്തിരക്കി. അവര്‍ മറുഭാഗത്തു നിന്നവരുടെ ഇടയില്‍ കൂടി ഉന്തിയും തള്ളിയും ഇറങ്ങിത്തുടങ്ങി. പിന്നിലായിരുന്ന അയാളും ആ തിരക്കില്‍ അവര്‍ക്കു പിന്നാലെ സകല ശക്തിയും സംഭരിച്ച് വാതില്‍ക്കലേക്ക്കുതിച്ചു. അപ്പോഴേക്കും കയറുന്നവര്‍ ഇരച്ചു കയറ്റം തുടങ്ങിക്കഴിഞ്ഞിരുന്നു. ആ കുത്തൊഴുക്കില്‍ അയാള്‍ പിന്നോക്കം തള്ളപ്പെട്ടു. വാതിലിന്റെ മറുവശത്തെത്തി.... വണ്ടി പതുക്കെ ചലിച്ചു തുടങ്ങി... അയാള്‍ക്ക് ചുറ്റിലും ശാപവാക്കുകളുതിര്‍ത്ത് കുറെ അപരിചിതര്‍ മാത്രം..

വണ്ടി സ്ഥിരം വരുന്ന അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ ആളൊഴിഞ്ഞ ഒരു മെയില്‍ ട്രെയിന്‍ അനാഥമായിക്കിടന്നു. ലോക്കല്‍ ട്രെയിനിപ്പോള്‍ മുന്നോട്ട് വേഗതയോടെ കുതിച്ചു തുടങ്ങി. അയാളുടെ അനാഥത്വം പേറുന്ന ചിന്തകളുമായി.....

ആഗസ്റ്റ് 1991.

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...