Sunday, May 26, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 4


ഒരു സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ, അക്കാലത്ത്, പിന്നീടത് ഡിസ്ട്രിബൂട്ടറുടെയാണ്, എക്സിബിറ്ററുടെയാണ്, ജനങ്ങളുടെയാണ്. അവിടെ പിന്നെ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും യാതൊരു റോളുമില്ല.


ഒരു കാലത്ത് ഹിന്ദി സിനിമാ ലോകം അടക്കി വാണിരുന്ന ദേവ് ആനന്ദിനും പിഷാരടി സാറിനും അറുപത് കഴിഞ്ഞു,  പിഷാരടി സാറിനെ അപേക്ഷിച്ച് കാഴ്ചയിൽ ദേവ് സാബിന് വയസ്സായി. നിത്യഹരിതനായകൻ പേരിൽ മാത്രം ബാക്കി. “ഹരേ രാമ ഹരേ കൃഷ്ണ”ക്കു ശേഷം ഇറങ്ങിയ മറ്റുപടങ്ങളെപ്പോലെ തന്നെ, ഹം നൗ ജവാൻ എന്ന സിനിമക്കും ബോക്സ് ഓഫീസിൽ രക്ഷയുണ്ടായില്ല.  അഭിനയ മോഹവുമായി  ലാഹോറിൽ  നിന്നും ബോംബെയിൽ എത്തിയ ദേവ് ആനന്ദിനു ഇന്ന്  സിനിമ നിർമ്മിക്കുക, സംവിധാനം ചെയ്യുക എന്നതല്ലാതെ വേറെ ദൗത്യങ്ങളില്ല. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്...


ഒരു സിനിമ കഴിയുമ്പോഴേക്കും മറ്റൊരു സിനിമയുടെ കഥ മനസ്സിൽ ഉടലെടുത്തിരിക്കും. അത് പിന്നെ കടലാസിലേക്കു സ്ക്രിപ്റ്റ് ആയി  ഉതിർന്നിറങ്ങുകയായി.


അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് ടൈപ്പ് ചെയ്യാൻ വിശ്വസ്തനായ ഒരാളെ വേണം. കഥ ചോരരുതല്ലോ. അങ്ങിനെയാണ് അസിസ്റ്റന്റ് ഡയറക്ടർ രാകേഷ് ആനന്ദ് പിഷാരോടി സാറിൻറെ ക്യാബിനിൽ എത്തിയത്. ഹം നൗ ജവാനിലെ പ്രൊഡക്ഷൻ പണികളുമായി അതിനകം രാകേഷ് മായി ഞാൻ ചങ്ങാത്തത്തിലായിരുന്നു. എനിക്ക് അത്യാവശ്യം ടൈപിംഗ് അറിയാമെന്ന് രാകേഷിനു മനസ്സിലായി. കണക്കെഴുത്ത് വിട്ട് ഒരാഴ്ച എന്നെ ആ പണി ഏൽപ്പിക്കാനാണ് രാകേഷ് എത്തിയത്. പിഷാരോടി സാർ സമ്മതിച്ചു. പിറ്റേന്ന് ജുഹുവിലെ ഐറിസ് പാർക്കിലെ ബംഗ്ളാവിൽ എത്തണം.  തെറ്റു കൂടാതെ ടൈപ് ചെയ്യാമെന്നാലും വേഗത്തിൽ പറയുന്നത് കേട്ട് ടൈപ് ചെയ്യുക എന്നത് ആദ്യമായാണ്. മനസ്സില്ലാ മനസ്സോടെ സമ്മതിക്കേണ്ടി വന്നു.


Scene 1

ക്യാമറ ഒരു പർവതത്തിന്റെ  ലോങ്ങ് ഷോട്ടിലെ നിശ്ചല ദൃശ്യത്തിൽ നിന്നും  തുടങ്ങുന്നു.   പാൻ ചെയ്ത്, പച്ച പുതച്ചു നിൽക്കുന്ന ഗ്രാമത്തിലേക്ക് സൂം ചെയ്ത് സഞ്ചരിച്ച് ഗ്രാമത്തിലെ ഒരു പൊയ്കയിൽ സ്നാനം ചെയ്തു കൊണ്ടിരിക്കുന്ന ഒരു തരുണിയിലേക്കെത്തന്നു. പിന്നീട് അവളുടെ നിഷ്കളങ്ക മുഖത്തിന്റെ ക്ളോസപ് ഷോട്ടിൽ നിന്നും അത് അവളുടെ ശരീരത്തിന്റെ മാദക ഭംഗി മുഴുവൻ ആസ്വദിച്ച് കാലിലെ പാദസരങ്ങളിലേക്ക് പടരുന്നു...


സീനുകളിൽ നിന്നും സീനുകളിലേക്ക്, ദൃശ്യങ്ങളിൽ നിന്നും ദൃശ്യങ്ങളിലേക്ക് കഥ പരിണമിച്ചു കൊണ്ടിരുന്നു.


ദേവ് ആനന്ദിന്റെ വിവരണം കേട്ട് എന്റെ കൈകൾ ടൈപ് റൈറ്ററിൽ “സച്ചെ കാ ബോൽ ഭല” എന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കുകയാണ്. മനസ്സാകട്ടെ, തന്റെതായ തിരക്കഥാ രചനയിൽ മുഴുകി വേറേതോ ലോകത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരുന്നു.


ടെക്സ്റ്റ് ബുക്ക് പഠനത്തിനപ്പുറം ഒരു ഇംഗ്ലീഷ് നോവൽ പോലും വായിക്കാത്ത ഞാൻ അദ്ദേഹത്തിന്റെ പദസമ്പത്തിലും, വാക്യരചനാ രൂപഭംഗിയിലും ആശ്ചര്യചകിതനായി, മറ്റു ചിലപ്പോൾ അറിവില്ലായ്മയുടെ ആഴക്കടലിൽ , ജൂഹു ബീച്ചിലെ തിരകൾക്കിടയിൽ നീന്താനാറിയാതെ മുങ്ങിത്താഴ്ന്നപ്പോൾ വാത്സല്യത്തോടെ അദ്ദേഹം കൈപിടിച്ച് കയറ്റി.


”ലഡ്കാ സമജ് ദാർ ഹെ. ഹി ഈസ് ഗുഡ് ഇൻ ഇംഗ്ലീഷ്. സ്പീഡ് ഈസ് ആൾസോ ഗുഡ്. വി ക്യാൻ കംപ്ലീറ്റ് ഇൻ എ വീക്ക്”. രാകേഷ് കണ്ടെത്തിയ പുതിയ ടൈപ്പിസ്റ്റിന് സാക്ഷാൽ ദേവ് ആനന്ദിന്റെ പ്രശംസ. മനസ്സ് വീണ്ടും “സച്ചെ കാ ബോൽ ഭലേ” യുടെ തിരക്കഥയിലേക്ക് തിരിച്ചെത്തി.


ജുഹുവിലെ ബംഗ്ളാവിൽ ദേവ് സാബിനെ കൂടാതെ ഭാര്യ മോണ ആനന്ദ് എന്ന ആദ്യ കാല നടി കൽപ്പന കാർത്തിക് ഉണ്ട്, മകൻ സുനിൽ ആനന്ദ് ഉണ്ട്. വലിയ ബംഗ്ളാവിൽ എല്ലാവർക്കും താമസിക്കാൻ വെവ്വേറെ മുറികൾ, യാത്ര ചെയ്യാൻ വേറെ വേറെ കാറുകൾ. പരസ്പരം ആരുമൊന്നും ഉരിയാടാറില്ലെന്ന് മാത്രം. എല്ലാ സംഭാഷണങ്ങളും വേലക്കാരോട് മാത്രം. വലിയവരുടെ ലോകം ആദ്യമായി അടുത്തറിഞ്ഞു.


രാവിലെ മുതൽ വൈകും വരെ, ഒരാഴ്ച നീണ്ട  പ്രയത്നത്തിനൊടുവിൽ ഇംഗ്ലീഷ് സ്ക്രിപ്റ്റ് തയ്യാർ. ഇനി ഡയലോഗ് എഴുത്തുകാരനെ ഏൽപ്പിച്ച് സംഭാഷണം തയ്യാറാക്കികഴിഞ്ഞാൽ പിന്നെ സഹസംവിധായകർ അതിന്റെ സീൻ പ്രകാരമുള്ള  ഷൂട്ടിംഗ് ഫ്ലോ ചാർട്ട് തയ്യാറാക്കിയാൽ, നടീ നടന്മാരെ തിരഞ്ഞെടുത്താൽ,  പിന്നെ ഫ്ലോറിലേക്ക്  യാത്ര. ചിത്രം ഷൂട്ടിംഗ് ഫ്ലോറിലെത്തിയപ്പോഴേക്കും ഞാൻ പുതിയ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ ചുമതലക്കാരനായി ശബ്ദലേഖനത്തിനും മിക്സിംഗിനും ഉള്ള   വിവിധ യന്ത്രങ്ങൾ, പ്രൊജക്ടറുകൾ എന്നിവ  ഇറക്കുമതി ചെയ്യുന്നതിലും മറ്റും മുഴുകി, തിരക്കിലായി.ആന്റോപ് ഹില്ലിലെ താമസം ഓപ്പോളുടെയും ഉണ്ണിയേട്ടന്റെയും കൂടെ അല്ലലില്ലാതെ പൊയ്ക്കൊണ്ടിരുന്നു. അവരുടെ മൂത്ത മകൻ  ഗോപു സീനിയർ കെജിയിൽ പഠിക്കുന്ന കാലം.  നാലു വയസ്സുകാരന്റെ നട്ടപ്രാന്ത് എന്ന് പറയിപ്പിക്കുന്ന വികൃതി. ആ വികൃതി അടിയും ഇടിയുമായി എനിക്കും കിട്ടി കുറേയധികം. അവനൊരു അനുജത്തി, ശ്രീജ പിറന്നു. ഓപ്പോളുടെ പ്രസവം ബോംബെ ഹോസ്പിറ്റലിൽ.


കേരള പിഷാരോടി സമാജം സംഘടനാ പ്രവർത്തനങ്ങൾക്കുള്ള മൂലധനം കണ്ടെത്താനായി, ആതുര സേവന രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ, ധനസമാഹരണം ലക്ഷ്യമിട്ട് കെ പി എ സി യുടെ "വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത്" എന്ന നാടകം ബോംബെയിൽ വന്ന അവസരത്തിൽ ഏറ്റെടുത്ത് ബോംബെ ഷണ്മുഖാനന്ദ ഹാളിൽ പ്രദർശനം സംഘടിപ്പിച്ചു. സി ജി എസ് കോളനിയിൽ വീട് വീടാന്തരം കയറിയിറങ്ങി ടിക്കറ്റു വിൽപ്പന, രാത്രി, നാടകത്തിന്റെ പോസ്റ്റർ ഒട്ടിക്കൽ എന്നീ ജോലികളായിരുന്നു ചെറുപ്പക്കാരായ ഞങ്ങൾക്ക് കിട്ടിയത്. തരക്കേടില്ലാതെ ടിക്കറ്റു വിറ്റെങ്കിലും, ചിലവുകൾ കഴിച്ച്  കാര്യമായ ധനസമാഹരണമൊന്നും അതുകൊണ്ടുണ്ടായില്ല.


സി ജി എസിലെ താമസം രണ്ടു വർഷം പിന്നിടുന്നു. ശമ്പളത്തിലെ നേരിയ വർദ്ധന, ഇനിയും മറ്റൊരാളുടെ തണലിലല്ലാതെ ഒറ്റക്ക് ഒരു ജീവിതം കരുപ്പിടിപ്പിക്കണമെന്ന ചിന്ത, എന്നിവ  മനസ്സിനെ മഥിച്ചപ്പോൾ, വിനയനെ കൂട്ടു പിടിച്ച് കല്യാണിനപ്പുറം ഉൽഹാസ് നഗറിൽ ഒരിടം കണ്ടെത്തി. ഒരു പഞ്ചാബി പയ്യൻ, ബിട്ടു സിങ്ങിന്റെ ചാൾ മുറി. ഒറ്റ  മുറിയിൽ ഒരു  വശത്തായി ചെറിയൊരു മോറി കം ബാത്ത് ഏരിയ  പോലുള്ള സംവിധാനം. ഡെപ്പോസിറ്റ് രണ്ടായിരം. വാടക 200.  അതെ, ബോംബെ ബാച്ചിലർ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വയ്പ്പ്. ജീവിതത്തിന്റെ  മുന്നോട്ടുള്ള പ്രയാണത്തിൽ അമ്മക്കുള്ള മാസ വിഹിതം ഇരട്ടിയാക്കി.


സി ജി എസിൽ നിന്നും ഏകദേശം 50 കിലോമീറ്ററിനപ്പുറം ഉള്ള ഉൽഹാസ് നഗറിലേക്കുള്ള പറിച്ചു നടൽ എന്നെ സംബന്ധിച്ചിടത്തോളം യാത്രാ ക്ലേശം വർദ്ധിപ്പിച്ചു. രാവിലെ 9 മണിക്ക് ഓഫീസിലേക്ക് വീട്ടിൽ നിന്നും ഇറങ്ങിയിരുന്ന ഞാൻ രാവിലെ ഏഴരക്ക് ഇറങ്ങിത്തുടങ്ങി. വൈകീട്ട് ഏഴിന് തിരിച്ചെത്തിയിരുന്നത് എട്ടും ഒമ്പതുമാവുന്നു. തിരിച്ചെത്തി, ഭക്ഷണം തയ്യാറാക്കി കഴിച്ച് കിടക്കുമ്പോഴേക്ക് രാത്രി 11 കഴിഞ്ഞിരിക്കും.  വായനയെ യാത്രാ വേളകളിലേക്ക് മാത്രം ഒതുക്കേണ്ടി വന്നു.

ഉൽഹാസ് നഗർ പാകിസ്ഥാനിൽ നിന്നും വിഭജന കാലത്ത് വന്ന അഭയാര്‍ത്ഥികൾക്കുള്ള ക്യാമ്പാണ്.  അന്നേ വരെ ജീവിതത്തിൽ നേടിയ സർവ്വവും ഉപേക്ഷിച്ച് വന്നവരെ ഇന്ത്യ ഗവണ്മെന്റ് രാജ്യത്തുള്ള ഇത്തരം വിവിധ ക്യാമ്പുകളിലെ ബാരക്കുകളിൽ  കുടിവെച്ചു. പൊതുവെ സിന്ധികൾ എന്നറിയപ്പെടുന്ന അഭയാർത്ഥി സമൂഹം പൊതുവെ കച്ചവടക്കണ്ണുള്ളവരാണ്. അവരവിടെ തങ്ങളുടെ പ്രയത്നത്താൽ പുതിയൊരു ലോകം നിർമ്മിച്ചു. ഉൽഹാസ് നഗർ ക്യാമ്പ് നമ്പർ നാലിൽ സുഭാഷ് തേക്കടിയിലാണ് ഞങ്ങളുടെ ചാൾ മുറി. പൊതുവെയുള്ള ക്യാമ്പിന്റെ അന്തരീക്ഷമല്ലാത്ത ഒരു ഗ്രാമപ്രദേശം. തൊട്ടപ്പുറത്ത് മണക്കുളങ്ങര പിഷാരത്തെ മധു ഒറ്റക്ക്  താമസിക്കുന്നുണ്ട്. അവിടെ കുറച്ചപ്പുറത്തായി ആർ പി ഉണ്ണിയേട്ടനുണ്ട്, വിശ്വനാഥേട്ടനുണ്ട്. വിശ്വനാഥേട്ടന്റെ മരുമകൻ പട്ടിശ്ശേരി രാമനാഥൻ ഇടക്കിടെ റൂമിൽ വരും. ഞങ്ങളുടെ റൂം ഓണർ ബിട്ടുവിന്റെ സുഹൃത്ത് കൂടിയാണ്  രാമനാഥൻ.


നവകേതനിൽ ട്രെയിനീ പോസ്റ്റിൽ രഘു പോയി, കേശവൻ വന്നു. കേശവൻ വിട്ടു, നന്ദു വന്നു. നന്ദു പോയി രാമചന്ദ്രൻ എത്തി. ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോയുടെ  അവസാന പണികൾ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വിവിധ ഹിയറിങ്ങുകൾ അറ്റൻഡ് ചെയ്യുക, വിവിധഗ്രൂപ് കമ്പനികളുടെ ഫൈനലൈസേഷൻ, എന്നിങ്ങനെ തിരക്കു പിടിച്ച ദിനങ്ങൾ. പിഷാരടി സാർ പണികളെല്ലാം നീ തന്നെ നോക്കിയാൽ മതിയെന്ന് പറഞ്ഞു വിശ്രമ മട്ടിൽ നടക്കുന്ന കാലം. ഏകദേശം നാലു മണി കഴിഞ്ഞാൽ ആശാൻ സ്ഥലം വിടും. അതുവരെ ഗൗരവം പൂണ്ട് നിശബ്ദമായിരിക്കുന്ന  നവകേതന്റെ അക്കൗണ്ട്സ് കാബിൻ പിന്നീട് ഉണരുകയായി. രാമേട്ടൻറെ തമാശകൾ, ഞങ്ങളെയോരോരുത്തരെയായി കളിയാക്കലിൽ തുടങ്ങി നവകേതൻറെ പഴംപുരാണങ്ങളിലേക്കും അന്നത്തെ ആശാൻറെ വീര ശൂരപരാക്രമങ്ങളിലേക്കും എത്തി ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തും.  ഓഫിസ് വിട്ട് വൈകീട്ട് സാന്റാക്രൂസ് സ്റേഷനിലെത്തും വരെ അത് തുടരും.


സാന്താക്രൂസിലെ ഹീരാനാറിലെ ഒരു പഴയ ഇരു നിലകെട്ടിടത്തിലാണ് നവകേതൻ ഓഫീസ്. ഓഫീസിലേക്ക് കയറാൻ പിൻഭാഗത്ത് കൂടെ ഒരു മരത്തിന്റെ ഗോവണിയുണ്ട്. അറുപത് പിന്നിട്ട ദേവ് ആനന്ദ് ആ പടികൾ ഓടിക്കയറുന്നത്  ഒരു പ്രത്യേക താളത്തിലാണ്. നടത്തത്തിനുമുണ്ട് ഒരു സ്റ്റൈൽ.  ദേവ് സാബിൻറെ നടത്തത്തിന്റെ താളം അക്കൗണ്ട്സ് കാബിനിലേക്ക് എത്തിയാൽ പിന്നെ എല്ലാവരുടെയും ഹൃദയ താളം ഉണരുകയായി. വിളി എപ്പോൾ വേണമെങ്കിൽ എത്താം. മിക്കവാറും വിളി രാമേട്ടനാവും. അടുത്തത് എനിക്ക്. മിക്കവാറും രാവിലെയാണ് മൂപ്പരുടെ സന്ദർശനം. വൈകുന്നേരമാണ് ഓഫീസിലെത്തുന്നതെങ്കിൽ  അന്ന് വൈകീട്ട് ചില പ്രത്യേക അതിഥികൾ ഉണ്ടെന്ന് അനുമാനിക്കാം. ഗുരു എന്ന പ്രൊഡക്ഷൻ മാനേജർ ശങ്കർ ഓഫിസിൽ തന്നെയാണ് താമസം. വൈകുന്നേരങ്ങളിൽ ആരൊക്കെ വന്നു പോയി എന്ന കഥകൾ പിറ്റേ ദിവസം  വിശേഷണങ്ങളോടെ ഗുരു ഞങ്ങൾക്ക് വിവരിച്ചു തരും.  അറുപതു കഴിഞ്ഞ  പടു യുവത്വത്തിനു  പ്രസിദ്ധി  പ്രദാനം ചെയ്യുന്ന സവിശേഷ ഭാഗ്യങ്ങൾ കേട്ട് ഞങ്ങൾ  അസൂയപ്പെടും.


ഒടുവിൽ ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോ തയ്യാറായി. ആദ്യ റെക്കോർഡിംഗ് നവകേതൻറെ തന്നെ.  സച്ചെ കാ ബോൽ ഭലയുടെ ബാക് ഗ്രൗണ്ട് മ്യൂസിക്. രാമചന്ദ്രനെ അവിടത്തെ ദൈനം ദിന കണക്കുകൾ നോക്കാനും ബില്ലുകൾ ഉണ്ടാക്കാനുമായി പാലി ഹില്ലിലേക്ക് നിയമിച്ചു.


ഉൽഹാസ് നഗറിലെ റൂമിലേക്ക് സുരേന്ദ്രനെന്ന കണ്ണൂർക്കാരൻ കൂടെ അന്തേവാസിയായി കടന്നു വന്നു. സി ജി എസിലെ അയൽവാസി. റൂമിൽ മൂന്നാളായപ്പോൾ, സൗകര്യങ്ങൾ കുറവായപ്പോൾ, അകലം പ്രശ്നമായപ്പൊൾ, ഓഫീസിനടുത്തോരു റൂം നോക്കാമെന്ന ചിന്ത കൂടി വന്നു. ഉള്ളതിൽ തൃപ്തി വരാതെ മനസ്സ് മറ്റൊന്നിലേക്ക്, ഉയരങ്ങളിലേക്ക് നോക്കിക്കൊണ്ടിരിക്കും. നവകേതനിലെ ക്യാമറ അറ്റൻഡന്റ് സെബാസ്ത്യനും രാമേട്ടനും കൂടെ അങ്ങിനെയാണ് കലീനയിൽ ഞങ്ങൾക്കായി ഒരു റൂം കണ്ടെത്തുന്നത്. ചെന്ന് കണ്ടപ്പോൾ വലിയ തെറ്റില്ല എന്ന് തോന്നി, അഡ്വാൻസ് കൊടുത്തു പോന്നു. പിന്നീടാണ് മനസ്സിലായത് അതൊരു കള്ള വാറ്റു കെന്ദ്രത്തിന്റെ ഒത്ത നടുക്കാണെന്ന്.


അതെ, ജീവിതത്തിൽ ചില നിയോഗങ്ങളുണ്ട്. നാമറിയാതെ അവ ചിലയിടങ്ങളിലേക്ക് നമ്മെ കൈപിടിച്ച് കൊണ്ടു പോയിരിക്കും..


ഏത് പ്രതികൂല കാലാവസ്ഥയിലും ജീവിതയാത്ര തുടരാതെ നിവൃത്തിയില്ലല്ലോ.


തുടരും.

No comments: