Saturday, November 19, 2022

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 3

യുദ്ധസ്മാരകവും മന്ദിരസമുച്ചയങ്ങളും


ഖുത്തുബ്ദീൻ ഐബക്കും ഇൽത്തുമിഷും പണിയിച്ച പതിമൂന്നാം നൂറ്റാണ്ടിലെ ആ മിനാരത്തോട് വിടപറഞ്ഞ് പിന്നീടുള്ള ഏഴു പതിറ്റാണ്ടുകളിലായി ഡൽഹിയുടെ അധികാരത്തിനായി വിവിധ കാലഘട്ടങ്ങളിൽ  തേരോട്ടം നടത്തിയ     ഖിൽജി, തുഗ്ലക്, സയ്യിദ്, ലോദി, മുഗൾ, ദുറാനി, മറാത്താ, സിഖ് രാജവംശ പരമ്പരകളുടെ പടകൾ കൊന്നും കൊലവിളിച്ചും ജൈത്ര യാത്ര നടത്തിയ വീഥികളിലൂടെ,  യുദ്ധങ്ങളിൽ പോരാടി മരിച്ചവരുടെ സ്മാരകമായി   നില കൊള്ളുന്ന, ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റ് കാണുവാനായാണ്   ഞങ്ങൾ പോയത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ട് മുമ്പ് ഭരിച്ച  ബ്രിട്ടീഷ് രാജവംശ ഭരണകാലത്ത് ദില്ലിയെ ഔദ്യോകിക തലസ്ഥാനമായി അംഗീകരിച്ച ശേഷം തലസ്ഥാനത്തെ മൊത്തം മോടി കൂട്ടുന്ന സമയത്ത് 1921ൽ, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യത്തോടൊപ്പം പോരാടി മരിച്ച ഇന്ത്യൻ പട്ടാളക്കാരുടെ സ്മരണക്കായി എഡ്വിൻ ല്യൂട്ടനെന്ന വാസ്തുശില്പി പണിയിച്ച 42 മീറ്റർ ഉയരമുള്ള  ഈ സ്മാരകം 1931 ലാണ് പൂർത്തിയായത്. റസീന ഹിൽസിലെ രാഷ്‌ട്രപതി ഭവനു മുന്നിൽ നിന്നും തുടങ്ങുന്ന രാജ് പഥ് (ഇപ്പോഴത്തെ കർത്തവ്യ പഥ്)അവസാനിക്കുന്നത് ഇന്ത്യാ ഗേറ്റിലാണ്.  വർഷം തോറും നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് പലവട്ടം ടി വി യിൽ കണ്ടിട്ടുണ്ടെങ്കിലും ആ പരേഡുകൾ നടക്കുന്ന രാജ പാതയും അതിന്റെ ഒരറ്റത്തായി തലയുയർത്തി നിൽക്കുന്ന ഇന്ത്യാ ഗേറ്റും ഒരിക്കലെങ്കിലും കാണണമെന്ന് ഓരോ വർഷത്തെ പരേഡ് കാഴ്ചയും  നമ്മെ മോഹിപ്പിച്ചു കൊണ്ടിരിക്കും. ആ ആഗ്രഹ പൂർത്തീകരണത്തിന്റെ ഉൾപ്പുളകത്തിലാണ് സംഘാംഗങ്ങളെല്ലാം. തലയുയർത്തി നിൽക്കുന്ന ആ സ്മാരകത്തിന്  മുമ്പിൽ നിന്നൊരു ഫോട്ടോ എന്നത് ഏതൊരു ഭാരതീയന്റേയും മോഹവുമാണ്. സംഘാംഗങ്ങൾ ഒറ്റക്കും സംഘം ചേർന്നും ആ മോഹങ്ങളോരോന്നും നിറവേറ്റി.




ഇന്ത്യാ ഗേറ്റിന് പുറകിലായി സുഭാഷ് ചന്ദ്ര ബോസിന്റെ 125മത് ജന്മദിനത്തോടനുബന്ധിച്ച് നിർമ്മിച്ച അദ്ദേഹത്തിന്റെ ഒരു പ്രതിമയും, അതിനും പുറകിലായി ഇന്ത്യൻ നാഷണൽ  യുദ്ധ സ്മാരകവും അമർ ജവാൻ ജ്യോതിയും നില കൊള്ളുന്നു. സ്വതന്ത്ര ഇന്ത്യയുടെ  ഇന്നേ വരെയുള്ള വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകൾ ആലേഖനം ചെയ്ത ഒരു ഗാലറി തന്നെ അവിടെയുണ്ട്. അതെല്ലാം നടന്നു കണ്ട് അമർജ്യോതിക്ക് മുമ്പിൽ നിൽക്കുമ്പോൾ യുദ്ധങ്ങളുടെ വ്യർത്ഥതയെക്കുറിച്ചാണ് ഓർത്തത്. പ്രാചീന യുദ്ധങ്ങളെ അപേക്ഷിച്ച് ഇന്ന് വെട്ടിപ്പിടിക്കലുകളും അധിനിവേശങ്ങളും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ യുദ്ധങ്ങൾ ഏറെയും ചെറിയ  അവകാശ തർക്കങ്ങളിൽ നിന്നും മേൽക്കോയ്മയെ അംഗീകരിക്കായ്മയിൽ നിന്നും ഉടലെടുക്കുന്നതാണെന്ന് തോന്നി. ഇനിയും അത്തരം യുദ്ധങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും യുദ്ധസ്മാരകത്തിൽ ഇനിയും ഏടുകൾ കൂട്ടിച്ചേർക്കപ്പെടാതിരിക്കട്ടെയെന്നും പ്രാർത്ഥിച്ചാണ് അവിടെ നിന്നുമിറങ്ങിയത്.

ഞങ്ങളുടെ അടുത്ത ലക്ഷ്യം 1986 പണിത  ബഹായ് മതവിശ്വാസികളുടെ ആരാധനാലയമായ ലോട്ടസ് ടെമ്പിൾ ആയിരുന്നു.

താമരപ്പൂവിന്റെ ആകൃതിയിൽ നിർമിക്കപ്പെട്ട ഇതിൻറെ ഘടനയിൽ 27 ദളങ്ങളാണുള്ളത്. ക്ഷേത്രത്തിന്റെ നടുത്തളമായ ധ്യാനകേന്ദ്രത്തിലേക്ക് തുറക്കുന്ന 9 വാതിലുകളിലൂടെ പ്രവേശിച്ചാൽ  ഉള്ളിൽ ഏകദേശം 2500 പേർക്കിരുന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. ഏകദൈവത്തിലധിഷ്ഠിതമായ ബഹായ് മതം സ്ഥാപിതമായത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. അവിടെകുറച്ച് നേരം നിശബ്ദരായിരുന്നു ഞങ്ങൾ പതിയെ പുറത്തേക്ക് കടന്നു.



ശില്പചാതുരിക്ക് വളരെയധികം പുരസ്കാരങ്ങൾ നേടിയ ആരാധനാലയത്തിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണത്രെ.

വീണ്ടും മറ്റൊരു ആരാധനാലയത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ദൈവത്തിന്റെ ദിവ്യ വാസസ്ഥലത്തേക്ക്അതെ അക്ഷർധാം മന്ദിരത്തിലേക്ക്. 2007 ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടിയ ക്ഷേത്ര സമുച്ചയത്തിലെ കാഴ്ചകൾ കാണാനായി ഞങ്ങൾ 4 മണിയോടെ എത്തി.

യമുനാ നദിയുടെ തീരത്തായി തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന  മന്ദിരം ബൊചൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സംസ്ഥയാണ് പണി കഴിപ്പിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷം കൊണ്ട്   പണിതുയര്‍ത്തി, 2005  പൂർത്തിയായ ക്ഷേത്രത്തിന്  43 മീറ്റര്‍ ഉയരവും 96 മീറ്റര്‍ വീതിയും 109 മീറ്റര്‍ നീളവുമുണ്ട്. അമ്പലം  പണിതുണ്ടാക്കിയത് രാജസ്ഥാനിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചാണ്. ആര്‍ഷഭാരതത്തിലെ എന്‍ജിനീയറിംഗ് ഗ്രന്ഥങ്ങളായ  പഞ്ചരാത്രശാസ്ത്രം, വാസ്തുശാസ്ത്രം, സ്ഥപത്യശാസ്ത്രം എന്നിവ   ആധാരമാക്കിയാണ്ക്ഷേത്രം പണിതതത്രെ.



അമ്പലം 1781 - 1830 കാലയളവിൽ ജീവിച്ച ഭഗവാൻ സ്വാമിനാരായണൻറെ അനുയായികളുടെതാണ്.

എല്ലാ ദിശകളിൽ നിന്നും ശ്രേഷ്ഠമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ എന്ന ഋഗ്വേദ വചനത്തെ പ്രതീകമാക്കി നിർമ്മിച്ചിരിക്കുന്ന 10 കവാടങ്ങൾ അടങ്ങിയ പ്രവേശന കവാടത്തിലൂടെ കടന്ന് നാം ചെല്ലുന്നത് മയൂർ ദ്വാർ എന്ന മറ്റൊരു കവാടത്തിലേക്കാണ്. മയൂര കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നു കഴിഞ്ഞാൽ ഭഗവാൻ സ്വാമി നാരായണന്റെ ചരണാരവിന്ദങ്ങളുടെ ഒരു പ്രതീകം വെണ്ണക്കല്ലിൽ തീർത്തിരിക്കുന്നു.

അവിടെ നിന്നും ദൂരെ നേരെ മുകളിലായാണ് പ്രധാന ക്ഷേത്രം നില കൊള്ളുന്നത്. ഏറ്റവും താഴെത്തട്ടിലായി 148 ആനകൾ താങ്ങി നിർത്തുന്ന രീതിയിൽ നിർമ്മിച്ച ഗജേന്ദ്ര പീഠം, അതിനു മുകളിലായി നാരായണ പീഠമെന്ന രണ്ടാമത്തെ തട്ട്, അതിനും മുകളിലായി ഗർഭഗൃഹം.

ക്ഷേത്രത്തിന്റെ പുറം ചുവരുകൾ കൊത്തുപണികളാൽ അലംകൃതമാണ്. ചുറ്റും   ഋഷികളുടെയും സാധുക്കളുടെയും ഭക്തരുടെയും ആചാര്യന്മാരുടെയും അവതാരങ്ങളുടെയും 200 ശിൽപങ്ങളുള്ള ശിലാരൂപങ്ങൾ തീർത്തിരിക്കുന്നു. പുറം ചുവരുകൾ മുഴുവൻ പിങ്ക് സ്റ്റോണിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടന്നു കഴിഞ്ഞാൽ കാണുന്നത് മുഴുവൻ ഇറ്റാലിയൻ വെണ്ണക്കലുകളും

പ്രധാന ശ്രീകോവിലിൽ ഭഗവാൻ സ്വാമിനാരായണന്റെ പഞ്ചലോഹ നിമ്മിത പൂർണ്ണകായ പ്രതിമയും, ഗർഭഗൃഹത്തിന് ചുറ്റും മഹത്തായ അവതാര ജോഡികൾക്കുള്ള പ്രത്യേക ആരാധനാലയങ്ങളുമുണ്ട്: സീതാ-രാമൻ, രാധാ-കൃഷ്ണൻ, ലക്ഷ്മി-നാരായണൻ, ശിവ-പാർവ്വതി തുടങ്ങി.

അക്ഷർധാം മന്ദിരത്തിന്റെ  ഉൾവശം ഒമ്പത് മണ്ഡപങ്ങൾ കൊണ്ട് തിരിച്ചിരിക്കുന്നു. ഒമ്പത് മണ്ഡപങ്ങൾ ഓരോന്നും സങ്കീർണ്ണമായ കൊത്തുപണികളുള്ള മൂർത്തികളും തൂണുകളും കൊണ്ട് നിറച്ചിരിക്കുന്നു, കൂടാതെ ഇവക്കോരോന്നിനും  മനോഹരങ്ങളായ കൊത്തുപണികളാൽ അലംകൃതമായ  താഴികക്കുടങ്ങളും മേൽക്കൂരകളുമുണ്ട്.

മന്ദിരത്തിനുള്ളിലെ  കാഴ്ചകളും പ്രദർശനങ്ങളും ഒരു അമ്പലത്തിനുള്ളിലെത്തിയതിനേക്കാൾ ഒരു മ്യൂസിയത്തിലെത്തിയ പ്രതീതിയാണ് നൽകുന്നത്.

ഉള്ളിലെ ദർശനം കഴിഞ്ഞു 6 മണിക്ക്  പുറത്തിറങ്ങിയ ഞങ്ങൾക്ക് അവിടത്തെ വാട്ടർ ലേസർ ഷോ കൂടി കാണണം എന്നതിനാൽ 7 മണി വരെ അവിടത്തെ മറ്റു കാഴ്ചകൾ കണ്ട് സമയം നീക്കണമായിരുന്നു.  കുറച്ച് നേരം പ്രദക്ഷിണ വഴികളിൽ വിരിച്ചിരിക്കുന്ന മാർബിൾ  തറയിലിരുന്ന് പശ്ചിമാംബരത്തിലെ  അസ്തമയ സൂര്യൻറെ ചുവന്ന രശ്മികൾ പതിച്ച മന്ദിരക്കാഴ്ചകളും കണ്ട്  ഞങ്ങൾ അവിടത്തെ മറ്റു കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങി. 

അടുത്തതായി സഹജ് ആനന്ദ് എന്ന വാട്ടർ ഷോ ആയിരുന്നു. സന്ധ്യ മയങ്ങിയ ശേഷം നടക്കുന്ന ആരതിക്ക് ശേഷമാണ് ഷോ അരങ്ങേറുന്നത്. സഹജമായ, സ്വതസിദ്ധമായ ആനന്ദം കുട്ടികളിലൂടെ അറിയുക എന്നതാണ് ഇതിന്റെ തീം. അക്ഷർധാമിൽ എത്തിയാൽ കണ്ടിരിക്കേണ്ട കാഴ്ച.



അക്ഷർധാം മന്ദിര സമുച്ചയത്തിലേക്ക് മൊബൈൽ ഫോൺ, കാമറ എന്നിവ കടത്തുന്നതല്ല. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ നിർത്തി ഫോട്ടോ എടുത്തു കൊടുക്കുന്ന ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.  വർണ്ണ ദീപങ്ങളാൽ തിളങ്ങി നിൽക്കുന്ന  മന്ദിരത്തിന്റെ രാത്രിക്കാഴ്ചകൾ ഏറെ മനോഹരമാണ്.  എട്ടു മണിയോടെ പതുക്കെ മന്ദിരസമുച്ചയത്തിലെ ഫുഡ് കോർട്ടിലേക്ക് നീങ്ങി. മന്ദിരത്തിലെ ഒരു വശത്തായി ഒരുക്കിയ വിശാലമായ പ്രേംവതി ഭക്ഷണാലയം ദക്ഷിണ-ഉത്തരേന്ത്യൻ ഭക്ഷണ വൈവിധ്യങ്ങളാൽ സമൃദ്ധമാണ്. അന്ന് രാത്രിയിലെ അത്താഴം അവിടെ നിന്നും കഴിച്ച് ഞങ്ങൾ 9 മണിയോടെ ഹോട്ടലിലേക്ക് തിരിച്ചു.

 തുടരും...

Tuesday, November 15, 2022

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 2

ദില്ലിയുടെ ചരിത്രം തേടി



ദില്ലിയുടെ മറ്റൊരു മുഖമാണ് മെട്രോകൾ. 2002 സ്ഥാപിതമായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഏകദേശം 9 വിവിധ ഇടനാഴികളിൽ സർവീസ് നടത്തുന്നുണ്ട്. അതിലെ ഓറഞ്ച് ലൈൻ എന്നറിയപ്പെടുന്ന എയർപോർട്ട് എക്സ്പ്രസ്സ് ലൈനിലാണ് ഞങ്ങൾ വിമാനത്താവളത്തിലേക്ക് തിരിച്ചത്.

മെട്രോ എക്സ്പ്രസ്സിൽ

കോഴിക്കോട് നിന്നും ഞങ്ങളുടെ സംഘത്തിലെത്തിച്ചേരാൻ വിമാന മാർഗ്ഗം തിരിച്ച അനുജത്തി ശോഭയെയും  അവളുടെ കൂട്ടുകാരി ജ്യോതിയെയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 3 നിന്നും രാത്രി 12 മണിക്ക് കൂട്ടിക്കൊണ്ടു പോരണം. വിമാനത്താവളത്തിൽ 10  മണിയോടെ എത്തിയ ഞങ്ങൾ ഒരു മണി വരെ ആഗമന ഗേറ്റിന് മുമ്പിൽ അവരെക്കാത്ത് കൊതുകടിയും കൊണ്ട്  നിൽപ്പായി.

അങ്ങിനെ നിൽക്കുമ്പോൾ കാണുന്ന കാഴ്ചകൾ രസകരമാണ്. മാനുഷിക ബന്ധങ്ങളുടെ ആഴവും പരപ്പും വെളിവാക്കുന്ന  മുഹൂർത്തങ്ങൾ അവിടെ ഓരോ നിമിഷവും അരങ്ങേറിക്കൊണ്ടിരിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷം വേണ്ടപ്പെട്ടവരെ കണ്ടു മുട്ടുന്നവരുടെ ആനന്ദാതിരേകങ്ങൾ,    ഊഷ്മള സ്നേഹപ്രകരണങ്ങൾ,   സന്തോഷ പ്രകടനങ്ങൾ, അങ്ങിനെ അങ്ങിനെ..

അതിനിടയിലാണ് പ്രകടനങ്ങൾ കണ്ടു നിന്ന് സമയം കൊല്ലുന്ന ഞങ്ങളെ ചിന്തിപ്പിച്ചൊരു  സംഭവം അരങ്ങേറിയത്. വിദേശത്തുനിന്നുള്ള യാത്ര കഴിഞ്ഞു വരുന്ന ചെറുപ്പക്കാരനെ കവാടത്തിലെത്തി സ്വീകരിക്കുന്ന മറ്റൊരു ചെറുപ്പക്കാരൻ. സുഹൃത്ത് ബന്ധത്തിന്റെ ഊഷ്മളതയും കെട്ടുറപ്പും അരക്കിട്ടുറപ്പിക്കുന്ന ഒരു സൂപ്പർ  കെട്ടിപ്പിടുത്തം തന്നെ അവിടെ അരങ്ങേറി. നിമിഷങ്ങളോളം നീണ്ടു നിന്ന പ്രകടനം കണ്ടു നിന്ന ഞങ്ങളും പറഞ്ഞു, ഇതാണ് യഥാർത്ഥ ചങ്ങാത്തം. ഇതെല്ലാം തന്റെ മൊബൈൽ കാമറയിൽ പകർത്തിക്കൊണ്ട് ഒരു മൂന്നാമൻ അൽപ്പം അകലെയായുണ്ട്. അയാൾ രംഗത്തിന്റെ വൈകാരികാംശങ്ങൾ ഒന്ന് പോലും ചോർന്നു പോകരുതെന്ന ദൃഢനിശ്ചയത്തിൽ തന്റെ ഛായാഗ്രഹണ പാടവം മുഴുവനായി കെട്ടഴിച്ച് അവരുടെ   പ്രകടനത്തെ ഒട്ടും ബാധിക്കാത്ത തരത്തിൽ തന്റെ പ്രവർത്തി തുടർന്നുകൊണ്ടിരുന്നു. കാണികളുടെ മനസ്സുകളിലും  കൃഷ്ണ-സുദാമാ സമാഗമക്കാഴ്ച സ്നേഹത്തിന്റെ  സ്പന്ദനങ്ങൾ തീർത്തു.

കുറച്ചധികം നീണ്ടു നിന്ന ആ പ്രകടനം അങ്ങിനെ അഷ്ടകലാശത്തിലവസാനിച്ചു. വീഡിയോഗ്രാഫർ വിഡിയോ റെക്കോർഡിങ് സമാപിപ്പിച്ച് ആദ്യ സുഹൃത്തിനെ മാറ്റി അതിഥി  സുഹൃത്തിനെ ഗഡാലിംഗനം ചെയ്ത് ഒരു നിമിഷത്തിനകം മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോളതാ ആദ്യത്തെ സുഹൃത്ത് തൻറെ അതിഥി  സുഹൃത്തിനോടായി പറയുന്നു. നീ ഒന്ന് തിരിച്ചു പോയി ഒന്ന് കൂടി വാ.. എന്റെ രണ്ടാം സുഹൃത്തിനും നിന്നെ ഇതേ മട്ടിൽ സ്വീകരിക്കണം എന്ന്. 

അതോടെ കണ്ടുനിന്നവരെല്ലാവരിലും ഒരു സംശയം, ഇത് വരെ ഞങ്ങൾക്ക് മുമ്പിൽ അരങ്ങേറിയ ആ രംഗം  യാഥാർഥ്യമായിരുന്നുവോ  അതോ അവരുടെ മൊബൈൽ ഫോൺ റീലിനു വേണ്ടി നടത്തിയ അഭിനയമായിരുന്നുവോ?   പ്രേക്ഷക മനസ്സുകളിൽ ചോദ്യം മാത്രം ബാക്കിയാക്കി അവർ പതുക്കെ രംഗം മറ്റുള്ള അഭിനേതാക്കൾക്കായി  ഒഴിഞ്ഞു കൊടുത്തു.

അവിടെ രംഗങ്ങളുടെയും  മുഹൂർത്തങ്ങളുടെയും തനിയാവർത്തനം   അനവരതം തുടർന്നു കൊണ്ടിരുന്നു. അതിനിടയിൽ ഏറെ കാത്തിരിപ്പിനു ശേഷം  ശോഭയും കൂട്ടുകാരിയും എത്തി. അതു വരെ അവിടെക്കണ്ട കെട്ടുകാഴ്ചകളുടെ  തനിയാവർത്തനങ്ങളിലേക്ക് വഴുതി വീഴാതെ,  ദില്ലിയുടെ കഥകൾ കേൾക്കാനും കാണാനുമായി ഞങ്ങൾ രണ്ടാം ദിനം പുലർച്ചെ  ഹോട്ടലിലേക്ക് യാത്രയായി..

കഥകൾ കേൾക്കാനിഷ്ടമുള്ള നാളുകളിൽ  ഒമ്പതിലെയും  പത്തിലേയും ഹിസ്റ്ററി ക്ളാസ്സുകളിൽ പട്ടാളം സാർ  പറഞ്ഞു തന്ന ചരിത്ര കഥകളുടെ പൊട്ടും പൊടിയും മനസ്സിലങ്ങിങ്ങായി തങ്ങിക്കിടപ്പുണ്ട് പാഠഭാഗങ്ങളുടെ ഒരു പുനർവായനക്കായി മനസ്സ് തിടുക്കം കൂട്ടി..

ദില്ലിയിലെ രണ്ടാം ദിനം പുലർന്നത് ചരിത്ര സൗധങ്ങളുടെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോവാനായിട്ടായിരുന്നു. രവിയെന്ന  സംഘാടകൻ ഓരോ നിമിഷവും  അതിനുള്ള ഒരുക്കങ്ങളിൽ   വ്യാപൃതനാണ്ആഴ്ചകൾക്ക് മുമ്പേ ഏൽപ്പിച്ച വാഹനം ദില്ലിയുടെ കയ്യൊപ്പു പതിപ്പിച്ച്, പറഞ്ഞതിൽ നിന്നും അര മണിക്കൂർ വൈകി ഞങ്ങളെക്കൂട്ടാനായി എത്തി. ആദ്യ ലക്ഷ്യം ഇഷ്ടിക കൊണ്ട് പണിത  ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാരകങ്ങളിൽ ഒന്നായ കുത്തബ് മിനാർ ആയിരുന്നു. അവിടേക്കുള്ള കവാടത്തിലേക്ക് കടക്കും മുമ്പേ ഗൈഡുകൾ നിങ്ങളെ പൊതിയും. അവരിൽ നിന്നൊക്കെ രക്ഷപെട്ട് ടിക്കറ്റ് എടുത്ത്, ഓരോരുത്തരുടെയും ചരിത്രബോധം വെച്ച് മിനാരത്തെ അറിയുവാനായി ഞങ്ങൾ ഉള്ളിലേക്ക് കടന്നു.

മിനാരത്തിന്റെ ഔന്നത്യം ദൂരക്കാഴ്ചയിൽ കണ്ട് വിസ്മയിച്ച് ഉള്ളിലേക്ക് നടക്കുമ്പോൾ വഴിയരികിലെ ബഞ്ചിൽ നിന്നും ഒരു ഘനഗാംഭീര്യമാർന്ന ശബ്ദം ഞങ്ങളെ പുറകോട്ട് വിളിച്ചു.

ഒന്ന് നിൽക്കൂ കൂട്ടരേ... വിജയസ്മാരകങ്ങളുടെ, അധിനിവേശങ്ങളുടെ പിന്നാമ്പുറക്കഥകൾ നിങ്ങൾക്കറിയേണ്ടേ.. വെറുതെ കണ്ടു പോയാൽ മതിയോ.. പോരെന്ന് കൂട്ടത്തിലെ വിജ്ഞാന ദാഹിയായ രമേഷ് ശരിവെച്ചപ്പോൾ സ്ഥൂലശരീരനായ അതികായകൻ ഞങ്ങളെ കഥ കേൾക്കാനായി ക്ഷണിച്ചു.. അതിനായി അയാൾ ആവശ്യപ്പെട്ടതോ,   മറ്റു ഗൈഡ്‌കളാവശ്യപ്പെട്ടതിനേക്കാൾ   ചെറിയൊരു തുക.

കഥ തുടങ്ങുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലെ   തുർക്കിസ്ഥാനിൽ നിന്നുമാണ്.    ജീവിക്കാൻ മറ്റു വഴികൾ അടയുമ്പോൾ തുർക്കിയിലെ ഐബക് ഗോത്ര വംശർക്കിടയിൽ അക്കാലത്ത് തങ്ങളുടെ ആൺ മക്കളെ അടിമച്ചന്തയിൽ വിൽക്കുമായിരുന്നു. (അഫ്ഘാനിലും  അതിനുനുമപ്പുറമുള്ള മേഖലകളിൽ ഇന്നുമത് നടക്കുന്നുണ്ടെന്ന് ഗൈഡ്  സ്വകാര്യം പോലെ പറഞ്ഞു വെച്ചു). പേർഷ്യയിലെ  നിഷാപൂർ പട്ടണത്തിലെ ഒരു  അടിമച്ചന്തയിൽ വെച്ച്   പ്രശസ്ത മുസ്ലീം ദൈവശാസ്ത്രജ്ഞൻ അബു ഹനീഫയുടെ പിൻഗാമിയായ ഖാസി ഫക്രുദ്ദീൻ അബ്ദുൽ അസീസ് കൂഫി തുർക്കിസ്ഥാനിൽ നിന്നുമുള്ള   കുത്തബുദീനെന്ന ഒരു ബാലനെ  വിലക്ക് വാങ്ങി. ഖാസി തന്റെ മകനെപ്പോലെ വാത്സല്യത്തോടെ  വളർത്തിയ ആ കൊച്ചു ബാലൻ അശ്വാഭ്യാസത്തിലും അമ്പെയ്ത്തിലും അഗ്രഗണ്യനായി. പിന്നീടെപ്പോളോ ഖാസിയുടെ മക്കളിലൊരാൾ അവനെ മറ്റൊരു കച്ചവടക്കാരന് വിറ്റു.  അയാളവനെ   ഘസ്നിയിൽ വെച്ച് ഗോറി സാമ്രാജ്യ സുൽത്താനായ  മുഹമ്മദ് ഗോറിക്ക് മറിച്ചു വിൽക്കപ്പെടുകയും ചെയ്തു.

തന്റെ അടിമകളിൽ  ഏറെ കഴിവുകളുള്ള ആ ചെറുപ്പക്കാരനെ  മുഹമ്മദ് ഗോറിക്കും ഇഷ്ടമായി. അവന്റെ കഴിവുകൾ കണ്ടറിഞ്ഞു കുതിരപ്പടയുടെ നോട്ടക്കാരനാക്കുകയും,  പിന്നീട് മുഹമ്മദ് ഗോറി രണ്ടാം തറൈൻ യുദ്ധത്തിലൂടെ  അജ്മീർ-ദൽഹി രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ  പരാജയപ്പെടുത്തി ദൽഹി കൈവശപ്പെടുത്തിയതോടെ തന്റെ വിശ്വസ്തനായിക്കഴിഞ്ഞിരുന്ന കുത്തബുദീൻ ഐബൈക്കിനു  ഇന്ത്യൻ പ്രവിശ്യകളുടെ  ചുമതല നൽകുകയും ചെയ്തു. അധിനിവേശങ്ങളിലൂടെയും വെട്ടിപ്പിടുത്തങ്ങളിലൂടെയും കുത്തുബ്ദീൻ തന്റെ സാമ്രാജ്യ വിസ്തൃതി വലുതാക്കിക്കൊണ്ടിരുന്നു. ഘസ്നിയിലേക്ക് മടങ്ങിയ ഘോറിയുടെ മരണ ശേഷം മക്കളില്ലാതിരുന്ന ഘോറിയുടെ സാമ്രാജ്യങ്ങളുടെ  ഭരണാവകാശം സൈന്യാധിപനായ   കുത്തബുദീൻ അല്ലറ ചില്ലറ ചെറുത്തു നിൽപ്പുകളെ  കീഴടക്കി കൈക്കലാക്കുകയും പിന്നീട്  ഇന്ത്യൻ ഭൂവിഭാഗങ്ങളുടെ  സ്വയം സുൽത്താനായി പ്രഖ്യാപിച്ചു കൊണ്ട് മംലൂക്ക് അഥവാ ഗുലാം(അടിമ)  രാജവംശം സ്ഥാപിക്കുകയും ചെയ്തു.

കുത്തുബ്ദീന്റെ കാലത്താണ് 1199 ൽ ഒരു വിജയ സ്മാരകം എന്ന നിലയിൽ ഈ മിനാരം പണിയാൻ തീരുമാനിച്ചത്. കുത്തുബ്ദീന് പക്ഷെ ആദ്യനില മാത്രമേ പണിയാൻ കഴിഞ്ഞുള്ളു. 1210ൽ കുതിരപ്പുറത്തുള്ള പോളോ കളിക്കുന്നതിനിടയിൽ ഉണ്ടായ ഒരു അപകടത്തിൽ കുത്തുബ്ദീന് ലാഹോറിൽ വെച്ച് അന്ത്യം സംഭവിക്കുകയും പിന്നീട് മകൻ  സുൽത്താൻ ആവുകയും ചെയ്തു.

ഇൽത്തുമിഷിന്റെ കഥ കൂടി കേട്ടാലേ ഇതിന്റെ കഥ പൂർണ്ണമാവൂ. അദ്ദേഹം കഥ തുടരുകയാണ്...


ഇൽത്തുമിഷും കുത്തബുദീനെപ്പോലെ തുർക്കിസ്ഥാനിലെ ഒരു ഗോത്ര വർഗ്ഗത്തിൽ ജനിച്ച് തന്റെ സഹോദരങ്ങളാൽ അടിമയാക്കപ്പെട്ട്, പിന്നീട് പല കൈകൾ മാറി ഒടുവിൽ ഖുത്ബുദ്ദീൻ ഐബകിന്റെ കൈയിലെത്തിപ്പെട്ടു. സൗന്ദര്യവും ബുദ്ധിയും ഒന്നുപോലെ ഒത്തുചേർന്ന ഷംസുദ്ദീൻ  ഇൽത്തുമിഷിനെ ഖുത്ബുദ്ദീൻ തന്റെ ഒരു പ്രവിശ്യയുടെ ഗവർണ്ണറാക്കുകയും തൻറെ മകളെ തന്നെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഖുത്ബുദ്ദീന്റെ മരണ ശേഷം മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചെങ്കിലും ഭരണനൈപുണ്യമില്ലാത്ത ആരാം ഷായെ അടുത്ത വർഷം യമുനാ തീരത്തു വെച്ച് നടന്ന ഒരു യുദ്ധത്തിൽ പരാജയപ്പെടുത്തി അടിമവംശത്തിന്റെ രണ്ടാം സുൽത്താനായി ഇൽത്തുമിഷ്  വാഴിക്കപ്പെട്ടു. അങ്ങിനെ ആദ്യ നിലയിൽ നിന്ന് പോയ മിനാരത്തിന്റെ പണി ഇൽത്തുമിഷ് പുനരാരംഭിക്കുകയും  30 വർഷങ്ങൾക്കപ്പുറം 4 നിലകൾ കൂടി കെട്ടി പൂർത്തിയാക്കുകയും ചെയ്തു. 12 വീതം കോണുകളും  ചാപങ്ങളുമുള്ള, ഇസ്ലാമികവാസ്തുകലയിൽ നിർമ്മിച്ച ഈ മിനാരം സൗന്ദര്യത്തിന്റ കാര്യത്തിൽ മറ്റേത് മിനാരങ്ങളെക്കാളും മുന്നിലാണ്.

മിനാരത്തിന്റെ ഇടതു വശത്തായി അലാവുദ്ദീൻ ഖിൽജി പണിയിപ്പിച്ച  ക്വാവെത്-ഉൽ-ഇസ്ലാം പള്ളിയുടെ   അലൈ ദർവാസാ എന്ന കവാടവും വിപുലമായ അറബി കാലിഗ്രാഫിയാൽ സമൃദ്ധമാണ്. അതിന്റെ കഥകളും അദ്ദേഹം ഞങ്ങൾക്കായി വിവരിച്ചു തന്നു.

കഥകൾക്കപ്പുറം ഒരു വഴികാട്ടിയെന്നതിനേക്കാൾ  ഞാനൊരു ഫോട്ടോഗ്രാഫറുമാണ് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം     മിനാരത്തിന്റെ മുൻപിലെ  ഫോട്ടോജെനിക് ആംഗിളുകളിൽ  ഞങ്ങളെ ചേർത്ത് നിർത്തി  ഫോട്ടോകളും എടുത്തു തന്നു.





ഈ കഥകൾക്കിടയിലൂടെ ഇൽത്തുമിഷിന്റെ കുരുത്തം കെട്ട മക്കളെപ്പറ്റി പറഞ്ഞപ്പോൾ  അദ്ദേഹം പറയാതെ പറഞ്ഞ മറ്റൊരു കഥ കൂടിയുണ്ട്.. എന്റെയും ആൺമക്കൾ അങ്ങിനെയാണ്. അതായിരിക്കാം ജീവിക്കാനായി ഈ വാർദ്ധക്യത്തിലും തൻറെ തടിച്ച ശരീരവുമായി അദ്ദേഹത്തിന് ഓരോ ദിനവും ദില്ലിയുടെ ചൂടിലും തണുപ്പിലും  കുത്തബ് മിനാറിന്റെ തണൽ പറ്റി  അലയേണ്ടിവരുന്നത്.

ഗൈഡിനോട് യാത്ര പറഞ്ഞു നീങ്ങിയ  സംഘാംഗങ്ങളിൽ പലരും അധിനിവേശങ്ങളുടെ കഥകൾ കേട്ട്  അധിനിവേശത്തിന്റെ പാതയിലായിരുന്നു. അവർക്ക് കുത്തബ് മിനാരത്തിനെ കൈപ്പിടിയിലൊതുക്കണം. ഏത് മഹാസൗധങ്ങളെയും തങ്ങളുടെ കൈക്കുമ്പിളിലാക്കുകയെന്ന ഫോട്ടോഗ്രാഫിക് ജാലവിദ്യകൾ പരീക്ഷിക്കണം. അന്നേ ദിവസം ഇനി കാണാൻ ബാക്കി കിടക്കുന്ന മറ്റു ചരിത്ര സ്മാരകങ്ങളെപ്പറ്റി ഒട്ടും വ്യാകുലപ്പെടാതെ സംഘത്തലവൻറെ ഉത്തരവുകൾക്കും കല്പനകൾക്കും പുല്ലു വിലനൽകിക്കൊണ്ട് തങ്ങളുടെ പരീക്ഷണങ്ങളിൽ മുഴുകി അവർ ഇഴഞ്ഞു  നീങ്ങിക്കൊണ്ടിരുന്നു...

 

തുടരും...

 

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...