#പുസ്തക പരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#പുസ്തക പരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 മാർച്ച് 19, വ്യാഴാഴ്‌ച

തുറന്നടഞ്ഞ വാതിൽ


2026 മാർച്ച് ലെ  മുംബൈ സാഹിത്യവേദിയിൽ വെച്ചാണ് ഞാനാദ്യമായി എം വിജയൻ പിള്ളയെ കാണുന്നതും കേൾക്കുന്നതും.

അദ്ദേഹം അന്നവിടെ രണ്ടു കഥകൾ അവതരിപ്പിച്ചു. തുറന്നടഞ്ഞ വാതിൽ, ചുരം എന്നിങ്ങനെ രണ്ടു കഥകൾ.  കഥകളെക്കുറിച്ച് സകാരാത്മകമായും വിമർശനാത്മകമായും ഉള്ള അഭിപ്രായങ്ങളെല്ലാം കേട്ട ശേഷം അദ്ദേഹം തന്റെ മേൽപ്പറഞ്ഞ രണ്ടു കഥകൾ ഉൾപ്പെട്ട ഒരു കഥാപുസ്തകം എല്ലാവർക്കും സ്നേഹോപഹാരമായി തരികയുണ്ടായി.

സ്വപ്നങ്ങളിലും ഭാവനകളിലും സഞ്ചരിക്കുന്നവർക്കായാണ് "തുറന്നടഞ്ഞ വാതിൽ" എന്ന പുസ്തകം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. അവതാരികയിൽ ഡോ. സുഷമ എസ് ചിറക്കര പറഞ്ഞ പോലെ ശ്രീ എം വിജയൻ പിള്ള സ്വപ്നാടനത്തിന്റെ കഥാകാരകനാണ്. അതെ അദ്ദേഹം ജാഗ്രൽ-സുഷുപ്തി വേളകളിൽ കണ്ട വിവിധ സ്വപ്നങ്ങളിലേക്ക് ഭ്രമകല്പനകളെ സന്നിവേശിപ്പിച്ചു കൊണ്ടെഴുതിയ മികച്ച 17 കഥകളുടെ സമാഹാരം.

ഇതിലെ തലക്കെട്ട് കഥ  തുടങ്ങുന്നത് തന്നെ ഒരു സ്വപ്നം എന്ന് പറഞ്ഞു കൊണ്ടാണ്. ജീവിതത്തിലൊരിക്കലും സ്വപ്നം കാണാത്ത(അങ്ങനെയൊരാൾ ഉണ്ടാവുമോ എന്നറിയില്ല), ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള, ചിന്തകനോ അന്ധവിശ്വാസിയോ അല്ലാത്ത, കിട്ടുന്ന തുച്ഛ ശമ്പളം ഉദാരമായി ചിലവഴിക്കുന്ന  ഒരാൾ ആദ്യമായൊരു സ്വപ്നം കാണുന്നതും പിന്നീട് അയാളുടെ ജീവിതശകടത്തിന്റെ ഗതിയെ മാറ്റി മറിക്കുന്നതുമാണ് കഥാബീജം.

പണ്ട് ചെറുപ്പകാലത്ത് ആത്മാർത്ഥമായി സ്നേഹിച്ചുവെന്ന് വിശ്വസിച്ചിരുന്ന, പിന്നീട് തന്റെ ജീവിതസാഹചര്യങ്ങളാൽ പാടെ മറക്കാൻ സാധിയ്ക്കുകയും ചെയ്ത ഒരു പെൺകുട്ടിയെ വീണ്ടും സ്വപ്നത്തിൽ കാണുകയും  അവരിരുവരും സ്വപ്നത്തിൽ പുനർജനിക്കുകയും, ഒന്നാകലിന്റെ വക്കിലെത്തുമ്പോൾ ആരോ അവളെ അടർത്തി മാറ്റപ്പെടുകയും ചെയ്യുന്നതിനെ വ്യഥ പേറി അയാൾ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയും ചെയ്യുന്നു.  കഥയുടെ മികച്ച രചനാരീതി കൊണ്ട്  വേറിട്ട് നിൽക്കുന്ന നല്ലൊരു കഥ.

സഹവാസികൾ എന്ന കഥ പറയുന്നത് രാത്രികളിൽ വാതിലുകളും ജനാലകളും അടച്ചുവോ, കുറ്റിയിട്ടുവോ എന്ന് സംശയിക്കുന്ന ഒരാളുടെ സ്വപ്നങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന, ചരിത്രാതീതരായ   ഒരു കൂട്ടം ജനങ്ങൾ രാത്രിയിൽ തന്റെ വീട്ടിൽ അധിനിവേശം നടത്തുന്നതും സ്വൈരവിഹാരം നടത്തുന്നതും അവരെ തുരത്തിയോടിക്കാൻ നടത്തുന്ന സാഹസങ്ങളും ഒടുവിൽ സ്വപ്നത്തിൽ നിന്നും വിടുതൽ നേടുന്നതുമാണ്.  

അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു ഓഫിസിൽ എ കെ വർമ്മ എന്ന ഒരു പുതിയ ഓഫീസർ അചഞ്ചലനായി നിലകൊണ്ട്  അയാൾക്ക് നേരെ പ്രയോഗിക്കുന്ന കുതന്ത്രങ്ങളിൽ നിന്ന് സമർത്ഥമായി കുതറിമാറുന്നതുമാണ് അചഞ്ചലം എന്ന കഥ.

സംസാരിച്ചിരിക്കാൻ ഒരുത്തിയെ വേണമെന്ന പരസ്യം കണ്ടെത്തിയ പെൺകുട്ടി ആ പരസ്യം നൽകിയ അമ്മൂമ്മയുമായി അടുപ്പമാകുന്നതും അവരുടെ അവസാന കാലത്ത് അവർക്ക് സന്തോഷം നൽകുന്നതും സന്തോഷകരമായ മരണത്തിലേക്ക് കൈപിടിച്ചാനയിക്കുന്നതുമാണ് വൃദ്ധസദനത്തിലെ അമ്മൂമ്മ എന്ന കഥ.

ഏറ്റവും ചെറിയ ജീവിയായ ഉറുമ്പ് ഒരാളുടെ സ്വൈര്യത്തെ എങ്ങിനെ കെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഉറുമ്പ് എന്ന കഥ. ഒരു ദിവസം രാത്രി കഥാകൃത്ത് ഒരെറുമ്പിനെ കാണുന്നതും അതിനെ കൊല്ലാൻ ശ്രമിക്കുന്നതും, അതിൽ അയാൾ പരാജിതനാകുന്നതും പിന്നീട് ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന അവർ തമ്മിലുള്ള ആത്മസംഘർഷങ്ങളുമാണ് ആ കഥയിൽ വരച്ചു കാട്ടുന്നത്.

ആധുനിക കാലത്ത് കോർപ്പറേറ്റുകൾ എങ്ങിനെ മനുഷ്യനെ ചൂഷണം ചെയ്യുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ശിബിരം എന്ന കഥ മസ്തിഷ്ക വ്യാപാരവും മനുഷ്യക്കടത്തുകളും എങ്ങിനെ സമർത്ഥമായി അവർ കൈകാര്യം ചെയ്യുന്നുവെന്ന് കാണിച്ചുതരികയാണ് ഇക്കഥ.

ഇരുപത് വർഷക്കാലം ആസ്തികനായി ജീവിച്ച ഒരാൾ പെട്ടെന്ന് അതല്ലാതായപ്പോൾ സമൂഹം എങ്ങിനെ അയാളെ നോക്കിക്കാണുന്നുവെന്ന് സമകാല പരിസരങ്ങളുമായി ചേർത്ത് വെച്ചുകൊണ്ട് പറയുകയാണ് നാസ്തികൻ എന്ന കഥ. ഒരു പക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും നല്ല കഥ.

മലമുകളിലെ ആൾ എന്ന വിശ്വാസത്തെ തേടി, അയാളെ അറിയാൻ  രണ്ടു ചെറുപ്പക്കാർ യാത്ര തിരിക്കുന്നതും ഒടുവിൽ അയാളെക്കണ്ടെത്തുമ്പോൾ അയാളെക്കുറിച്ച് ഒന്നുമറിയേണ്ട എന്ന അവസ്ഥയിൽ എത്തുന്നതുമായ അവസ്ഥയാണ് മലമുകളിലെ ആൾ എന്ന കഥയിലൂടെ വളരെ സമർത്ഥമായി കഥാകൃത്ത് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

ഇതിലെ നാടകം എന്ന കഥ എങ്ങിനെ എല്ലാ പ്രജകൾക്കും തുല്യ നീതി കിട്ടുമെന്നുള്ള പ്രഖ്യാപനങ്ങൾ എത്രത്തോളം സ്വപ്നങ്ങളെപ്പോലെ അയഥാർത്ഥ്യമാണെന്ന് സമർത്ഥമായി കാണിച്ചു തരുന്നു.

ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും രചനാ തന്ത്രത്തിൽ വേറിട്ട് നിൽക്കുന്നവയാണ്. യാഥാർത്ഥ്യവും ഫാന്റസിയും കൂട്ടിക്കലർത്തി മികച്ച രീതിയിൽ  ആവിഷ്കരിച്ചിരിക്കുന്നു ഓരോ കഥകളും. സമൂഹത്തിലെ ജീർണ്ണതകളെ സവിശേഷമായ പക്വതയോടെ അപഗ്രഥിക്കാനും അവയെ എങ്ങിനെ കഥാതന്തുക്കളാക്കാമെന്നും അസാമാന്യകരവിരുതോടെ നമുക്ക് കാണിച്ചു തരുന്നു കഥാകൃത്ത്.

രചനാ രീതി ലളിതമല്ല, ബൗദ്ധികമാണ് എന്ന അപവാദം ചിലപ്പോൾ ചിലരുന്നയിച്ചേക്കാം. പക്ഷെ, അത് തന്നെയാണ് ഈ പുസ്തകത്തിന്റെ USPയും.


തുറന്നടഞ്ഞ വാതിലുകൾ 
കഥാകൃത്ത് - എം വിജയൻ പിള്ള 
പ്രസാധകർ - ഇതൾ ബുക്ക്സ് 
വില - 220 രൂപ

2026 മാർച്ച് 7, ശനിയാഴ്‌ച

ഇരുണ്ട ഓക്സിജൻ - ശാസ്ത്രകുതൂഹലങ്ങളുമായൊരു പുസ്തകം



ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം  പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോലി ചെയ്തിരുന്ന വിക്ടോറിയ കോളേജിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ആ ലാബും പരിസരവും അവിടത്തെ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങളും അടുത്തു കണ്ടിട്ടുണ്ടെന്നാലും അതൊന്നും എന്റെ കൗതുകത്തിന് ത്വരകമായില്ല.  ഗതികോർജ്ജവും  ആറ്റവും എത്ര പഠിച്ചിട്ടും പാസ് മാർക്കിനപ്പുറം ഗതികിട്ടാനുപകരിച്ചില്ല. അത് കൊണ്ട് തന്നെ പത്താം തരം പാസായപ്പോൾ കൊമേഴ്‌സ് എന്നതിനപ്പുറം ഒരു ചിന്തയേ ഉണ്ടായില്ല.

പഠനകാലത്ത് വല്ലപ്പോഴും യുറേക്ക പോലുള്ള പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിലും അതൊരു ഹരമൊന്നും ആയിരുന്നില്ല.

പക്ഷെ ഈയിടെ സുഹൃത്ത് ശ്രീപ്രസാദ്‌ വടക്കേപ്പാട്ട് പ്രസിദ്ധീകരിച്ച “ഇരുണ്ട ഓക്സിജൻ” എന്ന അദ്ദേഹത്തിന്റെ പുതിയ ശാസ്ത്രപുസ്തകം അദ്ദേഹത്തിന്റെ സ്നേഹാഭ്യർത്ഥന കൊണ്ട് വാങ്ങിക്കുകയുണ്ടായി. അതിലെ ചില ലേഖനങ്ങൾ മുമ്പ് പലപ്പോഴായി  അദ്ദേഹത്തിന്റെ FB ഷെയറിലൂടെ വായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകം എന്നിലെ ശാസ്ത്ര കുതൂഹലത്തെ ഉണർത്താനുപകരിച്ചു എന്നത് സത്യമാണ്. ഒട്ടും മടുപ്പില്ലാതെ കൗതുകപൂർവ്വമാണ് ആ പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തത്. വിവിധ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 18ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

പ്രകാശമലിനീകരണം, സമുദ്ര മാലിന്യസംരക്ഷണം, ന്യുക്ലിയർ പദ്ധതികൾ എങ്ങിനെ മനുഷ്യോപകാരപ്രദമാക്കി ഉപയോഗിക്കാം  തുടങ്ങി വൈവിദ്ധ്യമാർന്ന ലേഖനങ്ങൾ.

ഇതിലൂടെ നാം നിത്യവും അടുത്തറിയുന്ന പലകാര്യങ്ങളിലും നമുക്കുള്ള അറിവില്ലായ്‍മ മാറാനുപകരിച്ചതിനോടൊപ്പം പുതിയ പല  സാങ്കേതിക പദങ്ങളുടെയും അർത്ഥം മനസ്സിലാക്കാനും സാധിച്ചുവെന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ഉദാ: എന്താണ് ആകാശ ദീപ്തി(sky glow), ജീവജാലങ്ങളിലുള്ള ജൈവ ഘടികാരം(Circadian Rhythm), ഉറങ്ങാനുപകരിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു.

ഇരുണ്ട ഓക്സിജൻ എന്ന കടലിന്നടിയിലെ ഇരുട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ, ഭൂമിക്കടിയിലെ ഇരുണ്ട സാഹചര്യങ്ങളിൽ ജീവിക്കുന്ന പാതാള മത്സ്യങ്ങൾ, കടലിനടിയിലെ കെൽപ്പ് വനങ്ങൾ, നമ്മുടെ ഭക്ഷണശീലത്തിലെ ഒഴിച്ചുകൂടാനാവാത്ത കായം ഇന്ത്യയിലെത്തിയ കഥ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ഒട്ടേറെ കൗതുകങ്ങൾ   ഈ ശാസ്ത്രപുസ്തകത്തിൽ നിറച്ചുവെച്ചിട്ടുണ്ട്.  ഇതിനെയൊരു ബാലസാഹിത്യകൃതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതെ ഏത് സ്‌കൂൾ വിദ്യാർത്ഥിക്കും വായിച്ചു മനസ്സിലാക്കാൻ പാകത്തിലുള്ള ഭാഷയും ആഖ്യാനരീതിയുമാണ് ഈ പുസ്തകത്തെ ആകര്ഷകമാക്കുന്നത്.

വിശാലഹൃദയർ എന്ന് നാം പൊതുവെ ഉപയോഗിക്കുന്ന സംജ്ഞ,  അതെ അർത്ഥത്തിലുള്ള ഒരു ജീവിയുണ്ട്, നീലത്തിമിംഗലം. 200 കിലോ ഭാരവും ഒരു കാറിന്റെ വലിപ്പവുമുള്ള ഹൃദയമുള്ള ജീവിയുടെ ഹൃദയത്തെക്കുറിച്ചും ശ്വസനരീതികളെക്കുറിച്ചും വളരെ വിശദവും രസകരവുമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

മലയാളിയുടെ  ഏറ്റവും പ്രിയപ്പെട്ട ചക്ക ശ്രീലങ്കയുടെയും ബംഗ്ളാദേശിന്റെയും ദേശീയ ഫലമാണെന്ന അറിവും എനിക്ക് പുതിയതായിരുന്നു.

ഇരുണ്ട ഓക്സിജൻ എന്ന ഈ പുസ്തകം സ്‌കൂൾ വിദ്യാർത്ഥികൾക്കും വലിയവർക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് നിസ്സംശയം പറയാം.

സ്‌കൂൾ ലൈബ്രറികളിലേക്ക് കൂടി ഈ പുസ്തകം എത്തുകയും ഏറെ വായിക്കപ്പെടുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.

ഇരുണ്ട ഓക്സിജൻ

ലേഖകൻ: ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

പ്രസാധകർ: പേപ്പർ പബ്ലിക്ക

വില: 190 രൂപ


 

 

2026 മാർച്ച് 1, ഞായറാഴ്‌ച

കമ്പിളികണ്ടത്തെ കൽഭരണികൾ


കമ്പിളികണ്ടത്തെ കൽഭരണികൾ മിനിഞ്ഞാന്ന് വൈകുന്നേരമാണ് മുംബൈയിലെ പുസ്തകവില്പനക്കാരനും പുത്തൻ പുസ്തകങ്ങളുടെ ലൈബ്രറിയുമായ രാമദാസ് എത്തിച്ചു തന്നത്. കിട്ടിയ വഴി അതിന്റെ പ്രവേശികയും മുഖവുരയും അവതാരികയും വായിച്ചു വെച്ച് ഉള്ളടക്കം ഒറ്റയിരിപ്പിന് വായിക്കണമെന്ന് കരുതി ഇന്നലേക്ക് മാറ്റിവെച്ചു. ഇന്നലെ രാവിലെ 10 മണിക്ക് കയ്യിലെടുത്ത പുസ്തകം 5 മണിയായപ്പോഴേക്കും  വായന തീർന്നിരുന്നു. ഇത്രയും വേഗത്തിൽ 200പേജുകളുള്ള ഒരു പുസ്‌തകം ഞാൻ വായിച്ചു തീർത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ല. ഇതിന് മുമ്പ് ജീവിതപ്പാത 3 ദിവസം കൊണ്ട് തീർത്തിട്ടുണ്ട്.

ഇത്രത്തോളം ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പുകൾ മുമ്പ് വായിച്ചതായി ഓർക്കുന്നില്ല. പല ഭാഗങ്ങളും വിതുമ്പിക്കൊണ്ടും കണ്ണീരണിഞ്ഞുമാണ് വായിച്ചു പോയത്. വായിച്ചു പോകുമ്പോൾ  പലപ്പോഴും അതിലെ ബാബുവിലേക്ക് നമ്മൾ പരകായ പ്രവേശം ചെയ്യും. ഭൂമിശാസ്ത്രപരമായും സാമൂഹ്യവസ്ഥിതി വെച്ചും എന്റെ ബാല്യകാല പരിസരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിലാണ് ബാബു ജീവിക്കുന്നത്. പക്ഷെ ആ ഭൂമികയോരോന്നും നമ്മുടേത് കൂടിയാണെന്ന് തോന്നും വിധമാണ് ആഖ്യാനം.  ആ അനുഭവങ്ങളോരോന്നും നമ്മളനുഭവിച്ചു തീർക്കുകയാണെന്ന് തോന്നും പടിയാണ്  അവയെഴുതിയിരിക്കുന്നത്.

1976ലെ മാർച്ച് 6നാണ് എന്റെ അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായത്. ബാബു വിവരിക്കുന്ന കാലഘട്ടത്തിനും ഒരു പതിറ്റാണ്ട് മുമ്പ്. അത് കൊണ്ട് തന്നെ അച്ഛനില്ലാത്ത ഒരു കുടുംബത്തിന്റെ അക്കാലത്തെ അവസ്ഥ എന്തായിരിക്കാമെന്ന് പരിപൂർണ്ണ ബോധ്യമുണ്ടെനിക്ക്. ഭാഗ്യത്തിന് ബാബുവിനെപ്പോലെയുള്ള  ഒരവസ്ഥയിലൂടെ എനിക്കോ സഹോദരങ്ങൾക്കോ കടന്നു പോകേണ്ടി വന്നില്ല.  പിതൃസഹോദരി എന്റെ വിദ്യാഭ്യാസം ഏറ്റെടുത്തതിനാലും അമ്മക്ക് കിട്ടിയിരുന്ന  വളരെ തുച്ഛമായ ഫാമിലി പെൻഷനും കൊണ്ട് വിദ്യാഭ്യാസ കാലഘട്ടം  കടന്നു കൂടുവാൻ സാധിച്ചു.

കമ്പിളികണ്ടത്തെ കൽഭരണികൾ വായിക്കുമ്പോൾ പക്ഷെ, ഓരോ നിമിഷവും നന്ദികുന്നേൽ മേരി എന്ന സ്ത്രീയും നാലു മക്കളും ചേർന്ന് നടത്തിയ അതിജീവനത്തിന്റെയും വ്യവസ്ഥിതിയോടുള്ള സമരങ്ങളുടെയും കഥ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, നമുക്കാകാതെ പോയതാണല്ലോ ആ കുടുംബം കൈവരിച്ചതെന്നോർത്ത് അതിശയപ്പെടും.

ഇല്ലായ്മയിലും വല്ലായ്മയിലും ജീവിച്ചു മുന്നേറിയ ബാബു പത്താം തരത്തിൽ പാസായത് രണ്ടാം ക്‌ളാസുകാരനായി. അതിൽ തന്നെ ഇംഗ്ലീഷിന് മാർക്ക് 40%മാത്രം. അവിടന്നങ്ങോട്ട് പിന്നെ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക്. എം എ ക്ക് മൂന്നാം റാങ്ക്. കഥകളിലും സിനിമകളിലും മാത്രം നാം കണ്ടിട്ടുള്ള മുഹൂർത്തങ്ങൾ.

അദ്ദേഹം കാലങ്ങളോളം  മനസ്സിന്റെ കൽഭരണികളിൽ അടച്ചുവെച്ച് രൂപാന്തരീകരണം നടത്തിയ   അനുഭവക്കുറിപ്പുകൾക്ക് കൽഭരണികളിലെ പഴകിയ  വീഞ്ഞിനേക്കാൾ വീര്യമുണ്ട്, അനുവാചകഹൃദയദ്രവീകരണ  ശക്തിയുണ്ട്. 

ഇതിൽ അമ്മ, മേരി പറയുന്ന ഒരു വാചകമുണ്ട്. ചുറ്റും വെള്ളം പൊങ്ങുമ്പോൾ നീന്തൽ വശമില്ലെങ്കിൽ പോലും അലമുറയിടാതെ, അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചു കയറി വെള്ളത്തിൽ പൊങ്ങിക്കിടക്കണം. എന്നിട്ട് അവ ചേർത്ത് കാട്ടുവള്ളികൾ കൂട്ടിക്കെട്ടിയൊരു ചങ്ങാടമുണ്ടാക്കണം. ഒടുവിൽ കര പറ്റിക്കഴിഞ്ഞാൽ ആ ചങ്ങാടത്തെ വീണ്ടും ഒഴുക്കിലേക്ക് തള്ളി വിടണം, അത് മുങ്ങിപ്പോകുന്ന വേറെ  ആർക്കെങ്കിലും ഉപകരിക്കണം.

ഈ പുസ്തകവും  ബാബുവിന്റെ അമ്മ പറയുംപോലെ ഒരു ചങ്ങാടമാണ്. ഓരോ ചങ്ങാടങ്ങളും ഉണ്ടാക്കുന്നവരുടെ ഉപയോഗ ശേഷം മറ്റുള്ളവർക്ക് കൂടി ഉപയോഗപ്രദമായിരിക്കണം.

അതിന്റെ സാക്ഷ്യപത്രമാണ് ഞാൻ വാങ്ങിയ 55ആം പതിപ്പ്.


2026 ജനുവരി 1, വ്യാഴാഴ്‌ച

ബൗദി - കണക്കൂർ ആർ സുരേഷ് കുമാർ


ബൗദി എന്ന കണക്കൂർ ആർ സുരേഷ് കുമാറിന്റെ നോവൽ ലോകപ്രശസ്ത സാഹിത്യകാരൻ രവീന്ദ്ര നാഥ ടാഗോറിന്റെ "കാർവാർ" വാസക്കാലത്തെ പ്രതിപാദിക്കുന്നതോടൊപ്പം ആദ്യന്തം സാബത്ത് എന്ന, അദ്ദേഹം നോവലിന്റെ ഭൂമികയായ മജിസ്ട്രേറ്റ് ബംഗ്ളാവിലേക്ക് കയറ്റി വിട്ടിരിക്കുന്ന കരിനീലമുടിക്കാരിയുടേത് കൂടിയാണ്. സാബത്തിന്റെ ചാരക്കണ്ണുകളിലൂടെയാണ് നാം ഒട്ടുമുക്കാലും അവിടെ നടക്കുന്ന ഓരോ സൂക്ഷ്മ ചലനങ്ങളും അറിയുന്നത്.


“ഓലപ്പുരകൾക്കിടയിലൂടെ കാണുന്ന കടൽക്കഷ്ണങ്ങളെ സാബത്ത് കണ്ണുകൾ കൊണ്ട് തേടി” എന്ന ആദ്യ ഖണ്ഡികയിലെ രണ്ടാം വാചകത്തിലൂടെ നോവലിസ്റ്റ് ഇനി നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും അവളുടെ കണ്ണുകളിലൂടെയും മറ്റിന്ദ്രിയങ്ങയിലൂടെയും കാണുന്നവയാണെന്ന് അടിവരയിട്ടു പറയുകയാണ്. താനിന്നേ വരെ കഴിഞ്ഞ കൂരയിലെ ജീവിതത്തിൽ നിന്നും ഏറെ ഔന്നത്യത്തിലുള്ള മറ്റൊരു ജീവിതപരിസരത്തേക്ക് പറിച്ചുനട്ട ആ നാട്ടിൻപുറത്ത്കാരിക്ക് ബംഗ്ലാവിലെ ആദ്യദിനത്തിലെ ആദ്യജോലിയിൽ തന്നെ ഉള്ളിന്റെയുള്ളിൽ അവരുടെ പൂന്തോട്ടത്തിലെയെന്ന പോലെ മുല്ലവള്ളികൾ പുഷ്പിക്കാനാരംഭിക്കുകയാണ്. അവിടന്നങ്ങോട്ട് മൊഞ്ചുള്ള ആ നീണ്ടമുടിക്കാരി അനുവാചക ഹൃദയങ്ങളിലേക്കും മുല്ലവള്ളിയായി പടർന്നു കയറുകയാണ്. ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി അവൾ അദൃശ്യയാകുന്നതും ബംഗ്ലാവിലെ മുല്ലവള്ളിപ്പടർപ്പിലേക്ക് ഊളയിട്ടാണ്. അതോടെ ആ സൗരഭ്യമില്ലാതാക്കിയ നോവലിസ്റ്റിനോട് നമുക്ക് ചെറിയൊരു ഈർഷ്യയുമുളവാകും.

തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് രബീന്ദ്രനാഥ ടാഗോർ തന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള തന്റെ ജേഷ്ഠസഹോദരപത്നി(ബൗദി)യായ കാദംബരി ദേവിയോടും ജേഷ്ഠൻ ജ്യോതിരിന്ദ്രനാഥ ടാഗോറിനുമൊപ്പം കാർവാർ ഡിസ്ട്രിക്റ്റ് ജഡ്ജിയായ ജേഷ്ഠൻ സത്യേന്ദ്രനാഥ ടാഗോറിന്റെ ഔദ്യോഗിക വസതിയിലേക്ക് പൂജാ ഒഴിവുകാലം ആസ്വദിക്കാനായി എത്തുന്നത്. അവർക്കൊപ്പം സത്യേന്ദ്രയുടെ പത്നി ജ്ഞാനദ നന്ദിനി ദേവിയും അവരുടെ മക്കളും ഉണ്ട്.

ഭൂമിശാസ്ത്രപരമായി കൊൽക്കത്തയിൽ നിന്നും തീർത്തും വ്യത്യസ്തമായ കഡുവാഡയെന്ന കാർവാറിന്റെ ഗ്രാമ്യഭംഗി രവിയിലെ സാഹിത്യകാരനെ തൊട്ടുണർത്തുന്നു. “പ്രകൃതിയുടെ പ്രതികാരം” എന്ന കാവ്യ നാടകത്തിന്റെ രചന ടാഗോർ നിർവ്വഹിക്കുന്നതും ഇക്കാലത്താണ്. അതോടൊപ്പം തന്നെ തന്റെ കളിക്കൂട്ടുകാരികൂടിയായ ബൗദി, കാദംബരിയുമായുള്ള നീണ്ട കാലത്തെ സ്നേഹബന്ധത്തിന്റെ കടലാഴങ്ങളിലേക്ക് അദ്ദേഹം തോണിയിറക്കുക കൂടി ചെയ്യുന്നു.

സാബത്തിനുമുണ്ട് തന്റെ പുത്തൻ യജമാനന്മാരെപ്പോലെ ചില ഇഷ്ടങ്ങൾ. കാദംബരി ദേവിയെപ്പോലെ, അവളെക്കാൾ ഏറെ പ്രായമുള്ള ഉസുമാനെന്ന ഒരു കറുമ്പന്റെ ബീവിയായിരിക്കുമ്പോൾ തന്നെ തന്റെ സമപ്രായക്കാരനായ പാമീറെന്ന ചെറുപ്പക്കാരനെ അവൾ സ്നേഹിച്ചു, മനസ്സും ശരീരവും പങ്കുവെച്ചു. പിന്നീട് കറുമ്പനും പാമീറും അറബിക്കടലിലേക്ക് മുങ്ങാങ്കുഴിയിട്ട് പോയപ്പോൾ മറ്റൊരു സുന്ദരനായ അശറഫിന്റെ മനം കവർന്നു. കൊൽക്കത്തയിൽ നിന്നുമെത്തിയ ആദ്യനാളുകളിൽ ജേഷ്ഠൻ സത്യേന്ദ്രയിൽ നിന്നും കാർവാറിന്റെ ചരിത്രം കേട്ടിരുന്ന ഒരു രാത്രിയിൽ ബംഗ്ലാവിന്റെ മുന്നിലെ കൽവിളക്കിലെ എണ്ണ തീർന്ന് തിരികൾ മങ്ങിയപ്പോൾ ഇലപ്പടർപ്പുകളിൽ ഒളിഞ്ഞു നിന്ന് അവരുടെ അറിയാഭാഷണം കേട്ട് നിന്നിരുന്ന സാബത്ത് ഇറങ്ങിവന്ന് വിളക്കിൽ എണ്ണ പകർന്നപ്പോൾ, ചേട്ടത്തി.. നിങ്ങളുടെ പണിക്കാരി ഒരു വനദേവതയാണോ എന്ന് ജ്യോതീന്ദ്ര ആശ്ചര്യപ്പെടുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ മറ്റൊരു രൂപം കൂടിയാണ് സാബത്ത് എന്ന് അപ്പോൾ ചേടത്തിയമ്മ പറയുന്നുമുണ്ട്.

രവിയുടെ മൂത്ത ജേഷ്ഠപത്നി ജ്ഞാനദനന്ദിനിദേവി അന്ന് നിലനിന്നിരുന്ന കടുത്ത യാഥാസ്ഥിതിക വ്യവസ്ഥകളുടെ പുറംതോട് പൊട്ടിച്ച് ഭർത്താവിനൊപ്പം പുറംലോകത്ത് ജീവിച്ചവളാണ്, വസ്ത്രധാരണത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടവളാണ്, ഏഴുകടൽ കടന്നവളാണ്. പക്ഷെ, രവിയെയും കുട്ടികളെയും കാർവാറിലേക്ക് കൊണ്ടുവന്നതിൽ ജ്ഞാനദനന്ദിനിക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. ജോറസങ്കോയിലെ ഠാക്കൂർവാടിയിൽ നിന്നും മാറ്റി, പറ്റുമെങ്കിൽ രവിയെ അവന്റെ നൂതൻ ബൗദി(ജേഷ്ഠത്തിയമ്മ) കാദംബരിയിൽ നിന്നും അകറ്റി വിവാഹിതനാക്കാൻ ശ്രമിക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഠാക്കൂർവാടിയിൽ ഇരുവരും തമ്മിലുള്ള അടുപ്പത്തിന് ഹവേലിയുടെ ഉള്ളകങ്ങളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. ഇത്തരമൊരു ബന്ധത്തിന് അക്കാലത്ത് ടാഗോർ കുടുംബത്തിന്റെ സൽപ്പേരിന് വരുത്താവുന്ന കളങ്കത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കാർവറിലേക്കുള്ള യാത്ര. പക്ഷെ, അവരുടെ പദ്ധതികൾക്ക് വിരുദ്ധമായി ജ്യോതീന്ദ്രയും ഭാര്യ കാദംബരിയും കൂടെ എത്തുകയാണ്. എന്നാലും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് നന്ദിനിദേവി പിന്മാറുന്നില്ല, എന്നല്ല, അവർ ഇരുവരെയും ഒറ്റക്കിരുത്തി നിങ്ങളുടെ ബന്ധം അതിരു വിട്ടു പോകുന്നുവെന്നും ഇതിൽ നിന്നും പിന്മാറണമെന്ന് രവിയോട് ഉപദേശരൂപത്തിലും, കാദംബരിയോട് ശാസനാരൂപത്തിലും തന്നെ പറയുന്നുണ്ട്.

കൊൽക്കത്ത - ജോറസങ്കോയിലെ ഠാക്കൂർവാടിയിലേക്ക് ജ്യോതീന്ദ്രയുടെ വധുവായി ഒമ്പതാം വയസ്സിലെത്തിയപ്പോൾ കാദംബരി ദാമ്പത്യമെന്തെന്നറിയാത്ത കൊച്ചു ബാലികയായിരുന്നു. അന്നവൾ തന്റെ ഭർത്തൃസഹോദരരിലെ സമപ്രായക്കാരൻ രവിയിൽ ഒരു കളിക്കൂട്ടുകാരനെ കണ്ടെത്തി. അകാലത്തിൽ പൊലിഞ്ഞ അമ്മയുടെ വാത്സല്യം നഷ്ടമായിരുന്ന രവിക്കും കാദംബരി തുണയായി, സഹപാഠിയായി. ആ ബന്ധം പിന്നീട് ഭൗതിക വളർച്ചയുടെ പടവുകൾക്കൊപ്പം മറ്റേതോ തലങ്ങളിലേക്ക് കൂടി വളരുകയായിരുന്നു. തന്റെ ഇണയുടെ പ്രായവ്യത്യാസം, താല്പര്യവ്യത്യാസങ്ങൾ, മനോവ്യാപാരങ്ങളിലെ വിരുദ്ധധ്രുവങ്ങൾ എന്നിവ അവളെ തന്റെ സമപ്രായക്കാരനിലേക്ക് കൂടുതലടുപ്പിക്കാനുള്ള ത്വരകമായി. രവിയെന്ന കവിയിൽ, അയാളുടെ രചനകളിൽ ആകൃഷ്ടയായി. രവിക്കാവട്ടെ, തന്റെ ജേഷ്ഠത്തിയമ്മക്കും കളിക്കൂട്ടുകാരിക്കുമപ്പുറം അവന്റെ ബൗദ്ധിക വ്യാപാരങ്ങളെ ഏറ്റവുമാദ്യം കേൾപ്പിക്കാനുള്ള, നിരൂപണബുദ്ധിയോടെ അഭിപ്രായമാരായാനുള്ള ഒരുറ്റ സുഹൃത്തായി മാറുകയായിരുന്നു കാദംബരി. രവിയെ സ്നേഹപൂർവ്വം ഭാനു(രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യകാല തൂലികാ നാമം) എന്നായിരുന്നു അവൾ അഭിസംബോധന ചെയ്തിരുന്നത്. ഇരുവരും ആദ്യമായി മനുഷ്യബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്താണെന്ന് പരസ്പരം അറിയുകയായിരുന്നു.

രവിയും കാദംബരിയും തമ്മിലുള്ള സംവാദങ്ങളിൽ അവൾ പറയുന്നുണ്ട്. "ഭാനൂ, നിന്റെ അച്ഛൻ ചൂണ്ടിത്തരുന്ന പെണ്ണിനെ നീ കണ്ണടച്ച് സ്വീകരിക്കരുത്. ബാലികാ വിവാഹത്തെ ബ്രഹ്മസമാജം അനുകൂലിക്കുന്നുണ്ടോ. ഇല്ലെങ്കിൽ ദേവേന്ദ്ര ഗുരുജി സ്വന്തം മകന് ബാല്യം വിട്ടകന്ന ഒരു പെണ്ണിനെ കണ്ടെത്തട്ടെ". അതിലൂടെ അന്ന് നിലനിന്നിരുന്ന ആ ദുരാചാരത്തെ അന്നത്തെ പെൺകുട്ടികൾ എത്രമാത്രം വേദനയോടെയാണ് കണ്ടിരുന്നതെന്നും അനുഭവിച്ചിരുന്നതെന്നും നോവലിസ്റ്റ് കാദംബരിയിലൂടെ പറയുന്നു.

ചരിത്രപ്രാധാന്യമുള്ള കഥാതന്തുക്കളെ അപനിർമ്മിതിക്ക് വിധേയമാക്കുമ്പോൾ അന്നത്തെ കാലത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടാവണം. പഠിക്കണം. അത് സുരേഷ് വേണ്ടുവോളം നടത്തിയിട്ടുണ്ടെന്ന് നോവലിലെ വിവരണങ്ങളും, കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും വ്യക്തമാക്കുന്നു. ഒരു ദിവസം കാർവാറിലെ ബംഗ്ലാവിലേക്ക് അതിഥികളായെത്തുന്ന ഗുൽസാർ ഷാഫി അൽദീനുമായുള്ള സംഭാഷണങ്ങളിൽ അന്ന് കാലത്ത് മലബാറിലും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ തുടങ്ങിയെന്നും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാലത്തെ വരച്ചിടുന്നു. നന്ദിനിദേവിയുടെ സാരി സംഭാഷണങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാരി എപ്പോൾ എത്തിയെന്നും അവയുടെ പ്രാദേശിക വൈവിദ്ധ്യങ്ങളേയും ഉടുക്കലുകളെയും അവയിലുണ്ടായ പരിഷ്കാരങ്ങളെയും കൂടി വരച്ചു കാണിക്കുന്നുണ്ട്. കൂടാതെ മാറുന്ന സംഗീത കലാരൂപങ്ങളെപ്പറ്റിയും, മാറ്റമില്ലാതെ തുടരുന്ന അനുഷ്ഠാന കലകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.

അദ്ധ്യായം 4 മുതൽ 6 വരെയാണ് നോവൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് പ്രവേശിക്കുന്നത്. കാളീ നദിയിലൂടെയുള്ള നൗകാസഞ്ചാരങ്ങളിലൂടെ രവിയും കാദംബരിയും ഒന്ന് കൂടി അടുക്കുകയാണ്. എന്തിനായാണോ തങ്ങളിവിടെക്ക് എത്തപ്പെട്ടത്, അതിന്റെ വൈരുദ്ധ്യം. ടാഗോർ കാദംബരിയെ ഒരിക്കൽ ഗ്രീക്ക് ദേവതയായ ഹെകറ്റെയോട് ഉപമിക്കുന്നുണ്ട്. ചന്ദ്രനുമായി ബന്ധമുള്ള, അതേസമയം മാന്ത്രികതയുടെയും രഹസ്യങ്ങളുടെയും ഗ്രീക്ക് ദേവത. മറുവശത്ത്, കാദംബരി ടാഗോറിനെ “ഭാനു” (സൂര്യൻ) എന്ന് വിളിച്ചു. ആ ജ്വലിക്കുന്ന സൂര്യനു ചുറ്റും ഒരു ഉപഗ്രഹമായി ചുറ്റുവാനും, ചുറ്റിപ്പടരുവാനും അവൾ കൊതിച്ചു. യാത്രക്കിടെ കാദംബരി രവിയോടായി പറയുകയാണ്, എന്റെ പ്രിയപ്പെട്ട രവീ.. ഓളങ്ങൾ എന്നെ മോഹിപ്പിക്കുന്നു.. അവിടന്നങ്ങോട്ട് പിന്നീട് പ്രണയത്തിന്റെ പടർന്നാട്ടമാണ്. ഓരോ വരികളിലും ക്രാഫ്റ്റിന്റെ ജാലവിദ്യ. അവയോരോന്നും വായിച്ചനുഭവിക്കേണ്ടവയാണ്.

ഈ ഭൂമിയിൽ ഒരാൾക്കും അയാളായി, അവളായി ജീവിക്കാൻ സാദ്ധ്യമല്ലത്രെ. മറ്റുള്ളവരുടെ കണ്ണുകളിലൂടെ, നിരീക്ഷണത്തിലൂടെ ജീവിക്കേണ്ടി വരുന്ന വ്യഥ പേറി അനിവാര്യമായ വേർപിരിയലിന് അവരൊരുങ്ങുകയാണ്.

ഒരിക്കലും ഭാവനയല്ല ജീവിതം. അങ്ങിനെ സ്വന്തമിഷ്ടത്തോടെ ജീവിച്ചു മരിച്ചവർ ലോകചരിത്രത്തിൽ വിരളമാണ്. അപ്രാപ്യമായ ആ ജീവിതം നമുക്ക് ഇത്തരം കൃതികളിലൂടെ ആസ്വദിക്കാം, മനക്കോട്ട കെട്ടി, അതിലൂടെ അഭിരമിച്ച് യാന്ത്രിക ജീവിതം തുടരാം.

നന്ദി കണക്കൂർ സുരേഷ്, ഇത്തരമൊരു സുന്ദരസുരഭില വായനാനുഭവത്തിന്..

മുരളി വട്ടേനാട്ട്

ബൗദി( നോവൽ )
പ്രസാധകർ - ലോഗോസ് ബുക്ക്സ്
വില - 190

2025 നവംബർ 18, ചൊവ്വാഴ്ച

ദൈവം കേൾക്കുന്ന പ്രാർത്ഥന

 


മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം. 

നാമോരോരുത്തരും ജീവിച്ചുപോന്ന പരിസരങ്ങളിൽ കണ്ടുമുട്ടുന്ന വിവിധ  കഥാപാത്രങ്ങൾ, അവർക്കോരോരുത്തർക്കുമുള്ള വൈവിദ്ധ്യങ്ങൾ തുടങ്ങിയവ അവരുടെ കൂടെ മനോവ്യാപാരങ്ങളിലൂടെ വരച്ചിടുമ്പോൾ അത് കഥയുടെ വായനാശേഷി വർദ്ധിപ്പിക്കുന്നു.

ഇതിലെ ഒട്ടുമിക്ക കഥകളും ഗിമ്മിക്കുകളൊന്നുമില്ലാതെ   ഋജുവായി പറയുന്നവയാണ്. പക്ഷെ, ആ പറച്ചിലിനൊപ്പം വായനക്കാരനെ എങ്ങിനെ തന്റെ കൂടെക്കൂട്ടാം എന്ന കൗശലം അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. 

ഇതിലെ ഓരോ കഥയും സ്വാനുഭവങ്ങളുടെയും പരാനുഭവങ്ങളുടെയും സവിശേഷ മിശ്രണങ്ങളാണ്. നീരുകുടിയൻ നാട്ടു മാമ്പഴങ്ങളെപ്പോലെ വൈവിദ്ധ്യമാർന്നതാണ്. വേറിട്ട ചൂരിന്റെയും ചുണയുടെയും മുട്ടിക്കുടിയന്മാരാണ്. അവയിൽ നിന്നും തെറിക്കുന്ന യാഥാർഥ്യങ്ങളുടെ  ചുണ ചിലപ്പോൾ നമ്മുടെ മുഖങ്ങളെ പൊള്ളിച്ചേക്കാം.

നാട്ടു, നഗര ജീവിതത്തിലെ പൊയ്മുഖങ്ങളെയും പൊള്ളയായ  പൊങ്ങച്ചക്കോമരങ്ങളെയും വരികൾക്കിടയിലൂടെയുള്ള  സൂചിക്കുത്തിലൂടെ കാറ്റുകളഞ്ഞു   തുറന്നു കാട്ടുന്നുമുണ്ട്. പക്ഷെ അവിടെയെവിടെയും പുച്ഛത്തിന്റെ ലാഞ്ചന പോലും വരാതിരിക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്.

കഥകളിലൂടെ സഞ്ചരിക്കുമ്പോൾ, സുഹൃത്ത് ബന്ധങ്ങളിലെ കാപട്യങ്ങളെ തുറന്നു കാട്ടുന്ന മികച്ച കഥയാണ് ദൈവം കേൾക്കുന്ന പ്രാർത്ഥന. മറുജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങളുടെ ത്വര അപരനിൽ അധ്യാരോപിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തുറന്നു കാട്ടുന്നതാണ് തട്ടിക എന്ന കഥ. സ്വന്തം കാലിലെ മന്തിനെയും വ്രണങ്ങളെയും  കാണാതെ മറ്റുള്ളവരുടെ കാലുകളോരോന്നും പരിശോധിച്ച് ഇല്ലാ വ്രണങ്ങളെ കണ്ടെത്താനുള്ള കുബുദ്ധിയെയാണ് സ്വന്തം കാൽ എന്ന കഥ കാണിച്ചു തരുന്നത്. അതെ പോലെ, നമുക്കിടയിലേക്ക് കടന്നു വരുന്ന ചില ക്ഷണിക ബന്ധങ്ങളിൽ നിന്നും ഓടിയൊളിക്കാനുള്ള നമ്മുടെയൊക്കെ ഒരു വ്യഗ്രതയാണ് നിശ്ശബ്ദം എന്ന കഥ പറയുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, കുടുംബ  കൂട്ടായ്മകളിലെയെല്ലാം പ്രമാണിമാർ എങ്ങിനെ മറ്റുള്ളവരെ സമർത്ഥമായി  ഉപയോഗിക്കുന്നു എന്നതിന്റെ കുതന്ത്രങ്ങളാണ് "തന്ത്ര"ത്തിലൂടെ പറയുന്നത്. ജീവിതത്തിൽ താൻ അന്നേ വരെ ജീവിച്ചു പരിചയിച്ച പരിസരങ്ങളും രീതികളും വിട്ട് മറ്റൊന്നിലേക്ക് പറിച്ചു നടുമ്പോൾ അത്തരം മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനോ സ്വാംശീകരിക്കാനോ തയ്യാറാവാത്ത  ഒരാളെ തന്റെ കൊച്ചു മകൻ വെറും മൂന്നു മണിക്കൂറിനുള്ളിൽ മാറ്റിയെടുക്കുന്നതിന്റെ തന്ത്രമാണ് "മാറ്റം" എന്ന കഥ.

ഇതിലെ അടുക്കളച്ചാറ്റ് എന്ന കഥ പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്ന് സർവ്വസാധാരണമായ  പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മയിലെ ചില അപഥ സഞ്ചാരങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന ഒന്നാണത്. പൊതുവെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കഥകളിൽ നിന്നും വ്യത്യസ്തമായി, മികച്ച ആഖ്യാനശൈലിയിൽ എഴുതപ്പെട്ട കഥ.

അതെ പോലെ പറയേണ്ട കഥയാണ് അടുത്തൂൺ. നഗരജീവിയുടെ എല്ലാ വിധ തത്രപ്പാടുകളും,  തിരക്കുകളും, വിചിത്രശീലങ്ങളും കെട്ടിപ്പേറി ജീവിച്ച ഒരാൾ പെട്ടെന്ന് വിരമിക്കുന്ന ദിവസം ഒരു തിരക്കുമില്ലാത്തവനായി മാറുന്ന അവസ്ഥ. അങ്ങിനെ മാറി  നിന്ന് അത് വരെ തനിക്കുമുണ്ടായിരുന്ന  ശീലങ്ങൾ അപരരിൽ കണ്ട്  അയാൾ  കൗതുകം കൊള്ളുകയാണ്.

ഉണ്ണിയുടെ കഥകൾ മനുഷ്യമനസ്സുകളുടെ അപഗ്രഥനം കൂടിയാണ്. "ധൃതിയെല്ലാം അവസാനിക്കുന്ന ഇന്നത്തേപ്പോലൊരു ദിവസത്തിലേക്കാണ് അവരെല്ലാവരും കുതിച്ചുപായുന്നതെന്നുള്ള ചിന്ത എന്നിലുണ്ടായി" - (അടുത്തൂൺ). വേറെയും ഉദ്ധരിക്കാവുന്ന എത്രയോ വാചകങ്ങൾ മുഴച്ചു നിൽക്കാതെ കഥകളോട് ചേർന്ന് തീർത്തും അനിവാര്യമായൊരു വാചകം എന്ന പോലെ നിരന്നു പരന്ന് കിടപ്പുണ്ട്. നടേ  പറഞ്ഞ മനോവ്യാപാരങ്ങൾക്കപ്പുറം  സമൂഹത്തിലെ വിവിധ കഥാപാത്രങ്ങളുടെ ചിന്തകളെ സമഗ്രമായിത്തന്നെ ഇതിലുള്ള ഒട്ടുമുക്കാൽ കഥകളിലും അപഗ്രഥിക്കുന്നുണ്ട്.

പുസ്തകം വായിക്കപ്പെടട്ടെ.

പ്രസാധകനെക്കുറിച്ച് കൂടി രണ്ടു വാക്ക്. ചെമ്പരത്തി പ്രസാധനമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അക്ഷരത്തെറ്റുകളുടെ കല്ലുകടിയും(അത് കഥാകൃത്തിന്റെ മിടുക്ക് കൂടിയാവാം) അച്ചടിപ്പിശാചുകളുമില്ലാത്ത, നല്ല വായനക്കുതകുന്ന ഫോണ്ടും ലേ ഔട്ടും.

പ്രസാധകൻ : ചെമ്പരത്തി പ്രസാധനം, കാഞ്ഞങ്ങാട്

വില: 220/-

2025 ഒക്‌ടോബർ 21, ചൊവ്വാഴ്ച

കടലോളം നിനവുകൾ കൈക്കുമ്പിളിൽ


ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എന്ന കുഞ്ഞുപുസ്തകം.

ഇതിൽ പരാമർശിക്കപ്പെടുന്ന കഥാപരിസരങ്ങളും കാലവും എന്നോട് കൂടെ  ചേർന്നു നിൽക്കുന്നതിനാലാവാം   പുസ്തകം കൈയിലെടുത്താൽ തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിൽ വായിക്കാവുന്നത്ര രസകരമാണ് ആഖ്യാന ശൈലിയും അതിലെ വിഷയങ്ങളും.

നാട്ടിൻപുറങ്ങളിലും നഗരപരിസരങ്ങളിലും നാം കണ്ട് പരിചയിച്ച കഥാപാത്രങ്ങളും സംഭവങ്ങളും നർമ്മരൂപത്തിൽ അവതരിക്കപ്പെടുമ്പോൾ ഇത് നമ്മുടെ കൂടെ കഥയാണല്ലോ, നാം കൂടി കണ്ടതാണല്ലോ  എന്ന് അറിയാതെ പറഞ്ഞു പോവുന്നു, അവയിലെ നർമ്മമറിഞ്ഞ് ഉള്ളറിഞ്ഞു ചിരിക്കുന്നു.

അതിലെ ആദ്യ ഗുരുസ്മരണ എന്ന അദ്ധ്യായം വായിച്ചപ്പോൾ എഴുത്തുപള്ളിയിൽ, അപ്രാപ്യമായ അക്ഷരമാലയുടെ മുമ്പിലിരുന്ന്   "മാ__" "പിന്നെ" "എൻ _"'ൻ' ചില്ലാണ്. "കൂട്ടി വായിയ്ക്ക് "എന്ന പണിക്കരച്ചന്റെ  ആജ്ഞകൾക്ക് മുമ്പിലിരുന്നു  മാൻ എന്നതിനെ   "മായൻ എന്ന് പേർത്തും പേർത്തും വായിക്കുന്ന   ഓ വി യുടെ കുട്ടാടനെയാണ് ഓർത്തത്, സന്ദർഭങ്ങൾ വേറെയാണെങ്കിലും.

സത്യം, നുണ, കളവ് എന്നീ സംജ്ഞകൾ  വേർതിരിച്ചറിയാനാവാത്ത കാലത്ത് ചെയ്ത കൊച്ചു കൊച്ചു കൃത്യങ്ങൾ   അദ്ദേഹം  ആത്മനിന്ദയിൽ ചാലിച്ച നർമ്മത്തോടെ   നമ്മോട് പറയുമ്പോൾ  ഇത് ഞാനുമാണല്ലോ എന്നോർത്ത് അതിനോട് താദാത്മ്യം പ്രാപിക്കുന്നു.

പ്രസാധകർ - പ്രഭാത് ബുക്ക്സ് 
വില - 80 രൂപ

2025 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

മൃഗ കലാപങ്ങൾ

വാസ്തവത്തിൽ മൃഗങ്ങൾ തമ്മിൽ തുടരുന്ന ആധിപത്യ വൈരങ്ങൾക്കപ്പുറം കലാപം(Riot) എന്നത് മൃഗങ്ങളെ സംബന്ധിച്ച് തന്നെ അറിയാത്ത ഒരു സംജ്ഞയാണ് എന്നാണ് കരുതേണ്ടത്. ഭക്ഷണം, ഇണകൾക്കായുള്ള മത്സരം, ചെറുകൂട്ടങ്ങൾക്ക് മേലുള്ള അധീശത്വം എന്നിവക്കപ്പുറം അവർ തമ്മിൽ, മനുഷ്യർ തമ്മിലുണ്ടായ പോലുള്ള കലാപങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ ഗവേഷണം ചെയ്യേണ്ട വസ്തുതയാണ്.

മഹ്മൂദ് കൂരിയയുടെ “മൃഗ കലാപങ്ങൾ” എന്ന പുസ്തകം മനുഷ്യ കലാപങ്ങളിലെ മൃഗ സാന്നിധ്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതും ചർച്ച ചെയ്യുന്നതും. പ്രത്യേകിച്ച് കേരളത്തിലെ മലബാർ കലാപങ്ങളിലെ മൃഗ സാന്നിധ്യങ്ങളെക്കുറിച്ച്.
മൃഗ കലാപങ്ങൾ എന്നത് കൊണ്ട് വിവക്ഷിക്കുന്ന മൃഗങ്ങൾ തമ്മിലുള്ള കലാപങ്ങളെക്കുറിച്ചല്ല തീർച്ചയായും ഈ പുസ്തകം ചർച്ച ചെയ്യുന്നതും പരിശോധിക്കുന്നതും എന്നത് കൂടി വ്യക്തമാക്കട്ടെ.
പരിണാമ ചരിത്രാതീത കാലഘട്ടത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ തീർച്ചയായും നിരന്തര പോരാട്ടങ്ങൾ നടന്നിരിക്കണം. അവയാവട്ടെ കലാപങ്ങളെക്കാൾ മൃഗങ്ങൾക്ക് മേൽ മനുഷ്യാധിപത്യത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ അഥവാ മെരുക്കൽ വ്യാപാരങ്ങളായിരുന്നിരിക്കണം. അവ പിന്നീട് മനുഷ്യരുടെ വിവിധ മൃഗങ്ങളുമായുള്ള ബാന്ധവത്തിന് വഴി തെളിയിക്കുകയും മനുഷ്യപുരോഗതിയിലെ നാഴികക്കല്ലുകളായി തീരുകയും ചെയ്തുവെന്നത് ചരിത്രം.
അതിനുമപ്പുറം മനുഷ്യവംശം നടത്തിയ വർഗ്ഗ, വർണ്ണ അധിനിവേശ സംഘട്ടനങ്ങളിലും കലാപങ്ങളിലും അവർ മെരുക്കിയെടുത്ത മൃഗങ്ങളെ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതിന്റെ ചരിത്രമാണ് മഹമൂദ് കൂരിയ രേഖപ്പെടുത്തുന്നത്. അതിൽത്തന്നെ കേരളീയ പശ്ചാത്തലത്തിൽ നടന്ന മലബാർ കലാപങ്ങളിലെ മൃഗ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായി ഈ പുസ്തകം പരിശോധിക്കുന്നു.
മലബാർ സമരങ്ങളിലെ മനുഷ്യ മൃഗ പാരസ്പര്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം അന്വേഷിക്കുന്നതെന്ന് ആമുഖമായി ലേഖകൻ പറയുന്നുണ്ട്. ആ നിലക്ക് മൃഗ കലാപങ്ങൾ എന്ന ശീർഷകം ഈ പുസ്തകത്തിന് യോജിക്കാത്തതാണെന്ന് പറയേണ്ടി വരുന്നു.
18, 19 നൂറ്റാണ്ടുകളിലെ മലമ്പ്രദേശങ്ങൾ നിറഞ്ഞ മലബാറിന്റെ കഠിന ഭൂപ്രകൃതി കാരണം ബ്രിട്ടീഷ് പടയ്ക്ക് വിവിധ മൃഗങ്ങളെ ഉപയോഗിച്ച് വേണ്ടിവന്നു ഭൂപ്രദേശങ്ങളുടെയും കലാപക്കാരുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ. പ്രത്യേകിച്ച് സഞ്ചാര യോഗ്യമല്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാൻ. പ്രാചീന ഇന്ത്യൻ യുദ്ധ ചരിത്രം പരിശോധിച്ചാൽ മനുഷ്യർ മെരുക്കിയെടുത്ത എല്ലാ മൃഗങ്ങളെയും വിവിധ ഘട്ടങ്ങളിൽ യുദ്ധമുഖങ്ങളിൽ നിർബാധം ഉപയോഗിച്ചതായി കാണാം. ആന, കുതിരപ്പടകൾ പൗരാണിക യുദ്ധമുഖങ്ങളിലെ അവിഭ്യാജ്യ ഘടകങ്ങളായിരുന്നു. യുദ്ധത്തിലുപയോഗിക്കുന്ന മൃഗങ്ങളെ വധിക്കരുതെന്നത് അന്നത്തെ യുദ്ധനീതിയായിരുന്നു. പക്ഷെ മേൽപ്പറഞ്ഞ മലബാർ കലാപങ്ങളിൽ ഇത്തരം യുദ്ധനീതികൾക്കപ്പുറം, കലാപങ്ങളുടെ രാഷ്ട്രീയമൊന്നും അറിയാത്ത സഹായികളായ നൽക്കാലികളെയും മറുപക്ഷം ലാക്കാക്കുന്നുണ്ട്.
വാരിക്കുഴിയിൽ വീണ ആനയെച്ചൊല്ലി തുടങ്ങുന്ന ഒരു കലാപത്തെക്കുറിച്ച് മാത്രമാണ് മൃഗ കലാപം എന്ന് വേണമെങ്കിൽ പറയാവുന്നത്. അതായത് ഒരു മൃഗത്തെച്ചൊല്ലി മനുഷ്യമൃഗങ്ങൾ നടത്തിയ കലാപം. അതിനപ്പുറം ഇതിൽ പങ്കാളികളായ, പൊതുവെ കേരളത്തിനോ, മലബാറിനോ അന്യമായ കോവർ കഴുതകളുടെ പങ്കിനെക്കുറിച്ചും, ആനകളെക്കുറിച്ചും, കുതിരകളെക്കുറിച്ചും, ഏറു(കാള)കളെക്കുറിച്ചും, നായകളെക്കുറിച്ചുമാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ മൃഗങ്ങളെച്ചൊല്ലി മനുഷ്യർ തമ്മിൽ കലാപം നടത്തിയെന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആദ്യ സമരം 1832ൽ ബോംബെയിലെ പാഴ്സി സമുദായവും ബ്രിട്ടീഷുകാരും തമ്മിൽ നടത്തിയ പോരായിരുന്നു.
തങ്ങൾക്കിഷ്ടമില്ലാത്ത എതിർ ചേരിയിലുള്ളവരെ മൃഗ നാമം വിളിച്ച് ആക്ഷേപിക്കുന്നത് എല്ലാ ഭാഷയിലും രാജ്യങ്ങളിലുമുള്ളതായി കാണാം. ഓരോ മൃഗത്തിന്റെയും സ്വഭാവ വൈശിഷ്ട്യമനുസരിച്ച് അത്തരം ആരോപണ വിളികൾക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. അതിനെപ്പറ്റിയും വിശദമായിത്തന്നെ "തെറികളുടെ കലാപ ജനുസ്സുകൾ" എന്ന ലേഖനത്തിൽ വിശകലനം ചെയ്യുന്നു. ആധുനിക ലോകത്ത് യന്ത്രങ്ങളുടെ കണ്ടുപിടുത്തം മൂലം മൃഗങ്ങളെ ഭക്ഷണാവശ്യങ്ങൾക്കപ്പുറമുള്ള സഹായങ്ങൾക്കായുള്ള ഉപയോഗം നാമമാത്രമായ ഇക്കാലത്തും ആ തെറി വിളികൾ അങ്ങിനെതന്നെ തുടരുന്നു എന്നത് വിചിത്രമായിത്തോന്നാം.
കേരളത്തിന്റെ ഗതകാലങ്ങളുടെ അരികുകളിൽ ഓരം പറ്റി നിന്നിരുന്ന മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം എന്നാണ് ഗ്രന്ഥകാരൻ ഉപസംഹാരമായിപ്പറയുന്നത്.
ചരിത്രത്തിലെ വിവിധ യുദ്ധങ്ങളിൽ വീര പരിവേഷം സിദ്ധിച്ച വളരെക്കുറച്ച് മൃഗങ്ങളെ നമുക്ക് മുമ്പിലുള്ളൂ. രാഗ്സ് എന്ന നായ, സ്റ്റാലിയൻ എന്ന കുതിര, ചേർ അമി എന്ന പ്രാവ്, മഹാറാണാ പ്രതാപന്റെ ചേതക് കുതിര, ടിപ്പുവിന്റെ കാലു എന്ന ആന തുടങ്ങിയവ.
അതിനപ്പുറം ഇത്തരം യുദ്ധങ്ങളിലും കലാപങ്ങളിലും പങ്കെടുക്കാൻ വിധിക്കപ്പെട്ട മൃഗങ്ങൾ എന്തിനെന്നോ ഏതിനെന്നോ അറിയാതെ മനുഷ്യന്റെ ചട്ടുകമായി മാത്രം പ്രവർത്തിച്ചുവെന്നതാണ് യഥാർത്ഥ ചരിത്രം.
മൃഗ കലാപങ്ങൾ
മഹ്മൂദ് കൂരിയ
പ്രസാധകർ - മാതൃഭൂമി ബുക്സ്
വില - 310

2025 ഓഗസ്റ്റ് 31, ഞായറാഴ്‌ച

മുംബൈ ചരിത്രവും വർത്തമാനവും


ദൈനംദിനജീവിതം ഉന്തിനീക്കാനുള്ള വലിയ തിരക്കിൽപ്പെട്ട് ഉള്ളറകളിലേക്കു കടക്കാൻ കഴിയാത്തവർക്കാണ് മുംബൈ കേവലമൊരു യാന്ത്രികവും വിരസവുമായ നഗരമായി തോന്നുന്നത്. അനുഭവങ്ങൾ അതിന്റെ വിചിത്രസൗന്ദര്യത്തോടെ നിറഞ്ഞാടുന്ന ഈ മഹാനഗരത്തിന്റെ ഉൾത്തലങ്ങളിലേക്കു പ്രവേശിക്കുമ്പോൾ നാം അതിശയംകൂറുന്നു! വിസ്‌മയചകിതരാവുന്നു! പിന്നെ നാം ഈ നഗരത്തെ തീവ്രമായി പ്രണയിച്ചു തുടങ്ങുന്നു.

മുംബൈ നഗരത്തിൽ കുറച്ചുകാലമെങ്കിലും രാപ്പാർത്തവർ, നഗര വൈവിദ്ധ്യത്തെ അറിഞ്ഞവർ ഈ നഗരത്തെ അത്രമേൽ പ്രണയിച്ചിരിക്കും.
മനുഷ്യജീവിതങ്ങൾക്ക് ശതകോടി മുഖങ്ങളുണ്ടെന്ന് തെര്യപ്പെടുത്തുന്ന ഒരു നഗരം എങ്ങനെയാണ് പ്രിയങ്കരമാകാതിരിക്കുക? എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് സജി എബ്രഹാം മുംബൈ ചരിത്രവും വർത്തമാനവും എന്ന തന്റെ പഠന ഗ്രന്ഥം അവസാനിപ്പിക്കുന്നത്.
578 പേജുകളിലായി 50 അദ്ധ്യായങ്ങളിലൂടെ അദ്ദേഹം മുംബൈ നഗരത്തിന്റെ ചരിത്രവും വർത്തമാനവും വൈവിദ്ധ്യങ്ങളും നമുക്ക് മുമ്പിലേക്ക് നിരത്തിപ്പരത്തി വെച്ചു തന്നിരിക്കുകയാണ്. ഏതൊരു ചരിത്രകുതുകിക്കും ആഴ്ന്നിറങ്ങാനുള്ള പഠന ഗ്രന്ഥം.
ഈ നഗരത്തിനൊരു പ്രത്യേകതയുണ്ട്.
നഗരത്തിലേക്കെത്തിപ്പെടുന്ന ആദ്യകാലത്ത് ഈ നഗരം നാമൊരിക്കലും അതുവരെ പരിചയിച്ചിട്ടില്ലാത്ത പരിസരങ്ങളിൽ നിന്നും നമ്മെ പുറകോട്ട് വലിക്കും, ആട്ടിപ്പായിക്കും. പക്ഷെ, പോകപ്പോകെ, ആ പരിസരങ്ങളും രീതികളും പരിചിതമാകുന്നതോടെ അത് നമ്മെ കൂടെച്ചേർക്കും.
മുംബൈ നഗരത്തെക്കുറിച്ച് പൊതുവെ പറയുന്നൊരു വാചകമുണ്ട്. നഗരം ആരെയും കൈവിടാറില്ലെന്നത്. ഉള്ളവനും ഇല്ലാത്തവനും ഇവിടെ ജീവിച്ചു പോകാനാവുമെന്നത്. അങ്ങിനെയുള്ള ഓരോ ജീവിതങ്ങളുടെയും സൂക്ഷ്മ ചരിത്രവും ഉൾത്തുടിപ്പുകളും കുറിച്ചു വെക്കുകയാണ് സജി എബ്രഹാം.
പതിനാറാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടുള്ള മുംബൈ നഗരത്തിന്റെ ചരിത്രം വളരെ വിശദമായിത്തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴു ദ്വീപുകളുടെ സമൂഹമായിക്കിടന്ന ഈ ഭൂപ്രദേശത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഏതൊരു നഗരത്തിനും കാണും ചില കറുത്ത ചരിത്രം. പക്ഷെ നഗരം തന്നെ കറുപ്പിലൂടെ ഉയർന്നു വന്നതാണെന്ന സത്യമറിയുമ്പോൾ ചിലപ്പോൾ ഇപ്പോൾ കാണുന്ന മുംബൈയുടെ പ്രൗഢിക്ക് മേൽ കരിനിഴൽ വീണേക്കാം. പക്ഷെ അതൊരു സത്യമാണ്. മുംബൈയെ ഒരു മഹാനഗരമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ തഴച്ചു വളർന്ന തുണിമിൽ വ്യവസായവും കുടിയേറ്റവും റെയിൽവേയുമാണെങ്കിലും അതിനുള്ള വളം നൽകിയത് ഹോങ്കോങ്കിലേക്കും ചൈനയിലേക്കും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിർലോഭം നടത്തിയ ഓപ്പിയം കച്ചവടമായിരുന്നുവെന്നത് ഒരു വസ്തുതയാണെന്ന് ഈ പുസ്തകം നമ്മോട് കാര്യകാരണസഹിതം പറയുന്നു.
ബ്രിട്ടീഷുകാരാണ് യഥാർത്ഥത്തിൽ ഇന്നത്തെ ആധുനിക മുംബൈയുടെ സ്രഷ്ടാക്കൾ. ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ പിന്തുടർച്ചയെന്നോണം പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മുംബൈയിലും തുണിമില്ലുകൾ സ്ഥാപിക്കപ്പെട്ടു. അവിടന്നങ്ങോട്ട് നഗരം വളരുകയായിരുന്നു. മില്ലുകൾക്കൊപ്പം അവിടേക്ക് പണിയെടുക്കാൻ തൊഴിലാളികൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നും കുടിയേറി. രാജ്യത്തെ ആദ്യത്തെ തീവണ്ടിപ്പാത ബോംബെ വിക്ടോറിയ ടെർമിനസിനും താനെക്കുമിടക്ക് പണിതതോടെ നഗരം വീണ്ടും വളർന്നു. ഇതിന്റെയെല്ലാം സമഗ്ര ചരിത്രം തന്നെ ഈ പുസ്‌തകം നമുക്ക് നൽകുന്നുണ്ട്.
നഗരത്തെക്കുറിച്ച് പറയുമ്പോൾ ആ നഗരത്തെക്കുറിച്ച് മാത്രമല്ല മറിച്ച് നഗരം ഒരു രാഷ്ട്രനിർമ്മാണത്തിൽ എങ്ങിനെ ഭാഗഭാക്കായി എന്ന ചരിത്രം കൂടി പരിശോധിച്ചുകൊണ്ടാണ് ഇതിലെ അദ്ധ്യായങ്ങൾ വികസിക്കുന്നത്. ലോകമഹായുദ്ധങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ശേഷമുള്ള വിഭജന ഇന്ത്യയിലെ സംസ്ഥാന രൂപീകരണങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഇടപെടലുകളുമടക്കം ഓരോ സംഭവ വികാസങ്ങളെയും വളരെ ഇഴ കീറി പരിശോധിച്ചു കൊണ്ടാണ് ഓരോ അദ്ധ്യായങ്ങളും മുന്നേറുന്നത്.
ഭാഷാവാദമുയർത്തി നഗരത്തിലെ കടകളുടെയും ഓഫിസുകളുടെയും പേരുകൾ മറാത്തിയിൽ ആക്കണമെന്ന് വാശി പിടിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലവന്റെ സർനെയിം പാശ്ചാത്യമാണെന്ന്, അല്ലെങ്കിൽ ഒരു പാശ്ചാത്യ എഴുത്തുകാരന്റെ പക്കൽ നിന്നും കടം കൊണ്ടതാണെന്ന് എത്ര പേർക്കറിയാം. വിഖ്യാതനായ ബാൽ താക്കറെ (Thackeray എന്ന് ഇംഗ്ലീഷ്)യുടെ പിതാവ് കേശവ് സീതാറാം, വില്യം താക്കറെ (William Makepiece Thackeray എന്ന പ്രശസ്ത നോവലിസ്റ്റും കവിയുമായ ഇംഗ്ലീഷ് എഴുത്തുകാരന്റെ രചനകളിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സർനെയിം പൻവേൽക്കർ എന്നതിൽ നിന്നും താക്കറെ എന്നാക്കുകയായിരുന്നുവത്രെ. പിന്നീട് മണ്ണിന്റെ മക്കൾ വാദമുയർത്തി ആദ്യം ദക്ഷിണേന്ത്യക്കാരെയും പിന്നീട് ഉത്തരേന്ത്യക്കാരെയും തുരത്തിയോടിക്കാൻ ശ്രമിച്ചതും ഇവരായിരുന്നു. ആ ചരിത്രത്തിലൂടെയുമുള്ള യാത്ര കൂടിയാണ് സജിയുടെ പഠന ഗ്രന്ഥം.
സ്വാതന്ത്യ പൂർവ്വ ഇന്ത്യയിലെ മുംബൈയുടെ ഓരോ കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രവും വളരെ വിശാലമായിത്തന്നെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം, ഗുജറാത്ത് കൂടി ഉൾപ്പെട്ടിരുന്ന ബ്രിട്ടീഷ് ബോംബെ സംസ്ഥാനത്തിൽ നിന്നും വേർപെട്ട് മറാഠി ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർന്ന് മഹാരാഷ്ട്ര എന്ന സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുംബൈയും കൈകോർത്തത്, അതിനായി മലയാളികളടക്കമുള്ള വിവിധ സമൂഹങ്ങൾ ഒന്നിച്ചണി നിരന്നത് തുടങ്ങി ഒരു ചരിത്ര വിദ്യാർത്ഥിക്ക് വേണ്ടുന്ന വിഭവങ്ങൾ ആവോളം സന്നിവേശിപ്പിച്ചാണ് സജി ഈ ചരിത്ര ഗ്രന്ഥം എഴുതിയിട്ടുള്ളത്. മുംബൈ നഗരം രൂപപ്പെട്ടു വരുന്നതിൽ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പങ്കും വളരെ വിശാലമായിത്തന്നെ ഇതിൽ രേഖപ്പെടുത്തുന്നുമുണ്ട്, അതിലെ മുന്നണി-പിന്നണിപ്പോരാളികളെക്കുറിച്ചും പറഞ്ഞുകൊണ്ട്.
ഏതൊരു നഗര ചരിത്രം പരിശോധിച്ചാലും കാണുന്ന ഒരു പ്രത്യേകതയുണ്ട്. ആ നഗരങ്ങളിലെല്ലാം ജനസംഖ്യാനുപാതത്തിൽ പുരുഷപ്രജകൾ എതിർ ലിംഗത്തെ അപേക്ഷിച്ച് ഏറെയായിരിക്കും. അതിന് കാരണവുമുണ്ട്. നഗര കേന്ദ്രീകൃതമായ വ്യവസായവത്കരണം, അവിടേക്ക് ജോലി തേടി ഗ്രാമങ്ങളിൽ നിന്നുമുള്ള പുരുഷന്മാരുടെ കുടിയേറ്റം. ഈ വ്യവസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരങ്ങളിൽ വന്ന് രാപ്പാർക്കാൻ വിധിക്കപ്പെട്ട, എന്നാൽ തങ്ങളുടെ ശുഷ്ക വരുമാനത്തിൽ നഗരത്തിലൊരു കുടുംബം സ്ഥാപിച്ച് പരിപാലിക്കാൻ ശേഷിയില്ലാത്ത പതിനായിരങ്ങൾക്ക് അവരുടെ ലൈംഗിക വിശപ്പടക്കാൻ ആദ്യകാലങ്ങളിൽ ഭരണകൂടം തന്നെ വഴിയൊരുക്കിയിരുന്നു. അത്തരത്തിൽ രൂപപ്പെട്ട കാമാത്തിപ്പുരയുടെ നാൾവഴി ചരിത്രം കൂടിയാണ് ഇത്. പത്തൊൻപതാം നൂറ്റാണ്ടോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ആദ്യകാല തൊഴിലാളികൾ വാസമുറപ്പിച്ച സ്ഥലത്തിന് , ജോലിക്കാർ എന്നർത്ഥം വരുന്ന കാമാത്തീസ് എന്ന മറാത്തിവാക്കിൽ നിന്നും ജോലിക്കാർ തിങ്ങി വസിക്കുന്നയിടം എന്ന അർത്ഥത്തിലാണ് ആ പേര് വന്നത്, അല്ലാതെ കാമം തീർക്കുന്ന പുരയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
മുംബൈ എന്നാൽ നഗരത്തെക്കുറിച്ചറിയാത്തവർക്ക് ബോളിവുഡാണ്. മുംബൈ ഇന്ത്യൻ ഫിലിം വ്യവസായത്തിന്റെ ഹബ്ബാണ്. നഗരത്തിലേക്ക് 1896 ജൂലൈ 7നു ലൂമിയർ സഹോദരന്മാരുടെ പ്രതിനിധികൾ വഴി കടൽ കടന്ന് എങ്ങിനെ ആദ്യ സിനിമ എത്തിയെന്നും അത് പിന്നീട് വികസിച്ച് ബോളിവുഡായി പരിണമിച്ചുവെന്നും ഉള്ള വിസ്തൃത ചരിത്രം തന്നെ ഒരദ്ധ്യായത്തിൽ പറയുന്നുണ്ട്. അതിലെ മലയാളി സാന്നിദ്ധ്യങ്ങളെക്കുറിച്ചും.
മുംബൈ എന്ന നഗരത്തിന്റെ മാത്രം മുഖമുദ്രകളായ സഞ്ചരിക്കുന്ന ചോറ്റുപാത്രങ്ങളെക്കുറിച്ചും, ഗിന്നസ് ബുക്കിലിടം നേടിയ അലക്കുകാരെക്കുറിച്ചുമെല്ലാം പ്രത്യേക അദ്ധ്യായങ്ങൾ തന്നെ തീർത്തിരിക്കുന്നു.
മുംബൈ നഗര ചരിത്രം കലാപങ്ങളുടെ കൂടെ ചരിത്രമാണെന്ന് കൂടി ഇത് പറഞ്ഞു വെക്കുന്നു. പട്ടികളെച്ചൊല്ലി തുടങ്ങിയ കലാപങ്ങൾ പിന്നീട് വിവിധ ദേശക്കാർ തമ്മിലും ഭാഷക്കാർ തമ്മിലും മതക്കാർ തമ്മിലുമുള്ള അനേകം കലാപങ്ങൾക്ക് കൂടി സാക്ഷിയാവേണ്ടി വന്നത്തിന്റെ ചരിത്ര വായന നമ്മെ തെല്ലൊന്ന് നൊമ്പരപ്പെടുത്തും.
മുംബൈയിലെ മലയാള ഭൂമിക എന്ന രണ്ടാം ഭാഗത്തിലൂടെ ആദ്യമായി സഹ്യനെക്കടന്നു വന്ന മലയാളികളെക്കുറിച്ചും അവരും അവരുടെ പിന്തുടർച്ചക്കാരും ഈ നഗര നിർമ്മിതിയിൽ വഹിച്ച പങ്കിനെക്കുറിച്ചും വളരെ വിശാലമായി തന്നെ രേഖപ്പെടുത്തുന്നു.
ഈ ചരിത്ര പുസ്തകം വായിച്ചു തീരുമ്പോൾ അദ്ദേഹം ഇതിനായെടുത്ത ഗവേഷണങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. അതിന്നായി ഏകദേശം നൂറോളം പുസ്തകങ്ങളെയും ലേഖന പരമ്പരകളെയും അദ്ദേഹം അവലംബിക്കുന്നുണ്ട്.
നഗരചരിത്രത്തെപ്പറ്റി ഗൂഗിൾ വഴി പലപ്പോഴും തിരഞ്ഞിട്ടുണ്ടെന്നാലും വായിച്ചിട്ടുണ്ടെന്നാലും ഇത്രയും സമഗ്രമായ, സർവ്വ മേഖലകളെയും ആഴത്തിൽ തന്നെ രേഖപ്പെടുത്തിയ ഒരു ചരിത്ര ഗ്രന്ഥം ആദ്യമായാണ് വായിക്കുന്നത്. ഏതൊരു മുംബൈ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതും ഒരു റഫറൻസ് ഗ്രന്ഥം പോലെ സൂക്ഷിക്കേണ്ടതുമാണ് സജിയുടെ "മുംബൈ ചരിത്രവും വർത്തമാനവും".
നന്ദി സജി എബ്രഹാം ഇങ്ങനെയൊരു സമഗ്ര നഗര ചരിത്രം മലയാളികൾക്കായി ഒരുക്കിത്തന്നതിന്.
മുംബൈ ചരിത്രവും വർത്തമാനവും(ചരിത്രം)
സജി എബ്രഹാം
പ്രസാധകർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില : 800

2025 മാർച്ച് 19, ബുധനാഴ്‌ച

നഗരത്തിന്റെ മാനിഫെസ്റ്റോ

നാലു ദിവസം മുമ്പാണ് പ്രേമൻ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ ഓൺലൈൻ വഴി വാങ്ങി കയ്യിൽ കിട്ടിയത്. 

ബോംബെ നഗരത്തെ തുറന്നു കാട്ടുന്നതിൽ ഇതൊരു മാനിഫെസ്റ്റോ തന്നെ. ആനന്ദിന്റെ ആൾക്കൂട്ടം നമുക്ക് തരുന്ന അനുഭവ തലങ്ങളെക്കാൾ പ്രേമൻ നമ്മെ, പ്രത്യേകിച്ച് മുംബൈക്കറെ ആദ്യാദ്ധ്യായം മുതൽ തന്നെ കൂടെക്കൂട്ടുന്നു. ഓരോ അദ്ധ്യായങ്ങൾ പിന്നിടുന്തോറും ആ പരിചിത വഴിത്താരകളും  കഥാപാത്രങ്ങളും  നമ്മെക്കൂടി  ചേർത്തു പിടിച്ചാണ് യാത്ര ചെയ്യുന്നത്. ഒരിക്കൽ കയ്യിലെടുത്ത് വായന തുടങ്ങിയാൽ നിർത്തും വരെ ഉദ്വേകത്തിന്റെ ചങ്ങലപ്പൂട്ടിൽ നാം അകപ്പെട്ടിരിക്കും.

ആദി ബോംബെ ചരിത്രം തുടങ്ങി ഇന്നിന്റെ മുംബൈയിലേക്ക് എത്തിച്ചേരുന്ന നോവൽ  എഴുപതുകളിൽ തുടങ്ങി പിന്നീട് ഓരോ കഥാപാത്രങ്ങളിലൂടെ നഗരത്തിന്റെയും രാജ്യത്തിന്റെയും അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടെയും  ചരിത്രങ്ങളിലൂടെ വികസിക്കുകയാണ്. 

മൂന്നു വശങ്ങളും കിനാവള്ളി പോലെ വരിഞ്ഞു പിടിച്ചിരിക്കുന്ന അറബിക്കടലിന്റെ ആഴങ്ങൾ പോലെ ഭ്രമാത്മകമാണ് ചരിത്രത്തിന്റെ ഉള്ളകങ്ങൾ എന്ന് ആമുഖമായി പറഞ്ഞു കൊണ്ട്, സെയ്ൻ നദിയുടെ ഒഴുക്ക് നിലച്ചാൽ യൂറോപ്പിന്റെ ചരിത്രവും അവസാനിക്കുമെന്ന പ്രസിദ്ധ വാക്യത്തെ ഉദ്ധരിച്ച്,  ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ സാംസ്കാരികത്തിമർപ്പുകളായ മനുഷ്യക്കൂട്ടങ്ങളുടെ ഒഴുക്ക് നിലച്ചാൽ മുംബൈയും ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് പ്രേമൻ തന്റെ മാനിഫെസ്റ്റോ ആരംഭിക്കുന്നത്.

ഇതിലെ ഓരോ   കഥാപാത്രങ്ങൾക്കുമുണ്ട് തികഞ്ഞ വ്യക്തിത്വം. ഓരോ ചരിത്രം. കൂടാതെ വ്യക്തമായ കാഴ്ചപ്പാടുകളും. അവയൊന്നുപോലും  പ്രകടനപരതയോ വെറും സ്റ്റേറ്റ്മെന്റുകളോ ആയി മാറാതെ കഥാ സന്ദർഭങ്ങളുമായി ഇഴചേർന്ന് ഒഴുകുമ്പോൾ നോവലിന്റെ കയ്യടക്കം നമ്മെ അത്ഭുതപ്പെടുത്തും.

ഡാനിയൽ എന്ന വിപ്ലവകാരിയുടെ ബോംബെ പ്രവേശനത്തോടെയാണ് നോവൽ തുടങ്ങുന്നത്. നഗരത്തിലെ വനപ്രതീതി ഇന്നും നില നിർത്തുന്ന   ആരെ കോളനിയിലെ തബേലകളിലൊന്നിൽ അയാൾക്ക് ഒളിത്താവളമൊരുക്കി  മറ്റൊരു വിപ്ലവകാരി അവിടെ നിന്നും തിരോധാനം ചെയ്യപ്പെടുന്നതും, പിന്നീട് ഡാനിയൽ പോലുമറിയാത്ത  അവിടെ ഒരു അരുംകൊലക്ക് സാക്ഷിയാവേണ്ടി വരുന്നതും, ഒടുവിൽ ആ   കൊലക്കുറ്റത്തിന് അയാൾക്ക്  താനെ ജയിലിൽ കിടക്കേണ്ടി  വരികയും ചെയ്യുകയാണ്. അവിടെ അയാൾ കണ്ടുമുട്ടുന്ന ഹംസാഭായി എന്ന നല്ല മനുഷ്യൻ അയാളെ അവിടെ നിന്നും ജാമ്യത്തിൽ പുറത്തെത്തിക്കുന്നു.  അവിടന്നങ്ങോട്ട് അയാളുടെ ജീവിതം മാറി മറിയുകയാണ്. അത് അയാൾ പോലുമറിയാതെ  ആദ്യം അധോലോകത്തിലേക്കും അവിടെ നിന്നും ഒരു നിയോഗം പോലെ പല ഭൂമികകളിലേക്കും എത്തപ്പെടുന്നു.അയാൾ തന്റെ നഗരയാത്രയിൽ നിശ്ചിതസമയങ്ങളിൽ പല പല വേഷങ്ങളണിയുന്നുണ്ട്. പരകായ പ്രവേശങ്ങളും ആൾമാറാട്ടങ്ങളും നടത്തുന്നുണ്ട്. അവയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്..

നാം നിത്യേനയെന്നോണം നഗരത്തിൽ കണ്ടുമുട്ടുന്ന മുഖമില്ലാത്ത അനേകം മനുഷ്യരുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേമൻ നമ്മെ കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തുന്നുണ്ട്.

ചുവന്ന തെരുവിൽ നിന്നും രക്ഷപ്പെട്ട ട്രാൻസ് ജെൻഡറായ  ലക്ഷ്മിയും അവളുടെ വളർത്തുമകളായ സീതയും.

അപ്പനോട് പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ജയന്തി ജനതയിൽ കയറി ബോംബെയിലെത്തി, ആദ്യ കമ്പനിയിൽ നിന്നും അപ്പോയിന്റ്മെന്റ് ലെറ്ററിന് പകരം ഒരു കാലൻ കുടയിലൂടെ പിന്നീടങ്ങോട്ട്    ജീവിതം കരുപ്പിടിപ്പിച്ച ഭാഗ്യനാഥൻ.

മനുഷ്യത്വത്തിന്റെ മൂർത്തിമത് രൂപമായ അനിൽ കദം, അത്തരമൊരു പ്രവർത്തനത്തിനിടയിൽ ഒരു യാചകിയുടെ അന്ത്യവേളയിൽ അവർക്ക് ഉദകജലം നൽകി അടുത്ത നിമിഷം  അവരുടെ കൂരയിൽ   കണ്ട പണക്കൂമ്പാരത്തിന്റെ കാഴ്ച്ചയിൽ കണ്ണും പ്രജ്ഞയും മഞ്ഞളിച്ച് അതുമായി കടന്നു കളയുന്നവൻ.

സാമൂഹ്യസേവനവും പരസഹായവുമായി നടന്ന ബിസിനസ്സ്‌കാരനായ ബാലേട്ടൻ.

വിശ്വസാഹിത്യം ആവോളം പാനം ചെയ്ത് അക്ഷരസമൃദ്ധിയുമായി നമ്മെ അത്ഭുതപ്പെടുത്തുന്ന  ബംഗാളി ചെരുപ്പുകുത്തി ബിഭൂതിദാസ്.

ജീവിതം പ്രണയാർദ്രമായി ജീവിച്ചു കൊതി തീരാത്ത  നവ്റോഷ് കമേലിയ ദമ്പതികൾ.

മോഡലിംഗിൽ നിന്നും ബോംബെയുടെ വെള്ളി വെളിച്ചത്തിലേക്ക് ഉദിച്ചുയർന്ന് അധികം വൈകാതെ അസ്തമിക്കുകയും പിന്നീട് ജീവിക്കാനായി തന്റെ ശരീരം വിൽക്കാൻ തീരുമാനിച്ചിറങ്ങുകയും ചെയ്യുന്ന  മിനൽ.

ജീവിത സ്വപ്നങ്ങളും കുടുംബവും ഇല്ലാതാക്കിയവരെ കൂട്ടക്കൊല ചെയ്ത് നാട്ടിൽ നിന്നും ഒളിച്ചോടി വന്ന്  ധോബി തലാവിലെ ഓടയിൽ തന്നെത്തന്നെ തല്ലി വെളുപ്പിക്കുന്ന  ചന്ദൻ യാദവ്.

താനെ വെസ്റ്റിലെ സർവ്വജനിക് ശൗചാലയത്തിന് മുമ്പിൽ നാണയത്തുട്ടുകൾ ശേഖരിച്ച് തന്റെ മകന്റെ ജയിൽ മോചനം സ്വപ്നം കാണുന്ന  വൃദ്ധജോലിക്കാരി   തുൾസി ബായി. 

മുത്തുവെന്ന രാഷ്ട്രീയക്കാരൻ.

ശുഭാംഗിയെന്ന നർത്തകി തുടങ്ങി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങൾ ..

പല കഥാപാത്രങ്ങളെയും   ജീവിച്ചിരിക്കുന്ന പലരോടുമൊപ്പമാണ് ഇതിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.വരദാഭായിയും, ഹാജി മസ്താനും, നാണപ്പൻ മഞ്ഞപ്രയും തുടങ്ങി ഒട്ടേറെപ്പേരുടെ സാന്നിദ്ധ്യം കൂടി പ്രേമൻ ഇതിൽ സമർത്ഥമായി ചേർത്തിട്ടുണ്ട്.   അവർക്കൊക്കെയും നഗര ചരിത്രത്തിൽ തങ്ങളുടേതായ ഭൂമികയുണ്ടെന്നദ്ദേഹം കരുതിയിരിക്കണം.

അതെ പോലെ ബോംബ സാക്ഷ്യം വഹിച്ച അനേകം ചരിത്രസംഭവങ്ങളും നോവലിന്റെ ഭാഗമാവുകയും പരമാർശിക്കപ്പെടുകയും, അവയുടെ ചരിത്രത്തിലേക്ക് എത്തിനോക്കുകയും ചെയ്യുന്നുണ്ട്. ബോംബേ നഗരത്തിലെ കോളി സമൂഹം, ഈ ദ്വീപിലേക്ക് ലേക്ക് ആദ്യം കാലെടുത്തു വെച്ച വിദേശികൾ, നഗരരൂപീകരണം, രണ്ടാം ലോക മഹായുദ്ധം, വിക്ടോറിയ ഡോക്കിൽ നടന്ന സ്ഫോടനം,    സ്വാതന്ത്ര്യ സമര കാലം, ഇന്ത്യ വിഭജനം, എഴുപതുകളിലെ മിൽ സമരങ്ങൾ, റെയിൽവേ സമരം, തൊണ്ണൂറുകളിലെ വർഗ്ഗീയ ലഹള, അതിനു ശേഷം നടന്ന  സ്‌ഫോടനങ്ങൾ, പ്രളയം, കോവിഡ് തുടങ്ങി പല പല കാലഘട്ടങ്ങളിലൂടെയാണ് നോവൽ ഇന്നിലേക്കെത്തിച്ചേരുന്നത്.

പ്രേമൻ വരച്ചു കാട്ടുന്ന പല പ്രതിബിംബങ്ങളും മനോഹരമാണ്. സ്വന്തം ഭാര്യയുമായി പഞ്ചനക്ഷത്ര ഹോട്ടൽ ഒബറോയിയുടെ അരികിലുള്ള മൈതാനത്ത്  വേഴ്ചയിൽ ഏർപ്പെടാൻ വിധിക്കപ്പെടുന്ന ഒരു പാവം നഗരജീവിയുടെ ചിത്രത്തെ വരച്ചുകാട്ടുന്നത് ഇപ്രകാരമാണ്. 

നക്ഷത്ര തല്പങ്ങളിൽ വേഴ്ചയുടെ  അർമാദങ്ങളിൽ പൊലിഞ്ഞു തീരാൻ രാവിരുട്ടുന്നു.  തൊട്ടു താഴെ തുറന്ന മൈതാനത്ത് മങ്ങിയ ഇരുട്ടിന്റെ ചുവരുകൾക്കിടയിൽ, നിസ്സഹായതയുടെ ശീൽക്കാരങ്ങൾ അടക്കിപ്പിടിച്ച്, നഗരം പ്രണയാസക്തികളെ നിർവീര്യമാക്കുന്നു.. 

മുംബൈ ഒരു നഗരമല്ല... അതൊരാഡംബര കപ്പലാണ് . നൂറ്റാണ്ടുകളായി ഒരേ കടലിൽ നങ്കൂരമിട്ട് യാത്രക്കാരെ ജീവിതദൃശ്യങ്ങളിൽ വിസ്മയിപ്പിക്കുന്ന കപ്പൽ. ഈ നങ്കൂരമൊന്നഴിഞ്ഞു പോയാൽ, കപ്പൽ ഒരു മുത്തശ്ശിക്കഥ എന്നൊരു കഥാപാത്രത്തെക്കൊണ്ട് അദ്ദേഹം പറയിക്കുന്നുണ്ട് .

ക്രാഫ്റ്റിന്റെ കാര്യത്തിൽ ആനന്ദിന്റെ ആൾക്കൂട്ടത്തെക്കാൾ ഒരുപടി മികച്ചതെന്ന് നിസ്സംശയം പറയാവുന്ന നോവൽ.

ഓരോ മുംബൈക്കറും അവശ്യം വായിച്ചിരിക്കേണ്ട നോവൽ.

നന്ദി പ്രേമൻ ഈ വായനാനുഭവത്തിന് !

(Published in Oruma Magazine, March 2025 issue)

2024 ഡിസംബർ 22, ഞായറാഴ്‌ച

ക്യൂറിമാരുടെ കഥ

 


 നോബൽ സമ്മാന ജേതാവായ മേരി ക്യൂറിയെപ്പറ്റി പല പുസ്‌തകങ്ങളും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പുതുതെന്ന് പറയാവുന്ന, ഓഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ജീവചരിത്രമാണ് റേഡിയം കണ്ടുപിടുത്തതിന്റെ 125ആം വർഷം പിന്നിട്ട വേളയിലിറങ്ങിയ

ശ്രീപ്രസാദ്‌ വടക്കേപ്പാട്ടിന്റെ ക്യൂറിമാരുടെ കഥ.

ഇതിനകം തന്നെ പല ശാസ്ത്ര ലേഖനങ്ങളും എഴുതിയിട്ടുള്ള മുബൈ ഭാഭാ അണുശക്തി കേന്ദ്രത്തിലെ ജോലിക്കാരനായ  ശ്രീപ്രസാദ്‌ മേരി ക്യൂറിയെയും കുടുംബത്തെയും പറ്റി എഴുതിയതിൽ അത്ഭുതപ്പെടാനില്ല.

The Nobel Curies എന്ന പുസ്തകമാണ് തന്നെ മലയാളത്തിലുള്ള  ഈ ജീവചരിത്ര രചനയിലേക്ക് നയിച്ചതെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നുണ്ട്.

പോളണ്ടുകാരായ  വ്‌ളാദിസ്ളാവ് - ബ്രോണിസ്ളാവ് ദമ്പതിമാർക്ക് 1867ലാണ് മരിയ സലോമിയ എന്ന മേരി ജനിക്കുന്നത്. റഷ്യൻ അധീനതയിലായിരുന്ന അക്കാലത്ത് പോളിഷ് ജനത അവരുടെ സംസ്കാരം സംരക്ഷിക്കാൻ പാട് പെടുന്ന കാലഘട്ടമായിരുന്നു. അദ്ധ്യാപകരായ മരിയയുടെ മാതാപിതാക്കൾ അതിനുള്ള ഉത്തമ മാർഗ്ഗമായി കണ്ടത് പോളിഷ് ജനതക്ക് ഭാഷാ പരിജ്ഞാനം നൽകുവാനുള്ള വഴികളാണ്. പക്ഷെ അവരുടെ ഈ പ്രവർത്തനം സാർ ചക്രവർത്തിമാരുടെ സാമ്രാജ്യത്തിൽ  രാജ്യദ്രോഹമായി മുദ്രകുത്തുകയും അവർക്ക് തങ്ങളുടെ ജോലിയും കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കി. തുടർന്ന് ദാരിദ്യ്രത്തിന്റെ പടുകുഴിയിൽ വീണ ആ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളും മറ്റുമാണ് ആദ്യ ഭാഗങ്ങളിലെ പ്രമേയം.

തന്റെ പതിനൊന്നാം വയസ്സിൽ ക്ഷയരോഗബന്ധിതയായുള്ള  അമ്മയുടെ വേർപാട് ആ കൊച്ചു മനസ്സിന് താങ്ങാവുതണിനപ്പുറമായിരുന്നു. അതിനിടയിലും തന്റെ വിദ്യാഭ്യാസം തുടർന്ന മരിയ പോളണ്ടിലെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള സ്വർണ്ണ മെഡൽ നേടിക്കൊണ്ടാണ് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയത്.

മരിയ ദാരിദ്ര്യത്തിൽ തുടർ പഠനം വഴിമുട്ടിയപ്പോൾ വീട്ടുവേലക്കാരിയായി ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്യുകയും അവിടെ വെച്ച് തന്റെ ആദ്യ അനുരാഗം പൂത്തു തളിർത്തെങ്കിലും രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം അതിന് വിലങ്ങു തടിയായപ്പോൾ തുടർ വിദ്യാഭ്യാസത്തിൽ  നിന്നും ഒളിച്ചോടി വീട്ടിലൊതുങ്ങി കഴിയാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി പാരീസിലെത്തുകയും  അവിടെ നിന്നും തന്റെ ശാസ്ത്രരംഗത്തെ പടവുകൾ കയറി നൊബേൽ സമ്മാന ജേതാവിലേക്കെത്തുന്ന ജീവിതഗന്ധിയായ കഥ ശ്രീപ്രസാദ്‌ വായനക്കാരനെക്കൂടി ചേർത്ത് നിർത്തിക്കൊണ്ട് 63 പേജുകളിലൂടെ  പറയുകയാണ്. 

സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ റേഡിയോ ആക്ടീവ് പദാർഥങ്ങൾ നിരന്തരം കൈകാര്യം ചെയ്തതിന്റെ ഫലമായുണ്ടായ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ് മേരി ക്യൂറിയുടെ ജീവൻ കവർന്നതെന്നത് പൊതുവെ പറയപ്പെടുന്നുണ്ട്. പക്ഷെ ശ്രീപ്രസാദ്‌, ഒന്നാം ലോക മഹായുദ്ധ കാലത്ത് അവർ വലിയ തോതിൽ നിർമ്മിച്ച് നൽകിയിരുന്ന മൊബൈൽ എക്സ് റെ  യൂണിറ്റുകളിൽ നിന്നുമുണ്ടായ അണുവികിരണങ്ങളാണ് അവരുടെ ജീവൻ അപഹരിച്ചതെന്ന മറ്റൊരു ഗവേഷക മതം കൂടി പറഞ്ഞു വെക്കുന്നുണ്ട്.

ചെറിയ ക്‌ളാസുകളിലെ സയൻസ് വിദ്യാർത്ഥികൾക്ക് കൂടി  വളരെ എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വണ്ണം സരളമായ ഭാഷയാണ് ഇതിലേത്. അത് കൊണ്ട് തന്നെ നമ്മുടെ വിദ്യാർത്ഥി സമൂഹവും സ്‌കൂൾ ലൈബ്രറികളും ഈ പുസ്‌തകം സ്വായത്തമാക്കുമെന്ന് കരുതട്ടെ.

മുരളി വട്ടേനാട്ട്

പ്രസാധകർ : പരിധി പബ്ലിക്കേഷൻസ്

വില : 105 രൂപ

(Published in Mumbai Jalakam Weekly, 22nd Dec 24)

കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ

  " വിഷുക്കാലമല്ലേ , പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ , കണിക്കൊന്നയല്ലേ" എന്ന അയ്യപ്പപ്പണിക്കരുടെ 1960 ലെഴുതിയ കവിതക്ക് ശേഷം കാലമൊ...