പുതിയ അദ്ധ്യയന വർഷം തുടങ്ങിയ ഒന്നാം തിയതി, ഞാൻ പഠിച്ച ഒന്നാം ക്ലാസിലെ പാഠ പുസ്തകത്തിലെ പാഠങ്ങളും പദങ്ങളും കോർത്തിണക്കി എഴുതിയ ഒരു വികൃതി.
പ്രവേശനോത്സവങ്ങളും ആരവവുമില്ലാതെ, നീണ്ട കരച്ചിലുകളുടെ അകമ്പടിയോടെയാവാം നമ്മിലെ ഭൂരിഭാഗവും, പണ്ടത്തെ തലമുറ ഒന്നാം ക്ളാസിലെത്തിയിട്ടുണ്ടാവുക.
പിന്നീട്, കരച്ചിലടങ്ങി സ്ളേറ്റും പുസ്തകവും നമ്മുടെ മുന്നോട്ടുള്ള ജീവിതപ്രയാണതിന്റെ അവിഭാജ്യ ഘടകമെന്ന തിരിച്ചറിവിൽ ഓരോന്നായി പഠിക്കാനും അറിയാനും തുടങ്ങി...
പറ കണ്ട്, പന യും തറ യും തല യും വല യും എന്തെന്നറിഞ്ഞ്, മല കണ്ട് അന്തം വിട്ട് നിന്നപ്പോൾ അതാ മുന്നിലൊരു മാല യും പാതയും. താമര യെ തൊട്ടറിഞ്ഞ് മരവും പാലവും കയറി ഓർമ്മകളെ അരം കൊണ്ട് മൂർച്ച കൂട്ടി, ആന യെ കണ്ട് അത്ഭുതത്തോടെ, അരണ ബുദ്ധി തരല്ലേ എന്ന് പ്രാർത്ഥിച്ച് തുളസി ഇല വെച്ച് മണി കൊട്ടി ഓർമ്മകളെ പീലി വിടർത്തിയാടാൻ വിട്ടു.
ഒന്നാനാം കുന്നിന്മേൽ ഓരടി മണ്ണിന്മേൽ കൂടുവെച്ച കിളികളെ നോക്കിയിരിപ്പായി.
പിന്നെ തവള യുടെ കരച്ചിലിനായി കാതോർത്തു, ഉറിയിൽ കയറി തപ്പിയപ്പോൾ പുലി യെ കണ്ട് പേടിച്ച് ഓടി.
അപ്പോഴതാ മുറ്റത്തൊരു പൂവ്. തിരിച്ചു അടുക്കളയിലെത്തിയപ്പോൾ കലം, പിന്നാമ്പുറത്തൊരു കാള. അവിടെ നാണു വിറകു കീറി. അമ്മ നാലു രൂപ കൂലി നൽകി, രൂപയെന്തെന്നറിഞ്ഞു.
അച്ഛൻ ചവണ യെടുത്ത് കേടായ മാൻ മാർക്ക് കുട നന്നാക്കി. മുറ്റത്തെ തൂണിൽ ചാരി നിന്ന് പാടത്തെ കതിർ കണ്ടു . അരിവാൾ കൊണ്ട് കതിർ കൊയ്യുന്ന പണിക്കാരെ കണ്ടു. കറ്റ കണ്ടു. ഉരലിലിട്ട് നെല്ല് കുത്തിയ അരി കണ്ടു.
അപ്പുറത്തെ വീട്ടിൽ വളർത്തിയിരുന്ന മുയലിനെ കണ്ടു. കാടിറങ്ങി വന്ന മയിൽ നൃത്തമാടുന്നത് കണ്ടു .
തൊടിയിലെ വാഴക്കൈമേലൊരു കാക്കയിരുന്നു, താഴെയിരുന്ന പൂച്ചയെ നോക്കി.
ഏട്ടൻ ചാട്ടയെടുത്ത് ഒന്ന് വീശിയപ്പോൾ ദൂരെ മരക്കൊമ്പിലിരുന്ന തത്ത പാറിപ്പോയി.
റാകിപ്പറക്കുന്ന ചെമ്പരുന്തിനോട് നീയുണ്ടോ മാമാങ്ക വേല കണ്ടു, കപ്പൽ കണ്ടു എന്ന് ചോദിച്ചു.
തൊടിയിൽ ഓടി നടന്ന അണ്ണാൻ മരത്തിൽ കയറി.
അപ്പുറത്തെ വീട്ടിലെ അമ്മു അണ്ണൻ കൊടുത്ത കമ്മൽ കാതിൽ ഇട്ടു വന്നു. വേലിപ്പടർപ്പിൽ മുല്ല വള്ളി പൂത്തു പൂ നിരന്നു.
ഉത്തരത്തിൽ ഒരു പല്ലി ചിലച്ചു. വളപ്പിൽ ഒരു എരുമ കരഞ്ഞു.
എന്തോ ഓർത്ത് ഏണിപ്പടി കയറി മുകളിലെ പെട്ടി തുറന്ന് പേന എടുത്തു. താഴേക്കിറങ്ങുമ്പോൾ അടി തെറ്റിയാൽ ആനയും വീഴുമെന്ന് പഠിച്ചു.
പൂമുഖത്തു വന്ന് കൈ കാട്ടി മുറ്റത്തു നിന്ന മൈനയെ വിളിച്ചു. മൈന പാറിപ്പറന്ന് ഓട് ന്മേൽ ചെന്നിരുന്നു. മൈനയെ പിടിക്കണമെങ്കിൽ ഒട്ടകത്തിന്റെ ഉയരം വേണമെന്ന് ഏട്ടൻ പറഞ്ഞു.
അപ്പോഴതാ ഒരു കോഴി കൂവുന്നു. റോട്ടിലൊരാൾ കൊടി മരം നാട്ടുന്നു.
അത് കണ്ട് ഉള്ളിൽ ചെന്ന് നഖം വെട്ടി, മുഖം മിനുക്കി ഘടികാരം നോക്കിയപ്പോൾ ഗണപതിയെ വണങ്ങാനുള്ള സമയമായിരിക്കുന്നു. ഗോപി കുറി തൊട്ടു. ഗൗരി ഗീതം പാടി.
കണ്ണാടിയിൽ ഛായ നോക്കി.ജന്നൽവഴി പുറത്തേക്ക് നോക്കിയപ്പോൾ മാവിൽ മാങ്ങ നിൽക്കുന്നു.
മാനത്ത് മേഘം തിങ്ങി. വെയിൽ മങ്ങി. ഇടി മുഴങ്ങി. മഴ തുടങ്ങി. ഝടിതിയിൽ പെണ്ണുങ്ങൾ ഞാറ് നട്ടു തുടങ്ങി.
ഓണം വന്നു. കുട്ടികൾ ഊഞ്ഞാൽ ആടിത്തുടങ്ങി.
പിന്നേയും പീഠം, ഡപ്പി, രഥം, ഗദ, ബലൂൺ, ഭരണി, മേശ, മഷിക്കുപ്പി എന്നീ പദങ്ങൾ പഠിച്ചു. കാട്ടുമരത്തിൻ ചില്ലകൾ തോറും കയറാം മറിയാം ചാടാം എന്ന് പാടി.
അങ്ങിനെ പലതും പഠിച്ചു.. നിസ്സാര കാര്യങ്ങൾക്ക് വഴക്ക് കൂടി. അടുത്ത നിമിഷം കൂട്ടുകാരുമായി സ്നേഹം പങ്കിടാൻ പഠിച്ചു.
പ്രവേശനോത്സവത്തെക്കുറിച്ച് കേട്ടപ്പോൾ, ഓർമ്മകൾ പിറകിലോട്ടു പോയ ഒരു നിമിഷം നാം പഠിച്ച ഒന്നാം ക്ലാസിലെ പാഠപുസ്തകത്താളുകളിലെ ഒരോ പാഠങ്ങളും, ഒരായിരം ക്ഷണിക ചിത്രങ്ങളും മനോമുകുരത്തിൽ തെളിഞ്ഞു വന്നു.
No comments:
Post a Comment