Sunday, July 25, 2021

ഓർമ്മച്ചിത്രങ്ങൾ ( 23)

 

വർഷം പിന്നിടുന്തോറും സ്‌കൂൾ യാത്രയിലെ സംഘാംഗങ്ങൾ മാറിക്കൊണ്ടിരുന്നു. ഉമ്മർ കോയയും പാലേങ്കിലെ സുരേന്ദ്രനും ഒക്കെ ഒപ്പമായി യാത്ര. പക്ഷെ വർഷാന്ത്യപരീക്ഷകൾക്കായുള്ള യാത്ര അക്കാലങ്ങളിൽ എനിക്കൊരു പേടി സ്വപ്നമായിരുന്നു.

മിക്കവാറും ഞങ്ങൾ കൂട്ടുകാർക്ക് പരീക്ഷകൾ പല സമയങ്ങളിലാവും.  മാർച്ച് മാസത്തിലെ കടുത്ത വേനലിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ  നട്ടുച്ച സമയത്ത് വെയില് തിളച്ചു കൊണ്ടിരിക്കും. ഉച്ചക്ക് 2 മണിക്ക് പരീക്ഷയെഴുതാൻ ചിലപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഞാൻ മാത്രമാവും സ്‌കൂളിലേക്ക്. ആളൊഴിഞ്ഞ പാടത്ത് കൂടി നട്ടുച്ചക്ക് ഉഷ്ണക്കാറ്റ് വീശിയടിക്കും. ആ കാറ്റ്  പാടവക്കിലുള്ള മുളങ്കൂട്ടങ്ങളിൽ നിന്നും   ഉതിർന്നു കണ്ടങ്ങളിലേക്ക്  വീണ കരിയിലകളെ വാരിയെടുത്ത് ചുഴലികൾ തീർക്കും. അവ സീൽക്കാരത്തോടെ കണ്ടങ്ങളിൽ നിന്നും കണ്ടങ്ങളിലേക്ക് നീങ്ങി ഞാൻ സ്ഥിരം  നടക്കുന്ന പാടവരമ്പിനെ ലക്ഷ്യമാക്കി പ്രയാണമാരംഭിക്കും. അപ്പോൾ മനസ്സിൽ, ചുഴലികളിൽ പെട്ട് മേലോട്ട് പൊങ്ങിക്കറങ്ങി ഉടുപുടയില്ലാതെ   താഴേക്കു വീണു ഭ്രാന്ത് പിടിച്ച ഉമ്മമാരുടെ കഥകൾ  ഇരമ്പൽ കൂട്ടും. പെട്ടെന്ന് ആ  ചിന്തകളിൽ നിന്നും മുക്തിനേടി നേരെ വരുന്ന ചുഴലിയിൽ നിന്നും രക്ഷ നേടാനായി എതിർ ദിശയിലേക്ക്  മുന്നോട്ട് ആഞ്ഞു കുതിക്കും. വീണ്ടു കീറിയ കണ്ടങ്ങളിൽ നിന്നും കണ്ടങ്ങളിലേക്ക് കൊയ്ത് ബാക്കി വെച്ച കൂർത്ത നെൽച്ചെടികളെ ചവിട്ടിമെതിച്ചു കൊണ്ട് പ്രാണഭയത്തോടെ ഓടിയകലും…

കുറ്റിപ്പുളി എത്തിക്കഴിഞ്ഞാൽ പിന്നെ അല്പം സമാധാനമുണ്ട്. അണക്കെട്ട് പരിസരങ്ങളിൽ പൊതുവെ ഇത്തരം ചുഴലികൾ രൂപപ്പെടാറില്ല. എന്ന് മാത്രമല്ല, ആൾപ്പെരുമാറ്റമുള്ള സ്ഥലവുമാണത്.  

വീണ്ടും എന്റെ മനസ്സിൽ ഒരു സ്‌കൂൾ മാറ്റം എന്ന ആഗ്രഹം ശക്തമായി ഇടം പിടിക്കും.

എല്ലാ വർഷവും കൊല്ലപ്പരീക്ഷക്ക് ശേഷം പരക്കാട്ട് യാത്ര നിർബന്ധമാണ്. മാർച്ച് മാസം മുതൽ അങ്ങോട്ടുള്ള യാത്രക്കുള്ള ദിനങ്ങൾ എണ്ണിത്തുടങ്ങും. പക്ഷെ ഇക്കുറി  യാത്ര ചെയ്യാൻ നിവൃത്തിയില്ലാതെ അച്ഛൻ വിശ്രമത്തിലാണ്. അങ്ങിനെ ഞങ്ങൾ, ഞാനും ശശിയും ചേർന്ന് ഞങ്ങളൊറ്റക്ക്  പോവാൻ തീരുമാനിച്ചു. ഇവിടെ നിന്നും രാവിലത്തെ ജനതയിൽ കയറി തൃശൂർ ശക്തൻ സ്റ്റാൻഡിൽ ഇറങ്ങി, കാഞ്ഞാണി ഭാഗത്തേക്ക് പോവുന്ന ബസ് കയറുകയേ വേണ്ടു. ഇത്രയും നാളത്തെ യാത്രകളിൽ അത് പഠിച്ചിട്ടുണ്ട്.   അങ്ങിനെ ആദ്യമായി ഞങ്ങൾ അച്ഛന്റെയോ അമ്മയുടെയോ പിൻബലമില്ലാതെ പരക്കാട്ടെക്ക് യാത്രയായി.

കുന്നപ്പള്ളി വായനശാലയിൽ നിന്നും ജനതയിൽ കയറി. കയറിയ ഉടനെ, ഞങ്ങളുടെ പ്രായം പരിഗണിച്ചാവണം, പുറകിലത്തെ നീളൻ സീറ്റിൽ ഒരാൾ ഒരു അഡ്ജസ്റ്മെന്റ്  ഇരിപ്പിടം ശരിയാക്കി തന്നു.  അവിടെ ഞാനും ശശിയും ഇരിക്കാതെ ഇരുന്നു. 

കണ്ടക്ടർ അടുത്തു വന്നപ്പോൾ രണ്ട് അര ടിക്കറ്റ് തൃശൂർക്ക് എന്ന് പറഞ്ഞതും അയാളൊന്നു തറപ്പിച്ചു നോക്കി.  രണ്ട് അര ടിക്കറ്റ് എഴുതാൻ വകുപ്പില്ല, ഒരു ഫുള്ളും ഒരു അരയും എടുക്കണമെന്ന്  അയാൾ. തർക്കിക്കാൻ അറിയാത്ത ഞാൻ ഒരു വിഫലശ്രമം നടത്തി. ഞങ്ങൾക്ക് സീറ്റ് തന്നയാൾ ഞങ്ങൾക്ക് വേണ്ടി ഒന്ന് വാദിച്ചു നോക്കി. പക്ഷെ, കണ്ടക്ടർ അയയുന്നില്ല. ഒടുവിൽ അയാൾ പറഞ്ഞ പ്രകാരം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടി വന്നു. അത് വരെ ജനതയെ പൊക്കിക്കൊണ്ട് നടന്നതിന് ഇതാണോ പ്രതിഫലം എന്ന് തോന്നിയ നിമിഷം.

വീണ്ടും കശുമാങ്ങകളും അമ്പലക്കഴകവുമായി ഒരു വെക്കേഷൻ കൂടി കടന്നു പോയി.

കുന്നത്തങ്ങാടി മരിയ ടാക്കീസ് വീണ്ടുമൊരു  സിനിമാക്കാലത്തിന് നിറമേകി.  രാഘവന്റെ ചെമ്പരത്തി, സംഭവാമി യുഗേ യുഗേ എന്നീ ചിത്രങ്ങൾ അന്ന് കണ്ടവയാണ് എന്നാണ് ഓർമ്മ.


 തുടരും....

ഓർമ്മച്ചിത്രങ്ങൾ ( 22 )

തിരുവനന്തപുരത്ത് ജോലിയിൽ കയറിയ അച്ഛൻ കുറച്ചു മാസങ്ങൾക്ക് ശേഷം മലപ്പുറത്തേക്ക് മാറ്റം കിട്ടി വന്നു. മലപ്പുറം ഗവ. കോളേജിൽ അറ്റൻഡർ ആയിട്ടാണ് പോസ്റ്റിംഗ് കിട്ടിയത്. ദിവസേന പോയി വരാവുന്ന ദൂരമുള്ള ആ പോസ്റ്റിംഗ്  അമ്മക്കും ഞങ്ങൾക്കും  ഒരു പോലെ ആശ്വാസമായി.  


ഫെബ്രുവരി-മാർച്ച് മാസം. മാവുകൾ പൂത്ത്, കണ്ണിമാങ്ങകൾ പിടിക്കുന്ന കാലം. അങ്ങിനെയുള്ള മാവുകൾ കണ്ടാൽ പിന്നെ അച്ഛനിലെ ബാല്യം ഉണരുകയായി. ഒരു ദിവസം വൈകീട്ട് സ്‌കൂൾ വിട്ട് എത്തിയപ്പോൾ അറിയുന്നത് അച്ഛൻ അങ്ങിനെ ഒരു മാവിൻ മുകളിൽ കയറിയെന്നും അവിടെ നിന്നും വീണ് പുറം വേദനയുമായി ഇരിക്കുന്നതാണ്. നാട്ടുവൈദ്യത്തിന്റെ ചില പ്രയോഗങ്ങൾക്കപ്പുറവും ആ വേദന കുറവില്ലെന്ന് കണ്ടപ്പോൾ പിറ്റേ ദിവസം ഞങ്ങൾ അച്ഛനെയും കൊണ്ട് മലപ്പുറം എം എസ് പി ക്യാമ്പിലുള്ള ഗവ. ഹോസ്പിറ്റലിലേക്ക് അച്ഛന്റെ  തന്നെ നിർബന്ധത്തിന്‌ വഴങ്ങി കൊണ്ട് പോയി.


സൂക്ഷ്‌മ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും പറ്റിയിട്ടില്ലെന്നും കുറച്ചു ദിവസത്തെ വിശ്രമവും മരുന്നും കൊണ്ട് മാറാവുന്നതേ ഉള്ളൂ എന്നും മനസ്സിലായി.


അക്കാലത്ത് അയൽപക്കങ്ങൾ തമ്മിലുള്ള ദിവസേനയെന്നോണമുള്ള പോക്കുവരവുകൾക്കപ്പുറം പാടത്തിനക്കരെയുള്ള ബന്ധുഗൃഹമായ ചന്ദ്രാലയത്തിലും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ    സൗഹൃദ സന്ദർശനങ്ങൾ പതിവായിരുന്നു. കുറെ ദിവസമായി ജാനകിയമ്മായിയെ കണ്ടിട്ട് എന്ന് തെക്കേ പത്തായപ്പുരയിലെയും കിഴക്കേ പത്തായപ്പുരയിലെയും അമ്മായിമാർ ആവലാതി പറയുമ്പോൾ, ഞാനും വരാം എന്ന് മുത്തശ്ശി പറയും. അങ്ങിനെ വൈകീട്ട് കാപ്പി കുടി കഴിഞ്ഞ് ഒരു പട ഇക്കരെ നിന്നും അക്കരേക്ക് പാടവരമ്പുകളിലൂടെ യാത്രയാകും.


ചന്ദ്രാലയം തെക്കേ പത്തായപ്പുരയിൽ നിന്നും  കിഴക്കേ പത്തായപ്പുരയിൽ നിന്നും നോക്കിയാൽ പാടത്തിനക്കരെ  കാണുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തോട് മുറിച്ചു കടന്ന്, ഒന്ന് രണ്ടു ചെറുവരമ്പുകളും കഴായകളും   ചാടിക്കടന്ന് വേണം ചന്ദ്രാലയത്തിന് മുമ്പിലെ തോട്ടു വരമ്പത്തെത്താൻ.  ചെറിയ തോട് മുറിച്ച് കടക്കാനായി തെങ്ങോ കവുങ്ങോ കൊണ്ടുള്ള മരപ്പാലം ഉണ്ട്. മരപ്പാലം കടന്ന് വളപ്പിന്റെ   ഒരു അരികുവരമ്പിലൂടെ നടന്നു ചെന്ന് കയറുന്നത് "ചന്ദ്രാലയം" എന്നെഴുതിയ   പടിപ്പുരയിലേക്കാണ്.


ചന്ദ്രാലയം കിഴക്കേ പത്തായപ്പുരയിലെ നാരായണനുണ്ണി അമ്മാവന്റെ ജേഷ്ഠനായിരുന്ന ശേഖരനുണ്ണി അമ്മാവന്റെ വീടാണ്. ചെറിയൊരു കുന്നിൻ ചെരുവിലായി വലിയൊരു തൊടിയും വീടും, കുളവും ചേർന്നതാണ് ചന്ദ്രാലയം.


അന്നത്തെ ചന്ദ്രാലയത്തിലേക്ക് പോവാൻ ഞങ്ങൾക്കേറെ ഇഷ്ടമായിരുന്നു. അവിടെ  ഞങ്ങളുടെ വീടുകളിലില്ലാത്ത ഭംഗിയേറിയ ഒരു പൂന്തോട്ടമുണ്ട്.  വിവിധ തരം റോസുകളും സീനിയപ്പൂക്കളും ജമന്തിയും നാലുമണിപ്പൂക്കളും കാശിത്തുമ്പയും ഒക്കെ ഭംഗിയോടെ വെച്ചു പിടിപ്പിച്ച മുറ്റം. ഉണ്ണിയേട്ടനാണ് പൂന്തോട്ടത്തിന്റെ ശില്പി. സഹായിയായി ശ്രീകുമാരി ഓപ്പോളുമുണ്ട്. അവിടെ നിന്നും കൊണ്ട് വന്ന് സീനിയയും മറ്റും ഞങ്ങളും മുറ്റത്ത് വെച്ച് പിടിപ്പിക്കാൻ ശ്രമിക്കുമെന്നാലും ചന്ദ്രാലയത്തെ മറികടക്കാൻ അവക്കൊന്നും ആവാറില്ല.


ചന്ദ്രാലയത്തിൽ സ്ഥിരമായി അന്നുണ്ടായിരുന്നത്  ശേഖരനുണ്ണിമ്മാവന്റെ മക്കളായ,  കൃഷിയും ഒക്കെ നോക്കി നടത്തിയിരുന്ന അപ്പുകുട്ടേട്ടനും, മാലിനി ഓപ്പോളും ബേബി ഓപ്പോളും  വിദ്യാർത്ഥികളായിരുന്ന കൃഷ്ണനുണ്ണിയേട്ടനും ശ്രീഓപ്പോളും പിന്നെ  ജാനകി  അമ്മായിയുമാണ്. മൂത്ത മകൻ പ്രഭാകരേട്ടൻ വട്ടേനാട്ടാണ് താമസം. രണ്ടാമത്തെ മകൻ സുകുമാരേട്ടൻ ഇരിങ്ങാട്ടിരിയിലും, നാരായണേട്ടൻ ജോലിയായി കേരളത്തിന് പുറത്തും, ചന്ദ്രേട്ടൻ പട്ടാളത്തിലുമായിരുന്നു.


അമ്മായിമാരും മുത്തശ്ശിമാരും കാൽനീട്ടിയിരുന്ന് മുട്ട് തടവിക്കൊണ്ടിരിക്കുന്ന ജാനകി അമ്മായിയുമായി കുടുംബ വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ, ഞങ്ങൾ കുട്ടികൾ വീടിനു പുറത്തുള്ള അത്ഭുതക്കാഴ്ചകളിലേക്ക് നടന്നിറങ്ങും.   ചന്ദ്രാലയത്തിൽ പിന്നാമ്പുറത്തായി വേനലുകളിൽ നിറയെ ഗോമാങ്ങകൾ തരുന്ന വലിയൊരു ഗോമാവുണ്ട്, ഞങ്ങളുടെ വീടുകളിലൊന്നുമില്ലാത്ത കോഴിക്കൂടുണ്ട്, അവിടെ തലയെടുപ്പുള്ള പൂവനുണ്ട്, പിടയുണ്ട്, പിടക്ക് പിന്നാലെ ഉരുണ്ടുരുണ്ടു നടക്കുന്ന മുട്ടയുടെ വലിപ്പത്തിലുള്ള ഭംഗിയുള്ള കോഴിക്കുഞ്ഞുങ്ങളുണ്ട്. അതിലെല്ലാമുപരിയായി പൂന്തോട്ടമുണ്ട്. 


തിരിച്ചുപോവാൻ മുത്തശ്ശിമാർ വിളിക്കുമ്പോൾ  അതെല്ലാമനുഭവിച്ച് കൊതി തീരാതെ, മനസ്സില്ലാ മനസ്സോടെ ഉണ്ണിയേട്ടൻ പറിച്ചു തന്ന കുറച്ചു പൂക്കളുമായി ഞങ്ങൾ തിരികെ പോരും..


തുടരും.... 

ഓർമ്മച്ചിത്രങ്ങൾ ( 21 )



അക്കാലത്ത് മുത്തശ്ശിക്ക് ഗുരുവായൂരിൽ മാസത്തൊഴലുണ്ട്. രണ്ടു മാസത്തിലൊരിക്കൽ സംക്രമ ദിവസം പോയി തലേന്നും പിറ്റേന്നുമായി തൊഴുത് പോരും. ആ പോക്കിൽ  പലപ്പോഴും നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമായിരിക്കും  തിരിച്ചെത്തുക. വട്ടേനാട്, പുതുക്കുളങ്ങര, ഞാങ്ങാട്ടിരി തുടങ്ങി ബന്ധുഗൃഹങ്ങളിലെല്ലാം സന്ദർശനവും കഴിഞ്ഞാവും വരവ്. അച്ഛൻ തിരുവനന്തപുരത്തായതിനാൽ  തന്നെ രാത്രി അമ്മയും ഞങ്ങൾ മക്കളും ഒറ്റക്കാവും കണ്ണനിവാസിൽ. ഇത്തരം അവസരങ്ങളിൽ ഞങ്ങൾക്ക് കൂട്ടായി തെക്കേ പത്തായപ്പുരയിലെ വത്സലോപ്പോൾ എത്തും രാത്രി. അത് കൊണ്ട് തന്നെ മുത്തശ്ശിയുടെ ഈ യാത്രകൾ ഞങ്ങൾക്ക് ഇഷ്ടമാണ്.

വത്സലോപ്പോൾ അന്ന് പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ പഠിക്കുകയാണ്.   വത്സലോപ്പോൾക്ക് ചലച്ചിത്ര ഗാനങ്ങൾ  വലിയ ഇഷ്ടമാണ്. ആദ്യ കാലങ്ങളിൽ ഞങ്ങളുടെ മർഫി റേഡിയോവിൽ നിന്നും പാട്ടുകൾ കേട്ട് അവ ഒരു നോട്ടു പുസ്തകത്തിൽ എഴുതി വെച്ച് പാടുമായിരുന്നു. ഇങ്ങനെ വരുന്ന ദിവസങ്ങിൽ ആ നോട്ടു പുസ്തകവും കയ്യിലുണ്ടാവും, പാട്ടെഴുതാൻ. പിന്നീട് പത്തായപ്പുരയിലും റേഡിയോ എത്തിയപ്പോൾ ആ പുസ്തകത്താളുകളിൽ പാട്ടുകളുടെ എണ്ണവും കൂടി വന്നു. 

അങ്ങിനെയുള്ള മുത്തശ്ശിയുടെ യാത്രകളിൽ ഇടക്കെങ്കിലും ഞാനും ശശിയും കൂടെക്കൂടും. ഒരിക്കൽ ഒരു ഓണക്കാലത്താണെന്നാണ് ഓർമ്മ, ഞങ്ങളെയും മുത്തശ്ശി ഒപ്പം കൂട്ടി.

ഗുരുവായൂർ സന്ദർശനം എന്നത് അക്കാലത്ത് അവിടെ നിന്നും തരാവുന്ന മസാല ദോശയുടെ സ്വാദായാണ് ഓർമ്മയിൽ തങ്ങുന്നത്. വട്ടേനാട്ടും, മഠത്തിലും, പുതുക്കുളങ്ങരയിലും  ഒക്കെ കണ്ണനിവാസിനെ അപേക്ഷിച്ച് ഓണത്തിന് പൊലിമ കൂടും. മുറ്റത്ത് നിറയെ തുമ്പപ്പൂവിട്ട തൃക്കാക്കരപ്പന്മാർ വാഴും. കലവറകളിൽ നിന്നും  നേന്ത്രക്കുലകൾ  പഴുത്തതിന്റെ മണമൊഴുകും.  അടുത്തുള്ള മനകളിൽ ഉച്ചയ്ക്ക് പാട്ടുപാടിക്കളി സംഘങ്ങൾ നിറയും. മുത്തശ്ശിയോടൊപ്പം ഓരോ ബന്ധുഗൃഹങ്ങളിലും  പോയി അവരുടെ സ്നേഹം നിറഞ്ഞ ആഥിത്യത്തിന്റെ മധുരം നുകരും.  

ആ വർഷമാണ് ഞാൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത്. വായനശാലാ വാർഷികമോ മറ്റോ ആണ് വേദി. നാടകം അരങ്ങേറിയത് എരവിമംഗലം യു പി സ്‌കൂളിലായിരുന്നു. ഏകദേശം 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകം.   പേരൊന്നും ഓർമ്മയില്ല. നാട്ടിലെ സ്ഥിരം അഭിനേതാക്കളായ പാലോളി ചെറിയ നമ്പൂതിരി. സുഭദ്ര വാരസ്യാർ എന്നിവരെ കൂടാതെ നാലുകെട്ടിലെ ഭരതനുണ്ണിയേട്ടൻ, അനിയേട്ടൻ, തുടങ്ങി ഒരു നിര തന്നെയുണ്ട്.  അതിലേക്ക് ഒരു പത്തു വയസ്സുകാരനെ വേണം. അനിയേട്ടനാണെന്ന് തോന്നുന്നു എന്നെ നിര്‍ദ്ദേശിച്ചത്.   എനിക്ക് രണ്ടോ മൂന്നോ രംഗങ്ങളിൽ മാത്രം അഭിനയിക്കേണ്ട ഒരു ചെറിയ റോൾ ആണ്. അതിൽ തന്നെ സംഭാഷണങ്ങളും കുറവ്. മിക്കവാറും രാത്രി വളരെ വൈകിയാവും റിഹേഴ്‌സൽ. അതിനൊക്കെ അനിയേട്ടൻ എന്നെ കൊണ്ട് പോയി തിരിച്ചു കൊണ്ടുവന്നാക്കി. ഒടുവിൽ ആ ദിനം എത്തി.  

അന്നത്തെ ഇത്തരം കലാപരിപാടികളിലെ സ്ഥിരം ഏർപ്പാടുകളായ നൃത്തനൃത്യങ്ങൾ, പാട്ടുകൾ എന്നിവയൊക്കെ കഴിഞ്ഞ് നാടകം തുടങ്ങിയപ്പോഴേക്കും ഏകദേശം 11 മണിയായി. എന്റെ കൺപോളകൾക്ക് കനം വെച്ച് തുടങ്ങി. നാടകം തുടങ്ങിക്കഴിഞ്ഞപ്പോൾ ഉറക്കമെല്ലാം പോയിയൊളിച്ചു. ആദ്യ രംഗങ്ങളിലെ എന്റെ ഭാഗം വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ നന്നായി കഴിഞ്ഞു. തമാശ രംഗങ്ങൾ ഞാൻ സൈഡിൽ നിന്ന് കണ്ട് അറിഞ്ഞാസ്വദിച്ചു.  ഒടുവിൽ അവസാന രംഗമെത്തി.

ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ, രാജീവ നയനന്റെ വാക്കുകൾ കേട്ടെന്റെ... എന്ന് തുടങ്ങുന്ന മനോഹര ഗാനം ഭരതനുണ്ണിയേട്ടൻ അഭിനയിക്കുകയാണ്. കൂടെ നായികാ കഥാപാത്രവും.

മേൽപ്പറഞ്ഞ രംഗത്ത് കുറെയേറെ നേരം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ രംഗത്തിരിക്കേണ്ട ഞാൻ ഇവരുടെ പാട്ടു കഴിഞ്ഞാൽ എന്തോ ഡയലോഗ് പറയേണ്ടതുണ്ട്. പക്ഷെ, ജയദേവ കവിതയുടെ ഗീതികൾ കേട്ടില്ലെങ്കിൽ പോലും ഉറങ്ങിപ്പോവുന്ന പുലർച്ചെ  രണ്ടു മണിക്ക് ഈയുള്ളവൻ നിദ്രാദേവിയെ പുൽകി, ഡയലോഗ് പറയാൻ നേരം ഉണർന്നില്ല. നായികാ കഥാപാത്രം എന്തു ചെയ്യേണ്ടു എന്നറിയാതെ കുറച്ചു നേരം വിഷണ്ണയായി.. അവരൊരു തഴക്കമുള്ള നടിയായതിനാൽ തന്നെ സമചിത്തത കൈവിടാതെ  പിന്നെ  എനിക്കൊരു നുള്ളു തന്നു. ഉടൻ ഞാൻ കണ്ണ് തുറന്ന് എന്റെ സംഭാഷണം പറയുകയും ചെയ്തു. കാണികളിൽ ചിലർക്കെങ്കിലും ഇത് മനസ്സിലായതിനാലാവണം, ചെറിയൊരു ചിരി സദസ്സിൽ പടർന്നുവെങ്കിലും വലിയ പരിക്കില്ലാതെ എന്റെ നാടകക്കളരിയിലെ മാമോദീസ അങ്ങിനെ നടന്നു.     

ഇത്തരം പൊതുവേദികളിലെ നാടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്  അയൽക്കൂട്ടങ്ങളിലെ കുട്ടികൾ കൂടി ശനി, ഞായർ ദിവസങ്ങളിൽ ചില പുരാണ കഥാ സന്ദർഭങ്ങൾക്ക്   രംഗഭാഷ്യങ്ങൾ ചമക്കും. ഞങ്ങൾ ചെറിയവർക്ക് ഇതിൽ വെറും കാഴ്ചക്കാരുടെ റോളെ ഉള്ളു. നടീ നടന്മാർ വലിയ ഏട്ടന്മാരാവും. അനിയേട്ടൻ, കുഞ്ഞനിയേട്ടൻ, ചന്ദ്രാലയം ഉണ്ണിയേട്ടൻ, അപ്പുണ്ണിയേട്ടൻ എന്നിവരൊക്കെ  കൂടി നാലുകെട്ടിന്റെ തെക്കിണിയുടെ മുകളിൽ ഒരു അറയിൽ മുണ്ട് കൊണ്ട് തിരശ്ശീല തീർത്ത് മഹാഭാരതത്തിലെ ചില മുഹൂർത്തങ്ങളുടെ രംഗാവിഷ്കാരം നിർവ്വഹിക്കും. ദേഹം നിറയെ കരി പുരട്ടിയുള്ള കാട്ടാളനായി കുഞ്ഞനിയേട്ടനും, തലയിൽ കൃഷ്ണ കിരീടം ചൂടിയ അപ്പുണ്ണിയേട്ടനും കഥാപാത്രങ്ങളായി അരങ്ങു തകർക്കുന്നത് ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ കണ്ടിരിക്കും.  പിന്നീട് അവയുടെ ചില ചെറു പതിപ്പുകൾ ഞങ്ങൾ കുട്ടിപ്പട ഏറ്റെടുത്ത് ഞങ്ങളുടേതായ കളികളിൽ സന്നിവേശിപ്പിക്കും.


 തുടരും....

ഓർമ്മച്ചിത്രങ്ങൾ ( 20 )

 

ആയിടക്കാണ് അച്ഛന് കുറേയേറെക്കാലത്തെ ശ്രമഫലമായി എക്സ് സർവീസ്‌മാൻ പരിഗണനയിൽ, കേരളസർക്കാരിൽ ഒരു ജോലി ശരിയാവുന്നത്. തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയിലോ മറ്റോ ആയിരുന്നുവെന്നാണ് ഓർമ്മ. ഒരു വൈകുന്നേരം പെട്ടിയും കിടക്കയുമായി തിരുവനന്തപുരത്തേക്ക് അച്ഛൻ യാത്രയാവുമ്പോൾ, ഞങ്ങൾ കുട്ടികൾ സന്തോഷത്തോടെ യാത്രയാക്കിയപ്പോൾ,  മറ്റൊരു പട്ടാളജോലിയിലേക്ക് പോവുന്ന രംഗത്തിലെന്ന പോലെ     അമ്മ കലങ്ങിയ മിഴികളോടെയും  മുണ്ടിന്റെ കോന്തലയാൽ നാസിക തുടച്ചും നിന്നു. അച്ഛന് ജോലിയായി വേറൊരു സ്ഥലത്തേക്ക് പോയാൽ പതുക്കെ എനിക്കും അവിടെയൊരു സ്‌കൂളിലേക്ക് സ്ഥലം മാറിപ്പോയി ചെറുകര  സ്‌കൂളിൽ നിന്നുമുള്ള  കളിയാക്കലുകളിൽ നിന്നും രക്ഷ നേടാമെന്നും മറ്റും സ്വപ്നം കണ്ടു.

അച്ഛൻ ജോലിയായി പോയതോടെ ആഴ്ച തോറുമുള്ള  റേഷൻ കട യാത്രയും, അത്യാവശ്യമുള്ള പീടികയിൽ പോക്കും എന്റെയും ശശിയുടെയും ജോലിയായി. കുന്നപ്പള്ളിക്കും വളയൻമൂച്ചിക്കും ഇടയിലായുള്ള ഒരു കെട്ടിടത്തിലാണ് റേഷൻ ഷോപ്പ്. ആഴ്ച തോറുമുള്ള അരിയും ഗോതമ്പും കൂടാതെ മാസം തോറുമുള്ള  മണ്ണെണ്ണ,   പഞ്ചസാര എന്നിവയും വാങ്ങേണ്ടതുണ്ട്. സ്‌കൂളിൽ നിന്നുമുള്ള ഒരു മണിക്കൂർ നടത്തത്തിനു ശേഷം വീണ്ടുമുള്ള ഈ യാത്രക്കായി പലപ്പോഴും അമ്മക്ക് ഞങ്ങളോട് കെഞ്ചേണ്ടി വന്നു. വയ്യെന്ന് പറഞ്ഞു ഒഴിയുമ്പോൾ അമ്മ ചില പ്രലോഭനങ്ങൾ തരും.   ഒടുവിൽ അവക്കടിമപ്പെട്ട് ഞങ്ങൾ  സഞ്ചിയും മണ്ണെണ്ണപ്പാട്ടയുമായി മൊട്ടക്കുന്നിൻറെ ഓരം പറ്റിയുള്ള കുണ്ടനിടവഴി താണ്ടി   വളയംമൂച്ചിക്കുള്ള പഞ്ചായത്ത് റോഡിലൂടെ   യാത്രയാകും. ഓരോ കടല മിഠായി തിന്നാനുള്ള ആഗ്രഹവും പേറി ഞങ്ങൾ റേഷൻ കടയിലേക്ക് വെച്ച് പിടിക്കും.

അവിടെയെത്തിയാൽ അട്ടിയിട്ടു വെച്ച റേഷൻ കാർഡുകളിൽ നമ്മുടെ ഊഴമെത്താൻ  അര മണിക്കൂറും ഒരു മണിക്കൂറും നീണ്ട കാത്തിരുപ്പുകൾ. റോഡിലൂടെ പോവുന്ന ബസിന്റെയും പാണ്ടി ലോറികളുടെയും കണക്കെടുത്ത് സമയം തീർക്കും. അതിനിടക്ക് വല്ലപ്പോഴും പോവുന്ന ആനവണ്ടിയെന്ന് തൃശൂർക്കാർ വിളിക്കുന്ന ട്രാൻസ്‌പോർട്ട് ബസിനെ കൗതുകത്തോടെ നോക്കും. ടാറ്റയാണോ, ലെയ്‌ലാൻഡ് ആണോ എന്ന് തിട്ടപ്പെടുത്തും. എന്നെങ്കിലും ഇതിലൊരു യാത്ര തരാവണെ എന്ന് പ്രാർത്ഥിക്കും. എനിക്ക് അന്നിഷ്ടം  ലെയ്‌ലാൻഡ് ആണ്. കാഴ്ച്ചയിൽ ഗമ അവനാണ്. പീടികളിലെക്കുള്ള ഓട്ടത്തിലും, വീടിന്റെ പടിമേലും മറ്റും    ബസ് ഓടിച്ച് കളിക്കുമ്പോളും  ലെയ്‌ലാൻഡിന്റെ ശബ്ദാനുകരണങ്ങളാണ് അന്ന് പഥ്യം. 

ഒടുവിൽ മീമ്പിടി..., ചോലക്കൽ,   മണ്ണേങ്ങല്‍, കല്ലിപറമ്പില്‍, ചെറുകര പടിക്കൽ.. എന്നിങ്ങനെയുള്ള കുറെയേറെ പേരുകൾക്ക് ശേഷം ഞങ്ങളുടെ ഊഴമെത്തി  അരിയും ഗോതമ്പും മറ്റും വാങ്ങി,  അവയോരോന്നും സഞ്ചികളിലാക്കിക്കെട്ടി തലയിൽ വെച്ച് കുന്നപ്പള്ളി വഴി തിരിച്ചുള്ള യാത്രയാരംഭിക്കും. കുന്നപ്പള്ളി അബ്ബാസിന്റെ  പീടികയിൽ നിന്നും വാങ്ങിക്കഴിക്കാവുന്ന കടല മുട്ടായിയുടെ മധുരമായിരിക്കും അപ്പോൾ മനസ്സ് നിറയെ. അബ്ബാസിന്റെ  പീടികയിൽ ഭരണികളുടെ നിരയിൽ ഇരിക്കുന്ന മിട്ടായികളിൽ മിക്കവാറും കടലമുട്ടായി തന്നെയാണ് ഞങ്ങളെ ആകർഷിക്കുക. വല്ലപ്പോഴും അതിന് ഒരു മാറ്റം എന്ന നിലയിൽ നാരങ്ങാ മിട്ടായിയോ മറ്റോ വാങ്ങിക്കഴിച്ചാലായി..

റേഷൻ കടകളിൽ പോവേണ്ടാത്ത ദിവസങ്ങളിൽ വൈകുന്നേരം അച്ഛനില്ലാത്തതിന്റെ സ്വാതന്ത്ര്യം  ഗോട്ടി കളിയിലൂടെ ആസ്വദിച്ചു തുടങ്ങി. റേഷൻ കടകളിൽ നിന്നും മടങ്ങുമ്പോൾ വാങ്ങുന്ന കടല മുട്ടായികൾക്ക് പകരം ചിലപ്പോൾ നിറമുള്ള ഗോട്ടികൾ വാങ്ങി വന്നു. ശനി, ഞായർ ദിവസങ്ങളിൽ നാലുകെട്ടിലെ സംഘവും എത്തുന്നതോടെ കളിക്ക് വീറും വാശിയും കൂടും.

ഗോട്ടികളിയിൽ അഗ്രഗണ്യനായ കുഞ്ഞനിയേട്ടന്റെ കയ്യിൽ നിന്നും, തൊപ്പിയിട്ട ദിവസങ്ങളിൽ ഗോട്ടി കൊണ്ടുള്ള  ശക്തിയേറിയ  പ്രഹരം  കൊണ്ട് കൈകൾ 
നീര് വന്ന്  വീർക്കും.



 തുടരും....

ഓർമ്മച്ചിത്രങ്ങൾ ( 19 )

ഷാരസ്യാർ ടീച്ചറുടെ 5-Bയിൽ ലീഡർ  ഞാനായിരുന്നു എന്നാണ് ഓർമ്മ. ഷാരസ്യാർ ടീച്ചറെന്ന   പാപ്പിക്കുട്ടി ഓപ്പോൾ എൻറെ മുത്തശ്ശൻറെ തറവാടായ  ചെറുകര പിഷാരത്തെ  ഒരു താവഴിയിലെ കുടുംബാംഗമാണ്. ഞങ്ങളുടെ വീടിനപ്പുറമുള്ള തെക്കേ പത്തായപ്പുരക്കുമപ്പുറമാണ് ഷാരസ്യാർ ടീച്ചറുടെ വീടായ രാജമന്ദിരം. എൻറെ അമ്മയെയും പഠിപ്പിച്ച ടീച്ചറാണ് ഷാരസ്യാർ ടീച്ചർ.

സ്നേഹമയിയും വാത്സല്യനിധിയുമാണ് ടീച്ചർ. പക്ഷെ അതൊന്നും അന്നത്തെ ടീച്ചറുടെ പെരുമാറ്റങ്ങളിലോ, പ്രവൃത്തികളിലോ പ്രകടമായിരുന്നില്ല. എന്നാൽ, പിൽക്കാലത്ത്  ആ സ്നേഹവും വാത്സല്യവും  വേണ്ടുവോളം അറിയുവാനും അനുഭവിക്കുവാനും ഇടയായിട്ടുണ്ട്. ക്‌ളാസിൽ മറ്റു കുട്ടികളെ അപേക്ഷിച്ച് പ്രത്യേകിച്ച് ഒരു പരിഗണനയും ടീച്ചർ തന്നിരുന്നില്ല. 

സ്നേഹനിധികളായ നമ്മുടെ ഉറ്റവരുടെ, പൊതുമദ്ധ്യത്തിലെ നമ്മോടുള്ള  പ്രത്യേക പരിഗണന അക്കാലത്ത് പലപ്പോഴും എനിക്ക് അലോസരമാണ് സൃഷ്ടിക്കാറുള്ളത്. അത് കൊണ്ട് തന്നെ ടീച്ചറിൽ നിന്നും അത്തരത്തിലൊരു പരിഗണന ഇല്ലാത്തത് എനിക്കിഷ്ടവുമായിരുന്നു. അതിനാൽ തന്നെ തന്നെ ടീച്ചറുടെ ബന്ധു എന്ന പഴിയൊന്നും ക്‌ളാസിലെ മറ്റു കുട്ടികളിൽ നിന്നും കേൾക്കേണ്ടി വന്നില്ല. മിക്കവാറും ദിവസങ്ങളിൽ വീട്ടിലെ പ്രഭാതത്തിലെ തിരക്കുകൾ കഴിഞ്ഞു ടീച്ചർ കയ്യും വീശി  ഓടിക്കിതച്ചെത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരിക്കും. അതിനു മുമ്പായി ബോർഡ് വൃത്തിയാക്കി, ബോർഡിൻറെ മുകളിലെ വലത് മൂലക്കായി ക്ലാസും ഡിവിഷനും താഴെ സ്ട്രെങ്തും എഴുതണം. അതൊക്കെ ലീഡറുടെ പണികളാണ്.    സയൻസും സാമൂഹ്യ പാഠവുമായിരുന്നു ടീച്ചറുടെ വിഷയങ്ങൾ. കണക്കിന് വാരസ്യാർ ടീച്ചർ. ഹിന്ദിക്ക് പ്രഭാവതി ടീച്ചർ എന്നിങ്ങനെ ഓരോ പീരീഡ് തോറും അദ്ധ്യാപകർ മാറി വരും.  

ദേവരാജൻ മാഷെന്ന "കുട്ടി മാഷ്" ചെറുകര സ്‌കൂളിൽ ചേരുന്നത് ആ വർഷമാണ്. കുട്ടി മാഷെ കുട്ടികൾക്കെല്ലാം വളരെ പെട്ടെന്ന് ഇഷ്ടമായി ത്തുടങ്ങി. ഞങ്ങൾക്ക് മലയാളം പഠിപ്പിക്കാനാണ് മാഷ് എത്തിയിരുന്നത്.

മറ്റു സ്‌കൂളുകളിൽ നിന്നും എത്തിയ കുട്ടികളുടെ കൂട്ടത്തിൽ റെയിൽവേ ജീവനക്കാരന്റെ മകളായ, ക്ലാസിലെ മറ്റു പെൺകുട്ടികളെ അപേക്ഷിച്ച് നന്നേ ചെറുതായ ഒരു കുഞ്ഞുടുപ്പുകാരിയും എത്തിച്ചേർന്നു. ആൺകുട്ടികളുടെ ഭാഗത്തു നിന്നും ഈയുള്ളവനും പെൺകുട്ടികളുടെ ഭാഗത്തു നിന്നും ആ കൊച്ചുമിടുക്കിയും മിക്കവാറും  ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു തുടങ്ങി.  കുറച്ചു ദിവസങ്ങൾക്കകം ക്‌ളാസിലെ പഠിക്കുന്ന കുട്ടികളുടെ പട്ടികയിൽ അവളുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. പഠനത്തിൽ പൊതുവെ പുറകിലായ, എന്നാൽ വിക്രസുകളിൽ ഒന്നാമന്മാരായ ചിലർ അതിന് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തി. ഞാൻ അവളെ നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ നല്ല ജോടികളാണെന്ന് പറഞ്ഞു കളിയാക്കി. ആണ്-പെൺ ഭേദത്തെക്കുറിച്ചോ,  പ്രണയമെന്തെന്നോ പോലും അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത ആ പ്രായത്തിൽ  അങ്ങിനെ ജീവിതത്തിലാദ്യമായി എനിക്കൊരു പ്രേമമുണ്ടെന്ന് അവർ പറഞ്ഞു പരത്തി. ഞാനാകട്ടെ ഈ കളിയാക്കലുകളെ നേരിടാനാവാതെ അവളെ വെറുത്തു തുടങ്ങി. അവളിരിക്കുന്ന ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതായി.

പെണ്ണുങ്ങളെപ്പോലെ ദുഃഖിച്ചിരിക്കാതെ തിണ്ണമെടുത്തു... എന്ന പദ്യത്തിലെ  കൊണ്ടൽ നേർവർണ്ണന്റെ വചനങ്ങളൊന്നും എൻറെ സഹായത്തിനെത്തിയില്ല. എന്റെ ഈ വൈക്ലഭ്യം എന്നെ കളിയാക്കിയവർക്ക് കൂടുതൽ കളിയാക്കാൻ പ്രേരണയായി.

ആയിടെ ഞാൻ വേറൊരു കളിയാക്കലിനു കൂടി പാത്രമായി. ക്‌ളാസിൽ മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന അവസരത്തിൽ അവയുടെ ശരീരത്തിൽ നിറയെ ശൽക്കങ്ങളാണെന്നു പഠിപ്പിച്ചു. വരണ്ടുണങ്ങിയ ദേഹ പ്രകൃതമുള്ള എൻറെ കാലുകളിൽ ഏതാണ്ട് അവക്ക് സമാനമായ മൊളിയുടെ അടയാളങ്ങളുള്ളതിനാൽ, എന്തിനുമേതിനും  ഇത്തരം ഉപമകൾ കണ്ടെത്തുന്ന വിദഗ്ദ്ധ സംഘം ശൽക്കം എന്ന് വിളിച്ച് എന്നെ കളിയാക്കി തുടങ്ങി. തുടക്കത്തിൽ അത് ഒന്നോ രണ്ടോ വിരുതന്മാരിൽ നിന്നാണ് പുറപ്പെട്ടതെങ്കിലും, പതുക്കെപ്പതുക്കെ എന്നെ വീര്യം പിടിപ്പിക്കാൻ പലരും അങ്ങിനെ വിളിച്ചു തുടങ്ങി. മാനസികമായോ വാക് ചാതുരിയാലോ ഇത്തരം കളിയാക്കലുകളെ നേരിടാനുള്ള കരുത്തില്ലാതെ ഞാൻ പലപ്പോഴും സ്‌കൂളിനെ തന്നെ വെറുത്തു തുടങ്ങി. എങ്ങിനെയെങ്കിലും ഈ സ്‌കൂളിൽ നിന്നും ഒന്ന് രക്ഷപ്പെട്ട് പോയാൽ മതിയെന്ന ചിന്ത മനസ്സിനെ മഥിച്ചു തുടങ്ങിയ കാലം.

തുടരും....

Tuesday, July 13, 2021

ഓർമ്മച്ചിത്രങ്ങൾ ( 18 )

പ്രൈമറി വിട്ട് അപ്പർ പ്രൈമറിയിലേക്ക് കടന്ന വർഷം. ഷാരസ്യാർ ടീച്ചറുടെ 5-B താഴത്തെ ഹാളിലെ റോഡിന് അരികിലായുള്ള ഓലമേഞ്ഞ കെട്ടിടത്തിലെ നടുവിലായാണ്. അപ്പർ പ്രൈമറിയിൽ ചെറുകര, കുന്നപ്പള്ളി, കുറുപ്പത്ത് തുടങ്ങിയ എൽ. പി. സ്‌കൂളുകളിൽ നിന്ന് കൂടി കുട്ടികൾ എത്തുന്നതോടെ മൂന്നോ നാലോ ഡിവിഷനുകൾ ഉള്ള ക്‌ളാസുകൾ ആയി മാറുന്നു.  നാലാം ക്ലാസിൽ ഒന്നിച്ചു കൂടിയ കൂട്ടുകാർ   വീണ്ടും പല ഡിവിഷനുകളിലായി പിരിഞ്ഞു. വിജയൻ പെരിന്തൽമണ്ണ സ്‌കൂളിലേക്ക് മാറി. പുതിയ കൂട്ടുകാർ എത്തി. ചെറുകരയിൽ നിന്നും വന്ന സൈതലവി, കുറുപ്പത്ത് സ്‌കൂളിൽ നിന്നും വന്ന ഉമ്മർ കോയ, കുന്നപ്പള്ളി സ്‌കൂളിൽ നിന്നും വന്ന രാമൻ എന്നിവർ കൂട്ടുകാരായെത്തി.

അതു വരെയുള്ള രീതികൾക്ക് മാറ്റം കുറിച്ച് കൊണ്ട് ഓരോ വിഷയത്തിനും ഓരോ ടീച്ചർമാർ എന്ന പുത്തനനുഭവം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ട് ഭാഷകൾ കൂടി ചേർന്ന് പഠനഭാരം വർദ്ധിച്ച ദിനങ്ങൾ. മലയാളം ബി എന്ന പേരിൽ ഒരു നോൺ ഡീറ്റൈൽഡ് പാഠപുസ്‌തകം കൂടി അക്കൊല്ലം തൊട്ട്  പഠിക്കേണ്ടതുണ്ട്. 

'കൃഷ്ണൻ കുട്ടി പതുക്കെ നെറ്റി തടവി നോക്കി. ചോര കുറേശ്ശേ വരുന്നുണ്ട്', എന്ന് തുടങ്ങുന്ന ഒരു ചെറിയ നോവൽ ആയിരുന്നു അത്. അതിന്റെ പേരായിരുന്നു  "കണ്ണീർ മുത്തുകൾ". ആദ്യമായാണ് ഒരു നോവൽ രൂപത്തിലുള്ള നീണ്ട കഥയെ  പരിചയപ്പെടുന്നത്.  കൈവേല മാഷും ഡ്രിൽ മാഷുമായിരുന്ന ബാലൻ മാഷക്കായിരുന്നു അതിൻറെ ചാർജ്ജ്. മിക്കവാറും അവസാന പീരിയഡ് ആയിരിക്കും മലയാളം ബിക്ക്. 

കസേരയിൽ നിന്നും എഴുന്നേറ്റ്.  തൻറെ ഷർട്ടിന്റെ കോളർ ഒന്ന് മേലോട്ട് വലിച്ച് അതോടൊപ്പം തോളുകളും ഒന്ന് പിന്നോട്ട് ചലിപ്പിച്ച്, മേശയുടെ മുന്നിൽ ചാരി നിന്ന്  ബാലൻ `മാഷ് വളരെ വൈകാരികമായി ആ നോവൽ ഞങ്ങൾക്കായി വായിച്ചു തരും. കൃഷ്ണൻകുട്ടിയുടെ കദന കഥയുടെ അദ്ധ്യായങ്ങളിലേക്ക്  മാഷ് ഞങ്ങളെ നയിക്കുമ്പോൾ, ആ വായനകൾക്കിടക്ക്  അതിലെ കൃഷ്ണൻ കുട്ടിയായി ഞാൻ സ്വയം നിരൂപിക്കും. കഥ പറച്ചിലിന്റെ രസത്തിൽ അലിഞ്ഞിരിക്കുമ്പോൾ  അര മണിക്കൂർ മാത്രമുള്ള അവസാന പീരിയഡ് തീരരുതേ എന്ന് പലപ്പോഴും തോന്നിപ്പോവും.
ബാലൻ മാഷ് കൈവേല-ഡ്രിൽ മാഷ് എന്നതിനപ്പുറം സ്‌കൂളിന്റെ മാനേജരുമാണ്. കൈവേല ക്ളാസുകൾ നടത്തുന്നത് താഴത്തെ ഹാളിന്റെ ആദ്യ മുറിയിലാണ്. അവിടെ രണ്ടു കൈത്തറികൾ ആണ് അന്നുണ്ടായിരുന്നത്. ഒന്ന് തോർത്ത് പോലുള്ള ചെറിയ വസ്ത്രങ്ങൾക്കും മറ്റൊന്ന് വലിയ വസ്ത്രങ്ങൾക്കും ആയി. എങ്ങിനെയാണ് വസ്ത്രങ്ങൾ നെയ്യുന്നതെന്ന് മാഷ് സ്വയം ഇരുന്ന് കാണിച്ചു തരും. ഓരോരുത്തരെയായി നെയ്ത്ത് പഠിപ്പിക്കും. വയമില്ലാതെ തറി ചലിപ്പിക്കുമ്പോൾ പാവിന്റെ നൂലുകൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന നൂൽ ഓടം തെറിച്ചു പുറത്തേക്ക് പറന്നു വീഴും, പലപ്പോഴും നൂല് പൊട്ടും. അതോടൊപ്പം  മാഷുടെ ശക്തമായ കൈകൾ പുറത്തു വീണു അടിയും പൊട്ടും.    

മഴക്കാലം കഴിയും വരെ ഡ്രിൽ പീരിയഡുകൾ ക്‌ളാസിലൊതുങ്ങും.  അപ്പോൾ കുട്ടികളെ കയ്യിലെടുക്കാൻ മാഷ് ഒരു കഥാപുസ്തകവുമായാവും എത്തുക. പുറത്തു നടത്തുന്ന ഡ്രില്ലിനേക്കാൾ ഞങ്ങളിഷ്ടപ്പെട്ടിരുന്നത് മാഷുടെ അത്തരം കഥകളായിരുന്നു.

വിരുതന്മാരെ നിലക്ക് നിർത്തുവാൻ മാഷുടെ പ്രയോഗം സ്കെയിൽ കൊണ്ടാണ്. അത് സ്‌കൂളിൽ പ്രസിദ്ധവുമാണ്.  ഒരിക്കൽ ആ സ്കെയിൽ കൊണ്ട് അടി കിട്ടിയവരൊന്നും പിന്നീട് അത്തരമൊരു വികൃതിക്ക് മുതിരില്ല. ഇത്തരം പ്രയോഗ സമയങ്ങളിൽ പലപ്പോഴും സ്കെയിൽ പൊട്ടി കഷണങ്ങളാവും. ഉടൻ മറ്റൊരു സ്കെയിൽ വാങ്ങാനായി ക്‌ളാസിൽ നിന്നും, മിക്കവാറും ആ അടി കിട്ടിയവനെത്തന്നെ പൈസ കൊടുത്തു പീടികയിലേക്ക് വിടും.  

വര: ശശി 

തുടരും....

ഓർമ്മച്ചിത്രങ്ങൾ ( 17)

പരീക്ഷ കഴിഞ്ഞു സ്‌കൂൾ പൂട്ടിക്കഴിഞ്ഞാൽ പിന്നെ പരക്കാട്ടെത്താൻ ധൃതിയായി.    വെക്കേഷൻ കാലത്ത് പരക്കാട്ട് വല്യച്ഛൻമാരുടെയും മറ്റു താവഴിയിലെ ആണുങ്ങളുടെയും കുട്ടികൾ ഒന്നോ രണ്ടോ ദിവസമോ, ഒരാഴ്ചയോ അവിടേക്ക് വിരുന്നു വരും. കൊച്ചപ്പു വല്യച്ഛന്റെ മക്കൾ ലീല, രാധ, രമ, മാധവി ഓപ്പോളുടെ മക്കൾ നാരായണേട്ടൻ, രാധ ഓപ്പോൾ, വേണുവേട്ടൻ, കുട്ടികൃഷ്ണൻ, ചീരമ്മാവന്റെ(ശ്രീധരൻ) മക്കൾ ഉഷ, നന്ദൻ, ബാബു എന്നിവരും നാണിക്കുട്ടി ഓപ്പോളുടെ മക്കളായ രുഗ്മിണി ഓപ്പോൾ, ദേവി ഓപ്പോൾ, രമ, സരസ്വതി എന്നിവരും കൂടിയായാൽ പിന്നെ ആകെ ബഹളമയമാണ്.  രാത്രി എല്ലാവരും കൂടെ മുകളിലത്തെ തളത്തിലാണ് കിടപ്പ്. അച്ഛന്റെ അമ്മയുടെ ശ്രാദ്ധവും ആ സമയത്താണ്. അപ്പോൾ അച്ഛന്റെ പെങ്ങളായ അമ്മിണി ഓപ്പോളും കുട്ടികളും എത്തും. അവർ  രാവിലെ വന്ന് വൈകീട്ട് പോവും.

എല്ലാവരുമൊത്തുചേരുന്ന ദിവസങ്ങളിൽ   ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ വലിയവരെല്ലാം ഒന്ന് നടു ചായ്ക്കുന്ന നേരത്ത് ഞങ്ങൾ കുട്ടികൾ പതുക്കെ തൊട്ടടുത്ത അമ്പല മതിൽക്കെട്ടിനകത്തേക്ക്  കയറും. അവിടെ മണല് കൊണ്ട് ഉപ്പുത്തി കളിക്കും. വിശാലമായ അമ്പലപ്പറമ്പിലും  ഗോപുര മുകളിലും, കരുണാകര വല്യച്ഛൻ താമസിക്കുന്ന ഊട്ടു പുരയിലും, പ്ലാശിന്റെ മുകളിലും   ഒളിച്ചു കളിക്കും.

കാപ്പി കുടി കഴിഞ്ഞ് പിന്നെ നാണിക്കുട്ടി ഓപ്പോളുടെ നേതൃത്വത്തിൽ എല്ലാവരും തോപ്പിലേക്ക് നീങ്ങും. ഒരു വലിയ തോട്ടി, ചെറിയ തോട്ടികൾ, കുട്ട എന്നിങ്ങനെയുള്ള സാമഗ്രികളുമായി കശുവണ്ടി പൊട്ടിക്കാനുള്ള യാത്രയാണ്. ഏകദേശം മൂന്ന്  ഏക്കറോളം വിസ്തൃതിയുള്ള ഒരു കശുമാവിൻ തോട്ടമാണ് തോപ്പ്. അവിടെ വിവിധ തരം കശുമാവുകൾ ഉണ്ട്.    വിവിധ നിറങ്ങളിൽ പഴുത്തു നിൽക്കുന്ന കശുമാങ്ങകൾ ഓരോന്നായി പൊട്ടിക്കലാണ് പണി. നല്ല തുടുത്ത് പഴുത്ത  നിറമുള്ള കശുമാങ്ങകൾക്കായി ഓരോരുത്തരും നേരത്തെ ഓടിപ്പോയി കണ്ട് പറഞ്ഞു വെക്കും.   തോപ്പിന്റെ നാല് ഭാഗവും നടന്ന് പൊട്ടിച്ചു വരുമ്പോഴേക്കും സന്ധ്യയാവാറാവും, എല്ലാവരുടെയും വയർ നിറിഞ്ഞിരിക്കും. കുറെ നല്ല മാങ്ങകൾ കുട്ടയിലും കരുതിയിരിക്കും. വീട്ടിലെത്തി പിഴിഞ്ഞ് പഞ്ചാരയുമിട്ട് ജ്യൂസ് ആക്കി കുടിക്കാൻ.   

തോപ്പിന്റെ അറ്റം ചെന്നെത്തുന്നത് കുന്നത്തങ്ങാടിയിൽ നിന്നും അയ്യപ്പൻ കാവിലേക്ക് പോവുന്ന ഒരു ചെമ്മൺ പാതയിലേക്കാണ്. ആ വഴിയിലൂടെ വൈകുന്നേരങ്ങളിൽ ഹോണും അടിച്ചു സൈക്കിളുകളിൽ ഐസ് ഫ്രൂട്ട് വിൽപ്പനക്കാർ പോവും. പൈസക്ക് പകരം കശുവണ്ടി നൽകി അവ വാങ്ങിത്തിന്നും.

കശുമാവിൻ തോപ്പ് ആകെ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലമാണ്. ദിവസേന ആൾ നടപ്പുള്ളതു കാരണം വഴി മാത്രം തെളിഞ്ഞു കാണാം.  തോട്ടി കൊണ്ട് പൊട്ടിച്ചു വീഴുന്ന കശുമാങ്ങകൾ പെറുക്കാൻ ഈ കാട്ടിലേക്ക് നൂണ്ടു പോവണം. ചെരിപ്പ് ഇട്ട് ശീലമാകാതിരുന്ന അന്നാളുകളിൽ ദിവസേന തിരിച്ചെത്തി കാലിൽ നിന്നും മുള്ളെടുക്കുക എന്നത് ഒരു പണിയായിരുന്നു.  ഓരോ ദിവസവും കിട്ടുന്ന കശുവണ്ടി അന്നന്ന് കുന്നത്തങ്ങാടിയിൽ കൊണ്ട് പോയി വിറ്റ് വരും. വേണുവേട്ടൻ ആയിരുന്നു മിക്കവാറും  അതിന്റെ ചുമതലക്കാരൻ.

പരക്കാട്ടെ  താമസക്കാലത്താണ്  യഥേഷ്ടം  സിനിമകൾ കാണുന്നത്. ചെറുകരയിൽ ഒരു സിനിമ കാണണമെങ്കിൽ പെരിന്തൽമണ്ണ പോവണം. ഞങ്ങളെ കൊണ്ട് പോയിക്കാണിക്കാവുന്ന സിനിമകൾ ഇല്ലാത്തതു കൊണ്ടോ, പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടോ എന്നറിയില്ല, അത് വരെ കണ്ട സിനിമകൾ വിരലിലെണ്ണാവുന്നവ മാത്രം.  വീട്ടിൽ നിന്നും 5 മിനുട്ട് നടന്നാൽ എത്തുന്ന  കുന്നത്തങ്ങാടി മരിയാ ടാക്കീസിൽ മാറി മാറി വരുന്ന എല്ലാ സിനിമകളും രാത്രി സെക്കൻഡ് ഷോയ്ക്ക് നാണികുട്ടി ഓപ്പോളുടെ നേതൃത്വത്തിൽ പോയി കാണും.   തൃവേണി, ശരശയ്യ, ആഭിജാത്യം എന്നീ ചിത്രങ്ങൾ അന്ന് കണ്ടവയിൽ ചിലതാണ്.

വര: ശശി 

തുടരും

Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 16 )


കുന്നപ്പള്ളിയിലുള്ള അമ്പലത്തൊടിയിൽ താമസിച്ചിരുന്ന  വിജയൻ ഇടക്കിടെ അമ്മയും ചേച്ചിയായ പ്രഭാവതി ഓപ്പോളും  അനുജന്മാരുമൊത്ത് അമ്മമ്മയായ എട്ടമ്മയുമൊപ്പം  താമസിക്കാനായി തറവാടായ  നാലുകെട്ടിലേക്ക് വരും. നാലുകെട്ടിൽ എട്ടമ്മക്ക് കൂട്ടായി വിജയൻറെ ഏട്ടന്മാരായ  അനിയേട്ടനോ കുഞ്ഞനിയേട്ടനോ ആയിരുന്നുവെന്നാണ് ഓർമ്മ.

നാലുകെട്ട് എന്നാണ് ചെറുകരത്തറവാടിനെ പൊതുവെ നാട്ടുകാർ വിളിക്കുന്നതെന്നാലും അക്കാലത്ത് അതൊരു എട്ടുകെട്ടായിരുന്നു. രണ്ട് നടുമിറ്റങ്ങളുള്ള വലിയൊരു തറവാട്. പടിഞ്ഞാട്ട് പൂമുഖമുള്ള നാലുകെട്ടിന്റെ പടിഞ്ഞാറും കിഴക്കുമായി വീതിയുള്ള മുറ്റമുണ്ടായിരുന്നു. കിഴക്കേ മുറ്റത്തു നിന്നും നേരെ ചെന്നിറങ്ങുന്നത് തറവാട് വക കുളത്തിലേക്കാണ്.  കിഴക്കേ മിറ്റത്ത് കുളത്തിന്റെ കരയിലായി വലിയ ഒരു നെല്ലിമരം കുട്ടികൾക്ക് ചവർപ്പും മധുരവും നൽകി നിന്നിരുന്നു.

നാലുകെട്ടിന്റെ കിഴക്കായി കുളത്തിന്റെ തെക്കേ കരക്കാണ് കിഴക്കേ പത്തായപ്പുര സ്ഥിതി ചെയ്യുന്നത്. നളിനി ഓപ്പോളും മക്കളായ രഘുവും മിനിയും  ഓണം, ക്രി`സ്തുമസ് അവധിക്കാലത്ത് ചെറുകരക്ക് വരും. രഘു പ്രായം കൊണ്ട് ശശിക്കൊപ്പമാണ്. രഘുവിന്റെ പിറന്നാൾ ഓണക്കാലത്താണ്. ചതയം. അന്ന് ഞങ്ങൾ കുട്ടികൾക്ക് ഊണ് കിഴക്കേ പത്തായപ്പുരയിലാണ്. അന്ന് ഞാൻ എന്ന വാക്ക് രഘുവിനറിയില്ലായിരുന്നു. ഞാൻ, എനിക്ക് എന്നതിന് പകരം   രഘു, രഘൂന് എന്നാണ് പറഞ്ഞിരുന്നത്.  രഘുവിന്റെ വർത്തമാനങ്ങളിൽ നിറയെ  അവരുടെ വീടായ അമ്പാടിയിലെ വിശേഷങ്ങളും, മുത്തശ്ശിയും,   കുളങ്ങര വേലക്കഥകളും  നിറഞ്ഞു നിന്നു. ഞങ്ങൾ കാണാത്ത ഒരു നാടിനെപ്പറ്റിയുള്ള കഥകൾ. 

നാലിൽ പഠിക്കുമ്പോഴാണ് മാഷുമ്മാരുടെ സമരം ഉണ്ടായത് എന്നാണോർമ്മ.  സ്‌കൂൾ വളപ്പിൽ നിറയെ പോലീസുകാർ കാവൽ നിന്നിരുന്നത് ഓർക്കുന്നു. ആദ്യമായിട്ടാണ് പോലീസുകാരെ നേരിട്ട് അടുത്തു കാണുന്നത്. കൂർത്ത തൊപ്പിയും ട്രൗസറുമിട്ടുള്ള അവർ അവിടവിടങ്ങളിലായി ക്ളാസുകൾ നടത്തുന്ന അദ്ധ്യാപകർക്ക് കാവൽ നിന്നു. ഉച്ചക്ക് ഉപ്പുമാവ് കഴിച്ചു വരുന്ന വഴി  അവിടെ മാവിൽ ചുവട്ടിൽ ഇരുന്നിരുന്ന  ഒരു പോലീസുകാരൻ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. മറ്റുള്ള പോലീസുകാരിൽ നിന്നും വ്യത്യസ്‌തനായ, ഒരു വന്ദ്യ വയോധികൻ. കവിളുകൾ ഒട്ടി, കുഴിയിലാണ്ട കണ്ണുകളുമായി, തന്റെ ദേഹത്തിന് ഒരധികപ്പറ്റെന്ന മട്ടിലുള്ള  പോലീസ് യൂണിഫോമിൽ അയാൾ ആ മാവിൽ ചുവട്ടിൽ തളർന്നിരുന്നു. അദ്ദേഹം ഒരു കള്ളനെ ഓടിപ്പിടിക്കുന്നത് ഒരു ദൈന്യ ചിത്രം പോലെ അന്നും പിന്നീട് പലപ്പോഴും ആ രംഗത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ  തെളിഞ്ഞു.   

നാലാം ക്ലാസിൽ പഠിക്കുമ്പോൾ LSS(സ്‌കോളർഷിപ്പ്) പരീക്ഷക്ക് പോവാൻ സ്‌കൂളിൽ നിന്നും വേറെ ഒന്ന് രണ്ട് കൂട്ടുകാരുടെ കൂടെ  തിരഞ്ഞെടുക്കപ്പെട്ടു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഒരു ഗൈഡ് എവിടെ നിന്നോ സംഘടിപ്പിച്ച് പഠിച്ചു. അച്ഛന്റെ  കൂടെപ്പോയി പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ വെച്ചായിരുന്നു പരീക്ഷയെഴുതിയത്. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ബോദ്ധ്യമായി എനിക്കതിനുള്ള അർഹത ഇല്ലെന്ന്.

തുടരും...

ചിത്രങ്ങൾ: പുതിയ നാലുകെട്ട്(ഇപ്പോൾ അത്  നാലുകെട്ട് മാത്രമാണ്)


ഓർമ്മച്ചിത്രങ്ങൾ ( 15 )

വെള്ളിയാഴ്ച്ചകളിലെ ഉച്ചക്ക് 2 മണിക്കൂർ ഇടവേളയുണ്ട്. അന്ന് കളികൾ കൂടും. നാലാം ക്ലാസിലെത്തിയതോടെ തമ്മിൽ തമ്മിലുള്ള മത്സരങ്ങളും കൂടി. പഠന വിഷയങ്ങൾക്കപ്പുറം കായിക ബലപരീക്ഷണങ്ങളും അരങ്ങേറിത്തുടങ്ങി. 

ക്‌ളാസ്സിലെ ഏറ്റവും  ബലവാൻ ആരാണ് എന്ന ചോദ്യങ്ങൾക്ക്  അടിയിലൂടെയും മല്പിടുത്തങ്ങളിലൂടെയും ഉത്തരങ്ങൾ കണ്ടെത്തി. ക്‌ളാസിലെ ഏറ്റവും  ചെറുതെന്ന് പറയാവുന്ന  എന്നെ പലപ്പോഴും ഇതിലേക്കൊന്നും പരിഗണിക്കുക കൂടി ചെയ്തില്ല.  രണ്ടു പേരെ തമ്മിൽ അടിപ്പിക്കുക എന്നത് കുട്ടികൾക്ക്  ഒരു രസമായിരുന്നു.     അങ്ങിനെ ഏറ്റവും അശക്തരായ രണ്ടു പേരെന്ന് കണക്കാക്കുന്ന ഞാനും ബാലകൃഷ്ണനും ചേർന്ന് അതിൽ ശക്തനാരെന്ന് പ്രഖ്യാപിക്കേണ്ട ഒരു ഘട്ടം വന്നു. ഇതൊക്കെ മറ്റു  കുട്ടികളാണ്  തീരുമാനിക്കുന്നത്.    രണ്ടു പേരും ചേർന്ന് ഒരു വെള്ളിയാഴ്ച ഉച്ചക്ക് അടി തുടങ്ങി. രണ്ടു പേരും പരസ്പരം മുഖത്തേക്കും പുറത്തേക്കും അടിച്ചു തുടങ്ങി. ബെഞ്ചിൻമേൽക്കൂടി മറിഞ്ഞു വീണു, മുക്കാലിയിൽ നിൽക്കുന്ന ബ്ലാക്ക് ബോർഡിന് ഇടയിലേക്ക് വീണ് കിടന്നടിച്ചു. ഒടുവിൽ ബാലകൃഷ്ണൻ തോൽവി സമ്മതിച്ചുവെന്നാണ് ഓർമ്മ. അങ്ങിനെ ക്ലാസിലെ ഏറ്റവും അശക്തനെന്ന പട്ടത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.   

ക്ലാസുകളിൽ ഇത്തരം യുദ്ധങ്ങൾ അരങ്ങേറിയപ്പോൾ അങ്ങകലെ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം തുടങ്ങിയെന്ന വാർത്ത റേഡിയോവിലൂടെയും വലിയവരിൽ നിന്നും കേട്ട് തുടങ്ങി.  പത്രങ്ങളിലും യുദ്ധ വാർത്തകൾ നിറഞ്ഞു നിന്നു. പത്രങ്ങളിൽ ഓരോ ദിവസവും ഓരോ ഭാഗത്തുമുള്ള ആൾ നാശങ്ങളുടെയും കയ്യിലുള്ള യുദ്ധോപകരണങ്ങളുടെയും കണക്കുകൾ പ്രത്യക്ഷപ്പെട്ടു. ഒരു യുദ്ധവിമാനം രാത്രി പറന്ന് വന്ന് നമ്മുടെ വീടിന്റെ മുകളിൽ ഒരു ബോംബിട്ടു പോവുന്നതായി ഒക്കെ സ്വപ്നം കണ്ട് പേടിച്ചു. ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന കേരളത്തിന് പ്രത്യേകിച്ച് പേടിക്കേണ്ടാത്ത ഒരു യുദ്ധമായിരുന്നു അത്.  

പക്ഷെ,   യുദ്ധം കുറച്ചു ദിവസം പിന്നിട്ടതോടെ ഞങ്ങൾക്ക് പേടിയായി. അച്ഛൻ പട്ടാളക്കാരനാണ്. പിരിഞ്ഞു വന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. യുദ്ധം നീണ്ടു പോയാൽ പിരിഞ്ഞു പോയവരെയും തിരിച്ചു വിളിക്കാം. അങ്ങിനെ വിളിച്ചാലും പോവേണ്ട എന്നൊക്കെ അയൽക്കാർ അമ്മയെയും അച്ഛനെയും ഉപദേശിച്ചു. വിളി വന്നാൽ പോവേണ്ടി  വരുമെന്ന് അച്ഛനറിയാമായിരുന്നു. പക്ഷെ സിഗ്നൽസ് എന്ന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരാളായത് കൊണ്ട് തന്നെ വിളി വരാനുള്ള സാദ്ധ്യത കുറവാണെന്നായിരുന്നു അച്ഛന്റെ നിലപാട്. വൈകാതെ ആശങ്കകൾക്ക് വിരാമം നൽകി യുദ്ധം അവസാനിച്ചു.

യുദ്ധം കഴിഞ്ഞതും ഭക്ഷ്യ ക്ഷാമം നേരിട്ടു.  റേഷൻ കടകളിൽ നിന്നും അക്കാലത്തു അരിയും(മിക്കവാറും പച്ചരി)  ഗോതമ്പും  സമാസമം ആണ്   കിട്ടിയിരുന്നത്. ഗോതമ്പ് കൊണ്ട് എന്ത് ചെയ്യണമെന്ന് നാട്ടിൽ  പലർക്കും അറിയില്ലായിരുന്നു. പട്ടാളത്തിൽ നിന്നും എത്തിയ അച്ഛന് അത് പൊടിച്ചു ചപ്പാത്തി ഉണ്ടാക്കാൻ നല്ല വശമായിരുന്നു. അത് കൊണ്ട് തന്നെ രാത്രി  എന്നും ചപ്പാത്തിയായിരുന്നു ഭക്ഷണം. അക്കാലത്ത്  ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട ഭക്ഷണം. അച്ഛൻ പരത്തും,  ഒന്ന് നേർത്ത് വെന്താൽ അമ്മ നേരെ അടുപ്പിലെ കനലിൽ അവ  ചുട്ടെടുക്കും. 

കനലിൽ ചുട്ട് പോളച്ച, അന്ന് കഴിച്ച ചപ്പാത്തികളുടെ സ്വാദ് ഇന്നും നാവിൻ തുമ്പിലുണ്ട്.   

വര: ശശി 

തുടരും...


ഓർമ്മച്ചിത്രങ്ങൾ ( 14 )

 

നാലാം ക്ളാസിലെത്തിയ ഞങ്ങൾക്ക് സ്വയം വലുതായി എന്ന് തോന്നിത്തുടങ്ങി. ക്‌ളാസിലെ ഇടവേളകളിൽ പുറമെ കറങ്ങി നടക്കാൻ തുടങ്ങി. ഉപ്പുമാവ് കഴിച്ചു  കഴിഞ്ഞു ബെല്ലടിക്കുന്നതു വരെയുള്ള  സമയങ്ങളിൽ പല കളികളിലേർപ്പട്ടു. പിന്നെയും ബാക്കിയുള്ള സമയങ്ങളിൽ പുറത്ത് റോഡിലൂടെ പോവുന്ന ബസുകളെ നോക്കി നിന്നു. എന്നും ഉച്ചക്ക് ഒന്നരയോടെ തൃശൂരിൽ നിന്നും വന്നിരുന്ന ജനത ബസ് എന്റേതും, അതെ സമയം  പെരിന്തൽമണ്ണയിൽ നിന്നും വന്നിരുന്ന MKT വിജയന്റേതുമായി. ഏത് ബസ് ആദ്യം വരുമെന്ന് തർക്കിച്ചു. എനിക്ക് ജനതയോട് മമത കൂടും. വെക്കേഷനിൽ തൃശൂർക്ക് ഞങ്ങൾ പോവുന്നത് ജനതയിലാണ്. വിജയനാകട്ടെ, ചിലപ്പോഴെങ്കിലും ഭദ്രാലയത്തിന് മുമ്പിൽ നിന്നും രാവിലെ  MKTയിൽ കയറി സ്‌കൂളിലേക്കും തിരിച്ച് വൈകീട്ട് അങ്ങോട്ടും യാത്ര ചെയ്യുന്നതിനാൽ അത് അയാളുടെയും ഇഷ്ട വാഹനമായി. ജനതക്കാണ് സ്പീഡ് കൂടുതലെന്നും, അല്ല MKTക്കാണ് എന്ന് വിജയനും തമ്മിൽ തർക്കിച്ചു.

സ്ളേറ്റ് പെൻസിലുകൾ എത്ര കിട്ടിയാലും മതിയാവാത്ത കാലം. രാവിലെ ഒരു പുതിയ പെൻസിലുമായി സ്‌കൂളിലേക്ക് പോയാൽ വൈകീട്ട് തിരിച്ചെത്തുമ്പോഴേക്കും ഒന്നോ രണ്ടോ കുഞ്ഞു കഷണങ്ങൾ ബാക്കിയുണ്ടായാൽ ആയി എന്ന മട്ട്. ആയിടക്കാണ്  വിജയനു  സ്ളേറ്റ് പെൻസിൽ ഇഷ്ടം പോലെ കിട്ടിത്തുടങ്ങുന്നത്. കഴുത്ത് ഇറുക്കി പിടിച്ചു തൊണ്ടയിൽ നിന്നും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്ന ഒരു വിദ്യ അയാൾ കണ്ടുപിടിച്ചു. അത് കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. പലരും അങ്ങിനെ കാണിക്കാൻ പറഞ്ഞു പിന്നാലെ കൂടിയപ്പോൾ അയാളതിനൊരു വില നിശ്ചയിച്ചു. ഒരു വലിയ പെൻസിൽ പൊട്ട്. അങ്ങിനെ വൈകുന്നേരമാവുമ്പോഴേക്കും അയാളുടെ കീശകൾ രണ്ടും നിറയും. ഇടക്ക് അത്തരത്തിൽ കിട്ടുന്ന പെൻസിൽ കഷണങ്ങൾ ഞങ്ങൾ കൂട്ടുകാർക്കും സൗജന്യമായി തന്നു.  ഇടവേളകളിൽ അയാളെയും കൊണ്ട് ഞങ്ങൾ പെൻസിൽ സമ്പാദനത്തിനായി കറങ്ങി നടന്നു.

ഇന്റർവെൽ സമയങ്ങളിൽ പൊതുവെ വെള്ളം കുടിക്കാൻ റോഡിനപ്പുറമുള്ള കിണറിലേക്ക് പോവുകയോ അല്ലെങ്കിൽ എന്തെങ്കിലും കളികളിൽ ഏർപ്പെടുകയോ മാത്രം ചെയ്തിരുന്ന  ഞങ്ങൾ കൂട്ടുകാർ ആയിടക്ക്  താഴത്തെ ഹാളിന്റെ സൈഡിലായുള്ള ചായപ്പീടികയിൽ നിന്നും ബോണ്ടകൾ വാങ്ങിച്ചു തിന്നാൻ തുടങ്ങി. ഞങ്ങൾക്കിടയിലൊരാൾ ദിവസേന രണ്ടു രൂപ പോക്കറ്റിലിട്ട് വരുവാൻ തുടങ്ങി.  പൊതുവെ സ്‌കൂളിലേക്ക് പോവുമ്പോൾ പൈസ കൊണ്ട് പോവുകയോ, പീടികകളിൽ നിന്നും മിഠായിയോ മറ്റെന്തെങ്കിലുമോ   വാങ്ങിക്കഴിക്കാൻ കഴിയാതിരിക്കുകയോ ചെയ്ത  ഞങ്ങൾ കൂട്ടുകാർക്ക് അത് ഒരു പുത്തൻ അനുഭവമായി മാറി. ആദ്യമായാണ് ഇത്തരം എണ്ണപ്പലഹാരങ്ങൾ രുചിക്കുന്നത്.   ഇതിനൊക്കെയുള്ള പണം എവിടെ നിന്നു കിട്ടുന്നുവെന്നൊന്നും ആരും അന്വേഷിച്ചില്ല, ബോണ്ടയുടെ മധുരം നുണയുകയെന്നതിനപ്പുറം അങ്ങിനെയൊരാവശ്യമുണ്ടെന്ന് ആർക്കും തോന്നിയതുമില്ല.    പിന്നീട് ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ഷാരസ്യാർ ടീച്ചർ പെട്ടെന്ന്  എന്നെ വിളിച്ചു ദിവസേനയുള്ള പലഹാരത്തീറ്റയെ പറ്റി ചോദ്യം ചെയ്തു. പലഹാരത്തിന്റെ പങ്ക് കിട്ടാതിരുന്ന കുട്ടികളിലാരോ ഈ വിവരം ടീച്ചറുടെ ചെവിയിൽ എത്തിച്ചതായിരുന്നു.  പേടിച്ചരണ്ട ഞാൻ ഉള്ള കാര്യങ്ങൾ സത്യം സത്യം പോലെ പറഞ്ഞു. ടീച്ചർ അക്കാര്യം അവന്റെ രക്ഷിതാക്കളെ  അറിയിക്കുകയും ചെയ്തതോടെ ആ  പണസ്രോതസ്സ് നിലക്കുകയും അതോടെ  രസകരമായ  ഒന്ന് രണ്ടാഴ്ചത്തെ  ഞങ്ങളുടെ ബോണ്ട തീറ്റ  നിലക്കുകയും ചെയ്തു.

പ്രായക്കുറവിന്റെ അന്തമില്ലായ്മയിൽ ചെയ്ത ആ അപരാധത്തിന് അവന്റെ രക്ഷിതാക്കളും ടീച്ചർമാരും ഞങ്ങൾക്ക് ഉപദേശത്തിനപ്പുറം  ശിക്ഷകളൊന്നും നൽകിയില്ല. പക്ഷെ അത് പിന്നീടുള്ള 
ജീവിതത്തിലേക്ക് ഒരു പാഠമായി മാറുകയായിരുന്നു.

വര: ശശി 

തുടരും...


ഓർമ്മച്ചിത്രങ്ങൾ ( 13 )

നാലാം ക്ലാസ്

പൂരവും വെക്കേഷനും കഴിഞ്ഞു  തിരിച്ചു കണ്ണനിവാസിലെത്തിയപ്പോഴേക്കും ശോഭ മുട്ടുകുത്തിത്തുടങ്ങിയിരിക്കുന്നു.  നാലാം ക്ളാസിലേക്ക് ഞാൻ പാസായത് ക്ലാസ് ഫസ്റ്റ്‌ ആയാണ്. അതിന് ഒരു സമ്മാനം ഉണ്ടായിരുന്നു. അക്കൊല്ലം ഏപ്രിൽ അവസാനം നടന്ന മാധവൻ മാഷ്ടെ യാത്രയയപ്പു സമ്മേളനത്തിലാണ് സമ്മാന വിതരണം ഉണ്ടായത്.  പക്ഷെ അത് വാങ്ങിക്കാൻ സ്‌കൂൾ പൂട്ടിയ ഉടനെ പരക്കാട്ടേക്ക് പോയ എനിക്കായില്ല. സ്‌കൂൾ തുറന്ന് ആദ്യ ദിനം തന്നെ ഞാൻ ഓഫിസ് റൂമിൽ പോയി അത് വാങ്ങി, ഒരു പേനയായിരുന്നു സമ്മാനം. പഠന മികവിന് കിട്ടുന്ന ആദ്യസമ്മാനം.
ഇക്കൊല്ലവും ബി-ഡിവിഷനിൽ തന്നെ. താഴത്തെ ഹാളിലെ ഓട് മേഞ്ഞ കെട്ടിടത്തിലെ  കിഴക്കേ മൂലയിലുള്ള  അച്യുതൻ മാഷുടെ  നാല് ബിയിലേക്ക്. ഇക്കുറി എന്റെ കൂട്ടുകാരെല്ലാവരും ബിയിൽ എത്തി. എൻ പി മോഹനൻ, ടി മോഹനൻ, വിജയൻ, ബാലകൃഷ്ണൻ എന്നിവരെല്ലാം. കൂടാതെ വാരസ്യാർ ടീച്ചറുടെ അനിയന്റെ മകനായ കൃഷ്ണകുമാറും പുതുതായി സ്‌കൂളിലെത്തി. 
കണ്ണടക്കാരനായ അച്യുതൻ മാഷ് സ്വല്പം കർക്കശക്കാരനാണ്. പൊതുവെ കുട്ടികൾക്ക് അദ്ദേഹത്തെ പേടിയാണ്. ഒരു കാലിന് അൽപ്പം നീളക്കുറവുള്ള തിനാലാവണം, നടക്കുമ്പോൾ ചെറുതായി ഞൊണ്ടലുണ്ട്.  

മൂന്നാം ക്ലാസിൽ ഒന്നാമനായതിന് കിട്ടിയ സമ്മാനത്തിന്  കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ നഷ്ടപ്പെടാനായിരുന്നു വിധി. പോക്കറ്റിൽ അഭിമാനപൂർവ്വം കുത്തി നടന്ന പേന, പക്ഷെ എവിടെയോ വീണു പോയി. പേനകൾ അപൂർവമായിരുന്ന അക്കാലയളവിൽ ആ നഷ്ടം എന്നെ ഏറെക്കാലം വേദനിപ്പിച്ചു.

ആ വർഷം സ്‌കൂളിലേക്കുള്ള യാത്ര വാരസ്യാർ ടീച്ചറുടെ ഒപ്പമായി. ടീച്ചർക്കൊപ്പം ക്‌ളാസിലേക്ക് പുതുതായി എത്തിയ കൃഷ്ണകുമാറും ചേച്ചി ശോഭയും ഉണ്ട്. എന്റെ അമ്മയും വാരസ്യാർ ടീച്ചറുടെ ശിഷ്യയാണ്. രാവിലെ എട്ടരയോടെ ടീച്ചറും കുട്ടികളും ചക്കുവറ ക്ഷേത്രത്തിനടുത്തുള്ള വാരിയത്ത് നിന്നും പുറപ്പെട്ട് പാടത്തിന് നടുവിലായുള്ള തോട്ടിൻ കരയിലൂടെ എത്തും. കൂടെ ഞാനും ശശിയും കൂടും. 

ടീച്ചർക്ക് അന്നേ 50 വയസ്സിനടുത്ത് പ്രായമുണ്ട്. കല്യാണം കഴിച്ചിട്ടില്ല.   വെളുത്ത വസ്ത്രങ്ങളെ ധരിക്കൂ. നല്ല വില കൂടിയ ഷിഫോൺ പോലുള്ള സാരികളാണ് അധികവും. കൈകളിൽ സ്വർണ്ണ വളകൾ, കഴുത്തിൽ സ്വർണ്ണ മാല, സ്വർണ്ണ ഫ്രെയിം ഉള്ള കണ്ണട.. ഇതാണ് ടീച്ചറുടെ രൂപം.   

കൃഷ്ണകുമാർ അന്ന് സംസാര പ്രിയനാണ്. എന്തെങ്കിലും ഒക്കെ സംസാരിച്ചു കൊണ്ടേ ഇരിക്കും. പൊതുവെ ടീച്ചറെ പേടിയുള്ള ഞങ്ങൾ ഇതൊക്കെ കേട്ടു കൊണ്ട് കൂടെ നടക്കും. 
സിനിമാ നടൻ സത്യൻ അന്തരിച്ചു എന്ന വാർത്ത ഒരു ദിവസം രാവിലെ  റേഡിയോവിൽ നിന്നും കേട്ടു. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ എന്ന ഗാനം പാടി നടക്കുന്ന സത്യൻ മാഷെ ഞാൻ ഞാങ്ങാട്ടിരി പോയപ്പോൾ മിനർവാ ടാക്കീസിൽ നിന്നും കണ്ടിട്ടുണ്ട്.  സ്‌കൂളിൽ നിന്നുമാണ് സത്യന്റെ മൃതദേഹം മദ്രാസിൽ നിന്നും നാട്ടിലേക്ക് വിമാനത്തിൽ  കൊണ്ടുവരും എന്നറിഞ്ഞത്. വൈകീട്ട് വരുന്ന വഴി പാടത്തിനു  മുകളിലൂടെ പോയ ഒരു വിമാനം സത്യനെയും കൊണ്ട് പോവുന്നതാണെന്ന് പാടത്ത് വരമ്പ് വെച്ച് കൊണ്ട് നിന്നിരുന്ന ഒരു കൃഷിക്കാരൻ പറഞ്ഞപ്പോൾ   അത് സത്യമാണെന്ന് മറ്റുള്ളവരും വിശ്വസിച്ചു മേൽപ്പോട്ട് നോക്കി നിന്നു .

നാലാം ക്ലാസിലെ മുൻ ബഞ്ചിലാണ് ഞങ്ങൾ കൂട്ടുകാരെല്ലാം. എന്റെ തൊട്ടടുത്ത് ഇരിക്കുന്നത്  ബാലകൃഷ്ണനും ടി മോഹനനും ആണെന്നാണ് ഓർമ്മ. പഠന കാര്യത്തിൽ ഒരു മത്സരം തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. രാവിലെ സ്‌കൂളിലെത്തിയാൽ ബെല്ലടിച്ച് മാഷ് എത്തുന്നത് വരെ കളികളാണ്. 

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി 
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
എന്നും മറ്റുമുള്ള പദ്യങ്ങൾ അച്യുതൻ മാഷ് പഠിപ്പിച്ചു. വിശേഷപ്പെട്ട ചാട്ടവാറും, ആനച്ചേനയും, തെങ്ങിൻ ചുവട്ടിലെ നിധിയുമെല്ലാം സവിസ്തരം കഥ പറഞ്ഞു, ചോദ്യങ്ങൾ ചോദിച്ച്, കേട്ടെഴുത്തെഴുതിച്ച് പഠിപ്പിച്ച കാലം.

മഴ കനത്ത ജൂൺ-ജൂലൈ മാസങ്ങളിൽ  സ്‌കൂളിലേക്കുള്ള യാത്ര അത്യന്തം ക്ലേശകരവും രസകരവുമാണ്. വീശിയടിച്ചു പെയ്യുന്ന മഴയെ തോൽപ്പിക്കാൻ ഞങ്ങളുടെ ചെറുകുടകൾക്ക് ആവില്ല. അവ പലപ്പോഴും ഞങ്ങളുടെ കൈവിട്ട് കാറ്റിനൊപ്പം  പറന്നു പോവും. കണ്ടങ്ങളിൽ ഇറങ്ങി വീണ്ടും അവയെടുത്ത് ചേറു കഴുകിക്കളഞ്ഞു  സ്‌കൂളിലേക്ക് എത്തുമ്പോഴേക്കും മേലാകെ നനഞ്ഞു കുതിർന്നിരിക്കും.    തോടുകളും പാടവും  നിറഞ്ഞു കവിയും. കണ്ടങ്ങളിൽ നിന്നും കഴായകളിൽ കൂടെ വെള്ളം ശക്തിയോടെ കുത്തിയൊലിച്ചു  തോട്ടിലേക്ക് വീഴും. അവയിലൂടെ വലിയ മൽസ്യങ്ങൾ ഞങ്ങളുടെ മനസ്സു പോലെ ചാടിക്കളിക്കും.  അത്തരം കഴായകൾ കടക്കാൻ പലപ്പോഴും വലിയവരുടെ സഹായം വേണ്ടി വരും. മിക്കവാറും വാരസ്യാർ ടീച്ചർ ഞങ്ങളെ ഓരോരുത്തരെ ആയി എടുത്തു അപ്പുറത്തെത്തിക്കും. 

കുറ്റിപ്പുളിക്കപ്പുറം   നിറഞ്ഞു കിടക്കുന്ന അണക്കെട്ട്  അന്നു കാലത്ത് ഞങ്ങൾക്കൊരത്ഭുത കാഴ്ചയായിരുന്നു. അണക്കെട്ടുകളെക്കുറിച്ച് പഠിക്കുമ്പോൾ എന്നും മനസിലേക്കോടിയെത്തുന്ന ചിത്രം. വെള്ളം നിറഞ്ഞു, ഷട്ടറുകൾ തുറന്ന് ശബ്ദത്തോടെ വെള്ളം താഴേക്ക് പതഞ്ഞു പതിച്ചു കൊണ്ടിരിക്കുന്ന അണക്കെട്ടിന്റെ മുകളിലൂടെ വാരസ്യാർ ടീച്ചർ വഴുക്കി വീഴാതെ നടക്കണമെന്നും അറ്റത്തു കൂടി നടക്കരുതെന്നും  പറഞ്ഞു ഞങ്ങളെ സ്‌കൂളിലേക്ക് നയിക്കും.

മഴ തിർമിർത്തു പെയ്യുന്ന ആ ദിവസങ്ങളിൽ ക്‌ളാസിന്റെ പിന്നിലായി ഇറവെള്ളം ഒരു ചെറു തോട്‌ പോലെ ഒഴുകും. ഉച്ച നേരങ്ങളിൽ അവിടെ കുട്ടികൾ കടലാസ് വഞ്ചികൾ ഒഴുക്കിക്കളിക്കും.

വര: ശശി 

തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 12 )



അച്ഛൻ ജോലികൾക്കായുള്ള ശ്രമം തുടങ്ങി. വിരമിച്ചു നാട്ടിലെത്തി വീട്ടിൽ വെറുതെയിരിക്കുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല. രാവിലത്തെ കാപ്പി കുടി കഴിഞ്ഞാൽ കൈക്കോട്ടുമെടുത്ത് വീടിനോടനുബന്ധമായുള്ള പറമ്പിലേക്കിറങ്ങും. പറമ്പിൽ ഓരോ കാലത്തിനനുസരിച്ച് പല തരം കൃഷികൾ പരീക്ഷിച്ചു. ചാമ, എള്ള്, ഉഴുന്ന്, മുതിര എന്നിങ്ങനെ പലതും ചെറിയ തോതിലെങ്കിലും വളപ്പിൽ കൃഷി ചെയ്തുണ്ടാക്കി. അതു കഴിഞ്ഞാൽ പൂളക്കൃഷി. വേനൽക്കാലങ്ങളിൽ കിഴക്കേ പത്തായപ്പുരയിലെ പാടത്ത് ഉണ്ണിയേട്ടനോടോപ്പം പച്ചക്കറി കൃഷി നടത്തി. അക്കാലങ്ങളിൽ സ്‌കൂൾ വിട്ടു വന്നു കഴിഞ്ഞാൽ പിന്നെ അങ്ങോട്ടോടാനാണ് ധൃതി.
മത്തനും, കുമ്പളവും, വെള്ളരിയും, കയ്പയും, പടവലവും ഒക്കെ തടം കോരി, മണ്ണു ചുട്ട് നട്ടു നനച്ചുണ്ടാക്കി. അവർക്ക് നനയൊരുക്കാൻ കിഴക്കേ പത്തായപ്പുരയിലെ കുളത്തിൽ നിന്നും എത്തം കെട്ടി ചാലു കീറി വെള്ളമെത്തിച്ചു. സ്കൂളു വിട്ടു വന്നാൽ കാപ്പി കുടിച്ച് ഓടിപ്പോയി അവയെ പരിപാലിച്ചു. വെള്ളരി വള്ളികൾ തളിർക്കുന്നുണ്ടോ എന്നും, പൂവിടുന്നുണ്ടോ എന്നും ഓരോ ദിവസവും ആർത്തിയോടെ നോക്കി. അവയിൽ വിരിയുന്ന ചെറു കക്കരിക്കകൾക്കായി കാത്തിരുന്നു.
ആയിടക്കാണ് ഒരു തിരഞ്ഞെടുപ്പ് വരുന്നത്. ഞാൻ അറിഞ്ഞു കണ്ട ആദ്യ തിരഞ്ഞെടുപ്പ്. അത് എന്തിനാണെന്നോ, എവിടേക്കാണെന്നോ മനസ്സിലാക്കാത്ത കാലം. അമ്മയും അച്ഛനും മുത്തശ്ശിയും ഒക്കെ അമ്മായിമാരും കൂടെ വോട്ട് ചെയ്യാൻ കുറുപ്പത്ത് സ്‌കൂളിലേക്ക് പോയത് ഇന്നും ഓർക്കുന്നു. ആർക്കാണ് വോട്ട് ചെയ്തതെന്ന് മുത്തശ്ശിയോട് ചോദിച്ചപ്പോൾ ആനക്കെന്ന് മുത്തശ്ശി. ബാലറ്റ് പേപ്പറിൽ ആനയുടെ ചിഹ്നം കണ്ടപ്പോൾ ആന പ്രേമിയായ മുത്തശ്ശി അതിനു കുത്തിയത്രെ. ഗുരുവായൂർ കേശവനെയും മറ്റു ആനകളെയും മുത്തശ്ശിക്ക് അത്രക്കിഷ്ടമാണ്. അത് കഴിഞ്ഞു ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രി ആയെന്ന് മനസ്സിലായി.
അക്കാലത്ത് കണ്ണനിവാസിൽ പത്രം വാങ്ങാറില്ല. മാതൃഭൂമി പത്രം വാങ്ങുന്നത് കിഴക്കേ പത്തായപ്പുരയിലാണ്. ഉച്ചയോടെ അച്ഛൻ അന്നന്നത്തെ പത്രം വായിക്കാൻ പത്തായപ്പുര ഉമ്മറത്തെത്തും. പത്തായപ്പുരയിലെ പൂമുഖത്തെ മരപ്പടിയിലിരുന്നാണ് വായന. ഭരതനുണ്ണി അമ്മാവൻ വായിക്കുന്നത് മിക്കവാറും വൈകീട്ടാണ്. അമ്മാമന് വായിക്കാൻ നാരായണനുണ്ണി അമ്മാമൻ പത്രം കൊടുത്തയക്കും.
കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്‌കൂൾ പൂട്ടിയപ്പോൾ അച്ഛൻ എന്നെയും ശശിയേയും ഏപ്രിൽ മാസത്തിൽ തന്നെ പരക്കാട്ടേക്ക് കൊണ്ട് പോയി. തറവാട്ടിൽ അന്ന് താമസം അച്ഛന്റെ അമ്മാമനായ, തലയിൽ കുടുമ കെട്ടിയ, ഏകദേശം തൊണ്ണൂറ് വയസ്സെത്തിയ മൂത്തമ്മാമനും, അച്ഛന്റെ ജേഷ്ഠനായ കരുണാകര വല്യച്ഛനും, അച്ഛന്റെ ചിറ്റമ്മ മാലുചിറ്റയും, വേറെ ഒരു ചിറ്റമ്മയുടെ മകളായ നാണിക്കുട്ടി ഓപ്പോളും അവരുടെ നാലു പെൺമക്കളുമാണ്. നാണിക്കുട്ടി ഓപ്പോളുടെ ഭർത്താവ് നാണുമ്മാവനും മൂത്ത മകൻ രാമൻ കുട്ടിയേട്ടനും മദിരാശിയിലാണ്.
പരക്കാട്ട് ഷാരത്തെക്ക് അന്ന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രത്തിലും കുറച്ചു ദൂരെ വെളുത്തൂരുള്ള നമ്പോർ കാവിലും, കൂടാതെ ഷാരത്തെ തന്നെ പറമ്പായ തരിശ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന പറമ്പിനടുത്ത ഒരു അയ്യപ്പൻ കാവിലും കഴകമുണ്ട്. മാലുചിറ്റയാണ് നമ്പോർ കാവിലെ കഴകം നോക്കുന്നത്. പരക്കാട്ടെ കഴകം നാണിക്കുട്ടി ഓപ്പോളും. വല്യച്ഛൻ വളപ്പിലെ, പ്രത്യേകിച്ച് തരിശിലെ കൃഷിയും മറ്റും നോക്കി നടത്തി വന്നു.
ചെറുകരയിൽ താമസിക്കുന്ന ഞങ്ങൾക്ക് കഴകപ്പണി അറിയില്ല. മാല കെട്ടാൻ വശമില്ല. അതിനൊക്കെ ഉള്ള ഒരു ട്രെയിനിങ് ആയിരുന്നു പരക്കാട്ടെ രണ്ടു മാസത്തെ വാസം. ചെറിയ കുട്ടികളായതിനാൽ തന്നെ ഞങ്ങൾക്ക് കിട്ടിയിരുന്നത് ചെറിയ പണികളാണ്. രാവിലെ നേരത്തെ അമ്പലക്കുളത്തിൽ ചെന്ന് കുളിച്ചു തൊഴുതു വന്നു കഴിഞ്ഞാൽ കിഴക്കേ മുറ്റത്തുള്ള പാമ്പിൻ കാവിലും തോപ്പിലേക്ക് പോവുന്ന വഴികളിലും വീണ് കിടക്കുന്ന അറളിപ്പൂവ് പെറുക്കുക, സ്വർണ്ണലരിയുടെ പൂവ് പൊട്ടിച്ചു വരിക എന്നിവയാണ്.
നമ്പോർ കാവ്, പരക്കാട്ട് അമ്പലത്തിനേക്കാൾ നടവരവും ഭക്തരുമെത്തുന്ന ഭഗവതി ക്ഷേത്രമാണ്. അത് കൊണ്ട് തന്നെ അവിടെ കഴകം ചെയ്ത് വരുന്ന മാലുചിറ്റയുടെ കയ്യിൽ മിക്കവാറും ദിവസങ്ങളിൽ പണപ്പായസത്തിന്റെ ഒരു ഓഹരി ഉണ്ടാവും. എന്നും ഇത് കഴിക്കുന്ന ഷാരത്തെ കുട്ടികൾക്ക് അതിലൊന്നും വലിയ താല്പര്യമില്ല. പക്ഷെ ഞങ്ങൾക്ക് അന്ന് അത് അമൃതായിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാനും ശശിയുമാണ് അത് കഴിച്ചു തീർക്കുക.
അക്കൊല്ലത്തെ വിഷു പരക്കാട്ട് ആയിരുന്നു. ഷാരത്തെ കണി കണ്ടു കഴിഞ്ഞാൽ അമ്പലത്തിൽ പോയി കണി കാണും. പിന്നെ മൂത്തമ്മാമാനിൽ നിന്നും വിഷുക്കൈനീട്ടം. നാലണയാണ് മൂത്തമ്മാവന്റെ വിഷുക്കേട്ടം. കുന്നത്തങ്ങാടിയിൽ പലചരക്ക് കട നടത്തുന്ന പാച്ചുമ്മാവന്റെ കൈയിൽ നിന്നും എട്ടണ.
പാച്ചുമ്മാവൻ അച്ഛന്റെ വേറൊരു ചിറ്റമ്മയുടെ മകനാണ്. മുഖത്ത് ഗാംഭീര്യം തുടിച്ചു നിൽക്കുന്ന കർക്കശക്കാരൻ. ആ മുഖത്ത് ചിരി കാണില്ല. ഞങ്ങൾ കുട്ടികൾക്കൊക്കെ വലിയ പേടിയാണ് മൂപ്പരെ. കല്യാണം കഴിച്ചിരിക്കുന്നത് മൂത്തമ്മാവന്റെ മകളായ മീനുവമ്മയെ, വാത്തിയിൽ എന്ന നായർ തറവാട്ടിൽ നിന്നുമാണ്. അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്തുള്ള തരിശിന്റെ മേൽഭാഗത്തായി ഒരു വീട് വെച്ച് അവിടെയാണ് അദ്ദേഹം സകുടുബം താമസിക്കുന്നത്. അവിടെ നിന്നും രാവിലെ നേരത്തെ വന്ന് കുളിയും തൊഴലും, കാപ്പി കുടിയും കഴിഞ്ഞാൽ 9 മണിയോടെ കുന്നത്തങ്ങാടിയിലെ പീടികയിലേക്ക് പോവും. വീണ്ടും 12-1/2 യോടെ ഊണ് കഴിക്കാനെത്തി, അത് കഴിഞ്ഞു ഒന്ന് വിശ്രമിച്ച് കാപ്പിയും കുടിച്ച് വീണ്ടും 3 മണിയോടെ കടയിലേക്ക് പോയാൽ പിന്നെ പിറ്റേന്ന് രാവിലെയേ വരൂ.
അദ്ദേഹം വീട്ടിലെത്തിയാൽ പിന്നെ കുട്ടികളുടെ ശബ്ദം ആ വീട്ടിൽ കേൾക്കില്ല. വൈകീട്ട് അദ്ദേഹത്തിനുള്ള അത്താഴം ഒരു സ്റ്റീൽ ചോറ്റു പാത്രത്തിലാക്കി ഒരു വാഴയിലയടക്കം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കണം. വെക്കേഷൻ കാലത്ത് ആ ഡ്യൂട്ടി ഞങ്ങളുടെതാണ്.
ഞങ്ങൾ താമസിക്കുന്ന ചെറുകരയെ അപേക്ഷിച്ച് പരക്കാട്ട് തൃശൂർ നഗരത്തിൽ നിന്നും അകലെയല്ലാത്തതിനാൽ തന്നെ അവിടെ വൈദ്യുതി വളരെ മുമ്പേ എത്തിയിട്ടുണ്ട്. വൈദ്യുതി വിളക്കുകളും സ്വിച്ചുകളും അന്ന് ഞങ്ങൾക്ക് പുതുമയാണ്. അത്തരം സ്വിച്ചുകൾ അമർത്തി ആവശ്യത്തിനും അനാവശ്യത്തിനും ലൈറ്റ് ഇട്ട് ഞങ്ങളുടെ കൈത്തരിപ്പ് തീർക്കും. ഇടക്ക് ചെറിയ ഷോക്ക് ചികിത്സകൾ ലഭിക്കും. അവിടിയെത്തിയാൽ വൈകുന്നേരങ്ങളിൽ കമ്പി റാന്തലുകൾ തുടച്ചു വൃത്തിയാക്കേണ്ട, മൂട്ട വിളക്കുകളിൽ എണ്ണ ഒഴിച്ചു തിരിയിട്ടു നേരെയാക്കേണ്ട പണികളില്ല. സന്ധ്യയായാൽ സ്വിച്ചിട്ട് വെളിച്ചം വരുത്താം.
ആദ്യമായി തൃശൂർ ഭാഷയുടെ നീട്ടലും കുറുക്കലും അറിഞ്ഞ വർഷം. കശുമാങ്ങയുടെ രുചിഭേദങ്ങൾ അറിഞ്ഞാസ്വദിച്ച ഒരു വേനൽ. ആ വർഷവും തൃശൂർ പൂരത്തിന് അച്ഛൻ ഞങ്ങളെ കൊണ്ട് പോയി.
വര: ശശി
തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 11 )



ആയിടക്കാണ് കേരളീയ ജനതയെ ആകമാനം ഞെട്ടിച്ചു കൊണ്ട് ജന്മി ആയിരുന്ന കോങ്ങാട് നാരായണൻ കുട്ടി നായർ കൊല ചെയ്യപ്പെടുന്നത്. നക്സലുകളെ പേടിച്ച് ഞങ്ങൾ കുട്ടികൾക്ക് ഉറക്കം വരാതിരുന്ന നാളുകൾ. നമ്മളെയും അവർ കൊല്ലുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം എന്നാലും ആ പേടി കുറച്ചേറെ കാലം തന്നെ എന്നെ വേട്ടയാടി. രാത്രികാലങ്ങളിൽ ഉമ്മറത്തെ കനത്ത വാതിലുകൾ അവർക്ക് വെട്ടിത്തുറക്കാൻ സാദ്ധ്യമല്ല എന്നും മറ്റും സമാധാനിച്ചു പേടിച്ചുറങ്ങിയ ദിനരാത്രങ്ങൾ.
അക്കാലത്ത് നമ്മളെപ്പേടിപ്പിക്കാൻ നാട്ടിൽ, പ്രത്യേകിച്ച് സ്‌കൂളിൽ ചില വാർത്തകൾ പരക്കും. കുട്ടികളിപ്പിടുത്തക്കാർ ഇറങ്ങിയിട്ടുണ്ടെന്നതാണത്. എവിടെയോ ഒരു പാലം അല്ലെങ്കിൽ അണക്കെട്ട് പണിയുന്നുണ്ടെന്നും അതിൻറെ കാലുകൾക്ക് ബലം നൽകാൻ കുട്ടികളെ കൊണ്ട് പോയി കുരുതി കൊടുക്കുമെന്നും. അതിനായിട്ടാണത്രെ കുട്ടികളെ പിടുത്തക്കാർ ഇറങ്ങുന്നത്. ഇങ്ങനെയൊരു വാർത്ത പറഞ്ഞ സുബ്രഹ്മണ്യനോടും ബാലകൃഷ്ണനോടും മേൽപ്പറഞ്ഞ ഉമ്മറത്തെ കനത്ത വാതിലുകളെക്കുറിച്ചും അച്ഛൻ പട്ടാളക്കാരനാണെന്നും പറഞ്ഞു സമാധാനിക്കും. സമാധാനിക്കാൻ അങ്ങിനെയൊരു ധൈര്യത്തിന്റെ പിൻബലം പോലുമില്ലാതെ ആ പാവങ്ങൾ പേടിച്ചിരിക്കും.
അക്കൊല്ലമാണ് ഞാനും ശശിയും നീന്തൽ പഠിച്ചത്. ആദ്യം തെക്കേ പത്തായപ്പുരയിലെ കുളത്തിൽ അച്ഛന്റെ കൈകളിൽ കിടന്നും, പിന്നെ തേങ്ങകൾ ചേർത്ത് കെട്ടിയ പൊങ്ങുപയോഗിച്ച് നാലു കെട്ടിലെ നിറഞ്ഞു കിടക്കുന്ന കുളത്തിലുമായി… ജീവിതത്തിലെ അനേകം പ്രതിസന്ധികളിൽ നീന്തിക്കയറാൻ പ്രേരണയായ ആദ്യ പാഠം.
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് അന്ന് കാലത്ത് ഓല കൊണ്ടുള്ള വീടുകൾ മേയുന്നത്. ജീർണ്ണിച്ചു തുടങ്ങിയ പഴയ ഓലകൾ മൊത്തം താഴേക്കിറക്കി, അതിൽ നല്ലത് മാറ്റി വെച്ച് പുതിയ കുടപ്പന ഓല കൊണ്ട് മേയും. അവക്ക് മേലെയായി വീണ്ടും മാറ്റി വെച്ച പഴയ ഓലകൾ നിരത്തും. തെക്കേ പത്തായപ്പുരയിലെ ഉരൽപ്പുര അത്തരത്തിൽ ഓല കൊണ്ട് മേഞ്ഞ ഒന്നായിരുന്നു. തെക്കേ പത്തായപ്പുരയിലെ വളപ്പിൽ ഇഷ്ടം പോലെ കുടപ്പനകൾ ഉണ്ട്. ആ വർഷം തെക്കേ പത്തായപ്പുരയിലേക്ക് ഓല തപ്പി എത്തിയ ആളെ കണ്ട് ഞാൻ അമ്പരന്നു. കുമാരൻ മാസ്റ്റർ. എൻറെ ക്ലാസ് മാഷ്. മാഷുടെ വീട് ഓല വീടാണ് എന്നത് എനിക്ക് പുതിയൊരു അറിവും അത്ഭുതവുമായിരുന്നു. അങ്ങിനെ വെട്ടുന്ന കുടപ്പനോലയുടെ ബാക്കി വരുന്ന തണ്ടുകൾ ഞങ്ങൾ കുട്ടികൾക്ക് ഉരുസിക്ക ളിക്കുവാനുള്ള ഉപകരണമായി മാറും. അന്നത്തെ നാട്ടുമ്പുറങ്ങളിലെ കൊച്ചു സ്ലൈഡുകൾ.
അക്കാലത്ത് ഒരു പതിനൊന്ന് മണിയോടെ ചെറുകര സ്‌കൂളിലെ ഒട്ടു മിക്ക ക്‌ളാസിലേക്കും അനുവാദം ചോദിക്കാതെ ഒരു അതിഥിയെത്തും. കാക്കി പാൻറ്സും നിറയെ കീശകളും ഉള്ള കുപ്പായവുമായി, ഷർട്ടിന്റെ പുറം കോളറിൽ ഒരു കാലൻ കുടയും തൂക്കി കുമാരൻ നായരെന്ന പോസ്റ്റുമാൻ. അദ്ദേഹം അങ്ങിനെ എനിക്കും കത്തുകൾ തന്നു തുടങ്ങി. തെക്കേ പത്തായപ്പുര, കിഴക്കേ പത്തായപ്പുര, കണ്ണനിവാസ് എന്നിവിടങ്ങളിലേക്കുള്ള കത്തുകൾക്കുള്ള സബ് പോസ്റ്റ്മാനായി ഞാൻ മാറി. ഏറ്റവും കൂടുതൽ കത്തുകൾ വരുന്നത് കിഴക്കേ പത്തായപ്പുരയിലേക്കാണ്. നാരായണനുണ്ണി അമ്മാവന് ബോംബെയിൽ നിന്നും രമേശേട്ടന്റെയും മറ്റു പലരുടെയും കത്തുകളുണ്ടാവും. കൂട്ടത്തിൽ സോവിയറ്റ് നാട് മാസികയും മാസത്തിലൊരിക്കലെത്തും. നല്ല ബഹുവർണ്ണ ചിത്രങ്ങളുള്ള ഒരു മാസിക. പത്രങ്ങൾ വായിക്കുന്നതിനും മുമ്പ് ചിത്രങ്ങൾ കാണാനായി മാത്രം മറിച്ചു നോക്കിയിരുന്ന, കാഴ്ചകളുടെ ഒരു വസന്തമൊരുക്കിയിരുന്ന മാഗസിൻ.
വർഷാരംഭത്തിലെ പുസ്തകം പൊതിയലിന് പത്തായപ്പുരയിൽ നിന്നും അവ വാങ്ങി വരും.
കുമാരൻ നായർ താമസിക്കുന്നത് സ്‌കൂളിന്റെ നേരെ മുമ്പിലുള്ള ഒരു വാടക വീട്ടിലാണ്. അതിന്റെ ഒരു വശത്തായി ഒരു പൊതു കിണറുമുണ്ട്. ആ കിണറ്റിൽ നിന്നാണ് ഞങ്ങൾ ഇന്റർവെല്ലുകളിൽ ദാഹം തീർക്കുക, വലിയ ക്‌ളാസിലെ കുട്ടികൾ ഉച്ചയൂണ് കഴിഞ്ഞു പാത്രം കഴുകുക. ശനിയാഴ്ച്ചകളിൽ, സ്‌കൂൾ അവധിക്കാലങ്ങളിൽ ഒക്കെ റിട്ടയർമെന്റിനടുത്തെത്തിയ കുമാരൻ നായർ ചുട്ടു പൊള്ളുന്ന വെയിലിൽ നട്ടുച്ച നേരത്ത് വലിയ താമരവില്ലുള്ള കുടയും ചൂടി പാടത്തു കൂടി കത്തുകളുമായി മേൽവിലാസക്കാരനെ തേടി നടക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
വൈകുന്നേരം സ്‌കൂൾ വിടാനുള്ള നീണ്ട മണി മുഴങ്ങിയാൽ പിന്നെ പുറത്തേക്ക് ഓട്ടമാണ്. ശശിയേയും കൂട്ടി കൂട്ടുകാരോടൊപ്പം ഓടിയും, തളരുമ്പോൾ നടന്നും ആലിൻ കൂട്ടം വഴി പള്ളത്തിടവഴിയിലേക്കിറങ്ങും. പള്ളത്തിടവഴി അന്ന് കഷ്ടിച്ചു രണ്ടാൾക്ക് മാത്രം പോവാൻ പറ്റുന്ന, ഇരുവശവും ഇടതൂർന്ന് വൃക്ഷങ്ങൾ വളർന്നു, പകൽ പോലും ഇരുട്ട് മൂടി നിൽക്കുന്ന, ഒറ്റക്ക് പോവാൻ പേടി തോന്നുന്നൊരു ഇടവഴിയാണ്. പലപ്പോഴും ഞങ്ങളുടെ ജാഥ അവിടെയെത്തുമ്പോഴാവും തോട്ടിൽ നിന്നും കുളിച്ച് വരുന്ന എരുമക്കൂട്ടങ്ങൾ എതിരെ വരിക. തടിച്ചുരുണ്ട് സംഘമായി വരുന്ന കാരികളുടെയും കാട്ടികളുടെയും ചെമ്പൻറെയും വലിയ കൊമ്പുകളിൽ നിന്നും രക്ഷ നേടാൻ ഒന്നുകിൽ പള്ളത്തെ വീടിന്റെ പടിക്കലേക്ക് കയറി നിൽക്കണം, അല്ലെങ്കിൽ തിരിച്ചോടി രണ്ടിടവഴികളായി പിരിയുന്നിടത്തേക്ക് ചെന്ന് മാറി നിൽക്കണം.
ഏരുകളുടെ പള്ളത്തിടവഴിയിലെ യാത്രയെ മറികടന്ന് പാടത്തേക്കിറങ്ങിയാൽ പിന്നെ വലിയ തോട്ടു വക്കത്ത് കൂടെയുള്ള ചെറിയ വരമ്പിലൂടെ അണക്കെട്ട് വരെ ശ്രദ്ധിച്ചു നടക്കണം. അണക്കെട്ട് കടക്കുമ്പോൾ വല്ല ആളെപ്പിടുത്തക്കാരും അങ്ങകലെയായി ഉണ്ടോ എന്ന് പേടിയോടെ നോക്കും. ഈ അണക്കെട്ട് പണിതപ്പോഴും വല്ല കുട്ടികളെയും ബലി കൊടുത്തിരിക്കുമോ എന്ന് ഭയന്ന് താഴോട്ട് നോക്കും.
അണക്കെട്ട് കഴിഞ്ഞ് കുറ്റിപ്പുളി വരെയും വരമ്പുകളിൽ നിന്നും വരമ്പുകളിലേക്ക് ചാടിയോടും. കുറ്റിപ്പുളിയെത്തിയാൽ വീണ്ടും ചെറിയ തോടിനു കുറുകെയുള്ള മരപ്പാലത്തിന്മേൽ കൂടെ ചെറിയവരെ കൈപിടിച്ചു നടത്തും. പിന്നെ വീണ്ടും നീണ്ടു കിടക്കുന്ന വലിയ വരമ്പുകളിലൂടെ ഓടിയും, നടന്നും ദാഹം സഹിക്കവയ്യാതാവുമ്പോൾ പാടത്തിൻറെ കരയിലുള്ള വീടുകളിലൊന്നിൽ നിന്നും വെള്ളം വാങ്ങിക്കുടിച്ച് നാലേ മുക്കാലോടെ പത്തായപ്പുരക്ക് മുമ്പിലുള്ള പാടത്തെത്തും.
കിഴക്കേ പത്തായപ്പുരയിൽ കത്ത് കൊടുക്കേണ്ട ദിനങ്ങളിൽ അത് വഴി കയറി ഉമ്മറത്തോ തളത്തിലോ ചാരുകസേരയിലിരിക്കുന്ന നാരായണനുണ്ണിയമ്മാവനെ അതേൽപ്പിച്ച് കണ്ണനിവാസിലേക്ക്. അവിടെ എത്തിയാൽ പുസ്തക സഞ്ചി പെട്ടിപ്പുറത്ത് വെച്ച് നേരെ അടുക്കളയിലെ അടുപ്പിൻ കല്ലിന്മേൻ വെച്ച കാപ്പി ഒരൊറ്റ മോന്തലാണ്. അതോടൊപ്പം തിന്നാൻ എന്താണ് എന്ന നോട്ടമാവും. എന്ത് കിട്ടിയാലും തിന്നാനുള്ള വിശപ്പുമായെത്തുമ്പോൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ കരച്ചിൽ വരും. എങ്ങനെയാ എന്നും ഇങ്ങനെ തിന്നാൻ ഉണ്ടാക്കുക എന്ന് അമ്മ പരിഭവം പറയും. വേഗം കുളിച്ചു വന്നാൽ ഉരുള തരാമെന്നും. അങ്ങിനെയുള്ള ചുരുക്കം ദിവസങ്ങളിൽ പകലൂണെന്ന അത്താഴത്തിൽ വിശപ്പകറ്റും.
ചിത്രം: നീന്തിപ്പഠിച്ച നാലുകെട്ടിലെ കുളം
വര: ശശി
തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 10 )

കുമാരൻ മാസ്റ്റർ


"അമ്മയ്ക്കു നൽകുവാൻ ചെമ്മുള്ള ചേലകൾ
നന്ദന്തൻ കൈയിലേ നൽകിച്ചൊന്നാൻ" എന്ന പദ്യം ഈണത്തോടെ പഠിപ്പിച്ചു തുടങ്ങിയ കുമാരൻ മാഷുടെ 3-B യിലേക്കാണ് രണ്ടിൽ നിന്നും ജയിച്ചെത്തിയത്.
പാഠം രണ്ട് - മൈന
ക്ളീ ക്ളീ ക്ളീ - ക്രൂ ക്രൂ ക്രൂ
എവിടുന്നാണ് ശബ്ദം?
സുരേശ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന... മാഷ് അത് വായിക്കുമ്പോൾ കുട്ടികൾ ഒന്നടങ്കം പുറത്തേക്ക് നോക്കി.
കുമാരൻ മാഷുടെ 3-B താഴത്തെ ഹാളിൽ കൈവേല ക്‌ളാസിന് തൊട്ടാണ്. കുറച്ചു ദിവസങ്ങൾക്കകം മാഷ്ക്ക് എന്നെ എന്തു കൊണ്ടോ, ഏറെ ഇഷ്ടമായി.
"ദൈവം സ്നേഹിക്കുന്നവരുടെ പേരുകളാണ് ഈ പുസ്തകത്തില് ഞാന് എഴുതിക്കൊണ്ടിരിക്കുന്നത്“ മാലാഖ ആ പുസ്തകത്തിന്റെ ഒന്നാമത്തെ താള് അവനെ കാണിച്ചു.
അതില് ആദ്യം എഴുതിയിരിക്കുന്ന പേര്‌ അവന് വായിച്ചു "ആദാമിന്റെ മകന് അബു".
ആ പാഠഭാഗങ്ങൾ മാഷ് എന്നെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിച്ചു. ഏറെ മനസ്സിൽ തട്ടിയ ഒരു പാഠമായിരുന്നു അത്.
അതു വായിച്ചു കഴിഞ്ഞ എന്നെ അടുത്തേക്ക് വിളിച്ച് ചേർത്ത് നിർത്തി മാഷ് പറഞ്ഞു. നിന്റെ പ്രായത്തിൽ ഒരു മകൻ എനിക്കുമുണ്ടായിരുന്നു. അവനിന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ ക്ലാസിൽ നിന്നോടൊപ്പം ഇരിക്കുമായിരുന്നു. നഷ്ടപ്പെട്ടു പോയ ആ മകനോടുള്ള പിതൃവാത്സല്യം അങ്ങിനെ മാഷ് ഇവന് മേൽ ചൊരിയുകയായിരുന്നു.
ആ വർഷമാണ് അനുജൻ ശശി ഒന്നാം ക്ലാസിൽ ചേർന്നത്. അതു വരെ മറ്റൊരാളുടെ കൈപിടിച്ചു നടന്നിരുന്ന ഞാൻ അക്കൊല്ലം അനുജനെ കൈപിടിച്ചു സ്‌കൂളിലേക്ക് കൊണ്ട് പോവാൻ പ്രാപ്തി നേടി. പക്ഷെ ആ പണി അത്ര എളുപ്പമായിരുന്നില്ല. പൊതുവെ സ്‌കൂൾ വിദ്യാഭ്യാസത്തോട് അത്ര താല്പര്യമില്ലാതിരുന്ന അവനാകട്ടെ എന്നെ പലപ്പോഴും വിഷമവൃത്തത്തിലാക്കി. സംഗതി അനുജനാണെങ്കിലും എന്നെ അനുസരിക്കാൻ തീരെ താല്പര്യമില്ലായിരുന്നു. എന്നെക്കാൾ ഒരു പടി മുമ്പിൽ നടക്കണം എന്ന വാശിക്കാരൻ. ഒരാൾക്ക് നടക്കാൻ പറ്റുന്ന പാടവരമ്പിലൂടെ എന്നും അവന് മുമ്പിൽ നടക്കണം. സ്‌കൂളിലേക്ക് ജാഥയായി പോകുന്ന മറ്റു കുട്ടികൾ ഇതിൽ രസം കണ്ടെത്തി നിർബന്ധപൂർവ്വം അവനെ പിന്നിൽ നടത്തി. ഒരു ദിവസം, കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ ആളില്ല. ഞാനാകെ പേടിച്ചു. പക്ഷെ തിരഞ്ഞു പോവാൻ സമയമില്ല, സ്കൂളിലെത്താൻ വൈകും. അവൻ തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടാ വുമെന്ന് ഉറപ്പാണ്. ഞാൻ സ്‌കൂളിലെത്തി ഒരു പീരീഡ് കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം അവനും സ്‌കൂളിലെത്തി.
"കൃഷ്ണപുരം ബ്ലോക്കിൽ ഇക്കൊല്ലവും ഒന്നാം സമ്മാനം വേലപ്പന്". രണ്ടു കൃഷിക്കാർ എന്ന പാഠം എനിക്കന്ന് ഏറെ ഇഷ്ടപെട്ട ഒന്നായിരുന്നു. ഞാൻ സ്‌കൂളിലേക്ക് പോവുന്ന പാടങ്ങളിൽ അന്നും പോത്തിനെ കൊണ്ട് കന്നു പൂട്ടുന്ന കാലത്തു ട്രാക്ടർ എന്ന ഉപകരണവുമായി നിലമുഴുന്ന തന്റെ കൂട്ടുകാരന്റെ മകൻ വേലപ്പനെ കാണാൻ പോവുകയും അവനിൽ നിന്നും കൃഷിയുടെ ആധുനിക പാഠങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന പാഠം വളരെ കൗതുകത്തോടെ വായിച്ചിരുന്നതായും അത്തരത്തിൽ ഒരു കർഷകനെ എവിടെയെങ്കിലും കാണാനുണ്ടോ എന്ന് നോക്കുകയും പതിവായിരുന്നു. എനിക്കും അതെ പോലെ ആവണം എന്ന് ചിലപ്പോഴെങ്കിലും തോന്നിയ ദിനങ്ങൾ. പക്ഷെ ഞങ്ങൾക്ക് കൃഷി ചെയ്യാൻ പാടമില്ല എന്ന തിരിച്ചറിവ് ആ ആഗ്രഹത്തിന് മങ്ങലേൽപ്പിക്കും.
തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 9 )


പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്തെത്തിയ അച്ഛന് വെറുതെ ഇരിക്കാൻ അറിയില്ലായിരുന്നു. നാട്ടിൽ ഒരു സർക്കാർ ജോലിക്കുള്ള ശ്രമങ്ങൾ തുടങ്ങി. പട്ടാളത്തിൽ അത്ര വലിയ റാങ്കിലൊന്നും അല്ലാതിരുന്ന അച്ഛന് അന്നു കാലത്തെ പെൻഷൻ ഒരു കുടുംബം പുലർത്താൻ അപര്യാപ്തവുമായിരുന്നു.
പാഠം രണ്ട് , പശു. അമ്മ എനിക്ക് കാച്ചിയ പാൽ തരും, അത് കുടിക്കാഞ്ഞാൽ അമ്മ കരയും എന്ന് വായിച്ചു കേട്ടിട്ടാണോ എന്നറിയില്ല, ആയിടക്കാണ് അച്ഛൻ ഒരു പശുവിനെ വാങ്ങുന്നത്.
കോട്ടയത്ത് നിന്നും ഇന്നാട്ടിൽ വന്നു കൂടിയ കുടിയേറ്റ കര്ഷകനായിരുന്നു ചേട്ടൻ. ഖാലിദ് മാഷുടെ വളപ്പിന്റെ തൊട്ടടുത്ത് മൊട്ടക്കുന്നിന്റെ ഓരത്തായി ചെറിയൊരു കുടിലും അതിനോട് ചേർന്ന് അതെ മട്ടിലൊരു തൊഴുത്തും കെട്ടിയായിരുന്നു ചേട്ടന്റെ തുടക്കം. പൊതുവെ ക്രിസ്ത്യാനികളെ ചേട്ടന്മാർ എന്നാണ് അക്കാലത്ത് നാട്ടുകാർ വിളിച്ചിരുന്നത്. കാരണം, ഞങ്ങളുടെ നാട്ടിൽ ഏട്ടനെ ഉള്ളൂ. ചേട്ടൻ എന്ന് മുതിർന്നവരെ വിളിക്കുന്ന തെക്കന്മാരെ പൊതുവെ ചേട്ടൻ എന്ന് വിളിച്ചു തുടങ്ങി. ചേട്ടൻറെ കയ്യിൽ നിന്നും ആയിരുന്നു ആ പശുവിനെ വാങ്ങിയത്.
അതു വരെ തരിശായി കിടന്നിരുന്ന മൊട്ടപ്പറമ്പുകളെയും മലയോരങ്ങളെയും തങ്ങളുടെ അദ്ധ്വാനം കൊണ്ട് പച്ചപ്പണിയിച്ചിരുന്ന അദ്ധ്വാനശീലരായ ചേട്ടന്മാരെ അച്ഛന് ഇഷ്ടമായിരുന്നു. ആദ്യമൊക്കെ പശുവിനെ കറക്കുവാൻ ചേട്ടൻ തന്നെ വരുമായിരുന്നു. പിന്നീട് അമ്മയും അച്ഛനും ആ ദൗത്യം ഏറ്റെടുത്തു. വീട് ഇരിക്കുന്ന തിട്ടിനു മുകളിലായി, പടി കടന്ന് വരുന്ന വഴിക്ക് അച്ഛൻ തന്നെ ഒരു തൊഴുത്ത് പണിതു. കരിമ്പനപ്പട്ടയും വളപ്പിൽ യഥേഷ്ടം വളരുന്ന തേക്കിൻറെ ചെറിയ കൊമ്പുകളും ഒക്കെ ഉപയോഗിച്ചൊരു താൽക്കാലിക തൊഴുത്ത് എന്ന് പറയാം. പക്ഷെ പശുവിൽ നിന്നും കാര്യമായ ആദായം ഒന്നും കിട്ടിയില്ല എന്ന് കണ്ടപ്പോൾ കുറച്ചു മാസങ്ങൾക്ക് ശേഷം പശുവിനെ തിരിച്ച് ചേട്ടന് തന്നെ വിറ്റു എന്നിട്ട് അത്യാവശ്യം പാലിന്റെ ഉപയോഗത്തിനായി ഒരു ആടിനെ വാങ്ങി.
ആയിടക്കാണ് പാട്ടം നിൽക്കാൻ പോവുന്നു എന്നൊരു വാർത്ത ഞങ്ങളെ തേടി എത്തിയത്. ഞങ്ങൾ ഇരിക്കുന്ന വീടും പറമ്പും കൂടാതെ പാട്ടം ലഭിക്കുന്ന കുറെയേറെ കൃഷി ഭൂമികൾ കുടിയാന്മാർ വശം ചെറുകരത്തറവാട്ടിലെ ഓരോ താവഴിക്കും ഉണ്ടായിരുന്നു. അത്തരത്തിൽ ലഭിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള പത്തായങ്ങൾ ആയിരുന്നു ഞങ്ങൾ ഇപ്പോൾ ഇരിക്കുന്ന വീട്. മുത്തശ്ശിക്കും ഇത്തരത്തിൽ കുറച്ചു പാട്ട ഭൂസ്വത്ത് ഉണ്ടായിരുന്നു. നേരിട്ട് കൃഷി നടത്തുന്ന കൃഷി ഭൂമി ഒന്നുമുണ്ടായിരുന്നില്ല. നിയമം വരുന്നതിനു മുമ്പായി അച്ഛൻ ഒന്ന് രണ്ട് കുടിയാന്മാരെ കണ്ട് ഞങ്ങളുടെ ചെറിയ കുടുംബത്തിന് അത്യാവശ്യം വേണ്ട ധാന്യം കിട്ടുന്ന കുറച്ച് ഭൂമി ഞങ്ങൾക്ക് തിരിച്ചു തരണമെന്നെല്ലാം പറഞ്ഞു വെന്നാലും അതൊന്നും ആരും അംഗീകരിച്ചില്ല.
1970 പിറന്നു. കേരളത്തിൽ ഭൂപരിഷ്കരണത്തിന് അച്യുതമേനോൻ മന്ത്രി സഭ നിയമപ്രാബല്യം നൽകി. മര്യാദപാട്ടത്തിന്റെ ആറിരട്ടി പതിനാറു ഗഡുക്കളായി അടച്ചാൽ ഭൂമി കുടിയാന് എന്ന വ്യവസ്ഥയിൽ അവയെല്ലാം കുടിയാന്മാർക്ക് ലഭിച്ചു. കാലാ കാലങ്ങളായി ആ ഭൂമികളിൽ അദ്ധ്വാനിച്ച് കൃഷി ചെയ്ത് ഉണ്ടാക്കിയ ധാന്യങ്ങൾ ഇനി ആരുമായും പങ്കു വെക്കേണ്ടതില്ല എന്ന നിയമം കർഷകർക്ക് ഊർജ്ജം പകർന്നു. തലമുറകളോളം വല്ലവരുടെയും അദ്ധ്വാനത്തിൽ നല്ല കുത്തരി ഉണ്ടു ജീവിച്ച ഒട്ടേറെപ്പേർ അങ്ങിനെ റേഷൻ ഷോപ്പിൽ നിന്ന് കിട്ടുന്ന പച്ചരിയിൽ വിശപ്പടക്കി. അങ്ങിനെ ഞങ്ങളും ആ ശീലങ്ങളിൽ പങ്കാളികളായി.
അതു വരെ സ്‌കൂളിലേക്ക് ഭക്ഷണവുമായി പോയിരുന്ന എന്നെപ്പോലുള്ളവർ സ്‌കൂളിൽ നിന്നും ഉച്ച ഭക്ഷണത്തിന് കിട്ടുന്ന ഉപ്പുമാവിനെ ആശ്രയിച്ചു തുടങ്ങി. ചെറോണ ഉണ്ടാക്കുന്ന ഗോതമ്പ് ഉപ്പുമാവിനും പാലിനും കൂടി ഹാജർ കൊടുത്തു തുടങ്ങി. വീട്ടിൽ നിന്നും കൊണ്ടു വന്നിരുന്ന മോരു കൂട്ടിക്കുഴച്ച തണുത്ത ചോറിനേക്കാൾ ചൂടുള്ള, സസ്യ എണ്ണയിൽ വറുത്തിട്ട മണമുള്ള, ഗോതമ്പുപ്പുമാവും സ്വാദിഷ്ടമായ ചോളപ്പൊടി കൊണ്ടുണ്ടാക്കിയ പാലും ഇഷ്ട വിഭവങ്ങളായി.
സ്‌കൂൾ ബാഗിൽ ചോറ്റു പാത്രത്തിന് പകരം ഒരു പ്ലാസ്റ്റിക് ഗ്ലാസ്സും വാഴയിലയും വാട്ടി വെച്ചായി യാത്ര. വാഴയില എടുക്കാൻ മറന്ന ചുരുക്കം ചില ദിവസങ്ങളിൽ സ്‌കൂളരികിൽ കിട്ടുന്ന പൊടുണ്ണിയുടെ ഇലകളിൽ അവ വാങ്ങിക്കഴിച്ചു.
പാട്ടം വരവ് നിന്നത് കൊണ്ട് തന്നെ, വീടിരിക്കുന്ന ഭാഗത്തിന് മുകളിലായുള്ള തരിശായുള്ള തൊടിയിൽ കൊത്തിക്കിളച്ച് നിലം തയ്യാറാക്കി അച്ഛൻ നെല്ല് വിതച്ചു.
കുഞ്ഞുമോൾ വലുതായി തുടങ്ങി. അവൾക്ക് അച്ഛൻ "ശോഭ" എന്ന് നാമകരണം ചെയ്തു. അതോടെ കുഞ്ഞുമോൾ ശോഭയായി മാറി.
അക്കാലത്ത് അമ്മയുടെ അനുജൻ നാരായണമ്മാവൻ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ പ്രത്യക്ഷപ്പെടും. മിക്കവാറും ഒരു വെളുപ്പാൻ കാലത്തു മുഷിഞ്ഞ മുണ്ടും ഷർട്ടുമായാവും എത്തുക. അമ്മേ.. എന്ന വിളിയുമായി മുത്തശ്ശിയെ കാണാൻ ഉള്ള വരവാണ്. എവിടെയാണ്, എന്ന് ചോദിച്ചാൽ ലോറിയിലാണ്, വണ്ടി പെരിന്തൽമണ്ണ ഇട്ടിരിക്കുന്നു എന്നെല്ലാം പറയും. തടിച്ചുരുണ്ട ദേഹം. വളയം പിടിച്ചു മസിലുകൾ വീർത്ത ആ കൈകൾ കൊണ്ട് ഒന്ന് കിട്ടിയാൽ ഞങ്ങളുടെ പണി തീരും. അത് കൊണ്ട് തന്നെ കണ്ടും കേട്ടും കുറച്ചകലം പാലിച്ചേ ഞങ്ങൾ കുട്ടികൾ നിൽക്കാറുള്ളൂ. വന്നാൽ പിന്നെ കുളിച്ചുണ്ട് ഒരു രണ്ടു മൂന്നു ദിവസം ഞങ്ങളോടൊപ്പം കൂടി മൂപ്പർ യാത്രയാകും.
ഭരതനുണ്ണി അമ്മാമൻറെ തെക്കേ പത്തായപ്പുരയുടെ പുറകിലായി വേനൽക്കാലത്ത് നിറയെ മധുരമുള്ള മാങ്ങകൾ തന്നിരുന്നൊരു മാവുണ്ടായിരുന്നു. വേനൽ കടുക്കുന്നതോടെ പടർന്ന് പന്തലിച്ച വലിയ മാവിന്മേൽ നിറയെ തുടുത്തു പഴുത്ത മാങ്ങകൾ നിറയും. കണ്ണനിവാസിൽ ആടിനെ കറവ് തുടങ്ങിയ അക്കാലത്ത് രാവിലെ ഒഴക്ക് പാൽ അമ്മായിക്ക് കൊണ്ട് കൊടുക്കണം. അത് കൊണ്ട് കൊടുത്ത് നേരെ മാവിൻ ചുവട്ടിലെത്തി രാത്രി വീണ മാങ്ങകളിൽ അമ്മായിയുടെ കണ്ണിൽ നിന്നും രക്ഷപ്പെട്ട് പുല്ലിനടിയിലും മറ്റും കിടന്ന കുറച്ചു മാങ്ങകൾ ഞങ്ങൾക്ക് കിട്ടും. അങ്ങിനെ കിട്ടിയവയിൽ ഒരെണ്ണം പാല് കൊണ്ട് പോയ ഗ്ലാസിലിട്ടും ഒന്ന് രണ്ടെണ്ണം ട്രൗസറിന്റെ പോക്കറ്റിലും, ബാക്കിയുള്ളവ അവിടെ നിന്ന് നേരെ ഞങ്ങളുടെ വളപ്പിലേക്ക് അമ്മായി അറിയാതെ എറിഞ്ഞും കൊണ്ട് പോരും.
മൂത്തു പഴുത്തു കാറ്റടിച്ചാൽ മാങ്ങകൾ താഴെ വീഴുന്ന വെക്കേഷൻ കാലത്ത് അമ്മാമനും അമ്മായിയും മയങ്ങുന്ന ഉച്ച സമയത്ത് ഞങ്ങൾ കുട്ടികൾ മാവിൻ ചുവട്ടിൽ കാവലിരിക്കും. നല്ലൊരു കാറ്റിനായി പ്രാർത്ഥിക്കും. ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണൻമാരോട് കെഞ്ചും.
അങ്ങിനെ തെക്കേ പത്തായപ്പുരയുടെ മേലെ തൊടിയിൽ നിന്നിരുന്ന ചകിരിയേന്റെയും മറ്റൊരു നാട്ടുമാവിന്റെയും മാങ്ങകൾ അവസാനമായി തിന്ന ഒരു വേനൽ ഞാൻ ചെറുകരയിൽ ചിലവഴിച്ചു. ആ മാങ്ങാക്കാലത്തിനു ശേഷം അമ്മാവൻ അവരെ ഈർച്ചവാളിനിരയാക്കി.
വീണ്ടും ഒരു സ്‌കൂൾ യാത്രക്കായി ഞാൻ കാത്തിരുന്നു.
തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 8 )

 കണ്ണനിവാസും കുഞ്ഞുമോളും



1969 ജൂണിൽ ചെറുകര സ്‌കൂളിലെ രണ്ടാം ക്ളാസിലേക്ക് എത്തി. അവിടെ വേശു ടീച്ചർക്ക് പകരം ഒരു മാഷാണ്, മാധവൻ മാഷ്. കുപ്പായക്കീശയിൽ നിന്നും സൈബാളിന്റെ ഒരു ഡബ്ബി എടുത്തു ഇടക്കിടെ ചുണ്ടിന്മേൽ തേച്ചിരുന്ന, ഹാഫ് കൈ ജൂബാ ഇട്ട് വന്നിരുന്ന മാഷ്. വിരമിക്കലിന്റെ വക്കത്തെത്തി നിൽക്കുന്ന, കണ്ടാൽ ഒരു മുത്തശ്ശൻറെ മട്ടും ഭാവവുമുമാണ് മാഷ്ക്ക്. കൂട്ടുകാർ ചിലരൊക്കെ തൊട്ടടുത്ത വിലാസിനി ടീച്ചറുടെ 2A യിലേക്ക് പോയി, Aയിൽ നിന്നും ചിലർ Bയിലേക്ക് വന്നു.
തൂമ തൂകുന്ന തൂമരങ്ങള്,
തോളും തോളുമുരുമ്മിനിന്നും,
എന്നും മറ്റുമുള്ള പദ്യങ്ങൾ ആദ്യമായി ക്ലാസിൽ പഠിച്ചു, സഹപാഠികളുമൊപ്പം ഒരുമിച്ചു നിന്ന് ആടി പാടിത്തുടങ്ങിയ വർഷം.
ആമയും മുയലും, കുഞ്ഞിരാമന്റെ പൊടിക്കൈ തുടങ്ങിയ പാഠങ്ങൾ ഉച്ചത്തിൽ വായിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്ന കാലം. രാത്രികളിൽ മുത്തശ്ശിയുടെ കൂടെ കിഴക്കേ മുറിയിലാണ് ശശിയും കൂടി കിടപ്പ്. മുത്തശ്ശി ഉണ്ടൻറെയും ഉണ്ടിയുടെയും, നരിമാന്റെയും കഥകൾ പറഞ്ഞു തന്നു. പലവട്ടം കേട്ടതെങ്കിലും പിന്നെയും പിന്നെയും മുത്തശ്ശിയുടെ കഥന പാടവത്തിൽ അവ കേൾക്കാൻ പ്രേരിപ്പിക്കും. കഥകൾ കേട്ടുറങ്ങിയ കാലം.
പുതിയ വീട്ടിൽ പണികൾ ഒരു വിധം തീർത്ത് ആഗസ്ത് മാസത്തിൽ താമസം തുടങ്ങി. മുത്തശ്ശനിൽ നിന്നും കൈവന്നതായതു കൊണ്ട് തന്നെ അദ്ദേഹത്തിനുള്ള സ്മരണയെന്നോണം അതിന് "കണ്ണനിവാസ്" എന്ന് നാമകരണം ചെയ്ത് ഒരു മരക്കഷ്ണത്തിന്മേൽ പെയിന്റ് കൊണ്ട് എഴുതി പടിക്കൽ നിന്നും കാണും വിധം പൂമുഖത്തു സ്ഥാപിച്ചു. പഴയ പത്തായപ്പുരക്ക് പ്രത്യേകിച്ച് പേരൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ കണ്ണനിവാസ് എന്ന പേര് നാട്ടുകാർക്കിടയിൽ സ്വീകാര്യമായി.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയെന്ന വാർത്ത ഞങ്ങളുടെ കൊച്ചു മർഫി റേഡിയോ പറയുന്നത് കേട്ടതായി ഓർക്കുന്നു. മാനത്ത് കാണുന്ന അമ്പിളി മാമനിലേക്ക് അവർ എങ്ങിനെ പോയി എന്ന് കുതൂഹലം കൊണ്ടു. അന്ന് രാവിലെ സ്‌കൂൾ അസംബ്ലിയിൽ ലീഡറുടെ പ്രധാന വാർത്തയും അതായിരുന്നു.
ആ വർഷത്തെ ആഗസ്റ്റ് 15 നു 4 വയസ്സുകാരൻ ശശിയേയും കൂടെ കൂട്ടി ഞാൻ സ്‌കൂളിലേക്ക് പോയി. സ്‌കൂളിൽ നിന്നും മിഠായിയും വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും കണ്ണനിവാസിൽ ഒരു പുതിയ അതിഥി കൂടിയെത്തിയിരുന്നു. ഒരു കൊച്ചനുജത്തി. ഞങ്ങൾ അവളെ കുഞ്ഞുമോൾ എന്ന് വിളിച്ചു.
സ്‌കൂളിലേക്കുള്ള യാത്ര ഏഴാം ക്‌ളാസിൽ പഠിക്കുന്ന ചേച്ചിയുടെ കൂടെത്തന്നെയാണ്. നല്ല പൊക്കമുള്ള ചേച്ചിയുടെ നീളമുള്ള കാലുകൾക്കൊപ്പം കൂടെ നടന്നെത്തുവാൻ കാഴ്ച്ചയിൽ ചെറുതായ ആ ആറു വയസ്സുകാരൻ ഏറെ പണിപ്പെട്ടു. പലപ്പോഴും നടന്ന് അവരുടെ ഒപ്പമെത്താത്തതിന് ശകാരങ്ങൾ കേട്ടു. അവ ചിലപ്പോൾ തീക്ഷ്ണമായ ചില നോട്ടങ്ങളിലേക്കും നുള്ളുകളിലേക്കും നയിച്ചു. പക്ഷെ, ഇക്കാര്യങ്ങൾ വീട്ടിൽ പറയാൻ പൊതുവെ പേടിത്തൊണ്ടനായ എനിക്കായില്ല. ഒരു ദിവസം നടത്തത്തിന് വേഗത കുറഞ്ഞു പോയപ്പോൾ എൻറെ കൈവിരലുകൾ അവരുടെ കൈകളിൽ ഞെരിഞ്ഞമർന്നു. നടുവിരൽ മലർത്തി പുറകോട്ട് വളച്ചു, വേദന കൊണ്ട് ഞാൻ കരഞ്ഞപ്പോൾ കണ്ണുരുട്ടി. അടുത്ത ദിവസവും ഇതേ നാടകം അരങ്ങേറിയപ്പോൾ എന്റെ നടുവിരൽ നീരു വന്നു വീർത്തു. വൈകുന്നേരം കാരണം ആരാഞ്ഞ അമ്മയോട് ഇതിന്റെ കാരണക്കാരി ചേച്ചിയാണെന്നുള്ള സത്യം പറയാൻ പേടി എന്നെ അനുവദിച്ചില്ല. അപ്പോഴാണ് ഞാൻ പോലുമറിയാതെ ഞാനൊരുത്തരം പറഞ്ഞത്, "നടുവട്ടം ഉണ്ണികൃഷ്ണന് എന്റെ വെരല്‌ പിടിച്ചു വളച്ചു".
ആരാ ഈ നടുവട്ടം?" അമ്മക്ക്‌ സംശയമായി. "എന്തിനാ അവന് നെന്റെ വെരല്‌ വളച്ചത്‌, മാഷോട് പറയായിരുന്നില്ല്യേ".
രണ്ടാം ക്ളാസിലേക്ക് പുതുതായി വന്നു ചേർന്ന ഉണ്ണികൃഷ്ണനെ പറ്റി ടീച്ചര്മാര്ക്കുപോലും വ്യക്തമായ ധാരണകളില്ല. അതായിരുന്നിരിക്കണം അന്ന് അത്തരത്തിൽ ഒരു നുണ പറയാൻ എന്നെ പ്രേരിപ്പിച്ചത്. കൂടാതെ എന്റെ കൂട്ടുകാരിൽ പലരും വിലാസിനി ടീച്ചറിന്റെ 2Aയിലാണ്. മാധവൻ മാഷുടെ ക്ളാസിലിരിക്കാൻ ഒട്ടും താല്പര്യം തോന്നാതിരുന്ന കാലം.
അമ്മ രാജമന്ദിരത്തിലെ പാപ്പിക്കുട്ടി ഓപ്പോളുടെ അടുത്തെത്തി കൈവിരലിലെ നീരിന്റെ കാര്യവും ഞാൻ പറഞ്ഞ നുണയും വിശദമാക്കി. ഞാൻ പറഞ്ഞു, “എനിക്ക് ക്ലാസ് മാറണം”. രണ്ട് Aയിൽ മോഹനൻമാരുണ്ട്, വിജയനുണ്ട്. ഇതൊരു കാരണമാക്കി എന്റെ ഇംഗിതം നടപ്പാക്കാമെന്നു കണക്കു കൂട്ടി.
ക്‌ളാസ് മാറ്റം കിട്ടിയത് പക്ഷെ ഉണ്ണികൃഷ്ണന് ആയിരുന്നു. ഞാൻ വീണ്ടും 2B യിൽ തന്നെ ഇരിക്കേണ്ടി വന്നു. പക്ഷെ, ഇതോടെ ചേച്ചി ഒന്നയഞ്ഞു. ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ ഞാൻ സത്യം പറയുമോ എന്ന പേടി കൊണ്ടോ മറ്റോ എന്നെ സ്നേഹത്തോടെ കൂടെ നടത്തിത്തുടങ്ങി.
തുടരും...

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...