2026 ജനുവരി 1, വ്യാഴാഴ്‌ച

ബൗദി - കണക്കൂർ ആർ സുരേഷ് കുമാർ


ബൗദി എന്ന കണക്കൂർ ആർ സുരേഷ് കുമാറിന്റെ നോവൽ ലോകപ്രശസ്ത സാഹിത്യകാരൻ രവീന്ദ്ര നാഥ ടാഗോറിന്റെ "കാർവാർ" വാസക്കാലത്തെ പ്രതിപാദിക്കുന്നതോടൊപ്പം ആദ്യന്തം സാബത്ത് എന്ന, അദ്ദേഹം നോവലിന്റെ ഭൂമികയായ മജിസ്ട്രേറ്റ് ബംഗ്ളാവിലേക്ക് കയറ്റി വിട്ടിരിക്കുന്ന കരിനീലമുടിക്കാരിയുടേത് കൂടിയാണ്. സാബത്തിന്റെ ചാരക്കണ്ണുകളിലൂടെയാണ് നാം ഒട്ടുമുക്കാലും അവിടെ നടക്കുന്ന ഓരോ സൂക്ഷ്മ ചലനങ്ങളും അറിയുന്നത്.


“ഓലപ്പുരകൾക്കിടയിലൂടെ കാണുന്ന കടൽക്കഷ്ണങ്ങളെ സാബത്ത് കണ്ണുകൾ കൊണ്ട് തേടി” എന്ന ആദ്യ ഖണ്ഡികയിലെ രണ്ടാം വാചകത്തിലൂടെ നോവലിസ്റ്റ് ഇനി നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും അവളുടെ കണ്ണുകളിലൂടെയും മറ്റിന്ദ്രിയങ്ങയിലൂടെയും കാണുന്നവയാണെന്ന് അടിവരയിട്ടു പറയുകയാണ്. താനിന്നേ വരെ കഴിഞ്ഞ കൂരയിലെ ജീവിതത്തിൽ നിന്നും ഏറെ ഔന്നത്യത്തിലുള്ള മറ്റൊരു ജീവിതപരിസരത്തേക്ക് പറിച്ചുനട്ട ആ നാട്ടിൻപുറത്ത്കാരിക്ക് ബംഗ്ലാവിലെ ആദ്യദിനത്തിലെ ആദ്യജോലിയിൽ തന്നെ ഉള്ളിന്റെയുള്ളിൽ അവരുടെ പൂന്തോട്ടത്തിലെയെന്ന പോലെ മുല്ലവള്ളികൾ പുഷ്പിക്കാനാരംഭിക്കുകയാണ്. അവിടന്നങ്ങോട്ട് മൊഞ്ചുള്ള ആ നീണ്ടമുടിക്കാരി അനുവാചക ഹൃദയങ്ങളിലേക്കും മുല്ലവള്ളിയായി പടർന്നു കയറുകയാണ്. ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി അവൾ അദൃശ്യയാകുന്നതും ബംഗ്ലാവിലെ മുല്ലവള്ളിപ്പടർപ്പിലേക്ക് ഊളയിട്ടാണ്. അതോടെ ആ സൗരഭ്യമില്ലാതാക്കിയ നോവലിസ്റ്റിനോട് നമുക്ക് ചെറിയൊരു ഈർഷ്യയുമുളവാകും.

തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് രബീന്ദ്രനാഥ ടാഗോർ തന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള തന്റെ ജേഷ്ഠസഹോദരപത്നി(ബൗദി)യായ കാദംബരി ദേവിയോടും ജേഷ്ഠൻ ജ്യോതിരിന്ദ്രനാഥ ടാഗോറിനുമൊപ്പം കാർവാർ ഡിസ്ട്രിക്റ്റ് ജഡ്ജിയായ ജേഷ്ഠൻ സത്യേന്ദ്രനാഥ ടാഗോറിന്റെ ഔദ്യോഗിക വസതിയിലേക്ക് പൂജാ ഒഴിവുകാലം ആസ്വദിക്കാനായി എത്തുന്നത്. അവർക്കൊപ്പം സത്യേന്ദ്രയുടെ പത്നി ജ്ഞാനദ നന്ദിനി ദേവിയും അവരുടെ മക്കളും ഉണ്ട്.

ഭൂമിശാസ്ത്രപരമായി കൊൽക്കത്തയിൽ നിന്നും തീർത്തും വ്യത്യസ്തമായ കഡുവാഡയെന്ന കാർവാറിന്റെ ഗ്രാമ്യഭംഗി രവിയിലെ സാഹിത്യകാരനെ തൊട്ടുണർത്തുന്നു. “പ്രകൃതിയുടെ പ്രതികാരം” എന്ന കാവ്യ നാടകത്തിന്റെ രചന ടാഗോർ നിർവ്വഹിക്കുന്നതും ഇക്കാലത്താണ്. അതോടൊപ്പം തന്നെ തന്റെ കളിക്കൂട്ടുകാരികൂടിയായ ബൗദി, കാദംബരിയുമായുള്ള നീണ്ട കാലത്തെ സ്നേഹബന്ധത്തിന്റെ കടലാഴങ്ങളിലേക്ക് അദ്ദേഹം തോണിയിറക്കുക കൂടി ചെയ്യുന്നു.

സാബത്തിനുമുണ്ട് തന്റെ പുത്തൻ യജമാനന്മാരെപ്പോലെ ചില ഇഷ്ടങ്ങൾ. കാദംബരി ദേവിയെപ്പോലെ, അവളെക്കാൾ ഏറെ പ്രായമുള്ള ഉസുമാനെന്ന ഒരു കറുമ്പന്റെ ബീവിയായിരിക്കുമ്പോൾ തന്നെ തന്റെ സമപ്രായക്കാരനായ പാമീറെന്ന ചെറുപ്പക്കാരനെ അവൾ സ്നേഹിച്ചു, മനസ്സും ശരീരവും പങ്കുവെച്ചു. പിന്നീട് കറുമ്പനും പാമീറും അറബിക്കടലിലേക്ക് മുങ്ങാങ്കുഴിയിട്ട് പോയപ്പോൾ മറ്റൊരു സുന്ദരനായ അശറഫിന്റെ മനം കവർന്നു. കൊൽക്കത്തയിൽ നിന്നുമെത്തിയ ആദ്യനാളുകളിൽ ജേഷ്ഠൻ സത്യേന്ദ്രയിൽ നിന്നും കാർവാറിന്റെ ചരിത്രം കേട്ടിരുന്ന ഒരു രാത്രിയിൽ ബംഗ്ലാവിന്റെ മുന്നിലെ കൽവിളക്കിലെ എണ്ണ തീർന്ന് തിരികൾ മങ്ങിയപ്പോൾ ഇലപ്പടർപ്പുകളിൽ ഒളിഞ്ഞു നിന്ന് അവരുടെ അറിയാഭാഷണം കേട്ട് നിന്നിരുന്ന സാബത്ത് ഇറങ്ങിവന്ന് വിളക്കിൽ എണ്ണ പകർന്നപ്പോൾ, ചേട്ടത്തി.. നിങ്ങളുടെ പണിക്കാരി ഒരു വനദേവതയാണോ എന്ന് ജ്യോതീന്ദ്ര ആശ്ചര്യപ്പെടുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ മറ്റൊരു രൂപം കൂടിയാണ് സാബത്ത് എന്ന് അപ്പോൾ ചേടത്തിയമ്മ പറയുന്നുമുണ്ട്.

രവിയുടെ മൂത്ത ജേഷ്ഠപത്നി ജ്ഞാനദനന്ദിനിദേവി അന്ന് നിലനിന്നിരുന്ന കടുത്ത യാഥാസ്ഥിതിക വ്യവസ്ഥകളുടെ പുറംതോട് പൊട്ടിച്ച് ഭർത്താവിനൊപ്പം പുറംലോകത്ത് ജീവിച്ചവളാണ്, വസ്ത്രധാരണത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടവളാണ്, ഏഴുകടൽ കടന്നവളാണ്. പക്ഷെ, രവിയെയും കുട്ടികളെയും കാർവാറിലേക്ക് കൊണ്ടുവന്നതിൽ ജ്ഞാനദനന്ദിനിക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. ജോറസങ്കോയിലെ ഠാക്കൂർവാടിയിൽ നിന്നും മാറ്റി, പറ്റുമെങ്കിൽ രവിയെ അവന്റെ നൂതൻ ബൗദി(ജേഷ്ഠത്തിയമ്മ) കാദംബരിയിൽ നിന്നും അകറ്റി വിവാഹിതനാക്കാൻ ശ്രമിക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഠാക്കൂർവാടിയിൽ ഇരുവരും തമ്മിലുള്ള അടുപ്പത്തിന് ഹവേലിയുടെ ഉള്ളകങ്ങളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. ഇത്തരമൊരു ബന്ധത്തിന് അക്കാലത്ത് ടാഗോർ കുടുംബത്തിന്റെ സൽപ്പേരിന് വരുത്താവുന്ന കളങ്കത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കാർവറിലേക്കുള്ള യാത്ര. പക്ഷെ, അവരുടെ പദ്ധതികൾക്ക് വിരുദ്ധമായി ജ്യോതീന്ദ്രയും ഭാര്യ കാദംബരിയും കൂടെ എത്തുകയാണ്. എന്നാലും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് നന്ദിനിദേവി പിന്മാറുന്നില്ല, എന്നല്ല, അവർ ഇരുവരെയും ഒറ്റക്കിരുത്തി നിങ്ങളുടെ ബന്ധം അതിരു വിട്ടു പോകുന്നുവെന്നും ഇതിൽ നിന്നും പിന്മാറണമെന്ന് രവിയോട് ഉപദേശരൂപത്തിലും, കാദംബരിയോട് ശാസനാരൂപത്തിലും തന്നെ പറയുന്നുണ്ട്.

കൊൽക്കത്ത - ജോറസങ്കോയിലെ ഠാക്കൂർവാടിയിലേക്ക് ജ്യോതീന്ദ്രയുടെ വധുവായി ഒമ്പതാം വയസ്സിലെത്തിയപ്പോൾ കാദംബരി ദാമ്പത്യമെന്തെന്നറിയാത്ത കൊച്ചു ബാലികയായിരുന്നു. അന്നവൾ തന്റെ ഭർത്തൃസഹോദരരിലെ സമപ്രായക്കാരൻ രവിയിൽ ഒരു കളിക്കൂട്ടുകാരനെ കണ്ടെത്തി. അകാലത്തിൽ പൊലിഞ്ഞ അമ്മയുടെ വാത്സല്യം നഷ്ടമായിരുന്ന രവിക്കും കാദംബരി തുണയായി, സഹപാഠിയായി. ആ ബന്ധം പിന്നീട് ഭൗതിക വളർച്ചയുടെ പടവുകൾക്കൊപ്പം മറ്റേതോ തലങ്ങളിലേക്ക് കൂടി വളരുകയായിരുന്നു. തന്റെ ഇണയുടെ പ്രായവ്യത്യാസം, താല്പര്യവ്യത്യാസങ്ങൾ, മനോവ്യാപാരങ്ങളിലെ വിരുദ്ധധ്രുവങ്ങൾ എന്നിവ അവളെ തന്റെ സമപ്രായക്കാരനിലേക്ക് കൂടുതലടുപ്പിക്കാനുള്ള ത്വരകമായി. രവിയെന്ന കവിയിൽ, അയാളുടെ രചനകളിൽ ആകൃഷ്ടയായി. രവിക്കാവട്ടെ, തന്റെ ജേഷ്ഠത്തിയമ്മക്കും കളിക്കൂട്ടുകാരിക്കുമപ്പുറം അവന്റെ ബൗദ്ധിക വ്യാപാരങ്ങളെ ഏറ്റവുമാദ്യം കേൾപ്പിക്കാനുള്ള, നിരൂപണബുദ്ധിയോടെ അഭിപ്രായമാരായാനുള്ള ഒരുറ്റ സുഹൃത്തായി മാറുകയായിരുന്നു കാദംബരി. രവിയെ സ്നേഹപൂർവ്വം ഭാനു(രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യകാല തൂലികാ നാമം) എന്നായിരുന്നു അവൾ അഭിസംബോധന ചെയ്തിരുന്നത്. ഇരുവരും ആദ്യമായി മനുഷ്യബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്താണെന്ന് പരസ്പരം അറിയുകയായിരുന്നു.

രവിയും കാദംബരിയും തമ്മിലുള്ള സംവാദങ്ങളിൽ അവൾ പറയുന്നുണ്ട്. "ഭാനൂ, നിന്റെ അച്ഛൻ ചൂണ്ടിത്തരുന്ന പെണ്ണിനെ നീ കണ്ണടച്ച് സ്വീകരിക്കരുത്. ബാലികാ വിവാഹത്തെ ബ്രഹ്മസമാജം അനുകൂലിക്കുന്നുണ്ടോ. ഇല്ലെങ്കിൽ ദേവേന്ദ്ര ഗുരുജി സ്വന്തം മകന് ബാല്യം വിട്ടകന്ന ഒരു പെണ്ണിനെ കണ്ടെത്തട്ടെ". അതിലൂടെ അന്ന് നിലനിന്നിരുന്ന ആ ദുരാചാരത്തെ അന്നത്തെ പെൺകുട്ടികൾ എത്രമാത്രം വേദനയോടെയാണ് കണ്ടിരുന്നതെന്നും അനുഭവിച്ചിരുന്നതെന്നും നോവലിസ്റ്റ് കാദംബരിയിലൂടെ പറയുന്നു.

ചരിത്രപ്രാധാന്യമുള്ള കഥാതന്തുക്കളെ അപനിർമ്മിതിക്ക് വിധേയമാക്കുമ്പോൾ അന്നത്തെ കാലത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടാവണം. പഠിക്കണം. അത് സുരേഷ് വേണ്ടുവോളം നടത്തിയിട്ടുണ്ടെന്ന് നോവലിലെ വിവരണങ്ങളും, കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും വ്യക്തമാക്കുന്നു. ഒരു ദിവസം കാർവാറിലെ ബംഗ്ലാവിലേക്ക് അതിഥികളായെത്തുന്ന ഗുൽസാർ ഷാഫി അൽദീനുമായുള്ള സംഭാഷണങ്ങളിൽ അന്ന് കാലത്ത് മലബാറിലും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ തുടങ്ങിയെന്നും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാലത്തെ വരച്ചിടുന്നു. നന്ദിനിദേവിയുടെ സാരി സംഭാഷണങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാരി എപ്പോൾ എത്തിയെന്നും അവയുടെ പ്രാദേശിക വൈവിദ്ധ്യങ്ങളേയും ഉടുക്കലുകളെയും അവയിലുണ്ടായ പരിഷ്കാരങ്ങളെയും കൂടി വരച്ചു കാണിക്കുന്നുണ്ട്. കൂടാതെ മാറുന്ന സംഗീത കലാരൂപങ്ങളെപ്പറ്റിയും, മാറ്റമില്ലാതെ തുടരുന്ന അനുഷ്ഠാന കലകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.

അദ്ധ്യായം 4 മുതൽ 6 വരെയാണ് നോവൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് പ്രവേശിക്കുന്നത്. കാളീ നദിയിലൂടെയുള്ള നൗകാസഞ്ചാരങ്ങളിലൂടെ രവിയും കാദംബരിയും ഒന്ന് കൂടി അടുക്കുകയാണ്. എന്തിനായാണോ തങ്ങളിവിടെക്ക് എത്തപ്പെട്ടത്, അതിന്റെ വൈരുദ്ധ്യം. ടാഗോർ കാദംബരിയെ ഒരിക്കൽ ഗ്രീക്ക് ദേവതയായ ഹെകറ്റെയോട് ഉപമിക്കുന്നുണ്ട്. ചന്ദ്രനുമായി ബന്ധമുള്ള, അതേസമയം മാന്ത്രികതയുടെയും രഹസ്യങ്ങളുടെയും ഗ്രീക്ക് ദേവത. മറുവശത്ത്, കാദംബരി ടാഗോറിനെ “ഭാനു” (സൂര്യൻ) എന്ന് വിളിച്ചു. ആ ജ്വലിക്കുന്ന സൂര്യനു ചുറ്റും ഒരു ഉപഗ്രഹമായി ചുറ്റുവാനും, ചുറ്റിപ്പടരുവാനും അവൾ കൊതിച്ചു. യാത്രക്കിടെ കാദംബരി രവിയോടായി പറയുകയാണ്, എന്റെ പ്രിയപ്പെട്ട രവീ.. ഓളങ്ങൾ എന്നെ മോഹിപ്പിക്കുന്നു.. അവിടന്നങ്ങോട്ട് പിന്നീട് പ്രണയത്തിന്റെ പടർന്നാട്ടമാണ്. ഓരോ വരികളിലും ക്രാഫ്റ്റിന്റെ ജാലവിദ്യ. അവയോരോന്നും വായിച്ചനുഭവിക്കേണ്ടവയാണ്.

ഈ ഭൂമിയിൽ ഒരാൾക്കും അയാളായി, അവളായി ജീവിക്കാൻ സാദ്ധ്യമല്ലത്രെ. മറ്റുള്ളവരുടെ കണ്ണുകളിലൂടെ, നിരീക്ഷണത്തിലൂടെ ജീവിക്കേണ്ടി വരുന്ന വ്യഥ പേറി അനിവാര്യമായ വേർപിരിയലിന് അവരൊരുങ്ങുകയാണ്.

ഒരിക്കലും ഭാവനയല്ല ജീവിതം. അങ്ങിനെ സ്വന്തമിഷ്ടത്തോടെ ജീവിച്ചു മരിച്ചവർ ലോകചരിത്രത്തിൽ വിരളമാണ്. അപ്രാപ്യമായ ആ ജീവിതം നമുക്ക് ഇത്തരം കൃതികളിലൂടെ ആസ്വദിക്കാം, മനക്കോട്ട കെട്ടി, അതിലൂടെ അഭിരമിച്ച് യാന്ത്രിക ജീവിതം തുടരാം.

നന്ദി കണക്കൂർ സുരേഷ്, ഇത്തരമൊരു സുന്ദരസുരഭില വായനാനുഭവത്തിന്..

മുരളി വട്ടേനാട്ട്

ബൗദി( നോവൽ )
പ്രസാധകർ - ലോഗോസ് ബുക്ക്സ്
വില - 190

അഭിപ്രായങ്ങളൊന്നുമില്ല:

ബൗദി - കണക്കൂർ ആർ സുരേഷ് കുമാർ

ബൗദി എന്ന കണക്കൂർ ആർ സുരേഷ് കുമാറിന്റെ നോവൽ ലോകപ്രശസ്ത സാഹിത്യകാരൻ രവീന്ദ്ര നാഥ ടാഗോറിന്റെ "കാർവാർ" വാസക്കാലത്തെ പ്രതിപാദിക്കുന്നത...