വിലാസിനി ഓപ്പോളുടെയും ഡോക്ടർ ഉണ്ണിയേട്ടന്റെയും കല്യാണമാണ് ചെറുകരയിലെ ഓർമ്മയുള്ള ആദ്യ കല്യാണം.
ഗുരുവായൂരിൽ നിന്നും കല്യാണം കഴിഞ്ഞു ഭദ്രാലയത്തിന് മുന്നിലെ റോട്ടിൽ കാറിൽ വന്നിറങ്ങുന്ന ഉണ്ണിയേട്ടന്റെയും ദേവി ഓപ്പോളുടെയും ചിത്രം, ഭദ്രാലയത്തിലെ മുറ്റത്തൊരുക്കിയ കല്യാണപ്പന്തലിൽ വിലാസിനിയോപ്പോളുടെ കൈ പിടിച്ചു നടക്കുന്ന ചെറുകാടിന്റെ മൂത്ത മകൻ രവിയേട്ടൻ, കൈകളിൽ കിട്ടിയ വാസനയുള്ള ചെറുനാരങ്ങ, മിസ്ക്ച്ചർ, രാത്രിയിലെ സദ്യ... ഇവയൊക്കെയാണ് എന്റെ മനസ്സിൽ തങ്ങിയ ആദ്യ കല്യാണക്കാഴ്ചകൾ.
എന്റെ സമപ്രായക്കാരനായ തടിച്ചുരുണ്ട വിജയനെയും അറിഞ്ഞു കണ്ടത് അന്നാണെന്നാണോർമ്മ. വിജയൻറെ തറവാട് ചെറുകര ആണെങ്കിലും, നാലുകെട്ട് അവരുടെ താവഴിക്കുള്ളതാണെങ്കിലും അമ്മമ്മയായ ഏട്ടമ്മയും ഒന്ന് രണ്ട് ഏട്ടന്മാരും ഒഴികെ വിജയനും മറ്റു മക്കളും അച്ഛൻ ആറങ്ങോട്ട് ശേഖര പിഷാരോടിയും അമ്മ ശ്രീദേവി ഓപ്പോളും ഒപ്പം കുന്നപ്പള്ളിയിലുള്ള ഭദ്രാലയത്തിലാണ് താമസം. ആ വിജയൻറെ മൂത്ത ചേച്ചിയുടെയും ഏട്ടന്റെയും കല്യാണമായിരുന്നു അത്.
ചന്ദ്രാലയത്തിലെ ഒരു കല്യാണത്തിന് കാറിൽ ഗുരുവായൂർക്ക് പോയതും തിരിച്ചു വന്നതും ആണ് ആദ്യത്തെ കാർ യാത്രയുടെ ഓർമ്മ.
തെക്കേ പത്തായപ്പുരയുടെയും ചെറുകരത്തറവാടായ നാലുകെട്ടിന്റെയും നടുക്കായി പാടത്തിന് അരുകിലായാണ് കിഴക്കേ പത്തായപ്പുര സ്ഥിതി ചെയ്യുന്നത്. കിഴക്കേ പത്തായപ്പുരയിൽ ഏകദേശം 70 വയസ്സായ നാരായണനുണ്ണി അമ്മാവനും നാണിക്കുട്ടി അമ്മായിയും മക്കളായ ഭാരതി ഓപ്പോളും ഉണ്ണിയേട്ടനും, ഭാരതി ഓപ്പോളുടെ മകൻ അപ്പുണ്ണിയേട്ടനും ആണ് അന്ന് സ്ഥിരം ഉണ്ടായിരുന്നത്. കൂടാതെ അമ്മായിയുടെ അനുജത്തിയുടെ മകൾ വത്സലോപ്പോളും അവിടെ നിന്ന് പെരിന്തൽമണ്ണ സ്‌കൂളിൽ പഠിക്കുന്നുണ്ട്. നാരായണനുണ്ണി അമ്മാവന് ബോംബെയിൽ ഉള്ള രമേശേട്ടനും വട്ടംകുളത്ത് ഭർതൃ ഗൃഹത്തിൽ താമസിക്കുന്ന നളിനി ഓപ്പോളും മക്കളായി ഉണ്ട്.
കിഴക്കേ പത്തായപ്പുരയിലെ നളിനി ഓപ്പോൾ പ്രസവിച്ച കാലത്ത് കുട്ടിയെ കാണാനെന്നും പറഞ്ഞു ശശിയേയും കൂട്ടി പത്തായപ്പുരയിലേക്ക് തനിയെ പോയിരുന്നതും ഒരു ക്ഷണിക ചിത്രം പോലെ ഓർമ്മയിൽ നിൽക്കുന്നു.
ഓണം വിഷു ആണ്ടറുതികൾ അടുത്തെത്തുമ്പോൾ നാട്ടിൽ നായാടി വരും. മൂന്നോണം നാലോണം ഒക്കെയായിട്ടാവും അവരെത്തുക. ദൂരെ പാടത്തുള്ള വരമ്പിൽ നിന്നെ നീട്ടി വിളിക്കൂ. അന്ന് ഏറ്റവും പേടിയുണ്ടായിരുന്നത് നായാടികളെ ആയിരുന്നു. കരയുമ്പോൾ നായാടിക്ക് പിടിച്ചു കൊടുക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചതിനാലാവാം, നായാടിയുടെ വിളി ദൂരെ പാടത്ത് നിന്നും കേട്ടാൽ അമ്മാമൻറെ മുറിയിലേക്ക് കടക്കുന്ന കനത്ത വാതിലിനു പുറകിൽ ഒളിച്ചിരിക്കും.
പൊതുവെ പേടിത്തൊണ്ടനും വലിയ വികൃതിയൊന്നും അല്ലാത്ത ഞാൻ ആ ഏപ്രിൽ മാസത്തിൽ അഞ്ചു വയസ്സ് തികഞ്ഞ് സ്‌കൂൾ പഠനത്തിന് അർഹത നേടി. നിറയെ മാങ്ങകൾ പഴുക്കാൻ വെച്ച തെക്കേ അകത്ത് നിന്നും ആ സുഗന്ധം ഒഴിഞ്ഞ ഒരു ജൂൺ മാസത്തിൽ കുളിച്ചൊരുങ്ങി പാടവരമ്പിലൂടെ മൈലുകൾക്കപ്പുറമുള്ള, അന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പുത്തൻ ലോകത്തിലേക്ക് അമ്മയുടെ കൈ പിടിച്ചു യാത്രയായി.
ചിത്രം: ചെറുകര കിഴക്കേ പത്തായപ്പുര
വര: അനുജൻ ശശി
തുടരും...
No comments:
Post a Comment