#ഓർമ്മച്ചിത്രങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#ഓർമ്മച്ചിത്രങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023 ജനുവരി 26, വ്യാഴാഴ്‌ച

ഓർമ്മച്ചിത്രങ്ങൾ ( 61)


ഗോപിനാഥച്ചേട്ടൻ തൃശൂർ ചിന്മയ മിഷൻ കോളേജിൽ അവസാന വർഷ  ബി കോമിന്, നന്ദേട്ടനും  അവിടെത്തന്നെ ആദ്യ വർഷ  ബി കോമിന്. ഞാൻ എസ് എൻ കോളേജിൽ രണ്ടാം വർഷ പ്രീഡിഗ്രി. കോളേജ് കുമാരന്മാരായതോടെ ഞങ്ങളുടെ അതുവരെയുണ്ടായിരുന്ന ചിട്ട വട്ടങ്ങളിൽ മാറ്റങ്ങളുണ്ടായി.

വൈകുന്നേരങ്ങളിലെ ക്ഷേത്രദർശനത്തിനപ്പുറം കുറച്ചു നേരം നാട്ടിലെ ചെറുപ്പക്കാർക്കൊപ്പം പടിഞ്ഞാറേ ഗോപുരത്തറമേൽ  കയറിയിരുന്ന്  സഭ കൂടിത്തുടങ്ങി. നാട്ടു വിശേഷങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സ്പോർട്ട്സ്  വിശകലങ്ങൾ,  കുശുമ്പ്-കുന്നായ്മ എന്നിവക്കപ്പുറം അല്പസ്വല്പം വായിൽ നോക്കിത്തരവും കൂടിച്ചേർന്നപ്പോൾ വീട്ടിൽ നിന്നും ചോദ്യങ്ങൾ വന്നു തുടങ്ങി. നീയും ആ ഗോപുരം താങ്ങികളുടെ  ഒപ്പം ചേർന്നുവോ എന്ന്. അതിനൊക്കെ ഉണ്ടെന്നും ഇല്ലെന്നുമില്ലാത്ത മൗനത്തിലൂടെ ഉത്തരം  പറഞ്ഞു മുഖം തിരിച്ചു മാറിപ്പോയി പഠിക്കാനിരുന്നു.

ഗോപുരത്തറമേലുള്ള ഈ സഭയിൽ ഞങ്ങൾ വിദ്യാർത്ഥികളെക്കൂടാതെ ഒന്നു രണ്ടു ജോലിക്കാരുമുണ്ട്. അവരിലൊരാൾ വെളുത്തേടത്ത് മോഹനനാണ്. ദാണ്ടെ മോഹനൻ എന്ന് ഞങ്ങൾ വിളിക്കുന്ന മോഹനൻ ഹൈദരാബാദ്, ദില്ലി റിട്ടേൺഡ് ആണ്. ലോകപരിചയം നേടി വന്ന പ്രവാസി. അവർക്കിടയിലേക്ക് കിഴക്കേ ഷാരത്തെ രാമചന്ദ്രേട്ടനും എത്തും. മൂപ്പരും മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ പോയി തിരിച്ചെത്തിയിട്ടുള്ളതാണ്. ഇരുവരും തങ്ങളുടെ നാഗരാനുഭവങ്ങൾ ഹിന്ദി-തെലുഗു ഭാഷകളുടെ പൊട്ടും പൊടിയും ചേർത്ത്    ഞങ്ങൾക്കായി വിളമ്പും. അതിനിടയിൽ നമ്പീശന്റെ ഹോട്ടലിൽ നിന്നും ചൂടുള്ള മസാല ദോശയോ, ഉഴുന്ന് വടയോ, പൂരി മസാലയോ ഒക്കെയും തന്ന് സൽക്കരിക്കും.

ഗോപുരത്തറമേലുള്ള സഭക്ക് പക്ഷെ അധികം ആയുസ്സുണ്ടായില്ല. ചെറുപ്പക്കാരുടെ ഇത്തരം സ്വാതന്ത്ര്യങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് ചിലരെത്തിയപ്പോൾ ഞങ്ങൾ പതുക്കെ താവളം ഗോപുരത്തിന് തൊട്ട്  വടക്കോട്ടുള്ള വഴിയിലെ പഴയ കിണറ്റിൻ പടിയിലേക്ക് മാറ്റിക്കൊണ്ട് സഭ നിലനിർത്തി.

പ്രീഡിഗ്രിക്കാരനായതോടെ സ്ഥാനക്കയറ്റം നേടിയ ഞാൻ  ഷാരത്തെ അമ്മപ്പുരയുടെ അകായിൽ നിന്നും പുറത്തു കടന്ന്    ആൺപുരയായ   തെക്കേ പുരയുടെ ടെറസിലുള്ള  ഗോപിനാഥ ചേട്ടൻറെ റൂമിൽ വാസമാരംഭിച്ചു. രാത്രി ഒമ്പതു മണിയോടെ അകായിൽ നിന്നുള്ള വാതിലുകൾ അടഞ്ഞു വിളക്കണയും.  പിന്നെ ഞങ്ങൾ ആണുങ്ങളുടെ മുറികളിൽ മാത്രമാണ് വെട്ടം തെളിയുക.

ബാച്ചിലർ സെറ്റപ്പ് ഞങ്ങൾക്ക് ചില സ്വാതന്ത്യങ്ങളും അനുവദിച്ചു തന്നു. തെക്കേ അകത്തിന്റെ താഴത്തെ പടിഞ്ഞാറേ മുറിയിൽ കൃഷ്ണമ്മാവനാണ്. കിഴക്കേ മുറിയിൽ നന്ദേട്ടനും. കൃഷ്ണമ്മാവന് രാത്രിയാണ് വായന. വായനയെന്നു പറഞ്ഞാൽ പഠനത്തോളം ഗഹനമായ വായനയാണ്. രാത്രിയുടെ ഏകാന്തതയിൽ മനസ്സ് മുഴുവൻ വായിക്കുന്ന പുസ്തകത്താളുകളിലേക്ക് ആഴ്ന്നിറങ്ങിയുള്ള  ഏകാഗ്ര പഠനം. പഠനം കാണുമ്പൊൾ വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഞങ്ങളോട് തന്നെ ഒരു അവജ്ഞ തോന്നും

പക്ഷെ, കൗമാരത്തിലേക്ക് കടന്ന ഞങ്ങളുടെ പിള്ള മനസ്സുകളിൽ പഠനത്തിനപ്പുറം നിറയെ കുതൂഹലങ്ങളാണ്. ആ   ചപല കൗമാരത്തിൽ  മനസ്സ് ഒന്നിലും ഉറക്കാതെ പുതുമകൾ തേടുകയാണ്. അവിടേക്കാണ് പത്മരാജൻ രതി നിർവ്വേദവും  തകരയുമൊക്കെയായി  എത്തുന്നത്.  രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള സെക്കൻഡ് ഷോയ്ക്കായി ഞാനും ഗോപിനാഥ ചേട്ടനും വലപ്പാട് കൈലാസിലേക്ക് ഇരുട്ടിൽ ശബ്ദമുണ്ടാക്കാതെ  സൈക്കിളുന്തിയും ചവിട്ടിയും രക്ഷപ്പെടും.  ആ സിനിമാക്കാഴ്ചകളുടെ  ഇക്കിളിയും കുളിരുമായി ഒരു മണിയോടെ തിരിച്ച് വീട്ടിലെത്തുമ്പോളും കൃഷ്ണമ്മാവൻ തെക്കേക്കോലായിൽ തന്റെ പഠനം തുടരുകയാവും.   വീണ്ടും കള്ളന്മാരെപ്പോലെ പതുങ്ങിപ്പതുങ്ങി കൃഷ്ണമ്മാവന്റെ ദൃഷ്ടിയിൽപ്പെടാതെ ഗോവണി കയറി മുകളിലേക്ക് നടക്കും.

കുഞ്ഞനിയേട്ടൻ എന്നിലേക്കാവാഹിച്ച  ക്രിക്കറ്റ് ജ്വരം ഏറെത്താമസിയാതെ തന്നെ  ശക്തി പ്രാപിച്ചു. ആസിഫ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ  പാക്കിസ്ഥാൻ 20 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കെത്തിയ ടെസ്റ്റ് സീരീസ് മുതൽ  ആണ് ഞാൻ ആദ്യമായി ക്രിക്കറ്റ് കമന്ററികൾ കേട്ടു തുടങ്ങിയത്. ഇമ്രാൻ ഖാൻ എന്ന സ്റ്റൈലിഷ് ഫാസ്റ്റ്  ബൗളിംഗ് ഇതിഹാസം കത്തി നിൽക്കുന്ന കാലം. എന്നിട്ടും ഇന്ത്യ കപിൽ ദേവിന്റെയും കാഴ്സ്ൻ ഖാവ്‌രിയുടെയും മികവിൽ സീരീസ് ജയിച്ചു. ഓരോ മാച്ചുകളുടെ റിപ്പോർട്ടുകളും വായിച്ചു പഠിച്ചു തുടങ്ങിയ കാലം.

പഠിക്കുന്നത് ഒരു വർഷം മുഴുവനുമാണെങ്കിലും പലപ്പോഴും അക്കാലത്ത് അക്കാദമിക് പഠനം ഉണരുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷയെടുക്കുമ്പോളാണ്. രണ്ടു മാസക്കാലം തല്ക്കാലം മറ്റു കുതൂഹലങ്ങളെയെല്ലാം അരികിലേക്ക് മാറ്റി വെച്ച് പഠനത്തിന് മുൻഗണന നൽകും.

വർഷം ഏപ്രിൽ മാസം അവസാനത്തോടെ കോളേജ് പ്രീഡിഗ്രി  അദ്ധ്യയനം സ്ഥാപനങ്ങൾ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തെ കുറിച്ച് ആഴത്തിൽ പഠിക്കുന്ന വാണിജ്യശാസ്ത്രം,   ഒരു സ്ഥാപനത്തിന്റെ  സാമ്പത്തിക ഇടപാടുകളും പ്രവൃത്തിയുമായി  ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും  പതിവായി രേഖപ്പെടുത്തുവാനുള്ള സംവിധാനത്തെക്കുറിച്ചുള്ള പഠനമായ ബുക്ക് കീപ്പിംഗ്, ഏതൊരു കണക്കപ്പിള്ളയും അവശ്യം അറിയേണ്ട അടിസ്ഥാന ഗണിതം, കാർഷിക ഉൽപ്പാദനവും വിളവുകളും  ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട ഭൂമികയുടെ പഠനമായ   വാണിജ്യ ഭൂമിശാസ്ത്രം എന്നിവ കൂടാതെ മേഖലകളിൽ പയറ്റാനുള്ള ഭാഷാ നൈപുണ്യം നേടുവാനായി ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളുടെ  പഠനം, ഭാഷകളിൽ എങ്ങിനെ ഫലപ്രദമായി വാണിജ്യ കത്തിടപാടുകൾ നടത്താം എന്നിവയും പഠിച്ചു പരീക്ഷയെഴുതിക്കൊണ്ട്  കൊണ്ട് രണ്ടു വർഷത്തെ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.

മദ്ധ്യവേലവധിക്ക് കോളേജ് അടക്കുമ്പോഴേക്കും  ചെറുകരെക്കുള്ള യാത്രക്കായി മനസ്സ് കൊതിക്കും. പക്ഷെ മേടക്കൊയ്ത്ത് കൂടി കഴിഞ്ഞിട്ടേ യാത്ര തരാവാറുള്ളു. അപ്പോഴേക്കും പുള്ളിലെ കോൾപ്പാടത്ത് രണ്ടാം വിളയിൽ വിതച്ചത് കൊയ്യാറായി തുടങ്ങിയിരിക്കുംഅങ്ങനെ കൊല്ലവും വാരിയരുടെ കൂടെ  മേടക്കൊയ്ത്ത് നടത്തിക്കൊടുത്ത് ഏഴാം ക്ലാസിൽ പഠിക്കുന്ന രാമചന്ദ്രനെയും കൂട്ടി ചെറുകരെക്ക് തിരിച്ചു...

2023 ജനുവരി 19, വ്യാഴാഴ്‌ച

ഓർമ്മച്ചിത്രങ്ങൾ ( 60)

 ക്രിക്കറ്റ് ജ്വരം ആദ്യമായി എന്നിലേക്ക് കുത്തിവെച്ചത് ചെറുകര കുഞ്ഞനിയേട്ടൻ ആയിരുന്നു. 1979ലെ തിരുവോണദിവസം വൈകുന്നേരം  ഞങ്ങളോടൊന്നും  കൂട്ടു കൂടാതെ,  ട്രാൻസിസ്റ്റർ ചെവിയിൽ ചേർത്ത് വെച്ച്  വിദൂര ലോകത്തേക്ക്  കണ്ണും നട്ട് നാലുകെട്ടിന്റെ പൂമുഖത്തെ വലത്തെ തിണ്ണയിൽ ചുമരും ചാരിയുള്ള കുഞ്ഞനിയേട്ടൻറെ ഇരിപ്പ് കണ്ടാണ്    ചോദിച്ചത്, ഇതെന്ത് പ്രാന്താണ് എന്ന്.. പക്ഷെ, അതിനുള്ള ഉത്തരം പിന്നീട് പറയാമെന്നും പറഞ്ഞു മൂപ്പർ വീണ്ടും ട്രാൻസിസ്റ്റർ തന്റെ വലതു ചെവിയിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ചു പശ്ചിമദേശം നോക്കി ആ ഇരിപ്പു തുടർന്നു…


 ഞങ്ങൾ, ഞാനും വിജയനും കോളേജ് കുമാരന്മാരായിയെന്നാലും ഇത്തരം ആധുനികൻറെ കളികളിലേക്കൊന്നും ആകൃഷ്ടരായിരുന്നില്ല.   മാമാങ്കം, ഏഴാം കടലിനക്കരെ എന്നീ സിനിമകൾക്കൊന്നും അന്നേ ദിവസം ടിക്കറ്റ് ലഭിക്കാനിടയില്ലാ എന്നതിനാൽ  അനുജന്മാരായ   മറ്റുള്ളവർക്കൊപ്പം ഞങ്ങൾ അന്നേ വരെ പരിചയിച്ച  ഗോട്ടി കളിയിലും മറ്റും തന്നെ വ്യാപൃതരായി നേരം കളഞ്ഞു.


പിറ്റേന്ന് രാവിലെ നാലുകെട്ടിലെ കുളത്തിലേക്കുള്ള യാത്രക്കിടയിൽ പൂമുഖത്തെത്തിയപ്പോൾ  കുഞ്ഞനിയേട്ടൻ അന്നത്തെ പത്രം നിവൃത്തി വെച്ച് അവസാന പേജിൽ ലയിച്ചിരിക്കുകയായിരുന്നു. അപ്പോൾ  തലേന്നത്തെ ചോദ്യം ഞാൻ വീണ്ടുമാവർത്തിച്ചു.  ആ ചോദ്യത്തിനുത്തരമെന്നോണം അദ്ദേഹം ഒരു ഫോട്ടോ കാണിച്ചു കൊണ്ട് ഇതാരാണെന്ന് അറിയുമോ എന്ന്  ചോദിച്ചു. 1983 എന്ന സിനിമയിലെ ഒരു കഥാപാത്രത്തെപ്പോലെ ഞാൻ അബന്ധം പറഞ്ഞില്ല, പകരം അറിയില്ലെന്ന്   പറഞ്ഞു. 



അത് സുനിൽ ഗവാസ്കറുടെ ഫോട്ടോയായിരുന്നു. ലോർഡ്‌സ് ടെസ്റ്റിലെ ഫോർത്ത് ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറിയടിച്ച ഗവാസ്കറുടെ ചിത്രമായിരുന്നു അത്. അങ്ങനെ, ഞാനറിയാത്ത ആ കളിയെപ്പറ്റിയും, എങ്ങിനെ കളിക്കാമെന്നതിനെ പറ്റിയും, അതിന്റെ നിയമങ്ങളെ പറ്റിയും ഉള്ള ബാലപാഠങ്ങൾ കുഞ്ഞനിയേട്ടൻ എന്നിലേക്ക് കുത്തിവെച്ചു.. കൂടെ തലേ ദിവസത്തെ ലോർഡ്‌സ് ടെസ്റ്റിലെ ആവേശക്കളിയെക്കുറിച്ചുള്ള മൂപ്പരുടെ ഉദ്വേഗം നിറഞ്ഞ വിവരണവും, അന്നത്തെ പത്ര വാർത്തയിലെ പൊടിപ്പും തൊങ്ങലും വെച്ച എഴുത്തും  കൂടിയായപ്പോൾ എന്നിലേക്കും ക്രിക്കറ്റ് ജ്വരം പതുക്കെ അരിച്ചു കയറിത്തുടങ്ങി. 


പൊതുവെ കൃശഗാത്രനായിരുന്ന എനിക്ക്  അന്നേ വരെ മെയ്യനങ്ങിയുള്ള കളികളൊന്നും വഴങ്ങുമായിരുന്നില്ല.  ആകെ അറിയുന്ന കളി വല്ലപ്പോഴും കളിക്കുന്ന  കാൽപ്പന്തു കളിയായിരുന്നു. വേനലുകളിൽ കൊയ്തൊഴിഞ്ഞ പാടത്ത് അഞ്ചും പത്തും പൈസ സ്വരൂപിച്ച് വാങ്ങിയ തുകൽപ്പന്തുകൊണ്ട്, വൈകുന്നേരങ്ങളിൽ  കന്നു മേയ്ക്കുന്നവരും ആട് മേക്കുന്നവരുമായ കുട്ടികൾ ഒത്തു കൂടി  തങ്ങളുടെ ഉരുക്കളെ  മേയാൻ വിട്ട് കളിച്ചിരുന്ന കളി. കളിയറിയാത്തവനായ എനിക്ക് മിക്കവാറും ഗോൾപോസ്റ്റ് കാക്കലാണ് കൈവരാറുള്ളത്. 


അങ്ങിനെയുള്ള ഞങ്ങളെ  കുഞ്ഞനിയേട്ടൻ മടല് കൊണ്ടുള്ള ബാറ്റും ടെന്നീസ് ബാളും കൊണ്ട്  ക്രിക്കറ്റിലെ ആദ്യ തിയറി  ക്ലാസിനായി  നാലുകെട്ടിലെ പടിഞ്ഞാറേ പൂമുഖത്തിനും ഉരൽപ്പുരക്കും ഇടയിലുള്ള ഗ്രൗണ്ടിലേക്ക് പിച്ച വെപ്പിച്ചു. ക്രിക്കറ്റ് കമന്ററികൾ കേൾക്കേണ്ടതെങ്ങിനെയെന്ന് പഠിപ്പിച്ചു. ക്രിക്കറ്റ് സ്‌കോർ അറിയാനായി ദൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും, എന്തിന്, ഇംഗ്ലീഷ്- ഹിന്ദി വാർത്താ ബുള്ളറ്റിനുകൾ വരെ കേൾക്കാനുള്ള പരുവത്തിലേക്ക് വളർത്തി.


പതുക്കെ അത് പത്രത്തിലെ ആദ്യ പേജിലെ അച്യുത മേനോനെയും മുഹമ്മദ് കോയയെയും രാജൻ കേസിനെയും പിന്നിലേക്ക്  മാറ്റി നിർത്തി അവസാന പേജിലെ ക്രിക്കറ്റ് വാർത്തകളെ സ്നേഹിക്കാൻ പഠിപ്പിച്ചു. സ്പോർട്സ് സ്റ്റാർ മാഗസിനിലെ കളിക്കാരുടെ കളർ ചിത്രങ്ങളെ സ്നേഹിച്ചു തുടങ്ങി.

ഓണപ്പൂട്ടൽ കഴിഞ്ഞ് തിരിച്ചെത്തിയ എനിക്ക് പക്ഷെ തൃപ്രയാറിൽ ഈ ക്രിക്കറ്റ് ജ്വരം പരീക്ഷിക്കാൻ വഴികൾ കുറവായിരുന്നു. ഗോപിനാഥച്ചേട്ടൻ മഹാത്മാ ക്ലബ്ബിലേക്ക് കളിക്കാൻ പോയിരുന്നെങ്കിലും അവിടെയൊന്നും പോയി കളിക്കാനുള്ള കളി കയ്യിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് കമ്പം മാത്രം. 

തൃപ്രയാറിൽ അന്ന് സാർവത്രികം വോളി ബാൾ ആണ്. ഓരോ വേനലിലും മണപ്പുറത്ത്  വോളിബാൾ ഭ്രമം ഉണരുകയായി. മുക്കിലും മൂലയിലും ക്ലബ്ബുകൾ.  ഓരോരുത്തരും മത്സരിച്ച് പ്രശസ്ത  ടീമുകളെ അണി നിരത്തിയുള്ള ടൂർണമെന്റുകൾ   സംഘടിപ്പിക്കപ്പെട്ടു.  പെർഫെക്റ്റ് സെർവുകളും, തീ പാറുന്ന  സ്മാഷുകളും ആവേശം തീർക്കുന്ന മാച്ചുകളാൽ ആരവങ്ങൾ തീർക്കുന്ന സന്ധ്യകൾക്കായി ചെറുപ്പക്കാർ കാത്തിരുന്നു.


വൈകുന്നേരത്തെ ഭജനകളെ വിട്ട്  ബാല്യം ഇത്തരം കായിക പ്രേമ കൗമാരങ്ങളിലേക്ക് കടന്ന കാലം..


തുടരും....

2022 ജൂൺ 5, ഞായറാഴ്‌ച

ഓർമ്മച്ചിത്രങ്ങൾ ( 59)

അക്കൊല്ലമാണ് ചെറുകര ഭരതനുണ്ണിയമ്മാവൻ യാത്രയായത്. ഓണപ്പൂട്ടലിന് ചെറുകരക്ക് പോയപ്പോഴാണ് വയ്യാതെ കിടക്കുന്ന അമ്മാമനെ അവസാനമായി കണ്ടത്. പിന്നീട് അമ്മയുടെ കത്തിലൂടെയാണ് 1978 ഒക്ടോബർ 26നു അമ്മാമൻ മരിച്ച വിവരം ഞാനറിയുന്നത്.

പത്താം തരം പാസായി ഫോർത്ത് ഗ്രൂപ്പെടുത്ത് കോളേജിൽ ചേർന്നെന്നറിഞ്ഞപ്പോൾ ആ സമയത്ത് തന്നെ അവശനിലയിൽ ആയിരുന്ന അമ്മാവൻറെ മുഖത്ത് വയ്യായ്മയിലും സന്തോഷം  പടർന്നു.. പഠിച്ചു ബാങ്കിൽ ജോലി ചെയ്യണം എന്നനുഗ്രഹിച്ചു. നെടുങ്ങാടി ബാങ്കിൽ നിന്നും മാനേജരായി പിരിഞ്ഞ അമ്മാമന് തന്റെ ഔദ്യോഗിക ജീവിതം അത്രമേൽ ഇഷ്ടപ്പെട്ടതായിരുന്നു എന്നു ശിന്നക്കുട്ടി അമ്മായിയുടെ മാസത്തൊഴൽ യാത്രാസമയങ്ങളിൽ അന്തിക്കൂട്ടിന് പോയിരുന്ന എനിക്കറിയാം. തഞ്ചാവൂരിലെയും മറ്റിടങ്ങളിലെയും ഔദ്യോഗിക ജീവിതാനുഭവങ്ങൾ  അദ്ദേഹത്തിൽ നിന്നും കഥകളായി ആ രാത്രികളിൽ  പൊഴിയും.

മുത്തശ്ശൻറെ സ്നേഹം അനുഭവിക്കാനവസരമില്ലാതിരുന്ന ഞങ്ങൾക്ക് അത് പകർന്നു തന്ന മുത്തശ്ശനായിരുന്നു എന്റെ മുത്തശ്ശൻ കണ്ണനുണ്ണി പിഷാരോടിയുടെ  മരുമകനായ ഭരതനുണ്ണിയമ്മാവൻ. നന്നേ കുട്ടിയായിരിക്കുമ്പോൾ  അമ്മാവന്റെ കൂടെ വാശി(ദുർവ്വാശിയല്ല) പിടിച്ച് ഗുരുവായൂർക്കും ബന്ധു ഗൃഹങ്ങളിലെ വിശേഷങ്ങൾക്കും പലവട്ടം പോയിട്ടുമുണ്ട്. അച്ഛന്റെ വേർപാടിന് ശേഷം ആ മുത്തശ്ശൻ കൂടി നഷ്ടപ്പെട്ട ദുഃഖം മനസ്സിനെ മഥിച്ചു.

ചിട്ടയായ ജീവിതം എന്തെന്ന് കണ്ടു പഠിച്ചത് അമ്മാവനിൽ നിന്നാണ്. അമ്മായിയുടെ ബന്ധുഗൃഹ സന്ദർശന വേളകളിൽ ഭക്ഷണം പാകം ചെയ്യൽ  തുടങ്ങിയ കാര്യങ്ങൾ ആ പ്രായത്തിലും അദ്ദേഹം സ്വയം ചെയ്തിരുന്നു. കൈപ്പുണ്യത്തിന്റെ കാര്യത്തിൽ ഒരു പക്ഷെ ശിന്നക്കുട്ടി അമ്മായിയേക്കാൾ ഒരു പടി മുന്നിലാണ് അമ്മാമൻ. കൽച്ചട്ടിയിൽ വെച്ച കാളനും, അരിയരച്ച് ചേർത്ത്,  അരിമണി വരുത്തിട്ട  മുരിങ്ങയിലക്കൂട്ടാനും, പഴുത്തമാങ്ങക്കൂട്ടാനും, ഒപ്പം  അമ്മാമന്റെ കൈപ്പുണ്യവുമാവുമ്പോൾ  വൈകുന്നേരം കൂട്ടിനു പോവുന്ന ഞാനും കണ്ണനിവാസിലെ അത്താഴത്തിനപ്പുറം  അൽപ്പം അതൊക്കെ തരാക്കും. ചക്കപ്പലഹാരം(ഇലയട - വാഴയിലയിലും പ്ലാവിലയിലും ഉണ്ടാക്കുന്ന) അമ്മാമൻറെ മാസ്റ്റർ പീസാണ്.

അമ്മാമൻറെ പിണ്ഡമടിയന്തരം അന്നത്തെ നടപ്പു വ്യവസ്ഥയിൽ  ചെറുകര മൂത്തപ്പിഷാരോടിയുടെ അന്തസ്സിന് ചേരും വണ്ണം തന്നെ കൊണ്ടാടപ്പെട്ടു. പക്ഷെ കോളേജ് ഉള്ള സമയമായതിനാൽ തന്നെ  അതിനും എനിക്ക് പോവാനായില്ല.

പിണ്ഡം കഴിഞ്ഞു, ആരവമടങ്ങി, ബന്ധുമിത്രാദികൾ പോയതോടെ  തെക്കെ പത്തായപ്പുരയെന്ന ആ  വലിയ വീട്ടിൽ അമ്മായി ഒറ്റക്കായി. വീണ്ടും അന്തിക്കൂട്ട് ഒരു സമസ്യയായി. അനുജൻ ശശിയും ശോഭയും ആണ് ആ ദൗത്യവുമായി ആദ്യദിവസം പോയത്.  പക്ഷെ, കണ്ണനിവാസിനെ അപേക്ഷിച്ച് അവിടെ ഇലെക്ട്രിസിറ്റി കണക്ഷൻ എടുത്തിട്ടില്ല. ചെറിയ കുട്ടികളായ അവർക്ക് വീണ്ടും മൂട്ട വിളക്കിന്റെയും പാനീസിന്റെയും കാലഘട്ടത്തിലേക്കുള്ള തിരിച്ചു പോക്ക് വിഷമമുണ്ടാക്കി. ഒടുവിൽ അതിനൊരു വഴി കണ്ടെത്തി. അമ്മായി വൈകുന്നേരം കണ്ണനിവാസിലേക്ക് വന്ന് ഞങ്ങളുടെ കൂടെ കിടക്കുക. അത് അമ്മായിക്കും സമ്മതമായിരുന്നു. അങ്ങിനെ ഒരു ഘട്ടത്തിൽ തെക്കേ പത്തായപ്പുരയിൽ നിന്നും അമ്മാമനോടും അമ്മായിയോടും വിട പറഞ്ഞു പോന്ന ഞങ്ങളോടൊപ്പം   അമ്മായി  വീണ്ടും എത്തപ്പെട്ടു.

അമ്മായി ഉച്ചക്കുണ്ടാക്കിയ ഭക്ഷണത്തിന്റെ ബാക്കിയുമായി വിളക്കു വെച്ച് കഴിഞ്ഞാൽ കണ്ണനിവാസിലേക്കെത്തും. അത്താഴം ഞങ്ങൾ പങ്കിട്ടു കഴിക്കും.

അതോടെ അമ്മായി സ്വതന്ത്രയായി. ബന്ധുഗൃഹങ്ങളിലേക്കും ഗുരുവായൂരിലേക്കുമുള്ള യാത്രകളും ദൈർഘ്യവും വർദ്ധിച്ചു. കണ്ണനിവാസിലെ കുട്ടികൾ അമ്മായിയുടെ ഓരോ യാത്രയിലെയും തിരിച്ചു വരവിനായും ഓരോ വരവിലും  കൊണ്ടു വരുന്ന പലഹാരങ്ങൾക്കുമായി  കാത്തിരുന്നു…

 തുടരും...

2022 മേയ് 6, വെള്ളിയാഴ്‌ച

ഓർമ്മച്ചിത്രങ്ങൾ ( 58)



ആ വർഷമായിരുന്നു ചെറുകര ഭരതനുണ്ണിയേട്ടന്റെയും തൃപ്രയാർ രഘുവേട്ടന്റെയും കല്യാണങ്ങൾ. ഞാൻ കൂടി ഉത്സാഹിച്ച രണ്ടു കല്യാണങ്ങൾ.

അക്കൊല്ലമാണ് ചെറുകര എരവിമംഗലത്ത്  ഇലട്രിസിറ്റി എത്തുന്നത്.

വൈകുന്നേരങ്ങളിൽ പാനീസ് വിളക്കുകളുടെ ഗ്ലാസ്സുകൾ ഊരിയെടുത്ത് ഉള്ളിൽ പറ്റിയ കരി തുടച്ചു വൃത്തിയാക്കുക, നാടയിലെ കത്തിക്കരിഞ്ഞ ഭാഗം മുറിച്ചു കളഞ്ഞു നേരെയാക്കുക, മണ്ണെണ്ണയൊഴിച്ച് സജ്ജമാക്കുക. മൂട്ട വിളക്കുകൾ, കുപ്പി വിളക്കുകൾ എന്നിവയും മണ്ണെണ്ണ നിറച്ച്  തുടച്ചു വൃത്തിയാക്കി വെക്കുക എന്നിവയൊക്കെ കുട്ടികളായ ഞങ്ങൾക്ക് ഒരു പണിയായിരുന്നു അന്ന്. മണ്ണെണ്ണ ലാഭിക്കാൻ പഠനം ഇരുട്ടിനു മുമ്പേ തീർത്തു വെക്കാൻ അമ്മമാർ കുട്ടികളെ പ്രേരിപ്പിക്കും.

അവിടേക്കാണ് വൈദ്യുത വിളക്കുകൾ എത്തുന്നത്. പക്ഷെ ആ കാഴ്ചകൾ കാണാൻ, അനുഭവിക്കാൻ തൃപ്രയാറിൽ പഠനത്തിനു പോയ എനിക്കായില്ല. തൃപ്രയാറിൽ എത്തിയ കാലം മുതൽ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിലാണ്  പഠനം നടത്തിയിരുന്നത്  എങ്കിലും  എനിക്ക് പക്ഷെ, ചെറുകരയിലെ  ആ കാഴ്ചകൾ കാണാൻ തിടുക്കമായി. അപ്പോഴാണ് അതിനൊരു അവസരം ഒത്തു വന്നത്, ഭരതനുണ്ണിയേട്ടന്റെ കല്യാണം.

ചെറുകര എത്തിയ എന്നെ ശശിയും ശോഭയും നാലുകെട്ടിലെ കൂട്ടുകാരും ചേർന്ന് വൈദ്യുതി വരവിന്റെ കഥകളോരോന്നായി പൊടിപ്പും തൊങ്ങലും ചേർത്ത് കേൾപ്പിച്ചു. അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞിരുന്ന അത്ഭുതത്തിന്റെ മിന്നായങ്ങളിലൂടെ അവയൊക്കെ ഞാനും അനുഭവിച്ചു...

വിജയനും എന്നോടൊപ്പം  പത്താം തരം പാസ്സായി എങ്കിലും കോളേജിലൊന്നും ചേർന്നിരുന്നില്ല. പ്രൈവറ്റായി പ്രീഡിഗ്രി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്കൃത പണ്ഡിറ്റ് ആയ അച്ഛനിൽ നിന്നും സംസ്കൃതം  നേരിട്ട് പഠിച്ച് മുന്നേറാനാണ് തീരുമാനം.

എട്ടുകെട്ടായിരുന്ന ചെറുകര തറവാടിന്റെ  വടക്കേ കെട്ട് പൊളിച്ച് നാലുകെട്ടാക്കി മോടി പിടിപ്പിച്ച കാലം. വിശാലമായ വടക്കേക്കെട്ടും, നടുമുറ്റവും അതിനോട് ചേർന്ന വലിയ അടുക്കളയും നഷ്ടപ്പെട്ട്,  അടുക്കളക്കിണറും കൊട്ടത്തളവും ചേർന്ന ഭാഗം മാത്രം വടക്കോട്ട് ഒരു വാല് പോലെ നീണ്ടു കിടന്നു. 

ചെറുകര വിജയൻറെ മൂത്ത ജേഷ്ഠനായ ഭരതനുണ്ണിയേട്ടന്  എയർ ഫോഴ്സിലാണ് ജോലി.  അന്നത്തെ എവർഗ്രീൻ ഹീറോ  പ്രേം നസീറിന്റെ ഭാവാദികളുമായി നടന്നിരുന്ന ഭരതനുണ്ണിയേട്ടനും മധു ചേച്ചിയും തമ്മിലുള്ള വിവാഹം വധൂ ഗൃഹമായ കല്ലുവഴിയിൽ വെച്ചായിരുന്നു. ഓരോ വീട്ടിൽ നിന്നും ഓരോരുത്തർ എന്ന നിലക്കായിരുന്നു പാർട്ടിയിൽ പോവാൻ ക്ഷണം. അത് കൊണ്ട് തന്നെ എന്റെ ഉത്സാഹിക്കൽ  വിജയനോടൊപ്പം തലേ ദിവസവും അന്ന് കൂട്ടി കൊണ്ട് വന്ന് വൈകുന്നേരമുള്ള ടീ പാർട്ടിക്കും വേണ്ടത് ഒരുക്കുക എന്നതിലായിരുന്നു. വീടുകളിൽ തന്നെ നടക്കുന്ന അത്തരം തേയില സൽക്കാരങ്ങൾക്ക് ഇന്നത്തെ ആർഭാടമോ പൊലിമയോ ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് വല്ലപ്പോഴും മാത്രം തരായിരുന്ന മിക്സ്ചറും ലഡുവും മുന്തിരിയും, കെയ്ക്കും  മതിവരുവോളം കഴിക്കാനുള്ള ലൈസൻസ് ആയിരുന്നു അത്തരം വേളകൾ.

തൃപ്രയാർ  രഘുവേട്ടന്റെ കല്യാണം  ഷാരത്ത് ഞാൻ എത്തിയ ശേഷമുള്ള ആദ്യ ആഘോഷമാണ്. രഘുവേട്ടൻ ഒമാനിലെ സലാലയിലാണ് ജോലി ചെയ്തിരുന്നത്.  കല്യാണത്തിനായി ഞങ്ങൾ ആൺ കുട്ടികൾക്ക് എല്ലാവര്ക്കും റോസ് നിറത്തിലുള്ള ഫോറിൻ തുണികൊണ്ടുള്ള പ്ലെയിൻ ഷർട്ടുകളും, വലിയവർക്കെല്ലാവർക്കും അതെ നിറത്തിലുള്ള ചെക്ക് ഷർട്ടുകളും. ഖദർധാരിയായ കൃഷ്ണമ്മാവൻ മാത്രമായിരുന്നു മേൽപ്പറഞ്ഞ യൂണിഫോമിൽ നിന്നും വേറിട്ടു നിന്നത്.

തൃപ്രയാർ നടയിൽ നിന്നും കെ കെ മേനോൻ ബസിൽ തൃശൂർ പാറമേക്കാവിലേക്ക് ശങ്കര വാരിയരുടെ നേതൃത്വത്തിൽ വരൻറെ പാർട്ടി പുറപ്പെട്ടു. പാറമേക്കാവിലെ താലികെട്ടിനു ശേഷം  കല്യാണം വധൂ ഗൃഹമായ പെരുവനം വടക്കേ ഷാരത്തെ മുറ്റത്തു നിർമ്മിച്ച പന്തലിൽ വെച്ച്. വധു പ്രീഡിഗ്രി വിദ്യാർത്ഥിനിയായ   സുജാതച്ചേച്ചി.

സഹോദരീ സഹോദരന്മാരുടെയും പെരുവനത്തെ നാട്ടുകാരുടെയും ഒത്തൊരുമയിൽ നടന്ന അന്നത്തെ ഒരു മാതൃകാ കല്യാണമായിരുന്നു അത്. കല്യാണങ്ങൾക്ക് വീഡിയോ എത്തുന്നതിനും മുമ്പുള്ള കാലം. കല്യാണ ഫോട്ടോകൾ ബ്ളാക് ആൻഡ് വൈറ്റ് ഫിലിമിൽ മാത്രമൊതുങ്ങിയ  കാലം. ഓർമ്മകളിൽ മാത്രം അവ ഇപ്പോഴും നിറമണിഞ്ഞു തന്നെ നിൽക്കുന്നു…

 

 

ഓർമ്മച്ചിത്രങ്ങൾ ( 57)


നാട്ടിക എസ് എൻ കോളേജിലേക്ക് അന്ന് മിക്കവാറും നടന്നാണ് യാത്ര. ഷാരത്ത്  നിന്നും തെക്കോട്ടുള്ള ഇടവഴി സമുദായമഠത്തിന്റെ ഓരം പറ്റി അണ്ടേടന്റെ തെങ്ങിൻ വളപ്പിലൂടെ തെളിയുന്ന വഴിത്താരയിലേക്ക് നീളും. മീനിന് വില കുറയുന്ന കാലങ്ങളിൽ കനോലിയുടെ ഓരം പറ്റി കിടക്കുന്ന ആ വലിയ തെങ്ങിൻ തോപ്പുകളിൽ അടി വളമായി ഇടുന്ന മൽസ്യം ചീഞ്ഞുള്ള നാറ്റവും, ഇടത്തോടുകളിൽ കിടന്നു ചീയുന്ന ചകിരിത്തൊണ്ടിന്റെ  ദുർഗന്ധവും ഇടകലർന്ന് ഒരു തരം മനംപുരട്ടുന്ന  അന്തരീക്ഷം സൃഷ്ടിക്കും. ആ തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയുള്ള ചവിട്ടടിപ്പാതയിൽ നിന്നും അൽപ്പം മാറി പുഴക്കരയിലായാണ്  വീട്ടിൽ മുറ്റമടിക്കാനെത്തുന്ന  ബീവിയുടെ ഓല മേഞ്ഞ വീട്.

ആ ചവിട്ടടിപ്പാത  ചെന്നെത്തുന്നത്  പഴയൊരു കൃസ്ത്യൻ തറവാടിൻറെ മുമ്പിലാണ്.  അതിനപ്പുറം  ചേർത്തേടത്ത് ശേഖരേട്ടൻറെ തറവാട് വീട്. ശേഖരേട്ടൻ തൻറെ നരച്ച കൊമ്പൻ മീശയും തടവി മുറ്റത്തു തന്നെയുണ്ടാവും .  മുറ്റത്തുള്ള  ചാമ്പയുടെയും , ഒട്ടുമാവുകളുടെയും തണലിൽ  ഉലാത്തുന്ന  ശേഖരേട്ടനോട് കുശലം പറഞ്ഞു അതിനപ്പുറമുള്ള പാടം കടന്ന് ചെല്ലുന്നത് മേൽതൃക്കോവിൽ അമ്പലത്തിനടുത്തേക്കാണ്. ഇച്ചുട്ടിയമ്മക്ക്  കഴകവും നാരായണിയമ്മക്ക് അടിച്ചു തളിയും ഉള്ള ബ്ളാഹയിൽ തറവാട്ടുകാരുടെ ഊരായ്മയിലുള്ള  ശിവൻറെ അമ്പലം. അവിടെ നിന്നും നേരെ ടിപ്പുസുൽത്താൻ ചെമ്മൺ പാതയിലേക്ക് കയറിയാൽപ്പിന്നെ ആൽമാവിൽ  ബസ്സിറങ്ങി നടന്നു വരുന്ന കോളേജ് കുമാരന്മാരുടെയും കുമാരിമാരുടെയും ഒഴുക്കാണ്. അവരുടെ  ഒപ്പം കൂടാതെ നടക്കാൻ ഊടുവഴികളില്ലാത്തതിനാൽ തന്നെ അവരിലൊരാളല്ലാതെ  ഒതുങ്ങി ഒരോരം പറ്റി കോളേജ് ലക്ഷ്യമാക്കി  വെച്ച് പിടിക്കും. 

കോളേജിന് മുമ്പിലായി മതിലോരം പറ്റിയായിരുന്നു സൈക്കിൾ സ്റ്റാൻഡ്. അവക്ക് തണലേകി പടർന്നു പന്തലിച്ച വാക മരങ്ങൾ കോളേജിന്റെ ദൂരക്കാഴ്ചയിൽ പ്രത്യേക സൗന്ദര്യം തീർത്തിരുന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ പൂത്തുലയുന്ന ആ മലവാകപ്പൂവുകളുടെ സൗന്ദര്യം നോക്കി ലൈബ്രറിക്ക് മുന്നിൽ നിൽക്കാൻ പ്രത്യേക രസമായിരുന്നു. പ്രണയം താനേ മനസ്സിലേക്ക് കോരിച്ചൊരിയുന്ന ആ നിറച്ചാർത്തിനപ്പുറം കോളേജിന്റെ മുൻ ഭാഗത്തായി, റോഡിന് കിഴക്ക് വലിയൊരു കശുമാവിൻ തോട്ടമുണ്ടായിരുന്നു. ക്‌ളാസ് കട്ട് ചെയ്ത് വിലസി നടക്കുന്ന  ഡിഗ്രി ചേട്ടന്മാരുടെ ഒളി സങ്കേതമാണ് തോട്ടങ്ങൾ. അന്ന് കാലത്ത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രണയങ്ങൾ പൂത്തുലയുന്നതും   അവിടെയാണത്രെ.. ആദ്യ കാലങ്ങളിൽ ഉച്ചക്ക് ചോറ്റു പാത്രവുമായി ഊണ് കഴിക്കാൻ പോയിരുന്നത് കശുമാവ് തോപ്പിനപ്പുറമുള്ള ഒരു ജീർണ്ണിച്ച ഇയ്യാനി അമ്പലത്തിന്റെ പരിസരത്തേക്കായിരുന്നു. ഊണു കഴിഞ്ഞു തൊട്ടടുത്തുള്ള പറമ്പിലെ മണലിന് നടുവിലായുള്ള  കുളത്തിൽ പാത്രവും മോറി ഞങ്ങൾ സഹപാഠികൾ തിരിച്ചു പോരും.

ഓരോ വിദ്യാലയത്തിനുമുണ്ട് ഓരോ സമര രീതികൾ. വലപ്പാട് ഹൈസ്‌കൂളിൽ ബെൽ ടവറിനു  പ്രതിരോധം തീർത്തായിരുന്നുവെങ്കിൽ എസ് എൻ കോളേജിൽ അത് ഒന്നാം നിലയിലേക്ക് കുട്ടികളെ കയറ്റാതെ സ്റ്റെയർ കേസിൽ നിരന്നിരുന്നു തടഞ്ഞായിരുന്നു. ദിവസവും രാവിലെ പത്രത്തിലെ മുഖ്യ അന്വേഷണം അന്നേ ദിവസം വല്ല സമരാഹ്വാനവും ഉണ്ടോ എന്നതായിരുന്നു.

തുടക്കക്കാരായ പ്രീഡിഗ്രി ഒന്നാം വർഷക്കാരെ പൊതുവെ ഒന്നിനും കൂട്ടുക പതിവില്ല. എല്ലാത്തിൽ നിന്നും അകന്നു നിന്ന് പലതും പഠിക്കുന്ന കാലം. രാഷ്ട്രീയാഭിമുഖ്യമുള്ള ചിലർ മാത്രം പതുക്കെ ഈ കളരികളിലേക്ക് ഇറങ്ങിത്തുടങ്ങും.  അങ്ങിനെ പതുക്കെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഒരാൾ എന്റെ ക്ളാസിലുണ്ടായിരുന്നു. കെ എസ് യു ആയിരുന്നു മൂപ്പരുടെ തട്ടകം. അതെ ടി എൻ പ്രതാപൻ. ഇന്നത്തെ തൃശൂർ എം പി. പ്രതാപന്റെ കൂടെ അന്ന് കെ എസ് യുവിൽ ഡൊമിനിക്കും ഞങ്ങളുടെ ക്ലാസിൽ നിന്നും തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ ചെറുസംഘം, ഗണേശൻ, വിനയൻ തുടങ്ങിയവർ മേൽപ്പറഞ്ഞ സംഘടനകളിലേക്കൊന്നും ആകർഷിക്കപ്പെടാതെ ട്രാൻസാക്ഷൻസ്,  ട്രയൽ ബാലൻസ് എന്നീ കഠിന പദങ്ങളും, ആ ആഴ്ച ഇറങ്ങിയ  സിനിമ തുടങ്ങിയ വിഷയങ്ങളും  മാത്രം ചർച്ച ചെയ്ത് മുന്നോട്ട് പോയി…

തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 56)


1978 ജൂലൈ ആദ്യത്തോടെ നാട്ടിക എസ് എൻ കോളേജിൽ നിന്നും
  പ്രീഡിഗ്രി ബാച്ചുകളിലേക്കുള്ള   ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഭാഗ്യവശാൽ ആ ആദ്യലിസ്റ്റിൽ തന്നെ എനിക്കും കയറിപ്പറ്റാനായി.  ഫസ്റ്റ് ചോയ്‌സ് ആയി നൽകിയ ഫോർത്ത് ഗ്രൂപ്പിലേക്കു തന്നെ.

അമ്മിണി ഓപ്പോളുടെ കൂടെ ആദ്യമായി ഒറ്റ മുണ്ടുടുത്ത് കോളേജ് പ്രവേശനത്തിനായി എത്തിയപ്പോൾ, അന്നവിടെ  കണ്ടവർക്കൊക്കെ എന്നേക്കാൾ തണ്ടും തടിയുമുണ്ടായിരുന്നു. മേൽചുണ്ടിനു  മുകളിൽ ശ്മശ്രുക്കൾ കിളിർത്തവരായിരുന്നു ഭൂരിഭാഗവും. അവർക്കിടയിൽ വല്ലാത്തൊരപകർഷതാ ബോധവുമായി ഞാൻ നിന്നു. അറിയുന്നവരായി പത്താം ക്ലാസിലെ സഹപാഠികളിലാരുമില്ല. എല്ലാം പുതുമുഖങ്ങൾ. അറിയുന്ന അപൂർവ്വം ചിലർ മറ്റു ഗ്രൂപ്പുകളിലേക്കാണ് അപേക്ഷിച്ചിട്ടുള്ളത്. അപ്പോഴാണ് എന്നെപ്പോലെ, എന്നാൽ കാഴ്ച്ചയിൽ കുറച്ചു കൂടി മെച്ചമുള്ള ഒരു കുട്ടിയും അവന്റെ അമ്മയുമായി എത്തിയത് കണ്ടത്. വരിയിൽ മുമ്പിലായി നിൽക്കുന്നു. അവനും ഫോർത്ത് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടി എത്തിയതാണ്. പേര് വിനയൻ. പെരുമാറ്റത്തിൽ പേരിനേക്കാളും വിനയം കാണിച്ചിരുന്ന അവൻ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് നിന്നുമാണ്  വരുന്നത്. ഞങ്ങൾ പരിചയപ്പെട്ടു. അമ്മിണി ഓപ്പോളും അവന്റെ അമ്മയും തമ്മിൽ പരിചയപ്പെട്ടു. കോളേജ് പ്രിൻസിപ്പാളുടെ ചോദ്യങ്ങൾക്ക് യെസ്, നോ എന്നെല്ലാം ഉത്തരങ്ങൾ നൽകി അഡ്മിഷൻ വാങ്ങി ആശ്വാസത്തോടെ വീട്ടിലേക്ക് തിരിച്ചു. ആദ്യമായാണ് പടിഞ്ഞാറേ ഷാരത്ത് നിന്നും ഒരാൾ തൊട്ടടുത്ത കോളേജിൽ പഠിക്കാൻ അർഹനാവുന്നത്. ആ സന്തോഷം എന്നെക്കാളേറെ അമ്മിണി ഓപ്പോൾക്കായിരുന്നു.

സെക്കൻഡ് ലിസ്റ്റ്, തേർഡ് ലിസ്റ്റ് എന്നീ കലാപരിപാടികൾ കൂടി കഴിഞ്ഞു കോളേജ് തുടങ്ങിയപ്പോഴേക്കും ആഗസ്ത് മാസമായി.

അത് വരെ പഠിച്ച മാതൃഭാഷ മാദ്ധ്യമം വിട്ട് ഇംഗ്ലീഷിലേക്കുള്ള ചുവടു മാറ്റം. ഏകദേശം എമ്പതോളം പേർ വരുന്ന ക്ലാസ്‌റൂമിലേക്ക്, പുത്തൻ ലോകത്തിലേക്ക് ചങ്കിടിപ്പോടെയാണ് എത്തിയത്. ആദ്യ ബഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു. കൂടെ അഡ്മിഷൻ ദിവസം പരിചയപ്പെട്ട വിനയൻ, ആറാട്ടുപുഴക്കാരൻ അനിൽ, പുള്ളിൽ നിന്നും വന്നിരുന്ന ജയ്‌പു, കെ കെ മേനോൻ ഡ്രൈവറായിരുന്ന രാഘവേട്ടന്റെ മകൻ ഉണ്ണികൃഷ്ണൻ  എന്നിവരും ഉണ്ട്. അനിൽ കാഴ്ച്ചയിൽ എന്നേക്കാൾ ചെറുതാണ്. പിന്നെ സുരേഷ്. 

നമ്പൂതിരി സാറാണ് ആദ്യ ക്ലാസിൽ ഞങ്ങളെ എതിരേൽക്കാനായി എത്തിയത്. Book-keeping and Accountancy ആണ് അദ്ദേഹത്തിന്റെ വിഷയം. അദ്ദേഹം പേര് വിളിച്ച് ഓരോരുത്തരെയായി പരിചയപ്പെടുകയാണ്.

ഗണേഷ് ആർ? Present Sir.. പിൻബഞ്ചിലിരുന്ന ഒരു കണ്ണടക്കാരനെ പരിചയപ്പെട്ടത് ക്‌ളാസിന്റെ മൊത്തവും  എൻറെ പ്രത്യേക ശ്രദ്ധയും  പിടിച്ചു പറ്റി. അന്നത്തെ നടപ്പ് വസ്ത്ര ധാരണരീതികളിൽ നിന്നും വ്യത്യസ്തമായി  തന്റെ കൃശഗാത്രത്തിന്  ഒട്ടും യോജിക്കാത്ത  വലിയൊരു ഷർട്ടും ധരിച്ചാണ് മൂപ്പർ എത്തിയിരിക്കുന്നത്. ഇടക്ക് വലിയ കണ്ണട മുഖത്തു നിന്നും ഊരി ഷർട്ടിന്റെ ബട്ടൺ ഹോളിലൂടെ നിക്ഷേപിച്ച് ക്ലാസിലേക്കും പുറത്തേക്കും  ഉലാത്തുന്ന ആ  സുമുഖൻറെ ഭാവാദികൾ എല്ലാവരിലും കൗതുകം ജനിപ്പിച്ചു. അധികം താമസിയാതെ ഞാനും വിനയനും അവൻറെ കൂട്ടുകാരായി മാറി.

തൃപ്രയാർ കിഴക്കേ നടയിൽ ചേലൂർ മനക്കടുത്താണ് ഗണേശന്റെ വീട്. ദിവസവും തൻറെ റാലീസ് സൈക്കിളിലാണ് വരവും പോക്കും.  സൈക്കിൾ ചവിട്ടാൻ അത്യാവശ്യം പഠിച്ചുവെന്നാലും പൊക്കക്കുറവ് കാരണം വീട്ടിലെ ഹീറോ സൈക്കിൾ ഓടിച്ച് കോളേജിലേക്ക് വരാനുള്ള ധൈര്യമായിട്ടില്ല. അത് കൊണ്ട് തന്നെ തിരിച്ചു പോക്ക് പലപ്പോഴും ഗണേശന്റെ പുറകിൽ കയറിയായി.

പതുക്കെ പുതിയ പഠന മാദ്ധ്യമവുമായി പൊരുത്തപ്പെട്ടു തുടങ്ങി. കൊമേഴ്‌സിന് ബാഹുലേയൻ സാർ, കറസ്പോണ്ടൻസിന് ഫ്രഡ്‌ഢി സാർ, ഇംഗ്ലീഷിന് രാജശേഖരൻ സാറും വാരിയർ സാറും

ബാഹുലേയൻ സാർ കൊമേഴ്‌സിന്റെ Definitionഉം What are the hindrances of commerce? എന്നതും പഠിപ്പിച്ചപ്പോൾ ഫ്രഡ്‌ഢി സാർ വാണിജ്യ മേഖലയിലെ വാര്‍ത്താവിനിമയങ്ങളിൽ കത്തിടപാടുകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം കറസ്പോണ്ടൻസുകളെക്കുറിച്ചും മനസ്സിലാക്കി തന്നു. പക്ഷെ ഞങ്ങളേറെ ഇഷ്ടപ്പെട്ടത് വാരിയർ സാറിന്റെ ഇംഗ്ലീഷ് ക്ളാസുകളാണ്. തന്റേതായ പ്രത്യേക  നടനവൈഭവത്തോടെ, ഇംഗ്ലീഷ് ഭാഷയുടെ തനത് ഉച്ചാരണ ഭംഗിയോടെ  അദ്ദേഹം ഓരോ പാഠഭാഗങ്ങളും ഞങ്ങളിലേക്ക് പകർന്നു തന്നു.

അങ്ങിനെ പതുക്കെ പതുക്കെ കോളേജ് ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങി..

 

 തുടരും...


 

ഓർമ്മച്ചിത്രങ്ങൾ ( 55)

മെയ് മദ്ധ്യത്തോടെ വേനൽ കനത്തു. മാങ്ങക്കൊപ്പം ചക്കയും പഴുത്തു തുടങ്ങി. പ്രാതൽ കഴിഞ്ഞാൽ പിന്നെ വൈകും വരെയുള്ള  വിഭവങ്ങളൊക്കെ എല്ലാ വീടുകളിലും ഇവരെക്കൊണ്ട് തന്നെ.

കഴിക്കാൻ സുലഭമായി അങ്ങാടിപ്പലഹാരങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത കാലമായതിനാൽ കിട്ടുന്ന സമയത്ത് ആർത്തിയോടെ ഇതൊക്കെ വേണ്ടതിലധികം അകത്താക്കുന്നതാണ് രീതി.

ഒരു വൈവിദ്ധ്യത്തിന് ഇവയുടെ രുചിഭേദങ്ങൾ തേടി അയൽ പക്കങ്ങളിലേക്ക് നടക്കും. കറുത്ത മൂവാണ്ടനും, ഗോമാങ്ങകളും, എളോർ മാങ്ങയും  പൂണ്ട് തിന്നും. അപ്പപ്പൂളുകൾക്കും വാരിപ്പൂളുകൾക്കും വേണ്ടി മത്സരിക്കും.  ശർക്കര കുടവനും,  ചകിര്യേനും, ചൊണയനും, പേരില്ലാത്ത മറ്റു നാടൻമാരെയും  ഈമ്പിക്കുടിക്കും. ചുണപുരണ്ടു ചുണ്ടുകളും മുഖവും പൊള്ളും. ചെനച്ച വെള്ളമൂവാണ്ടനെ ഉപ്പും മുളകും ചേർത്ത് ശാപ്പിടും.

കാപ്പി കഴിഞ്ഞാൽ പിന്നെ തുണ്ടം തുണ്ടമാക്കി വരിക്കചക്കയോടുള്ള മല്ലിടൽ.  കൂട്ടിന് സന്ധ്യയോടെ  പടിഞ്ഞാറേ വളപ്പിലുള്ള കശുമാങ്ങയും കൂടിയാവുമ്പോൾ കുശാൽ. അങ്ങിനെ ലക്കും ലഗാനുമില്ലാതെ തിന്ന് നടന്ന ആ കനത്ത വേനലിൽ എനിക്ക് മെയ് അവസാനമായപ്പോഴേക്കും വയറിളക്കം പിടിപെട്ടു.  പരീക്ഷാ ഫലം അടുത്തു വരുന്നതിന്റെ ഏനക്കേടാണെന്ന്  ചിലരെങ്കിലും നസ്യം പറഞ്ഞു.

അങ്ങിനെ ഇളകിയൊഴിഞ്ഞ വയറുമായി, ചക്കക്ക് ചുക്ക് എന്ന മറുമരുന്നൊക്കെ പയറ്റി നിൽക്കുന്നൊരു പ്രഭാതത്തിൽ കിഴക്കേ പത്തായപ്പുരയിലെ മാതൃഭൂമി എസ് എസ് എൽ സി റിസൾട്ടുമായെത്തി. നമ്പർ കാണുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ആ ആദ്യാനുഭവത്തിന്റെ പടപടപ്പിൽ സ്വന്തം നമ്പർ കണ്ടു പിടിക്കാൻ കുറച്ചേറെ തന്നെ തപ്പേണ്ടി വന്നു. അങ്ങിനെ നമ്പറിന് നേരെ നക്ഷത്ര ചിഹ്നമില്ലാത്ത  എന്റെ നമ്പർ കണ്ടു പിടിച്ചപ്പോൾ സമാധാനത്തെക്കാൾ ഇനി കോളേജ് അഡ്മിഷന് ഉള്ള മാർക്ക് കിട്ടുമോ എന്ന ആധിയായിരുന്നു മനസ്സിനുള്ളിൽ.

ഫസ്റ്റ് ക്ലാസ് പ്രതീക്ഷ ഒരിക്കലും വെച്ചു പുലർത്താത്ത എന്നോട് ഫസ്റ്റ് ക്‌ളാസ് ഉണ്ടോ എന്ന ചോദ്യങ്ങൾക്ക്  ഇല്ലെന്ന് പറഞ്ഞു മടുത്തു, ഒടുവിൽ തൃപ്രയാർക്ക് വണ്ടി കയറി.

മാർക്ക് പുസ്തകം കയ്യിൽ കിട്ടാൻ പിന്നെയും ദിവസം രണ്ട് കഴിയേണ്ടി വന്നു. സ്‌കൂളിലാകെ നാലോ അഞ്ചോ ഫസ്റ്റ് ക്ളാസുകൾ മാത്രം. എൻറെ ക്ലാസിൽ ആർക്കുമില്ല. പരീക്ഷയെഴുതിയ മൂന്നര ലക്ഷത്തിൽ ഒന്നര ലക്ഷം പേർ മാത്രം ജയിച്ച ഒരു വർഷത്തിൽ ക്‌ളാസിൽ നിന്നും പകുതിയിൽ കുറവ് പേർ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിന് അർഹരായത്. ഒടുവിൽ പുസ്‌തകം കയ്യിൽ കിട്ടിയപ്പോഴാണ് സമാധാനമായത്. 55%. അക്കാലത്ത്  ആ  മാർക്ക് വെച്ച് കോളേജുകളിൽ  കയറിപ്പറ്റാൻ വലിയ വിഷമമില്ല. പക്ഷെ സയൻസ്, കണക്ക് തുടങ്ങിയവയിൽ മാർക്ക് അമ്പതിലും  താഴെ.  രക്ഷപ്പെട്ടു പോന്നത് മാതൃഭാഷയിലെ ഒന്നും രണ്ടും പേപ്പറുകളും, ഇംഗ്ലീഷ് നോൺ ഡീറ്റൈലും, സാമൂഹ്യ പാഠവും കൊണ്ടാണ്.  മലയാളത്തിന് 71%വും ഇംഗ്ലീഷ് നോൺ ഡീറ്റൈലിനു 78%വും.  അത് കൊണ്ട് തന്നെ സയൻസിനും കണക്കിനുമൊന്നും പോവണ്ട എന്ന് തീരുമാനിച്ചു.

ഈ മാർക്ക് കൊണ്ട് ടി ടി സിക്ക് അഡ്മിഷൻ കിട്ടാം. താല്പര്യമുണ്ടെങ്കിൽ നോക്കാം.. ഹൈസ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച  കൃഷ്ണമ്മാവൻ തന്റെ അഭിപ്രായം പറഞ്ഞു. കാഴ്ചയിൽ അപ്പോഴും തനി മൈനറായിരുന്ന, ട്രൗസറിൽ നിന്നും മുണ്ടിലേക്ക് വളരാത്ത എനിക്ക് രണ്ടു വർഷം കഴിയുമ്പോഴേക്കും ഒരദ്ധ്യാപകന്റെ ഭാവാദികൾ വന്നു ചേരുമോ എന്ന ആശങ്ക കൊണ്ടും, അദ്ധ്യാപന കല, നന്നായി സംസാരിക്കാൻ പോലും കഴിയാത്ത  എനിക്ക് വഴങ്ങുമോ എന്ന ഭയം കൊണ്ടും  ആ വഴിക്ക് ചിന്തച്ചില്ല. ഗോപിനാഥ ചേട്ടനും നന്ദേട്ടനും കൊമേഴ്‌സ്കാരാണ്. ബി കോം കഴിഞ്ഞാൽ പുറം നാട്ടിൽ  ഒരു ഉദ്യോഗം ലഭിക്കാൻ സാദ്ധ്യതകളുമുണ്ട്. അഞ്ചു കൊല്ലം കഴിയുമ്പോഴേക്കും കാഴ്ച്ചയിലും  എന്തെങ്കിലുമൊക്കെ ഒരു മെച്ചമുണ്ടാവുമെന്നും കരുതി. അത് കൊണ്ട് തന്നെ അത് മതിയെന്ന് തീർച്ചയാക്കി. പക്ഷെ എനിക്കേറ്റവും മാർക്ക് നേടിത്തന്ന മാതൃഭാഷയെ മറക്കണം. കൊമേഴ്‌സ് പഠിക്കുന്നവന് മലയാളം ആവശ്യമില്ലത്രേ..

നാട്ടിക ഫർക്കയിൽ അന്ന് ഡിഗ്രി വരെയുള്ള ഒരു അംഗീകൃത കോളേജ് മാത്രമാണ് ഉള്ളത്. നാട്ടിക എസ് എൻ കോളേജ്. പിന്നെയുള്ളത് തൃശൂരോ, ഗുരുവായൂരോ, ഇരിഞ്ഞാലക്കുടയോ ആണ്.

ഇവടെ ഇത്ര അടുത്ത് ഒരു കോളേജ് ള്ളപ്പോ ബസിനൊന്നും പോയി പഠിക്കണ്ട.. എസ് എൻ ല് എന്തായാലും കിട്ടും. എന്ന പൊതു അഭിപ്രായം മാനിച്ച് ഒരു കോളേജിൽ നിന്നും മാത്രം ആപ്ലിക്കേഷൻ വാങ്ങി പൂരിപ്പിച്ചയച്ച്, കോളേജിൽ നിന്നുമുള്ള വിളിക്കായി കാത്തിരുന്നു...

 തുടരും...


 

കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ

  " വിഷുക്കാലമല്ലേ , പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ , കണിക്കൊന്നയല്ലേ" എന്ന അയ്യപ്പപ്പണിക്കരുടെ 1960 ലെഴുതിയ കവിതക്ക് ശേഷം കാലമൊ...