മായ
- മുരളി വട്ടേനാട്ട്
ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ ചാരി അവളെ ശല്യപ്പെടുത്താതെ വീട്ടിൽ നിന്നും പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേളയിൽ ശല്യം ചെയ്യുന്നതവൾക്കിഷ്ടമല്ല.
പ്രഭാത സവാരിക്കായി പുറത്തിറങ്ങിയ അയാൾക്ക് മുമ്പിൽ നഗരം അപ്പോഴും മയക്കം വിട്ടുണരാതെ ആലസ്യം പൂണ്ട് കിടപ്പാണ്. പുലരുവോളം പലരുടെയും ക്രീഡകൾക്ക് വഴങ്ങി തളർന്നുറങ്ങുന്ന ഗണികയെപ്പോലെയാണ് നഗരമെന്ന് അയാൾക്ക് തോന്നി. ശല്യപ്പെടുത്താതെ, പതിഞ്ഞ കാൽവെപ്പുകളോടെ അയാൾ ഗാർഡനിലേക്ക് നടന്നു.
നടത്തത്തിനിടയിലും ചിന്തകൾ മറ്റേതോ വഴിയിലേക്ക് മാറിച്ചവിട്ടാൻ തുടങ്ങുകയായിരുന്നു. അയാളുടെ ചിന്തകളെ ഉച്ചത്തിൽ മണിമുഴക്കി ആട്ടിപ്പായിച്ചു കൊണ്ട് ഒരു പത്രവിതരണക്കാരന്റെ സൈക്കിൾ വേഗത്തിൽ കടന്നു പോയി. കക്ഷത്തിൽ ചുരുട്ടി വെച്ച യോഗാമാറ്റുമായി ഒരു തടിച്ചി അയാളുടെ മുന്നിലൂടെ റോഡ് മുറിച്ചു കടന്ന് തൊട്ടു മുന്നിലുള്ള യോഗാകേന്ദ്രത്തിലേക്ക് കയറി.
മുന്നിൽ നിന്നും റോങ്ങ് സൈഡിലൂടെ ഒരു ബ്രഡ് വിൽപ്പനക്കാരൻ ഇരു പുറവും കൊളുത്തിയ അനേകം സഞ്ചികളിൽ പല തരം ബ്രഡ് വിഭവങ്ങളുമായി ഒരു പ്രത്യേക താളത്തിൽ സൈക്കിൾ ചവിട്ടി വന്നു കൊണ്ടിരുന്നു. സാധാരണ കുറച്ചു കൂടി മുന്നോട്ട് ചെല്ലുമ്പോളാണ് ആ കച്ചവടക്കാരനെ കാണാറുള്ളത്.
അയാൾ നടത്തത്തിന് വേഗം വർദ്ധിപ്പിച്ചു. അന്തരീക്ഷം മേഘാവൃതമായി, ആദ്യ മഴയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരം.
ഫ്ലാറ്റിൽ നിന്നും നാലഞ്ച് ഫർലോങ് ദൂരെയായാണ് സ്ഥിരം നടക്കാൻ പോകാറുള്ള ഗാർഡൻ. മഴക്കാലം തുടങ്ങിയാൽ പിന്നെ നടത്തം ഫ്ലാറ്റിനുള്ളിലെ 100 വാരയിലേക്ക് ഒതുങ്ങും.
കുറച്ചു കൂടി മുന്നോട്ട് നടന്ന് ഇപ്പോഴയാൾ മൂന്നും കൂടിയ വഴിയിലെത്തി. എന്നും അവിടെയെത്തിയാൽ പിന്നെ ഏതു വഴിയിലൂടെ പോകണമെന്ന സംശയമാണ്. തല്ക്കാലം ഇടത്തോട്ട് തിരിഞ്ഞു നടന്നു. നേരെ പോയി അടുത്ത ഗല്ലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാലും ഗാർഡനിലെത്താം. പക്ഷെ, മിക്കവാറും പോവാറുള്ളത് ഇന്ന് നടന്ന വഴിയിലൂടെയാണ്. ആ വഴി കുറേക്കൂടെ വൃത്തിയുള്ളതാണ്. റോഡിനിടത് വശത്തായി നിരത്തിയിട്ട ഇമ്പോർട്ടഡ് കാറുകളെ ശ്രദ്ധിച്ച്, അവയുടെ സൗന്ദര്യമാസ്വദിച്ച് നടക്കുകയെന്നത് രസകരമാണ്. മെഴ്സിഡിസ്, ഔഡി, ബി എം ഡബ്ല്യൂ, ലാൻഡ് ക്രൂയിസർ, ജഗ്വാർ തുടങ്ങിയ കാറുകളിലെ വിവിധ മോഡലുകൾ നിര നിരയായി കിടക്കുന്നതിനെ തൊട്ടു തലോടിക്കൊണ്ട് അയാൾ പതുക്കെ മുമ്പോട്ട് നടന്നു.
ആ വഴി നേരെ ചെന്നെത്തുന്നതൊരു ചത്വരത്തിലേക്കാണ്. അവിടന്ന് വലത്തോട്ട് തിരിഞ്ഞു വേണം ഗാർഡനിലേക്ക് പോവാൻ. ആ സ്ക്വയറിന്റെ ഇടത് വശത്തായി സോഷ്യൽ എന്ന് വലിയക്ഷരങ്ങളിലെഴുതിയ റെസ്റ്റോറന്റ് ബിൽഡിങ്ങിന് മുമ്പിലെ വെള്ള നിറത്തിലുള്ള ബോഗൺവില്ല പടർപ്പുകൾക്ക് മുമ്പിലപ്പോൾ രണ്ട് പെൺകുട്ടികൾ താഴെ വെച്ച ഒരു ചെറിയ സ്പീക്കറിൽ നിന്നും വരുന്ന ഗാനത്തിനനുസരിച്ച് നൃത്തം വെച്ചു കൊണ്ടിരുന്നു. കൂടെയുള്ള ആൺകുട്ടി ആ നൃത്തം മൊബൈലിൽ പകർത്തുന്നു. ചിത്രീകരണം പരിശോധിച്ചു കൊണ്ട് വീണ്ടും പൂർണ്ണതക്കായി നൃത്തം തുടരുന്നു. ഇത്ര നേരത്തെ ഉണർന്ന് ഇമ്മാതിരി വട്ട് കാട്ടുന്നവരുമുണ്ടല്ലോ എന്നയാൾക്ക് തോന്നിയെങ്കിലും, വെളുപ്പാൻ കാലത്ത് ആളൊഴിഞ്ഞ സമയം നോക്കി വന്നതാവാം എന്ന ഉത്തരവുമായി അയാൾ മുമ്പോട്ട് നടന്നു. പുതു തലമുറയുടെ ആവിഷ്കാരങ്ങൾ റീലുകളിലൂടെയാണ്. പരത്തിപ്പറഞ്ഞു ശീലമില്ല, ചെറിയ റീലുകളിലൂടെയാണവർ ലോകത്തോട് സംവദിക്കുന്നത്. ഹ്രസ്വം-മധുരം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് അവരുടെ ചിന്തകൾ വ്യാപരിക്കുന്നത്. പരസ്യ വാചകങ്ങളെപ്പോലെ, വിഷ്വലുകളെ പ്പോലെ 10സെക്കൻഡിൽ, 20 സെക്കൻഡിൽ എല്ലാം പറയണം, ആറ്റിക്കുറുക്കിപ്പറയണം. അയാളുടെ തലമുറക്ക് ഒരു കഥ പറയണമെങ്കിൽപ്പോലും ചുരുങ്ങിയത് നാല് പേജിലൂടെ വലിച്ചു നീട്ടി വേണം പറയാൻ. ചുരുക്കെഴുത്തുകാരെ എഡിറ്റർമാർക്ക് പോലും താല്പര്യമില്ല.
ചെറുപ്പക്കാരുടെ നൃത്ത കോലാഹലങ്ങളൊന്നും ആ ചത്വരത്തിനപ്പുറം റോഡ് സൈഡിലെ നടപ്പാതയിൽ കിടന്നുറങ്ങുന്ന വൃദ്ധ ദമ്പതികളെ ഉണർത്തിയിട്ടില്ല. വൃദ്ധന്റെ മുട്ടിനു താഴോട്ടുള്ള വെപ്പു കാൽ ഊരി വെക്കാതെയാണ് ഇന്ന് ഉറക്കം. സൈക്കിളിലെ ഭിക്ഷാടനം കഴിഞ്ഞു നേരം വൈകിയെത്തി ക്ഷീണിതനായി തളർന്നുറങ്ങിയതാവാം.
കാണെക്കാണെ ആകാശമിരുണ്ടു കാഴ്ചകളെ മറയ്ക്കുകയാണ്. മാനം പെയ്യാൻ മുട്ടി നിൽക്കുകയാണ്. മഴ പെയ്തു തുടങ്ങിയാൽ നനയാതെ എങ്ങിനെ തിരിച്ചു വീട്ടിലേക്കെത്താമെന്നാണയാളപ്പോഴോർത്തത്. വീടില്ലാത്തവർ അത്തരം ചിന്തകളുടെ അലട്ടലില്ലാതെ സസുഖം ഫുട്പാത്തിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നു.. മഴക്ക് മുമ്പേ ഗാർഡനിലെത്തണം. നടത്തത്തിന് ഒന്ന് കൂടി വേഗം കൂട്ടി.
മഴക്കോള് കാരണമാവാം, ഗാർഡനിൽ എന്നുമുള്ള തിരക്കില്ല. നഗര നിരത്തുകളിലെ തിരക്കിന് മുമ്പിൽ ഗാർഡനിലേത് ഒരു തിരക്കേയല്ല. റോഡിൽ നിന്നും താഴെ ഗാർഡനിലേക്കിറങ്ങി ചെല്ലുന്നിടത്ത് നടവഴിയുടെ നടുക്കായി ചാര നിറത്തിലുള്ള ഒരു കുറിഞ്ഞി കൈകാലുകൾ നീട്ടി വിസ്തരിച്ചു കിടപ്പുണ്ട്. അയാളെക്കണ്ടതും ഒന്ന് തലയുയർത്തി നോക്കി, പരിചിതത്വത്തിന്റെ നിസ്സംഗതയാൽ വീണ്ടും കണ്ണടച്ചു കിടന്നു. കുറച്ചകലെയായി ആ കിടക്കുന്നവളുടെ സൗന്ദര്യമത്രയും ആസ്വദിച്ചു കൊണ്ട് മുതുകിൽ തവിട്ട് നിറമുള്ള ഒരു കാടൻ കുറ്റിച്ചെടികൾക്കടിയിലായി പതുങ്ങിയിരിപ്പുണ്ട്.
ഗാർഡനിലെത്തിയാൽ കാലുകൾക്ക് ഗതിവേഗം കൂടും. ദ്രുത ചലനമാണ് പിന്നീടങ്ങോട്ട്. ടൈലുകൾ പാകിയ നടപ്പാതയിലൂടെയുള്ള നടത്തം ആയാസ രഹിതമാണ്. താനിവിടെക്ക് വരുന്നത് കൈകാലുകൾക്ക് പൂർണ്ണ തോതിലുള്ള വ്യായാമം നൽകാനാണ് എന്ന് മറ്റുള്ളവരുടെ മുമ്പിൽ സ്ഥാപിക്കുക കൂടി ലക്ഷ്യമാണെന്ന് തോന്നുന്ന മട്ടിലാണ് നടത്തം. മുന്നിൽ നടക്കുന്ന ഓരോ ആളെയും മറികടന്ന് മുന്നേറുമ്പോൾ താൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്ന ഒരഹന്തയും അയാളിൽ നിറയുക പതിവാണ്. വല്ലപ്പോഴുമെത്തുന്ന ചില ചെറുപ്പക്കാരെ മാത്രമേ മറികടക്കാൻ സാധിക്കാതെ വന്നിട്ടുള്ളൂ. അതിലയാൾക്ക് വിഷമം തോന്നാറുമില്ല.
ഗാർഡന്റെ കിഴക്കേ വശത്തായി നിൽക്കുന്ന ഗുൽമോഹറുകളിൽ നിന്നും ഉതിർന്നു വീണ മെയ് ഫ്ലവറിന്റെ ഇതളുകൾ നടവഴിയുടെ ആ ഭാഗത്തെ പട്ടു പരവതാനി വിരിപ്പിച്ചിരിക്കുന്നു. പുഷ്പങ്ങളെ ചവിട്ടി മെതിച്ചു നടക്കാൻ മടിയുണ്ട്, പക്ഷെ നിവൃത്തിയില്ലായിരുന്നു.
നടവഴിയുടെ വലതു വശത്തായി നടുവിലെ പുൽത്തകിടിക്ക് അതിരു തിരിച്ചുകൊണ്ടു ഭംഗിയിൽ വെട്ടി നിറുത്തിയിയ ബോക്സ്വുഡ് ബുഷിൻറെ ഇളം തളിരുകളെ തലോടിക്കൊണ്ട് നടത്തത്തിന് വേഗം കൂട്ടി. ആ ബുഷിനപ്പുറം ഇടവിട്ടു വളർന്നു നിൽക്കുന്ന വലിയ റോയൽ പാം ട്രീകൾ ഉദ്യാനത്തിനൊരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. പാം ട്രീകൾക്കിടയിലായി വിവിധ തരം സസ്യങ്ങളും ചേർന്ന് മറ്റൊരതിരു കൂടി സൃഷ്ടിക്കുന്നു. അവയിൽ നിറയെ വെള്ളപ്പൂക്കളുമായി നിൽക്കുന്ന മന്ദാരങ്ങളുണ്ട്, ചുവന്ന ഇലകളോട് കൂടിയ തിരുഹൃദയച്ചെടിയുണ്ട്, രാവേനലയുണ്ട്, മാണിക്യച്ചെമ്പഴുക്കയുണ്ട്, വിവിധ തരം തോട്ടവാഴകളുണ്ട്.
ഉദ്യാനത്തിന് നടുവിലായി ഭംഗിയോടെ വെട്ടി നിറുത്തിയ നല്ല തെച്ചിയുടെ പടർപ്പ്. ആ പടർപ്പിനരികിലായാണ് അതിലേറെ വൃത്തിയിൽ വെട്ടിയൊതുക്കിയ തൻറെ വെഞ്ചാമരം പോലെ വെളുത്ത മുടിയുള്ള ഒരു സ്ത്രീ ഷോൾഡർ ബാഗ് ആ പടർപ്പുകൾക്കിടയിൽ കൊരുത്ത് വ്യായാമമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്.
മുന്നോട്ട് നടക്കവേ, വടക്കു വശത്തായി പുൽത്തകിടിയിൽ ഫ്രഞ്ച് കട്ട് താടി വെച്ച ഒരു ചെറുപ്പക്കാരൻ വിരിച്ചിട്ട യോഗാ മാറ്റിലിരുന്ന് വ്യായാമ ശേഷമുള്ള ധ്യാനത്തിലേക്ക് കടക്കുകയാണ്. ആകാശം ഒന്നു കൂടി കറുത്തിരുണ്ടു. പടിഞ്ഞാറൻ കടലകലത്തു നിന്നും മഴയുടെ വരവറിയിച്ചു കൊണ്ട് ഒരു നേർത്ത ഇടി കുടുങ്ങി. മഴ പെയ്ത് തുടങ്ങിയാൽ ഈ ചെറുപ്പക്കാരന് ധ്യാനഭംഗം വരുമോ എന്നോർത്തുകൊണ്ട്, മഴ വരും മുമ്പ് തന്റെ നടത്തത്തിന്റെ അളവ് പൂർത്തിയാക്കാനുള്ള തിടുക്കത്തിൽ വേഗത ഒന്നു കൂടി കൂട്ടി.
ഗാർഡന്റെ വടക്ക് തൊട്ടപ്പുറത്തെ സൊസൈറ്റിയുമായി വേർതിരിക്കുന്നിടത്ത് അതിരിലാകെ നിറയെ കൈതയാണ്. കൈതമുല നീണ്ട് മണ്ണിലേക്കാഴ്ന്നിറങ്ങി ക്കിടക്കുന്ന പൂക്കൈത. മഴ കനക്കുന്ന മിഥുനം കർക്കിടക മാസങ്ങളിൽ തോട്ടുവക്കിൽ മണ്ണൊലിപ്പ് തടഞ്ഞു നിൽക്കുന്ന കൈതകളുടെ ഓരം പറ്റി സ്കൂളിലേക്ക് നനഞ്ഞൊലിച്ച് ഓടിത്തീർത്ത ബാല്യം പെട്ടെന്നൊരു തണുത്ത കാറ്റായി വന്ന് അയാളെ തൊട്ടു തലോടിക്കൊണ്ട് കടന്നു പോയി. അതിനപ്പുറം കോളേജിലേക്കുള്ള യാത്രകളിൽ പൂക്കൈത അതിരു തിരിച്ച വരമ്പുകളിലൂടെ പൂമണവും ശ്വസിച്ചു നടന്നു തീർത്ത യൗവനം അയാളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്, കാൽവണ്ണകളിൽ കോറിയിട്ട ചോരപ്പടർപ്പായി നീറി. അന്ന് പറിച്ചെടുത്ത കൈതപ്പൂവുകൾ അവളുടെ തുളസിക്കതിരില ചൂടിയ മുടിയിഴകൾക്കിടയിലൂടെ തിരുകി വെച്ചുവെന്ന് സ്വപ്നം കണ്ടു നടന്ന നാളുകൾ പെട്ടെന്നയാൾക്ക് മുമ്പിൽ അന്നനട തീർത്തു. ആ ചിന്തകളിലാണ്ടു പോയ അയാളെ പെട്ടെന്ന് മനം തന്റെ മുമ്പിൽ കുറച്ചകലെയായി നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ത്രീരൂപത്തിലേക്ക് നയിച്ചു.
മുന്നിൽ വാരകൾക്കകലെയായാണ് അവർ നടന്നിരുന്നത്. മഴയൊഴിഞ്ഞ് ഒക്ടോബർ മുതൽ അയാളവിടെ നടക്കാൻ എത്തുന്ന സ്ഥിരക്കാരനാണ്. പക്ഷെ, ഇന്നേ വരെ ഇവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അല്ലെങ്കിലും ഗാർഡനിലെ നടത്തത്തിൽ ആൾക്കാരേക്കാളേറെ അയാളുടെ ശ്രദ്ധ ചുറ്റുപാടുകളിലേക്കാണ് പതിവ്. അങ്ങിനെ വിട്ടുപോയതാവുമോ...
രണ്ടാഴ്ച മുമ്പാണ് ഡിഗ്രി വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഏകാംബരൻ പുതുതായിത്തുടങ്ങിയ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പിലേക്ക് അയാളെയും കൂട്ടിയത്. തുടക്കത്തിലെ ആവേശങ്ങൾക്കും ഗതകാല തീവ്രസ്മരണകൾക്കുമപ്പുറം പലരും ആമുഖം പലവട്ടം നടത്തി തളർന്ന്, ഗ്രൂപ്പ് നിദ്രയിലേക്ക് വഴുതി വീണപ്പോഴാണ്, ഇനി നമ്മുടെ ഗ്രൂപ്പിൽ ബാക്കിയുള്ളത് ഒരാൾ മാത്രമാണെന്ന് അഡ്മിൻ വോയ്സ് മെസ്സേജ് ഇട്ടത്. കൂടെ ആ സഹപാഠിയെ കണ്ടുപിടിക്കാൻ നടത്തിയ തത്രപ്പാടുകളെക്കുറിച്ചും അതിൽ സാമാന്യം സുദീര്ഘമായി ത്തന്നെ അവൻ വാചാലനാവുന്നുണ്ട്. ഡിഗ്രി ക്ലാസിലെ പലരെയും ഇന്ന് ഓർമ്മ പോലുമില്ല. പക്ഷെ ഇന്നും മറക്കാത്ത ഒരാളുണ്ട്, മായ. മായ മറവിക്കപ്പുറമുള്ള ഒരു തുരുത്തായിരുന്നു. ആ മായയെയാണ് ഇനിയും കണ്ടെത്താനായിട്ടുള്ളത്.
ദൂരക്കാഴ്ചയിൽ തന്നെ ആ നടത്തം ചിരപരിചിതമായിത്തോന്നി. ആ നടത്തം എത്ര തവണ ആസ്വദിച്ചിട്ടുള്ളതാണ്, അത് നോക്കി നിന്നിട്ടുള്ളതാണ്. അതെ, അതേ നടത്തം. അതിനൊരു മാറ്റവുമില്ല. പ്രഭാത സവാരിയുടെ ശ്രേണിയിൽ പെടുത്താൻ പറ്റാത്ത പദചലനങ്ങൾ. മായ. അത് മായ തന്നെ എന്നയാൾ ഉറപ്പിച്ചു.
മായയുടെ ഓർമ്മകൾക്ക് തുളസിപ്പൂവിന്റെ ഗന്ധമാണ്. കൈതപ്പൂ കൊണ്ട് പലവട്ടം മറികടക്കാൻ ശ്രമിച്ചുവെന്നാലും ഒരിക്കലുമത് വിജയം കണ്ടില്ല. കൈതമുള്ളുകൾ കുത്തിനോവിച്ചതല്ലാതെ.
ഇന്ന് ഗാർഡനിലെത്തി ചുരുങ്ങിയത് 5 വട്ടം ഉദ്യാനത്തിനെ വലം വെച്ച് കഴിഞ്ഞു. പക്ഷെ ഒരിക്കൽപ്പോലും അവരെ കാണുകയുണ്ടായില്ല, അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടില്ല. ഇതിപ്പോൾ, ഇവരെപ്പോൾ ഇതിനകത്തു കടന്നു കൂടിയെന്നായി ചിന്ത.. നടത്തത്തിന് ഒന്ന് കൂടി വേഗം കൂട്ടി. വേഗം നടന്ന് അവരെ മറികടന്ന് മുന്നിലെത്തി ആളെ തിരിച്ചറിയണം. സംസാരിക്കണം. ഉറപ്പാക്കണം.
പക്ഷെ കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പല്ല. ഇതൊരു പബ്ലിക് പാർക്ക് ആണ്. അവിടെ പെരുമാറുന്നതിന് ചില ചട്ടങ്ങളുണ്ട്.
നടന്ന് ഒപ്പമെത്തണം. മുന്നിൽ കടന്ന് പുറകിലോട്ട് നോക്കണം. പിന്നെ അറിയാതെ മുഖം നോക്കണം, 39 വർഷം പുറകിലോട്ട് നോക്കണം. വീണ്ടും മുമ്പോട്ടെണ്ണണം. ഋതുക്കൾ മുഖത്തിലും ശരീരത്തിലും വരച്ച വരകളും കുറികളും മായ്ക്കണം, വീണ്ടും വരയ്ക്കണം. കൂട്ടിയും കുറച്ചും, ചായങ്ങൾ ചേർത്ത് ചാലിച്ച് മുഖത്തെഴുതി വരുമ്പോൾ കണക്കുകൾ തെറ്റരുത്.
പക്ഷെ ഈ പദ്ധതികളൊക്കെ തെറ്റും അവർ തിരിച്ചു നോക്കിയില്ലെങ്കിൽ, നോക്കിയിട്ടും പ്രതികരിക്കാതെ നടന്നു നീങ്ങിയാൽ.
ഇപ്പോളയാൾ അവരെ മറി കടന്ന് മുന്നിലെത്തി. പക്ഷെ, അയാളുടെ സന്തതസഹചാരിയായ സങ്കോചത്തെ മറികടന്ന് തിരിഞ്ഞു നോക്കാനാവാതെ മുന്നോട്ട് തന്നെ നടന്നു.
39 വർഷം മുമ്പ് താൻ ആസ്വദിച്ച ആ ഗന്ധം അയാളൊന്ന് ഓർത്തു നോക്കി.. ഇല്ല, ആ ഗന്ധമില്ല.. ഇത് മായയാവാൻ യാതൊരു സാദ്ധ്യതയുമില്ല. മഴയുടെ വരവറിയിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് വീശി. കാറ്റിനപ്പോൾ പുതുമണ്ണിന്റെ ഗന്ധമായിരുന്നു. വടക്കേ അതിരിൽ നിൽക്കുന്ന കൈതയും പൂവിടാതെ, മണം പരത്താതെ നിർവ്വികാരയായി തളർന്നു കിടന്നു.
തൻറെ ഗതിവേഗം കൂട്ടാനായി ആക്സിലേറ്ററിലേക്കെന്ന പോലെ കാലുകൾ നീട്ടിവെച്ചാഞ്ഞു ചവിട്ടി അയാൾ മുന്നോട്ട് കുതിച്ചു. എത്രയും വേഗം വീണ്ടും അവരുടെ പുറകിലെത്തണം. മറികടന്ന്, സങ്കോചങ്ങളെ മാറ്റിവെച്ച് തിരിഞ്ഞു നോക്കണം, തിരിച്ചറിയണം.
ആ കുതിപ്പിൽ പലരെയും മറികടന്ന് അയാൾ പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞു. അപ്പോളതാ, അയാളുടെ ഇംഗിതമറിഞ്ഞെന്ന വണ്ണം അവർ ദൂരെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള ബഞ്ചിൽ വിശ്രമിക്കുന്നു. അവരൊറ്റക്കാണ് ആ ബഞ്ചിലിരിക്കുന്നത്.
എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നയാൾ മനസ്സിലൊരു പൂര്വ്വാഭിനയക്കളരി നടത്തി നോക്കി. അവരുടെ അടുത്തെത്താറാവുമ്പോൾ നടത്തത്തിന് വേഗം കുറച്ച്, അവരുടെ നേരെ നോക്കി പരിചയ ഭാവത്തിൽ ഒരു പുഞ്ചിരി. പിന്നെ മലയാളത്തിൽ, മായയല്ലേ എന്ന ചോദ്യം. ആണെന്നാണ് ഉത്തരമെങ്കിൽ പിന്നെ അവിടെ കൂടെയിരുന്ന് മതിവരുവോളം സംസാരിക്കുക. സംസാരത്തിലൂടെ 39 വർഷത്തിൻറെ അകൽച്ചയെ ഇഴയടുപ്പത്തിലേക്കെത്തിക്കുക. അഥവാ അല്ലാ, എന്നാണുത്തരമെങ്കിൽ, ക്ഷമിക്കണം എന്നൊരു വാക്ക് മാത്രം.. ശൂന്യമായ മനസ്സുമായി നേരെ വീട്ടിലേക്ക് വെച്ച് പിടിക്കുക.
ഇതൊക്കെ അഭിനയക്കളരികളിൽ വളരെ നന്നായി ചെയ്യാനയാൾക്കറിയാം. പക്ഷെ സ്റ്റേജിലേക്ക് കയറിയാൽ, മുന്നിലെ കഥാപാത്രത്തെ അഭിമുഖീകരിക്കുമ്പോൾ അയാളൊരു ഭീരുവായി മാറും. പദാവലി നാണമെന്നിയേ മുദാ നാവിന്മേല് നടനം ചെയ്യൽ പോയിട്ട്, നാവ് കുഴഞ്ഞ്, തൊണ്ട വരണ്ട് കണ്ണുകളിലേക്ക് ഇരുൾ പരക്കും. ഇന്നേ വരെ നേരിട്ട ഓരോ നായികയുടെ മുന്നിലും അയാളിത്തരത്തിൽ പരാജയപ്പെട്ടിട്ടേയുള്ളൂ.
ഇനിയുമാലോചിക്കാനിടയില്ലാത്തവണ്ണം ഇപ്പോഴയാൾ അവർക്ക് മുമ്പിലെത്തി. സങ്കോചകവചത്തിൽ നിന്നും ഉണർന്നെണീറ്റ് അവരെ നോക്കി. അപ്പോളാണത് ശ്രദ്ധിച്ചത്, അവർ കണ്ണടച്ചാണിരിക്കുന്നതെന്ന്. കണ്ണടച്ച്, തന്റേതായ ലോകത്ത് വ്യാപരിക്കുന്ന ഒരാളെ എങ്ങിനെ വിളിച്ചുണർത്തും. അത്തരം ധ്യാനഭംഗങ്ങൾ അരുതാത്തതാണ്. അതു കൊണ്ട് തന്നെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. അടുത്ത വട്ടം അവിടെയെത്തുമ്പോളാവാം സംസാരം. കാഴ്ചയിൽ അത് മായ തന്നെ. പ്രായത്തിന്റെ മേദസ്സും ഋതുഭേദങ്ങളവശേഷിപ്പിച്ച ചുളിവുകളും മാറ്റി നിർത്തിയാൽ ആ ശരീരത്തിനോ, മുഖത്തിനോ ഒരു മാറ്റവും തോന്നിയില്ല. അത് മായയാണെന്ന് തന്നെ വിശ്വസിച്ചു കൊണ്ട് മുന്നോട്ട് നടന്നു, ഒരാവൃത്തി കൂടി അവരെ കാണാൻ, ഉറപ്പിക്കാൻ.
പെട്ടെന്നായിരുന്നു, മൂടി നിന്ന ആകാശം പെയ്ത്ത് തുടങ്ങിയത്. മഴ നനയാതിരിക്കാൻ റോയൽ പാമിന്റെ ചുവടൊഴികെ ആ ഗാർഡനിൽ മറ്റൊരഭയമില്ല. ഏറ്റവുമടുത്തുകണ്ട ഒരു മരച്ചുവട്ടിലേക്ക് കയറി നിന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ട് വീശുന്ന കാറ്റിൽ ചെരിഞ്ഞു പെയ്ത മഴയിൽ നിന്നും രക്ഷനേടാനായി മരത്തിന്റെ കിഴക്കു വശം ചേർന്ന് ഒട്ടി നിന്നു. പെയ്ത്തിന്റെ ശക്തിയിൽ മരച്ചുവട്ടിലെ മറവിലും അയാൾ നനഞ്ഞു കുതിർന്നു. വാരിയൊലിച്ചു പെയ്ത മഴ, വരിയൊലിച്ചു കാണെക്കാണെ ഗാർഡനിലെ നടവഴിയെ മൂടിയതയാളറിഞ്ഞില്ല. പെട്ടെന്ന് ശക്തമായൊരു മിന്നൽപ്പിണർ താഴെ വന്ന് ഉറുമിയങ്കം തീർത്ത് പൊട്ടിത്തെറിച്ചു. ആ പൊട്ടിച്ചിതറലിന്റെ ഭീകരതയിൽ പേടിച്ചരണ്ട് പിടിച്ചാലെത്താത്ത ഉദ്യാനപ്പനയെ കെട്ടിപ്പിക്കാനൊരു ശ്രമം നടത്തി. ഇടിമിന്നലിൽ വൃക്ഷച്ചുവട്ടിൽ നിൽക്കരുതെന്ന പാഠം പെട്ടെന്നയാളുടെ കൈകളെ അടർത്തി മാറ്റി. അപ്പോഴാണയാളോർത്തത്, ഗേറ്റിനു താഴെയായി ഒരു സെക്യൂരിറ്റി ഷെൽട്ടറുണ്ടെന്ന്. ഓടി അയാളാ ഷെൽറ്ററിലഭയം തേടി. ആദ്യ മഴയിൽ നനഞ്ഞ് കുതിർന്ന അയാൾ, വീശിയടിച്ച കാറ്റിൽ ഒന്നു കൂടി തണുത്തു വിറച്ചു. അഭയകേന്ദ്രത്തിലഭയം നേടിയ അയാളെ വീണ്ടും മായയുടെ ഓർമ്മകൾ തൊട്ടു വിളിച്ചു.
ആ ഷെൽട്ടറിൽ നിന്നാൽ അവരിരുന്ന ബഞ്ചിന്റെ കാഴ്ച തൊട്ടു മുമ്പിലായുള്ള പടർപ്പുകളാൽ മറയുന്നത് കാരണം അവരവിടെ ഉണ്ടോ എന്നയാൾക്ക് വ്യക്തമായില്ല.
അവളെ അവസാനമായിക്കണ്ട ഓർമ്മകൾക്കുമുണ്ട് ആ ഒരു അവ്യക്തത. ഡിഗ്രി അവസാന വർഷ സോഷ്യൽ ദിവസം പുഴക്കടവിലെ ഷാപ്പിലേക്ക് പോയത് മാത്രമാണ് വ്യക്തമായ ഓർമ്മ. പിന്നീട് നടന്നതൊക്കെ ഒരോളത്തിലായിരുന്നു. നിറച്ചു വെച്ച കോപ്പകളിൽ നിന്നും തെങ്ങിൻ കള്ള് ഗ്ളാസുകളിലേക്ക് പകർന്ന് പതഞ്ഞൊഴുകി. ആദ്യമായി കള്ളിന്റെ രുചിയറിയുകയായിരുന്നു. കൂട്ടുകാരുമൊത്ത് വാതു വെച്ച് കുടിച്ചതും തലക്ക് മത്തു പിടിച്ചതുമോർമ്മയുണ്ട്. മത്ത് പിടിച്ച അയാൾ തന്റെ പോക്കറ്റിൽ നിന്നും ഉണങ്ങിത്തുടങ്ങിയ ഒരു കൈതപ്പൂവ് പുറത്തെടുത്തുകൊണ്ട് സ്വയം ഒരു വാതു വെച്ചു. ഈ കൈതപ്പൂ ഇന്നവളുടെ മുടിയിഴകളിൽ ഞാൻ ചൂടിച്ചിരിക്കും. ഇല്ലെങ്കിൽ ഞാൻ ഇക്കൊല്ലം പരീക്ഷയെഴുതില്ല... തിരിച്ചു നട്ടുച്ച വെയിലത്ത് പെരുത്ത തലയുമായി ക്ലാസ് റൂമിലേക്കെത്തിയപ്പോഴക്കും അവിടെ ഗ്രൂപ്പ് ഫോട്ടോയുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ഗ്രൂപ്പ് ഫോട്ടോയിൽ അവളുടെ പുറകിലായി നിന്നിരുന്ന വേണുവിനെ മാറ്റി നിർത്തിക്കൊണ്ട് അവിടെ കയറി നിന്നു. മുന്നിൽ നിന്ന മായയുടെ മുടിയിഴകളിൽ നിന്നും ഒഴുകിയ തുളസിപ്പൂ ഗന്ധം ദീർഘമായൊന്ന് ഉച്ഛ്വസിച്ചു കണ്ണുകളടച്ചു നിന്നു. മുന്നിൽ നിന്ന സ്റ്റുഡിയോ ഫോട്ടോഗ്രാഫർ എല്ലാവരോടും ക്യാമറയിലേക്ക് നോക്കാനും പുഞ്ചിരിക്കാനും പറഞ്ഞപ്പോൾ പതുക്കെ കൺതുറന്ന് കയ്യിൽ കരുതിയ കൈതപ്പൂ ആരുമറിയാതെ അവളുടെ മുടിയിഴകളിൽ തിരുകി, അനങ്ങാതെ നിന്നു. ഒക്കെ, റെഡി, ഒൺ, ടു, ത്രീ എന്ന ശബ്ദത്തിനിടയിൽ അവളത് അറിഞ്ഞുവോ എന്നത് വ്യക്തമല്ല. പതിയെ കൺപോളകൾക്ക് കനം വെച്ച് തുടങ്ങി. കണ്ണുകൾ താനെ അടഞ്ഞു, ബഞ്ചിന്റെ മുകളിൽ നിന്നും പുറകിലേക്ക് ശബ്ദത്തോടെ മലർന്നടിച്ച് വീണെന്നത്, കണ്ണ് തുറന്നപ്പോൾ ക്ളാസ് റൂമിലെ ബഞ്ചിൻ മുകളിൽ കൂട്ടുകാരുടെ ആകാംക്ഷ പൂണ്ട തുറിച്ച കണ്ണുകൾ അവ്യക്തമായിക്കണ്ടപ്പോളാണ് മനസ്സിലായത്.. അപ്പോളേക്കും പെൺകുട്ടികളൊക്ക സ്ഥലം വിട്ടിരുന്നു. അതിന് ശേഷം പരീക്ഷാ നാളുകളിലൊന്നിൽപ്പോലും അവളെ കാണാനായില്ല. വാക്ക് പാലിച്ച അയാൾ പരീക്ഷയെഴുതി, പാസായി എങ്ങിനെയോ ഈ നഗരത്തിലെത്തപ്പെട്ടു. പിന്നീടൊരിക്കൽപ്പോലും അവളെ കാണാനോ, ഒന്ന് സംസാരിക്കാനോ ആയില്ല, ശ്രമിച്ചില്ല.
ഓർമ്മകളിൽ നിന്നും തിരിച്ചെത്തിയ അയാൾക്ക് മുന്നിൽ മഴ പെയ്ത്ത് നിറുത്തിയിരുന്നു. വെള്ളം മുങ്ങിയ നടപ്പാതയിലൂടെ അവരിരുന്ന പടിഞ്ഞാറേ മൂലയിലെ ബഞ്ചിനരികിലേക്ക് നടന്നു. മഴയിൽ കുതിർന്ന ബഞ്ചും പരിസരവും അപ്പോൾ ശൂന്യമായിരുന്നു. ആ ഉദ്യാനത്തിൽ അപ്പോൾ അവരെന്നല്ല, ആരും ഉണ്ടായിരുന്നില്ല.
പതുക്കെ പുറത്ത് കടന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി വലത്തോട്ട് തിരിഞ്ഞ അയാൾ അറിയാതെ റോഡിന്റെ ഇടതു വശത്തേക്കായി ഉദ്വേഗത്തോടെ നോക്കി. അപ്പോൾ അങ്ങ് ദൂരെ, അവർ, ഒരു ബിന്ദു പോലെ, അതേ പദചലങ്ങളുമായി അയാളുടെ കാഴ്ച്ചയിൽ നിന്നും അവ്യക്തമായി. ഒരു മായക്കാഴ്ച പോലെ.
--------