Wednesday, June 21, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 8

സുവർണ്ണക്ഷേത്രം

രാജ്യാതിർത്തിയിൽ നിന്നും പോന്ന്,  ഈശ്വരൻ വസിക്കുന്നയിടം എന്നർത്ഥമാക്കുന്ന  ശ്രീ ഹർമന്ദർ സാഹിബിന്റെ രാത്രിക്കാഴ്ചകളിലേക്കായിരുന്നു പിന്നീട് ഞങ്ങൾ പോയത്.

ബസുകാർ ക്ഷേത്രത്തിൽ നിന്നും കുറച്ച് ദൂരെയായി  ഞങ്ങളെ ഇറക്കി. ക്ഷേത്ര പരിസരത്തേക്ക് വലിയ വാഹനങ്ങൾക്ക് പോവാൻ അനുമതിയില്ലാത്തതിനാൽ ഇലക്ട്രിക് റിക്ഷകളിൽ കയറ്റി വിട്ടു. അവരും ഒന്ന് രണ്ടു ഫർലോങ് ദൂരത്തായി ഞങ്ങളെ ഇറക്കി. അവിടന്നങ്ങോട്ട് നടന്നു പോവണം.  ക്ഷേത്രവും പരിസരവും ദൂരക്കാഴ്ചയിൽ തന്നെ വൈദ്യുതവിളക്കുകളുടെ പ്രഭയിൽ കുളിച്ചു നിൽക്കുകയാണ്. ദീപാവലിയുടെ ആഘോഷം കൂടിയായപ്പോൾ എങ്ങും പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന അമൃത് സർ നഗരത്തിലെ സുവർണ്ണക്ഷേത്രത്തിലേക്ക്  പോവുന്ന വഴി ഏതെന്ന് അപരിചിതരോട് ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു.    നാട്ടിലെ ആരാധനാലയങ്ങളിലേക്കുള്ള തെരുവുകളെപ്പോലെ തന്നെ  കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും കൊണ്ട് നിബിഡമാണ് ക്ഷേത്രത്തിലേക്കുള്ള നടപ്പാതക്കിരുവശവും.



ക്ഷേത്രത്തിലേക്ക് ഒഴുകുന്ന ജനസഞ്ചയത്തിലൂടെ ഞങ്ങളും അവിടേക്കൊഴുകി. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നു വരാം എന്നർത്ഥം  വരുന്ന  നാലു കവാടങ്ങളാണ് ഹർമന്ദർ സാഹിബിനുള്ളത്. ദൂരെ നിന്ന് തന്നെ അതിലെ മുഖ്യ കവാടം നമുക്ക് ദൃശ്യമാകും. ഉച്ചനീചത്വങ്ങളില്ലാതെ ഏവരെയും സ്വീകരിക്കുന്ന ക്ഷേത്രത്തിലേക്ക് പക്ഷെ എല്ലാവരും തങ്ങളുടെ കേശം മറച്ചു വേണം പ്രവേശിക്കാൻ. പുരുഷന്മാർ തലപ്പാവോ, തൂവാലയോ കൊണ്ടും സ്ത്രീകൾ ദുപ്പട്ട കൊണ്ടും ആവരണം ചെയ്ത് വേണം പോകേണ്ടത്. അതിനുള്ള തൂവാലകൾ വഴികളിൽ തന്നെ നിങ്ങളെത്തേടിയെത്തും.

ശ്രീ ഹർമന്ദിർ സാഹിബ് അഥവാ ദർബാർ സാഹിബ് എന്നറിയപ്പെടുന്ന സുവർണ്ണക്ഷേത്രം സിഖ് മതവിശ്വാസികളുടെ പ്രഥമവും അതിവിശുദ്ധവുമായ  ആരാധനാലയമാണ്.   പഞ്ചാബിലെ “അമൃത് സർ”എന്ന മനോഹര നഗരത്തിലാണ് അതിമനോഹരമായ സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടക്കും മുമ്പ് പാദരക്ഷകളും മറ്റു യാത്രാ സാമഗ്രികളും സൂക്ഷിക്കുന്ന ക്ളോക്ക് റൂമുകളിൽ അവയേൽപ്പിച്ച് മുഖ്യ കവാടത്തിലുള്ള ജലസ്രോതസ്സിൽ പാദങ്ങൾ ശുചീകരിച്ച് മനസ്സും ശരീരവും ശുദ്ധമാക്കി ആ ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ഉള്ളിലേക്ക് കടന്നതും അമൃതസരസ്സെന്ന പവിത്ര ജലസരസ്സിന്റെ നടുവിലായി  ദീപാലംകൃതമായ സുവർണ്ണക്ഷേത്രം ചുറ്റുമുള്ള ജലശേഖരത്തിലും പ്രഭ ചൊരിഞ്ഞ്, തലയെടുപ്പോടെ നില്ക്കുന്നു. അമൃതസരസ്സിലെ അലങ്കാര മത്സ്യങ്ങളും  ആ കാഴ്ചയിൽ അഭിരമിച്ച് ജലകേളികളാൽ സദസ്യർക്ക് കാഴ്ചയൊരുക്കുന്നു. ക്ഷേത്രം  സദാ  സമയവും ഗുരുബാണിയുടെ ആലാപനങ്ങളാൽ   മുഖരിതമാണ്. ക്ഷേത്രത്തിലങ്ങോളമിങ്ങോളം   സദാ  സമയവും കൈകളിൽ നീണ്ട കുന്തങ്ങളുളള  സിഖ് വളണ്ടിയർമാർ  നിങ്ങളുടെ ഓരോ നീക്കങ്ങളെയും സശ്രദ്ധം നിരീക്ഷിച്ചു കൊണ്ട് നിൽപ്പുണ്ട്.

ആ കാഴ്ചകളിലേക്ക് പോവും മുമ്പ് നമുക്ക് ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കാം..

1577-ൽ  നാലാമത്തെ സിഖ് ഗുരുവായ ഗുരു രാംദാസ്  ക്ഷേത്രത്തിന്റെ സ്ഥലത്ത് ഒരു ജലാശയം നിർമ്മിച്ച് നടുവിലായി ഒരു ഗുരുദ്വാര സ്ഥാപിച്ചു. 1604-ൽ, അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് ആദി ഗ്രന്ഥത്തിന്റെ ഒരു പകർപ്പ് ഹർമന്ദിർ സാഹിബിൽ സ്ഥാപിച്ചു. വിവിധ മുഗൾ-അഫ്ഘാൻ അധിനിവേശങ്ങളിൽ നശിപ്പിക്കപ്പെട്ട ഗുരുദ്വാര   വിവിധ ഭരണാധികാരികളുടെ കീഴിൽ പരിഷ്ക്കരിക്കപ്പെടുകയും  പരിപാലിച്ചു പോരുകയും  ചെയ്തു. പിന്നീട്  മഹാരാജ രഞ്ജിത് സിംഗ്, സിഖ് സാമ്രാജ്യം സ്ഥാപിച്ചതിനുശേഷം, 1809-ൽ മാർബിളിലും ചെമ്പിലും ഇത് പുനർനിർമ്മിക്കുകയും 1830-ൽ ശ്രീകോവിൽ 19 കിലോ സ്വർണ്ണം കൊണ്ട് പൊതിയുകയും ചെയ്തു. അവിടം മുതൽ ഹർമന്ദിർ സാഹിബ്  സുവർണ്ണ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു തുടങ്ങി.

ആദി ഗ്രന്ഥ സൂക്ഷിപ്പുള്ള  ശ്രീകോവിലിനും ചുറ്റുമുള്ള  കുളത്തിനുമപ്പുറത്തായി നാലുപുറവും ഉയർന്നു നിൽക്കുന്ന    കെട്ടിടസമുച്ചയങ്ങളും  ചേർന്നതാണ് സുവർണ്ണ ക്ഷേത്രം. അതിലൊന്ന്  സിഖ് മതത്തിന്റെ മതപരമായ അധികാര കേന്ദ്രമായ അകാൽ തഖ്ത് ആണ്. മറ്റു കെട്ടിടങ്ങളിൽ ഒരു ക്ലോക്ക് ടവർ, ഗുരുദ്വാര കമ്മിറ്റിയുടെ ഓഫീസുകൾ, ഒരു മ്യൂസിയം, ലംഗർ എന്നിവ ഉൾപ്പെടുന്നു. ലംഗർ എന്നാൽ  വിവേചനമില്ലാതെ എല്ലാ സന്ദർശകർക്കും സൗജന്യ സസ്യാഹാരം  നൽകുന്ന,  സിഖ് കമ്മ്യൂണിറ്റി നടത്തുന്ന അടുക്കള. 

സുവർണ്ണ ക്ഷേത്രത്തിൽ വഴിപാടുകളുടെ ദീർഘങ്ങളായ അറിയിപ്പോ, പരസ്യങ്ങളോ ഒന്നും കാണാനില്ലായിരുന്നു. നിങ്ങൾക്കിഷ്ടമുള്ള സാധനങ്ങൾ അവിടത്തെ ലംഗറിലേക്ക് സംഭാവന ചെയ്യാം. സ്വയം അവിടെ സൗജന്യ സേവനം നടത്താം, കർസേവ. മറ്റു ക്ഷേത്രങ്ങളിൽ നിന്നും സുവർണ്ണ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും ഈയൊരു അതുല്യതയാണ്.


ഏകദേശം 8 മണി മുതൽ 10 മണി വരെ ഞങ്ങളാ ക്ഷേത്രത്തിനുള്ളിൽ ആ കാഴ്ചകളിൽ ലയിച്ച്, അവയെല്ലാം ചിത്രങ്ങളാക്കി പരിവർത്തനം നടത്തി ചിലവഴിച്ചു.  പക്ഷെ മണിക്കൂറുകൾ നീണ്ട വരികളിൽ നിന്ന് വേണം    ഗുരു ഗ്രന്ഥ സാഹിബിന്റെ ദർശനം എന്നതിനാൽ  അത് പിറ്റേന്ന് രാവിലേക്ക് മാറ്റി വെച്ച് ഞങ്ങൾ തിരിച്ച് ഹോട്ടലിലേക്ക് യാത്രയായി. അന്ന് ഉച്ചക്ക് പഞ്ചാബി ഭക്ഷണത്തിന്റെ രുചി വേണ്ടവിധം അറിയാൻ കഴിയാത്തതിനാൽ രാത്രിയെങ്കിലും അത് അറിഞ്ഞാസ്വദിക്കണം എന്ന ചിന്തയോടെ ഞങ്ങൾ സമീപവാസികളോട് ചോദിച്ച് തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിൽ കയറി. ഭാഗ്യവശാൽ അവരുടെ ശുപാർശ ഞങ്ങളെ നിരാശപ്പെടുത്തിയില്ല.

പിറ്റേന്ന് രാവിലെ ആദി ഗ്രന്ഥ ദർശനത്തിനായി ഞങ്ങൾ  വീണ്ടും വെളുപ്പാൻ കാലത്ത് തന്നെ ക്ഷേത്രത്തിലെത്തി Q-വിൽ നിന്നു. അവിടേക്ക് വഴിപാടുകളുമായി എത്തുന്നത് മിക്കവാറും സിഖ് വംശജരാണ്. ഒട്ടുമിക്കവരുടെയും കയ്യിൽ വിശുദ്ധ ഗ്രന്ഥത്തിന് മുകളിൽ ചാർത്താനായുള്ള പട്ടു തുണികളുണ്ട്.   ഏകദേശം 2മണിക്കൂർ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്കും അതിനുള്ളിലേക്ക് കയറാനായി. അപ്പോഴേക്കും ഉദയ സൂര്യന്റെ പൊൻ കിരണങ്ങളേറ്റ് ഹർമന്ദിർ സാഹിബിന്റെ താഴികക്കുടങ്ങൾ തിളങ്ങാൻ തുടങ്ങിയിരുന്നു.

അപ്പോളവിടെ   അന്തരീക്ഷത്തിലൂടെ  ഗുരുബാണി നിർബാധം ഒഴുകിക്കൊണ്ടിരുന്നു.

*എൻ ഗുരുവിൻ ചരണാരവിന്ദ സ്പർശനത്താൽ 

പുഷ്‌ക്കലമാമീ ധന്യഭൂവിലേക്കെന്നെ നയിച്ച സരസ്സെ, 

അമൃത സരസ്സെ, എന്നെയും  നീ ശുദ്ധീകരിക്കുക

മാലിന്യ ചിന്തകളിൽ നിന്നും മുക്തനാക്കുക.*

അങ്ങിനെ ക്ഷണനേരത്തേക്കെങ്കിലും  ശുദ്ധമായ മനസ്സും ശരീരവുമായി ഞങ്ങൾ പ്രഭാതത്തിലെ അന്നം തേടി ലംഗറിലേക്ക് കടന്നു. കർസേവകർ നിരന്തരം പരിശ്രമിക്കുന്ന ആ ഭോജനശാലയിൽ നിന്നും റൊട്ടിയും പച്ചപ്പട്ടാണി കൊണ്ടുള്ള കറിയും  ആവോളം ഭക്ഷിച്ചു കൊണ്ട് അമൃത്സറിന്റെ പുറം കാഴ്ചകളിലേക്കിറങ്ങിച്ചെന്നു.

ഏതൊരു നഗരത്തിലെത്തിയാലും ആ നഗരത്തിന്റെ  സ്മരണികകൾ കരസ്ഥമാക്കുക എന്നത് നമ്മുടെ ശീലമാണല്ലോ. അതിനുള്ള തിരക്കിലായിരുന്നു സംഘാംഗങ്ങളെല്ലാം. പഞ്ചാബി കട(ആണുങ്ങൾ ധരിക്കുന്ന ലോഹ വള), അറ്റം കൂർത്ത ഭംഗിയേറിയ ജൂത്തി(ചെരിപ്പ്)കൾ എന്നിവ പലരും വിലപേശി വാങ്ങി.

സുവർണ്ണക്ഷേതത്തിൽ നിന്നും വാരകൾക്കപ്പുറത്തായാണ് കുപ്രസിദ്ധമായ ജാലിയൻ വാലാ ബാഗ്. ജനറല്‍ ഡയറിന്റെ ആജ്ഞ പ്രകാരം 1919 ഏപ്രില്‍ 13നു സന്ധ്യാ സമയത്ത് നിരായുധരായ ഒരു കൂട്ടം ജനങ്ങളെ ചുറ്റും മതിലുകൾ തീർത്ത ആ തോട്ടത്തിനുള്ളിൽ വെച്ച് വെടിവെപ്പിലൂടെ നടത്തിയ നര നായാട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി ഇന്നും നില കൊള്ളുന്നു. മൈതാന മദ്ധ്യത്തിലായുണ്ടായിരുന്ന കിണറിലേക്കായിരുന്നു  അനേകങ്ങൾ അഭയത്തിനായി ഓടിച്ചെന്ന് വീണ് മരണത്തിലഭയം തേടിയത്. ആ സ്മാരകത്തിൽ അന്നത്തെ കൂട്ടക്കുരുതിയുടെ തിരുശേഷിപ്പുകൾ ഇന്നും സന്ദർശകർക്കായി നിലനിര്‍ത്തിയിരിക്കുന്നു. 



ആ കാഴ്ചകളിൽ മനം നൊന്ത് അവർ അന്നനുഭവിച്ച വ്യഥകൾ മനസ്സിലേക്കാവാഹിച്ച് പുറത്തു കടന്ന ഞങ്ങൾ ഇനിയൊരു കാഴ്ചയും കാണേണ്ടെന്ന് തീരുമാനിച്ച്,  തിരിച്ച് ഹോട്ടലിലേക്ക് പോവാനായി റിക്ഷ വിളിച്ചു.

ഇലക്ട്രിക് റിക്ഷകൾ സുലഭമായ നഗരമാണ് അമൃത് സറും. ആറും ഏഴും പേരെ വഹിച്ചു കൊണ്ട് പായുന്ന ചെറു  റിക്ഷകൾ നഗരത്തിലെ ഇടുങ്ങിയ ഗലികളിലൂടെ കാൽ നട യാത്രക്കാരെ ഭയപ്പെടുത്തിക്കൊണ്ട് തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. അത്തരം ഒരു റിക്ഷയിൽ ഡ്രൈവറുടെ കൂടെ പൈലറ്റ് സീറ്റിൽ ഇരുന്നാണ് ഞാൻ  ഹോട്ടലിലേക്ക് തിരിച്ച് പോന്നത്. 

റിക്ഷ ഡ്രൈവർ ബൽവീന്ദറിന്റെ കുടുംബം വിഭജനത്തിന് മുമ്പ് പാകിസ്താനിലെ ലാഹോറിൽ നിന്നും ഓടിപ്പോന്നതാണ്. പഞ്ചാബികൾ പൊതുവെ സംസാര പ്രിയരാണ്, ആതിഥ്യ മര്യാദ അവരുടെ മുഖമുദ്രയാണ്.   ഞങ്ങളുടെ റിക്ഷ ഡ്രൈവർ  ബൽവീന്ദറും സംസാരപ്രിയനായിരുന്നു. ഒന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ ബൽവീന്ദർ തന്റെ കഥ പറയാൻ തുടങ്ങി.. 

ബൽവീന്ദറിന്റെ അച്ഛനമ്മമാർ  കുടുംബസമേതം  വിഭജനത്തിന് മുമ്പ് പാകിസ്താനിലെ ലാഹോറിൽ നിന്നും എല്ലാം ഉപേക്ഷിച്ച്  ഇന്ത്യയിലേക്ക് ഓടിപ്പോന്നതാണ്. അമൃത്സറിലെ ഓരോരുത്തർക്കുമുണ്ടാവാം ഇത്തരം ഒരു അധിനിവേശ ചരിത്രം. സ്ഥാവര ജംഗമ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച്, കണ്ണീരോടെ പോന്ന അദ്ദേഹത്തിന്റെ പിതാവും കുടുംബവും നടന്നാണ്  ഇവിടെയെത്തിയത്.  ആരോ ഉപേക്ഷിച്ചു പോയ ഒരു ഭവനം അവർക്കായി അട്ടാരി ഗ്രാമത്തിൽ കാത്തു കിടന്നിരുന്നു. അവിടെ വാസമുറപ്പിച്ച അവർ അവർക്കനുവദിച്ചു കിട്ടിയ ഭൂമിയിൽ നെല്ലും ഗോതമ്പും വിളയിച്ചു. അപ്പോളും ലാഹോറിലുള്ള തങ്ങളുടെ വീടിനെപ്പറ്റിയും വയലിനെപ്പറ്റിയും ഓർത്തുകൊണ്ട് അവർ കണ്ണീർ വാർത്തു. ഭാഗ്യവശാൽ അവരുടെ കുടുംബാംഗങ്ങളെല്ലാം തന്നെ അന്ന് നടന്ന് ഇവിടേക്കെത്തിയിരുന്നു. ബൽവീന്ദറിന് ഇതെല്ലാം അച്ഛൻ പറഞ്ഞ അറിവ് മാത്രം. എപ്പോഴെങ്കിലും താങ്കളുടെ അച്ഛൻ പിന്നീട് ലാഹോറിലുള്ള വീട് കാണാൻ പോയിരുന്നോ എന്ന ചോദ്യത്തിന് ഉവ്വെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. വർഷങ്ങൾക്ക് ശേഷം അവിടേക്ക് പോയ അവർക്ക്  അന്നത്തെ അന്തേവാസികൾ നൽകിയ ഊഷ്മള വരവേൽപ്പിനെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ആഹ്ളാദം കൊണ്ട് വികസിച്ചിരുന്നതായി ബൽവീന്ദർ പറഞ്ഞു.

അപ്പോഴേക്കും ഞങ്ങളുടെ റിക്ഷ ഹോട്ടലിലേക്കെത്തിയിരുന്നു. അദ്ദേഹത്തോട് സത്ശ്രീ അകാൽ  പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു കയറി.

ഏകദേശം 11 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾക്ക് വൈകീട്ട് 7 മണിക്കാണ് തിരിച്ച് മുംബൈയിലേക്കുള്ള  വണ്ടിയെന്നതിനാൽ, അതു വരെ അമൃത്സറിലെ വസ്ത്ര മാർക്കറ്റ് ഒന്ന് കണ്ടുവരാനായി സ്ത്രീജനങ്ങൾ ഞങ്ങൾ കുറച്ചു പേരോടൊപ്പം  പുറത്തിറങ്ങി. അടുത്തു കണ്ട ഒരു ധാബയിൽ നിന്നും നല്ല നീളൻ ഗ്ളാസുകളിൽ നിറയെ പഞ്ചാബി ലസ്സി കുടിച്ച ഞങ്ങളെ ദാഹവും വിശപ്പും ആട്ടിയകറ്റി. വനിതാ സംഘം മാർക്കറ്റിലെ ആദായമുള്ളതെന്ന് അവർ കരുതിയ വസ്തുക്കളെല്ലാം തന്നെ വിലപേശി വാങ്ങിക്കൂട്ടി തിരിച്ചു ഹോട്ടലിലേക്ക് പോരാനായി വീണ്ടും ഇലക്ട്രിക് റിക്ഷകൾ തേടി.

പത്തോളം പോന്ന സംഘത്തെ ഹോട്ടലിലേക്ക് എത്തിക്കാനായി രണ്ടു റിക്ഷകൾ വേണമായിരുന്നു. മാർക്കറ്റിൽ നിന്നും ഹോട്ടലിലേക്ക് ചെറിയ ദൂരമായിരുന്നതിനാൽ തന്നെ പലരും ഞങ്ങളുടെ വിളികളെ നിരാകരിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു നല്ല സമരിയക്കാരൻ ഞങ്ങളെ സഹായിക്കാനായി എത്തിച്ചേർന്നു. കൂടെ മറ്റൊരു റിക്ഷ കൂടി വേണം എന്ന് പറഞ്ഞു, അത് കൂടി ഏർപ്പാടാക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു വയസ്സൻ സർദാർ അയാളേക്കാൾ വയസ്സായ ഒരു റിക്ഷയുമായി  ഞങ്ങൾക്കിടയിലേക്ക് എത്തിച്ചേർന്നു.

റിക്ഷക്കാർ തമ്മിൽ ഞങ്ങളെ കയറ്റും മുമ്പ് ആദ്യ റിക്ഷാക്കാരൻ ഞങ്ങളോട്  പറഞ്ഞ വിലയെച്ചൊല്ലി ഒന്ന് കൊമ്പ് കോർത്തു. ഞങ്ങൾ പറഞ്ഞ ഹോട്ടൽ രണ്ടാമത് വന്ന പപ്പാജിക്ക് എവിടെയെന്ന് മനസ്സിലായില്ല. ഒടുവിൽ 50 രൂപ കൂടുതൽ എന്ന വ്യവസ്ഥയിൽ അയാളെ അനുനയിപ്പിച്ചു ആദ്യ റിക്ഷാക്കാരൻ കൂടെക്കൂട്ടി.

സംഘം രണ്ടു റിക്ഷകളിലുമായി കയറി. വഴിയറിയാമെന്ന് പറഞ്ഞ ഡ്രൈവർ വണ്ടിയെടുക്കും മുമ്പേ വയസ്സൻ പപ്പാജി തന്റെ ശകടവുമായി മുന്നോട്ട് കുതിച്ചു പാഞ്ഞു. എന്റെ സംഘം  കയറിയ വണ്ടി കുറച്ചു ദൂരം അദ്ദേഹത്തിന്റെ വണ്ടിയെ പിന്തുടർന്നെങ്കിലും  പിന്നീട് അടുത്ത സിഗ്നലിൽ വെച്ച് പപ്പാജിയുടെ വണ്ടി വേറൊരു വഴിയേ തിരിഞ്ഞപ്പോൾ അയാളെ പിന്തുടർന്ന് മുമ്പോട്ട് കടന്ന്, ഓ പാപ്പയേ, കിഥേ ജാരേ എന്ന ചോദ്യവുമായി വഴി തടയാൻ ശ്രമിച്ചുവെന്നാലും  പപ്പാജി അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ഒരു റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോയി. അതോടെ ഞങ്ങളുടെ റിക്ഷാക്കാരന് വഴി തെറ്റി. ഗൂഗിൾ മാപ്പിൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ പിടിക്കാൻ നോക്കിയപ്പോഴാകട്ടെ അതൊട്ട് കിട്ടിയതുമില്ല. അതിനിടയിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ വൈകിയിരുന്നു. പപ്പാജി പോയി തുലയട്ടെ എന്നും പറഞ്ഞു ഞങ്ങളുടെ ഡ്രൈവർ കുറച്ച് ദൂരെയായി ഒടുവിൽ നല്ലൊരു ഭക്ഷണശാലക്ക്  മുമ്പിലെത്തിച്ചു. അപ്പോളാണറിഞ്ഞത്, പപ്പാജി മറ്റെ സംഘത്തെ ഇതിനിടയിൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനരികിലേക്കെത്തിച്ചുവെന്നത്. അതോടെ അതു വരെ  കുറ്റം പറഞ്ഞ സർദാർജിമാരെ മനസ്സുകൊണ്ട് നമിച്ചു, ഭക്ഷണം കഴിച്ച് ഞങ്ങളും ഹോട്ടലിലേക്ക് എത്തി.

ഒരാഴ്ച നീണ്ട ഉത്തരേന്ത്യൻ പര്യടനം അവസാനിപ്പിച്ച് ഞങ്ങളുടെ സംഘം വൈകീട്ട് 7 മണിയോടെ ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിൽ മുംബൈക്ക് തിരിച്ചു.


Tuesday, June 20, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 7

 പഞ്ചനദികളുടെ നാട്ടിലേക്ക്

പഞ്ചനദികളുടെ നാട്ടിലേക്ക് ചെന്നിറങ്ങിയപ്പോഴേക്കും സമയം രാവിലെ മൂന്നുമണിയോടടുത്തിരുന്നു.

2005 ഒക്ടോബറിൽ യാത്ര തുടങ്ങിയപ്പോളുള്ള, 17 വർഷം പഴക്കമുള്ള പാവങ്ങളുടെ രഥപ്പെട്ടികൾ അന്നുതൊട്ടിന്നുവരെ വിശ്രമമില്ലാതോടുന്നതിന്റെയും ഉത്തരേന്ത്യൻ ജനതതിയുടെ ശുചിത്വബോധത്തിന്റെയും ശേഷിപ്പുകളായിരുന്നു. കാരാഗൃഹത്തിൽ നിന്നും മോചനം നേടിയ അവസ്ഥയിൽ  അമൃത് സർ സ്റ്റേഷനിൽ ചെന്നിറങ്ങിയ ഞങ്ങൾ ആതിഥേയർ ഏർപ്പെടുത്തിത്തന്ന വലിയ ടുക് ടുക് വണ്ടികളിൽക്കയറിച്ചെന്നത് സ്വർഗ്ഗത്തിലേക്കാണോ എന്ന സംശയത്തിലായി ഹോട്ടലിലെത്തിയപ്പോൾ. ഡൽഹിയിലെ നരകത്തിൽ നിന്നും അമൃത് സറിലെ സ്വർഗ്ഗത്തിലെത്തിയ ഞങ്ങൾ അഴുക്കുപിടിച്ച ഗരീബിലെ ചേറും ചെളിയും കഴുകിക്കളഞ്ഞ് സസന്തോഷം നിദ്രാദേവിയെ പുൽകി.

അലച്ചലിന്റെയും യാത്രാക്ഷീണത്തിന്റെയും വ്യസനങ്ങളൊഴിഞ്ഞ് കണ്ണ് തുറന്ന പ്പോഴേക്കും മണി 7 ആയിരുന്നു. രണ്ട് ദിവസമാണ് പഞ്ചാബിനെയറിയാനായി ഞങ്ങളുടെ യാത്രാക്രമത്തിലുള്ളത്. എല്ലാവരും വേഗം കുളിച്ച് തയ്യാറായി ഹോട്ടലിൽ നിന്നുതന്നെ  പ്രഭാതഭക്ഷണവും കഴിച്ച് ഒമ്പത് മണിയോടെ രവി ഓഫിസ് മുഖാന്തരം ഏർപ്പാടാക്കിയിരുന്ന എ.എസ് മാൻ ട്രാവലിൻറെ ബസിൽ യാത്രയാരംഭിച്ചു.

പഞ്ചനദം എന്ന പേരിൽ പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന ഭൂപ്രദേശമാണ് പിന്നീട് പഞ്ചാബായി മാറിയത്. വടക്ക് പീർ-പഞ്ചൽ മലനിരകൾക്കും,   തെക്കു പടിഞ്ഞാറ്  അരാവലി മലനിരകൾക്കും,  വടക്കുകിഴക്ക് ഹിമാലയൻ നിരകൾക്കും, കിഴക്ക് യുമനാനദിക്കും,  വടക്കു പടിഞ്ഞാറ്  സിന്ധു നദിക്കും ഇടയിലുള്ള   ഭൂപ്രദേശത്തെ പഞ്ചാബ് എന്ന് പിന്നീട് വിളിച്ചു വന്നു. വിതസ്താ(ഝലം), ചന്ദ്രഭാഗാ(ചെനാബ്), ഇരാവതീ(രാവി), വിപാശാ(ബിയസ്), ശതദ്രുഃ(സത്‌ലജ്) എന്ന പാഞ്ച്(അഞ്ച്) നദികളാണ് ആ നാമഥേയത്തിനാധാരമായ നദികൾ. പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ രചനകളിലൂടെ  പഞ്ചാബ് എന്ന പേര് പുറംലോകമാദ്യമായി കേട്ടു തുടങ്ങി. 

കേൾക്കാനിമ്പമുള്ള പഞ്ചാബി ഭാഷ ഉരുത്തിരിഞ്ഞത് ഇന്തോ-ആര്യൻ പ്രാകൃതത്തിൽ നിന്നും പിന്നീട് പേർഷ്യൻ, ലാറ്റിൻ ഭാഷകളിൽ നിന്നുമുള്ള പദങ്ങളുടെ ആദാനത്തിലൂടെയുമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരു ആനന്ദ് രൂപപ്പെടുത്തിയെടുത്ത ഗുരുമുഖിലിപിയിലൂടെയാണ് ഇന്ന് പഞ്ചാബി എഴുതപ്പെടുന്നത്, പാകിസ്താനിലെ പഞ്ചാബിൽ ഇത് ഷാമുഖിയിലും(ഉറുദു ലിപിയോട് സാദൃശ്യം).

രണ്ടു ദിവസം കൊണ്ട് പഞ്ചാബ് മുഴുവൻ കാണാൻ നേരമില്ല. അമൃത്സർ നഗരത്തിലൂടെ പഞ്ചാബിനെ തൊട്ടറിയാനായി ഒരു ശ്രമം. വ്‌ളോഗുകളിലൂടെ കണ്ടിട്ടുള്ള പഞ്ചാബ് സുന്ദരിയാണ്, നിത്യഹരിതയാണ്. മഞ്ഞപ്പട്ടണിഞ്ഞ കടുക് പാടങ്ങളുടെ നാടാണ്.  നഗരത്തിൽ നിന്നും വാഗാ അതിർത്തിയിലേക്കുള്ള യാത്രാ മദ്ധ്യേ ആ പഞ്ചാബിനെ, പഞ്ചാബിന്റെ ഗ്രാമങ്ങളെ തൊട്ടറിയണം. പഞ്ചാബിന്റെ വിഭവങ്ങൾ ആസ്വദിക്കണം. മോഹങ്ങളേറെയുണ്ട്...  ബസ് അമൃത്സറിലെ ടൂറിസ്റ്റ് മാപ്പിലടയാളപ്പെടുത്തിയ പ്രധാന ആകർഷണങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.

ഹോട്ടലിൽ നിന്നും അധികം ദൂരെയല്ലാതെയുള്ള മാതാ വൈഷ്ണോ ദേവി മന്ദിറിലേക്കാണ് ആദ്യം ഞങ്ങളെക്കൊണ്ടുപോയത്. നാഗരിക രീതികളിൽ രണ്ടു മൂന്നു നിലകളിലായി  പണിത, ഹിന്ദു പുരാണങ്ങളിലുള്ള എല്ലാ ദേവീ-ദേവന്മാരെയും ഉൾക്കൊള്ളിച്ച ഒരു മ്യൂസിയം പോലെയായിരുന്നു ആ ക്ഷേത്രം.

അവിടെ നിന്നും ഞങ്ങളെത്തിയത് പ്രശസ്തമായ ദുർഗിയാന മന്ദിരത്തിലേക്കാണ്. സിഖ് സുവർണ്ണക്ഷേത്രത്തിന്റെ വാസ്തുശൈലിയിൽ 1921-ൽ ഗുരു ഹർസായ് മാൽ കപൂർ  നിർമ്മിച്ചതാണ് ഈ ദുർഗാ ക്ഷേത്രം. ചതുരാകൃതിയിലുള്ള വലിയൊരു തടാക മദ്ധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാക മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോവാനായി വലിയൊരു പാലം നിർമ്മിച്ചിട്ടുണ്ട്.

അടുത്തതായി ഞങ്ങളുടെ ലക്‌ഷ്യം പഞ്ചാബ് സംസ്ഥാന യുദ്ധ സ്മാരകവും മ്യൂസിയവും ആയിരുന്നു. യാത്രാ മദ്ധ്യേ പ്രശസ്തമായ ഖൽസാ കോളേജിന്റെ അഴകാർന്ന മുൻവശക്കാഴ്ചകൾ കണ്ടുകൊണ്ടാണ് യാത്ര. അമൃത്സർ അട്ടാരി റോഡിലായി നഗരത്തിന്റെ അതിര്‍ത്തിയിലായാണ് യുദ്ധ സ്മാരകം. അധിനിവേശങ്ങളുടെ ചരിത്രം തേടിപ്പോകുന്ന വർക്ക് വിട്ടു കളയാൻ പറ്റാത്ത ഒരേടാണ് പഞ്ചാബ്. എത്രയോ അധിനിവേശങ്ങളെ അവർ തങ്ങളുടെ വാളുകളാൽ തുരത്തിയ  ചരിത്രമുണ്ട്.  പഞ്ചാബ് രാജ്യത്തിൻറെ വാളാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് 45 മീറ്റർ നീളമുള്ള  സ്റ്റെയിൻ ലെസ്സ് സ്റ്റീലിൽ തീർത്ത ഒരു ഖഡ്‌ഗം ആ സ്മാരകത്തിന്റെ ഒത്ത നടുവിലായി അംബര ചുംബിയായി നില കൊളളുന്നു.



പഞ്ചാബിലെ ധീരസാഹസിക യോദ്ധാക്കളുടെ ഉജ്ജ്വല യുദ്ധഗാഥകൾ  പ്രദർശിപ്പിക്കുന്ന തിനും,  ധീര സൈനികരുടെ ചരിത്രവിവരണത്തിലൂടെ അവയൊക്കെ  അനശ്വര മാക്കാനും, യുവാക്കളിൽ രാജ്യസ്നേഹത്തിന്റെ ഉറവകൾ ഊട്ടി വളർത്താനുമായാണ്   സ്മാരകം  നിർമ്മിച്ചിട്ടുള്ളത്. അത് പ്രതിനിധാനം ചെയ്യുന്നതാവട്ടെ പഞ്ചാബികളുടെ ധൈര്യവും ശക്തിയും അതിലൂടെയുള്ള രാജ്യസംരക്ഷണവും.

പഞ്ചാബികളുടെ യുദ്ധ ചരിത്രം, റോഹില്ല യുദ്ധം മുതൽ സിഖ് രാജവംശ രൂപീകരണം, ബ്രിട്ടീഷുകാരുമായുള്ള യുദ്ധങ്ങൾ വരെ, സ്വാതന്ത്ര്യാനന്തര യുദ്ധങ്ങൾ എന്നിവ വിവിധ ഗ്യാലറികളിൽ ബിംബങ്ങളിലൂടെയും  ചിത്രങ്ങളിലൂടെയും ഓഡിയോ-വിഷ്വൽ അവതരണങ്ങളിലൂടെയും ഒരുക്കിയിരിക്കുന്നു. കൂടാതെ ഇതുവരെയുണ്ടായ വിവിധ യുദ്ധങ്ങളിൽ ഉപയോഗിച്ച മിഗ് വിമാനങ്ങൾ, ഇൻഫന്ററി ടാങ്കുകൾ, പാറ്റൻ ടാങ്കുകൾ, യുദ്ധക്കപ്പലുകളുടെ ഹ്രസ്വരൂപങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിരിക്കുന്നു. യുദ്ധങ്ങളുടെ ഗാഥകളെയും  ശിഷ്ടങ്ങളെയും സ്മാരകങ്ങളിൽ തന്നെ തിരിച്ചു വെച്ച് കൊണ്ട് ഞങ്ങൾ പതിയെ  വാഗാ ബോർഡറിലേക്ക് തിരിച്ചു.



ഇരുവശവും കൊയ്യാറായി നിൽക്കുന്ന സ്വർണ്ണവർണ്ണമാർന്ന ഗോതമ്പ്-നെൽപ്പാടങ്ങൾക്കിടയിലൂടെ കടന്നു പോവുന്ന  അട്ടാരി റോഡിലൂടെ  ബസ്  മുന്നോട്ട് കുതിച്ചു. യാത്രാമദ്ധ്യേ ഉച്ചഭക്ഷണം ഒരു തനത് പഞ്ചാബി ധാബയിൽ നിന്നുമാവണം എന്ന് ബസുകാരോട് പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, അവർക്കിത് എന്നത്തേയും ബിസിനസ്. തങ്ങൾക്ക് ലംചാ ലബ്ദിയുള്ള ഏതോ ഒരു ധാബയിൽ ഇത് തന്നെ ഏറ്റവും നല്ല ഭക്ഷണശാലയെന്ന് പറഞ്ഞു ഞങ്ങളെ കൊണ്ടു ചെന്നാക്കി. വിളമ്പിയ ഭക്ഷണത്തിന്റെ രുചി അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ട് നഷ്ടക്കണക്കുകളുമായി അതിർത്തിയിലേക്ക് നീങ്ങി.

ഏഷ്യയിലെ ഏറ്റവും പുരാതന പാതയായ ഗ്രാന്റ് ട്രങ്ക് റോഡിൽ അമൃത്സറിൽ നിന്നും 30 കിലോമീറ്റർ അകലെയായായാണ് അട്ടാരിയിലെ വാഗാ ബോർഡർ. ഉച്ചഭക്ഷണം കഴിഞ്ഞു നേരെ പോന്നതിനാൽ തന്നെ മൂന്ന് മണിയായപ്പോഴേക്കും ഞങ്ങൾ ഗേറ്റിലെത്തി. അപ്പോഴേക്കും ഏകദേശം മുന്നൂറോളം പേർ അവിടെ വരികളിലായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. അധികം വൈകാതെ ഉള്ളിലേക്കുള്ള പ്രവേശനം തുടങ്ങി. പ്രവേശന ഫീസ് ഇല്ലാതെയാണ് അവിടേക്കുള്ള എൻട്രി.

സുരക്ഷാ പരിശോധന കവാടത്തിൽ  നിന്ന് തന്നെ ഇന്ത്യയുടെ ത്രിവർണ്ണ പതാക വലിയൊരു കൊടിമരത്തിൽ പാറിക്കളിക്കുന്നത് കാണാം.  ആ കാഴ്ചയിൽ മനം നിറഞ്ഞ്, പരിശോധനകൾ  കഴിഞ്ഞു ഉള്ളിലേക്ക് കടന്ന് നാം ചെന്നെത്തുക ഇന്ത്യ എന്ന് എഴുതി വെച്ച, റോഡിനു കുറുകെ പണിത ഒരു ബഹുനിലക്കെട്ടിട കവാടത്തിലേക്കാണ്. അതിന്റെ ഉൾഭാഗം ഒരു ഗാലറിയായി പരിണമിക്കുന്നു. അവിടേക്കാണ് പതാക താഴ്ത്തൽ ചടങ്ങു കാണാനായി എത്തി നാം ഇരിക്കേണ്ടത്. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന ഗാലറിയിൽ നാലു മണിയായപ്പോഴേക്കും ഞങ്ങളെത്തി. അവിടെയുള്ള ചടങ്ങ് തുടങ്ങുക 5 മണിയോടെയാണ്. അത് വരെ BSF പ്രദർശിപ്പിക്കുന്ന വിഡിയോയും കണ്ടിരിക്കാം.

നമ്മുടെ ഗാലറിക്കവാടം തുടങ്ങുന്നിടത്തു നിന്നും വാരകൾക്കപ്പുറമായാണ് ബോർഡറിലെ വലിയ ഇരുമ്പു  ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങളുടെയും ഭാഗങ്ങളിലായി ഇത്തരം വലിയ ഗേറ്റുണ്ട്.  ഇതിനിടയിലായാണ് ഇരു രാജ്യങ്ങളുടെയും പതാകകൾ രാവിലെ ഉയർത്തുന്നതും വൈകീട്ട് താഴ്ത്തുന്നതും.




5 മണിയായതോടെ ബീറ്റിംഗ് റിട്രീറ്റ് സെറിമണി എന്നറിയപ്പെടുന്ന ചടങ്ങിനായുള്ള പ്രാരംഭം കുറിച്ച് കൊണ്ട് ബി.എസ്.എഫിന്റെ ഒരു ജവാൻ വലിയൊരു പതാക വീശിക്കൊണ്ട്  ഗാലറി ബിൽഡിങ്ങിനു താഴെ നിന്നും മുമ്പോട്ടോടി, പകുതി ദൂരത്തു നിന്നും തിരിച്ചു വന്നു. തുടർന്ന് അയാളത് കാഴ്ചക്കാരായെത്തിയ കൊച്ചു കുട്ടികൾക്ക് കൈമാറി. അവരും സ്ത്രീകളും ഓരോരുത്തരായി കുറച്ചേറെ നേരം ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ ഈ പ്രകടനം തുടർന്നു. അതിനു ശേഷം സ്ത്രീകൾക്കു മാത്രമായി  ബോളിവുഡ് ദേശഭക്തി ഗാനങ്ങളുടെ ഫാസ്റ്റ് നമ്പറുകൾക്കനുസൃതമായി നടത്താവുന്ന ഫ്ലാഷ് മോബ് ഗണത്തിൽ പെടുത്താവുന്ന  ഒരു പരിപാടി. അപ്പോഴേക്കും ഇന്ത്യൻ ഗാലറിയുടെ ഇരുവശവും  നിറഞ്ഞു കവിഞ്ഞിരുന്നു. ഗേറ്റിനപ്പുറം പാക്കിസ്ഥാൻ ഭാഗത്തെ ഗാലറി ചെറുതാണ്. അവിടെ ആ രാഷ്ട്രത്തിന്റെ വലുപ്പത്തിനനുപാതികമായ ജനക്കൂട്ടവും.

തുടർന്നാണ് ഇരു കൂട്ടരും ചേർന്നുള്ള ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. ഇരുവശത്തു നിന്നും ഉയരുന്ന കാഹളങ്ങൾക്കനുസരിച്ച് ജവാന്മാർ പരേഡുകൾ നടത്തുന്നു, വെല്ലുവിളിയോട് സാമ്യമുള്ള പ്രകടനങ്ങളും കൈകാൽ കലാശങ്ങളും നടത്തുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ഇത് കണ്ടാൽ കഥകളിയിലെ യുദ്ധരംഗങ്ങളിലെ ഗോഗ്വാ വിളികളാണ് ഓർമ്മ വരിക. ഒപ്പം തന്നെ ഗാലറിയുടെ ഇരുവശത്തുമിരിക്കുന്ന ജനത്തിനെ ആവേശം കൊള്ളിക്കാനായി ഒരു BSF ജവാൻ ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴക്കി കാണികളെയും അതിൽ പങ്കാളികളാക്കും. അതോടെ അവിടത്തെ അന്തരീക്ഷം ദേശഭക്തിയാൽ മുഖരിതമാവുകയായി.

ഇങ്ങനെയുള്ള പല വിധ അഭ്യാസങ്ങൾക്കും ശേഷം ഇരുവരും തങ്ങളുടെ ഗേറ്റുകൾ തുറക്കുന്നു, സൂര്യാസ്തമയത്തോടെ ഇരു പതാകകളും വിപരീതദിശയിൽ ചരടുകൾ വലിച്ച്   അന്യോന്യം തൊട്ടുരുമ്മി താഴോട്ടെത്തിക്കുന്നു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്ത് വീണ്ടും അതിർത്തിയടക്കുന്നു.

ഇതെല്ലാം കണ്ടു നിർവൃതിയടയുന്നതിനപ്പുറം ചില ചോദ്യങ്ങളും നിങ്ങളുടെ മനസ്സിലേക്ക് കടന്ന് വരാം. ആത്യന്തികമായി ചടങ്ങിന്റെ പ്രത്യക്ഷ ഉദ്ദേശം സൂര്യാസ്തമയത്തിനുമുമ്പുള്ള  പതാക താഴ്ത്തലാണ്. അതിനിടയിൽ ഇത്തരം  ആയോധന നിലവിളികളും, കാലുയർത്തി ചവിട്ടലുകളും,   മീശചുരുട്ടി  ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടങ്ങളും മൂർച്ചയുള്ള ഹസ്തദാനങ്ങളും  ചേർന്ന്  അന്തരീക്ഷത്തെ  യുദ്ധക്കളസമാനമാക്കി മാറ്റേണ്ടതുണ്ടോ.

ആദ്യമായാണ് ഒരു രാജ്യാതിർത്തി ഇത്രയും അടുത്ത് കാണുന്നത്. അതും തമ്മിൽ ശത്രുത പുലർത്തുന്ന രണ്ടു രാജ്യങ്ങളുടെ. അപ്പോഴും ശ്രദ്ധിച്ചൊരു വസ്തുത, ഈ പരേഡുകൾക്ക് തൊട്ടു മുമ്പ് പോലും പാകിസ്ഥാനിൽ നിന്നും അതിർത്തി കടന്ന് വരുന്ന പൗരന്മാരെ കണ്ടുവെന്നതാണ്. അവരെ ചെറിയൊരു ഗേറ്റിനുള്ളിലൂടെയാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട് വിമാന സർവീസ് ഇല്ല. തീവണ്ടി സർവീസ് ഇല്ല. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ ബസ് സർവീസും നിർത്തിയിരിക്കുന്നു. പോകാനുള്ള ഏക മാർഗ്ഗം റോഡ് വഴി വന്ന് കാൽ നടയായി അതിർത്തി മുറിച്ചു കടക്കൽ മാത്രം.

വിഭജനം ഇരു രാജ്യങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ളവർ മറക്കാൻ ശ്രമിക്കുന്നൊരു ഏടാണ്. ഇരുവശവും വർഗ്ഗീയ കലാപങ്ങൾ കൊടുമ്പിരി കൊണ്ട നാളുകളിൽ ലാഹോറിലും അമൃത് സറിലും ആൾക്കൂട്ടം ആയുധങ്ങളുമായി കറങ്ങി നടന്ന് അന്യോന്യം കൊന്ന് കൊലവിളി നടത്തിയത് എത്ര ശ്രമിച്ചാലും അവർക്ക് മറക്കാൻ കഴിയുമായിരിക്കില്ല. കാലം പിന്നിടുമ്പോൾ, അന്നത്തെ തലമുറ നാമാവശേഷമാവുമ്പോൾ ചിലപ്പോൾ അതെല്ലാം വിസ്മൃതിയിലേക്ക് നയിക്കപ്പെട്ടേക്കാം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ഇവനെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി കുടുംബത്തിലെ ഒരുത്തനെ ഇന്ത്യയിലേക്ക് പലായനം ചെയ്യിച്ചവർ, അങ്ങിനെ എത്ര കഥകൾ.. ഒരു നിമിഷം കൊച്ചു മിൽഖ അലമുറയിട്ടു കൊണ്ട് തന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോരുന്ന രംഗം മനസ്സിലേക്ക് ഒരു നോവായി കയറിവന്നു.

തിരിച്ചു വീണ്ടും അമൃത്സറിലേക്ക്. അപ്പോഴേക്കും കാഴ്ചകളില്ലാത്ത വണ്ണം വഴികളിലേക്ക് ഇരുൾ പരന്നിരുന്നു. പലരും ഒന്ന് മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത ലക്ഷ്യസ്ഥാനം സുവർണ്ണ ക്ഷേത്രമാണ്. അവിടത്തെ രാത്രിക്കാഴ്ചകളാണ്....

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...