Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ - (2)


എനിക്ക് ഏകദേശം ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ(പരക്കാട്ട് പിഷാരത്ത് ഗോപാല പിഷാരോടി) അന്ന് ജോലി ചെയ്തിരുന്ന മദ്ധ്യപ്രദേശിലെ മോവ്(MHOW) എന്ന സ്ഥലത്തേക്ക് കുടുംബത്തെ കൂട്ടി പോയിയെന്ന് അമ്മ(വട്ടേനാട്ട് പിഷാരത്ത് ദേവകി പിഷാരസ്യാർ) പലപ്പോഴും പറയുമായിരുന്നു. പിന്നീട് ഒരു വർഷത്തിന്‌ ശേഷം തിരിച്ചു വന്നത് ഒരു അനുജനെയും കൂട്ടിയാണ്. ആ ദിനങ്ങളൊന്നും ഓർമ്മയിലില്ല, ആകെ ഓർമ്മയുള്ളത് അവിടെ നിന്നും തിരിച്ചു പോരുന്ന, നേരത്തെ പറഞ്ഞ ഒരു തീവണ്ടിക്കാഴ്ച മാത്രം.
വീണ്ടും കുറച്ചു കാലത്തെ വട്ടേനാട്ട് വാസം. അതിന്റെയൊക്കെ വളരെച്ചെറിയ ഓർമ്മകളെ ഉള്ളൂ. അന്ന് കഴകവുമായി വട്ടേനാട്ട് സ്ഥിരതാമസം മുത്തശ്ശിയുടെ മൂത്ത ജേഷ്ഠത്തിയുടെ മകൾ കുഞ്ചുട്ടി മുത്തശ്ശിയും മകൻ രാമചന്ദ്രമ്മാവനും ആണ്. അമ്മാവൻ സ്‌കൂൾ പഠനം കഴിഞ്ഞു ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കുന്ന കാലം.
അതെന്താ, ഇതെന്താ എന്ന് ചോദിച്ച് പിന്നാലെ നടക്കുന്ന മൂന്നര-നാല് വയസ്സുകാരന് അന്ന് വരി വരിയായി പോവുന്ന ഉറുമ്പുകളെ കാണിച്ച് അവയുടെ യാത്രയിൽ അവന്റെ മനസ്സിനെ പിടിച്ചു കെട്ടി രാമചന്ദ്രമ്മാവൻ രക്ഷപ്പെടുമായിരുന്നത്രെ.
ഒരു വൈകുന്നേരം അമ്പലക്കുളത്തിൽ അമ്മ ഞങ്ങളെയും കുളിപ്പിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അമ്പല നടയിൽ പെട്ടിയും ബെഡ് ഫോൾഡറുമായി അച്ഛൻ പട്ടാളത്തിൽ നിന്നും ലീവിൽ വന്നെത്തുന്നത്. അവയുടെ കൂട്ടത്തിൽ ഒന്ന് രണ്ട് വലിയ ടിന്നുകളും ഉണ്ടായിരുന്നു. നിറയെ വെണ്ണ ബിസ്കറ്റുകൾ നിറച്ച ടിന്നുകൾ.
കുറച്ചു കാലത്തിന് ശേഷം ഞങ്ങൾ അമ്മയും മുത്തശ്ശിയും അനുജനുമൊപ്പം പെരിന്തല്മണ്ണക്കടുത്ത ചെറുകരയിലേക്കെത്തി. ഭരതനുണ്ണിയമ്മാമനും ശിന്നകുട്ടി അമ്മായിയും താമസിച്ചിരുന്ന ചെറുകര തെക്കേ പത്തായപ്പുരയിലാണ് മുത്തശ്ശൻ കണ്ണനുണ്ണി മൂത്ത പിഷാരോടിയും താമസിച്ചിരുന്നതത്രെ.. മുത്തശ്ശൻറെ മരുമകൻ ആയിരുന്നു ഭരതനുണ്ണി അമ്മാവൻ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ചെറുകരയിൽ മുത്തശ്ശനു ഭാഗമായി കിട്ടിയ കുറച്ചു സ്ഥലവും മൂന്ന് വലിയ പത്തായങ്ങളുള്ള ഒരു പത്തായപ്പുരയും മുത്തശ്ശിയുടെ പേരിൽ ഉണ്ടെന്നാലും അവിടെ താമസിക്കാൻ ഉള്ള സൗകര്യങ്ങൾ ഒന്നും ഇല്ലെന്നതിനാൽ, ഞങ്ങളും തെക്കേ പത്തായപ്പുരയിലാണ് താമസിച്ചിരുന്നത്.
ചെറുകരയിലെ ഓർമ്മകൾക്ക് തെളിച്ചം വെക്കുന്നത് ഏകദേശം 4 വയസ്സുള്ളപ്പോഴാണ്. തെക്കേ പത്തായപ്പുര രണ്ടു എടുപ്പുകളുള്ള ഒരു വീടായിരുന്നു. അതിലെ പടിഞ്ഞാറ്റിയിലെ ആദ്യ നിലയിൽ തെക്കേ അറ്റത്തുള്ള മുറി ആയിരുന്നു ഞങ്ങളുടെ കിടപ്പു മുറി. ചുമരുകളിൽ പഴയ ഏതെല്ലാമോ മുത്തശ്ശിമാരും മുത്തശ്ശന്മാരും വലിയ ഛായാ ചിത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
രാവിലെ ഉണർന്നെണീറ്റാൽ കരഞ്ഞു കൊണ്ട് ഗോവണിപ്പടികൾ ഇറങ്ങി വന്ന് ഉമ്മറപ്പടിയിലിരുന്ന് കരഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു. കരയാൻ കൂടെ മിക്കവാറും അനുജൻ ശശിയുമുണ്ടാവും. ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. പലപ്പോഴും കോണിപ്പടിയിൽ നിന്നും താഴോട്ട് വീഴ്ചയും പതിവായിരുന്നു. അപ്പോഴേക്കും അമ്മ എത്തി സമാധാനിപ്പിച്ചു ഓരോ ഗ്ളാസ് പാല് തരുമായിരുന്നു. മേമ്പൊടിയായി കുറേശ്ശേ ഹോർലിക്‌സും ഇട്ടു തന്നിരുന്നുവെന്നാണ് ഓർമ്മ. അതു കിട്ടിക്കഴിഞ്ഞാൽ കരച്ചിലിന് ശമനമാവും.
കുട്ടിക്കാലത്ത് എനിക്ക് വേണ്ടത്ര നിറമില്ല എന്ന് പറഞ്ഞു ശിന്നക്കുട്ടി അമ്മായിയുടെ ഏട്ടൻ ആനയാത്ത് നാരായണമ്മാവന്റെ ഭാര്യ കുളപ്പുള്ളി അന്തിമഹാകാളൻകാവിലെ അമ്മായി ഇടക്ക് തെക്കേ പത്തായപ്പുരയിലേക്കെത്തുമ്പോൾ ഒരു തേച്ചു കുളിപ്പിക്കൽ പതിവുണ്ടത്രേ. ദേവകി ശരിക്ക് കുളിപ്പിക്കാഞ്ഞിട്ടാണ് കുട്ടിക്ക് വേണ്ടത്ര വെളുപ്പില്ലാത്തതെന്ന് പറഞ്ഞു ചകിരികൊണ്ട് കൊട്ടത്തളത്തില് നിർത്തി തേച്ച് കുളിപ്പിക്കുമത്രേ. ഞാനാണെങ്കിൽ ഈ കുളി കഴിയുമ്പോഴേക്കും കരഞ്ഞു പൊളിച്ചിരിക്കും, കൂടാതെ തേക്കലിന്റെ ശക്‌തിയിൽ ചുകപ്പു നിറമായി മാറുമായിരുന്നത്രെ.
അമ്മായി തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. ഞാനൊരു ഇരു നിരക്കാരൻ മാത്രം. പോരാത്തതിന് പാരമ്പര്യമായി കിട്ടിയ വരണ്ട ചർമ്മവും.
ചിത്രം - തെക്കേ പത്തായപ്പുര.
വര - അനുജൻ ശശി
തുടരും...Like
Comment
Share

No comments: