2025, ഏപ്രിൽ 27, ഞായറാഴ്‌ച

പേരമരം


കത്തിജ്വലിക്കും പേരുവിൻ കീഴിലായ്  
വാടാതെ നിൽപ്പുണ്ടിപ്പോഴും 
മധുപക്വമല്ലെന്നാലും  കനികളുമായി 
പൈതൃക സ്വത്താം പേരമരമൊന്ന്  

അര ശതാബ്ദം മുമ്പൊരുദിനം 
കൃഷിഭവനത്തിൽ നിന്നുമാ  
പേരത്തയ്യുമായെത്തിയ നേരം  
അച്ഛന്റെ കയ്യിലുണ്ടായിരുന്നു 
അമൃതസമാനമൊരു പേരയ്ക്കയും

മാധുര്യമൂറും രുചിയോടന്നച്ഛൻ  
തൊടി തൻ പടിഞ്ഞാറേ തലക്കൽ 
നാട്ടൊരാ പേര തളിർത്തു  പൊങ്ങി 
തൻ മക്കളെക്കാൾ വേഗമോടെ  

ആണ്ടു രണ്ടു കഴിഞ്ഞിട്ടും 
പൂക്കാതെ നീണ്ട പേരയോടച്ഛൻ 
അന്നൊരുദിനം ചൊല്ലി 
വെട്ടി വളമാക്കും നിന്നെ ഞാൻ 
നല്ലിളം കായ്കൾ തന്നീടായ്കിൽ  

അന്നാ പിഞ്ചു പേരയോടവ്വിധം 
ചൊന്നതിനാലെന്നറിവീല  പിറ്റെന്നാൾ 
മറ്റൊരു മരമച്ഛനെ തള്ളി താഴെയിട്ടു 
കൊച്ചു ചെടി കരഞ്ഞിരിക്കാം, മരങ്ങൾ തൻ 
ഭാഷ നാം മനുജർക്കറിവീലല്ലോ 

രണ്ടു നാളിനപ്പുറം യാത്രയായച്ഛൻ  
മൃത്തിലേക്കുള്ള  യാത്ര
അറം പറ്റിയ വാക്കിനപ്പുറം 
ആരെന്നറിവീല, മണ്ണൊരുക്കിയതോ 
ആ പിഞ്ചു പേരമരച്ചുവട്ടിലും 

ആണ്ടുകൾ പിന്നിട്ടപ്പോളാമരം 
തന്ന പേരയ്ക്കകൾ തിന്നാൻ 
ഉണ്ടായതില്ലാ നാടുവിട്ടൊരാ 
അച്ഛന്റെ മക്കളാരും 

ഇന്നാ പേരമരച്ചുവട്ടിൽ    
വീണ്ടുമോർക്കുനിതച്ഛനെ
ഒരു നാൾ വളമായിടും  മർത്ത്യൻ
വിളകൾക്കെന്നറിഞ്ഞീടുക നാം. 

(Published in Mumbai Jalakam Weekly, 27th April 2024)

അഭിപ്രായങ്ങളൊന്നുമില്ല:

കടലോളം നിനവുകൾ കൈക്കുമ്പിളിൽ

ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എ...