മലയാളത്തിലേക്കുള്ള വിവർത്തന കൃതികളുടെ ചരിത്രം പരിശോധിക്കുമ്പോൾ വിക്തോർ യൂഗോയുടെ പാവങ്ങൾക്കുള്ള സ്ഥാനം അദ്വിതീയമാണ്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മലയാള ഭാഷാ പിതാവായിരുന്ന തുഞ്ചത്തെഴുത്തച്ഛൻ വാത്മീകിയുടെ ആദികാവ്യം കിളിപ്പാട്ട് രൂപത്തിൽ മലയാളിക്ക് സംഭാവന ചെയ്തത് വിസ്മരിക്കാനാവില്ല. അദ്ധ്യാത്മ രാമായണം ഒരു പദാനുപദ തർജ്ജുമ്മയായിരുന്നില്ല, മറിച്ച് ആദിമദ്ധ്യാന്തം അദ്ദേഹത്തിന്റെ സർഗ്ഗ ശേഷി പ്രത്യക്ഷമാക്കുന്ന ഒരു സ്വതന്ത്ര കാവ്യം തന്നെയായിരുന്നു. മഹാകാവ്യം.
നാലപ്പാട്ട് നാരായണമേനോൻ 'ലെ മിസെറാബ്ൾ' എന്ന ബൃഹത്ത് ഫ്രഞ്ച് കൃതിയെ 1925ലാണ് പാവങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.അതായത് ഒരു വിവർത്തന കൃതി മഹത്തായ 100 വർഷങ്ങൾ പിന്നിടുന്നു.
1862ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചത് മുതൽ ലോകമെമ്പാടും വായിക്കപ്പെട്ട കൃതിയാണ് 'പാവങ്ങള്‍'. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യദശകത്തെയും അന്ന് നില നിന്നിരുന്ന മനുഷ്യന്‍റെ ജീവിതാവസ്ഥകളുടെയും നേർചിത്രങ്ങൾ യൂഗോ വരച്ചു വെച്ചു. കരുണാമയനായ ഡിയിലെ മെത്രാനും വിശന്നു വലഞ്ഞ അനുജത്തിക്കു വേണ്ടി അപ്പം മോഷ്ടിച്ച് പിടിക്കപ്പെട്ട ഴാങ് വാല്‍ യാങ്ങും സ്ഥിതിസമത്വത്തിനു വേണ്ടി പോരാടിയ മരിയൂസും കൊസെത്തും ഗവ്റോഷും ഇന്നും അനുവാചക ഹൃദയങ്ങളിലുണ്ട്. അവരെല്ലാം ഓരോ വായനക്കാരനോടും പറയുന്നത് കൂടുതല്‍ മികച്ച മനുഷ്യരാകാനാണ്.
മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, സ്ത്രീകള്‍ ഭക്ഷണത്തിനു വേണ്ടി എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചു പറയും:
‘എനിക്ക് വാതില്‍ തുറന്നു തുറന്നു തരിക, ഞാന്‍ വന്നത് നിങ്ങളെ കാണാനാണ്.’
- വിക്തോര്‍ യൂഗോ.
രാമായണവും നമ്മോട് പറയുന്നത് മറ്റൊന്നല്ല. നല്ല മനുഷ്യരാവുക. തിന്മകളെ തിരസ്കരിക്കാനും നന്മകളെ കൂടെക്കൂട്ടുവാനുമാണ് ആദികാവ്യവും പഠിപ്പിക്കുന്നത്.
1919ൽ നാലപ്പാടനും മുമ്പ് 'ലെ മിസെറാബ്ൾ' സരസ്വതി എന്ന പേരിൽ മനോരമ പത്രം വഴി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷെ അതിൽ പല പേരുകളും തദ്ദേശീയമാക്കിയാണ് മൂന്ന് വർഷം കൊണ്ട് പത്രം അത് പ്രസിദ്ധീകരിച്ചത്. മാമ്മൻ മാപ്പിള വിവർത്തനം നിർവ്വഹിച്ച മേൽപ്പറഞ്ഞ സരസ്വതി പിന്നീട് പുസ്തകമാക്കിയെങ്കിലും വലുതായി വായിക്കപ്പെട്ടില്ല.
1925ൽ പ്രസിദ്ധീകരിച്ച പാവങ്ങൾ മൂലകൃതിയോട് ആദ്യന്തം നീതി പുലർത്തിയ ഒരു കൃതിയായിരുന്നു. അദ്ദേഹം അത് നടത്തിയതാകട്ടെ മൂല കൃതിയോട് അങ്ങേയറ്റം അടുത്തു നിൽക്കുന്ന ഇസബെൽ എഫ് ഹാപ്ഗുഡിന്റെ(Isabel Florence Hapgood) ആംഗലേയ പരിഭാഷയിൽ നിന്നുമാണ്.
1920കളിൽ 2510 പേജുകളുള്ള പാവങ്ങളുടെ 3 വാള്യങ്ങളുടെ പ്രസിദ്ധീകരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇത്രയും വലിയൊരു പുസ്തകം വിറ്റു പോവുമോ എന്ന ഭയാശങ്കകൾ തന്നെയായിരുന്നു അന്ന് പ്രസാധകരെ അലട്ടിയിരിക്കുക. ഒടുവിൽ നാലപ്പാട്ട് നാരായണ മേനോന്റെ സുഹൃത്തതായിരുന്ന മഹാകവി വള്ളത്തോൾ തന്റെ പുസ്തകങ്ങളുടെ റോയൽറ്റി മുഴുവൻ പണയം വെച്ചാണ് മംഗളോദയം വഴി പുസ്തകം പ്രസാധനം ചെയ്തത്.
അക്കാലത്ത് ഇത്രയും വലിയൊരു പുസ്തകം വില കൊടുത്ത് വാങ്ങിക്കാൻ കഴിവുള്ള എത്ര പേർ ഉണ്ടായിരിക്കാം എന്നതോർക്കുമ്പോൾ ഇതിന്റെ വില്പനയെക്കുറിച്ച് നമുക്കൂഹിക്കാം. അന്നൊക്കെ കവികൾ സ്വയം പുസ്തകങ്ങൾ കൊണ്ട് നടന്ന് വിൽക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. അങ്ങിനെ മഹാകവി വള്ളത്തോളും നാലപ്പാട്ട് നാരായണമേനോനും കൂടി പുസ്തകം ചുമക്കുവാൻ ഒരാളെയും വെച്ച് നടന്നാണ് ആദ്യകാല വില്പനകൾ നടത്തിയതത്രെ. സമ്പന്ന ഗൃഹങ്ങളായിരുന്നു ഇവരുടെ ഉന്നം. അങ്ങിനെ വാങ്ങിയവരിൽ ഇ എം എസ് നമ്പൂതിരിപ്പാട്ടുമുണ്ട്. ആ വഴിക്ക് ഏലംകുളത്തു നിന്നും അകലെയല്ലാത്ത അന്നത്തെ ജന്മിമാരായിരുന്ന ചെറുകര പിഷാരത്തും അവർ ആ പുസ്തകം വില്പന നടത്തിയിരിക്കണം. അങ്ങിനെ വിശ്വസിക്കാൻ ഒരു കാരണമുണ്ട്. ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ പാവങ്ങളെക്കുറിച്ച് ഒരദ്ധ്യായം തന്നെയുണ്ട്. അദ്ദേഹം ആദ്യമായി പാവങ്ങൾ വായിക്കുന്നത് തന്റെ മുത്തച്ഛന്റെ പിഷാരമായ ചെറുകര പിഷാരത്ത് നിന്നുമാണ്.
ജീവിതപ്പാതയിലെ പാവങ്ങളെക്കുറിച്ചുള്ള പ്രസക്തമായ ഭാഗങ്ങൾ നമുക്ക് വായിക്കാം.
ജീവിതപ്പാതയിൽ നിന്നും
ഇടക്കിടക്ക് ചെറുകരെ പിഷാരത്ത് പോയി വിരുന്ന് താമസിച്ചിരുന്നു. ചെറുകരെ പിഷാരത്ത് അന്ന് യാഥാസ്‌ഥിതികത്വവും ഉത്പതിഷ്‌ണുത്വവും തമ്മിലുള്ള മത്സരമായിരുന്നു. പിഷാരോടി സമാജ പ്രവർത്തനത്തിന്റെ അലകളും ആ നാടുവാഴി കുടുംബത്തിൻ്റെ അകത്തുംപുറത്തും പരിവർത്തനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.
അതുവരെ ആ പിഷാരോടി നാടുവാഴിക്കുടുംബത്തിലെ സ്ത്രീകളുമായി പിഷാരോടിമാർക്ക് വിവാഹമുണ്ടായിട്ടില്ല. വിധിപ്രകാരമുള്ള താലികെട്ട് കല്യാണം കഴിഞ്ഞ പെൺകിടാങ്ങളിൽ നമ്പൂതിരിമാരാണ് ബീജാധാനം നടത്താറ്. രാമനുണ്ണിയുടെയും ശേഖരനുണ്ണിയുടെയും സഹായസഹകരണ ങ്ങളോടെ കുഞ്ഞിക്കാവ് എന്ന പിഷാരസ്യാർ സജാതീയ വിവാഹത്തിനു പെൺകിടാങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇദംപ്രഥമമായി എ പി ഭരതപിഷാരോടി എന്ന ഒരാൾ ആ നാടുവാഴിക്കുടുംബത്തിലെ മാധവിക്കുട്ടിയെ കല്യാണം കഴിച്ചു. യാഥാസ്‌ഥിതികരായ കാരണവൻമാർക്ക് ഈ പരിവർത്തനത്തിനെതിരായി ശബ്ദിക്കാൻപോലും കഴിഞ്ഞില്ല
ചെറുകരെ നാടുവാഴിക്കുടുംബത്തിൻ്റെ പൊതുഭരണം ശേഖരനുണ്ണിപ്പിഷാരോടിക്കാണെങ്കിലും തറവാട്ടുകാര്യം രാമനുണ്ണിപ്പിഷാരോടിയാണ് നടത്തിയിരുന്നത്. ശേഖരനുണ്ണിയുടെ ജ്യേഷ്‌ഠനായ രാമനുണ്ണി സംസ്കാരസമ്പന്നനായ ഒരു വിശാലഹൃദയനായിരുന്നു. അനാഡംബരമെങ്കിലും തറവാടിത്തം തുളുമ്പുന്ന അദ്ദേഹത്തിൻ്റെ ആകൃതിയും പ്രകൃതിയും പെരുമാറ്റവും എന്നെ വളരെയധികം ആകർഷിച്ചു. പൊതുരംഗത്തു വന്ന് പ്രവർത്തിക്കുകയില്ലെങ്കിലും പ്രവർത്തിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാരെപ്രോത്സാഹിപ്പിച്ചും സഹായിച്ചും വന്നു. കിഴക്കേ പത്തായപ്പുരയുടെ വരാന്തയിൽ വരി വരിയായി അടക്കിയൊതുക്കിത്തൂക്കിയ ദേശീയ നേതാക്കൻമാരുടെ ചിത്രങ്ങൾ ആ നാടുവാഴിയുടെ ദേശസ്നേഹത്തെ വ്യക്തമാക്കി. ഓരോ നേതാവിനെ സംബന്ധിച്ച് അദ്ദേഹം ആകാവുന്നേടത്തോളം മനസ്സിലാക്കിയിട്ടുണ്ട്. ഒഴിവുള്ളപ്പോൾ എന്നെ അടുത്തിരുത്തി ആ നേതാക്കളുടെ ചരിത്രത്തെ വൃത്തിയായി അദ്ദേഹം എനിക്ക് പറഞ്ഞുതരും.
“എല്ലാറ്റിനും ഒരു ചിട്ടവേണം.” രാമനുണ്ണി ഉപദേശിക്കും; "കാലത്തെഴുന്നേറ്റാൽ ഉറങ്ങുന്നതുവരെയുള്ള ജീവിതം ചിട്ടയായി ചെയ്തുതീർക്കണം. ചിട്ടയായ ജീവിതം ആരോഗ്യത്തെ നിലനിർത്തും. പ്രവർത്തിക്കാനുള്ള കഴിവ് കൂടുതലുണ്ടാക്കും. നിത്യത്തൊഴിലാനയെ എടുക്കും.”
നിത്യത്തൊഴിൽ ആനയെ എടുക്കും എന്ന തത്വത്തെ വിശദീകരിക്കുന്ന ഒരു കഥ പറഞ്ഞുതരും. ഇംഗ്ലീഷോ സംസ്‌കൃതമോ വളരെയധികമൊന്നും പഠിച്ചിട്ടില്ലെങ്കിലും സംസ്കാരസമ്പന്നരുമായി ഇടപഴകി ജീവിച്ച രാമനുണ്ണിയുടെ ഉപദേശങ്ങളെ ഞാൻ പ്രായോഗികജീവിതത്തിൽ പകർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
കുറച്ചു സംസ്കൃതം മാത്രം പഠിച്ച് കൂപമണ്ഡൂകമായി വയനാട്ടിലെ എഴുത്തച്ഛനായി ജീവിച്ചുപോന്ന എന്നെ എനിക്ക് കാണിച്ചുതന്നത് രാമനുണ്ണിയാണ്.
“നമ്മളൊക്കെ വളരെ മോശക്കാർ.” രാമനുണ്ണി ഉപദേശിച്ചു. “വളരണം. വിശ്വത്തോളം വളരണം. മരിക്കുന്നതുവരെ വളരണം."
ഞാൻ മൂളികേട്ടു.
"വലിയ ഒരു മനുഷ്യൻ്റെ വലിയ കഥ എൻ്റെ പക്കലുണ്ട്.” രാമനുണ്ണി പാവങ്ങളിലെ ഴാങ്ങ് വാൽ ഴാങ്ങിൻ്റെ കഥ എനിക്ക് പറഞ്ഞു തന്നു. തുടർന്നു: "നമ്മുടെ മഹാന്മാരായ മഹർഷിമാരേക്കാൾ-ഒരുപക്ഷെ ഈശ്വരന്മാരേക്കാൾ-അധികം ശക്തനും മാന്യനുമായ കഥാപാത്രമാണ് ഴാങ്ങ് വാൽ ഴാങ്. ഗോവിന്ദൻ 'പാവങ്ങൾ.' വായിക്കണം. വലിയ വെളിച്ചം കിട്ടും."
*എവിടുന്ന് കിട്ടും?” ഞാൻ തുടർന്നു: “കിട്ടിയാൽ വായിക്കും. കാശ് കൊടുത്ത് വായിക്കാൻ കഴിയില്ലല്ലോ"
"സാധനം എന്റെ കയ്യിലുണ്ട്.” രാമനുണ്ണി തുടർന്നു. “എനിക്ക് പൊതു പ്രവർത്തകരെ, ബഹുമാനമാണെങ്കിലും അശേഷം വിശ്വാസമില്ല. ഇവിടെ ഇരുന്ന് വായിക്കാമെങ്കിൽ തരാം.”
“എന്നെ വിശ്വസിക്കണം." ഞാനപേക്ഷിച്ചു. “പുസ്തകം തരണം, ഒരു കേടുംകൂടാതെ ഞാൻ തിരിച്ചുതരും.”
“അത് പറ്റില്ല. ഇവിടെ താമസിച്ച് ഇവിടെ ഇരുന്ന് വായിച്ചോളൂ. ചായ തരാം; ചോറു തരാം; വിളക്കു തരാം; വടക്കേ അറ ഒഴിച്ചുതരാം. സമയമായാൽ സ്‌കൂളിലേക്ക് പൊയ്കൊള്ളു. സ്ക്കൂൾ വിട്ടുവന്ന് ഇവിടെ കൂടിക്കൊള്ളു."
“എന്നാലങ്ങനെ. ഞാൻ വീട്ടിൽപോയി പറഞ്ഞ് ഒരാഴ്‌ച താമസിക്കാൻ ഒരുങ്ങിവരാം.” ഞാൻ പറഞ്ഞു: "ഒരാഴ്‌ച ഇവിടെ കൂടാം.”
“ഒരാഴ്ചകൊണ്ടൊന്നും തീരില്ല." രാമനുണ്ണി തുടർന്നു: “മനസ്സിരുത്തി വായിക്കാൻ ചുരുങ്ങിയത് ഒരു മാസം വേണ്ടിവരും.”
“ഒരാഴ്ച നോക്കട്ടെ." ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു.
ഞാൻ വീട്ടിൽ പോയി. ഒരാഴ്‌ച മുത്തച്‌ഛൻ്റെ വീട്ടിൽ വിരുന്നു താമസിക്കാൻ ഒരുങ്ങിപ്പോന്നു. സ്കൂൾ വിട്ട ഉടനെ ചെറുകര പിഷാരത്തെത്തി.
“വന്നു അല്ലേ?" രാമനുണ്ണി പറഞ്ഞു: “കുളിക്കാം, ചായ കഴിക്കാം, പത്തായപ്പുരമുകളിൽ വടക്കേ അറയിൽ വായിക്കാനൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്.”
ഞാൻ കുളിച്ചു. ചായ കഴിച്ചു. പത്തായപ്പുരയുടെ മുകളിലെ വടക്കെ അറയിൽ ചെന്നു.
ഒരു മെത്തപ്പായ, തലയണ, പുതിയൊരു കമ്പിറാന്തൽ, തീപ്പെട്ടി, ചെല്ലം, ഒരു കെട്ട് ബീഡി, വടക്കുകിഴക്കെ മൂലയിലുള്ള സ്‌റ്റൂളിൻമേൽ അടുക്കിവെച്ച 'പാവങ്ങൾ' മൂന്നു വാള്യം!
“ഇനി എന്താണ് വേണ്ടത്? രാമനുണ്ണി വരാന്തയിൽനിന്ന് ചോദിച്ചു.
“ഒന്നും വേണ്ട."
“വായിക്കൂ." രാമനുണ്ണി വാതിൽ ചാരി.
ഞാനൊരു പ്രേമഭാജനത്തെ എന്നപോലെ ആ വിശ്വോത്തരകൃതിയെ സമീപിച്ചു.
ചെറുകരെ കിഴക്കെ പത്തായപ്പുരമുകളിലെ വടക്കേ മുറിയിൽ ഇരുന്ന് മൂന്നു ദിവസം കൊണ്ട് ഞാൻ 'പാവങ്ങളു'ടെ ഒന്നാം ഭാഗം വായിച്ചുതീർത്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് തുടങ്ങിയത്. തിങ്കളാഴ്ച കാലത്ത് എട്ടൊമ്പത് മണിയായപ്പോഴേക്കും ഒന്നാം ഭാഗം വായന തീർന്നു. സ്‌കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ രാമനുണ്ണിയോടു ചോദിച്ചു. “രണ്ടാം ഭാഗം കൊണ്ടുപോകാൻ സമ്മതിക്കുമോ?” ഞാൻ ഉറപ്പുകൊടുത്തു: “പൊന്നുപോലെ സൂക്ഷിച്ച് ഒരു കേടും വരാതെ വായിച്ചു മടക്കിത്തരും.”
കുറച്ചുനേരം രാമനുണ്ണി എൻ്റെ മുഖത്തുതന്നെ നോക്കിയിരുന്നശേഷം ചോദിച്ചു: “എപ്പോൾ?"
“വരുന്ന വെള്ളിയാഴ്‌ച കഴിഞ്ഞ് അടുത്ത വെള്ളിയാഴ്."
“കൈമാറിപ്പോവില്ലല്ലോ?”
“ഇല്ല."
“എന്നാൽ കൊണ്ടുപൊയ്ക്കാളൂ." രാമനുണ്ണി ഉപദേശിച്ചുറപ്പിച്ചു. “സൂക്ഷിക്കണം."
പാവങ്ങളുടെ രണ്ടാംഭാഗവുമായിട്ടാണ് ഞാനന്ന് സ്‌കൂളിൽ പോയത്. പറഞ്ഞ സമയത്തിനു മുമ്പുതന്നെ രണ്ടാംഭാഗം വായിച്ചുതീർത്തു. മൂന്നാം ഭാഗവും കൊണ്ടുവന്ന് വായിച്ച് മടക്കിക്കൊടുത്തു.
പുതിയൊരു വെളിച്ചം തലച്ചോറിൽ മിന്നിത്തിളങ്ങുന്നതുപോലെ എനി ക്കുതോന്നി. ഴാങ്ങ് വാൽഴാങ്ങ്, ഫൻതീൻ, തെനാർദിയെർ, ഴാവേർ തുടങ്ങിയ കഥാപാത്രങ്ങൾ ഇടക്കിടക്ക് കയറിവന്ന് എൻ്റെ കരളിൽ മുട്ടിത്തുറന്ന് അകത്തു കടന്നിരിക്കുന്ന ഒരനുഭവം എനിക്കുണ്ടായി.
"നിയമത്തിൻ്റെയും ആചാരത്തിൻ്റെയും ബലത്തിൻമേൽ-ഭൂമിയിലെ പരിഷ്കാരത്തിന്റെ നടുക്ക് -നരകങ്ങളെ ഉണ്ടാക്കിത്തീർത്തുകൊണ്ടും മനുഷ്യ കർമ്മത്തെ വിധിയോട് കൂട്ടിച്ചേർത്തുകൊണ്ടും സമുദായത്താൽ കൽപ്പിക്കപ്പെടുന്ന തീവ്രശിക്ഷകൾ എത്രകാലം നിലനിൽക്കുന്നുവോ: പുരുഷാന്തരത്തിലെ മൂന്ന് വൈഷമ്യങ്ങൾ-പുരുഷനു വമ്പിച്ച ദാരിദ്ര്യത്താലുള്ള അധ:പതനം. സ്ത്രീക്ക് വിശപ്പ് കാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്ക് അറിവില്ലായ്മയാൽ വരുന്ന വളർച്ചക്കേട് ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ, അത്രകാലം പാവങ്ങൾപോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.' യൂഗോവിൻ്റെ ഈ അഭിപ്രായം ഉള്ളിൽവെച്ചുകൊണ്ടാണ് ഞാൻ പാവങ്ങൾ വായിച്ചത്.
ഒരജ്‌ഞാതതേജസ്സിനെ കണ്ടെത്തിയ 'ഡി'യിലെ മെത്രാൻ എന്റെ കരളിലെ വികാരങ്ങളുടെ നടുവിൽ കയറിയിരുന്നു. “ഞാൻ എല്ലാവരെക്കുറിച്ചും കരയുന്നു." എന്നു പറഞ്ഞ ഡിയിലെ മെത്രാനോട് “ഒരേ മാതിരി!” എന്നു ചോദിച്ച ആ അജ്ഞാതതേജസ്. എന്നല്ല “തുലാസ്” എങ്ങോട്ടെങ്കിലും അൽപമൊന്ന് ചെരിയണമെങ്കിൽ പൊതുജനങ്ങളുടെ ഭാഗത്തേക്കാവട്ടെ. “അവർ അധികകാലമായി ദുഃഖം അനുഭവിക്കുന്നു" എന്നുപദേശിച്ചത് ഒരു മിന്നൽ പോലെ, ഇടിവെട്ടുപോലെ, ചൂടുപോലെ, എൻ്റെ തലച്ചോറിൽ പരന്നുകിടക്കുന്നു.
ആ ദിവ്യതേജസ്സിൻ്റെ മുമ്പിൽ ഡിയിലെ മെത്രാൻ തലതാഴ്ത്തിനിന്നു പറഞ്ഞു. 'ഞാനൊരു പുഴു' എന്ന വാക്യം തത്വജ്‌ഞാനത്തിന്റെ മേലങ്കിയണിഞ്ഞ് കരളിൻ്റെ ഒരു മുക്കിൽ ഇന്നും ഇരുപ്പുണ്ട്. കൃത്യമായി വിവരിക്കാനാവാത്ത-എന്നാൽ എന്നെ പരിഷ്‌കരിച്ച ഒരനുഭൂതി പാവങ്ങളുടെ പാരായണത്തോടെ എന്നിൽ വിലയിച്ചു.(Italics Over)
പാവങ്ങളുടെ 100 വർഷം പിന്നിടുന്ന ഈ വേളയിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജീവിതപ്പാത 50 വർഷം പിന്നിട്ടിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നമ്മുടെ സമുദായത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തിയ ഒരു കൃതി കൂടിയാണ് ജീവിതപ്പാത.
- മുരളി വട്ടേനാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ