Sunday, September 26, 2021

ഓർമ്മച്ചിത്രങ്ങൾ ( 35 )

അനുജത്തി ശോഭക്ക് 5 വയസ്സായി എന്നാലും ആഗസ്തിലെ വയസ്സ് തികയൂ എന്നതിനാൽ ആ വർഷം ജൂൺ മാസത്തിൽ  സ്‌കൂളിൽ ചേർക്കാനായില്ല. ശോഭയും വിജയന്റെ അനുജൻ ശ്രീക്കുട്ടനും ഏകദേശം സമപ്രായക്കാരാണ്. മറ്റു ജേഷ്ഠന്മാരെപ്പോലെ തന്നെ ശ്രീക്കുട്ടനും ഏകദേശം അരക്കൊല്ല പരീക്ഷയോടടുത്താണ് ഒന്നാം ക്ലാസിൽ ചേരുന്നത്.


വിജയൻറെ ജേഷ്ഠൻ കുഞ്ഞനിയേട്ടന്റെ ഒപ്പമാണ് എപ്പോഴും ശ്രീക്കുട്ടനെ കാണുക. എന്തിനും ഏതിനും കുഞ്ഞനിയേട്ടൻ മതി അയാൾക്ക്.  വിജയനെപ്പോലെ തന്നെ ആദ്യ സ്‌കൂൾ ദിനങ്ങളിൽ മടിയോടെ തുടങ്ങിയ ശ്രീക്കുട്ടൻ അങ്ങിനെ  കുഞ്ഞനിയേട്ടന്റെ അകമ്പടിയോടെയാണ് സ്‌കൂളിലേക്കെത്തിയത്. നാലുകെട്ടിൽ നിന്നും ശ്രീക്കുട്ടൻ സ്‌കൂളിൽ പോവാൻ തുടങ്ങിയപ്പോൾ ഇപ്പുറത്ത് കണ്ണനിവാസിൽ നിന്നും വേറൊരാളും ചാടിപ്പുറപ്പെട്ടു. എനിക്കും സ്‌കൂളിൽ പോവണം എന്ന വാശിയുമായി അയാൾ പുറപ്പെട്ടതിന്റെ പിറ്റേ ദിനം തന്നെ  ശ്രീക്കുട്ടന്റെ കൂടെ ഒന്നാം ക്ലാസിൽ പോയി ഇരിപ്പായി. ഒടുവിൽ ടീച്ചർമാരുടെ സമ്മതത്തോടെ പേര് ചേർക്കാതെ തന്നെ, ഹാജർ വിളിയിൽ തന്റെ പേരില്ലാ എന്ന പരാതിയുമായി  ശോഭയും ആ വർഷം ഒന്നാം ക്ലാസിൽ പഠനം തുടങ്ങി.

രണ്ടു പേരും സ്‌കൂളിലെത്തിയ ആദ്യ ദിനങ്ങളിലൊന്നിൽ രണ്ടാമത്തെ പീരിയഡ് കഴിഞ്ഞ ഇന്റെർവെലിലിൽ ചോറ്റുപാത്രവുമായി ഏട്ടനായ എന്റെ ക്ളാസിലേക്ക് ഊണ് കഴിക്കാനെത്തിയത് മറ്റു സഹപാഠികൾക്ക് ചിരിക്കാനുള്ള വകയായി. ഒടുവിൽ രണ്ടാളെയും ഊണ് കഴിക്കാനുള്ള ബെല്ലല്ല അടിച്ചത് എന്ന് പറഞ്ഞു തിരിച്ചു അവരുടെ ക്ലാസിൽ കൊണ്ട് പോയാക്കി.


ആ വർഷമാണ് വീണ്ടുമൊരു  അദ്ധ്യാപക സമരം ഉണ്ടായതെന്നാണ് ഓർമ്മ. സമരം ചെയ്യാത്ത അദ്ധ്യാപകരെ സമരം ചെയ്യുന്ന സഹപ്രവർത്തകർ സ്‌കൂൾ ഗേറ്റിൽ തടയുന്നതും പിന്നീട് അവരെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോവുന്നതും കണ്ടു. ഏതായാലും അതോടെ കുട്ടികൾക്ക് കുറച്ചു ദിവസം ഒരു നീണ്ട വെക്കേഷൻ കൂടി കിട്ടി.    


അക്കാലത്ത്, പ്രത്യേകിച്ചും ശനി ഞായർ ദിവസങ്ങളിൽ ഇടക്കൊക്കെ വൈകുന്നേരം കുന്നപ്പള്ളി കളത്തിലക്കരെ റെയിലിനു സമീപമായി താമസിക്കുന്ന ഞങ്ങളുടെ അടുത്ത ബന്ധുവായ രാഘവമ്മാവൻ എത്തും. ആദ്യം കിഴക്കേ പത്തായപ്പുര, പിന്നെ തെക്കേ പത്തായപ്പുര എന്നിവിടങ്ങളിലൊക്കെ സന്ദർശനം കഴിഞ്ഞു മിക്കവാറും ഇരുട്ടുമ്പോഴാവും കണ്ണനിവാസിലേക്ക് എത്തുക. 

രാഘവമ്മാവൻ ഞാങ്ങാട്ടിരി ഷാരത്തെയാണ്. കല്യാണം കഴിച്ചിരിക്കുന്നത് തൃപ്പറ്റ പിഷാരത്തുനിന്നുമാണ്. അവർ എന്റെ വല്യച്ഛൻ കൃഷ്ണവല്യച്ഛന്റെ ഭാര്യയുടെ(വല്യമ്മയുടെ) സഹോദരിയാണ്. അത് കൊണ്ട് തന്നെ വന്നു കഴിഞ്ഞാൽ വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമായി ഏകദേശം ഒരു അരമണിക്കൂർ തന്നെ അവിടെയിരുന്ന് കാപ്പി കുടിച്ചേ പോവുക പതിവുള്ളൂ. നേരം ഇരുട്ടിയാലും നാട്ടിടവഴികളിലൂടെ നടക്കാൻ ഒട്ടും പേടിയില്ലാത്ത പ്രകൃതം. രാഘവമ്മാവൻ കുന്നപ്പള്ളി കളത്തിലക്കരെ യു പി സ്‌കൂളിലെ ഹെഡ് മാഷാണ്. പക്ഷെ ഒരു മല്ലു മുണ്ടും തോളത്തൊരു തോർത്തുമായി എത്തുന്ന അദ്ദേഹത്ത കണ്ടാൽ ഒരു ഹെഡ് മാഷാണെന്ന് ആരും പറയില്ല. എന്ന് തന്നെയല്ല, വല്ലപ്പോഴും ഞങ്ങൾ കളത്തിലക്കരെക്ക് സൗഹൃദ സന്ദർശനം നടത്തുന്ന വേളയിൽ ചിലപ്പോൾ അദ്ദേഹം പാടത്ത് കന്നു പൂട്ടുന്ന തിരക്കിലായിരിക്കും. 


കളത്തിലക്കരെ തന്നെയാണ് രാഘവമ്മാവന്റെ ഏട്ടൻ കൃഷ്ണമ്മാവന്റെ വീടും. പോവുന്ന വഴിക്ക് അവിടെ കയറിയിട്ടേ രാഘവമ്മാവന്റെ അടുത്തേക്ക് പോവൂ.


രാഘവമ്മാവൻ പഠിപ്പിക്കുന്ന സ്‌കൂളിൽ നിന്നും ആ വർഷമാണെന്നാണ് ഓർമ്മ, അദ്ദേഹത്തിന്റെ വിരമിക്കൽ ഉണ്ടായത്. അന്ന് സമ്മേളനത്തിന് ചെറുകാടും മറ്റും എത്തിയിരുന്നെന്നും ഓർക്കുന്നു. സമ്മേളനത്തിന് പോവും മുമ്പ് അദ്ദേഹം നാലുകെട്ടിൽ വന്ന് വിശ്രമിച്ചു വൈകിട്ടോടെയാണ് അങ്ങോട്ട് പോയതെന്നാണ് ഓർമ്മ. നാലുകെട്ടിലെ ഉമ്മറത്തിരുന്ന് മുറുക്കി, തോളത്ത് ഒരു സഞ്ചിയുമായി നടന്നു നീങ്ങുന്ന ആ വലിയ സാഹിത്യകാരനെ ആദ്യമായി അറിഞ്ഞു കാണുകയായിരുന്നു. അദ്ദേഹം മുത്തശ്ശനെക്കുറിച്ച് തൻറെ ജീവിതപ്പാത എന്ന ആത്മകഥയിൽ ഒരു അദ്ധ്യായത്തിൽ എഴുതിയിട്ടുണ്ടെന്ന് അമ്മയും മുത്തശ്ശിയും പറഞ്ഞറിഞ്ഞു. പക്ഷെ അത് വായിക്കാൻ പിന്നെയും കുറെ കാലമെടുത്തു. കലികാലവൈഭവം..



തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...