തെക്കേ പത്തായപ്പുരയിലെ ഭരതനുണ്ണി അമ്മാമനുള്ള റേഷൻ ഷോപ്പ് എരവിമംഗലത്താണ്. പഞ്ചസാരയും മണ്ണെണ്ണയും വന്നുവെന്നറിഞ്ഞാൽ അവിടെപ്പോയി അതൊന്ന് വാങ്ങി വരാൻ അമ്മാമൻ ഞങ്ങളോടാവശ്യപ്പെടും. എരവിമംഗലത്തെ റേഷൻ ഷോപ്പ് കുറച്ചധികം ദൂരെയാണ്. അങ്ങോട്ട് എത്താൻ എളുപ്പ വഴി പാടത്തു കൂടിയാണ്. ഏകദേശം മുക്കാൽ മണിക്കൂർ പാടവരമ്പുകളിലൂടെ നടന്നാലേ അങ്ങോട്ടെത്തൂ. കുന്നപ്പള്ളി പോയി വന്നാൽ കിട്ടുന്ന മിട്ടായിയുടെ പ്രലോഭനമൊന്നും അമ്മാമനിൽ നിന്നോ അമ്മായിയിൽ നിന്നോ പ്രതീക്ഷിക്കേണ്ടതില്ല. ആകെയുള്ള മെച്ചം തിരികെ എത്തിക്കഴിഞ്ഞാൽ അമ്മായി തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത ദോശയോ മറ്റോ മാത്രം. പിന്നെ ഇതിനെയൊക്കെ മറികടക്കുന്നത് പോരുന്ന വഴി മിട്ടായിക്ക് പകരം പഞ്ചസാര ഇഷ്ടം പോലെ വാരിത്തിന്നുകൊണ്ടാണ്.
ആദ്യമൊക്കെ പാടത്തു കൂടി നടത്തേണ്ട ഈ യാത്രകളെ ഇഷ്ടപ്പെടാതിരുന്ന ഞങ്ങൾ ഇത് ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം, ഈ പോകുന്ന വഴി മിക്കവാറും വിജനമായിരിക്കും. അച്ഛൻറെ സിഗരറ്റ് വലി കണ്ട്, അതെ പോലെ ഒന്ന് വലിച്ചു തുടങ്ങണം എന്ന് തോന്നിത്തുടങ്ങിയത് അക്കാലത്താണ്. സിഗററ്റിന് വില കൂടുതലാണ്. അച്ഛൻ തന്നെ വളരെ പിശുക്കിയാണ് വലിക്കുന്നത്. അപ്പോഴാണ് വിജയൻറെ അമ്പലത്തൊടിയിൽ കാര്യസ്ഥനായ തെയ്യു വാങ്ങിക്കൊണ്ടു വെക്കുന്ന ബീഡികളിൽ നിന്നും ഞങ്ങൾ അൽപ സ്വല്പം മോഷണം നടത്തിത്തുടങ്ങിയത്. അവ വലിക്കാൻ പറ്റുന്ന ഉത്തമ വേദിയാണ് വിജനമായ പാടത്തു കൂടിയുള്ള യാത്രകൾ. കൂടെ വീട്ടിൽ നിന്നും ഒരു തീപ്പട്ടിയും സംഘടിപ്പിച്ച്, നല്ല പോലെ ഉയരമുള്ള നെൽച്ചെടികൾ വളർന്നു നിൽക്കുന്ന കണ്ടങ്ങളുടെ ഇടയിലൂടെ പൊക്കമില്ലാത്ത ഞങ്ങൾ നടക്കും എന്നിട്ട്, പതുക്കെ പോക്കറ്റിൽ നിന്നും ബീഡിയെടുത്ത് കത്തിക്കാനുള്ള ശ്രമം തുടങ്ങും.
പാടത്ത് വീശുന്ന കാറ്റിൽ ബീഡിയൊന്ന് കത്തിക്കാനുള്ള പെടാപ്പാട് വലുതാണ്. ഏകദേശം ഒരു അര തീപ്പട്ടി തീരുമ്പോഴാവും ഒരു ബീഡിയുടെ അറ്റത്ത് തീ പിടിക്കുക. സാധു ബീഡി ആഞ്ഞു വലിച്ച് ഉള്ളിലേക്ക് പുക കയറുമ്പോഴേക്കും ആദ്യമായി ബീഡി വലിക്കുന്ന ഈ സാധുക്കൾ ചുമച്ചു തുടങ്ങും. ഭാഗ്യത്തിന് ബീഡിവലികൾ ഇത്തരം ഒളി സങ്കേതങ്ങളിൽ മാത്രമൊതുങ്ങി.
അന്ന് ഞങ്ങളുടെ ഉമ്മറക്കോലായിൽ നീളെ ഒരു വള്ളി പടർത്തി കർട്ടൻ പോലെ തൂക്കിയിട്ടിരുന്നു. ഈ വള്ളികളിൽ പ്രായം ചെന്നവ ഉണങ്ങി അകം പൊള്ളയായ ഒരു രൂപത്തിലെത്തും. അപ്പോൾ അവ പൊട്ടിച്ച് ബീഡി പോലെ വലിക്കും. അങ്ങിനെ ചെയ്യുന്നത് തൽക്കാലം ആരെങ്കിലും കണ്ടാൽ തന്നെ ഒന്ന് ചീത്ത പറയുക എന്നതിനപ്പുറം വലിയ ശിക്ഷകളിലേക്ക് നീങ്ങില്ലെന്ന ഗുണവുമുണ്ട്.
അച്ഛൻെറ ബ്രാൻഡ് പാസിംഗ് ഷോ എന്ന സിഗരറ്റ് ആണ്. ഇഷ്ട ബ്രാൻഡ് എന്ന നിലക്കല്ല, മറിച്ച് വിലക്കുറവ് കൊണ്ട് ഇഷ്ടപ്പെട്ടിരുന്നതാവണം. സിസ്സേഴ്സ് ആണ് അന്ന് നാട്ടിലെ അല്പസ്വല്പം വരുമാനമുള്ളവർ വലിക്കുന്ന സിഗരറ്റ്. കല്യാണ സത്കാരങ്ങളിലും മറ്റും സിസ്സേഴ്സ് പാക്കറ്റുകൾ തളികളിൽ നിർബന്ധമാണ്. ആയിടക്കാണ് അച്ഛന്റെ വീടായ പരക്കാട്ട് ഒരു കല്യാണം വരുന്നത്. ദേവി ഓപ്പോളുടേതാണെന്നാണ് ഓർമ്മ. തലേന്ന് രാത്രി ഞങ്ങൾ കുട്ടികൾ കുറച്ചു പേർ ചേർന്ന് ഒരു പാക്കറ്റ് സിസ്സേഴ്സ് സിഗററ്റുമായി ഷാരത്തിനടുത്ത അമ്പലമതിൽക്കകത്തെ ഇരുട്ടിലേക്ക് കടന്നു. കൂട്ടത്തിൽ മുതിർന്നവർ, വലിച്ചു തുടങ്ങിയ വീരന്മാർ തീ കൊളുത്തി വലി തുടങ്ങി. ഒരെണ്ണം എന്റെ നേരെയും നീട്ടി. ഏറെക്കാലമായി കൊതിച്ചതാണ്. എങ്ങിനെ വയ്യെന്ന് പറയും. ഇങ്ങിനെയുള്ള അവസരങ്ങൾ എപ്പോഴും ഒത്തു വരില്ലല്ലോ. തെല്ല് സങ്കോചത്തോടെ, എന്നാൽ മനസ്സിൽ ആവേശത്തോടെ ഒരെണ്ണം എടുത്ത് തീ കൊളുത്തി. ബീഡിയെ അപേക്ഷിച്ച് തീപ്പിടിപ്പിക്കാൻ എളുപ്പമാണ്. ഒരൊറ്റ കൊള്ളി കൊണ്ട് തീ പിടിക്കും.
സ്റ്റൈലിൽ ഒരു പുക അകത്തേക്കെടുത്തു. ഒരു നിമിഷം ഞാൻ ഒരാണാണെന്ന് ഊറ്റം കൊണ്ടു. സിഗരറ്റ് പുകയുടെ സ്വാദ് ആദ്യമായറിയുകയാണ്. പുക ഉള്ളിലേക്കെത്തിയതും ചുമച്ചു തുടങ്ങി. സാധു ബീഡി വലിച്ചാലുള്ള ചുമയൊന്നുമല്ല. കണ്ണുകളിൽ വെള്ളം നിറയുന്നു. സിസ്സേഴ്സ് എന്ന ഭീകരൻ എന്നെ തളർത്തി. ഒടുവിൽ വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞ് ചേട്ടന്മാർക്കിടയിൽ നിന്നും നാണം കേട്ട് പോരേണ്ടി വന്നു.
അതോടെ ഒരു കാര്യം തീരുമാനിച്ചു. ഇത് നമുക്ക് പറ്റുന്ന പണിയല്ല.
തുടരും ....
വര: ശശി
No comments:
Post a Comment