Sunday, September 19, 2021

ഓർമ്മച്ചിത്രങ്ങൾ ( 34 )


മുത്തശ്ശിയെപ്പോലെ തെക്കേ പത്തായപ്പുരയിലെ ശിന്നക്കുട്ടി അമ്മായിക്കുമുണ്ട് ഗുരുവായൂർ മാസത്തൊഴൽ. ആ യാത്രകൾ മിക്കവാറും അന്തിമാളൻ കാവ്, ആനേത്ത്, പുലാമന്തോൾ എന്നിങ്ങനെ അമ്മായിയുടെ ബന്ധുഗൃഹ സന്ദർശനങ്ങൾ കഴിഞ്ഞ്  മൂന്നോ നാലോ ദിവസവും, ചിലപ്പോൾ ഒരാഴ്ച വരെയും നീണ്ടു നിൽക്കും. കാൽ മുട്ടിന്  വാതമുള്ളതിനാൽ ഭരതനുണ്ണി  അമ്മാമൻ എവിടേക്കും യാത്ര പതിവില്ല. അമ്മായിയുടെ യാത്രാവേളകളിൽ ഞാനോ ശശിയോ ആണ് അമ്മാമന് അത്യാവശ്യം പണികളിൽ സഹായിക്കുന്നതും അന്തിക്കൂട്ട് കിടക്കുന്നതും. 


അമ്മാമൻറെ കുളി വൈകുന്നേരമാണ്. എണ്ണയും സഹചരാതി   കുഴമ്പും മറ്റും തേച്ച് ഒരു അഞ്ചുമണിയോടെ അമ്മാമൻ കൊട്ടത്തളത്തില് ചൂടുവെള്ളത്തിൽ  കുളിക്കും. അതിനുള്ള ചൂടുവെള്ളം ശരിയാക്കി കൊടുക്കേണ്ട ചുമതലയും മറ്റും ഞങ്ങളുടേതാണ്. രാവിലെ രണ്ട് ചെപ്പുകുടത്തിൽ വെള്ളം  നിറച്ച് വെയിലത്ത് വെക്കും. അവ വൈകീട്ട് കൊട്ടത്തളത്തിലേക്ക് എത്തിച്ചു കൊടുക്കണം. പകൽ സമയങ്ങളിൽ അമ്മാമൻ സൂര്യന്റെ നിഴൽ നോക്കി  സമയം പറയും. 


അങ്ങിനെ തുണക്ക് പോകേണ്ട ദിവസങ്ങളിൽ പകലൂണ് കഴിച്ച് സന്ധ്യക്ക് തെക്കേ പത്തായപ്പുരയിലേക്കെത്തും. രാത്രി അമ്മാമന്റെ മേശപ്പുറത്തുള്ള  കണക്കു പുസ്തകങ്ങളിൽ അന്നന്നത്തെ കണക്കെഴുതലുണ്ട്. നാൾവഴി കണക്കു പുസ്തകത്തിൽ വരവ്-കയും ചിലവ്-കയും കൂടാതെ അരിക്കണക്കും ഉണ്ട്. പത്തായത്തിൽ നിന്നും ഓരോ വട്ടവും എടുത്തു കുത്തുന്ന നെല്ലിന്റെയും കിട്ടുന്ന അരിയുടെയും കണക്ക് വെവ്വേറെ കള്ളികളിൽ എഴുതും. അതിൽ നിന്നും ദിവസേന വെക്കുന്ന അരിയുടെ ചിലവ്, ബാക്കിയുള്ള നീക്കിയിരിപ്പിന്റെയും വിവരം ഓരോ ദിവസവും അമ്മാമന് പുസ്തകത്തിൽ നിന്നും അറിയാം.  കൂടാതെ തടിച്ച ഒരു ലെഡ്ജർ പോലുള്ള പുസ്തകത്തിലാണ്  ഓരോ വർഷവും കിട്ടുന്ന പാട്ടവരവിന്റെയും, ബാക്കിയുടെയും കണക്കുകൾ എഴുതുന്നത്.  ജന്മി കുടിയാൻ ബന്ധത്തിലെ തിരുശേഷിപ്പുകൾ പോലെ അവ മേശപ്പുറത്ത് വിരാജിച്ചു.


പാട്ടവരവ് നിന്നത് കൊണ്ട് തന്നെ ആ പുസ്തകം നാലഞ്ച് വർഷമായി പുതുക്കിയിട്ടെന്നാലും    തന്റെ ഔദ്യോഗിക ജീവിതത്തിൽ  ബാങ്കിൽ നിന്നും കിട്ടിയ അനുഭവ  പരിജ്ഞാനം നിത്യജീവിതത്തിലും പകർത്തുന്നത് എങ്ങിനെയെന്ന് വിശദമാക്കി തരും.  അത് പിന്നീട് തന്റെ കുട്ടിക്കാലത്ത് കണക്കിന് ലഭിച്ചിരുന്ന മാർക്കിനെ പറ്റിയും, പഠന രീതിയെപ്പറ്റിയും, കോഴിക്കോട് നഗരത്തിലെ സ്‌കൂൾ ജീവിതത്തെ പറ്റിയും ഉള്ള കഥകളിലേക്ക്   പതിയെ പരിണമിക്കും.  അത്തരം കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. കഥ പറയാൻ ഇഷ്ടമുള്ള അമ്മാമൻ തന്റെ ഗതകാലത്തിലേക്ക് എന്നെ കൈപിടിച്ചാനയിക്കും.


അമ്മാമൻ പറഞ്ഞു തുടങ്ങും..


"എൻറെ കുട്ടിക്കാലത്ത് ഇവടെ ആനേണ്ടായിരുന്നു. ലക്ഷ്മി. ലക്ഷ്മിടെ പുറത്ത് കേറീട്ടായിരുന്നു പത്താം പൂരത്തിന് പോയിരുന്നത്". 


പത്താം പൂരത്തിന് പോയിരുന്ന കൊച്ചു ഭരതനുണ്ണി അമ്മാമനെ ഞാൻ സ്വപ്നങ്ങളിൽ കാണും. കൂടെ പിന്നിലിരുന്ന് ഞാനും സ്വപ്നങ്ങളിൽ അമ്മാമന്റെ കൂടെ പൂരക്കാഴ്ചകളിലേക്ക് നടന്നിറങ്ങും. ആടിയാടി ആനപ്പുറത്തിരുന്ന് തിരുമാന്ധാംകുന്നിന്റെ ഉത്സവപ്പറമ്പിലേക്ക് അങ്ങിനെ ഞാനും അമ്മാവനോടൊപ്പം സഞ്ചരിക്കും       


തിരുമാന്ധാം കുന്ന് ഭഗവതിയുടെ   തിടമ്പുമേറ്റി ലക്ഷ്മികുട്ടിയെന്ന ആനയ്ക്ക് പകരം ഒരു കൊമ്പനാനപ്പുറത്ത് ഭഗവതി കൊട്ടിയിറക്കത്തിനായി പുറത്തേക്കെഴുന്നെള്ളും. അനേകം പടവുകളിറങ്ങി ആറാട്ടിനിറങ്ങുന്ന ഭഗവതിയെ തൊഴുത് അമ്മാമൻ നിൽക്കുമ്പോൾ ഞാനാകട്ടെ സ്വപ്നലോകത്തിൽ  പൂരത്തിന്റെ വാണിഭക്കാഴ്ചകളിലേക്ക് പതുക്കെ നടന്നു നീങ്ങും.


തൊട്ടടുത്ത  രാത്രി  കഥകൾ മാറും.  അമ്മാമന്റെ ആദ്യ വിവാഹത്തിലേക്കും ഭാര്യയുടെ അതിസാരം വന്നുള്ള മരണത്തിലേക്കും, പിന്നീട് ശിന്നക്കുട്ടിയെ പരിണയിച്ചതിലേക്കും അവ നീളും. തൃശ്ശിനാപ്പള്ളിയിലെ അവരുടെ ആദ്യകാല ജീവിതത്തിലേക്കും മാറി മാറി വരുന്ന തമിഴ് സിനിമകളുടെ കാഴ്ചകളിലേക്കും നയിക്കുമ്പോൾ ഞാൻ ഉറക്കത്തിലേക്ക് പതിയെ നടന്നു കയറും. 


അടുത്ത ദിവസം തറവാടിൻറെ മുൻ കാല ചരിത്രങ്ങളിലേക്കും കാരണവർമാർ തമ്മിലുള്ള മൂപ്പിളമ തർക്കങ്ങളിലേക്കും, അവർ സ്വന്തം രക്തബന്ധങ്ങളോട് ചെയ്തിരുന്ന അരുതായ്മകളിലേക്കുമൊക്കെ ആ കഥകൾ നീളുമ്പോൾ,  വലുതായാൽ അങ്ങിനെയൊന്നും ആവരുതെന്ന് ഉപദേശിക്കും. പതുക്കെ അത്    അമ്മാമൻ കുട്ടിക്കാലത്ത് കണ്ട അത്തരം വയസ്സായവരുടെ  മരണക്കാഴ്ചകളിലേക്കായിരിക്കും    പരിണമിപ്പിക്കുക. ആഴ്ചകളോളവും മാസങ്ങളോളവും കിടന്ന് ഊർദ്ധനും മറ്റു ശ്വാസങ്ങളും വലിച്ചു മരണത്തിലേക്ക് പോയ അമ്മാവൻമാരുടെയും മുത്തശ്ശിമാരുടെയും ക്ലേശത്തിന്റെ കഥകൾ.  ജന്മാന്തര സുകൃതങ്ങളുടെയും കർമ്മ ഫലങ്ങളുടെയും ഉദാഹരണങ്ങളെന്ന പോലെ. 


എന്റെ മരണഭയങ്ങളെ തൊട്ടുണർത്തുന്ന കഥകളുമായി ഞാൻ വീണ്ടും മറ്റൊരു സ്വപ്നലോകത്തേക്ക് പതുക്കെ യാത്രയാകും...


തുടരും....


ചിത്രം: ചെറുകര പിഷാരത്ത് ഭരതനുണ്ണി പിഷാരോടി, ആനായത്ത് പിഷാരത്ത് ശിന്നക്കുട്ടി പിഷാരസ്യാർ  

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...