Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 27 )


ശനി, ഞായർ ദിവസങ്ങളിൽ പഠനം രാവിലെ ഒന്നോ രണ്ടോ മണിക്കൂർ മാത്രമായൊതുങ്ങും. പിന്നെയുള്ള സമയം കളികൾക്കുള്ളതാണ്. നാലുകെട്ടിൽ കൂട്ടുകാരെത്തുന്ന ദിവസങ്ങളിൽ അത് ഗോട്ടി കളിയിലും, ഉച്ചക്കുള്ള തായം കളിയിലും മുഴുകിത്തീർക്കും.
കുളം നിറഞ്ഞു നിൽക്കുന്ന ജൂലൈ ആഗസ്ത് മാസങ്ങൾ തൊട്ട് ഡിസംബർ വരെ വൈകീട്ടുള്ള കളി കുളത്തിലാണ്. അഞ്ചു മണിയായാൽ തോർത്തും സോപ്പുമായി കുളത്തിലേക്ക് പട നയിക്കും. കൂപ്പിന്മേൽ നിന്നും ഓടി തിരിഞ്ഞും, മലക്കം മറിഞ്ഞും വെള്ളത്തിലേക്ക് ചാടി ഊളയിട്ട് ചേറിൽ തൊട്ട് പൊങ്ങും. ചാട്ടങ്ങളുടെ വൈവിദ്ധ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് ഓരോരുത്തരും മത്സരിക്കും. ചാടിത്തളരുമ്പോൾ പിന്നെ തൊട്ടു കളി, നീന്തി മറു കര പറ്റി, അവിടെയുള്ള മരത്തിന്മേൽ നിന്നും ചാടി നീന്തി ഇക്കരയെത്തൽ, ആഴത്തിലേക്ക് ഊളയിട്ട് ഏറ്റവും കൂടുതൽ നേരം വെള്ളത്തിനടിയിൽ ചിലവഴിക്കൽ തുടങ്ങി പല കളികളും കളിച്ചു കഴിയുമ്പോഴേക്കും കണ്ണ് ചുവന്നു തുടങ്ങും. അച്ഛൻ അന്വേഷിച്ച് വടിയുമായി കടവിന് മുകളിലെത്തിയാൽ പിന്നെ എല്ലാവരും കയറുകയായി.
അക്കാലത്തെ ഞാനും ശശിയുമുള്ള വഴക്കുകളും, ഒരുമിച്ചുള്ള കുസൃതികളും എങ്ങിനെയെങ്കിലും അച്ഛന്റെ കണ്ണിൽ പെടും. ചിലപ്പോഴൊക്കെ അവൻ പരാതിപ്പെട്ടിയുമായി അച്ഛന്റെ അടുത്തെത്തും. അതൊക്കെ അച്ഛൻ തീർപ്പാക്കുന്നത് അടിയിലൂടെയാണ്. ആദ്യമാദ്യം കൈ പ്രയോഗമായിരുന്നെങ്കിൽ, പിന്നീടതിന് പുളി വാറലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മിക്കവാറും അടി കിട്ടുക എനിക്കായിരിക്കും. കുസൃതികൾ ഒപ്പിച്ചിരിക്കുക അവനും, അടി എനിക്കും. നീയല്ലേ മൂത്തത്, അവനെ നേർവഴി കാട്ടി നയിക്കേണ്ടവൻ നീയല്ലേ, എന്നായിരിക്കും അച്ഛന്റെ ന്യായം.
വർഷത്തിലൊരിക്കൽ നാലുകെട്ടിലൊരുത്സവമുണ്ട്. കളം പാട്ട്. അന്ന് ചെറുകരക്കാരൊക്ക ഒത്തു കൂടും. തിരുമാന്ധാംകുന്നിലമ്മ കുടികൊള്ളന്നു എന്ന് വിശ്വസിക്കുന്ന തെക്കിണിത്തറയിലാണ് കളം പാട്ട്. രാവിലെ കൂറയിട്ട്, ഉച്ചപ്പാട്ടും പൂജയുമായി തുടങ്ങി വൈകീട്ട് വിസ്തരിച്ച് കളം വരച്ച് വെളിച്ചപ്പാടും വാദ്യക്കാരുമായുള്ള ഒരുത്സവം.
ഞങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ രാവിലെ തൊട്ട് തന്നെ നാലുകെട്ടിലാവും. കളിക്കാൻ വിജയനുണ്ട്, അനിയന്മാരുണ്ട്. കൂടാതെ പാങ്ങിൽ നിന്നും നാരായണനുണ്ണിയമ്മാവന്റെ മക്കളും എത്തും. വിജയൻറെ സൗഹൃദത്തിൽ ഞങ്ങൾക്കും ഉച്ചയൂണ് നാലുകെട്ടിൽ തന്നെ തരപ്പെടും. ഉച്ചപ്പൂജയും ഊണും കഴിഞ്ഞാൽ പിന്നെ വൈകും വരെ കുട്ടികൾക്ക് പ്രത്യേകിച്ച് പണികളൊന്നുമില്ല. വേണമെങ്കിൽ വൈകുന്നേരത്തെ കളത്തിനുള്ള പൊടികൾ പൊടിക്കുന്നിടത്ത് പോയി അതൊക്കെ കാണാം. പക്ഷെ അതൊക്കെ പെട്ടെന്ന് മടുക്കും.
കുട്ടികളുടെ പട പതുക്കെ തെക്കിന്റെ മുകളിലേക്കുള്ള ഗോവണിയിലൂടെ മേലോട്ട് കയറും. അവിടെയുള്ള മുറികളിലെ നീണ്ട അഴിയിട്ട ജന്നലുകളിൽ വണ്ടുകൾ തീർത്ത ചെറുദ്വാരങ്ങളിൽ ഈർക്കിൽ കൊണ്ട് കുത്തി വണ്ടുകളുടെ മൂളിപ്പാട്ട് കേൾക്കും. ഓരോ തുളയിൽ നിന്നും വരുന്ന മൂളലുകൾ വിവിധ തരംഗദൈര്ഘ്യത്തിലും, ആവൃത്തിയിലും ആയിരിക്കും. ആ കലാപരിപാടി മടുത്തു തുടങ്ങുമ്പോൾ തട്ടും പുറത്തേക്ക് കയറും. തെക്കേ കെട്ടിന്റെയും വടക്കേ കെട്ടിന്റെയും തട്ടിൻപുറങ്ങൾ അഴിയിട്ട് വേർ തിരിച്ചിട്ടുണ്ട്. തെക്കേ കെട്ടിൽ നിന്നും ഒരാൾക്ക് കഷ്ടിച്ച് കടക്കാൻ കഴിയുന്ന ഒരു അഴിവാതിലിലൂടെ അപ്പുറമുള്ള വടക്കേക്കെട്ടിന്റെ തട്ടിന്പുറത്തേക്ക് നൂണ്ടു കടക്കാം.
അവിടേക്കാളെത്തിയാൽ ഉത്തരത്തിലും പട്ടികമേലും പകലുകളിൽ വിശ്രമിക്കുന്ന നരച്ചീറുകൾ കണ്ണു കാണാതെ അങ്ങോട്ടുമിങ്ങോട്ടും പറന്നു ഞങ്ങളെ പേടിപ്പിക്കും. അവിടെ നിന്നും താഴോട്ടിറങ്ങി, വടക്കേ കെട്ടിന്റെ മുകളിലത്തെ അറകളിൽ ഒളിച്ചു കളിക്കും.
ഇതൊക്കെക്കഴിഞ്ഞ് താഴോട്ടെത്തുമ്പോഴേക്കും തെക്കിണിത്തറയിൽ ധൂളീചിത്രങ്ങളുടെ മികവാർന്ന രൂപഭംഗിയോടെ ഭഗവതിയുടെ ത്രിമാന തലങ്ങളുള്ള രൂപം തെളിഞ്ഞു തുടങ്ങിയിരിക്കും.
സന്ധ്യ വേലക്ക് പൊതുവാൾ ചെണ്ടകൊട്ടി അറിയിക്കുന്നതോടെ അയൽപക്കങ്ങളും നാലുകെട്ടിലേക്ക് ടോർച്ചുകളും കമ്പി റാന്തലുകളുമായി എത്തും. പിന്നെ ഞങ്ങൾ കുട്ടികളുടെ ഏക ലക്ഷ്യം കുന്നപ്പള്ളി കൃഷ്ണമ്മാവന്റെ അപ്പക്കഷ്ണമാണ്. പക്ഷെ അതിന് കാത്തിരിക്കണം. പൂജ കഴിയണം.
രാത്രിയാവുന്നതോടെ പൂമുഖവും തെക്കിണിയുടെ നടുമിറ്റവും പരിസരവും പെട്രോമാക്സിന്റെ വെള്ളി വെളിച്ചത്തിൽ കൂടുതൽ തിളക്കമാർന്നതാവും. മറ്റൊന്നും ചെയ്യാനില്ലാത്ത ഞങ്ങൾ കുട്ടികൾ ഈ വെളിച്ചത്തിന്റെ സൗഭാഗ്യത്തിൽ ഓടിക്കളിക്കും. ഒടുവിൽ ആ നിമിഷവും എത്തിച്ചേരും. അപ്പവിതരണം. അപ്പ വിതരണത്തിൽ കൃഷ്ണമ്മാവന് പ്രത്യേക കരവിരുതാണ്. ഒരെണ്ണം കിട്ടി സ്വാദനുഭവിച്ച് കൊതിയോടെ രണ്ടാമതും കൈനീട്ടുമ്പോൾ കൃഷ്ണമ്മാവന് മനസ്സിലാവും. പിന്നെ അമ്മമാരിൽ നിന്നോ മുത്തശ്ശിയിൽ നിന്നോ ഒരു കഷ്ണം കിട്ടിയാലായി.
വെളിച്ചപ്പാട് വരുന്നതോടെ കളികളെല്ലാം നിറുത്തി എല്ലാവരും തെക്കിണിത്തറക്ക് മുന്നിലെത്തും. മിക്കവാറും ഉണ്ണിക്കൃഷ്ണക്കുറുപ്പാവും വെളിച്ചപ്പാട്. പീഠത്തിന്മേൽ ഇരുന്ന് കാലുകൾ കൊണ്ട് പീഠം മുന്നോട്ട് നീക്കി പാട്ടിനൊപ്പം ആടിയാടി, ഉറഞ്ഞു തുള്ളി നാലുപാടുമിട്ട കുരുത്തോലകൾ വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി കളം മായ്ക്കുമ്പോൾ ഇത്ര നല്ല ഈ ചിത്രത്തിനെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതെ സമയം കുരുത്തോലകൾ വാള് കൊണ്ട് വെട്ടുന്നതിൽ അദ്ദേഹത്തിന് കരവിരുതില്ലെന്നും തോന്നിയിട്ടുണ്ട്. സ്വയം വെളിച്ചപ്പാടായി വാളുകൾ കൊണ്ട് ആ കുരുത്തോലകൾ ഒന്ന് പോലും ബാക്കി വെക്കാതെ വെട്ടി വീഴ്ത്തുന്നത് നിരൂപിക്കും.
തുടരും....
വര: ശശി

No comments: