Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 25 )


മഴയൊഴിഞ്ഞ്, ഓണപ്പരീക്ഷയും കഴിഞ്ഞുള്ള ഓണപ്പൂട്ടൽ ഞങ്ങളൊക്കെ കാത്തിരിക്കുന്ന വെക്കേഷനാണ്. നീണ്ട വേനലവധിക്ക് ശേഷം വീണ്ടും പഠനവുമായി സമരസപ്പെട്ടു പോവുമ്പോളും മറ്റൊരു അവധിക്കായി മനസ്സ് കൊതിക്കും. അവിടേക്കാണ് ഓണം വെക്കേഷൻ എത്തുന്നത്. അപ്പോഴേക്കും പാടം നിറയെ കതിർ നിരന്ന് പച്ചപ്പ് വിട്ട് പാടശേഖരം മുഴുവൻ മഞ്ഞനിറത്തിലേക്ക് പരിണമിച്ചിരിക്കും. അതിനിടയിൽ വരമ്പുകളുടെ അരികിൽ അങ്ങിങ്ങായി തുമ്പയും കാശിത്തുമ്പകളും പൂത്തു നിൽക്കും.

ഓണത്തിനാണ് അന്ന് പുതിയ ഷർട്ടും ട്രൗസറും കിട്ടുന്നത്. ഓണത്തിന് കിട്ടിയ ഷർട്ടും ട്രൗസറും മിക്കവാറും അടുത്ത ഓണം വരെ പെട്ടിക്കുള്ളിലിരിക്കും. ഏതെങ്കിലും വിശേഷാവസരങ്ങളിൽ നല്ലതിടാനായി. അച്ഛന് ജോലി കിട്ടിയിട്ടുള്ള ആദ്യ ഓണമാണ്. ചുവന്ന വലിയ പുള്ളികളുള്ള ഷർട്ടും ട്രൗസറുമാണ് ആ വർഷം കിട്ടിയത് എന്നാണ് ഓർമ്മ. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ഷർട്ടായിരുന്നു അത്.
ഓണത്തിന് ഞങ്ങളുടെ വീടുകളിൽ കർക്കിടകത്തിലെ തിരുവോണം മുതൽ പൂവിട്ടു തുടങ്ങും. മഴ വിട്ടിട്ടില്ലാത്ത കർക്കിടകത്തിൽ വെള്ളം കിനിയുന്ന മുറ്റത്ത് ചാണകം കൊണ്ട് മെഴുകി, അതിനു നാടുവിലൊരു മുക്കുറ്റി പൂവും നാലു പുറവും കൃഷ്ണകിരീടത്തിന്റെയും ചെമ്പരത്തിയുടെയും പൂക്കൾ കൊണ്ട് ദിവസേന വഴിപാട് പോലെ ഓരോ പൂക്കളങ്ങളിടും. അല്ലാതെ ഇന്ന് കാണുന്ന പൂക്കളങ്ങളുടെ വൈവിദ്ധ്യങ്ങളിലേക്കൊന്നും അന്ന് പോവാറില്ല. അത്തം മുതൽ തൃക്കാക്കരയപ്പനെ വെച്ച് തുടങ്ങും. മണ്ണുകുഴച്ചുരുട്ടി, പലകമേലടിച്ച് രൂപം വരുത്തിയ രൂപങ്ങൾക്ക് മേൽ മൂലം വരെ തുളസിയും മറ്റു പുഷ്പങ്ങളും കുത്തി അലങ്കരിച്ച് വെക്കും. മൂലം മുതൽ അരിമാവണിഞ്ഞിട്ടു വെക്കാൻ തുടങ്ങും. ആദ്യം മൂന്നും രണ്ടുമെന്ന ക്രമത്തിൽ വെച്ചത് മൂലം തൊട്ട് എണ്ണവും കൂടിത്തുടങ്ങും. ഒടുവിൽ തിരുവോണ ദിവസം മഹാബലിയുടെ രൂപത്തെയും പ്രത്യേക പീഠത്തിന്മേൽ ഓലക്കുട ചാർത്തി വെക്കും. മേൽപ്പറഞ്ഞ തൃക്കാക്കരപ്പനെയും മറ്റും ഉണ്ടാക്കുന്നത് മിക്കവാറും ഞങ്ങൾ കുട്ടികൾ തന്നെയാണ്. ഉത്രാട ദിനം വൈകീട്ട് എല്ലായിടത്തും മഹാബലിയെ ഉണ്ടാകുന്ന തിരക്കായിരിക്കും. കൂടെ അമ്മി, ആട്ടുകല്ല്, മുത്താച്ചിയമ്മ എന്നിങ്ങനെ ചില രൂപങ്ങളും ഉണ്ടാക്കി വെക്കുക പതിവുണ്ട്.
ഏറെത്താമസിയാതെ അച്ഛന് പാലക്കാട് വിക്ടോറിയ കോളേജിലേക്ക് സ്ഥലം മാറ്റമായി. ദിവസവും വന്നു പോവാൻ പറ്റുന്ന ദൂരത്തിലല്ല പാലക്കാട് എന്നത് കൊണ്ട് തന്നെ അവിടെ മറ്റു സഹപ്രവർത്തകരുമൊത്ത് കൽപ്പാത്തിയിൽ ഒരു വാടക മുറിയിൽ താമസമാക്കി. തിങ്കളാഴ്ച രാവിലെ 6 മണിക്ക് പോയാൽ വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ ഒലിങ്കരയിൽ അച്ഛൻ ബസ്സിൽ വന്നിറങ്ങും. മിക്കപ്പോഴും അച്ഛന് വെളിച്ചം കാണിക്കാനായി ഞാനും ശശിയും ടോർച്ചുമായി വെള്ളിയാഴ്ച്ചകളിൽ ഒലിങ്കര റോഡിൽ പോയി നിൽക്കും. പാലക്കാട് നിന്നും കണ്ണൂർ വരെ ചെറുപ്പുളശ്ശേരി വഴി പോവുന്ന ഒരു ലെയ്‌ലാൻഡ് കെ എസ് ആർ ടി സി ബസിലാവും മിക്കവാറും അച്ഛൻ വരുന്നത്. കെ എസ് ആർ ടി സി ബസുകൾ അങ്ങിനെ വീണ്ടും എനിക്ക് പ്രിയപ്പെട്ടതായിത്തീർന്നു. അച്ഛനോട് പറഞ്ഞ് ആ യാത്രകളുടെ ടിക്കറ്റുകൾ ശേഖരിച്ചു തുടങ്ങി. മാത്രമല്ല, അന്ന്, ആര് വീട്ടിൽ വന്നാലും അവരുടെ കയ്യിൽ നിന്നും ബസ് ടിക്കറ്റു ചോദിക്കുകയെന്നത് ഒരു ശീലവും, ടിക്കറ്റുകളുടെ ശേഖരണം ഒരു ഹോബിയുമായി.
ആറാം ക്‌ളാസിൽ വെച്ചാണ് സ്‌കൂൾ കലോത്സവങ്ങളിൽ സജീവമാവുന്നത്. പലപ്പോഴും ടീച്ചർമാരാവും അതിൽ പങ്കെടുക്കണം, ഇതിൽ ചേരണം എന്നൊക്കെ നിർദ്ദേശിക്കുന്നത്. അങ്ങിനെ പാട്ടറിയാത്ത എന്നെ സംഘഗാനത്തിനും, നേരെ ചൊവ്വേ മുട്ടു വിറക്കാതെ നാലാളുടെ മുമ്പിൽ നാലക്ഷരം പറയാനറിയാത്ത എന്നെ പ്രസംഗമത്സരത്തിനും പേര് കൊടുപ്പിച്ചു. "പേരാറ്റിൻ കരയിലേക്കൊരു തീർത്ഥയാത്ര" എന്ന ഗാനം നാലുകെട്ടിലെ അനിയേട്ടൻ ഞങ്ങളെ പഠിപ്പിച്ചു. അന്ന് കൂടെപ്പാടുവാൻ ആരൊക്കെ ആണുണ്ടായിരുന്നതെന്ന് ഓർമ്മയില്ല. പ്രസംഗ മത്സരം എന്നത് അക്കൊല്ലം 3 വിഷയങ്ങൾ മുൻ കൂട്ടി തന്ന്, അതിലൊന്ന് മത്സര ദിവസം നറുക്കിട്ടെടുത്തു പ്രഖ്യാപിക്കുന്ന രീതിയായിരുന്നു. പ്രസംഗത്തിന് ഞാനും ആറ് എ യിലെ അബ്ദുസ്സമ്മദും പങ്കെടുക്കുന്നുണ്ടായിരുന്നു. ഈ മൂന്ന് വിഷയങ്ങളെക്കുറിച്ചും ഉള്ള പ്രസംഗം ടീച്ചർമാർ എഴുതി തന്നു. അത് ദിവസേന പഠിച്ച് അവരുടെ മുമ്പിൽ നിന്ന് റിഹേഴ്‌സൽ ചെയ്ത് കാണാപ്പാഠമാക്കുക എന്നതായിരുന്നു അന്നത്തെ രീതി.
കുന്നക്കാവ് ഹൈസ്‌കൂളിൽ ആയിരുന്നു ആ വർഷത്തെ കലോത്സവം. പ്രസംഗ മത്സരം ആയിരുന്നു ആദ്യം. വിഷയം കിട്ടി. ഞങ്ങൾ രണ്ടു പേരിൽ അബ്ദുസ്സമദിനായിരുന്നു ആദ്യ ഊഴം. സമദ് നന്നായി പ്രസംഗിച്ചു. പിന്നെ വേറെയും പല സ്‌കൂളുകളിലെ കുട്ടികൾ മത്സരിച്ചു. അങ്ങിനെ എന്റെ ഊഴമെത്തി. അപ്പോഴാണ് പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന വിധി നിർണ്ണയിക്കാനിരിക്കുന്ന ടീച്ചർമാർക്ക് എന്റെ പ്രസംഗം ഒരു കല്ല് കടി പോലെ തോന്നിയത്. കാരണം, ആദ്യം അബ്ദുസ്സമദ്‌ പ്രസംഗിച്ച അതെ വാക്യങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. അവരുടെ കണ്ണുകളിൽ നിറഞ്ഞ ഭാവം സ്റ്റേജ് ഭയം വിട്ടു മാറാത്ത എന്നിലെ പ്രാസംഗികനെ തളർത്തി. ഒരു വിധം പ്രസംഗമവസാനിപ്പിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു.
ഫലം വന്നപ്പോൾ അബ്ദുസ്സമദ്‌ ഒന്നാമനും, വേറൊരു സ്‌കൂളിലേ കുട്ടി രണ്ടാമതും ആയി. ഏതായാലും അബ്ദുസ്സമദിന്റെ പ്രസംഗം ആദ്യം വന്നതിൽ മനസ്സുകൊണ്ട് ആനന്ദിച്ചു. കാരണം എന്റേത് ആദ്യവും അവന്റേത് രണ്ടാമതുമായിരുന്നെങ്കിൽ എന്നെ അപേക്ഷിച്ച് നന്നായി പ്രസംഗിക്കുന്ന സമദിന് ഒരു പക്ഷെ സമ്മാനം തന്നെ നഷ്ടപ്പെട്ടേനെ.
ഉച്ചകഴിഞ്ഞായിരുന്നു സംഘഗാനം. പക്ഷെ സംഘഗാനത്തിൽ ഞങ്ങൾ ഒന്നാമതെത്തി. അങ്ങിനെ പാടാനറിയാത്ത എനിക്കും കിട്ടി, പാട്ടിൽ ഒരു സർട്ടിഫിക്കറ്റ്. അനിയേട്ടന് നന്ദി.
തുടരും...
വര: ശശി

No comments: