ആ വർഷമാണ് കേരളത്തിൽ റേഷൻ തുണി വിതരണം ആരംഭിക്കുന്നത്. വളരെ കുറഞ്ഞ വിലക്ക് ഷർട്ടിന്റെയും ട്രൗസറിന്റെയും തുണി, മല്ലു മുണ്ടുകൾ എന്നിവ റേഷൻ കടകളിലൂടെയും സിവിൽ സപ്ലൈസ് സ്റ്റോറുകളിലൂടെയും നൽകാൻ ആരംഭിച്ചു. ആ വർഷത്തെ ഓണക്കോടിയായി ഇത്തരത്തിൽ വാങ്ങിയ തുണിയാണ് ഷർട്ട് തയ്ക്കാനായി ഞങ്ങൾക്ക് കിട്ടിയത്.
ആയിടക്കാണ് അമ്മ തുന്നൽ പഠിക്കുന്നത്. മഹിളാ സമാജത്തിൽ നിന്നും തുന്നൽ പഠിച്ചു തുടങ്ങുന്ന കാലം. അത്യാവശ്യം കുഞ്ഞുടുപ്പുകൾ, ജാക്കറ്റ് തുടങ്ങിയവയിൽ പയറ്റി ഷർട്ടിലേക്ക് എത്തിത്തുടങ്ങിയപ്പോഴാണ് റേഷൻ തുണികൾ കിട്ടിത്തുടങ്ങിയത്. അങ്ങിനെ ഞങ്ങൾക്കും ഒന്നുരണ്ട് ഷർട്ടുകൾ അമ്മ തുന്നിത്തന്നു. പക്ഷെ അതിന് ടെയ്‌ലർ ബാലൻ തുന്നുന്നതിന്റെ ഭംഗിയില്ല, അന്തസ്സില്ല. റേഷൻ തുണിയാണെങ്കിലും ഓണക്കോടി ബാലൻറെ കയ്യിൽ കൊടുത്തു തന്നെ തയ്പ്പിക്കണം എന്ന് വാശി പിടിച്ചു കുന്നപ്പള്ളിയിലെത്തി ബാലനെ ഏൽപ്പിച്ചു.
ടെയ്‌ലർ ബാലൻ താമസിക്കുന്നത് എരവിമംഗലത്താണ്. ദിവസവും ഏകദേശം എട്ടു മണിയോടെ ബാലൻ പാടത്തിനക്കരെയുള്ള വീട്ടിൽ നിന്നും കയ്യിലൊരു ട്രാൻസിസ്റ്റർ റേഡിയോവുമായി പാടത്തേക്കിറങ്ങി, തോട്ടിൻ കരയിലൂടെയുള്ള വലിയ വരമ്പ് വഴി, ചെറിയ അണക്കെട്ട് കടന്ന് കുണ്ടനിടവഴി കയറി കുന്നപ്പള്ളിയിലേക്ക് യാത്ര ചെയ്യും. ഈ യാത്രയിലത്രയും തന്റെ ട്രാൻസിസ്റ്റർ റേഡിയോവിൽ നിന്നും ആകാശവാണിയിൽ നിന്നുമുള്ള പ്രോഗ്രാമുകളുടെ പ്രക്ഷേപണം നാട്ടുകാർക്കായി നടത്തും.
കുന്നപ്പള്ളി വായനശാലയിൽ നിന്നും എരവിമംഗലത്തേക്ക് പോവുന്ന വഴിയുടെ ഓരത്തായുള്ള പീടികളിൽ അബ്ബാസിന്റെ പീടികയുടെയും സെയ്താലിയുടെ ബാർബർ ഷോപ്പിനും ഇടയിലായിട്ടാണ് ബാലന്റെ തുന്നൽപ്പീടിക. അധികം സംസാരിക്കാത്ത ബാലൻ കുന്നപ്പള്ളിയുടെ ആസ്ഥാന ടെയ്‌ലറാണ്. രാവിലെ എത്തിയാൽ മുതൽ വൈകീട്ട് ഇരുട്ടാവും വരെ അത്യദ്ധ്വാനം ചെയ്താലും തീരാത്തത്ര തുണിത്തരങ്ങൾ ഓരോ നിമിഷവും ബാലനെ തേടി എത്തും. പ്രത്യേകിച്ച് ഓണം, പെരുന്നാൾ തുടങ്ങിയ അവസരങ്ങളിൽ അവിടെ നിന്നും ഒരു തുണി തയ്ച്ച് കിട്ടാൻ അവിടെ പോയി കാത്തിരിക്കണം. പലപ്പോഴും പറഞ്ഞ ദിവസം നമ്മളവിടെ എത്തിയിട്ടാവും നമ്മുടെ തുണിയെടുത്ത് തുന്നാൻ തുടങ്ങുക. ആ പുത്തൻ ഷർട്ടും ട്രൗസറും ഇടാനുള്ള അടങ്ങാത്ത മോഹം മനസ്സിൽ വിങ്ങുന്നത് കൊണ്ട് തന്നെ അത് തുന്നിത്തീരും വരെ ബാലന്റെ കരവിരുതിലും കാൽവേഗത്തിലും കണ്ണും മനസ്സും നട്ട് മണിക്കൂറുകൾ കാത്തിരിക്കും.
ആ കാത്തിരിപ്പുകൾ ഒരിക്കലും നമ്മെ നിരാശരാക്കില്ല. ഒന്നോ രണ്ടോ ജോടി വസ്ത്രങ്ങൾ കൊണ്ട് ഒരു വർഷം മുഴുവൻ താണ്ടേണ്ടി വന്ന അന്നത്തെ ബാല്യത്തിൽ അതൊക്കെയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങൾ സമ്മാനിച്ചിരുന്നത്...
തുടരും...
വര: ശശി
No comments:
Post a Comment