Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 29 )


കണ്ണനിവാസിൽ ഞങ്ങൾക്ക് ആടുണ്ടായിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ. വൈകുന്നേരങ്ങളിൽ ആടിനെ തീറ്റലും ഞങ്ങൾ കുട്ടികൾക്കുള്ള പണിയാണ്. ഒഴിവു ദിവസങ്ങളിൽ കാപ്പികുടി കഴിഞ്ഞാൽ ആടിനെയും കൊണ്ട് ഇടവഴികളിലൂടെ കൊണ്ട് പോയി വേലിമേൽ പടർന്നിട്ടുള്ള വയറ, മറ്റു വള്ളികൾ, മുള്ളുമ്പഴമുണ്ടാകുന്ന ചെടിയുടെ ഇലകൾ എന്നിവ തീറ്റിച്ച് വയറു നിറയ്ക്കണം.

ഇങ്ങനെ തീറ്റുന്നതിനിടയിൽ ആടിന് ഇഷ്ടമില്ലാത്ത ഇലകളും കൊടുക്കുന്നത് ഞങ്ങൾക്കൊരു വിനോദമായിരുന്നു. കമ്യൂണിസ്റ്റ് അപ്പ അവയ്ക്ക് ഇഷ്ടമല്ല. അത് കൊണ്ട് അപ്പയുടെ ഇലകൾ വയറയുടെയും മറ്റും ഉള്ളിൽ തിരുകി ഞങ്ങൾ വായിലേക്ക് വെച്ച് കൊടുക്കും. പക്ഷെ ഒന്നോ രണ്ടോ ചവക്കലുകൾക്ക് ശേഷം അവ കൃത്യമായി ആ ഇലകൾ തുപ്പിക്കളയും. അങ്ങിനെ പോയി ഞങ്ങൾ പുല്ലാനിക്കുന്നിന്റെ മുകളിലെത്തും. മൊട്ടക്കുന്നായിക്കിടക്കുന്ന കുന്നിന്റെ വശങ്ങളിലായി നിറയെ പുല്ലാനിച്ചെടികൾ തഴച്ചു വളരും. അവിടെയെത്തിയാൽ ആടിനെ മേയാൻ വിടും. പുല്ലാനിയില ആടുകൾക്ക് ഇഷ്ടമാണ്. പുല്ലാനിക്കുന്നിന്റെ മുകളിലെ വെയിൽ മങ്ങിയിട്ടും ചൂട് വിടാത്ത പാറകളിൽ നിറയെ കുഴികൾ കാണാം. ആ കുഴികളിൽ ആട്ടിൻപാൽ ഒഴിച്ച് വെയിലത്ത് വറ്റിച്ച് കഴിക്കാൻ രസമാണെന്ന് അവിടെ ആട് മേക്കാൻ വരുന്ന ചില കുട്ടികൾ പറയും. ഞങ്ങളത് വിശ്വസിക്കും. പുല്ലാനിക്കുന്നിന്റെ താഴെ ചെറുമക്കളുടെ ശവപ്പറമ്പാണ്. രാത്രി ചുടലഭദ്രകാളിയുടെ കഥ അമ്മായിയോ മുത്തശ്ശിയോ പറയുമ്പോൾ ആ ശവപ്പറമ്പ് മനസ്സിലേക്കോടിയെത്തും. അവിടെ അടുപ്പു കൂട്ടി ഭക്ഷണം പാകം ചെയ്യുന്ന ഭ്രാന്തനായി സ്‌കൂളിൽ നിന്നും വരുമ്പോൾ കണ്ടിട്ടുള്ള ഭ്രാന്തനെ പ്രതിഷ്ഠിക്കും..
ക്രിസ്തുമസിനപ്പുറം തിരുവാതിരയെത്തുകയായി. വീടുകളുടെ മുറ്റങ്ങൾ മമ്പണിയെടുപ്പിച്ച്, ചാണകം മെഴുകി മോടി കൂട്ടും. ഞങ്ങളുടെ പറമ്പിൽ ഊഞ്ഞാലിടാൻ പറ്റുന്ന മരങ്ങളൊന്നുമില്ല. കിഴക്കേ പാത്തയപ്പുരയിലെ ഊഞ്ഞാൽ മൂവാണ്ടൻ മാവിലെ ചെറിയ ഊഞ്ഞാലാണ്.
വലിയ ഊഞ്ഞാൽ കെട്ടുന്നത് നാലുകെട്ടിലെ പടിഞ്ഞാറെ പടിക്കൽ നിൽക്കുന്ന പുളിയുടെ മേലാണ്. വലിയ കാട്ടു വള്ളി കൊണ്ടായിരിക്കും മിക്കവാറും ഊഞ്ഞാൽ. ഊഞ്ഞാലിലിരിക്കാൻ ഓരോരുത്തരും കാത്തു നിൽക്കും. ഏറ്റവും ഉയരത്തിൽ ആര് പോവുമെന്ന് മത്സരിക്കും.
പിന്നെയൊരു ഊഞ്ഞാലുണ്ടാവുക രാജമന്ദിരത്തിലാണ്. അവിടെയുള്ള പൊക്കമുള്ള മാവിന്മേൽ മുളകൊണ്ടുള്ള ഊഞ്ഞാലിടും. നാലുകെട്ടിലെ ഊഞ്ഞാലിൽ ആടി മടുക്കുമ്പോൾ അങ്ങോട്ടോടും.
തിരുവാതിരക്ക് ഉറക്കമൊഴിക്കാൻ പാകത്തിലായിരിക്കും മിക്കവാറും എരവിമംഗലം വായനശാലയുടെ വാർഷികം നടത്തുക. ഡാൻസ് പരിപാടികൾ, പാട്ടുകൾ തുടങ്ങി ഒടുവിൽ ഒരു മുഴുനീളൻ നാടകവും. ഇതാണ് പൊതുവെയുള്ള പരിപാടികളുടെ ഒരു രീതി. ആ വർഷമാണെന്ന് തോന്നുന്നു, അമ്മ അത്തരത്തിലൊരു നാടകത്തിൽ അഭിനയിച്ചു. പറവൂർ ജോർജ്ജിന്റെ നേർച്ചക്കോഴി എന്ന നാടകമായിരുന്നു അത്. മുണ്ടും ചട്ടയും ഒക്കെയിട്ട ഒരു കൃസ്ത്യാനി സ്ത്രീയുടെ റോളാണ് അമ്മ അവതരിപ്പിച്ചത്. പരിയാണിയുടെ മകൾ സുമതിയും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കോഴിത്തൊടി ഗോപ്യാരും പാലോളി നമ്പൂതിരിമാരും യൂസുഫും ഒക്കെയായിരുന്നു മറ്റു അഭിനേതാക്കൾ എന്നാണോർമ്മ.
നാടകത്തിന്റെ രംഗങ്ങൾക്കിടയിൽ നീണ്ട ഇടവേളകൾ തന്നെയുണ്ടാവും. അപ്പോഴൊക്കെ നാട്ടിലെ പാടാനറിയാവുന്നവരൊക്കെ ചെന്ന് ആ വിരസതയെ ഒഴിവാക്കും. ചന്ദ്രാലയത്തിലെ ഉണ്ണിയേട്ടനും ഭരതനുണ്ണിയേട്ടനും അനിയേട്ടനുമൊക്കെ ആ അവസരം നന്നായി ഉപയോഗിക്കും.
വായനശാലാ പരിസരം ഒരു മിനി ഉത്സവപ്പറമ്പായി മാറുന്ന ഈ അവസരങ്ങളിൽ, ഇത്തരം ഇടവേളകളിൽ ഞങ്ങൾ കുട്ടികൾ വാണിഭക്കാർ ഒരുക്കുന്ന വിസ്മയക്കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങും. ആനമയിലൊട്ടകം, കിലുക്കിക്കുത്ത് എന്നിങ്ങനെ ഞങ്ങളെ ആവേശം കൊള്ളിക്കുന്ന പല കാഴ്ചകളും അവിടെ അരങ്ങേറും. അതൊക്കെക്കണ്ട്, അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ 10 പൈസകൊണ്ട് കടലയും വാങ്ങിത്തിന്ന് മറ്റൊരു രംഗത്തിലേക്ക് ഞങ്ങൾ സാകൂതം കണ്ണ് നട്ടിരിക്കും.
തുടരും....
വര: ശശി

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...