ആ വർഷാവസാനത്തോടെ ചെറുകര സ്‌കൂളിനോട് വിട പറയുകയാണ്. അക്കൊല്ലം വർഷാവസാനം ഒരു യാത്രയയപ്പും ഉണ്ട്. ശ്രീധരൻ മാഷുടെയാണ് എന്നാണ് ഓർമ്മ. യാത്രയയപ്പ് ആഘോഷത്തിൽ വിവിധ കലാ പരിപാടികളുടെ കൂടെ ഒരു നാടകവും അവതരിപ്പിക്കാൻ തീരുമാനിച്ചു. ആ വർഷം സ്‌കൂളിൽ പുതുതായി എത്തിയ രാമകൃഷ്ണൻ മാഷുടെ ഒരു സ്ക്രിപ്റ്റ് ആയിരുന്നു അതിനായി തെരഞ്ഞെടുത്തത്. പേര് ബിരുദം.
ബിരുദധാരിയായ, തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരൻ അക്കാലത്ത് അനുഭവിക്കേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടുന്ന ഒരു പ്രമേയമായിരുന്നു ആ നാടകം. കോഴിത്തൊടി മണി, എന്റെ തന്നെ ക്‌ളാസ് മേറ്റുകളായ ടി മോഹനൻ, രാജലക്ഷ്മി, ഞാൻ എന്നിങ്ങനെ കുറച്ചു പേരായിരുന്നു അതിലെക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്.
ബിരുദധാരിയായ ചെറുപ്പക്കാരനായി ടി. മോഹനനെയും, അച്ഛനായി മണിയേയും, മകളായി രാജലക്ഷ്മിയെയും ഒരു ഡോക്ടറുടെ റോളിലേക്ക് എന്നെയും തീരുമാനിച്ച് റിഹേഴ്‌സൽ രണ്ടു മാസം മുമ്പേ തന്നെ തുടങ്ങി.
മിക്കവാറും ശനി, ഞായർ ദിവസങ്ങളിലാണ് റിഹേഴ്‌സൽ നടന്നിരുന്നത്. പല ദിവസങ്ങളിലും ടി മോഹനൻ വരാത്തതിനാൽ റിഹേഴ്‌സൽ സമയത്ത് ആ റോളും ഒരു റിഹേഴ്‌സൽ സബ്സ്റ്റിട്യൂട്ട് എന്ന നിലയിൽ ഞാൻ ചെയ്ത് തുടങ്ങി. ഡോക്ടറുടെ വേഷം പാന്റും ഷർട്ടും ആവണമെന്ന് മാഷ് പറഞ്ഞു. എന്റെ കയ്യിൽ അന്നേ വരെ അങ്ങിനെയൊരു വസ്ത്രം ഇല്ലായിരുന്നു. അച്ഛനോട് ചോദിച്ചാൽ തന്നെ വാങ്ങിത്തരാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന സംശയവും എനിക്കുണ്ടായിരുന്നു. ഇക്കാര്യം മാഷോട് സൂചിപ്പിച്ചപ്പോൾ ബിരുദധാരിയുടെ റോൾ റിഹേഴ്‌ൽ ക്യാമ്പുകളിൽ പലവട്ടം തരക്കേടില്ലാതെ അഭിയിപ്പിച്ചു ഫലിപ്പിച്ച എനിക്കും എന്റെ ഡോക്ടറുടെ റോൾ മോഹനനും മാറ്റിത്തന്നു. ബിരുദധാരിയുടെ വേഷപ്പകർച്ചക്കായി ഒരു വെള്ള ഷർട്ടു തയ്പ്പിച്ചു. മുണ്ടും വാങ്ങി.
അങ്ങിനെ ഒടുവിൽ നാടക ദിനം എത്തി. രാത്രിയാണ് പരിപാടികൾ. സ്‌കൂൾ ഗ്രൗണ്ട് തിങ്ങി നിറഞ്ഞ് കുട്ടികളും രക്ഷിതാക്കളും. നാടകത്തിലെ മികച്ച അഭിനേതാവിനും അഭിനേത്രിക്കും സമ്മാനങ്ങൾ നൽകണമെന്ന് തീരുമാനിച്ചു. അത് പ്രകാരം അവരെ തിരഞ്ഞെടുക്കാനായി രണ്ടു പ്രമുഖരെ ഏർപ്പാടാക്കി . അതിലൊരാൾ വിജയൻറെ അച്ഛൻ എ സ് പിഷാരോടി ആയിരുന്നു.
നാടകം പൊതുവെ പ്രശ്നങ്ങളൊന്നും തന്നെയില്ലാതെ മുന്നോട്ട് പോയി. ഏകദേശം അവസാന രംഗമാവുമ്പോഴേക്കും ബിരുദധാരിയായ ഞാൻ തൊഴിലൊന്നും ലഭിക്കാതെ മുഖത്ത് താടിയൊക്കെ വളർന്നൊരു രൂപമാറ്റത്തിലേക്കെത്തും. അച്ഛനായി അഭിനയിക്കുന്ന മണി ക്ഷയ രോഗ ബാധിതനായി കട്ടിലിലിൽ കിടപ്പാണ്. കട്ടിലിൽ കിടന്ന് ചുമച്ച്, മോളെ വെള്ളം, വെള്ളം എന്ന് പ്രലപിക്കുന്ന രംഗം. അപ്പോൾ മകളായ രാജലക്ഷ്മി ഒരു ഗ്ലാസ്സ് വെള്ളവുമായി ചെന്ന് അദ്ദേഹത്തിന്റെ വായിൽ പതുക്കെ ഒഴിച്ച് കൊടുക്കണം. റിഹേസൽ സമയങ്ങളിൽ ഇതൊക്കെ പ്രോപ്സ് ഒന്നും ഉപയോഗിക്കാതെയുള്ള വെറും പ്രകടനങ്ങൾ മാത്രമായിരുന്നു.
മണിയുടെ, മോളെ വെള്ളം, വെള്ളം എന്ന ദയനീയ വിലാപം കേട്ടപ്പോഴാണ് ഗ്ളാസിനെപ്പറ്റിയും വെള്ളത്തിനെപ്പറ്റിയും നടിയോ, മറ്റു നടീ നടന്മാരോ, മാഷോ ചിന്തിക്കുന്നത്. സ്റ്റേജിന്റെ പിന്നിൽ ആ സമയത്തായിരുന്നു മാഷ്‌നായി ഒരു കട്ടൻ ചായ എത്തിയത്. തത്കാലം മാഷ് ആ ഗ്ളാസ് രാജലക്ഷ്മിക്ക് നൽകി വേഗം സ്റ്റേജിലേക്ക് പൊയ്‌ക്കൊള്ളാൻ ആജ്ഞ നൽകി.
രാജലക്ഷ്മി പതുക്കെ ഗ്ലാസ്സുമായി രംഗത്തേക്കെത്തി. ഒന്ന് രണ്ട് വിളികൾക്ക് ശേഷം കണ്ണടച്ച് കിടന്നിരുന്ന മണിയുടെ അടുത്തു ചെന്ന് ആ കുട്ടി ഒന്നും മിണ്ടാതെ പതുക്കെ ഗ്ലാസിലെ കാപ്പി ചുണ്ടിലേക്കൊഴിച്ചു കൊടുത്തു. ചുടു കാപ്പി താനറിയാതെ മുഖത്തും മാറിലും വീണ മണി പെട്ടെന്ന് ഞെട്ടിയെണീറ്റു പോയി. പക്ഷെ, പെട്ടെന്ന് സംയമനം വിടാതെ, എന്താ മോളെ ഇത്… എന്ന് ചോദിച്ച് രംഗം വഷളാവാതെ രക്ഷപ്പെടുത്തി എന്ന് തന്നെയല്ല, ഏറ്റവും നല്ല നടനുള്ള സമ്മാനം നേടുകയും ചെയ്തു.
അങ്ങിനെ മറ്റൊരു രംഗത്തോടെ നാടകം സമൂഹത്തിനു നേരെ ചില ചോദ്യചിഹ്നങ്ങളുയർത്തി പര്യവസാനിച്ചതോടൊപ്പം എന്റെ ചെറുകരെ സ്‌കൂളിലെ ഏഴു വർഷം നീണ്ട പഠന രംഗങ്ങൾക്കും തിരശ്ശീല വീണു.
തുടരും.
No comments:
Post a Comment