Friday, May 27, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 4

 

കാശ്മീരിലെ നാലാം ദിനം പുലർന്നത് തലേ ദിവസത്തെ ബാക്കി മഴമേഘങ്ങളെ പ്രകൃതി  മേയാൻ വിട്ടത് കണ്ടു  കൊണ്ടാണ്. ജാലകത്തിലൂടെ കാണുന്ന പർവ്വതങ്ങൾക്ക് മേലെ പാറിക്കളിക്കുന്ന  ദേശീയ പതാകയെയും  മറച്ചു കൊണ്ട് ഒരു കരിമ്പടപ്പുതപ്പ് മെല്ലെ ഇഴഞ്ഞു നീങ്ങി. ഇന്നത്തെ ദിനം റൂമിലെ കരിമ്പടപ്പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കഴിഞ്ഞു പുറത്തെ  കാഴ്ചകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു അപ്പോൾ. 

ശ്രീനഗറിലെത്തിയിട്ട് ദിനം മൂന്നു കഴിഞ്ഞെങ്കിലും ശ്രീനഗറിനെ തൊട്ടറിഞ്ഞിട്ടില്ല. ശ്രീനഗറിന്റെ മുഖമുദ്രയായ ദാൽ ലേക് കണ്ടിട്ടില്ല. 

ജമ്മു കാശ്മീരിന്റെ വേനൽക്കാല രാജധാനിയാണ് ശ്രീനഗർ. 2019ലെ  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം  ഏകദേശം 15 മാസത്തോളം നീണ്ട അടച്ചിടലിനപ്പുറം 2021 ഫെബ്രുവരിയിലാണ് കാശ്മീർ വീണ്ടും തുറക്കുന്നത്. ഇന്ന് ശ്രീനഗറിലെ രാഷ്ട്രീയ അന്തരീക്ഷം   പൊതുവെ സമാധാന പരമാണ്. ഇപ്പോൾ ഇത്രയും കാലം അടച്ചിട്ട കാശ്മീർ കാണാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള  സഞ്ചാരികളുടെ   കുത്തൊഴുക്കാണ്. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും CRPFൻറെ സാന്നിദ്ധ്യമുണ്ട്. ഞങ്ങളുടെ ഹോട്ടൽ സ്ഥിതി ചെയ്യന്ന ഇന്ദ്ര നഗറിലാണ്  CRPF ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഓരോ ഊടുവഴികളിൽ പോലും സൈനിക വിന്യാസമുണ്ട്. 

ഇന്ന് ശ്രീനഗറിലെ കാഴ്ചകൾ കാണാനുള്ള ദിവസമാണ്. ദാൽ തടാകം, പൂന്തോട്ടങ്ങൾ, ഹസ്രത്ത്ബാൽ പള്ളി എന്നിവയുടെ കാഴ്ചക്കപ്പുറം  അത്യാവശ്യം ഷോപ്പിംഗ് നടത്തുക എന്നതൊക്കെയാണ്  ടൂർ ഓപ്പറേറ്റർ നൽകിയ യാതാപരിപാടി. ലോക്കൽ സൈറ്റ് സീയിങ് ആയതിനാൽ തന്നെ ഇന്ന് 9 മണിക്കേ ഹോട്ടലിൽ നിന്നും പുറപ്പെടുന്നുള്ളു. അതിനിടയിലാണ് ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴഭീഷണി തലയ്ക്കു മുകളിൽ കമ്പിളിപ്പുതപ്പ് വിരിച്ചിരിക്കുന്നത്.



ഇന്നലത്തെ ഗുൽമാർഗ്ഗ് യാത്രക്ക്  ഞങ്ങളുടെ ടൂർ ഓപ്പറേറ്റർമാർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന പരാതി സംഘാംഗങ്ങളിൽ നിന്നുമുയർന്നു. രാവിലെ എട്ടരക്ക് തുടങ്ങുന്ന ഗോണ്ടോള റൈഡിനു തിരക്കാവുന്നതിന് മുമ്പേ അവിടെ എത്താൻ പാകത്തിൽ ഹോട്ടലിൽ നിന്നും നേരത്തെ കൊണ്ടു പോവാമായിരുന്നു എന്ന വാദം ന്യായമാണെന്ന് ബഹുഭൂരിപക്ഷവും സമ്മതിച്ചു. അങ്ങിനെയെങ്കിൽ ഞങ്ങൾക്ക് മഞ്ഞിൽ കളിക്കാനുള്ള ഒരു അവസരം തീർച്ചയായും ലഭിച്ചേനെ. മഞ്ഞിലെ കളിക്കു പകരം പ്രകൃതി ഞങ്ങൾക്ക് ഒരുക്കിത്തന്നത് ആലിപ്പഴ മഴയിലെ കളിയായിരുന്നുവെന്ന് മാത്രം. 

ഹോട്ടലിനു മുമ്പിലെ ചെറിയ ഉദ്യാനത്തിൽ ഒന്നു രണ്ടു ചെറിയ  ആപ്പിൾ മരങ്ങളും മാതളനാരകവും ഉണ്ട്. ആപ്പിൾ പൂവിട്ട് കായ പിടിച്ചു വരുന്നതേയുള്ളൂ. ആഗസ്ത്-സെപ്തംബറോടെയേ അവ പഴുത്തു തുടങ്ങൂ. ആ ചെടികളെയൊക്കെ അടുത്ത്  കണ്ട് എല്ലാവരും ചേർന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയും മറ്റും എടുത്തു ഞങ്ങൾ പ്രസിദ്ധമായ ദാൽ തടാകം ലക്ഷ്യമാക്കി യാത്രയായി. 



ഹോട്ടലിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരെയായായാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. പൗരാണിക  ഗ്രന്ഥങ്ങളിൽ  മഹാസരിത് എന്നാണ് ഈ തടാകത്തെക്കുറിച്ച് പറയുന്നത്. 

ശ്രീനഗറിന്റെ രത്‌നം എന്നാണ് സഞ്ചാരികള്‍ ഈ തടാകത്തെ വിളിക്കുന്നത്. ഗാർഗിബാൽ, ലോകുത്, ബോദ്, നാഗിൻ എന്നിങ്ങനെയുള്ള നാല് തടാകങ്ങൾ കൂട്ടിച്ചേർന്നതാണ് ഏകദേശം 18 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ദാൽ(ദാൽ എന്നാൽ കാശ്മീരി ഭാഷയിൽ തടാകം എന്നർത്ഥം). തടാകത്തിന്റെ ഉൾവശങ്ങളിൽ ജലത്തിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഹൌസ് ബോട്ടുകൾക്ക് ഏറെ പ്രസിദ്ധമാണ് ദാൽ. കേരളത്തിലെ ഹൌസ് ബോട്ടുകളെപ്പോലെ അവ ഒഴുകി നടക്കുന്നില്ല. പകരം തടാകത്തിൽ മുഴുവൻ ഷിക്കാര എന്ന ഭംഗിയുള്ള  ചെറു ബോട്ടുകൾ സുലഭമാണ്.  ആ ഷിക്കാരയിൽ ഒരു യാത്രക്കാണ് ഞങ്ങളെ ആദ്യമായി കൊണ്ട് പോയത്. 

ലോകത്തിലെ ഏക ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കാണണം, അവിടെപ്പോയി ഓരോ പോസ്റ്റ് കാർഡ് വേണ്ടപ്പെട്ടവർക്ക് അയക്കണം  എന്ന് ഞങ്ങൾക്കിടയിലെ   പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻറ്മാർ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അതനുസരിച്ച് തടാകത്തിന്റെ ഘാട്ട് നമ്പര്‍ 14നും 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസിലേക്ക് ഞങ്ങളെത്തി. തടാകക്കരയിൽ ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.  മഹിളാ പ്രധാൻ ഏജൻറ്മാർ എല്ലാവരും അവിടെപ്പോയി സ്മാരക പോസ്റ്റ് കാർഡുകൾ പോസ്റ്റ് ചെയ്ത് ഹർഷ പുളകിതരായി തിരിച്ചു വന്ന് ഷിക്കാരാ യാത്രക്കായി മറ്റൊരു ഘാട്ട്(ജെട്ടി)  ലക്ഷ്യമാക്കി യാത്രയായി.


നാട്ടിലെ കൊതുമ്പ് വള്ളത്തെ ഓർമ്മിപ്പിക്കുന്ന രൂപസാദൃശ്യമാണ് ഷിക്കാരകൾക്ക്. തോണിയുടെ  നടുവിലായി സഞ്ചാരികൾക്ക് ഇരിക്കാനായി മെത്ത കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും അതിനു മുകളിലായി മുന്നിൽ നിന്നും പിന്നിലേക്ക് ചെരിഞ്ഞ  ഭംഗിയാർന്ന ഒരു മേൽക്കൂരയും. ഷിക്കാരയുടെ ഭംഗിയിൽ ഒരു പക്ഷെ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് ആ ചരിഞ്ഞ, നാലുപുറവും അലുക്കുകൾ തീർത്ത   മേൽക്കൂര തന്നെ.


ഓരോ ബോട്ടുകളിലും നാല് പേർ വീതമുള്ള ബാച്ചുകളായി ഞങ്ങൾ വിവിധ ഷിക്കാരകളിൽ കയറി. ഒരു മണിക്കൂറാണ് ഞങ്ങൾക്ക് അനുവദിച്ച സമയം. ഷിക്കാര ജെട്ടി വിടുമ്പോഴേക്കും വിവിധ വാണിഭക്കാർ വള്ളങ്ങളിൽ നിങ്ങളുടെ അടുത്തേക്കെത്തും. കുങ്കുമപ്പൂവ്, കാശ്മീർ കരകൗശല വസ്തുക്കൾ, ഭക്ഷ്യപേയങ്ങൾ തുടങ്ങി.. മറ്റൊരു കൂട്ടർ നിങ്ങളെ അണിയിച്ചൊരുക്കി ചിത്രങ്ങളെടുപ്പിക്കാൻ പ്രേരിപ്പിക്കും. കാശ്മീർ യാത്രയുടെ സുവനീർ എന്ന വണ്ണം അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിയിച്ച് കയ്യിൽ പൂക്കൂടയും, ചിതപ്പണികൾ തീർത്ത മൺകുടങ്ങളും കയ്യിലേന്തിയുള്ള  ചിത്രങ്ങൾക്കായി നിങ്ങളെ പ്രലോഭിപ്പിക്കും. അത്തരം പ്രലോഭനങ്ങൾക്ക് വശംവദരായി, അവരുടെ വരുമാന മാർഗ്ഗങ്ങൾക്ക് നിങ്ങളാലാവുന്ന പങ്ക്‌ നൽകി, അവരുടെ ആർത്തികൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് ആ യാത്ര ആസ്വദിച്ചു കൊണ്ട് ഞങ്ങൾ തടാകത്തിലൂടെ ഒഴുകി നടന്നു. കൂട്ടത്തിലെ സംഗീതജ്ഞൻ ബൈജുവിന് ആ യാത്ര സംഗീതാല്മകമാക്കണം എന്ന മോഹം. തോണിക്കാരനോട് തന്റെ ഇംഗിതം അറിയിച്ചപ്പോൾ അയാളും അതിനു വഴങ്ങി. പഴയ ഹിന്ദി ഗാന ശകലങ്ങൾ മൂളിക്കൊണ്ട് സഞ്ചാരിയുടെ മനം നിറക്കാൻ അയാളും തന്നാലാവത് ചെയ്തു.



പുലർച്ചെ ഉണരുന്ന തടാകത്തിലെ ഒഴുകുന്ന പച്ചക്കറിച്ചന്ത മുതൽ വൈകുംവരെയുള്ള കാഴ്ചകൾ വ്യത്യസ്തങ്ങളാണ്.  പച്ചക്കറിച്ചന്ത പരമ്പരാഗത മാറ്റക്കച്ചവട സമ്പ്രദായത്തിലുള്ളതാണ്. അതെ പോലെ ഭംഗിയാർന്നതാണ് അവിടത്തെ ഒഴുകുന്ന ഉദ്യാനങ്ങൾ. റാഡ് എന്ന് കാശ്മീർ ഭാഷയിൽ പേരുള്ള ഈ ഉദ്യാനത്തിലെ പ്രധാന പൂവുകൾ താമരയും വിവിധയിനം ആമ്പലുകളുമാണ്. താമരക്കിഴങ്ങും, തണ്ടും ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യ വസ്തുക്കളും ശ്രീനഗറിൽ പ്രസിദ്ധമത്രെ. 

ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട ഷിക്കാര യാത്രക്ക് ശേഷം ഞങ്ങൾ ഘാട്ടിൽ തിരിച്ചെത്തി.  സായംസന്ധ്യയിൽ ഷിക്കാരകളിലിരുന്ന്  പണ്ഡിറ്റ് ശിവ് കുമാർ ശർമ്മയുടെ സന്തൂറിന്റെ അകമ്പടിയോടെ ദാൽ തടാകത്തിൽ ഒഴുകി നീങ്ങുന്ന  ഒരു യാത്ര നൽകുന്ന അവാച്യമായ അനുഭൂതിയുടെ നഷ്ടത്തെപ്പറ്റിയാണ് ഞാനപ്പോൾ ഓർത്തത്. 

അവിടെ നിന്നും ഞങ്ങളെ കൊണ്ട് പോയത് ദാലിന്റെ കിഴക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന നിഷാത് (Nishat)ബാഗിലേക്കാണ്. 1633ൽ മുഗളന്മാരുടെ കാലത്ത് നൂർജഹാൻറെ സഹോദരനായ ആസിഫ് ഖാൻ ആണ് ഈ ഉദ്യാനം പണിതതത്രെ. മുന്നിൽ ദാൽ തടാകവും പിന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന  സബർവൻ മലനിരകളും  ചേർന്ന് പ്രകൃതിരമണീയമാണ് നിറയെ പൂക്കളും ജലധാരകളും  നിറഞ്ഞ ആ ഉദ്യാനക്കാഴ്ചകൾ. പനിനീർ പുഷ്പങ്ങളും, ട്യൂലിപ് പുഷ്പങ്ങളും നിറഞ്ഞ ഈ ഉദ്യാനം മലനിരകളിൽ നിന്നും താഴോട്ട് 12 തട്ടുകളായി തിരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.  മുകളിൽ നിന്നും ദാൽ തടാകം വരെ  ഉദ്യാനത്തിന് നടുവിലൂടെ ജലം ഒഴുകി ഒടുവിൽ തടാകത്തിലെത്തിച്ചേരുന്നു. അവിടെ ഉദ്യാനത്തിലുമുണ്ട് ബഹുവർണ്ണ വസ്ത്രങ്ങൾ അണിഞ്ഞു കാശ്മീർ സുന്ദരികളും സുന്ദരന്മാരുമാവാനുള്ള സജ്ജീകരണങ്ങൾ. ഏകദേശം ഒന്നൊന്നര മണിക്കൂർ ആ ഉദ്യാനത്തിലൂടെ ചുറ്റിനടന്ന് കാഴ്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും പുറത്തു കടന്നപ്പോഴേക്കും പൊതുവെ അന്തരീക്ഷം തെളിഞ്ഞു.




സമയം ഒരു മണി ആയത് കൊണ്ട് തന്നെ അടുത്ത പരിപാടി ഉച്ചഭക്ഷണം ആയിരുന്നു. കാശ്മീർ താലിയായിരുന്നു അന്നത്തെ ഭക്ഷണം. പക്ഷെ തലേന്ന് ഗുൽമാർഗ്ഗിൽ നിന്നും രുചിച്ച ഭക്ഷണം വെച്ച് നോക്കുമ്പോൾ അത് ഞങ്ങളെ ഒട്ടും തൃപ്തരാക്കിയില്ല.

ഉച്ചയൂണിന് ശേഷം എല്ലാവരും നിഷാത് ബാഗിനപ്പുറമുള്ള  ഷാലിമാർ ബാഗിലേക്ക് കടന്നു. മുഗൾ ചക്രവർത്തിയായിരുന്ന ജഹാൻഗീർ 1619 ൽ തന്റെ പത്നി നൂർ ജഹാന് വേണ്ടി നിർമ്മിച്ചതാണത്രേ ഈ ഉദ്യാനം. മുഗൾ ഉദ്യാനനിർമ്മാണ രീതിയിൽ നിർമ്മിച്ച ഈ പുഷ്പോദ്യാനവും അസംഖ്യം ഇനങ്ങളിലുള്ള പുഷ്പ വാടികകളാലും ജലോദ്യാനങ്ങളാലും സമൃദ്ധമാണ്. കൂടാതെ ചിനാർ വൃക്ഷങ്ങളുടെ ഒരു നിര തന്നെയുണ്ട് ഈ ഉദ്യാനത്തിൽ.  ചിനാറിൻറെ ചെറു ചെടികൾ മുതൽ ആകാശം മുട്ടുമാറുള്ള വൻ വൃക്ഷ മുത്തശ്ശിമാരുടെ നിര ആ ഉദ്യാനത്തിന്റെ ഹരിതഭംഗിക്ക് മാറ്റ് കൂട്ടുന്നു. കിഴക്കൻ ഹിമാലയത്തിൽ വളരുന്ന ചിനാർ മരങ്ങൾ കാശ്മീരിന്റെ തനത് കാഴ്ചയാണ്. ആ ഉദ്യാനത്തിന്റെ സൗന്ദര്യമത്രയും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. 






ദാൽ തടാകത്തിന്റെ വടക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ഹസ്രത്ത്ബാൽ ദർഗ്ഗയായിരുന്നു അടുത്ത ലക്ഷ്യം. അന്ന് വെള്ളിയാഴ്ചയായിരുന്നു. കൂടാതെ ഇരുപത്തേഴാം രാവ് കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച. പെരുന്നാളിന്റെ അടുക്കലെത്തിയ ദിനം. അത് കൊണ്ട് തന്നെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്ന അവസ്ഥയിലായിരുന്നു. സാധരണക്കാരിൽ സാധാരണക്കാരായ കാശ്മീർ ജനതയുടെ ദർഗ്ഗക്ക് മുമ്പിലുള്ള തെരുവോരങ്ങളിലെ  ആ തിരക്ക് കണ്ടപ്പോൾ ഇന്ന് സഞ്ചാരികൾക്ക് ദർഗ്ഗയിലേക്കുള്ള പ്രവേശനം അപ്രാപ്യമെന്ന് കരുതി ഞങ്ങൾ വണ്ടി തിരിച്ചു വിട്ടാലോ എന്ന് കരുതിയേടത്ത് നിന്നും ബസിലെ ഡ്രൈവറും സഹായിയും ചേർന്ന് ആ തിരക്കിനിടയിലൂടെ ഞങ്ങളെ ദർഗ്ഗയിലേക്കു നയിച്ചു.


അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബിയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്ന ഇടം എന്ന നിലക്കാണ് ഹസ്രത്ത് ബാൽ മസ്ജിദ് പ്രാധാന്യമർഹിക്കുന്നത്. ആദരണീയം എന്നര്‍ഥമുള്ള ഹസ്‌റത്, കേശം എന്നര്‍ഥമുള്ള ബാല്‍ എന്നീ ഉര്‍ദു പദങ്ങള്‍ ചേര്‍ത്താണ്  ഈ പള്ളിയെ നാമകരണം ചെയ്തിരിക്കുന്നത്. 

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയതത്രെ.  1635ല്‍ വിശുദ്ധ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ല മദാനിയിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയത്. ഇത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു. തന്റെ വിയോഗ ശേഷം തന്റെ മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറി. ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിക്കപ്പെട്ടിരുന്നത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ നഖ്ശബന്ത് സാഹിബ് ദര്‍ഗയിലായിരുന്നു. തിരുകേശം ദര്‍ശിക്കാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നപ്പോള്‍, ദാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ ആരാധനാലയത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു.  കാശ്മീര്‍ താഴ്‌വരയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആകര്‍ഷണ കേന്ദ്രവുമായി മാറി ഈ വെള്ള മാര്‍ബിളില്‍ പണിത ഹസ്‌റത് ബാല്‍ മസ്ജിദ്. 1980 കാലത്ത് കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ മനോഹരമായി പുതുക്കിപ്പണിതു. പള്ളിക്ക് ഇന്ന് കാണുന്ന മനോഹാരിത കൈവന്നത് ഇതിനുശേഷമാണ്. പക്ഷെ പൊതുജനങ്ങൾക്ക് തിരുകേശ പ്രദർശനം ചില പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളിൽ മാത്രമാണുള്ളത്. ആ ആരാധനാലയത്തിൽ ജാതി-മത ലിംഗ ഭേദമന്യേ സഞ്ചാരികൾക്കും  പ്രവേശനമുണ്ട്. അതിനുള്ളിലെല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ പുറത്തു കടന്നു. റംസാന്റെ അന്ത്യപാദത്തിലെത്തിയിരുന്നത് കൊണ്ട് തന്നെ  പുറത്ത് സക്കാത്ത് സ്വീകരിക്കാനായി നിൽക്കുന്നവരുടെ നീണ്ട നിരതന്നെ കണ്ടു.


പള്ളിയുടെ തെരുവോരങ്ങളിൽ കാശ്മീരിന്റെ വൈവിദ്ധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ഇടങ്ങൾ ഇഷ്ടം പോലെയുണ്ടായിരുന്നു. അവിടെ കാശ്മീരിന്റെ തനത് കൂറ്റൻ പറാട്ടയും ഹൽവയും, ആലൂ ബജ്ജിയും, ഖാന്ത് ഗസിരിയും, നാദിർ മോഞ്ജിയും(താമരക്കിഴങ്ങ് വറുത്തെടുത്തത്) പേരറിയാത്ത മറ്റനേകം വറവ് ഇനങ്ങളും നിരന്നിരുന്നു. പക്ഷെ അറിയാത്ത അത്തരം ഭക്ഷണങ്ങൾ ആഹരിച്ച് ദഹനപ്രക്രിയയെ താളം തെറ്റിക്കുവാൻ മനസ്സ് വരാത്തത് കൊണ്ട് ഞങ്ങൾ തിരിച്ചു ബസിലേക്ക് നടന്നു.   




തുടർന്ന് ഞങ്ങൾ പോയത് കാശ്മീരിന്റെ തെരുവോരങ്ങളിലെ വഴിവാണിഭക്കാരുടെ അടുത്തേക്കാണ്. ദാൽ തടാകക്കരയിലായി സന്ധ്യയോടടുപ്പിച്ച് തെരുവോരക്കക്കച്ചവടം ഉണരുകയായി. കാശ്മീരി ഷാളുകൾ, കരകൗശല വസ്തുക്കൾ, സ്വെറ്ററുകൾ തുടങ്ങി എന്തും സാധാരണക്കാരന് കയ്യിലൊതുങ്ങുന്ന ബജറ്റിൽ ലഭിക്കുന്ന ഇടമാണ് അത്. എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ തങ്ങളിവിടെക്ക് വന്നത് തന്നെ ഇതൊക്കെ സ്വന്തമാക്കാനാണെന്ന   മട്ടിൽ അവയൊക്കെയും  വാങ്ങിക്കൂട്ടി.

അപ്പോൾ ദാൽ തടാകത്തിനപ്പുറമുള്ള പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ പൊൻ പ്രഭ ദൃശ്യമായി. തടാകത്തിലെ ജലം ആ നിറച്ചാർത്ത് ഏറ്റുവാങ്ങി സഞ്ചാരികളുടെ മനം കുളുർപ്പിച്ചതോടോപ്പം തടാകത്തിൽ നിന്നും വീശിയ ശീതമാരുതൻ അവരുടെ ദേഹത്തും കുളിരു കോരിയിട്ടു കൊണ്ട് കടന്നു പോയി. ആ സുന്ദര കാഴ്ചകൾക്ക് വിട പറഞ്ഞു കൊണ്ട്  ഞങ്ങൾ പതിയെ ഹോട്ടലിനെ ലക്ഷ്യമാക്കി യാത്രയായി.




കാശ്മീരിലെ ഇനിയും കാണാത്ത കാഴ്ചകളെപ്പറ്റിയാണ് അപ്പോൾ മനസ്സ് ദുഃഖിച്ചത്. അതിൽ സബർവാൻ മലനിരകളിലുള്ള  ശങ്കരാചാര്യ മന്ദിരമുണ്ടായിരുന്നു, ബാരമുള്ളയിലെ ശൈലപുത്രി ക്ഷേത്രമുണ്ടായിരുന്നു, ദാൽ തടാകത്തിലെ ഹൌസ് ബോട്ടിലെ താമസമുണ്ടായിരുന്നു.

അതൊക്കെ മറ്റൊരു യാത്രക്കായി മാറ്റി വെച്ച് കൊണ്ട് പിറ്റേന്ന് രാവിലെ ഞങ്ങൾ ശ്രീനഗറിനോട് വിട പറഞ്ഞു. 


1 comment:

Anonymous said...

Well written, enjoyed reading

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...