Saturday, May 21, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 3

മൂന്നാം ദിവസം രാവിലെ  ഞങ്ങളെല്ലാവരും ഏറെ സന്തോഷത്തിലായിരുന്നു. കാരണം അന്നാണ് മഞ്ഞിൽ കളിക്കാൻ പോവുന്നത്. അതിനാണ് സംഘത്തിലുള്ളവരിൽ മുക്കാൽ പങ്കും  കാശ്മീരിലേക്ക് വന്നത് തന്നെ. 
ശ്രീനഗറിൽ നിന്നും 50 കിലോമീറ്റർ പടിഞ്ഞാറ് മാറി  ബാരാമുള്ള ജില്ലയിൽ  ഹിമാലയപർവ്വതനിരകളിലെ പിർ പഞ്ചാൽ  മൗണ്ടൈൻ റേഞ്ചിലാണ് ഗുൽമാർഗ്ഗ് സ്ഥിതി ചെയ്യുന്നത്. പഹൽഗം, സോൻമാർഗ് എന്നിവിടങ്ങളെ അപേക്ഷിച്ച്  ഇന്നത്തെ യാത്ര പകുതി ദൂരമേ ഉള്ളൂ. അത് കൊണ്ട് തന്നെ ഞങ്ങളുടെ ടൂർ ഓപ്പറേറ്റർക്ക് വലിയ തിടുക്കങ്ങളില്ല.   ഗൗരിദേവിയുടെ വഴി എന്നർത്ഥം വരുന്ന ഗൗരി  മാർഗ് എന്ന നാമം  പിന്നീട് 1579 മുതൽ 1586 വരെ കാശ്മീർ ഭരിച്ചിരുന്ന യൂസഫ് ഷാ ചക്  പൂക്കളുടെ പുൽമേട് എന്നർത്ഥം  വരുന്ന ഗുൽമാർഗ്ഗ്‌ എന്നാക്കി മാറ്റുകയായിരുന്നത്രെ. 8,690 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗോൾഫ് കോഴ്‌സും ഗുൽമാർഗ്ഗിലാണ്.  1998, 2004, 2008 എന്നീ വർഷങ്ങളിൽ ദേശീയ വിന്റർ ഗെയിംസ് നടന്ന സ്ഥലം കൂടിയാണ്  ഗുൽമാർഗ്ഗ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച  ഹിറ്റുകളിലൊന്നായ രാജ് കപൂർ ചിത്രം ബോബിയിലെ "ഹം തും ഏക് കംരെ മെ ബന്ദ് ഹോ" എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നതും ഗുൽമാർഗ്ഗിൽ ആയിരുന്നു.

ഏകദേശം ഒരു പത്തരയോടെ ഞങ്ങൾ ഗുൽമാർഗിന്റെ കവാടം എന്നറിയപ്പെടുന്ന ടാങ്ങ്മാർഗിലെത്തി. മുകളിലെ മഞ്ഞിൽ കളിക്കാൻ തക്കവണ്ണമുള്ള വസ്ത്രങ്ങൾ, ഗം-ബൂട്ട് എന്നിവ അവിടെ നിന്നും വാടകക്ക് കിട്ടും. വെറുതെ മുംബൈയിൽ നിന്നും നാട്ടിൽ നിന്നും ഇതൊന്നും ഒരൊറ്റ യാത്രക്കായി കാശ് മുടക്കി വാങ്ങി വരേണ്ടതില്ലെന്നർത്ഥം. അതൊക്കെ വാടകക്ക് എടുത്ത് ഞങ്ങൾ ഏകദേശം പതിനൊന്നരയോടെ ഗുൽമാർഗിലെ ഗോൾഫ് കോഴ്‌സിന് മുമ്പിലുള്ള പാർക്കിങ് ഗ്രൗണ്ടിൽ എത്തി.

ഏപ്രിൽ അവസാനമായത് കൊണ്ട് തന്നെ ഗുൽമാർഗ്ഗിലെ ഗോൾഫ് കോഴ്‌സിലെ മഞ്ഞുരുകി പുൽമേട് പച്ചപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. മഞ്ഞിൽ കളിക്കാൻ കുന്നു കയറിപ്പോവണം. അതിന് കേബിൾ കാർ സംവിധാനമുണ്ട്. കശ്മീർ ടുറിസം വകുപ്പിന്റെ സൈറ്റിൽ പോയി അത് നേരത്തെ ബുക്ക് ചെയ്യണം. ഞങ്ങളുടെ ഓപ്പറേറ്റർ നേരത്തെ ഇക്കാര്യം ചെയ്ത് വെച്ചതിനാൽ ടുറിസം വകുപ്പിന്റെ ഓഫിസിൽ പോയി ഗ്രൂപ്പ് ലീഡർ പേരും നാളും ഫോൺ നമ്പറും എഴുതിവെച്ച് കേബിൾ കാർ തുടങ്ങുന്നയിടത്തേക്ക് യാത്ര തുടങ്ങി.    മറ്റ് സ്ഥലങ്ങളിലെപ്പോലെ തന്നെ ഇവിടെയൊക്കെയും കുതിരക്കാർ നിങ്ങളെ പൊതിയും. കണ്ടമാനം നടക്കാനുണ്ടെന്നു പറഞ്ഞു  പിന്നാലെ വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും. തൽക്കാലം ഒരു ഇരയെ അവർക്ക് നൽകി ഞങ്ങൾ മുമ്പോട്ട് നടന്നു. 

പ്രസ്തുത കേബിൾ കാർ യാത്രക്ക് ടിക്കറ്റില്ല എന്നും പറഞ്ഞു ഞങ്ങളുടെ ടൂർ ഓപറേറ്ററും ലോക്കൽ ഗൈഡും താഴെ നിന്ന്, ഞങ്ങളിലൊന്ന് രണ്ടു പേരെ ബാക്കിയുള്ളവരെക്കൂടി നയിക്കാൻ ചട്ടം കെട്ടി. തിരിച്ചു വന്നാൽ ഇവിടെ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു ഒരു ചെറിയ ഹോട്ടലും കാണിച്ചു തന്ന് വിട്ടു.  

ഏകദേശം 10 മിനുട്ടിന്റെ നടത്തത്തിനു ശേഷം ഞങ്ങൾ ഗുൽമാർഗ്ഗ്-ഗോണ്ടോള റൈഡിന്റെ കവാടത്തിലെത്തി. ഒരു മിനി തൃശൂർ പൂരത്തിന്റെ തിരക്കുണ്ടായിരുന്നു അന്ന് അവിടേക്ക് പോവാൻ. ഏകദേശം ഒരു മണിക്കൂർ ലൈൻ നിന്ന് ഒരു മണിയോടെ ആദ്യ പടിയിലേക്കെത്തി.  

ഗുൽമാർഗ്ഗിൽ നിന്നും കോംഗ്‌ദൂരി( Kongdoori) മലനിരകളിലേക്കാണ് ആദ്യ യാത്ര. ആദ്യ യാത്രയിൽ നിങ്ങൾ 8,530 അടി ഉയരത്തിലേക്ക് ഉയർത്തപ്പെടുന്നു. 6 പേർക്കിരിക്കാവുന്ന കേബിൾ കാർ  യാത്രയിൽ ചെങ്കുത്തായ മല നിരയിലേക്ക് ഉയർത്തപ്പെടുകയാണ്. അവിടം വരെയും കാര്യമായ മഞ്ഞൊന്നും താഴെകാണാനില്ലായിരുന്നു. പിന്നീട് രണ്ടാം ഘട്ടമായ 13,780 അടി മുകളിലുള്ള  അഫർവത്ത് കൊടുമുടിയിലേക്ക് (Apharwat Peak) യാത്ര ചെയ്യാനായി ഞങ്ങൾ വരിയിൽ നിന്നു. വീണ്ടും ചുരുങ്ങിയത് ഒരു രണ്ടു മണിക്കൂറെങ്കിലും വരി നിൽക്കേണ്ട അവസ്ഥ. രണ്ടാം ഘട്ടത്തിലേക്ക് ടിക്കറ്റു കിട്ടാത്തവർക്കായി അവിടെ നിന്നും കുതിരപ്പുറത്ത് കയറ്റി മഞ്ഞുള്ള ഭാഗത്തേക്ക് കൊണ്ട് പോവുന്ന കച്ചവടവും പൊടിപൊടിക്കുന്നുണ്ട്.


ഒന്നാം ഘട്ടത്തിൽ നിന്നും കാണുന്ന അഫർവത്ത് മല നിരകളുടെ കാഴ്ച മുകളിലേക്ക് പോകുംതോറും മഞ്ഞുമൂടിയ അവസ്ഥയിലാണ്. ഏകദേശം ഒരു മണിക്കൂർ ലൈൻ നിന്ന് വരിയുടെ പകുതിയെത്തിയപ്പോഴേക്കും അന്തരീക്ഷം ഇരുണ്ട്  മുന്നിലുള്ള അഫർവത്ത് മലനിരകൾക്കപ്പുറത്ത് നിന്നും മുകളിലേക്ക് കറുത്ത മേഘങ്ങൾ കയറിവന്ന് ഉത്സാഹത്തോടെ കാത്തു നിൽക്കുന്ന ഞങ്ങളെ  എത്തിനോക്കിത്തുടങ്ങി. ഒരു മഞ്ഞു വീഴ്ച കൂടി കിട്ടിയാൽ ഉഷാർ എന്ന് മനം മന്ത്രിച്ചു..


അധികം വൈകിയില്ല. പ്രകൃതി കനിഞ്ഞു. മുന്നിൽ നിരന്നു കിടക്കുന്ന  ഹിമാനികൾക്ക് മേലേക്ക് മേഘം പെയ്തിറങ്ങിത്തുടങ്ങി. അധികം വൈകാതെ അത് ഞങ്ങൾ നിൽക്കുന്ന ഇടത്തേക്കും വ്യാപിച്ചു തുടങ്ങി. കൂടെ ഇടിയും മിന്നലും അകമ്പടി സേവിച്ചു. അധികം വൈകാതെ ഒരു കാര്യം മനസ്സിലായി. ഞങ്ങളിൽ ബഹുഭൂരിപക്ഷവും വാടകക്കെടുത്ത വസ്ത്രങ്ങളും ഗം ബൂട്ടും എങ്ങിനെ ഈയൊരു കാലാവസ്ഥയിൽ  ഉപകാരത്തിൽപ്പെടുമെന്ന്. പക്ഷെ അതോടെ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് മുകളിലേക്കുള്ള യാത്ര തൽക്കാലം നിർത്തിയതായി അറിയിപ്പു വന്നു. മഴ മേഘങ്ങൾ ഉടൻ നിന്ന് വീണ്ടും മുകളിലേക്ക് പോവാനുള്ള കേബിൾ കാർ വീണ്ടും പ്രവർത്തിക്കണേ എന്ന പ്രാർത്ഥനയുമായി ഞങ്ങൾ അവിടെത്തന്നെ നിന്നു.

ഏകദേശം ഒരു മണിക്കൂറോടെ മഴ കനത്തു. അന്തരീക്ഷോഷ്മാവ് താഴോട്ട് കൂപ്പുകുത്തി. ഇടിയുടെയും മിന്നലിന്റെയും കാഠിന്യം കൂടിത്തുടങ്ങി.  മുകളിലേക്കുള്ള യാത്ര ഒരു വിധത്തിലും പുനരാരംഭിക്കില്ലെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും മഴ ആലിപ്പഴ വർഷമായി പരിണമിച്ചിരുന്നു. മഞ്ഞിൽ കളിക്കാൻ അവസരം നക്ഷപ്പെട്ട ഞങ്ങൾ മഴയിൽ കളിക്കാനായി പുറത്തേക്കിറങ്ങി. ആലിപ്പഴത്തിന്റെ ചെറു കണികകളും ഇടക്കിടെ വലിയ കഷണങ്ങളും ഏറ്റുവാങ്ങി ആ ആദ്യാനുഭവത്തിൽ  സംഘം ആനന്ദ നൃത്തം ചവിട്ടിത്തുടങ്ങി.   സമയം ഏകദേശം 4 മണിയായി. അന്തരീക്ഷോഷ്മാവ് 3-4 ഡിഗ്രിയിലേക്ക് താണു തുടങ്ങി. മഴക്കളി വിട്ട് എല്ലാവരും ഒന്ന് ചൂട് കായാൻ കൊതിച്ചു തുടങ്ങി.  ഇനി മുകളിലേക്ക് യാത്രയില്ലെന്ന് തീരുമാനമായി. എന്നാൽ തിരിച്ചു ഗുൽമാർഗിലേക്ക് പോവാം എന്നായി സംഘാംഗങ്ങൾ.അങ്ങിനെ പതുക്കെ എല്ലാവരും തിരികെയുള്ള യാത്രക്ക് വരി നിന്നു തുടങ്ങി. 

ഇപ്പോൾ ഞങ്ങൾ വരി നിൽക്കുന്ന ചെറിയൊരു ടെന്റിനപ്പുറം പുറമെ  അക്ഷരാർത്ഥത്തിൽ മഞ്ഞുപാളികൾ താഴോട്ട് വീഴുകയാണ്. അവിടമാകെ ഭൂമിക്കു മേൽ ഹിമാവരണം രൂപപ്പെട്ടു തുടങ്ങി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മഞ്ഞുമലകൾ രൗദ്രഭാവം പൂണ്ടു തുടങ്ങി. തണുപ്പ് കാലിലൂടെയും കൈയ്യിലൂടെയും, വീശുന്ന ശൈത്യക്കാറ്റിലൂടെയും എല്ലിനെ സ്പർശിച്ചു തുടങ്ങി.. കാശ്മീരി കാവക്ക് വേണ്ടി മനം തുടിച്ചു തുടങ്ങി...

പക്ഷെ അപ്പോഴാണ് മറ്റൊരു പ്രശ്‌നം. താഴേക്കുള്ള കേബിൾ കാർ സംവിധാനവും തകരാറിൽ. അവിടെ ഒന്നാം ഘട്ടത്തിൽ കുടുങ്ങിയ ഏകദേശം അയ്യായിരത്തോളം പേർ മുഴുവൻ തിരിച്ചുള്ള യാത്രക്ക് വരി നിൽക്കുന്ന സ്ഥലത്ത് തടിച്ചു കൂടി. ആ കാത്തുനിൽപ്പ് രണ്ടു മണിക്കൂറോളം പിന്നിട്ടു.  പതുക്കെ അതൊരു അസ്വസ്ഥരുടെ ആൾകൂട്ടമായി പരിണമിച്ചു കൊണ്ടിരുന്നു. ജനത്തിന് വിറളി പിടിക്കുന്ന അവസ്ഥയിലേക്ക് അത് നീങ്ങുമോ എന്ന പേടി ഞങ്ങളെ ഗ്രസിച്ചു തുടങ്ങി. 

രണ്ടുമണിക്കൂർ ഇടവേളക്ക് ശേഷം താഴോട്ടുള്ള യാത്രയുടെ തകരാർ പരിഹരിച്ചു വീണ്ടും യാത്ര തുടങ്ങിയതായി ജനത്തിൻറെ ആരവ അറിയിപ്പ് വന്നു, വരി ഒച്ചിന്റെ വേഗത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്തോറും ദുർഘടങ്ങളും ഏറിക്കൊണ്ടിരുന്നു.  പക്ഷെ ഇത്തരമൊരു അടിയന്തിര ഘട്ടത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുവാൻ അവിടെ സർക്കാർ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. താഴെ പട്ടാളവും പോലീസും ഓരോ അടിയിലും റോന്തു ചുറ്റുന്ന സ്ഥലത്തു നിന്നും മാറി മലമുകളിൽ സെക്യൂരിറ്റി ഗാർഡുകളോ, എന്തിന്, കാവൽക്കാരോ പോലും ഇല്ലാത്ത അവസ്ഥ. അത്തരമൊരു അവസ്ഥയിൽ ജനം നിയമം കയ്യിലെടുത്ത് ചെയ്യുന്നതെല്ലാം ചെയ്തു കൊണ്ടിരുന്നു. വീണ്ടും ഒരു രണ്ടു മണിക്കൂർ നീണ്ട ഇഴയലിലും, വീഴലുകൾക്കുമപ്പുറം ഏഴരയോടെ ഞങ്ങൾ താഴെയെത്തി.

അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എന്റെ സുഹൃത്ത് ഗണേശൻ ഞങ്ങളുടെ കൂട്ടത്തിലില്ല. പൊതുവെ സ്ഥൂലശരീരിയായ അവൻ ഞങ്ങളുടെ വരിയിൽ നിന്നും പുറകോട്ട് പോയി തിരക്കിൻറെ കാഠിന്യം കുറയാൻ കാത്തിരിക്കുകയായിരുന്നു. വീണ്ടും ഏകദേശം അരമണിക്കൂർ ഇടവേളക്ക് ശേഷം തിരക്ക് കുറഞ്ഞപ്പോളാണ് അവൻ താഴേക്കെത്തുന്നത്.

ടൂർ ഓപ്പറേറ്റർ താഴെത്തന്നെ ഞങ്ങളെക്കാത്ത് നിൽപ്പുണ്ട്.  കൈകൾ കൂട്ടിയുരുമ്മി എല്ലാവരും തണുത്ത് വിറക്കുന്ന അവസ്ഥയിൽ. ഭാഗ്യത്തിന് ഞങ്ങളുടെ ബസ് കേബിൾ കാർ സ്റ്റേഷന്റെ അടുത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്. അവിടെ നിന്നും നേരെ ഞങ്ങളെ അധികം അകലെയല്ലാതെയുള്ള  ഉച്ച ഭക്ഷണത്തിനായി ഒരുക്കിയ ഹോട്ടലിലേക്ക് അത്താഴത്തിനായി കൊണ്ട് പോയി.

ഒരു ചെറിയ റെസ്റ്റോറന്റ് ആയിരുന്നു  അത്.  വാതിൽ തുറന്നു അകത്തു കടന്നതും  ഞങ്ങൾ വേറൊരു ലോകത്തേക്ക് എത്തിയ പോലെ. അവിടെ ബുഖാരി അടുപ്പ് കത്തിച്ച് സജ്ജമാക്കിയിരിക്കുന്നു. പുറത്തെ രണ്ടു ഡിഗ്രിയിൽ നിന്നും ഇരുപതുകളിലേക്ക് ഒരൊറ്റ ചാട്ടം. എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു വികസിച്ചു. 

അധികം താമസിയാതെ കശ്മീർ ഭോജ്യവസ്തുക്കൾ ആവി പറത്തിക്കൊണ്ട് ഞങ്ങൾക്ക് മുമ്പിൽ നിരന്നു. കാശ്‌മീരി രീതിയിൽ തയ്യാറാക്കിയ രാജ്-മാ കറിയും, പനീർ കറിയും, കശ്മീരി ചനാ ദാൽക്കറിയും നീളമുള്ള ബാസ്മതിയുടെ ചൂടു  ചോറും ഞങ്ങളേവരും ഇഷ്ടംപോലെ അകത്താക്കി. കൂടെ നല്ല തന്തൂരിയിൽ ചുട്ടെടുത്ത ചപ്പാത്തിയും. അതിനു ശേഷം മേമ്പൊടിയായി  നല്ലൊരു ചൂട് ചായയും. അതോടെ അന്നേ ദിവസം വൈകുന്നേരം ഞങ്ങളനുഭവിച്ച ദുരന്താനുഭവമെല്ലാം മനസ്സിൽ നിന്നും ഝലം(നദി) കടന്നു.


ഒമ്പതു മണിയോടെ സംഘം നിറമനസ്സോടെടെയും നിറവയറോടെയും  ശ്രീനഗറിലേക്ക് തിരിച്ചു യാത്രയാരംഭിച്ചു.  അധികം താമസിയാതെ പലരും സുഖ നിദ്രയിലേക്ക് വഴുതി വീണു. 

ബസിന്റെ പിൻ സീറ്റിൽ ചരിത്രകാരൻ പ്രൊഫസർ രാജശേഖരൻ സാറും, അതെ കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന സുധ ടീച്ചറും ഗണേശനും ചേർന്ന് കശ്മീർ ടൂറിസം ഡിപ്പാർട്മെന്റിന്റെ അനാസ്ഥയെക്കുറിച്ച് വാചാലരായി. അത് പിന്നീട് കശ്മീർ ചരിത്രം, ഭാരതീയ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള ദുർഗ്രഹങ്ങളായ വിഷയങ്ങളുടെ കൊടുമുടി കയറി ശ്രീനഗർ താഴ്വരയിലെത്തി നിന്നു.

തുടരും...No comments: