Friday, May 6, 2022

ഓർമ്മച്ചിത്രങ്ങൾ ( 55)

മെയ് മദ്ധ്യത്തോടെ വേനൽ കനത്തു. മാങ്ങക്കൊപ്പം ചക്കയും പഴുത്തു തുടങ്ങി. പ്രാതൽ കഴിഞ്ഞാൽ പിന്നെ വൈകും വരെയുള്ള  വിഭവങ്ങളൊക്കെ എല്ലാ വീടുകളിലും ഇവരെക്കൊണ്ട് തന്നെ.

കഴിക്കാൻ സുലഭമായി അങ്ങാടിപ്പലഹാരങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത കാലമായതിനാൽ കിട്ടുന്ന സമയത്ത് ആർത്തിയോടെ ഇതൊക്കെ വേണ്ടതിലധികം അകത്താക്കുന്നതാണ് രീതി.

ഒരു വൈവിദ്ധ്യത്തിന് ഇവയുടെ രുചിഭേദങ്ങൾ തേടി അയൽ പക്കങ്ങളിലേക്ക് നടക്കും. കറുത്ത മൂവാണ്ടനും, ഗോമാങ്ങകളും, എളോർ മാങ്ങയും  പൂണ്ട് തിന്നും. അപ്പപ്പൂളുകൾക്കും വാരിപ്പൂളുകൾക്കും വേണ്ടി മത്സരിക്കും.  ശർക്കര കുടവനും,  ചകിര്യേനും, ചൊണയനും, പേരില്ലാത്ത മറ്റു നാടൻമാരെയും  ഈമ്പിക്കുടിക്കും. ചുണപുരണ്ടു ചുണ്ടുകളും മുഖവും പൊള്ളും. ചെനച്ച വെള്ളമൂവാണ്ടനെ ഉപ്പും മുളകും ചേർത്ത് ശാപ്പിടും.

കാപ്പി കഴിഞ്ഞാൽ പിന്നെ തുണ്ടം തുണ്ടമാക്കി വരിക്കചക്കയോടുള്ള മല്ലിടൽ.  കൂട്ടിന് സന്ധ്യയോടെ  പടിഞ്ഞാറേ വളപ്പിലുള്ള കശുമാങ്ങയും കൂടിയാവുമ്പോൾ കുശാൽ. അങ്ങിനെ ലക്കും ലഗാനുമില്ലാതെ തിന്ന് നടന്ന ആ കനത്ത വേനലിൽ എനിക്ക് മെയ് അവസാനമായപ്പോഴേക്കും വയറിളക്കം പിടിപെട്ടു.  പരീക്ഷാ ഫലം അടുത്തു വരുന്നതിന്റെ ഏനക്കേടാണെന്ന്  ചിലരെങ്കിലും നസ്യം പറഞ്ഞു.

അങ്ങിനെ ഇളകിയൊഴിഞ്ഞ വയറുമായി, ചക്കക്ക് ചുക്ക് എന്ന മറുമരുന്നൊക്കെ പയറ്റി നിൽക്കുന്നൊരു പ്രഭാതത്തിൽ കിഴക്കേ പത്തായപ്പുരയിലെ മാതൃഭൂമി എസ് എസ് എൽ സി റിസൾട്ടുമായെത്തി. നമ്പർ കാണുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും ആ ആദ്യാനുഭവത്തിന്റെ പടപടപ്പിൽ സ്വന്തം നമ്പർ കണ്ടു പിടിക്കാൻ കുറച്ചേറെ തന്നെ തപ്പേണ്ടി വന്നു. അങ്ങിനെ നമ്പറിന് നേരെ നക്ഷത്ര ചിഹ്നമില്ലാത്ത  എന്റെ നമ്പർ കണ്ടു പിടിച്ചപ്പോൾ സമാധാനത്തെക്കാൾ ഇനി കോളേജ് അഡ്മിഷന് ഉള്ള മാർക്ക് കിട്ടുമോ എന്ന ആധിയായിരുന്നു മനസ്സിനുള്ളിൽ.

ഫസ്റ്റ് ക്ലാസ് പ്രതീക്ഷ ഒരിക്കലും വെച്ചു പുലർത്താത്ത എന്നോട് ഫസ്റ്റ് ക്‌ളാസ് ഉണ്ടോ എന്ന ചോദ്യങ്ങൾക്ക്  ഇല്ലെന്ന് പറഞ്ഞു മടുത്തു, ഒടുവിൽ തൃപ്രയാർക്ക് വണ്ടി കയറി.

മാർക്ക് പുസ്തകം കയ്യിൽ കിട്ടാൻ പിന്നെയും ദിവസം രണ്ട് കഴിയേണ്ടി വന്നു. സ്‌കൂളിലാകെ നാലോ അഞ്ചോ ഫസ്റ്റ് ക്ളാസുകൾ മാത്രം. എൻറെ ക്ലാസിൽ ആർക്കുമില്ല. പരീക്ഷയെഴുതിയ മൂന്നര ലക്ഷത്തിൽ ഒന്നര ലക്ഷം പേർ മാത്രം ജയിച്ച ഒരു വർഷത്തിൽ ക്‌ളാസിൽ നിന്നും പകുതിയിൽ കുറവ് പേർ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിന് അർഹരായത്. ഒടുവിൽ പുസ്‌തകം കയ്യിൽ കിട്ടിയപ്പോഴാണ് സമാധാനമായത്. 55%. അക്കാലത്ത്  ആ  മാർക്ക് വെച്ച് കോളേജുകളിൽ  കയറിപ്പറ്റാൻ വലിയ വിഷമമില്ല. പക്ഷെ സയൻസ്, കണക്ക് തുടങ്ങിയവയിൽ മാർക്ക് അമ്പതിലും  താഴെ.  രക്ഷപ്പെട്ടു പോന്നത് മാതൃഭാഷയിലെ ഒന്നും രണ്ടും പേപ്പറുകളും, ഇംഗ്ലീഷ് നോൺ ഡീറ്റൈലും, സാമൂഹ്യ പാഠവും കൊണ്ടാണ്.  മലയാളത്തിന് 71%വും ഇംഗ്ലീഷ് നോൺ ഡീറ്റൈലിനു 78%വും.  അത് കൊണ്ട് തന്നെ സയൻസിനും കണക്കിനുമൊന്നും പോവണ്ട എന്ന് തീരുമാനിച്ചു.

ഈ മാർക്ക് കൊണ്ട് ടി ടി സിക്ക് അഡ്മിഷൻ കിട്ടാം. താല്പര്യമുണ്ടെങ്കിൽ നോക്കാം.. ഹൈസ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച  കൃഷ്ണമ്മാവൻ തന്റെ അഭിപ്രായം പറഞ്ഞു. കാഴ്ചയിൽ അപ്പോഴും തനി മൈനറായിരുന്ന, ട്രൗസറിൽ നിന്നും മുണ്ടിലേക്ക് വളരാത്ത എനിക്ക് രണ്ടു വർഷം കഴിയുമ്പോഴേക്കും ഒരദ്ധ്യാപകന്റെ ഭാവാദികൾ വന്നു ചേരുമോ എന്ന ആശങ്ക കൊണ്ടും, അദ്ധ്യാപന കല, നന്നായി സംസാരിക്കാൻ പോലും കഴിയാത്ത  എനിക്ക് വഴങ്ങുമോ എന്ന ഭയം കൊണ്ടും  ആ വഴിക്ക് ചിന്തച്ചില്ല. ഗോപിനാഥ ചേട്ടനും നന്ദേട്ടനും കൊമേഴ്‌സ്കാരാണ്. ബി കോം കഴിഞ്ഞാൽ പുറം നാട്ടിൽ  ഒരു ഉദ്യോഗം ലഭിക്കാൻ സാദ്ധ്യതകളുമുണ്ട്. അഞ്ചു കൊല്ലം കഴിയുമ്പോഴേക്കും കാഴ്ച്ചയിലും  എന്തെങ്കിലുമൊക്കെ ഒരു മെച്ചമുണ്ടാവുമെന്നും കരുതി. അത് കൊണ്ട് തന്നെ അത് മതിയെന്ന് തീർച്ചയാക്കി. പക്ഷെ എനിക്കേറ്റവും മാർക്ക് നേടിത്തന്ന മാതൃഭാഷയെ മറക്കണം. കൊമേഴ്‌സ് പഠിക്കുന്നവന് മലയാളം ആവശ്യമില്ലത്രേ..

നാട്ടിക ഫർക്കയിൽ അന്ന് ഡിഗ്രി വരെയുള്ള ഒരു അംഗീകൃത കോളേജ് മാത്രമാണ് ഉള്ളത്. നാട്ടിക എസ് എൻ കോളേജ്. പിന്നെയുള്ളത് തൃശൂരോ, ഗുരുവായൂരോ, ഇരിഞ്ഞാലക്കുടയോ ആണ്.

ഇവടെ ഇത്ര അടുത്ത് ഒരു കോളേജ് ള്ളപ്പോ ബസിനൊന്നും പോയി പഠിക്കണ്ട.. എസ് എൻ ല് എന്തായാലും കിട്ടും. എന്ന പൊതു അഭിപ്രായം മാനിച്ച് ഒരു കോളേജിൽ നിന്നും മാത്രം ആപ്ലിക്കേഷൻ വാങ്ങി പൂരിപ്പിച്ചയച്ച്, കോളേജിൽ നിന്നുമുള്ള വിളിക്കായി കാത്തിരുന്നു...

 തുടരും...


 

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...